പെൺ സുഹൃത്തുക്കൾ സൂക്ഷിക്കുക! :- ഒരു സ്ത്രീ സുഹൃത്തിന്റെ കമന്റും ലൈക്കും കാണുമ്പോൾ, അല്ലെങ്കിൽ ഒരു Good morning , Good night ഇതൊക്കെ കാണുമ്പോൾ മനസ്സിൽ കവിത തിരതല്ലുകയാണെങ്കിൽ, അല്ലെങ്കിൽ അവൾ അകലെയാണല്ലോ എന്നോർത്ത് കരച്ചിൽ വരുകയാണെങ്കിൽ , അതിന്റെ അർത്ഥം അവൾ ഒരു സാദാ സുഹൃത്തുമാത്രമല്ല എന്നു തന്നെ! പിന്നെ പൂച്ച ഉണക്കമീനിന്റെ പൊതിയെ ചുറ്റിക്കറങ്ങുന്നതു പോലെ മനസ്സ് അവൾക്ക് ചുറ്റും ഭ്രമണം ചെയ്യുക കൂടിയാണെങ്കിൽ തീർച്ചയായും സൂക്ഷിക്കണം. അവൾ വിശക്കുന്നവന്റെ മുന്നിലെ ആപ്പിൾ പോലായി കഴിഞ്ഞു. പ്രണയാതുരതയുടെ ആദ്യ ലക്ഷണം! അപ്പോൾ മാന്യത കൊണ്ട് ആ പ്രണയാതുരത അടിച്ചമർത്തപ്പെടും. എന്നിട്ട് ഗുഡ് ഫ്രണ്ട് എന്ന ഓമനപ്പേരിൽ അത് തരണം ചെയ്യാനാകും അടുത്ത ശ്രമം! പിന്നെയും മുന്നോട്ട് പോയി കഴിയുമ്പോൾ സ്വകാര്യ ദു:ഖങ്ങൾ കൂടി പറയാനാകുന്ന ഒരിടമായി അത് വളരും! സ്വകാര്യ ദു:ഖങ്ങൾ കേൾക്കുമ്പോൾ അവൾക്ക് വേദനിക്കും. ഒരു ബന്ധത്തിൽ ആചാരമര്യാദകൾക്കുപയോഗിക്കുന്ന വാക്കുകൾ പോലല്ല സ്വകാര്യ ദു:ഖങ്ങളെ പരാമർശിക്കുന്ന വാക്കുകൾ! ഒരാൾ എത്രനല്ല കേൾവിക്കാരിയാകുന്നോ അത്രയും അധികം ദു:ഖങ്ങളും അവളിലേക്ക് ചൊരിയപ്പെടും. ദു:ഖങ്ങൾക്കാകട്ടെ അഭൗതികമായ ഒരു പ്രസരണ ശേഷിയുണ്ട്. കേൾക്കുന്നയാൾ എത്ര പ്രതിരോധിച്ചാലും ദു:ഖങ്ങളുടെ ആന്തരിക സത്ത അവളിൽ സന്നിവേശിക്കും. ഇന്നലെ വരെ ബോൾഡായ ആ കേൾവിക്കാരി ഖിന്നയായും ചകിതയായും മാറും. അതേ സമയം ദു:ഖങ്ങൾ പറഞ്ഞ് തീർത്ത് മനസ്സ് പ്രശാന്ത സുന്ദരമായി തീർന്ന ഇങ്ങേതലക്കലെ ആൺ സുഹൃത്ത് അൺ ഫ്രണ്ട് ചെയ്ത് അവന്റെ പാട്ടിന് പോകും. അപ്പോൾ കേൾവിക്കാരിയായ പെൺ സുഹൃത്താകട്ടെ ആ ചാപല്യക്കാരന്റെ വ്യക്തിത്വത്തിന് ഒരർത്ഥം തേടി സമയം പാഴാക്കുകയായിരിക്കാം! എല്ലാം വെറും വാക്കുകൾ സൃഷ്ടിക്കുന്ന മായയാണെന്നറിയാതെ ! അതു കൊണ്ട് പെൺസുഹൃത്തുക്കൾ സൂക്ഷിക്കുക! പ്രത്യേകിച്ച് മറ്റേതലക്കൽ സ്വപ്നജീവിയായ ഒരാൺ സുഹൃത്താണെങ്കിൽ!
kadarsha
kadarsha
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക