നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഏട്ടൻ

ഏട്ടൻ
-------------
ചന്ദനത്തിരിയുടെ ഗന്ധം ആ നടുത്തളത്തിലാകെ പരന്നിരിക്കുന്നു. കത്തിച്ചു വച്ച നിലവിളക്കിന്റെ കീഴെ തറയിൽ വെള്ളപുതപ്പിച്ച്‌ കിടത്തിയിരിക്കുന്നു അവനെ. നന്ദൻ. തൊട്ടരികത്ത് നന്ദു ഇരിപ്പുണ്ട്. നന്ദന്റെ പെങ്ങൾ. ആ തറവാട്ടിൽ ഇനി ആകെ അവശേഷിക്കുന്നത് അവൾ മാത്രമാണ്. അവിടവിടെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നുണ്ട്. മരിച്ചു കിടക്കുന്ന നന്ദനെക്കാൾ ആളുകൾ കൂടുതൽ ശ്രദ്ധിക്കുന്നത് നന്ദുവിനെ ആണ്. ഒറ്റപ്പെട്ടു പോയ അവളോട് എല്ലാവർക്കും സഹതാപവും അനുകമ്പയും തോന്നി.
ഈ കുട്ട്യേ ഒറ്റക്കാക്കിട്ട് നന്ദൻ എന്താ ഇങ്ങനെ കാണിച്ചേ? കഷ്ടം തന്നെ ഇനി ഇതിന്റെ കാര്യം. ഇനി ആരാ ഇതിനെ നോക്കാൻ? കല്യാണ പ്രായമായ പെൺകുട്ട്യല്ലേ? അതിന്റെ ജീവിതം കഷ്ടത്തിലാക്കി.
ആളുകൾ അടക്കം പറയുന്നു. നന്ദു ഒരേ ഇരിപ്പാണ്. ജീവനായിരുന്നു അവൾക്ക് ഏട്ടനെ. സഹോദരനെ ഇത്രേം സ്നേഹിച്ച സഹോദരി വേറെ കാണില്ല. അത്രക്കും കാര്യമായിരുന്നു അവൾക്ക്. ഇപ്പൊ തനിച്ചായിരുന്നു അവൾ.
നന്ദൻ ആത്മഹത്യ ചെയ്തതറിഞ്ഞു ബോധരഹിതയായി വീണതാണവൾ. പിന്നെ ഉണർന്നപ്പോൾ നന്ദനെ കോടി പുതപ്പിച്ച് കിടത്തിയിരിക്കുന്നതാണ് കണ്ടത്. അപ്പോൾ മുതൽ അവൾ ഏട്ടന്റെ അടുത്ത് തന്നെ ഇരിക്കുകയാണ്. ഒന്ന് കരയുകയോ ഒരു തുള്ളി വെള്ളം കുടിക്കുകയോ പോലും ചെയ്തിട്ടില്ല. ഒരേ ഇരിപ്പ്. നന്ദന്റെ മുഖത്തേക്ക് ഉറ്റു നോക്കികൊണ്ടുള്ള ഒരേ ഇരിപ്പ്.
എല്ലാവർക്കും ഭയമാകാൻ തുടങ്ങിയിരിക്കുന്നു. അവളൊന്നു കരയുകയെങ്കിലും ചെയ്തിരുന്നുവെങ്കിൽ എന്ന് എല്ലാവരും ആശിച്ചു. ഇല്ല.. ഒരു തുള്ളി കണ്ണീരു പോലും വരുന്നില്ല. നിർവികാരമായ മുഖത്തോടെ നന്ദനെ തന്നെ നോക്കികൊണ്ട് അവളിരുന്നു.
സമയം സന്ധ്യ ആകാൻ തുടങ്ങുന്നു. ഇനിയും വച്ച് നീട്ടാൻ പറ്റില്ല. പോസ്റ്റ്മോർട്ടം ചെയ്ത ശരീരാ. വേഗം എന്തേലും ചെയ്യണം.
രാഘവേട്ടൻ പതിയെ നന്ദുവിന്റെ അടുത്തേക്ക് ചെന്നു. നന്ദുവിന്റേയും നന്ദന്റെയും അയൽവാസിയാണ് രാഘവേട്ടൻ. മാതാപിതാക്കളില്ലാത്ത അവർക്ക് എന്താവശ്യത്തിനും ഓടി വന്നിരുന്നത് രാഘവേട്ടനും ഭാര്യ സുമതിയേടത്തിയുമാണ്.
ഇനി ആരെങ്കിലും വരാനുണ്ടോ മോളെ? സമയം വൈകുന്നു
നന്ദു മുഖമുയർത്തി രാഘവേട്ടൻ നോക്കി. അപരിചിതനായ ഒരാളെ നോക്കും പോലെ നന്ദു നോക്കി. ആ നോട്ടം നിമിഷങ്ങൾ നീണ്ടു നിന്നു. രാഘവേട്ടന് അവളുടെ അവസ്ഥ കണ്ട് വല്ലാത്ത വേദന തോന്നി. നന്ദു മുഖം കുനിച്ചുകൊണ്ട് നിഷേധാർത്ഥത്തിൽ തല ഇടത്തും വലത്തും ചലിപ്പിച്ചു.
വല്ലായ്മയോടെ അവളെ ഒന്ന് നോക്കിയിട്ട് അയാൾ പിന്തിരിഞ്ഞു. പിന്നെ എല്ലാ കാര്യങ്ങളും കാലതാമസമില്ലാതെ നടന്നു. നന്ദുവിന്‌ ചുറ്റും ആളുകൾ കൂടുന്നത് അവളറിഞ്ഞു.
എടുക്കാം ഇനിം വൈകണ്ട.
ആരോ പറയുന്നത് അവൾക്ക് കേൾക്കാം. അവൾ ഏട്ടനെ നോക്കി. പതിയെ കൈയകളുയർത്തി അവൾ ആ മുഖത്തു തൊട്ടു. വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഏട്ടൻ പോകുന്നു. തന്നെ വിട്ട് എന്നെന്നേക്കുമായി...
ആ മുഖത്തോട് മുഖം ചേർത്ത് കവിളിൽ അവളൊരുമ്മകൊടുത്തു. അവളുടെ കണ്ണിൽ ഉരുണ്ടുകൂടിയ കണ്ണീർ തുള്ളി അവൾ പോലുമറിയാതെ അവന്റെ മുഖത്തേക്ക് വീണു. വിറയ്ക്കുന്ന വിരലുകൾ കൊണ്ട് അവളത് തുടച്ചു മാറ്റി.
അവൾ മുഖമുയർത്തി കണ്ണുനീർ ധാര ധാരയായി ഒഴുകുന്നു. നിയന്ത്രിക്കാൻ അവൾക്കാകുന്നില്ല. ആരൊക്കെയോ ചേർന്ന് അവനെ താങ്ങിയെടുത്ത പുറത്തേക്ക് കൊണ്ട് പോയി. മറ്റുചിലർ അവളെയും താങ്ങി പുറത്തേക്ക് കൊണ്ട് ചെന്നു.
എന്തൊക്കെയോ പറയുന്നു. യാന്ത്രികമായി എല്ലാം അവൾ അനുസരിക്കുന്നു. ചുറ്റും നടക്കുന്നതെന്തെന്ന് അവൾ അറിയുന്നില്ല. ചുറ്റും നിൽക്കുന്ന ആരെയും അവൾക്ക് തിരിച്ചറിയാൻ സാധിച്ചില്ല. മറ്റൊരു ലോകത്തേക്ക് എത്തിപെട്ടപോലെ ആയിരുന്നു അവൾ.
ചിതക്ക് തീ കൊടുക്കുമ്പോൾ ഒരിക്കൽ കൂടി അവൾ ഓർത്തു. തന്റെ ഏട്ടൻ... തന്റെ എല്ലാമെല്ലാമായ ഏട്ടൻ. ഈ ഭൂമിയിലെ എല്ലാ ബന്ധങ്ങളും കടമകളും അവസാനിപ്പിച്ച് പോകുകയാണ്. മറ്റൊരു ലോകത്തേക്ക്. അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക്. ഈ ഭൂമിയിൽ സ്വന്തമെന്ന് പറയാൻ തനിക്കാരുമില്ലാതായിരിക്കുന്നു. ആരും...
******
ദിവസങ്ങൾ കടന്നു പോയിരിക്കുന്നു. ഇന്ന് ഏട്ടന്റെ അടിയന്തിരമാണ്. ഇത്രയും ദിവസം താൻ ഈ ഭൂമിയിൽ തനിച്ച് ജീവിച്ചിരിക്കുന്നു. ഏട്ടനില്ലാത്ത ദിവസങ്ങൾ. ആരൊക്കെയോ തന്നെ സഹായിക്കുന്നുണ്ട്. അവർ പറയുന്നത് അതുപോലെ അനുസരിക്കുന്നു. കുളിക്കുന്നു. ഭക്ഷണം കഴിക്കുന്നു. എല്ലാം ചെയ്യുന്നു. പക്ഷെ, ഒന്നും അവൾ അവൾക്ക് വേണ്ടി ചെയ്യുന്നതല്ല. ആർക്കോ വേണ്ടി എന്തിനോ വേണ്ടി അവൾ ചെയ്യുന്നു.
ഏട്ടന്റെ അടിയന്തര കർമ്മങ്ങൾ കൂടി കഴിഞ്ഞിരിക്കുന്നു. ഇനി ഏട്ടന് വേണ്ടി ഒന്നും ചെയ്യാനില്ല. ആർക്കു വേണ്ടിയും ഒന്നും ചെയ്യാനില്ല. ആരും ഇല്ലാതെ, ഏകാന്തയായി ബാക്കി ജീവിതം ജീവിച്ചു തീർക്കണം.
മോളെ...
നന്ദു ഏതോ ലോകത്ത് നിന്നുണർന്നപോലെ തിരിഞ്ഞു നോക്കി. സുമതിയേടത്തിയാണ്. മെല്ലെ അടുത്തേക്ക് വന്നു അവർ വാത്സല്യത്തോടെ അവളുടെ മുടിയിഴകളിൽ തലോടി.
ഒക്കെ മറന്നു കള കുട്ട്യേ. അല്ലാതെന്താ ചെയ്യാ? ഇങ്ങനെ ആരോടും മിണ്ടാതെ ഇരുന്നിട്ട് എന്താ കാര്യം? വിഷമണ്ടാവും. എടത്തിക്കറിയാം. പക്ഷെ വേറെ നിവൃത്തിയില്ല മോളെ.
നന്ദു ഒരക്ഷരം പോലും മിണ്ടിയില്ല, ജനലഴികളിലൂടെ പുറത്തേക്ക് നോക്കി നിന്നതല്ലാതെ. സുമതിയേടത്തി പിന്നെയും എന്തൊക്കെയോ പറയുന്നു. ഒന്നും തന്റെ കാതുകളിൽ വീഴുന്നില്ല. ഇനി തനിക്കാരുമില്ല. ഇത്രയും ദിവസം ആരൊക്കെയോ തനിക്ക് കൂട്ട് കിടക്കാൻ ഉണ്ടായിരുന്നു. ഇനി ആരുമില്ല. ആരോരുമില്ലാത്ത ഒരു പെൺകുട്ടി വീട്ടിൽ തനിച്ച് താമസിക്കേണ്ടി വരും.
മോളിനി ഇവിടെ തനിച്ചിരിക്കണ്ട. കർമ്മങ്ങൾ ഒക്കെ കഴിഞ്ഞില്ലേ. വീട്ടിലേക്ക് പോര്. അവിടെ നിൽകാം.
രാഘവേട്ടന്റെ ശബ്ദം. അനാഥയായ തന്നെ ഏറ്റെടുക്കാനുള്ള വലിയ മനസ്സ് അവർ കാണിച്ചിരിക്കുന്നു. നല്ല മനുഷ്യരാണവർ. അച്ഛനും അമ്മയും പോയപ്പോൾ മുതൽ എന്തിനും ഏതിനും കൂട്ടായി അവരുണ്ടായിരുന്നു. അല്ല അവരെ ഉണ്ടായിരുന്നുള്ളു.
പത്താം വയസ്സിൽ ആണ് അവർക്ക് അച്ഛനും അമ്മയും നഷ്ടമാകുന്നത്. ഒരു കാർ ആക്‌സിഡന്റ്. അതൊരു ആക്‌സിഡന്റ് തന്നെയാണോ എന്ന് ഇന്നും നിശ്ചയമില്ല. സമ്പന്നതയിൽ നിറഞ്ഞു നിന്നിരുന്ന തറവാട് നിലയില്ലാ കടത്തിൽ മുങ്ങി തുടങ്ങിയിരുന്നു എന്ന് മക്കൾ പോലും അറിയുന്നത് അവരുടെ നഷ്ടത്തിന് ശേഷമാണ്. അവരുടെ മരണശേഷം കുറെ നാൾ ബന്ധുക്കളുടെ സാന്നിധ്യം ആ വീട്ടിലുണ്ടായിരുന്നു. കടങ്ങളെക്കുറിച്ച് അറിവ് ലഭിച്ചു തുടങ്ങിയതിൽ പിന്നെ ഓരോരുത്തരായി അപ്രത്യക്ഷരായി. ബാധ്യതകൾ അത്രക്കും ഉണ്ടായിരുന്നു.
പതിനെട്ടാം വയസ്സിൽ നഷ്ടപെട്ട അച്ഛനെയും അമ്മയെയും ഓർത്തു ദുഃഖിച്ചിരിക്കാതെ കുഞ്ഞിപെങ്ങളുടെ കൈയും പിടിച്ച് ജീവിതത്തിനോട് പടവെട്ടി തുടങ്ങിയതാണ് നന്ദൻ. എല്ലാം ശരിയാകും എന്ന നന്ദന്റെ വാക്കുകളിൽ വല്ലാത്തൊരാത്മവിശ്വാസം എല്ലാവർക്കും പ്രകടമായിരുന്നു. ഉള്ളം കൈയിൽ നിന്നും ചോർന്നു പോകാൻ തുടങ്ങുന്ന ജീവിതം പിടിച്ചു നിർത്താൻ അവൻ വല്ലാതെ കഷ്ടപെട്ടിരുന്നു. അവന്റെ അദ്ധ്വാനത്തിന്റെയും കഠിന പരിശ്രമത്തിന്റെയും ഫലമാകണം, കടക്കാർ ഓരോരുത്തരുടെയും വരവ് കുറഞ്ഞു വന്നു. വർഷങ്ങൾ അതിനിടയിൽ കൊഴിഞ്ഞു പോയി കൊണ്ടിരുന്നു.
********
പകൽ മുഴുവൻ അവൾ ആ വീട്ടിൽ തനിച്ചാണ്. രാത്രി കിടക്കാൻ നേരം അവൾ രാഘവേട്ടന്റെ വീട്ടിലേക്ക് പോകും. സുമതീയേടത്തി അവൾക്ക് കൂട്ട് കിടക്കും. രണ്ടു മക്കൾ ആണവർക്കുള്ളത്. രാജീവും രഞ്ജിനിയും. എല്ലാവരും നന്ദുവിനോട് വളരെ സ്നേഹത്തിൽ പെരുമാറി. രക്ത ബന്ധം ഉള്ളവർ പോലും തിരിഞ്ഞു നോക്കാത്ത അവളെ സ്നേഹത്തോടെ അവർ പരിപാലിച്ചു. പക്ഷെ നന്ദന്റെ നഷ്ടം നികത്താൻ ആരുടേയും സ്നേഹത്തിനു ആകുമായിരുന്നില്ല.
നാൾക്കുനാൾ നന്ദു കൂടുതൽ അന്തർമുഖയായതല്ലാതെ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചില്ല. എപ്പോളും കളിചിരിയും വായാടിത്തരവുമായി നടന്നിരുന്ന അവൾ ഒരക്ഷരം പോലും ഉരിയാടാതെ മൂകയായിരിക്കുന്നത് അവരെ അടുത്തറിയുന്നവരെ ഏറെ വേദനിപ്പിച്ചു.
രാഘവേട്ടാ...
അത്ഭുതത്തോടെ അയാൾ തിരിഞ്ഞു നോക്കി. നന്ദന്റെ മരണശേഷം ആദ്യമായ് ആണ് അയാൾ നന്ദുവിന്റെ സ്വരം കേൾക്കുന്നത്. എന്തെന്നില്ലാത്ത സന്തോഷം അയാൾക്ക്‌ തോന്നി. വാത്സല്യത്തോടെ അയാൾ അവളുടെ അടുത്തേക്ക് ചെന്നു. സുമതിയേടത്തിയും അത് കാണുന്നുണ്ടായിരുന്നു.
എന്തെ മോളെ..?
ഞാൻ... ഞാനിവിടന്ന് പോവുകയാണ്.
എങ്ങോട്ട്?
എത്ര നാൾ ഞാനിവിടെ നിൽക്കാനാണ്. കുറച്ച് നാൾ കഴിയുമ്പോ ഞാൻ നിങ്ങൾക്കൊരു ബാധ്യത ആയിമാറും.
മോളെന്തൊക്കെയാ ഈ പറയണത്? ഇവിടാരെങ്കിലും കുട്ടിയോട് അങ്ങനെ പെരുമാറിയോ?
ഇല്ല.. പക്ഷെ വേണ്ട. എനിക്ക് പോണം. ഈ നാടും വീടും ഒക്കെ വിട്ട് ദൂരെ എവിടേക്കെങ്കിലും പോണം. കുറച്ച് നാളത്തേക്കെങ്കിലും മാറി നിന്നെ പറ്റൂ.
നന്ദുവിന്റെ ആവശ്യം ന്യായമാണെന്ന് അവർക്ക് തോന്നി. ഒരു മാറ്റം അവളുടെ വേദനകളെ ശമിപ്പിക്കാൻ സഹായിച്ചേക്കും എന്ന ചിന്ത അവരെ അവളുടെ അഭിപ്രായത്തോട് യോജിക്കാൻ നിർബന്ധിതരാക്കി. അല്പനേരത്തെ ആലോചനക്ക് ശേഷം അയാൾ തുടർന്നു.
എങ്ങോട്ടാ മോള് പോകാൻ ഉദ്ദേശിക്കുന്നത്?
അത്... ചെറിയച്ഛനെ ഞാൻ വിളിച്ചിരുന്നു. ഇപ്പൊ ചെന്നൈയിൽ ആണെന്ന് പറഞ്ഞു. അങ്ങോട്ട് പോകാം.
അവര് മോളെ നോക്കുമോ?
കുറച്ച് നാളൊക്കെ എനിക്കവിടെ പിടിച്ച് നിൽക്കാൻ പറ്റും. അതിനിടയിൽ എങ്ങനെയെങ്കിലും ഒരു ജോലി കണ്ടെത്താം.
എല്ലാം അവൾ തീരുമാനിച്ചുറപ്പിച്ചിരിക്കുന്നെന്ന് അവർക്ക് മനസ്സിലായി. പിടിച്ചു നിർത്തുന്നതിലും കാര്യമില്ല. ഇങ്ങനെ വേദനയോടെ അവളിരിക്കുന്നതിലും നല്ലത് എന്തിലെങ്കിലും അവൾ മുഴുകുന്നതാണ്. പുതിയ സാഹചര്യങ്ങളും അന്തരീക്ഷവും അവളെ നോവുകൾ മറക്കാൻ സഹായിച്ചേക്കും.
*******
അത്യാവശ്യമുള്ളതൊക്കെ എടുത്തില്ലേ?
ഹും...
നന്ദു മൂളി. ഇന്നാണ് ചെന്നൈയിലേക്ക് പോകുന്നത്. രാഘവേട്ടനാണ് പോകാനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയത്. നന്ദു പോകുന്നതിൽ തരിമ്പും താല്പര്യമില്ലാഞ്ഞിട്ടും അവളുടെ നന്മയെക്കരുതി എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കുകയായിരുന്നു. അയാൾക്കവൾ മകളെപ്പോലെ അല്ല മകൾ തന്നെ ആയിരുന്നു.
ഇനി വൈകണ്ട ഇറങ്ങാം..
നന്ദു യാത്ര ചോദിക്കാനെന്നോണം എല്ലാവരെയും മാറി മാറി നോക്കി. രാഘവേട്ടനും കുടുംബവും മറ്റു ചില അയൽക്കാരും അവളെ യാത്രയാക്കാൻ അവിടെ ഉണ്ടായിരുന്നു. എല്ലാവരെയും വിട്ട് പോകുന്നതിൽ അവൾക്ക് തെല്ലും വേദന തോന്നിയില്ല. നഷ്ടപെട്ടതിനേക്കാൾ വിലപിടിച്ചതൊന്നും അവൾക്കിനി നഷ്ടപെടാനില്ല.
ഇറങ്ങാൻ നേരം അവൾ ഏട്ടന്റെ ഫോട്ടോയിലേക്ക് നോക്കി. കണ്ണുനീർ നിറഞ്ഞു കാഴ്ച മറയുന്നത് വരെ അവൾ ആ നോട്ടം പിൻവലിച്ചില്ല. സുമതിയേടത്തി തോളിൽ തൊട്ടപ്പോൾ അവൾ മുഖം തിരിച്ച് നോക്കി. കണ്ണുകൾ തുടച്ച് ബാഗുമെടുത്ത് അവൾ പുറത്തേക്കിറങ്ങി. വീട് പൂട്ടി രാഘവേട്ടൻ താക്കോൽ അവളെ ഏൽപ്പിച്ചു. മെല്ലെ നടന്ന് അവൾ കാറിൽ കയറി. കാർ മുന്നോട്ട് നീങ്ങി. തല പുറത്തേക്കിട്ട് അവൾ എല്ലാവരെയും കൈവീശി കാണിച്ചു. നിർവികാരമായിരുന്നു അവളുടെ മനസ്സ്. അവൾ തിരിയാൻ തുടങ്ങുമ്പോൾ ആ മുഖം അവളുടെ ശ്രദ്ധയിൽ പെട്ടു. അവളുടെ യാത്രയിൽ വേദനിക്കുന്ന ആ മുഖം. കണ്ണിൽ ഉരുണ്ടു കൂടുന്ന കണ്ണുനീർ നിയന്ത്രിക്കാൻ പാടുപെടുന്ന ആ മുഖം...
(തുടരും)

Samini

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot