Showing posts with label SameerArackal. Show all posts
Showing posts with label SameerArackal. Show all posts

ഒരു സ്ക്കൂട്ടി കഥ




അവധിക്ക്‌ നാട്ടിൽ പോയി കഴിഞ്ഞാൽ കാലത്തെ പ്രധാന പണി മക്കളെ സ്കൂളിൽ വിട്ട്‌ വരുന്ന വഴി മീനോ ഇറച്ചിയോ പിന്നെ എന്തെങ്കിലും അത്യവശ്യം വേണ്ട സാധങ്ങളും വാങ്ങിച്ചോണ്ട്‌ വരലാണ്‌..അപ്പഴക്ക്‌ രാവിലത്തെ ചായ പരുപാടിയൊക്കെ കഴിഞ്ഞ്‌ കെട്ട്യോള്‌ ചോറിനുള്ള ഒരുക്കം തുടങ്ങിക്കാണും
മിക്കദിവസവും ഞാനും കൂടും വല്ലതും അരിഞ്ഞ്‌ കൊടുത്തോണ്ടൊക്കെ ഒന്നും ചെയ്തില്ലേലും ആൾക്ക്‌ കുഴപ്പമൊന്നുമില്ല
വല്ലോം മിണ്ടിയും പറഞ്ഞും കൂടെ ഉണ്ടായാൽ മതി എന്തൊരു സ്നേഹമാണെന്നറിയോ അപ്പൊ..
തിരക്കിനിടയിലും കട്ടനൊക്കെ ഇട്ട്‌ തരും അത്‌ വേണ്ടെങ്കിൽ നല്ല തണുപ്പ്‌ ജ്യൂസ്‌ സന്തോഷത്തോടെ തരുന്നോണ്ട്‌ വേണ്ടാന്ന് പറയാറും ഇല്ല..
പിന്നെ ഒരുമിച്ചിരുന്ന് ഊണ്‌ അത്‌ കഴിഞ്ഞാൽ ഒരു മയക്കം പതിവാണ്‌..
അന്നും പതിവുപോലെ കിടക്കുന്നതിനിടയിൽ അവളുടെ ചോദ്യം
"ഇക്കാ ഞാനൊരു കാര്യം പറഞ്ഞാൽ വാങ്ങിച്ച്‌ തരോ അതോ ദേഷ്യം പിടിക്കോ.?"
"നീ വളച്ച്‌ കെട്ടാതെ കാര്യം പറപെണ്ണെ"
കുറച്ച്‌ ഗൗരവം വരുത്തികൊണ്ട്‌ ഞാൻ പറഞ്ഞു..
അത്‌ കേട്ടതും അവളുടെ മുഖം വാടി
"എന്ന വേണ്ട അത്‌ വിട്ടേക്ക്‌ ഇക്കാ"ന്ന് അവൾ
"ഇവളെ കോണ്ട്‌ ഞാൻ തോറ്റ്‌ മനുഷ്യനെ വട്ടാക്കാതെ ഒന്ന് പറയെടി പോത്തെ"
എന്ന് പറയാനാണ്‌ വായിൽ വന്നതെങ്കിലും സീൻ കൂടുതൽ വഷളാവണ്ടാന്ന് ആഗ്രഹം ഉള്ളോണ്ട്‌
"എന്റെ മോള്‌ ഇത്‌ വരെ എന്തെങ്കിലും ചോദിച്ചിട്ട്‌ ഞാൻ വങ്ങിച്ച്‌ തരാതിരുന്നിട്ടുണ്ടോ എന്തായാലും പറയ്‌ നമുക്ക്‌ വാങ്ങാം"ന്ന് ഒന്ന് ചേർത്ത്‌ പിടിച്ച്‌ പറഞ്ഞപ്പോൾ ദേ കെട്ട്യോളെ മുഖം പതിനാലാം രാവുധിച്ചപോലെ..
"അതെ നമ്മളെ റോഡിലോട്ട്‌ തിരിയുന്ന അവിടുത്തെ രാധികയില്ലെ പിന്നെ Lic പിരിക്കുന്ന പ്രവിതേച്ചില്ലേ അവർക്കൊക്കെ ഉണ്ട്‌ സ്ക്കൂട്ടി എനിക്കും ഒന്ന് വാങ്ങിച്ച്‌ തരോ"
കൊഞ്ചികൊണ്ടുള്ള അവളുടെ ചോദ്യം..
കേട്ടപ്പോൾ ഞാൻ ചെറുതായൊന്ന് ഞെട്ടി എന്നാലും സംഗതി കൊള്ളാം പിന്നെ ചില സമയത്തൊക്കെ ഓട്ടോ കിട്ടാനുള്ള ബുദ്ധിമുട്ടും പക്ഷേ ഇവള്‌ ഓടിക്കോ എന്നുള്ള ഒരു സംശയം ഇല്ലാതില്ല..
"അല്ല വണ്ടി നമുക്ക്‌ വാങ്ങിക്കാം പക്ഷേ നീ ഓടിക്കൂന്ന് ഉറപ്പുണ്ടോ..?ഞാൻ ചോദിച്ചു.
"പിന്നെ ഓടിക്കാനറിയാതെ.?" സൈക്കിൾ ബാലൻസ്‌ മതീന്ന് രാധിക പറഞ്ഞല്ലോ..
"ആഹാ അപ്പൊ എല്ലാം പ്ലാൻ ചെയ്തേക്കണ്‌ ല്ലേ..? എന്നാൽ വങ്ങിച്ചേക്കാം"ഞാൻ പറഞ്ഞു..
അത്‌ കേട്ടതും എന്റെ പുന്നാരിക്കയാണെന്നും പറഞ്ഞോണ്ട്‌ പെണ്ണ്‌ കവിളത്തൊരു കടി സന്തോഷം കൊണ്ടാണ്‌..
-------------------------
വണ്ടി വാങ്ങിയ അന്ന് മുതൽ ഉച്ചക്കുള്ള എന്റെ ഉറക്കം പോയി.. ജോലിയൊക്കെ വേഗം തീർത്ത്‌ ഊണ്‌ കഴിഞ്ഞാൽ അവൾ പറയും..
"ഇക്കാ എനിക്ക്‌ ഇതൊന്ന് ഓടിക്കാൻ പഠിപ്പിക്കൂ"ന്ന് പിന്നെ മക്കള്‌ സ്ക്കൂള്‌ വിട്ട്‌ വരുന്നത്‌ വരെ ഓടിക്കാൻ പഠിപ്പിക്കും
ചിലപ്പോൾ എന്തെങ്കിലും തെറ്റായി ചെയ്താൽ ഞാൻ നല്ല കിഴുക്ക്‌ വെച്ച്‌ കൊടുക്കും അപ്പൊ അവള്‌ പറയും
"ഇനി ഈ വണ്ടിയില്‌ ഞാൻ കേറൂല്ല എനിക്ക്‌ ഓടിക്കാൻ പഠിക്കും വേണ്ടാ"ന്ന്
ഇങ്ങനെ നീയിത്‌ എത്രമത്തെ തവണയാണ്‌ പറയുന്നത്‌ എന്ന് മനസ്സിൽ പറഞ്ഞ്‌ ഞാൻ ചിരിക്കും..
ഇപ്പൊ ഒരു വിധം ഓടിക്കും എന്നാലും തനിച്ച്‌ ദൂരെയൊന്നും വിടാറില്ലായിരുന്നു..
തിരിച്ച്‌ വരാൻ രണ്ട്‌ മൂന്ന് ദിവസം ഉള്ളപ്പോഴാണ്‌ അവൾ എന്നേടൊരു കാര്യം പറയുന്നത്‌..
"അതെ ഇക്ക ഞാൻ എന്റെ കൂട്ടുകാരിയോട്‌ പറഞ്ഞു നീയും വണ്ടി എടുക്കടോന്ന്"
"എന്നിട്ട്‌..?"
എനിക്ക്‌ ആകാംക്ഷയായി
"അവൾടെ ഭർത്താവ്‌ പറഞ്ഞത്രേ"
"നിന്റെ കൂട്ടുകാരിയുടെ കെട്ട്യോന് ചിലപ്പോൾ അവൾടെ കൂടെ ജീവിക്കണം ന്ന് ആശ കാണില്ല എനിക്ക്‌ അങ്ങനെയല്ല അത്‌ കൊണ്ട്‌ വാങ്ങി തരില്ലാന്ന്.."
"അങ്ങനെയാണോ ഇക്കാ..?"
വളരെ വിഷമത്തോടെ അവൾടെ ചോദ്യം
പകച്ച്‌ പോയി ഞാൻ ഈ പെണ്ണുങ്ങൾടെ ഒര്‌ കാര്യം നോക്കണെ..
ഇവിടെ തിരിച്ച്‌ വന്ന് കുറച്ച്‌ ദിവസം കഴിഞ്ഞ്‌ അവള്‌ ഒരു ദിവസം പറഞ്ഞു
"ഞാനിന്ന് സ്ക്കൂട്ടിയും കൊണ്ട്‌ ബേങ്കിലും എന്റെ വീട്ടിലും ഒക്കെ പോയല്ലോ"
ഭയങ്കര സന്തോഷവും അഭിമാനവും അവളുടെ വാക്കുകളിൽ എനിക്ക്‌ വായിച്ചെടുക്കാൻ കഴിയുമായിരുന്നു..
എനിക്കും സന്തോഷം ഉണ്ടെങ്കിലും വണ്ടിയും കൊണ്ട്‌ എവിടെയെങ്കിലും പോയികഴിഞ്ഞാൽ തിരിച്ച്‌ വന്ന് വിളിക്കുന്നത്‌ വരെ വല്ലാത്ത വീർപ്പ്‌ മുട്ടലാണ്‌ ഒരാപത്തും വരുത്തല്ലേന്ന് പ്രാർത്ഥനയും...
സെമീർ അറക്കൽ കുവൈത്ത്‌

മുഹബ്ബത്ത്‌


ഗൾഫിലേക്ക്‌ പോകുന്നതിന്റെ തലേന്നാൾ ബദ്ധത്തിലുള്ള ഒരു കല്യാണത്തിന്‌ പോയപ്പോളാണ്‌ ഷഹനയെ ആദ്യമായി കാണുന്നത്‌.. ഈ ലവ്‌ ഇൻ ഫസ്സയ്റ്റ്‌ എന്നൊക്കെ പറയുന്ന പോലെ അവന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു..

"ഇതാണ്‌ മോനെ നിനക്കുള്ള പെണ്ണ്‌‌"

പിന്നെ അവളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ പലതും ചെയ്തു..

കുടുമ്പത്തിലുള്ള കൊച്ച്‌ കുട്ടികളെ വിട്ട്‌ പേരൊക്കെ ചോദിച്ചു മനസ്സിലാക്കി..

മെല്ലെ മെല്ലെ അവൾക്ക്‌ കാര്യം മനസ്സിലാവാൻ തുടങ്ങി..

കല്യാണത്തിന്റെ തിരക്കൊക്കെ കുറച്ച്‌ കുറഞ്ഞപ്പോൾ അവളോട്‌ സംസാരിക്കാൻ ഒരവസരം കിട്ടി..

"ഷഹനയല്ലെ എന്നെ അറിയോ..?"

"ഹാ ഞാൻ കണ്ടിട്ടുണ്ട്" അവൾ പറഞ്ഞു

തീരെ പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്‌..

"ഒരു കാര്യം പറഞ്ഞാൽ ഇഷ്ടാണെങ്കിലും അല്ലെങ്കിലും ഒരു മറുപടി പറയോ‌..?

അവൻ ചോദിച്ചു..അതിന്‌ മറുപടിയൊന്നും പറയാതെ അവൾ നാല്‌ പാടും നോക്കി തങ്ങളെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോന്ന്..  മൗനം സമ്മതമായി എടുത്തുകൊണ്ട്‌ അവൻ പറഞ്ഞു..

"നാളെ ഞാൻ ഗൾഫിലേക്ക്‌ പോകും എനിക്ക്‌ വേണ്ടി ഒരു രണ്ട്‌ കൊല്ലം കാത്തിരിക്കാൻ പറ്റോ.?"

അതിന്‌ മറുപടിയൊന്നും പറയാതെ അവൾ ഹാളിനകത്തേക്ക്‌ ഓടിപോയി..

പിന്നീട്‌ അവളുടെ കണ്ണ്‌ അവനറിയാതെ അവനെ പിന്തുടരുന്നുണ്ടായിരുന്നു..

യാത്ര പറയാൻ വേണ്ടി അവളെ തിരയുന്നതിനിടയിൽ അവൻ കണ്ടു ഹാളിന്റെ മുകളിലെ ജനാല വഴി തന്നെ നോക്കി നിൽക്കുന്ന ഷഹനയെ

കൈവീശി കൊണ്ട്‌ അവളോട്‌ യാത്ര പറയുമ്പോൾ ആ കണ്ണുകൾ ഈറനണിയുന്നത്‌ അവൻ കണ്ടു അത്‌ അവനുള്ള മറുപടിയായിരുന്നു..

നീ തേടി വരുന്നത്‌ വരെ ഞാൻ നിനക്ക്‌ വേണ്ടി കാത്തിരുക്കുമെന്ന ഉറച്ച മറുപടി..
          -----------------------
"ഷഹന നിന്നെ ആദ്യമായി കണ്ട അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ്‌ പടച്ചവൻ എനിക്ക്‌ വേണ്ടിയാണ്‌ നിന്നെ പടച്ചതെന്ന്"

ആദ്യരാത്രിയിൽ നാണം കൊണ്ട്‌ മുഖം താഴ്‌ത്തിയിരിക്കുന്ന അവളുടെ മൈലാഞ്ചിയിട്ട കൈകളെടുത്ത്‌ മെല്ലെ ചുംബിച്ചു കൊണ്ട്‌ അവൻ പറഞ്ഞു.

അവളുടെ കരിമിഴിയിലപ്പോൾ മുഹബ്ബത്തിന്റെ പൂനിലാവ്‌ മിന്നി തിളങ്ങി..

അവളുടെ മുഖം പിടിച്ചുയർത്തി തനിക്കഭിമുഖമാക്കി അവൻ പറഞ്ഞു

"പിന്നെ ഞാനൊരു കാര്യം ചോദിക്കട്ടെ"

                "ഹും"
    ചോദിച്ചോ എന്ന അർത്ഥത്തിൽ അവളൊന്ന് മൂളി..

അവളുടെ തോളിലൂടെ കൈയിട്ട്‌ തന്റെ നെഞ്ചോട്‌ ഒന്നുകൂടി അടുപ്പിച്ച്‌ കൊണ്ട്‌ അവൻ ചോദിച്ചു.

"അതെ നിന്നെ പെണ്ണ്‌ കാണാൻ വരുമ്പോൾ ആ ബ്രോക്കറ്‌ പറഞ്ഞതെന്താന്ന് നിനക്കറിയോ..?"

ഇല്ലാന്ന് അവൾ തലയാട്ടി

"നിനക്ക്‌ ഭയങ്കര ജാടയാണ്‌ പോയിട്ട്‌ കാര്യമില്ല. മൂപ്പര്‌ തന്നെ അഞ്ചാറ്‌ പേരെ കൊണ്ടു പോയിട്ട്‌ നിനക്ക്‌ ഇഷ്ടായില്ലാന്ന്"

അറബികഥയിലെ രാജകുമാരൻ വരൂന്ന് കരുതിയ പെണ്ണിന്റെ ഇരിപ്പെന്നും പറഞ്ഞു..

"അതിന്‌ ആ ബ്രോക്കറ്‌ മമ്മദ്ക്കാക്ക്‌ അറീലല്ലോ ഞാൻ കാത്തിരിക്കുന്നത്‌ എന്റെ ഖൽബും മോഷ്ടിച്ചോണ്ട്‌ പോയ ഈ പഹയനെ ആണെന്ന് അതും പറഞ്ഞ്‌ അവൾ കുലുങ്ങി ചിരിച്ചു."

"അല്ലാഹ്‌ ന്റെ ബീവിയൊന്ന് സംസാരിച്ചല്ലോ" എന്നും പറഞ്ഞു കൊണ്ട്‌ കുറച്ച്‌ കുസൃതിയോടെ അവൻ വീണ്ടും ചോദിച്ചു..

"ഞാൻ നിന്നെ കെട്ടൂന്ന് അത്രക്ക്‌ ഉറപ്പുണ്ടായിരുന്നോ നിനക്ക്‌.?
ഞാൻ വേറെ ഏതെങ്കിലും ഒരു പെണ്ണിനെ കെട്ടീരുന്നെങ്കിലോ..?

അവൾടെ മുഖത്തെ ചിരിമാഞ്ഞ്‌ ചെറിയൊരു ദേഷ്യം മുഖത്ത്‌ വരുത്തി കൊണ്ട്‌ അവൾ പറഞ്ഞു..

"എന്നാ പിന്നെ ഞാൻ കാത്തിരുന്ന് കാത്തിരുന്ന് നിന്നെ കാണാതെ മരിച്ച്‌ പോയി വല്യൊരു ശയ്‌ത്താനായി വന്ന് നിങ്ങളെ രണ്ടിനേം ശരിയാക്കീർന്ന്.."

"ആഹാ നീ ആള്‌ കൊള്ളാലോ"
എന്നും പറഞ്ഞ്‌ അവൻ അവളെ കെട്ടിപിടിച്ച്‌ കവിളിൽ ഒരു മുത്തം കൊടുത്തപ്പോൾ സന്തോഷം കൊണ്ട്‌ അവളുടെ കണ്ണ്‌ നിറയുന്നുണ്ടായിരുന്നു..

               ശുഭം
      സെമീർ അറക്കൽ കുവൈത്ത്‌

നന്ദയും ഗൗരിയും ജീവിതവും


നന്ദ അവളെ കുറിച്ച്‌ ഞാൻ എന്താണ്‌ പറയേണ്ടത്‌..സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന ഒരു പാവം നാട്ടുമ്പുറത്തുകാരി പെണ്ണ്‌.. ഒരുപാട്‌ സ്വപനങ്ങളുണ്ടായിരുന്ന എന്നെ ഒത്തിരി സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ ഇഷ്ടങ്ങളൊക്കെ തന്റെതുകൂടി ആക്കിയിരുന്ന എന്റെ എല്ലാമെല്ലമായവൾ.. രണ്ട്‌ വർഷത്തെ ദാമ്പത്യ ജീവിതത്തിൽ ഒരു ജന്മത്തിന്റെ മുഴുവൻ സ്നേഹവും എനിക്ക്‌ നൽകി എന്നെ തനിച്ചാക്കി പോയ എന്റെ നന്ദ.! ആദിമോനെ ഗർഭംധരിച്ച നാൾ മുതൽ അവൾ ശരിക്കും സ്വപ്നങ്ങളുടെ ലോകത്തായിരുന്നു.. അവനെ പഠിപ്പിക്കുന്നതും വലുതായൽ അവൻ ആരാവണം എന്താവണം എല്ലാത്തിനും അവൾ ഉത്തരങ്ങൾ തേടികൊണ്ടിരുന്നു.. "നിനക്കെന്ത ഇത്രയ്ക്ക്‌ ഉറപ്പ്‌ ഇനി മോളാണെങ്കിലോ..?" ഞാൻ ചോദിക്കും അവളോട്‌ "മോളായാലും നമ്മൾ അവളെ ഒരുപാട്‌ പഠിപ്പിച്ച്‌ നല്ല നിലയിൽ എത്തിക്കും" "എന്നാലും എനിക്കറിയാം ഏട്ട ഇത്‌ മോനാണ്‌ എന്റെ ഏട്ടനപ്പോലെ" "അചഛന്റെ എല്ലാ കുറുമ്പും ഞാൻ ഇവനിലും അറിയുന്നുണ്ട്‌ ഞാൻ അനുഭവിക്കുന്നുണ്ട്" അത്‌ പറയുമ്പോൾ അവളുടെ മുഖം ചെന്താമര പോലെ വിടരും.. അപ്പൊ ഞാനും അവളുടെ സന്തോഷത്തിൽ ചേരും.. എന്നിട്ടും വിധി എന്ത്‌ ക്രൂരതയാണ്‌ ഞങ്ങളോട്‌ ചെയ്തത്‌.. പ്രസവത്തിന്‌ കൊണ്ട്‌ പോയ അവളെ..!! ഓപ്പറേഷൻ തിയറ്ററിൽ നിന്ന് കുഞ്ഞിനെ മാത്രം കൈയ്യിൽ വെച്ച്‌തന്ന് "റിയലി സോറി സർ" "കുഞ്ഞിന്റെ അമ്മയെ ഞങ്ങൾക്ക്‌ രക്ഷിക്കാൻ കഴിഞ്ഞില്ല" എന്ന് ഡോക്ടർ പറഞ്ഞത്‌ കേട്ടപ്പോൾ എനിക്ക്‌ ശരിക്കും എന്താണ്‌ സംഭവിച്ചത്‌.. ഒരുതരം മരവിപ്പായിരുന്നു അതിൽ നിന്ന് മുക്തി നേടാൻ ദിവസങ്ങളെടുത്തു.. രണ്ട്‌ അനിയത്തിമാരും അച്ഛനും അമ്മയും മാത്രമുള്ള നന്ദയുടെ വീട്ടുകാരെ എങ്ങനെയാണ്‌ ആശ്വസിപ്പിക്കേണ്ടത്‌ എന്നറിയാതെ ഞാനും എന്നെ കാണുമ്പോൾ അവർക്കും സങ്കടത്തിന്റെ നാളുകളായിരുന്നു പിന്നീട്‌.. പെങ്ങന്മാരെ എല്ലാം വിവാഹം കഴിപ്പിച്ച്‌ വിട്ട്‌ ഞാനും അമ്മയും എന്റെ വീട്ടിൽ തനിച്ചാണെന്നുള്ളത്‌ എന്ന് അറിയുന്നത്‌ കൊണ്ടാണ്‌ ആദിമോനെ നന്ദയുടെ വീട്ടുകാര്‌ കൊണ്ട്‌ പോയത്‌.. ഒരു ദിവസം പോലും മോനെ കാണതിരിക്കുക എന്നത്‌ എനിക്ക്‌ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. അത്‌ കൊണ്ട്‌ തന്നെ എനിക്ക്‌ എന്നും നന്ദയുടെ വീട്ടിൽ പോകേണ്ടിയും വന്നു.. കാലം ആർക്കും വേണ്ടിയും കാത്ത്‌ നിൽക്കാതെ ആറ്‌ മാസങ്ങൾ കടന്ന് പോയി.. പതിവ്‌ പോലെ ഒരു ദിവസം മോനെ കാണാൻ പോയപ്പ്പോൾ നന്ദയുടെ അച്ഛനും അമ്മയും എന്നോട്‌ പറഞ്ഞു.. "മോനെ നിനക്കറിയാലോ ഗൗരി കല്യാണ പ്രായമായി നിൽക്കുന്നവളാണ്‌ അവൾക്ക്‌ താഴെ സ്കൂളിൽ പോകുന്ന കാവ്യയും" "നമ്മൾ നാട്ടുകാരെ കൊണ്ട്‌ ഓരോന്നും പറയാനുള്ള അവസരം ഉണ്ടാക്കി കൊടുക്കണോ..? "ഞങ്ങളൊരു തീരുമാനം പറയട്ടെ" "എന്താണെങ്കിലും പറയൂ"എന്ന ഭാവത്തിൽ ഞാൻ അവരെ തന്നെ നോക്കിയിരുന്നു.. "നീ ചെറുപ്പമാണ്‌ നിനക്ക്‌ ഇനിയും ഒരു ജീവിതം വേണം..നമ്മുടെ ആദിത്യന്‌ അമ്മയും പുറത്ത്‌ നിന്ന് ഒരുത്തി വന്നാൽ നമ്മുടെ കുഞ്ഞിനെ അവൾ എങ്ങിനെ നോക്കുമെന്നറിയില്ല" "അത്‌ കൊണ്ട്‌ ഗൗരിയെ നിനക്ക്‌ വിവാഹം ചെയ്ത്‌ തരാൻ ഞങ്ങൾക്ക്‌ സമ്മതമാണ് ഗൗരിയോടും ഞങ്ങളിത്‌ പറഞ്ഞപ്പോൾ അവൾക്കും എതിർപ്പൊന്നും ഇല്ല" "അല്ലേലും അവളിപ്പൊ തന്നെ അവന്റെ അമ്മയായി കഴിഞ്ഞു..കാവ്യ സ്കൂളിൽ പോകും അവനെ കുളിപ്പിക്കുന്നതും ഊട്ടുന്നതും ഉറക്കുന്നതും എല്ലാം ഗൗരിയാണ്‌" അങ്ങനെ വളരെ ലളിതമായ ചടങ്ങിൽ ഗൗരി എന്റെ ജീവിതത്തിലേക്ക്‌ കടന്ന് വന്നു.. വീണ്ടും ജീവിതയാത്ര തുടർന്നു പകലുകൾ എന്നെ സംബദ്ധിച്ച്‌ ഏറെ സന്തോഷത്തോടെ ഇടപഴകാൻ കഴിഞ്ഞെങ്കിലും പല രാത്രികളിലും എന്തോ ഒരു കുറ്റബോധം എന്നെ വേട്ടയാടികൊണ്ടിരുന്നു.. എന്റെ മനസ്സ്‌ വായിച്ചപോലെ ഒരിക്കൽ അവൾ എന്നോട്‌ പറഞ്ഞു.. "നമ്മൾ പലതും മോഹിക്കും പക്ഷേ ദൈവത്തിന്റെ വിധി മറ്റൊന്നാണെങ്കിൽ മനുഷ്യരായ നമ്മൾ എന്ത്‌ ചെയ്യും ഏട്ടാ..?" ഇന്ന് ഞാൻ ഏട്ടന്റെ ഭാര്യയാണ്‌. "എന്റെ ചേച്ചി നമ്മളെ ഒരിക്കലും ശപിക്കില്ല" അത്‌ പറയുമ്പോൾ ഒരു കൊച്ച്കുട്ടിയെ പോലെ അവൾ വിതുമ്പി കരഞ്ഞു.. ഞാനും വല്ലാതായി അവളെ ചേർത്ത്‌ പിടിച്ച്‌ ആ മൂർദ്ധാവിൽ ചുമ്പിച്ചപ്പോൾ ഞങ്ങൾ പരസ്പരം ആശ്വസിച്ചു ഇത്‌ ജീവിതമാണെന്ന യാഥാർത്യത്തിന്‌ മുന്നിൽ.. ദൈവനുഗ്രഹത്താൽ ഇപ്പോൾ എട്ട്‌ വർഷം പിന്നിട്ടിരിക്കുന്നു..ഞങ്ങൾക്ക്‌ ഒരു മോള്‌ കൂടി ജനിച്ചു.. എന്റെ നന്ദയുടെ ആഗ്രഹം പോലെ മിടുക്കനായി മൂന്നാം ക്ലാസിൽ പഠിക്കുന്ന ഞങ്ങളെ ആദിമോന്റെ പുന്നാര അനിയത്തി നന്ദന.. ഇന്ന് എന്റെ കൊച്ച്‌ കുടുമ്പം തികഞ്ഞ സന്തോഷത്തിലാണ്‌ ഇനിയും ഒരു പരീക്ഷണം അരുതേ എന്ന് ദൈവത്തിനോട്‌ പ്രാർത്ഥിച്ച്‌ കൊണ്ട്‌ നിർത്തട്ടെ.. സ്നേഹത്തോടെ ------------------------ ഒരുപാട്‌ സ്വപ്നങ്ങളും മോഹങ്ങളും ബാക്കിവെച്ച്‌ അകാലത്തിൽ പൊലിഞ്ഞ്‌ പോയ സഹോദരി സഹോദരന്മാർക്ക്‌ സമർപ്പണം സെമീർ അറക്കൽ കുവൈത്ത്

ജന്മസാഫല്യം


ജന്മസാഫല്യം
************
കല്യാണം കഴിഞ്ഞ് നാലുവർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാവത്തത് കൊണ്ടുള്ള സഹതാപവും പരിഹാസവും കുടുംബത്തിലുള്ളവര് പോലും അവളെ ഒഴിവാക്കി വേറൊരുത്തിയെ കെട്ടിക്കൂടെ എന്നും കൂടി ചോദിക്കാൻ തുടങ്ങിയപ്പോഴാണ് സർക്കാർ ജോലിക്കാരനായ അയാൾ സ്ഥലംമാറ്റം വാങ്ങി ദൂരെ ഒരിടത്തേക്ക് ചേക്കേറിയത്.
പിന്നെയും എട്ട് വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു ചികിത്സകൾക്കും പ്രാർത്ഥനകൾക്കും ഒടുവിൽ നിധിപോലെ അവളെ കിട്ടാൻ..
അമ്മുവായിരുന്നു പിന്നീടുള്ള അവരുടെ ലോകം..
താഴെയും തലയിലും വെക്കാതെയാണ് അവര് അവളെ വളർത്തിയത്.!
"എടോ മോള് കുളിച്ചോ, മോള് കഴിച്ചോ,
അവള് ഉറങ്ങിയോ..?"
ഒരു മിനിറ്റ് അവളെ കണ്ടില്ലെങ്കിൽ ആയാള്
ചോദിക്കാൻ തുടങ്ങും.
"ഈ ഏട്ടന്റെ ഒരു കാര്യം അവളിപ്പൊ ചെറിയ കുട്ടിയൊന്നുമല്ലാട്ടോ"
എന്നും പറഞ്ഞു ഭാര്യ കളിയാക്കാൻ തുടങ്ങും..
അപ്പൊ അയാള് പറയും.
"അവള് എത്ര വലുതായാലും നമുക്ക് എന്നും അവള് കുട്ടിയാണെടോ" എന്ന്..
കാലം എത്രവേഗമാണ്‌ സഞ്ചരിക്കുന്നത്‌ ഒരുപാട്‌ പ്രാർത്ഥനകൾക്കും കാത്തിരിപ്പിനും ശേഷം അവള്‌ പിറന്നതും എല്ലാവർക്കും മുന്നിൽ അച്‌ഛനായ സന്തോഷത്തിൽ തല ഉയർത്തിപിടിച്ച്‌ നിന്നതും
മറ്റുള്ളവരുടെ കുറ്റപെടുത്തലുകൾക്കും പരിഹാസങ്ങൾക്കും അറുതി വന്നതിൽ പ്രിയതമയുടെ മുഖത്ത്‌ പൂനിലാവ്‌ വിടർന്നതും എല്ലാം അയാളുടെ മനസിൽ മിന്നിമറിഞ്ഞു..
നാളെ അവളുടെ വിവാഹമാണ് ഇനി മറ്റൊരുവന്റെ കൂടെ..
അവന് വേണ്ടപ്പെട്ടവരുടെ കൂടെ വേണം അവള് ജീവിക്കാൻ..
മനസ്സിൽ സന്തോഷം ഉണ്ടെങ്കിലും അവളെ പിരിയേണ്ടത് ഉള്ളിന്റെ ഉള്ളിൽ അവരിൽ ഒരു വിങ്ങലായി നിന്നിരുന്നു..
കൂടെ പ്രാർത്ഥനയും ഈശ്വരാ ഞങ്ങളുടെ മോൾക്ക് നല്ലത് മാത്രം വരുത്തണെ..
കല്യാണ പന്തലിൽ നിന്ന് കൈ വീശി കാണിച്ച് കണ്ണീരോടെ അവൾ അവന്റെ വീട്ടിലേക്ക് പോകുമ്പോൾ നിറകണ്ണുകളോടെ അവരാ ഉമ്മറത്ത് നിന്നിരുന്നു...
കണ്ണിൽ നിന്നും ആ കാറും അവരുടെ കരളും മറയുന്നത് വരെയ്ക്കും..
ശുഭം
സെമീർ അറക്കൽ കുവൈത്ത്‌

കദനം


കദനം
******
ആന്റോച്ചായൻ ഞങ്ങൾ നാട്ടുകാർക്കെല്ലാം പ്രിയങ്കരനായിരുന്നു.
പ്രത്യേകിച്ചും യുവാക്കൾക്ക്‌ ഞങ്ങളോടൊപ്പം ജോലിയില്ലാത്തപ്പോൾ എന്തിനും മുന്നിൽ അച്ചായനുണ്ടായിരുന്നു..
വായനശാലയിലും കാരംസ്‌ കളിയുമായി ഞങ്ങളെ ക്ലബിലും രാമേട്ടന്റെ ചായകടയിലും എല്ലാം നിറസാന്നിധ്യമായിരുന്നു..
വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും ഇത്തിരി കൃഷിയും ചെറിയൊരുവീടുമൊക്കെയുള്ള ട്രാൻസ്പോർട്ട്‌ ബസ്സിൽ കണ്ടക്ടറായി ജോലി ചെയ്തിരുന്ന ആന്റോച്ചായൻ സന്തോഷവാനായിരുന്നു..
ഒറ്റമോള്‌ മാത്രം ആയത്‌‌കൊണ്ടണോന്ന് അറിയില്ല ഞങ്ങൾ ചെറുപ്പാക്കാർക്ക്‌‌ എന്തും സംസാരിക്കാൻ പ്രായത്തിലെ വ്യത്യാസം പോലും ഒരു തടസ്സമായിരുന്നില്ല ഒരു കൂട്ടുകാരനെ പോലെയായിരുന്നു അച്ചായൻ
ഈയിടെയായി അച്ചായന്‌ എന്തോ ഒന്നിലും ഒരു ഉഷാറില്ലാത്തെ പോലെ എല്ലാവരെയും പോലെ ഞാനും അത്‌ ശ്രദ്ധിച്ചിരുന്നു..
ഒരിക്കൽ ഒറ്റയ്ക്ക്‌ കിട്ടിയപ്പോൾ ഞാനത്‌ തുറന്ന് ചോദിച്ചു..
"എന്താണ്‌ അച്ചായ പ്രശ്നം കുറച്ച്‌ ദിവസായിട്ട്‌ ഒന്നിനും ഒരു ഉഷാറില്ലാത്ത പോലെ..?
എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ എന്നോട്‌ പറഞൂടെ..?"
കുറച്ച്‌ നേരം ആലോചിച്ചോണ്ടിരുന്ന് പിന്നെ എന്റെ കരം കവർന്ന് അച്ചായൻ പറഞ്ഞു..
"എനിക്ക്‌ എന്റെ മോളെ വിവാഹം ഉടൻ നടത്തണം"
എന്തോ ഒരു ഭയത്തിലാണ്‌ അത്‌ പറയുന്നത്‌ എന്ന് ആ മുഖഭാവം കണ്ടപ്പ്പോൾ എനിക്ക്‌ തോന്നി എങ്കിലും ഞാൻ തിരിച്ച്‌ ചോദിച്ചു..
"അതിന്‌ അവള്‌ ഡിഗ്രിക്ക്‌ ചേർന്ന് ഒരു വർഷം കഴിഞ്ഞെല്ലെയുള്ളു..?"
അല്ലെങ്കിൽ തന്നെ ആ കൊച്ച്‌ പഠിക്കാൻ മിടുക്കിയല്ലെ..?"
അവള്‌ പഠിക്കട്ടെ..
പക്ഷേ അച്ചായൻ നിഷേധഭാവത്തിൽ തലയാട്ടി കൊണ്ട്‌ പറഞ്ഞു
"ഇനിയും വൈകിയാൽ ചിലപ്പോൾ"
പാതിമുറിഞ്ഞ ആ വാക്കിന്റെ പൊരുളറിയാനായി ഞാൻ വീണ്ടും ചോദിച്ചു.."
എന്തായാലും പറയൂ നമ്മുക്ക്‌ പരിഹാരം കാണാം"
"എനിക്ക്‌ കുറച്ച്‌ നാളായി ഇടയ്ക്കിടെ ഒരു പനിയും വല്ലാത്തൊരു വയ്യായ്കയും കണ്ടാണ്‌ ഞാൻ ഹോസ്പിറ്റലിൽ പോയത്‌
അവിടുന്ന് പരിശോധിച്ച്‌‌ ബ്ലെഡ്‌ ടെസ്റ്റും സ്കാനിങ്ങും എല്ലാം കഴിഞ്ഞ്‌ ഡോക്ടർ പറഞ്ഞത്‌"
"കുറച്ച്‌ പ്രശ്നമാണ്‌ അടുത്ത പ്രാവാശ്യം വരുമ്പോൾ ആരെയെങ്കിലും കൂട്ടി വരണം ഞാൻ തിരുവനന്തപുരത്തേക്കോ എറണാംകുളത്തേക്കോ ഏതെങ്കിലും വലിയ ഹോസ്പിറ്റലിലേക്ക്‌ ലറ്റർ തരാം"എന്നാണ്‌
"എനിക്കെന്തോ വല്ലാതെ പേടി തോന്നുന്നു വലിയ സമ്പാദ്യമൊന്നും ഇല്ലെങ്കിലും എന്റെ മോളെ മാന്യമായി പറഞ്ഞയക്കാനുള്ളത്‌ ഉണ്ട്‌ ഇനിയും വൈകിയാൽ ചിലപ്പോൾ ഉള്ളതെല്ലാം വിറ്റ്‌ പെറുക്കി എന്നെ ചികിത്സിച്ച്‌‌ എന്റെ മോളിയും മോളും വഴിയാധാരമാവും""
"നിന്നെ ഒരു മോനെപോലെ കണ്ട്‌ പറഞ്ഞതാണ്‌ നമ്മളല്ലാതെ ആരും ഇതറിയരുത്"
എന്നെ കെട്ടിപ്പിടിച്ച്‌ നിറഞ്ഞ്‌ വരുന്ന കണ്ണ്‌ പുറംകൈകൊണ്ട്‌ തുടച്ച്‌ അത്‌ പറഞ്ഞപ്പോൾ ഞാൻ ശരിക്കും തളർന്ന് പോയി...
പിന്നെയെല്ലാം വേഗത്തിലായി അനുവും മോളിചേട്ടത്തിയും പലതും പറഞ്ഞ്‌ നോക്കിയിട്ടും ആന്റോച്ചായൻ ഉറച്ച തീരുമാനത്തിലായിരുന്നു..
ഒന്നും തീരുമാനിക്കാൻ കഴിയാതിരുന്ന അനുവിനെ പിന്നെ മോളി‌ചേട്ടത്തിയാണ്‌ ഒരുവിധം മയപ്പെടുത്തിയത്‌..
"നിനക്ക്‌ ദോഷം വരുന്നത്‌ വല്ലോം പപ്പ ചെയ്യൂന്ന് നിനക്ക്‌ തോന്നണുണ്ടോ..?"
"നല്ല പയ്യനായിരിക്കും പിന്നെ വേണമെങ്കിൽ കല്യാണം കഴിഞ്ഞാലും പഠിക്കാലോ ന്റെ മോൾക്ക്‌..?"
അവരും അങ്ങനെ സമാധാനിച്ചു..
കല്യാണമൊക്കെ കേമമായി തന്നെ നടക്കുന്നതിനിടയിലും ഞാൻ അച്ചായനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു..
ഉള്ളിലെ ഭാവം എനിക്ക് വായിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും പുറമേ കാണുന്നവർക്ക്‌ അച്ചായൻ നല്ല സന്തോഷവാനായിരുന്നു..
*********************
അനുവിന്റെ കല്യാണം കഴിഞ്ഞ്‌ ഒരുമാസം ആയിക്കാണും എറണാംകുളത്ത്‌ ഒരു ഇന്റർവ്യൂവിന്‌ പോയപ്പോഴാണ്‌ കൂട്ടുകാരൻ സുധീർ വിളിച്ചത്‌..
"ടാ നമ്മളെ ആന്റേച്ചായൻ പോയടാ ഇപ്പോ കുറച്ച്‌ മുന്നെ വീട്ടിൽ വെച്ച്‌ അറ്റാക്കായിരുന്നു"
പതിഞ്ഞ സ്വരത്തിലാണ്‌ അവനത്‌ പറഞ്ഞതെങ്കിലും എന്റെ കാതിൽ അത്‌ പിന്നെയും പിന്നെയും വന്ന് അലയടിച്ചു..
ഒരു നിമിഷം എനിക്ക്‌ ഹൃദയത്തിന്റെ താളം പോലും തെറ്റിമിടിക്കുന്നത്‌ പോലെ തോന്നി..
അടക്കമെല്ലാം കഴിഞ്ഞ്‌ രണ്ട്‌ മൂന്ന് ദിവസം കഴിഞ്ഞിട്ടും എനിക്ക്‌ മനസ്സിന്‌ വല്ലാത്ത അസ്വസ്ഥത എന്ത്‌ കൊണ്ടോ അച്ചായൻ മരിച്ചത്‌ ആത്മഹത്യയാവൂന്ന് മനസ്സ്‌ പറഞ്ഞോണ്ടിരിക്കുന്നു..
ഒരുപക്ഷേ അച്ചായന്റെ വീട്ടുകാർക്കും അത്‌ അറിയാമായിരിക്കണം പുറത്ത്‌ അറിഞ്ഞാലുണ്ടാവുന്ന ഭവിഷ്യത്ത്‌ പോസ്റ്റ്മോർട്ടം എല്ലാം കൂടി ഓർത്ത്‌ പറയാത്തതാവും..
മനസ്സ് നീറി പുകഞ്ഞോണ്ടിരുന്നു ഒരിക്കലെങ്കിലും അച്ചായനെ വിളിച്ച്‌ ആ ഡോക്ടറെ ഒന്നുപോയി കണ്ടിരുന്നെങ്കിൽ
ഒരുപക്ഷേ അച്ചായൻ പേടിച്ച പോലെ ഒന്നുമല്ലായിരുന്നെങ്കിൽ മാറ്റിയാൽ മാറുന്ന വല്ല അസുഖവും ആയിരുന്നെങ്കിലോ ഓർക്കുംതേറും ഞാൻ വല്ലാതെ വീർപ്പുമുട്ടി
എന്തോ എന്നോട്‌‌ അച്ചായന്റെ വീടുവരെ ഒന്ന് പോയിനോക്കണം എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ ഞാൻ മെല്ലെ ഏണീറ്റ്‌ നടന്നു..
വീടിന്റെ പടിക്കലെത്തി ഞാൻ നോക്കിയപ്പോൾ മോളിച്ചേട്ടത്തിയും അനുവും ഭർത്താവുമെല്ലാം ഉമ്മറത്ത്‌ തന്നെയുണ്ട്‌..
ഒരു നിമിഷം അനു എന്നെ കണ്ടു
എനിക്ക്‌ മുന്നോട്ട്‌ ചലിക്കാൻ കഴിയുന്നില്ല
അവളുടെ നോട്ടത്തിൽ നിന്ന് എന്തോ ഒന്ന് ഞാൻ വായിച്ചെടുത്തു..
"എന്തിനാ ഞങ്ങടെ പപ്പയെ മരണത്തിന്‌ വിട്ടുകൊടുത്തത്‌ രക്ഷിക്കാമായിരുന്നില്ലേ"
എന്നവൾ ചോദിക്കുന്ന പോലെ.
പിന്നെ അങ്ങോട്ട്‌ കയറാനുള്ള ധൈര്യം എനിക്ക്‌ ഇല്ലായിരുന്നു..
തിരിച്ച്‌ നടക്കുമ്പോൾ മനസ്സിൽ ഞാനവരോടും
ഞങ്ങളെ എല്ലാമായിരുന്ന ആന്റോച്ചായനോടും
മനസ്സിൽ ആയിരം വട്ടം മാപ്പ് പറയുന്നുണ്ടായിരുന്നു..!
(വേണ്ടപ്പെട്ടവർ കഷ്ടപ്പെടാതിരിക്കാൻ മാറരോഗമാണോ എന്നുപോലും അറിയാതയും അറിഞ്ഞും ജീവൻ ബലി കഴിച്ച മഹത്മാക്കൾക്ക്‌ ഈ കഥ സമർപ്പിക്കുന്നു)
സെമീർ അറക്കൽ കുവൈത്ത്‌

വീണ്ടും ചില വീട്ടുകാര്യങ്ങൾ


വീണ്ടും ചില വീട്ടുകാര്യങ്ങൾ
***************************
ഇന്ന് ഓഫീസിലേക്ക് പോകാനുള്ള ഒരുക്കം തുടങ്ങിയപ്പോഴെ പതിവില്ലാത്ത ഒരു ഭാവമാറ്റം കാണാനുണ്ട് അവളുടെ മുഖത്ത്...
വളരെ അത്യാവശ്യമായി കൊടുക്കോണ്ട രണ്ട് പ്ലാൻ ഇനിയും വരച്ച് തീർക്കാനുള്ളതിന്റെ ചിന്തയിൽ ഞാനും അതത്ര കാര്യമായി എടുത്തില്ല..
ഇറങ്ങാൻ നേരം അവള് വന്ന് ചോദിച്ചു..
"ഇക്കാ ഇന്നെന്താ ദിവസംന്ന് അറിയോ.?"
"ഇന്ന് ബുധനാഴ്ചയല്ലേ.?"
ഞാൻ തിരിച്ച് അവളോട് ചോദിച്ചു..
"ആണോ എന്നാൽ നന്നായി"
അതും പറഞ്ഞ് അവള് അടുക്കളയിലേക്കും ഞാൻ ഓഫീസിലേക്കും പോന്നു..
ഓഫീസിലേക്ക് പോകുന്ന വഴിയിൽ മൊബൈലിലേക്ക് പതിവില്ലാതെ അവളുടെ അനിയത്തിയുടെ കോൾ..
"അളിയാ ഇത്താന്റെ ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല..
ഇന്ന് നിങ്ങളെ കല്യാണവാർഷികമല്ലെ വിഷ് ചെയ്യാൻ വിളിച്ചതാണ് പക്ഷേ കിട്ടുന്നില്ല.."
അപ്പൊ അതാണ് കാര്യം..
നാല് ദിവസം മുന്നേ തുടങ്ങി ഞാനും പലതും കണക്ക് കൂട്ടി വെച്ചിരുന്നതാണ് ആദ്യത്തെ വാർഷികമാണ് ഉഷാറാക്കണം എന്നൊക്കെ പക്ഷേ വിട്ട് പോയി...
എങ്കിലും അത് മറച്ച് വെച്ച് കൊണ്ട് ഞാൻ അവളോട് പറഞ്ഞു..
"ഫിദമോളെ നീ ഇനി ഇത്താനെ വിളിക്കണ്ടട്ടോ അളിയൻ നിന്റെ ഇത്താനെ ഒന്ന് ഞെട്ടിക്കാനുള്ള ഒരുക്കത്തിലാണ്.."
"ഞങ്ങള് മോൾക്ക് വൈകീട്ട് അങ്ങോട്ട് വിളിക്കാട്ടോ"ന്നും
പറഞ്ഞ് ഫോൺ കട്ട് ചെയ്യുമ്പോൾ ഓഫീസ് എത്തിയിരുന്നു..
അത്യാവശ്യം തീർക്കാനുള്ളത് പെട്ടെന്ന് ചെയ്ത് ബാക്കി സ്റ്റാഫിനെ പറഞ്ഞേൽപിച്ച് ഇറങ്ങുമ്പോൾ സമയം രണ്ടായിരുന്നു..
ടൗണിലെ ഏറ്റവും നല്ല ബേക്കറിയിൽ പോയി ഉള്ളതിൽ നല്ല ഒരു കേക്കിന് ഓർഡർ കൊടുത്തു..
"സർ ബർത്ത്ഡേയാണോ അതോ..?"
സെൽസ്മാൻ പയ്യന്റെ ചോദ്യത്തിന് മറുപടിയും കൊടുത്തു..
"കല്യാണ വാർഷികമാണ് ആദ്യത്തെ.."
അഞ്ച് മിനിട്ട് കൊണ്ട് കേക്ക് പായ്ക്ക് ചെയ്തു കിട്ടി..
ഇനി അവൾക്കൊരു സമ്മാനം വാങ്ങണം..
അരമണിക്കൂറിനുള്ളിൽ അതും വാങ്ങിച്ച് വീട്ടിലേക്ക് തിരിക്കുമ്പോൾ അവളുടെ കോൾ...
"നിങ്ങള് കഴിക്കാൻ വരുന്നില്ലേ"?ന്ന്..
ഇന്ന് ഇത്തിരി വൈകിയതോണ്ടാണ്..
വീട്ടിലെത്തി വണ്ടി നിര്‍ത്തി ഇറങ്ങിയപ്പോൾ ഉമ്മാന്റെ ചോദ്യം..
"എന്താ ഷിഹാബെ ഇങ്ങള് തമ്മില് പെണങ്ങിയോ..?"
"രാവിലെ മുതല് ഫസീലാക്ക് ഒരു ഉഷാറും ഇല്ലല്ലോ..?"
ന്നാലും ഓള് ബിരിയാണിയൊക്കെ വെച്ചിക്ക്ണ്..
അതാണ് നിക്കു മനസിലാവാത്തത്
അത് പറയുമ്പോൾ ഉമ്മ ചിരിച്ചു..
റൂമില് പോയിനോക്കിയപ്പോൾ പിണക്കത്തിന്റെ ലക്ഷണം മുഖത്ത് കാണുന്നുണ്ട്..
"എന്താടോ നിന്റെ മുഖത്തിന് ഇത്രകനം.?"
ഞാൻ ചിരിച്ചോണ്ട് ചോദിച്ചു..
"ഇക്കാ വായോ നമുക്ക് കഴിക്കാം"..ന്ന് അവൾ
"എന്നാൽ ഇക്കാന്റെ മോള് ഈ പൊതിയൊന്ന് തുറെന്നേ"
അവള് പൊതി തുറക്കുമ്പോൾ ഞാൻ പറഞ്ഞു..
"ഇന്ന് ഇനി ഞാൻ ഓഫീസിൽ പോകുന്നില്ല.."
പൊതിതുറന്ന് കേക്ക് കണ്ടതും ഞാൻ പറഞ്ഞതും കൂടി കേട്ടപ്പോൾ അവൾക്ക് കാര്യം മനസിലായി തുടങ്ങി..
ആ മുഖം സന്തോഷം കൊണ്ട് വിടരാൻ തുടങ്ങിയിരുന്നു..
മെല്ലെ അവളെ എന്നിലേക്ക് അടുപ്പിച്ച് അവളുടെ ചെവിയിൽ ഞാൻ പറഞ്ഞു..
"ആ കൈയ്യൊന്ന് നീട്ടിക്കേ"
അവളുടെ നീട്ടിയ കൈവിരലിൽ ഞാനെന്റെ സ്നേഹസമ്മാനമായ അവൾക്ക് ഏറ്റവും ഇഷ്ടമായ ഇളം പിങ്ക് നിറത്തിലുള്ള കല്ല് വെച്ച സ്വർണ മോതിരം അണിയിച്ചു..
അപ്പോൾ അവളുടെ കണ്ണ് സന്തോഷം കൊണ്ട് നിറയാൻ തുടങ്ങിയിരുന്നു...
ഞാനപ്പോൾ മനസ്സ് കൊണ്ട് ഫിദമോൾക്ക് ആയിരം വട്ടം നന്ദി പറയുകയായിരുന്നു..
************************
ഇപ്പോൾ എല്ലാം ശുഭം
ചെറിയ ചെറിയ സന്തോഷങ്ങൾ പങ്കുവെയ്ക്കപ്പെടുമ്പോഴാണ് സ്നേഹത്തിന് ശക്തി കൂടുന്നത്. ആയിരം സ്വർണ്ണ നാണയത്തിന് വാങ്ങിത്തരാനാവാത്ത സന്തോഷം ഒരു പുഞ്ചിരിക്ക് വാങ്ങിത്തരാനാവും. ചെറിയൊരു സമ്മാനം ,ഇടയ്ക്കൊക്കെ പുറത്തൊരു കറക്കം , രണ്ടു സ്നേഹ വാക്ക് ഇതൊക്കെ മതി പാതിയെ സന്തോഷിപ്പിക്കാൻ. ജീവിതത്തിരക്കുകൾക്കിടയിൽ ഇതൊക്കെ നമ്മൾ മറക്കുകയോ, മറന്നെന്ന് നടിക്കുകയോ അല്ലേ ചെയ്യുന്നത്
സെമീർ അറക്കൽ കുവൈത്ത്

ഇവിടെ ഞാൻ ഉരുകിത്തീരുന്നു


നിസാർക്കാന്റെ കൂടെയുള്ള ജീവിതം വളരെയധികം സന്തോഷം നിറഞ്ഞതായിരുന്നു..
എനിക്ക് ഇഷ്ടമില്ലാത്ത കല്യാണമായിട്ടും ദിവസങ്ങൾക്കകം തന്നെ ഇക്ക എനിക്ക് എല്ലാമെല്ലമായി കഴിഞ്ഞിരുന്നു...
ദുബായിലെ നല്ലൊരു കമ്പനിയിൽ അക്കൌണ്ടന്റൊണ് ഇക്ക കല്യാണം കഴിഞ്ഞ് മൂന്ന് മാസം തികയുന്ന മുമ്പെ എന്നെയും അങ്ങോട്ട്‌ കൊണ്ട് പോയി..
അഭിമാനത്തിന്റെ ദിനങ്ങൾ ഒരുപാട് സന്തോഷം നിറഞ്ഞ മൂന്ന് കൊല്ലം..
ഓരോ (പാവശ്യം ലീവിന് നാട്ടിൽ പോകുമ്പോഴും എല്ലാവരും സ്നേഹം കൊണ്ട് മൂടി
അപ്പോഴും ഒരു കുഞ്ഞിന് വേണ്ടിയുള്ള ദുഖം ഞങ്ങൾക്ക് ഉണ്ടായിരുന്നു...
പടച്ചവൻ ഞങ്ങളുടെ (പാർത്ഥനയ്ക്ക് ഉത്തരം തന്ന ദിവസം, ഞാനൊരു അമ്മയാകാൻ പോകുന്നു എന്ന് അറിഞ്ഞ ദിവസം,എന്റെ ഇക്ക എന്നെ സന്തോഷം കൊണ്ട് വീർപ്പ് മുട്ടിക്കുന്നതും സ്വപ്നം കണ്ടിരുന്ന ആ ദിവസം അന്നാണ് അത് സംഭവിച്ചത്..!
*******************
ഏതോ ഷോപ്പിംഗ് മാളിൽ വെച്ചാണ(ത മൂന്ന് വർഷത്തിന് ശേഷം ഹാഷിം എന്നെ കണ്ടത്..ഭർത്താവ് കൂടെ ഉള്ളത് കൊണ്ട് നേരിട്ട് വരാതെ ഞങ്ങളെ പിന്തുടർന്ന് ഫ്ളാറ്റ് അവൻ മനസ്സിലാക്കിയിരുന്നു...
പ്ളസ് വണ്ണിന് പുതിയ ക്ളാസ്സിൽ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്
പിന്നീട് പലപ്പോഴായുള്ള ഇടപഴകലിൽ ഞങ്ങള്‍ അടുത്ത് പോയി..
കോളേജിൽ എത്തിയപ്പോൾ ഞങ്ങൾക്ക് (പണയത്തിന്റെ പൂക്കാലമായിരുന്നു..
വാകമരച്ചുവട്ടിലും കാന്റെിനിലും ലൈ(ബറിയിലും എല്ലാം ഞങ്ങൾ ചി(തശലഭങ്ങളെ പോലെ പാറി നടന്നു...
പക്ഷേ ഞങ്ങളുടെ എല്ലാ സ്വപ്നങ്ങളെയും തകർത്ത് കൊണ്ടാണ് എനിക്ക് നിസാർക്കാന്റെ കല്യാണാലോചന വന്നത്..
ഗൾഫിലെ നല്ല ജോലിയും സാമ്പത്തികവും എല്ലാം കൊണ്ടും വീട്ടുകാര്‍ക്ക് ഇത് നടത്താൻ ഒരുപാട് സന്തോഷമായിരുന്നു..
കാര്യങ്ങളൊക്കെ ഞാൻ അവനോട് പറഞ്ഞപ്പോൾ ഒരു പത്തൊമ്പത് കാരന്റെ എല്ലാ നിസ്സഹായതയും അവന്റെ വാക്കുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു അങ്ങനെ ഇഷ്ടമില്ലാത്ത ആ കല്യാണത്തിന് എനിക്ക് സമ്മതം മൂളേണ്ടി വന്നു...
*********************
ആദ്യമായി അവൻ റൂമിൽ വന്ന അന്ന് ഞാൻ ശരിക്കും ഞെട്ടി.. ഒരിക്കൽ ജീവന്റെ ജീവനായിരുന്നവൻ മൂന്ന് വർഷങ്ങൾക്ക് ശേഷം ഇതാ കൺമുന്നിൽ..
അകത്ത് വന്ന അവൻ ഒരുപാട് വിശേഷങ്ങള്‍ പറഞ്ഞു..പുതിയ ജോലിയെ പറ്റി,പുതുതായി വെക്കുന്ന വീടിനെ പറ്റി കെട്ടാൻ പോകുന്ന പെൺകുട്ടിയെ പറ്റി..
തിരിച്ച് പോകാൻ നേരം നമ്പർ തന്ന് കൊണ്ട് അവൻ പറഞ്ഞു
"വല്ലപ്പോഴും വിളിക്കണം"
ഒരിക്കൽ പോലും ഞാനവനെ വിളിക്കാത്തത് കൊണ്ടും എന്റെ നമ്പർ അറിയാത്തത് കൊണ്ടുമാണ് അന്ന് അവൻ വീണ്ടും വന്നത്..
സന്തോഷത്തിന്റെ കൊടുമുടിയിൽ ഞാൻ നിന്നിരുന്ന അന്ന്,ഞങ്ങൾ ഉപ്പയും ഉമ്മയും ആകാൻ പോകുന്ന സത്യം എന്റെ ഇക്കാനോട് പറയാന്‍ കൊതിച്ചിരുന്ന ദിവസം...
ഇക്കാനെ (പതീക്ഷിച്ചിരുന്ന ഞാൻ കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ട് വാതിൽ തുറന്നപ്പോൾ കണ്ടത് അവനെയാണ് ഹാഷിമിനെ...
"ഹാഷിമെ ഞാൻ പറഞ്ഞിരുന്നതല്ലെ ഇനി എന്നെ കാണാൻ വരരുതെന്ന് ഞാനിന്ന് മറ്റൊരാളുടെ ഭാര്യയാണ്"
എനിക്ക് ശരിക്കും ദേഷ്യം വന്നിരുന്നു..
എന്റെ പെരുമാറ്റം അവനെ അത്ഭുതപെടുത്തി...
"ഇനിയൊരിക്കലും നിന്നെ കാണാൻ ഞാൻ വരില്ല"
എന്നും പറഞ്ഞ് തിരിച്ച് പോകുന്ന ഹാഷിമിനെയും എന്നെയും ഞെട്ടിച്ച് കൊണ്ട് മുന്നിൽ നിസാർക്ക..
കാര്യങ്ങള്‍ വിശദീകരിക്കാൻ പോയ ഹാഷിമിന്റെ ഷർട്ടിൽ കുത്തിപ്പിടിച്ച് പൊട്ടിത്തെറിച്ച നിസാർക്ക പിന്നെ നേരെ എന്റെടുത്ത് വന്നു...
ഒരുപാട് കരഞ്ഞ് കാല് പിടിച്ചു..
എ(തത്തോളം സന്തോഷത്തോടെ പറയണം എന്ന് കരുതി വെച്ച കാര്യം കണ്ണീരോടെ ഞാൻ പറഞ്ഞു പക്ഷേ അത് ഇക്കാന്റെ സംശയം കൂടുതൽ ബലപ്പെടുത്തിയൊള്ളു...
ഇന്ന് ഞാൻ എന്റെ മോളോടൊത്ത് എന്റെ വീട്ടില്‍ ഒരിക്കൽ സന്തോഷം കൊണ്ട് മൂടിയവരിൽ നിന്ന് കുത്ത് വാക്കുകൾ കേട്ടുകൊണ്ട്..
ആരൊക്കെ എന്നെ വെറുത്താലും എന്റെിക്ക എന്നെ വെറുക്കാതിരിക്കട്ടെ
എന്നെങ്കിലും എന്നെ മനസ്സിലാക്കി എന്നെയും മോളെയും തിരികെ വിളിക്കാൻ നിസാർക്ക വരുമെന്ന (പതീക്ഷയിൽ ഞാൻ കാത്തിരിക്കുന്നു..

സെമീർ അറക്കൽ കുവൈത്ത്

കാത്തിരുന്ന മറുപടി


ദേ പെണ്ണെ ഇന്നെനിക്ക് രണ്ടിലൊന്ന് അറിയണം.. ഇഷ്ട്ടാണെങ്കിലും അല്ലെങ്കിലും അതൊന്ന് പറഞ്ഞൂടെ..? "
പിന്നാലെ നടന്ന് മടുത്തിട്ടാണ് ഇന്ന് അവൻ അങ്ങിനെ ചോദിച്ചത്..
പതിവില്ലാതെ ഇന്നെന്തോ
അവളില്‍ ഒരുനാണം ഉണ്ടെന്ന് തോന്നുന്നു...
ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറഞ്ഞു... " അതെ എന്റെ ഉമ്മ പറയുന്നു ഇയാള് ഭയങ്കര പാവാന്ന്.. "
അവന് അത് കേട്ട് ദേഷ്യമാണ് വന്നത്...
അവൻ പറഞ്ഞു " അത് നിന്റെ ഉമ്മ പറഞ്ഞത്, നിന്റെ ഉപ്പാനെ പറ്റിയാവും.. മ്മളെ നാട്ടിലന്നെ നിന്റെ ഉപ്പാനോളം പാവം ആരാ ഉള്ളത്. ? "
അത് അവൾക്ക് ഇഷ്ടമായിന്ന് മുഖം കണ്ടാലറിയാം..
പക്ഷേ അവള് പറഞ്ഞ മറുപടി ഇതായിരുന്നു.. "
"അതെന്നെ എന്റെ ഉപ്പ പാവാണ് അതോണ്ടല്ലെ ഇയാള് നല്ല ചെക്കനാന്ന് ഉമ്മാനോട് പറഞ്ഞോണ്ടിരിക്കണത്"
അതും കൂടി കേട്ടതും അവന് ക്ഷമകെട്ടു..
" അല്ല പെണ്ണെ നീയെന്നെ കളിയാക്കേണോ ? " അവന് ചോദിക്കേണ്ടി വന്നു..
" അതെ ചെക്കാ ഇങ്ങനെ പുറകെ നടന്ന് ആളുകളെക്കൊണ്ട് അതും ഇതും പറയിക്കാതെ മാന്യമായി വന്ന് പെണ്ണ് ചോദിക്കാൻ നോക്ക്.. പെണ്ണിന്റെ വീട്ടുകാര് അങ്ങോട്ടല്ല നിങ്ങള് ഇങ്ങോട്ട് വന്ന് പെണ്ണ് ചോദിച്ചാൽ നിനക്ക് കൊടുക്കാന്ന വീട്ടില് സംസാരം..
ഇതും പറഞ്ഞ് അവള് കുലുങ്ങി കുലുങ്ങി ചിരിക്കുമ്പോൾ അവന്റെ മനസില്‍ സന്തോഷത്തിന്റെ­ പൂത്തിരിയും മത്താപ്പും വേറെ എന്തൊക്കയോ ഒരുമിച്ച് കത്തുന്നുണ്ടായിരുന്നു....
ശുഭം
സെമീർ അറക്കൽ കുവൈറ്റ്

ദാമ്പത്യം


ഒരുപാട് പ്രതീക്ഷ വെച്ചിരുന്ന നല്ലൊരു ഓർഡർ ക്യാൻസലായതിന്റെ നിരാശയിലാണ് അവൻ ഓഫീസിൽ നിന്ന് വീട്ടിലേക്ക് തിരിച്ചെത്...
വണ്ടി പോർച്ചിൽ നിർത്തി സിറ്റൗട്ടിലേക്ക് കയറിയപ്പോൾ മുന്നിലെ ഡോറ് അടച്ചിട്ടില്ല വെറുതെ ചാരിവെച്ചിട്ടേയുള്ളു...
"ഇവളോടൊന്നും എത്ര പറഞ്ഞാലും മനസ്സിലാവില്ല" എന്ന് മനസ്സിൽ പറഞ്ഞോണ്ട് വാതിലും അടച്ചോണ്ടാണ് അവൻ അകത്തേക്ക് പോയത്...
ഡ്രസ്സ് മാറാൻ ബെഡ്റൂമിൽ കയറിയിട്ടും ഷാഹിദ ഒന്നും അറിഞ്ഞില്ല...
അവന് ശരിക്കും ദേഷ്യം വന്നു
എന്തോ പറയാൻ തുടങ്ങുമ്പോളാണ് കോളിംങ്ങ് ബെൽ ശബ്ദിച്ചത്...
വാതിൽ തുറന്ന് നോക്കിയപ്പോൾ അടുത്ത വീട്ടിലെ സൗമ്യ ചേച്ചിയാണ്..
"ഇപ്പൊ ഭേദം ഉണ്ടോന്ന് നോക്കാൻ വന്നതാണ്"
"ആർക്ക് എന്താ പറ്റിയേ.?"
അവന് ആകെ കൺഫ്യൂഷനായി..
"അത് ഇന്ന് മഴവരുന്നത് കണ്ട് ഷാഹിദ ഇത്തിരി ദൃതിയില് ഓടിവന്നതാണ് അയലേല് കിടക്കുന്ന ഡ്രസ്സ് എടുക്കാൻ അപ്പൊ കാല്തെന്നി വീണു
ഞാൻ ഓടിവന്നാണ് പിടിച്ച് എഴുന്നേൽപ്പിച്ചത്..
ഞാൻ അപ്പോഴേ പറഞ്ഞതാണ് അൻഷാദിനെ വിളിച്ച് പറയാം മോളേന്ന്"
അപ്പൊ അവള് പറഞ്ഞു
"ഇക്കാക്ക് ഓഫീസിൽ തന്നെ ഒരുപാട് ടെൻഷനുണ്ട് ചേച്ചി ഇപ്പൊ പറയണ്ട ആള് വരട്ടേ"ന്ന്
"പിന്നെ ഞാൻ കുറച്ച് ബാമൊക്കെ പുരട്ടികൊടുത്തിട്ടുണ്ട് എന്നാലും ഒന്ന് ഡോക്ടറെ കാണിച്ചേക്കണെ"
"ഞാനാണ് പറഞ്ഞത് മുന്നിലെ വാതില് അടക്കണ്ട നിനക്ക് വയ്യാത്ത കാലും വെച്ച് വന്ന് തുറന്ന് കൊടുക്കാൻ ബുദ്ധിമുട്ടാവും
ഞാൻ നോക്കാം"ന്ന്
അതും പറഞ്ഞ് അവര് പോയതും അവന് ഭയങ്കര കുറ്റബോധം തോന്നി..
അകത്ത് പോയി അവൻ അവളെ വിളിച്ചുണർത്തി..
"ഇക്കാ സോറി ഞാൻ വെറുതെ കിടന്നതാണ് ഉറങ്ങിപ്പോയി"അവള് പറഞ്ഞു..
"സോറി പറയേണ്ടത് ഞാനെല്ലെ മോളെ ഒരു നിമിഷത്തെക്കെങ്കിലും കാര്യമറിയാതെ നിന്നോട് ദേഷ്യം തോന്നിയതിന്"
എന്നും പറഞ്ഞ് അവൻ അവളെ നെഞ്ചോട് ചേര്‍ത്തു..
പരസ്പരം അറിഞ്ഞും മനസ്സിലാക്കിയും വിട്ടുകൊടുത്തും ജീവിക്കുമ്പോളാണ് ദാമ്പത്യം സ്വർഗ്ഗതുല്യമാകുന്നത്...
സെമീർ അറക്കൽ കുവൈറ്റ്

യത്തീം


യത്തീം
"ഉമ്മച്ചീ നാളെ പെരുന്നാളെല്ലെ ഇനിക്കും പുതിയ ഡ്രസ്സ് വേണം"
അഞ്ച് വയസ്സുകാരൻ ഷാനു അത് പറഞ്ഞപ്പോഴാണ് ഷാനിബ മക്കളെയും കൂട്ടി ബജാറിൽ പോകനൊരുങ്ങിയത്..
ഒന്നും വേണ്ടാന്ന് വെച്ചതാണ് ഷംസുക്ക മരിച്ചിട്ട് ആദ്യത്തെ പെരുന്നാളാണ്...
എട്ട് മാസം ആകുന്നു ആ തണൽ ഉമ്മാനെയും ഷാനിബാനെയും മക്കളെയും വിട്ട്പോയിട്ട്..
ചേർത്ത് വെച്ചത് ഒന്നും തന്നെയില്ല അല്ലെങ്കിലും പലചരക്ക് സാധനങ്ങൾ വാങ്ങുന്ന കടയിൽ പോലും കടം ബാക്കിയുള്ളവൾ എന്ത് ചേർത്തുവെക്കാനാണ്..
പലവർണത്തിലുള്ള ഡ്രസ്സുകൾകിടയിൽ നിന്ന് ഏറ്റവും വിലകുറഞ്ഞത് വാങ്ങുമ്പോൾ ഷാനിബാന്റെ ഖൽബ് പിടയ്ക്കുന്നുണ്ടായിരുന്നു..
ഇതുതന്നെ യത്തീമിന് കിട്ടിയ സഖാത്തിലാണ് വാങ്ങിയത്..
പരിചയക്കരൻ ചേട്ടന്റെ കടയിൽ നിന്ന് പെരുന്നാളിന് വേണ്ട സാധനങ്ങളൊക്കെ വാങ്ങിയാണ് മടങ്ങിയത്...
പുറത്ത് എന്തെങ്കിലും ജോലിക്ക് പോകാൻ അഭിമാനികളായ കുടുംബക്കാർ അവളെ അനുവദിച്ചില്ല...
അയൽപക്കത്തെ ഒരു ഗൾഫ്ക്കാരന്റെ വീട്ടിലെ വീട്ടുജോലിയൊക്കെ പോയി ചെയ്തു കൊടുത്ത് കിട്ടുന്നതാണ് ജീവിത മാർഗം..
വീട്ടിൽ ചെന്നുകേറിയതും ഷാനു സന്തോഷത്തോടെ പറഞ്ഞു..
"വെല്ലിമ്മാ ഇനിക്കും താത്തക്കും ഡ്രസ്സ് ഇടത്തു..
വെല്ലിമ്മിച്ചിക്കും ഉണ്ട് പുള്ളിതുണിയും തട്ടോം"
ആ വൃദ്ധയുടെ കണ്ണ് നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു..
"നിനക്ക് ഒന്നും വാങ്ങാതെ എനിക്ക്
എന്തിനാണ് ഇതൊക്കെ മോളെ"
അവര് ഷാനിബാനെ ചേര്‍ത്ത് പിടിച്ച് ചോദിച്ചപ്പോൾ അത് വരെ അവൾ പിടിച്ചു നിർത്തിയ കണ്ണീര് അണപൊട്ടി ഒഴുകാൻ തുടങ്ങിയിരുന്നു..
ഷാനുവും താത്തയും ഡ്രസ്സ് അയൽപക്കത്തെ കൂട്ടുകാർക്ക് കാണിച്ചു കൊടുത്തു മടങ്ങി വന്നപ്പോൾ ഷാനിബാനോട് ചോദിച്ചു..
"ഉമ്മ അവരെ വീട്ടലൊക്കെ അപ്പം പൊരിക്കണ് നമ്മളെ വീട്ടിലും ഉണ്ടാക്കോ.?"
അത് കേട്ടതും അവൾ പറഞ്ഞു..
"ഉമ്മച്ചി നിങ്ങൾക്കു എല്ലാം ഉണ്ടാക്കിതരാം മക്കള് പോയി കളിക്ക്"
മക്കൾക്ക് വേണ്ടി പലഹാരം ഉണ്ടാക്കാൻ തയ്യാറാവുമ്പോഴും അവളുടെ കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു...
******************
(നമ്മൾ ഇരുപത്തയ്യയിരവും അമ്പതിനായിരവും ചിലവാക്കി പെരുന്നാള് ആഘോഷിക്കുമ്പോൾ ഇതുപോലെ ഉള്ളവരുണ്ടെങ്കിൽ ഒരിക്കലും അവരെ കാണാതിരിക്കരുത്)
സെമീർ അറക്കൽ കുവൈറ്റ്

ജാതകദോഷം


റിട്ടയേഡ് അദ്ധ്യാപികയും എന്റെ അയൽവാസിയുമായ ഇന്ദിര ടീച്ചറുടെ രണ്ടാമത്തെ മകനാണ് അഭിഷേക്..
ചേട്ടൻ അരുൺ കെഎസ്ഇബിയിൽ വർക്ക് ചെയ്യുന്നു..ഭാര്യയ്ക്കും രണ്ട് മക്കൾക്കുമൊപ്പം അമ്മയോടൊത്ത് താമസം..അഭിഷേക് കുട്ടിയായിരിക്കുമ്പോഴാണ് അച്ഛന്റെ മരണം..
പിന്നീട് വളരെ കഷ്ടപെട്ടാണ്
ടീച്ചർ അവരെ ഇന്നുകാണുന്ന നിലയിൽ എത്തിച്ചത്..
മുതിര്‍ന്നപ്പോൾ അഭിഷേകിന്റെ പല കാര്യങ്ങൾക്കും ഒരച്ഛന്റെ കൂടി സ്ഥാനത്ത് നിന്ന് എട്ട് വയസ്സിന് മൂത്തവനായ അരുണായിരുന്നു മുന്നിൽ..
കുവൈത്തിലേക്ക് നഴ്സായി(male nerse)ജോലി കിട്ടി വരാനുള്ള ലാസ്റ്റ് ഡയിറ്റും കഴിഞ്ഞ് പത്ത് നാളുകൂടി കഴിഞ്ഞായിരുന്നു ഏട്ത്തിയമ്മ സുരഭിയുടെ അനിയത്തി ശ്രുതിയുടെ കല്യാണം..
"അഭീ നിനക്ക് ഈ കല്യാണം കൂടിയിട്ട് പോയാൽ പോരെ"ന്ന് അമ്മയും ചേട്ടനും ഏട്ത്തിയമ്മയും എല്ലാം ചോദിച്ചാണ്..
"എനിക്കുള്ള ചിലവ് ഞാൻ പിന്നെ വാങ്ങിച്ചോളാം പോകതിരിക്കാൻ ആവാത്തൊണ്ടാണ്"എന്ന് അവൻ പറഞ്ഞപ്പോൾ പിന്നെ അവർക്ക് ഒന്നും പറയാൻ കഴിഞ്ഞില്ല..
അഭിഷേകിനെ നാട്ടിൽനിന്നെ എനിക്ക് അറിയാം..
ഭാഗ്യത്തിന് ഇവിടെ വന്നപ്പോൾ താമസവും ഏകദേശം എന്റെ അടുത്ത് സാൽമിയ അമ്മാൻ സ്ട്രീറ്റിലായിരുന്നു...
ഇടയ്ക്ക് ഒക്കെ ഞങ്ങൾ കാണുമായിരുന്നു..
"ഇക്കാ ഇവിടെ സബാ ഹോസ്പിറ്റലിലാണ് ജോലിട്ടോ"ഒരു ദിവസം കണ്ടപ്പോൾ അഭിഷേക് പറഞ്ഞപ്പോൾ എനിക്കും വളരെ സന്തോഷമായി..
സന്തോഷമുള്ള ഒരു മാസത്തിനു ശേഷം ഒരു ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് അവൻ നേരെ എന്നെ കാണാൻ വന്നു..
"എന്താണ് അഭീ വല്ലാണ്ടിരിക്കുന്നേ" അവന്റെ മുഖഭാവം കണ്ട് എനിക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല...
"ഇക്കാ ഞാൻ പറഞ്ഞിരുന്നില്ല കൂടാൻ കഴിയാതെ പോയ ഏട്ത്തിയമ്മയുടെ അനിയത്തീടെ കല്യാണകാര്യം.
"അതെ എന്താ കാര്യം?"ഞാൻ ചോദിച്ചു
ആ കുട്ടിയുടെ ഭർത്താവ് ഒരു ബൈക്ക് ആക്സിലന്റില് മരിച്ചൂന്ന്.!!
ഏട്ടൻ വിളിച്ചിരുന്നു..
അത് പറയുമ്പോൾ അവന്റെ കണ്ണ് കലങ്ങിയിരുന്നു..അവനെ ഒരുവിധം ആശ്വാസിപ്പിച്ച് പറഞ്ഞയച്ചെങ്കിലും എന്റെയുള്ളിലും ഒരു വേദന പടരുന്നുണ്ടായിരുന്നു...
രണ്ട് വർഷത്തിന് ശേഷം അഭിഷേക് നാട്ടിൽ പോയി വന്നപ്പോൾ കല്യാണകാര്യമാണ് ഞാൻ ആദ്യം ചോദിച്ചത്...ഞാൻ അവന് മുമ്പേ പോയി വന്നിരുന്നു..
"മൂന്ന് നാലെണ്ണം നോക്കി ഇക്കാ ജാതകം തന്നെ പ്രശ്നം പിന്നെ ചിലത് എനിക്കും ഇഷ്ടമായില്ല..
ഇനി അടുത്ത പ്രാവിശ്യം നോക്കാം"
അത് പറയുമ്പോൾ അവന്റെ സംസാരത്തിൽ നിരാശ നിഴലിച്ചിരുന്നു...
***************
ഈപ്രാവശ്യം അവൻ നാട്ടിൽ പോയപ്പഴാണ് അത് നടന്നത്..
നാട്ടിലെത്തി നാല് നാളുകൾക്ക് ശേഷം ഒരു ദിവസം കൂട്ടുകാരനോടെത്ത് ഒരു പെണ്ണ് കാണാൻ ഇറങ്ങുമ്പോഴാണ് അമ്മ പറഞ്ഞത്...
"പാവം ആ കുട്ടി നാല് വർഷത്തിന് ശേഷം എല്ലാവരും കൂടി അത്രയ്ക്ക് നിർബന്ധിച്ചിട്ടാണ് വീണ്ടും ഒരു കല്യാണത്തിന് സമ്മതിച്ചത്..."
"നാളെ നടക്കേണ്ട നിശ്ചയം മുടങ്ങീന്ന് പറഞ്ഞു സുരഭിയും ചേട്ടനും വിളിച്ചിരുന്നു..."
"അതിനൊക്കെ താലി വാഴുമോന്ന് ചോദിച്ച് പറഞ്ഞുവെച്ച പയ്യന്റെ ഏതോ അമ്മാവൻ ഉടക്കീന്ന്"
അമ്മ പറയുന്നത് ശ്രുതിയെ പറ്റിയാണെന്ന് അവന് മനസ്സിലായി..
ഒരു നിമിഷത്തെ മൗനത്തിന് ശേഷം അഭിഷേക് അമ്മയോട് ചോദിച്ചു..
"അമ്മേ ശ്രുതിയെ ഞാൻ വിവാഹം കഴിച്ചോട്ടെ?"
ഒറ്റപെടലിന്റെ വേദന അനുഭവിച്ചത് കൊണ്ടോ അവളോടുള്ള ഇഷ്ടം കൊണ്ടൊ എന്നറിയില്ല ടീച്ചർ അഭിഷേകിന്റെ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്..
"ഞാൻ ഇതാ വന്നു നമുക്ക് ഒരിടം വരെ പോകണം എന്നാണ്..."!!
ദുഖത്തോടെ ഇരുന്നിരുന്നെങ്കിലും പറയാതെ ടീച്ചറും അഭിഷേകും വന്നപ്പോൾ അരുണിനും സുരഭിയ്ക്കും വീട്ടുകാർക്കും ആശ്ചര്യമായിരുന്നു...
അകത്ത് ഹാളിൽ കയറിയിരുന്ന ടീച്ചർ സുരഭിയോട് ശ്രുതിയെ വിളിക്കാൻ പറഞ്ഞു..
എന്താണ് നടക്കുന്നതെന്ന് ആർക്കും മനസ്സിലാവാതെ നിൽക്കുമ്പോൾ ശ്രുതി ടീച്ചറുടെ അടുത്തേക്ക് വന്നു..
ടീച്ചർ കുറച്ച് അഭിമാനത്തോടെ തന്നെ പറഞ്ഞു
"ഇവളെ എനിക്ക് വേണം എന്റെ അഭിമോന് പെണ്ണായിട്ട്.."
സന്തോഷം കൊണ്ട് എല്ലാവരുടെയും കണ്ണ് നിറയുമ്പോൾ അരുൺ അനിയനെ വിളിച്ച് പുറത്തേക്കിറങ്ങി അവനെ ചേര്‍ത്ത് നിർത്തികൊണ്ട് പറഞ്ഞു
"ദൈവം നിന്നെ അനുഗ്രഹിക്കും മോനെ"
ഇന്ന് അഭിഷേകും ശ്രുതിയും മകൻ ആരോമലും സന്തോഷത്തോടെ കുവൈത്തിലുണ്ട്..
എന്നും ഇതുപോലെ അവർ സന്തോഷമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ശുഭം
സെമീർ അറക്കൽ കുവൈറ്റ്

(പതീക്ഷ


പുറത്ത് ചാററൽ മഴ പെയ്യുന്നുണ്ട്.
ജാലക പഴുതിലൂടെ ഒരു തണുത്ത കാററ്
വന്ന് അവരെ തലോടിയപ്പോൾ അവൾ
അവനെ ഒന്നുകൂടി ഇറുകെ പിടിച്ചു..
" ഏട്ടാ ഞാനൊരു കാര്യം പറയട്ടെ..?"
" എന്തിനാണ് എന്നോട് ഈ മുഖവുര നീ
പറയ് വിമലേ "
" നമ്മുടെ അപ്പൂന്റെ പേരിടൽ നമ്മൾക്ക് ഭംഗിയായി ചെയ്യണം മുററം നിറയെ പന്തലിട്ട് നിറയെ പേരെ വിളിച്ച് സദ്യയെരുക്കി ഒരിക്കലും മറക്കാത്ത പോലെ അവൾ പറഞ്ഞു.."
" ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ദൈവം നമുക്ക് തന്ന നിധിയല്ലെ ഏട്ടാ അവൻ..?"
" ഇതൊക്കെ നീ എടുത്ത് പറയണോ നീ മനസ്സില്‍ കണ്ടതിലും ഭംഗിയായി നമ്മളിത് നടത്തും."
അവളുടെ മുടിയിൽ മെല്ലെ തഴുകി കൊണ്ട് അവൻ പറഞ്ഞു.
പിന്നെയും അവര് എന്തൊക്കയോ സംസാരിച്ചു.സന്തോഷം നിറഞ്ഞ ആ രാ(തി പിന്നീട് എപ്പോഴോ അവർ ഉറങ്ങിപ്പോയി..
അപ്പുവിന്റെ നിർത്താതയുള്ള കരച്ചിൽ കേട്ടാണ് വിമല അടുക്കളയിൽ നിന്ന് ഓടി വന്നത്..
"അയ്യോ കരയല്ലേട മക്കളെ ദേ അമ്മ വന്നൂലോ" എന്നും പറഞ്ഞ് അവനെ എടുത്തപ്പോൾ കരച്ചിൽ നിർത്തി പല്ലില്ലാത്ത മോണ കാണിച്ചു അവൻ ചിരിച്ചു..
അമ്മിഞ്ഞ നുകരുമ്പോൾ അവൻ അമ്മയെ ഒളികണ്ണിട്ട് നോക്കി കുറുമ്പ് കാട്ടിക്കൊണ്ടിരുന്നു..അവനെ കുളിപ്പിച്ചൊരുക്കി വന്ന വിമല
"അപ്പൂസെ കരയല്ലെ അമ്മ നിന്റെച്ഛന് ചായ
എടുത്താണ്ട് ഇപ്പൊ വരട്ടാ" എന്നും പറഞ്ഞ്
ഇനിയും എണീററിട്ടില്ലാത്ത സുധീഷിനടുത്ത്
കിടത്തി..
ചായ കപ്പും പിടിച്ചോണ്ട് റൂമിലേക്ക് വന്ന അവൾ ഞ്ഞെട്ടിപ്പോയി..
ബെഡ്ഡിൽ സുധീഷ് മാ(തം..!!
എന്റെ കുഞ്ഞെവിടെ അവൾ നിലവിളിച്ചു..
" ഏട്ടാ നമ്മുടെ അപ്പൂനെ കാണുന്നില്ല.."
സുധിയേട്ടാ നമ്മുടെ കുഞ്ഞ് വിമല അലറി കരഞ്ഞു..
വിമലയുടെ ഉച്ഛത്തിലുള്ള കരച്ചില് കേട്ടാണ് സുധീഷ് എണീററത്..
ഹാളിലെ ക്ളോക്കിൽ നിന്ന് മൂന്ന് വട്ടം കിളിചിലച്ചു..
" എന്താ വിമലേ എന്തിനാണ് നീ..?"
"സുധിയേട്ടാ നമ്മുടെ കുഞ്ഞ് "
അവൾ ആവർത്തിച്ചോണ്ടിരുന്നു..
"നമ്മുടെ കുഞ്ഞോ..എന്താ മോളെ നീ പറയുന്നത്..?
നേരാത്ത നേർച്ചകളും ചെയ്യാത്ത ചികിൽസയും ഉണ്ടോ..?
"ഇനിയും നമ്മളെന്താ ചെയ്യാ (പാർത്ഥിക്കുകയല്ലാതെ..."
അവളെ നെഞ്ചോട് ചേർത്ത് ആശ്വസിപ്പിച്ച് കൊണ്ട് ഇടറിയ സ്വരത്തിൽ അവൻ പറഞ്ഞു..
അവളപ്പോഴും സ്വപ്നത്തിൽ നിന്ന് യാഥാർത്യത്തിലേക്ക് തിരിച്ച് വരാൻ കൂട്ടാകതെ വിതുമ്പി കരഞ്ഞോണ്ടിരുന്നു..
അവളുടെ കണ്ണ്നീര് അവന്റെ നെഞ്ചിനെ പൊള്ളിച്ച് ധാരയായി ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു..
*******************
ഏഴ് വർഷമായുള്ള കാത്തിരിപ്പ്
കഴിക്കാത്ത വഴിപാടുകളും കാണാത്ത ഡോക്ടർമാരുമില്ല..അവസാന ആ(ശയമായിരുന്നു ഈ വിഷയത്തിൽ (പശസ്ത്തനും ഒരുപാട് പേർക്ക് ജീവിതത്തിന്റെ നിറപകിട്ടിലേക്ക് വഴിയും കാണിച്ച ഡോക്ടർ എബിൻ മാത്യു..
ഒരുപാട് (പതീക്ഷയോടാണ് ഡോക്ടറെ കാണാൻ പോയത്...പക്ഷേ സകല ടെസ്റ്റുൾക്കും ശേഷം ഡോക്ടർ പറഞ്ഞ വാക്കുകൾ അവർക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു..
"നോക്കു മിസ്റ്റർ സുധീഷ് വൈദ്യശാസ്(തത്തിനും ചില പരിമിതികളുണ്ട്...പിന്നെ ഏറ്റവും വലിയ ഡോക്ടർ ദൈവമല്ലെ..?
(പാർത്ഥിക്കുക ഒരത്ഭുതം സംഭവിക്കില്ലാന്ന് എനിക്ക് തീർത്ത് പറയനാകില്ല..
അതെ (പാർത്ഥനയിലാണവർ എന്നെങ്കിലും ഒരു കുഞ്ഞിന് വേണ്ടിയുള്ള സ്വപ്ന്ം സഫലമാകുമെന്നുള്ള (പതീക്ഷയിൽ...
.........................................................
വിമലയെ പോലെ സുധീഷിനെ പോലെ എ(തയോ പേര് നമ്മുടെ സമൂഹത്തിലുണ്ട്..
കുട്ടികളില്ലാത്തവരുടെ വേദനയുടെ ആഴം അവർക്ക് മാ(തമേ മനസ്സിലാവൂ നീറുന്ന ആ നെഞ്ചിനെ ഈ കാരണം പറഞ്ഞ് ഒരു നോട്ടം കൊണ്ട് കൂടി നോവിക്കരുത്..
സെമീർ അറക്കൽ കുവൈററ്

വിധി


"ഇക്കാ നാളെ നിങ്ങളെ വിവാഹം
ആണെല്ലെ..?
ഞാൻ പോയിട്ട് നാളേക്ക് ഇരുപത്താറ്
ദിവസം അല്ലെ ആയൊള്ളു ഇക്കാ..?"
അവളുടെ കണ്ണ് നിറഞൊഴുകുന്നുണ്ട്..
"എന്റെ മക്കള് എന്നെ ചോദിക്കുമ്പോൾ
ചെറിയ മോനോട് ഉമ്മ പറയുന്നു
കുഞുവാവയും കൊണ്ട് ഉമ്മച്ചി
വരൂംന്ന്..
പാവം രണ്ട് വയസ്സല്ലെ അവൻ
തലയാട്ടി സമ്മതിക്കും..
അല്ലെങ്കിലും കുഞുവാവയെ
കാണാൻ അവനായിരുന്നില്ലെ ധൃതി..
പക്ഷേ മൂത്തോന് എല്ലാം
മനസ്സിലായിട്ടുണ്ട്..
അവന്റെ ഉമ്മച്ചി ഇനിയൊരിക്കലും
തിരിച്ച് വരില്ലെന്ന്..
അവന്റെ കരഞ് കലങ്ങിയ മുഖം
എനിക്ക് കണ്ടിട്ട് സഹിക്കുന്നില്ല ഇക്കാ.."
"പാവം ഉമ്മ..ഉമ്മാക്ക് വേറെ
ആരാ ഉള്ളത്..
മാമൻ(അമ്മാവൻ)പറഞൊതൊക്കെ
ഞാൻ കേട്ടു.."
"നിന്റെ ഉമ്മാനെയും ഈ കുട്ടികളെയും
ഓർത്തിട്ടെങ്കിലും നീ ഈ കല്യാണത്തിന്
സമ്മതിക്കണം."
"നീ ഇത്രയും വലിയ വീടും
കെട്ടിയിട്ട് ഇനി തിരിച്ച് ഗൾഫിലേക്ക് പോവൂലെന്ന്
വാശി പിടിച്ചാൽ എങ്ങനെ ശരീഫെ..?
പിന്നെ ഈ വീടും പറമ്പും ഒക്കെ
ബേങ്ക്കാർക്ക് കൊടുക്കണോ..?"
"റസിയ നിന്നെ പോലെ തന്നെ
ഞങ്ങൾക്കും പ്രിയപ്പെട്ടവൾ ആയിരുന്നു..
ഒരു മരുമകളായിരുന്നില്ല..
മകള് തന്നെ ആയിരുന്നു.."
"ഇക്കാ നിങ്ങള് പോകാതിരിക്കണ്ട..
എന്റെ മക്കളെ അവളോട് നല്ലോണം
നോക്കാൻ പറയണം..."
ഇപ്പോൾ കരച്ചിൽ കുറച്ച് ഉച്ചത്തിലായിട്ടുണ്ട്..
"എന്റെ ഇക്കാന്റെയും മക്കളുടെയും
കൂടെ ജീവിച്ച് എനിക്ക് കൊതി തീർന്നില്ല..."
"റസിയ റസിയ."
കണ്ണ് തുറന്ന്
അവൻ നാലുപാടും നോക്കി..
"അള്ളാ സ്വപ്നമായിരുന്നോ.."
ശരീഫ് എണീറ്റ് ലൈറ്റിട്ടു..
മക്കൾ രണ്ട് പേരും നല്ല ഉറക്കമാണ്..
ഏഴ്മാസം ഗർഭിണിയായിരുന്നു റസിയ
ഒരു പനികണ്ട് ഹോസ്പിറ്റലിൽ
പോയതാണ്..അവിടെ എല്ലാം
അവസാനിച്ചു...
അല്ലെങ്കിലും മരണത്തിന് അങ്ങനെ
വല്ല കാരണവും വേണോ..
അവൻ ചിന്തിച്ചുകൊണ്ടിരിക്കുമ്പേൾ
ആ മുറിയുടെ മൂലയിൽ എവിടുന്നോ
ഒരു തേങ്ങൽ അവന് കേൾക്കാമായിരുന്നു..
അല്ലെങ്കിൽ അങ്ങനെ അവന് തോന്നിയതകാം..
അധികം ആർഭാടമില്ലെങ്കിലും
ഒരു വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ നേരം പുലരുന്നതും
കാത്ത് ആ വീട് ഒരുങ്ങി കഴിഞിരുന്നു..
കുറച്ച് അകലെ പള്ളിക്കാട്ടിൽ അപ്പോൾ ഒരു കാറ്റ് വന്ന് റസിയാന്റെ മീസാൻ കല്ലിൽ തലോടുന്നുണ്ടായിരുന്നു..!
സെമീർ അറക്കൽ

പ്രവാസി...


ലീവ്കിട്ടി നാട്ടിലേക്ക് വരാൻ പോകുന്നൂന്ന് പറഞ്ഞപ്പോൾ അവൾക്ക് ഭയങ്കര സന്തോഷം...
പെരുന്നാളിന് മുമ്പ് എത്തും എന്നും കൂടി പറഞ്ഞപ്പോൾ അത് ഇരട്ടിയായി...
"ഇക്കാ ഞാൻ ഒരു കാര്യം പറയട്ടെ?"ന്ന് അവളുടെ ചോദ്യം എന്നോട്....
ആ പറയൂന്ന് ഞാൻ പറയുന്ന മുമ്പ് തന്നെ അവള് പറയുന്നു...
പോർച്ചിലിരിക്കുന്ന ബൈക്ക് അവളെ നോക്കി ചിരിക്കുന്നൂന്ന്...
അവിടെ ആഘോഷം തുടങ്ങിയതിന്റെയാണ് ഇതൊക്കെ...
അല്ലെങ്കിലും നമ്മള് വരുന്നൂന്ന് നാട്ടിലേക്ക് വിളിച്ച് പറഞ്ഞാൽ കൂടുതൽ സന്തോഷിക്കുന്നത് അവരാണ്...
(സോറി കല്യാണം കഴിയാത്തവർ വെയിറ്റ് ചെയ്യൂ)
തലേന്നാൾ കൂടി ഒരു മണിക്കൂറ് ഫോണിൽ സംസാരിച്ചിട്ടുണ്ടെങ്കിലും നമ്മള് എയർപോട്ടിൽ നിന്ന് ഇറങ്ങി വരുമ്പോൾ അവരുടെ നാണം ഒന്ന് കാണണം...
പെണ്ണ് കാണാൻ പോയ അന്നത്തെക്കാൾ നാണമായിരിക്കും...
എല്ലാവരും ഇങ്ങനെയാണോന്ന് ചോദിച്ചാൽ അതെനിക്കറിയില്ല...
പിന്നെ കാറിൽ പോകുമ്പോൾ നുള്ളിയും, പിച്ചിയും, കുറുമ്പ് കാട്ടുമ്പോൾ
അടങ്ങിയിരിക്ക് ആരെങ്കിലും കാണുമെന്ന് മുഖം കൊണ്ടവൾ ഗോഷ്ടികാണിക്കും...
ഇനി വീടിന്റെ രണ്ട്മൂന്ന് കിലോമീറ്റർ അടുത്തെത്തിയാൽ കൈവീശി കാണുന്നവരോടൊക്കെ വരവറിയിക്കും...
അവസാനം വീട്ടിലെത്തി ഡ്രസ്സൊക്കെ മാറി അയൽപകത്തൊക്കെ ഒരു റൗണ്ട് പോയി വരുമ്പോഴക്ക്, കാലങ്ങൾക്ക് ശേഷം വീട്ടില് ഉണ്ടാക്കിയ ഫുഡും കഴിച്ചാൽ പിന്നെ എങ്ങനെയെങ്കിലും ഒന്ന് രാത്രിയായി കിട്ടിയമതീന്നാവും...!!
ആരും അധികം പ്രതീക്ഷിക്കണ്ട ആ ഭാഗം സെൻസർബോർഡ് കട്ട് ചെയ്തു...!!!
✂✂✂✂✂✂
ഞാൻ പറഞ്ഞുവന്നത് പെട്ടി തുറക്കുന്ന കാര്യമാണ്...
അത് കൊടുക്കാനുള്ളവർക്കൊക്കെ കൊടുത്താൽ നമ്മൾ ഹാപ്പി, അവര് ഹാപ്പിയാണോന്ന് വഴിയെ മനസ്സിലാവും...
അവിടുന്നങ്ങോട്ട് ഭരണം മാറിയ ഗവണ്മെന്റിനെ പോലെയാണ്...
വൈദ്യുതി, ജലം, പൊതുമരാമത്ത് ധനകാര്യം, കൃഷി (അടുക്കളത്തോട്ടം) ടൂറിസം അങ്ങനെ എല്ലാ വകുപ്പും നമ്മളങ്ങ് ഏറ്റെടുക്കും...
പിറ്റേന്ന് രാവിലെ മുതൽ ഒരു സഞ്ചിയും കൊണ്ട് ബജാറിലേക്ക് സാധനങ്ങളൊക്കെ വാങ്ങിക്കാൻ...
മീൻ വാങ്ങുമ്പോൾ ഇത്തിരി നല്ലത് തന്നെ വാങ്ങണം, നമ്മളില്ലാത്തപ്പോൾ വീട്ടുപടിക്കൽ കൊണ്ട് വരുന്നതും വാങ്ങിക്കുന്നതും മിക്കവാറും മത്തിയും അയിലയും ഒക്കെ ആയിരിക്കും...
ഉമ്മാക്ക് ഇഷ്ടമായ ചീരയും തൈരും എല്ലാം വാങ്ങി കൊണ്ട് കൊടുക്കുമ്പോൾ കാണുന്ന സന്തോഷത്തിന് പകരം വെക്കാൻ ഒന്നുമില്ല...
എപ്പോൾ നാട്ടിൽ പോയാലും വീട്ടിലെ എന്തെങ്കിലും പണി ബാക്കികാണും...
പെയിന്റിങ്ങോ, ജനലിന് കർട്ടനിടാനോ, ചുമര് തേക്കാൻ ബാക്കിവെച്ചത് തീർക്കാനോ ഒക്കെ കാണുംഅതും ഒരു സന്തോഷമാണ് ഞങ്ങൾക്ക്...
വല്ലപ്പോഴെങ്കിലും മക്കൾക്ക് ബൈക്കിൽ സ്കൂളിലേക്ക് പോണം....
പിന്നെ വിരുന്നും ടൂറും കല്യാണങ്ങളും ഒക്കെയായി ലീവ് തീരുന്നതേ അറിയില്ല...!!!
തിരിച്ച് പോകാൻ രണ്ട്മൂന്ന് ദിവസം ഉള്ളപ്പോഴെ അവളെ കളിയും ചരിയുമൊക്കെ മാഞ്ഞുപോയികാണും...
അവസാനം അവളുടെയും കുട്ടികളുടെയും വീട്ടുകാരുടെയും കണ്ണീരിന് നടുവിലൂടെ ഹൃദയത്തിൽ കൊളുത്തിട്ട് വലിക്കുന്ന വേദനയുണ്ടെങ്കിലും അത് പുറത്ത് കാണിക്കാതെ യാത്ര പറഞ്ഞിറങ്ങുമ്പോൾ...
നിറഞ്ഞ കണ്ണും പിടയ്ക്കുന്ന മനസ്സുമായി പ്രാർത്ഥനയോടെ അവളും കാത്തിരിക്കും ഇനിയുമൊരു തിരിച്ചു വരവിന് കാതോർത്ത്...!!!!!!!

By sameer arackal

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo