നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ബെറ്റ്സി


ബെറ്റ്സി
*********
വന്നുകേറീട്ടു ഇന്നുവരെ
എന്നെ കെട്ടിപ്പിടിക്കാതെ.
ഉമ്മവെക്കാതെ..
ഉറങ്ങാത്ത പെണ്ണാണ്.
ഇന്നിപ്പോ മൂന്നാമത്തെ തവണയാണ്
എന്നെ ബെഡിൽ നിന്നും ഉരുട്ടിത്താഴെയിടുന്നത്..
ഇപ്രാവശ്യം കട്ടിൽക്കാലിന് തലയടിച്ചു വേദനിക്കുന്നുമുണ്ട്..
ഏതായാലും ഇനി ഞാനായിട്ട് അങ്ങോട്ട് പോകുന്നില്ല..
നിലത്തു കിടക്കാൻ ആരെയും പേടിക്കണ്ടാലോ..
ചുവരരികിൽ പോയി കിടന്നു ഞാൻ മെല്ലെ തലപൊക്കി നോക്കി..
ഇല്ല കണ്ണാടിയുടെ മുന്നിലാണവൾ..
എന്നെ നോക്കുന്നേയില്ല..
ഇടയ്ക്ക് മൊബൈൽ എടുത്തുനോക്കും വയ്ക്കും..
വീണ്ടും ഒരുക്കം..
ഈ പെണ്ണിന് ഇന്നെന്താണോ പറ്റിയത്.?
കോടീശ്വരനായ കൃഷ്ണൻ നായരുടെ ഒറ്റമോളാണ് എന്ന അഹങ്കാരമാവും..
വൈകിട്ട് അച്ഛനും അമ്മയും പോകുമ്പോൾ
എന്നെയും കെട്ടിപിടിച്ചു കരഞ്ഞോണ്ട് നിന്ന പെണ്ണാണ്..
എത്ര പെട്ടന്നാണ് ഭാവം മാറിയത്..പനിച്ചുകിടക്കുന്ന
അച്ഛമ്മയെ പ്പോലും നോക്കാതെ
നേരെ മുറിയിൽ വന്നിരുന്നു
ഫോണെടുത്തു കുത്തലോടു കുത്തൽ..
അതിനിടെ എന്നെ ശ്രദ്ധിച്ചുപോലുമില്ല..
ഇന്നലെവരെ ഇങ്ങനൊന്നുമായിരുന്നില്ല.
ഞാൻ കൂടെയിരുന്നില്ലേൽ ഭക്ഷണം
കഴിക്കില്ല എന്ന് വാശിപിടിക്കുന്ന പെണ്ണാണ്
അമ്മയും അച്ഛനും മാത്രമുള്ള അവളുടെ
ലോകത്തേക്ക് ഞാനുംകൂടി എത്തിയപ്പോൾ
അവളുടെ സന്തോഷം ഒന്നു
കാണേണ്ടതായിരുന്നു..
അവൾ തന്നെയാണ് എനിക്ക്
"ബെറ്റ്സി"എന്ന് പേരിട്ടത്..ആ
പേരെനിക്ക് അത്രയ്ക്കു ഇഷ്ടായില്ല..
പക്ഷെ അവളുടെ പേരിഷ്ടമായി
നക്ഷത്ര എന്നാണവളുടെ പേര്
"നച്ചു"എന്നമ്മ വിളിക്കും..
അന്നു തൊട്ടിന്നുവരെ കോളേജിൽ പോകുമ്പോൾ മാത്രമേ അവളെന്നെ പിരിഞ്ഞിരുന്നിട്ടുള്ളൂ..
രാത്രിയിൽ എന്നെ കെട്ടിപ്പിടിച്ചുകിടന്നാണവൾ ഉറങ്ങുക..ഫോണിൽ സംസാരിക്കുമ്പോൾ എന്നെ ഒന്നുടെ ചേർത്തുപിടിക്കും..ആ കൈച്ചൂടിൽ ഞാനങ്ങനെ പറ്റികിടക്കും..
ചിലപ്പോളൊക്കെ ഞാനുറങ്ങുമ്പോളും ഫോണിൽ സംസാരത്തിലായിരിക്കും..
ഇന്നിപ്പോ ന്താണോ പറ്റിയത്..അച്ഛനും അമ്മയും ഉണ്ടായിരുന്നേൽ ഉച്ചത്തിൽ കരഞ്ഞു അവരെക്കൊണ്ട് അവൾക്കു വഴക്കു കേൾപ്പിക്കായിരുന്നു..എനിക്ക്
വല്ലാത്ത സങ്കടം വന്നു അതൊക്കെ ആലോചിച്ചപ്പോൾ..
* * *
ആരുടെയോ മണം..ഞാൻ
കണ്ണുതുറന്നു ചുറ്റും നോക്കി..ലൈറ്റ് ഓഫാക്കിയിരിക്കുകയാണ് എന്നാലും എനിക്ക് കാണാം കിടക്കയിൽ
നിന്നാണ് ആ മണം..
ആരോ ഒരാൾ കിടന്നിട്ടുണ്ട് മെത്തയിൽ..
അയാളവളെ കെട്ടിപ്പിടിച്ചിരിക്കുന്നതു കൊണ്ട് മുഖം കണ്ടില്ല ഞാൻ..എന്നാലും എനിക്ക് ദേഷ്യം വന്നു..ഞാൻ കിടക്കുന്ന സ്ഥലമാണ് അവൻ കയ്യടക്കിവച്ചേക്കുന്നത്..
അല്ലേലും നച്ചൂട്ടിയെ തൊടാൻ അവനാരാ ?
"ഇതിപ്പോ എത്രാമത്തെ
തവണയാ നച്ചുട്ടി?
ഒന്നുകിൽ ഈ പൂച്ചയെ പുറത്താക്കു അല്ലെങ്കിൽ ഞാൻ പോകാം"
അവന്റെ ശബ്ദമാണ്..
വീണ്ടും അടുത്തുകിടക്കാൻ വന്ന
എന്നെ ദേഷ്യത്തോടെ നോക്കി..
"നാശം"
എന്നും പറഞ്ഞു..തൂക്കിപ്പിടിച്ചു വാതില്തുറന്നു പുറത്തേക്കിട്ടു..എന്നിട്ട്
ശബ്ദമുണ്ടാക്കാതെ വാതിലടച്ചുകളഞ്ഞു ദുഷ്ട..
കുറേനേരം വാതിലിൽ മാന്തിനോക്കി.
എന്നിട്ടും തുറന്നില്ല..പിന്നെ വാതിലിനരികിലുള്ള സോഫയിൽ സങ്കടത്തോടെ കേറികിടന്നു ഞാൻ..
* * *
അച്ഛനും അമ്മയും നച്ചുനെ പുന്നാരിക്കുന്നതും നോക്കി ഞാൻ ദൂരെയിരുന്നു..ഒരാഴ്ച്ച മോളെ പിരിഞ്ഞതിന്റെ സങ്കടം കൊണ്ടാവാം അമ്മയ്ക്ക് മോളെ എത്ര പുന്നാരിച്ചിട്ടും മതിയാവാത്തതു..
അന്നുരാത്രി കിടക്കുമ്പോ
നച്ചു എന്നെ അന്വേഷിച്ചുവന്നു..ഞാൻ
മിണ്ടാതെ സോഫയിൽത്തന്നെ കിടന്നു..
ഇത്രദിവസവും ഇല്ലാത്തൊരു സ്നേഹം ഇന്നെന്തിനാ അല്ലേലും..പക്ഷെ എന്റെ എതിർപ്പൊന്നും വക വയ്ക്കാതെ
എന്നെ എടുത്തോണ്ട് പോയവൾ കൂടെകിടത്തി..
പാവം നച്ചൂട്ടിയല്ലേ..ഞാനും ചേർന്നുകിടന്നു
* * *
ഇപ്പോ രാത്രി നച്ചുട്ടിക്കു ഫോൺ വരാറില്ല..
എനിക്ക് ഉമ്മയും തരാറില്ല ..
എപ്പോളും ആലോചനയാണവൾക്കു..
"ഈ പെണ്ണിന് എന്താ പറ്റിയെ"?എന്ന് അമ്മയും ചോദിക്കുന്നുണ്ടായിരുന്നു..
രാത്രിയിൽ ജനലരികിൽ നിൽക്കും .. ചിലദിവസം പുലരുംവരെയും..
ഇന്നും അതേ നിൽപ്പാണ്.
ആരോ ഞരങ്ങുന്ന ശബ്ദം.. കൊലുസിന്റെ കിലുക്കവും.
നോക്കിയപ്പോൾ നച്ചൂട്ടി
ഫാനിന്റെ കൊളുത്തിൽ
ഷാളിൽ തൂങ്ങിനിന്നു പിടയ്ക്കുന്നുണ്ട്..
അതാണ് കൊലുസ് ഇങ്ങനെ കിലുങ്ങുന്നത്..
ഞാൻ താഴെ നിന്ന് നോക്കി..
കൈകൾ രണ്ടും ചുരുട്ടിപ്പിടിച്ചിരിക്കുകയാണ്..
പല്ലൊക്കെ കടിച്ചു..കണ്ണൊക്കെ തള്ളിവരുന്നുണ്ട്..ഇടയ്ക്കു എന്റെ നേരെ അതുപോലുള്ള ഗോഷ്ടി കളി പതിവാണ് പെണ്ണിന്..
ഞാൻ രണ്ടു കാലിൽ നിന്ന് നച്ചുട്ടിയുടെ കാലിൽ മാന്താൻ വേണ്ടി കൈകൾ ഉയർത്തി..അപ്പോളെന്റെ
മുന്നിൽ കുറച്ചുവെള്ളം ഇറ്റിറ്റു വീണു..
ഞാൻ മുഖം താഴ്ത്തി
മണത്തു നോക്കി.
പിന്നെ നച്ചൂട്ടി അനങ്ങിയില്ല.
* * *
നച്ചൂട്ടിയെ കാണാൻ ഒരുപാടാളുകൾ വരുന്നുണ്ടായിരുന്നു..നിറയെ പൂക്കൾ വച്ച പെട്ടിയിലവൾ കണ്ണടച്ചുകിടന്നു..
കാൽക്കൽ അമ്മയും..
അമ്മയുടെ അരികിൽ ഞാനും..
ആരൊക്കെയോ പൂക്കൾ കൊണ്ടുള്ള
വലിയ ചക്രങ്ങൾ വക്കുന്നു..
കോളേജിലെ കുട്ടികൾ വന്നത്രേ..
അതേ മണം വീണ്ടും..
അന്നത്തെ രാത്രിയിലെ മണം.
"അധികമൊന്നുമില്ല..എന്നാലും ബ്ലീഡിങ് ഉണ്ട്..പൂച്ചയല്ലേ..മുറിവ് ഡ്രസ്സ് ചെയ്തു
ഒരു ഇന്ജെക്ഷനെടുത്തുവരാം,
ബോഡി എടുക്കാനാകുമ്പോളേക്കും"
അതേ ശബ്ദം...
അകന്നുപോകുന്ന ബൈക്കിലേക്ക് നോക്കി ഞാനെന്റെ നഖം ഒന്നുകൂടെ നക്കിനുണഞ്ഞു
അന്നത്തെ രാത്രിയിലെ മണം എന്റെ
മൂക്കിലും,
അവന്റെ ചോരയുടെ രുചി
എന്റെ നാവിലും അറിയുന്നുണ്ടായിരുന്നു ഞാൻ..
വിനീത അനിൽ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot