Showing posts with label VeenaBinoop. Show all posts
Showing posts with label VeenaBinoop. Show all posts

മധുരിക്കും ഓർമ്മകളെ

Image may contain: 2 people, people smiling, closeup

ഒരുപാട് ഓർമ്മകൾ
ബാക്കിയാക്കിയിട്ടാണ് മധുരമുളള ബാല്യം കടന്നു പോയത്.ജീവിതത്തിലെ സുവർണ്ണ
കാലഘട്ടം,എന്ന് വിശേഷിപ്പിക്കാനാണ്എനിക്കിഷ്ടം.കമ്പ്യൂട്ടറും മൊബൈലും
തരംഗമല്ലാത്തതിനാലാവണം എന്റെ ഓർമ്മകൾ വീടിനുചുറ്റുമുളള തൊടിയിലും
പാടത്തുമൊക്കെയായിട്ടങ്ങനെ പരന്നു കിടക്കുന്നത്....
അനിയനെ നേരത്തേ ഞാൻ പരിചയപ്പെടുത്തിയിരുന്നു.ഇന്നെനിക്ക്
പറയാനുളളത് എന്റെ അനിയത്തിയെ കുറിച്ചാണ്.ഒരു അനിയത്തിക്ക് ഉണ്ടായി
രിക്കേണ്ട എല്ലാ കുറുമ്പും തികഞ്ഞ ഒരു കൊച്ചു സുന്ദരി...ഇന്നും..സന്തോഷത്തോടെ
ഞാൻ പറയുന്നു...സുന്ദരിയാണെന്റെ അനിയത്തി....
ഞങ്ങളുടെ ബാല്യത്തെക്കുറിച്ച് പറയുമ്പോൾ ഒഴിച്ചുകൂടാനാവാത്ത മറ്റൊ-
രാൾ കൂടിയുണ്ട്.ഓർമ്മവെച്ച കാലം മുതൽ ഒരു കൂട്ടുകാരിയെപ്പോലെ ഞങ്ങളോടൊപ്പം ഉളള,എന്നേക്കാൾ ഏഴ് വയസ്സ് മാത്രം പ്രായ
ക്കൂടുതലുളള എന്റെ അച്ഛൻപെങ്ങൾ.
'ആന്റിക്കുട്ടൻ' എന്നാ ഞങ്ങൾ വിളിക്കുന്നത്.ആളൊരു പരിഷ്ക്കാരിയാ..
'അമ്മായി' വിളിയൊന്നും ഇഷ്ടപ്പെടില്ല.
അപ്പൊ.... കാര്യങ്ങളിങ്ങനെയൊ ക്കെയാണ്...എവിടെയും ഞങ്ങളൊന്നിച്ചേ
പോകൂ.പാടത്ത് പുല്ലറുക്കാനും ,ആടിനെ പുല്ലു തീറ്റിക്കാനും..എല്ലാം...ഞങ്ങളുടെ
കൂടെ എല്ലായിടത്തും വരുമെങ്കിലും,എന്റെ അനിയത്തി ,ആന്റിയേക്കാൾ പരിഷ്ക്കാരി
യായതുകൊണ്ടും , കൂട്ടത്തിൽ ചെറുതായതുകൊണ്ടും ,കൂടെ വരുന്നതല്ലാതെ പണിയെടുക്കാനൊന്നും
ആളെക്കിട്ടില്ല...വിശ്രമവേളകൾ ആനന്ദകരമാക്കാൻ അവൾചെയ്തിരുന്നത് എന്താണെന്നറിയേണ്ടേ....കവിത.......
നിമിഷ കവി എന്ന് ഞങ്ങൾ പേരിടുകയും
ചെയ്തു....
ഒരു കണ്ടത്തിൽ നിറയെ മരച്ചീനി
കൃഷിയായിരുന്നു , അന്ന്..വളർന്നു നിൽക്കുന്ന കപ്പത്തൈകൾ കണ്ടപ്പോൾ
അവളിലെ കവയിത്രി ഉണർന്നു...
"കപ്പത്തോട്ടത്തിൽ എന്റെ സാമ്രാജ്യം വാഴ്ത്തീ"
ആഹാ...എത്ര മനോഹരമായ വരികൾ....
അതും പാടി വന്ന് നേരെ ഒരു കുഴിയിലേയ്ക്ക്....ജാള്യത മറയ്ക്കാൻ
അതാ അടുത്ത കവിത....
" സീത വീണ കുഴിയേത്
രാമൻ തംബുരു മീട്ടിയ
നാടേത്....."
അനർഗ്ഗള നിർഗ്ഗളമായി ഒഴുകുന്ന വരികൾ...
അബുദാബിയിൽ ഭർത്താവിനോടും
കുഞ്ഞിനോടുമൊപ്പം സ്ഥിരതാമസക്കാരി
യായ അവളിപ്പോഴും ഒരു കൊച്ചു പരിഷ്ക്കാരി തന്നെ.ഈ നല്ല ഓർമ്മ പങ്കു
വെയ്ക്കുന്നതോടെ പാവം എന്റെ കാര്യത്തിൽ ഒരു തീരുമാനമാകും...
പക്ഷേ,ഒരു കാര്യം തീർച്ച...ഇത് വായിക്കുമ്പൊ....അവർ രണ്ടു പേരും
ഞങ്ങളുടെ ആ പഴയ കാലം ഓർക്കും.
ആ വരികൾ ഈണത്തിൽ ചൊല്ലും...
മായാത്ത മധുരമുളള ഓർമ്മകളുമായി...
വീണ്ടും വരാമെന്ന പ്രതീക്ഷയോടെ....
വീണ ബിനൂപ്.

മയിൽപ്പീലി..

മയിൽപ്പീലി..
~~~~~~~~~
മനസ്സിന്റെ മണിച്ചെപ്പിനുളളിൽ
മാനം കാണാതെ
ഞാൻ കാത്തുവെച്ച
ഒരു മയിപ്പീലിത്തുണ്ടുണ്ട്.....
യുഗങ്ങൾക്ക് മുൻപ്
അനശ്വരമായ ഒരു പ്രണയത്തിന്
സാക്ഷിയായതിനാലാവണം
ഞാൻ നിന്നെ കാത്തു വെച്ചത്..
കണ്ണന്റെ നൊമ്പരമറിഞ്ഞ നിനക്ക്
പ്രണയം കൊണ്ട് നീറുന്ന
മനസ്സിനെ മറ്റാരേക്കാളും
വായിക്കാനാകും...
പുസ്തകത്താളുകൾക്കിടയിൽ
നിന്നോടൊപ്പം
വർഷങ്ങളായി ഞാൻ കാത്തുവെച്ച,
എന്റെ പ്രിയന്റെ
കൈയെഴുത്തു പതിഞ്ഞ
താളുകളിൽ നിന്ന്..
നിനക്ക്
മറ്റൊരു അനശ്വര പ്രണയത്തിന്
സാക്ഷിയാകാം...
ആ വരികൾക്കിടയിലുണ്ട്....
അവന്റെ പ്രണയം.....
മുഴുവനായും....
വർഷങ്ങൾക്കിപ്പുറം,
നീയാ വരികൾക്കിടയിൽ
പുസ്തകത്താളുകൾക്കു നടുവിൽ
മയങ്ങുമ്പോൾ...
പൂത്തുതളിർത്ത
കാതരമാമെൻ പ്രണയത്തിൻ മാറിൽ
തലചായ്ച്
ഞാൻ യാത്ര തുടരുകയാണ്...
ജീവിതമാകുന്ന യാത്ര...
സമർപ്പണം:
പ്രണയത്തെ നീറുന്ന വേദനയായി
എന്നിലവശേഷിപ്പിക്കാതെ
കൂടെ കൂട്ടിയ കമലനയനന്...
കടപ്പാട്:
എന്റെ പ്രണയം ഒരു
യാഥാർഥ്യമാക്കിയ
അച്ഛനമ്മമാരോട്.
പ്രണയത്തെ വിജയകരമായി ജീവിതത്തിലേയ്ക്കെത്തിക്കാൻ
കൂടെ നിന്ന കൂട്ടുകാരോട്.....

വീണ ബിനൂപ്.

ഐസുകാരൻ

ഐസുകാരൻ😊
_________________
ന്യൂ ജനറേഷൻ തലമുറയ്ക്ക് ഒരുപരിധി വരെ അന്യമായ ഒരു കാഴ്ചയാണ് സൈക്കിളിന് പിന്നിൽ വലിയ പെട്ടിയും വെച്ച് മണിയടിച്ചുകൊണ്ട് വരുന്ന ഐസുകാരൻ....എന്റെ ബാല്യ കാലത്ത്
ഒരു പക്ഷേ ഞങ്ങൾ കുട്ടികൾ ഐസുകാരൻ ചേട്ടനു വേണ്ടിയല്ലാതെ മറ്റാർക്കു വേണ്ടിയും കണ്ണിമവെട്ടാതെ കാത്തിരുന്നിട്ടുണ്ടാകില്ല.....
റോഡിൽ നിന്നും കുറച്ച് അകലെയാണെന്റെ വീട്.പതിനൊന്ന് അംഗങ്ങളുളള ഒരു വലിയ കുടുംബം.നല്ലച്ഛൻ(The Great Grandfather)
ആണ് ആ വലിയ കുടുംബത്തെ സ്വരുമയോടെ നയിക്കുന്നത്.
എനിക്ക് അന്ന് പതിമൂന്ന് വയസ്സ് പ്രായമുണ്ടാകും.എനിക്ക് ഒരു അനിയത്തിയും അനിയനും ഉണ്ട്.എന്നേക്കാൾ പത്ത് വയസ്സിന് ഇളയതാണ് എന്റെ അനിയൻ.കുസൃതി
നിറഞ്ഞ എന്നാൽ നിഷ്ക്കളങ്കമായ അവന്റെ മുഖം ഇന്നും സ്നേഹത്തോടെ ഞാൻ ഓർക്കുന്നു....
പതിവു പോലെ ഒരു അവധി ദിവസം ഞങ്ങൾകാത്തിരിക്കുകയാണ്...
ഞങ്ങൾക്ക് പ്രിയ്യപ്പെട്ട...,അമ്മയുടെ ഭാഷയിൽ തോട്ടിലെ അഴുക്കു വെളളം കൊണ്ട് മധുരമുളള ഐസുണ്ടാക്കുന്ന ഞങ്ങളുടെ ഹീറോയ്ക്ക് വേണ്ടി...അതാ കേൾക്കുന്നു ഞങ്ങൾ കാത്തിരുന്ന ശബ്ദം...ടിം...ടിം..
ഉമ്മറത്ത് പത്രം വായിച്ചിരുന്ന നല്ലച്ഛനോട്
പാവം എന്റെ അനിയൻ അപേക്ഷാ രീതിയിൽ ചോദിച്ചു...
നല്ലച്ഛാ...ഒരു ഐസ് വാങ്ങി തര്വോ?
എന്നത്തേയും പോലെ പതിവു മറുപടി...
"വേണ്ട..വേണ്ട...അതൊന്നും വാങ്ങിത്തിന്നാൻ കൊളളില്ല.കണ്ട അഴുക്കു വെളളത്തിലൊക്കെ ഉണ്ടാക്കുന്നതാ..."
എന്നിട്ട് ഞങ്ങൾക്ക് മാത്രം കേൾക്കാൻ ഉച്ചത്തിൽ ഐസുകാരനോട്....
"അവന്റെ ഒരു മണിയടി.വെറുതെ കുഞ്ഞുങ്ങളെ പറ്റിക്കാൻ..വേഗം പോടോ..
ഇവിടെക്കിടന്ന് ബഹളമുണ്ടാക്കാതെ..."
ഞാനും അനിയത്തിയും, ഉണ്ടായ വിഷമം ഉളളിലൊതുക്കി.പക്ഷേ,നിഷ്ക്കളങ്കനായ എന്റെ അനിയൻ എല്ലാവരും കേൾക്കേ ഉറക്കെ പ്രാർത്ഥിച്ചു....
"ദൈവമേ...അടുത്ത ജന്മത്തിൽ ആ ഐസുകാരനെ എന്റെ നല്ലച്ഛനാക്കണേ...."
പിന്നെ ചിരിയുടെ മണിനാദമായിരുന്നു വീട് നിറയെ.....
വീണ ബിനൂപ്.

നല്ലച്ഛൻ..(The Great Grandfather)

നല്ലച്ഛൻ..(The Great Grandfather)
__________________________________
നല്ലച്ഛൻ....പേരിനെ അന്വർത്ഥമാക്കുന്ന
കാലത്തിനുപോലും ഓർമ്മകളിൽ നിന്നും
മായ്ക്കാനാവാത്ത എന്റെ മനസ്സിലെ കെടാവിളക്ക്...ഇനി ഒരിക്കലും തിരികെ വരില്ലെന്നറിഞ്ഞിട്ടും വിശ്വസിക്കാനാവാത്ത
ഒരു തീരാ നഷ്ടമാണ് നല്ലച്ഛൻ...യാഥാർത്ഥ്യെത്ത അംഗീകരിക്കാൻ തയ്യാറാവാത്ത മനസ്സും
മിഴിയും ഇന്നും തിരയുകയാണ്...ഉമ്മറത്തെ
ചാരുകസേരയിൽ...പാടവരമ്പത്ത്....അങ്ങനെ എവിടെയൊക്കയോ...ആ തിരച്ചിലിനുളള ഉത്തരം,കവിളിലൂടെ ചാലിട്ടൊഴുകുന്ന കണ്ണുനീരാണ്...
ജീവിതം കല്ലും മുളളും നിറഞ്ഞ പാതയിലൂടെയാണെന്ന് തിരിച്ചറിഞ്ഞ്,
സമ്പത്തിന്റെ മടിയിൽ മയങ്ങാതെ,
അദ്ധ്വാനത്തിന്റെ മഹത്വം എന്നിലേക്ക്
പകർന്നു തന്ന അവസാന ശ്വാസം വരെ വിശ്രമമില്ലാത്ത ജീവിതം നയിച്ച മഹാത്മാവ്...കർഷകന്റെ ആത്മാവ് കൃഷിയിടത്തിലാണെന്ന് ഞാൻ പഠിച്ചത് അവിടെ നിന്നാണ്.
കൊയ്യാനും,മെതിക്കാനും,ഞാറു നടാനും,ഓരോ കതിരും കർഷകന്റെ അദ്ധ്വാനമാണെന്നു പറഞ്ഞ് ,ഉതിർന്നു
വീണ കതിർ മണികൾ പെറുക്കിയെടുക്കാനും...കപ്പ നടാനും ,പയറ്
നടാനും ,പുല്ലറുക്കാനും......അങ്ങനെ... പുതിയ തലമുറയ്ക്ക് അറിയാത്ത വിലപ്പെട്ട
പലതും എനിയ്ക്കു പകർന്നു തന്ന നല്ലച്ഛൻ.
സ്നേഹിക്കാൻ മാത്രം അറിയാമായിരുന്ന
നല്ലച്ഛൻ........
എല്ലാറ്റിനുമൊടുവിൽ മരണത്തിലേയ്ക്കാണെന്നറിയാതെ,
ട്രെയിൻ കയറ്റി വിട്ടപ്പോൾ,അറിയാതെയാണെങ്കിലും
എന്റെ മനസ്സ് മന്ത്രിച്ചിരുന്നു...നീറുന്ന
ഒരു വേദനയോടെ...വിവാഹം കഴിഞ്ഞില്ലായിരുന്നെങ്കിൽ..ആ യാത്രയിൽ
ഒരു പക്ഷേ,കൂട്ടായ് എന്നേയും കൂട്ടുമായിരുന്നു...എന്ന്...
ഹൃദയബന്ധങ്ങളുടെ വിലയറിയാത്ത...
സാഹോദര്യത്തിന്റെ മഹത്വമറിയാത്ത
കാപട്യം നിറഞ്ഞ ഒരു ലോകത്തായിരുന്നു
നമ്മളെന്ന് പഠിപ്പിക്കാൻ മരണമെന്ന
യാഥാർത്ഥ്യത്തിലേയ്ക്ക് നടന്നു നീങ്ങിയ
സ്നേഹ നിധി.....
സാഹോദര്യത്തേക്കാൾ, പണത്തിനു വിലയിട്ട പൂർവ്വീകരേ....മൺമറഞ്ഞ ആത്മാവിന്റെ ശാപാഗ്നിയിൽ എരിഞ്ഞു തീരാതിരിക്കാൻ...നിങ്ങൾക്കു വേണ്ടിയും
ഞാൻ പ്രാർത്ഥിക്കും..
കാരണം,
'നശ്വരമായ ഈ ലോകത്ത്
ശാശ്വതമായത് സ്നേഹം മാത്രമാണ് '
എന്ന് എന്നെ പഠിപ്പിച്ചത് എന്റെ നല്ലച്ഛനാണ്.
താൻ സ്നേഹിക്കുന്ന,തന്നെ സ്നേഹിക്കുന്ന ഏല്ലാവരും തനിക്കു ചുറ്റും
വേണമെന്ന് ആഗ്രഹിച്ച ആ വലിയ മനസ്സിന്റെ മുന്നിൽ...
കണ്ണീർപ്പൂക്കൾ കൊണ്ട് പ്രണാമം അർപ്പിക്കുന്നു....


VeenaBinoop, 

ഉറക്കം വരാത്ത ഒരു രാത്രിയുടെ സൃഷ്ടി.

Image may contain: 2 people, people smiling, closeup

രാത്രിയുടെ നിശബ്ദതയെ എനിക്ക്
ഭയമാണ്.......
എന്നിട്ടും...ഇന്നുഞാനുണർന്നിരിക്കുന്നു.
കണ്ണടയ്ക്കുമ്പോൾ ഇരുട്ടാണ്.....
എനിക്കാ ഇരുട്ടിനേയും ഭയമാണ്.
നിശബ്ദതയെ,ഇരുട്ടിനെ..പേടിയില്ലാത്ത
എന്റെ മനസ്സിനെയിന്നെവിടെയോ
കളഞ്ഞുപോയി...
പ്രണയത്തിന്റെ പാരമ്യതയിൽ
ഞാൻ ഇരുട്ടിലായിരുന്നു.
അന്നു ഞാനായിരുട്ടിനെ
എന്റെ നെഞ്ചോടുചേർത്ത് ലാളിച്ചു..
ഇരുട്ടിൽ കനൽക്കട്ടപോലെ ജ്വലിച്ച
എന്റെ പ്രണയമിന്ന് ഞാൻ
വെളിച്ചത്തു കണ്ടു..
അതിന് കരിക്കട്ടയുടെ തിളക്കമായിരുന്നു.
'തീയാറിയ വെളിച്ചം കെട്ടുപോയ കരിക്കട്ട'
അതാണിന്നെന്റെ പ്രണയം.
എന്നോടു തന്നെ ചോദിച്ചു ഞാൻ
"ഇതു നേടുവാനോ നീ നഷ്ടപ്പെടുത്തി
ദൈവം നിനക്കായ് തീർത്ത ഏദൻതോട്ടം".
ഏദൻ തോട്ടത്തേക്കാൾ വലുതായിരുന്നു
എനിക്ക് നിന്റെ സ്നേഹം.
ഇന്ന് ഈ നിമിഷത്തിലും
ഞാൻ നിന്നെ സ്നേഹിക്കുന്നു.
എന്റെ സ്നേഹം കാണാൻ...
എന്നെയറിയാൻ നിനക്കാവുന്നില്ലല്ലോ...
എന്റെ നഷ്ടങ്ങളുടെ പട്ടികയിൽ
നിന്റെ സ്നേഹവും....
നഷ്ടപ്പെട്ട സ്നേഹം..എന്നും....
മധുരമുളള ഒരു വേദനയാണ്...
വേദനയിലും മധുരം പകരാൻ
വിരഹത്തിനേ കഴിയൂ...
വിരഹത്തിനു മാത്രം...
വീണ ബിനൂപ്

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo