Showing posts with label AmbaMills. Show all posts
Showing posts with label AmbaMills. Show all posts

അംബാ മിൽസ് - Part 15 (Final Part)

Final Part:-
അലക്സിന്റെ കോലം കണ്ട് ദേവി ഒരു നിമിഷം സ്തബ്ധയായി നിന്നു!കുറച്ച് നേരം അവനെ തന്നെ നോക്കി നിന്നിട്ട് ഒന്നും മിണ്ടാതെ കരഞ്ഞുകൊണ്ട് അകത്തേക്ക് കയറിപ്പോയി.
വെളിയിൽ നിൽക്കുന്ന  അലക്സിനെ  കണ്ട് രാഗേഷും  ഒന്ന് അമ്പരന്നു.പാറിപ്പറന്ന മുടിയും ഷേവ്  ചെയ്യാത്ത കുറ്റിത്താടിയും അലസമായ വസ്ത്രധാരണവും എല്ലാംകൊണ്ടും പ്രാകൃതമായിരുന്നു അവന്റെ കോലം.
"വാ കയറി ഇരിക്ക്.."രാഗേഷ് ക്ഷണിച്ചു.
അലക്സ്   അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.
"മമ്മിക്ക് എങ്ങനെ ഉണ്ട്?ഹോസ്പിറ്റലിൽ നിന്ന് കൊണ്ടുവന്നോ?"സോഫയിൽ ഇരുന്നുകൊണ്ട് രാഗേഷ് ചോദിച്ചു.
"ഇന്നലെ വന്നു..വലിയ മാറ്റമൊന്നുമില്ല...അല്ലെങ്കിലും മരുന്നുകൾക്ക് ശരീരത്തിന്റെ വേദനയല്ലേ  കുറയ്ക്കാൻ പറ്റു..വിശ്വാസ വഞ്ചന കൊണ്ട് മുറിവേറ്റ മനസ്സിനെ സുഖപ്പെടുത്താൻ  പ്രത്യേകിച്ച് മരുന്നൊന്നുമില്ലല്ലോ.."അലക്സ് വേദനയോടെ ഒന്ന് ചിരിച്ചു.
രാഗേഷ് അവനെ വിഷമത്തോടെ നോക്കി ഇരുന്നു.
"അലക്സ് ഇനിയും കഴിഞ്ഞതൊക്കെ ഓർത്ത് ജീവിതം നശിപ്പിക്കാൻ പോവാണോ ?" രാഗേഷ് ചോദിച്ചു.
"ഒന്നും എനിക്ക്  മറക്കാൻ പറ്റുന്നില്ല രാഗേഷ്..ശ്രമിക്കുന്നുണ്ട്.പക്ഷെ പറ്റുന്നില്ല.."അലക്സ് പറഞ്ഞു.
"മറക്കണം.എല്ലാം മറന്നേ പറ്റു ..അലക്സ് കാണുന്നതിനും അറിയുന്നതിനും മുൻപേ ഞാൻ  കണ്ട് തുടങ്ങിയതാണ് എന്റെ രാഖിയെ.എന്നിട്ടും അവൾ ഇന്ന്  ഈ ഭൂമിയിൽ ഇല്ല എന്ന സത്യം ഞാൻ ഉൾക്കൊണ്ടില്ലെ?..ഞാൻ അവളെ മറന്നുവെന്നല്ല  അതിന്റെ അർഥം.അവളുടെ ഓർമ്മകൾ എല്ലാം ഇന്നും എന്റെ കൂടെ തന്നെ  ഉണ്ട്.അതേപോലെ അലക്‌സും ചിലതെല്ലാം മറക്കണം..എന്നിട്ട് ലൈഫിൽ മൂവ് ഓൺ ചെയ്യണം..തിരികെ വരില്ല എന്ന് ഉറപ്പുള്ള ഒരാൾക്ക് വേണ്ടി ജീവിതം പാഴാക്കരുത് അലക്സ്..യു ഹാവ് ടു  ലെറ്റ് ഹെർ ഗോ.. രാഖിയുടെ ആത്മാവും  അത് തന്നെ ആവില്ലേ ആഗ്രഹിക്കുന്നത് .."രാഗേഷ് പറഞ്ഞത് അലക്സ് കേട്ടിരുന്നു..
"നിങ്ങൾ എങ്ങനെയാ ദേവിയെ മെക്സിക്കോയിൽ നിന്നും ഇന്ത്യയിൽ എത്തിച്ചത്? സാധാരണ ഫ്ലൈറ്റിൽ പറ്റില്ല എന്നറിയാം കാരണം ഇൻജെക്ഷൻ കൊടുത്ത് നിങ്ങൾ അവളെ അൺകോൺഷ്യസ് ആക്കിയിരുന്നുവല്ലോ...അങ്ങനെ ഒരു അവസ്ഥയിൽ ആരെയും ഫ്ലൈറ്റിൽ കയറ്റില്ലല്ലോ.."രാഗേഷ് സംശയം ചോദിച്ചു.
"അത്..പപ്പയുടെ ഒരു ഫ്രണ്ട് ഉണ്ട്..ഒരു ബിസിനസ് ടൈക്കൂൺ..പുള്ളിക്ക് ഒരു പ്രൈവറ്റ് ജെറ്റ് ഉണ്ട്..പപ്പയെ  അറിയിക്കാതെ ഞാൻ  പുള്ളിയോട് കാര്യം പറഞ്ഞു.അതിലാ ദേവിയെ കൊണ്ടുവന്നത്.."അലക്സ് മടിച്ച് മടിച്ച് പറഞ്ഞു.
"പിന്നെ ന്യൂസ് വായിച്ചല്ലോ  അല്ലെ?"രാഗേഷ് ചോദിച്ചത് കേട്ട് അലക്സ്  ക്രൂരമായി ചിരിച്ചു.
"ശിവ  ഇതിൽ ഇൻവോൾവ്ഡ് ആണെന്ന് പറഞ്ഞിരുന്നെങ്കിൽ ഗിരിധർ എന്ത് വിലകൊടുത്തും മകൻ   എവിടെയെന്ന് കണ്ടുപിടിച്ച് അവനെ  രക്ഷിക്കാൻ നോക്കിയേനേം..അതുകൊണ്ടാണ് അന്ന് അവിടെ എല്ലാവരോടും അവൻ ഗോവയിലേക്ക് പോയി എന്നും പിന്നെ ദേവിയെ കൊണ്ട് ഉദയൻ  മാത്രമേ അന്ന് അംബാ മിൽസിൽ രാഖിക്കായി കാത്തിരുന്നുള്ളുവെന്നും കള്ളം  പറയിച്ചത്.അവനും ഉദയനും   ഉള്ള ശിക്ഷ എനിക്ക് തന്നെ നടപ്പാക്കണമായിരുന്നു  ."അലക്സ് പകയോടെ പറഞ്ഞു.രാഗേഷും അത് ശരി വെക്കുന്ന മട്ടിൽ തലയാട്ടി.
"ആരായിരുന്നു ആ സ്ത്രീയും ഒരു പെൺകുട്ടിയും വെളിയിൽ ..?"അലക്സ് ചോദിച്ചു.
"അതോ..ആ രണ്ട് ജന്മങ്ങളെ സംരക്ഷിക്കാൻ  വേണ്ടിയാണ് ദേവി റോബിന്റെ ഭീഷണി ഭയന്ന് വിദേശത്തേക്ക്  മുങ്ങിയത്.."രാഗേഷ് പറഞ്ഞു.അലക്സിന് മനസ്സിലായില്ല.
"അനാഥ ആണെന്നല്ലേ ദേവി പറഞ്ഞത്..അപ്പോ  ഇതാരാ..?"അലക്സ് ചോദിച്ചു.
"അത് ദേവിയുടെ സ്റ്റെപ് മദർ ആണ്.ദേവിയുടെ അമ്മ അവളുടെ ചെറുപ്പത്തിലേ അസുഖം വന്ന് മരിച്ചതാണ്..പിന്നീട് ദേവിയുടെ അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചതാണ് ആ സ്ത്രീയെ..അവരുടെ പേര് സുധ.ആ കുട്ടി ദേവിയുടെ ഹാഫ് സിസ്റ്റർ ആണ്..ചിന്നു..ഷി ഈസ് എ സ്പെഷ്യൽ കിഡ്...ദേവിക്ക് അവരെ ജീവനായിരുന്നു.പക്ഷെ ആ സ്ത്രീക്ക് തന്റെ മകൾക്ക് കിട്ടേണ്ട സ്വത്ത് പങ്കിട്ട്  പോവേണ്ടി വരുമല്ലോ എന്ന ഭയമായിരുന്നു.ദേവിയോടുള്ള  വെറുപ്പും കുത്തുവാക്കുകളും ദിവസേന കൂടി വന്നപ്പോൾ ദേവിയുടെ അച്ഛൻ തന്നെ ആണ് അവളെ ഞങ്ങളുടെ വീട്ടിൽ കൊണ്ടാക്കിയത്.എന്റെ അച്ഛനും ദേവിയുടെ അച്ഛനും ഫ്രണ്ട്സ് ആണ്. അന്ന് അലക്സിന്റെ അച്ഛൻ ദേവിയെ കൊല്ലാൻ  പറഞ്ഞുവിട്ടതാണല്ലോ.പക്ഷെ റോബിന് ദേവിയോട് പ്രണയമായിരുന്നുവല്ലോ .അവൾ  മരിച്ചെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാനായിരുന്നല്ലോ   ദേവി ഇന്ത്യ  വിട്ട് വേറൊരു രാജ്യത്ത്  പുതിയൊരു ഐഡന്റിറ്റിയിൽ താമസിക്കണമെന്ന് അവൻ നിർബന്ധം പിടിച്ചത്.പക്ഷെ ദേവി സമ്മതിക്കുന്നിലെന്ന്  കണ്ടപ്പോൾ റോബിൻ സുധയെയും മകളെയും  കൊന്നുകളയുമെന്ന് പറഞ്ഞായിരുന്നു  ദേവിയെ ഭീഷണിപ്പെടുത്തിയത് .അങ്ങനെ ഗത്യന്തരമില്ലാതെ ദേവി സമ്മതിച്ചു..അവൾ ഉപയോഗിച്ചിരുന്ന ഫോണും റോബിൻ കൈവശപ്പെടുത്തി.അതിലായിരുന്നുവല്ലോ അലക്സിന്റെ പപ്പയും ഗിരിധറും ഒക്കെ കൂടി ചേർന്ന് സത്യരാജിനെ കൊല്ലുന്ന വീഡിയോ അവൾ ഷൂട്ട് ചെയ്തത്."രാഗേഷ് പറഞ്ഞു.എന്തെല്ലാം  രീതിയിൽ ദ്രോഹിച്ചിട്ടും ദേവിയുടെ മൗനത്തിനു പിന്നിൽ  ഇങ്ങനെ ഒരു കാരണം ആയിരിക്കുമെന്ന് അലക്സ്  സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.
"രാഗേഷിന് എങ്ങനെയാ മിനി മിസ്സിനെ പരിചയം?അന്ന് അവരെ അവിടെ കൊണ്ടുവന്നത് രാഗേഷ് ആയിരുന്നല്ലോ..അവർക്ക് സത്യങ്ങൾ എല്ലാം അറിയാമായിരുന്നു എന്ന് രാഗേഷിന് എങ്ങനെ മനസ്സിലായി?"അലക്സ് ചോദിച്ചു.
" നിങ്ങളുടെ തടവിൽ ആയിരുന്ന ദേവിയെ ഞാൻ കാണാൻ  വന്നപ്പോൾ അവൾ എന്റെ ഫോണിൽ രണ്ട് അഡ്രസ് ടൈപ്പ് ചെയ്ത് തന്നു.ഒന്ന് മിനി മിസ്സിന്റെ.പിന്നെ ഈ സുധയുടെ.മിനി മിസ്സിന് കാര്യങ്ങൾ എല്ലാം അറിയാമെന്നും അവരുടെ കൈയിൽ അതിനുള്ള തെളിവ് ഉണ്ടെന്നും അവരുടെ കുഞ്ഞിനെ സേഫ് ആയ ഒരു സ്ഥലത്ത് ആക്കിയിട്ട്  മിനി മിസ്സിനെ നിങ്ങളുടെ അടുത്തേക്ക് കൊണ്ടുവരണം എന്നുമായിരുന്നു അവൾ എഴുതിയത്.അതുപോലെ സുധയെയും ചിന്നുവിനെയും സേഫ് ആയ ഒരു സ്ഥലത്തേക്ക് മാറ്റണം എന്നും അവൾ എഴുതിയിരുന്നു. കാരണം സത്യങ്ങൾ തുറന്ന് പറയുമ്പോൾ റോബിനോ ശിവയോ ആരെങ്കിലും വഴി  അവരെ എല്ലാം   അപായപ്പെടുത്താൻ നോക്കുമോ എന്നായിരുന്നു അവളുടെ  പേടി.അന്ന് റൂമിൽ നിങ്ങൾ എന്തെങ്കിലും ബഗ്ഗിങ് ഡിവൈസ് വെച്ചിട്ടുണ്ടോ എന്ന് ഭയന്നായിരുന്നു ദേവി  എന്നോട് ഒന്നും സംസാരിക്കാതെ എന്റെ ഫോണിൽ എല്ലാം ടൈപ്പ് ചെയ്തത്.അവരെ എല്ലാം കണ്ടുപിടിക്കാൻ ആയിരുന്നു ഒരു ഫ്രണ്ടിന്റെ വീട്ടിൽ പോകുന്നു എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്.തമിഴ് നാട്ടിൽ മിനി മിസ് താമസിച്ചിരുന്ന സ്ഥലത്ത് ചെന്നപ്പോ സത്യരാജ് സാർ മരിച്ചതിന് ശേഷം  അവർ  വീടൊഴിഞ്ഞു എന്നറിയാൻ കഴിഞ്ഞു.പിന്നെ ആ വീട്ടുടമസ്ഥയുടെ കൈയിൽ മിനി മിസ്സിന്റെ കേരളത്തിലെ  അഡ്രസ് ഉണ്ടായിരുന്നു.അങ്ങനെ അവരെ തപ്പി ചെന്ന് കാര്യങ്ങളെല്ലാം പറഞ്ഞു.അവർ മുരുഗന്റെ  ഫോൺ എനിക്ക് തന്നു.ഞാൻ ആ വീഡിയോ എന്റെ ഫോണിൽ സേവ് ചെയ്തു. അവരുടെ കുഞ്ഞിനെ എനിക്കറിയാവുന്ന സേഫ് ആയ ഒരു സ്ഥലത്തേക്ക് മാറ്റിയതിൽ പിന്നെ ആണ് അവർ എന്റെ കൂടെ നിങ്ങളുടെ അടുത്തേക്ക് വരാമെന്ന് സമ്മതിച്ചത്.അതുപോലെ ഞാൻ ഈ സുധയെയും മകളെയും സേഫ് കസ്റ്റഡിയിൽ ആക്കാൻ വേണ്ടി അവരെ കാണാൻ ചെന്നു.കാര്യങ്ങൾ എല്ലാം അവരോട് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ  ആദ്യത്തെ ചോദ്യം ‘ദേവി ചത്തില്ലേ?’  എന്നായിരുന്നു.പിന്നീട് എന്റെ കൂടെ വരണമെങ്കിൽ അവർക്ക് കുറച്ച് ക്യാഷ് കൊടുക്കണമെന്ന് പറഞ്ഞു.തമാശ നോക്കണേ..അവരുടെ ജീവൻ സംരക്ഷിക്കാനാണ് ഞാൻ അവരെ സേഫ് ആയിട്ട് ഒരു സ്ഥലത്തേക്ക് മാറ്റാൻ ചെന്നത്.അതിന് ഞാൻ അവർക്ക് കൂലി കൊടുക്കണമെന്ന്.. സമ്മതിക്കാതെ നിവർത്തിയില്ലായിരുന്നു.."രാഗേഷ് പറഞ്ഞു.
അലക്സ് എല്ലാം കേട്ട് തരിച്ചിരുന്നു! പാപഭാരത്താൽ അവന്റെ ഹൃദയം ചുട്ടുപൊള്ളി !
"ഒന്നുമറിയാതെ ഞാൻ എന്തൊക്കെയോ കാട്ടികൂട്ടി.."അലക്സ് കുറ്റബോധത്തോടെ പറഞ്ഞു.
"ദേവി..അവൾ എവിടെ..?"അലക്സ് ചോദിച്ചു.
പെട്ടെന്ന് അടുക്കളയിൽ ഒരു നിഴലനക്കം കണ്ടു..
"അകത്തുണ്ട്..ഞാൻ അവളെ കൊണ്ടുപോകുവാ അലക്സ്.."രാഗേഷ് പറഞ്ഞത് കേട്ട് അലക്സിന്റെ മുഖത്ത് അമ്പരപ്പും വിഷാദവും  നിറഞ്ഞു.
"അവൾക്കിവിടെ ആരാ ഉള്ളത്..ആരെ സംരകിഷക്കാനാണോ അവൾ ഇത്രനാളും കഷ്ട്ടപ്പെട്ടത് അവർക്ക് അവൾ എന്നും ഒരു അധികപ്പെറ്റാണ്..ഒരു പെങ്ങളെ എനിക്ക് നഷ്ട്ടപ്പെട്ടു.ഇനി ആകെ ഉള്ളത് ഇവളാ.."
ഇവളെയും എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ..ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം.എനിക്ക് ജീവനുള്ളിടത്തോളം കാലം എന്റെ രാഖിയുടെ സ്ഥാനത്ത്  ഞാൻ നോയ്‌ക്കോളാം .."രാഗേഷ് പറഞ്ഞു.
"ഞാൻ ..ഒന്ന് കണ്ടോട്ടെ ?"അലക്സ് മടിച്ച് ചോദിച്ചു.
"കിച്ചണിൽ ഉണ്ട്..പോയ് കണ്ടോളു.."രാഗേഷ് പറഞ്ഞു.
അലക്സ് ചെല്ലുമ്പോൾ ദേവി  അവിടെ വർക്ക് ഏരിയയിൽ കരഞ്ഞുകൊണ്ട് നിൽപ്പുണ്ടായിരുന്നു.തങ്ങളുടെ സംസാരം അവൾ കേട്ടുവെന്ന് അവന് മനസ്സിലായി.
രണ്ടുപേരും കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
അലക്സ് ദേവിയുടെ  അടുത്തേക്ക് നടന്ന് ചെല്ലുന്നത് കണ്ട് അവൾ ഒന്ന് പേടിച്ചു.
അവൾ പിന്നിലേക്ക് നീങ്ങി.
അലക്സ് വേഗം ചെന്ന് അവളുടെ കൈകളെടുത്ത്   കൂട്ടിപിടിച്ച് അതിൽ മുഖം പൂഴ്ത്തി  പൊട്ടിക്കരഞ്ഞു.
"സത്യങ്ങൾ അറിയാതെ ഞാൻ നിന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.ദിവസങ്ങളോളം ആ ഇരുട്ടറയ്ക്കുള്ളിൽ  പൂട്ടിയിട്ട്  മാനസികമായി ടോർച്ചർ ചെയ്തിട്ടുണ്ട്..പൊറുക്കാവാത്ത തെറ്റാണ് ഞാൻ ചെയ്തത്.ഒന്നും മനപ്പൂർവമായിരുന്നില്ല...എന്റെ രാഖിക്ക് നീതി കിട്ടാൻ വേണ്ടി ആയിരുന്നു ഞാൻ കാട്ടി കൂട്ടിയ പേക്കൂത്തുകൾ എല്ലാം....പക്ഷെ..എനിക്ക് തെറ്റി പോയി.."അലക്സ് പറഞ്ഞതുകേട്ട് ദേവി അവനെ തന്നെ നോക്കി നിന്നു.
"കൂടെ നിന്ന എല്ലാവരും എന്നെ ചതിച്ചു.എന്റെ പപ്പാ..ഞാൻ എന്റെ സ്വന്തം സഹോദരനെ പോലെ സ്നേഹിച്ച റോബിൻ..ശിവ എല്ലാവരും.. എന്റെ രാഖിയെ കൊന്ന് തള്ളിയിട്ട് ഒന്നുമറിയാത്ത പോലെ അവരെല്ലാം എന്റെ തോളിൽ കൈയിട്ട് ചിരിച്ച് കളിച്ച് നടന്നു.അവരെ എല്ലാം വിശ്വസിച്ച് ഒരു തെറ്റും ചെയ്യാത്ത നിന്നോട് ഞാൻ എന്ത് മാത്രം ക്രൂരത  കാട്ടി.പൊറുക്കണമെന്ന് ഞാൻ പറയുന്നില്ല.എനിക്കതിനുള്ള അർഹതയില്ല.പക്ഷെ എന്നെ ശപിക്കരുത്.."അലക്സ് വിതുമ്പി.അവളുടെ കൈക്കുമ്പിളിൽ അവന്റെ കണ്ണീര് വീണ് നനഞ്ഞു.എന്ത് ചെയ്യണമെന്നറിയാതെ അവൾ അങ്ങനെ തന്നെ നിന്നു.
കുറച്ച് കഴിഞ്ഞ് അലക്സ് തലയുയർത്തി ദേവിയെ  നോക്കി.അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു.
"ചോദിക്കാൻ അർഹത ഇല്ലെന്നറിയാം..പക്ഷെ ചോദിക്കാതെ പോയാൽ അതെന്റെ മാത്രം നഷ്ടമായിരിക്കും..അന്നത്തെ ആ ഇഷ്ടം ഇപ്പോഴും  മനസ്സിൽ ഉണ്ടെങ്കിൽ എന്നെ വിട്ട് പോവാതിരുന്നുകൂടെ?"അലക്സ് ചോദിച്ചത് കേട്ട് ദേവി വിശ്വാസം  വരാതെ അവനെ നോക്കി.
കേട്ടത് സത്യമാണോ എന്നറിയാതെ എന്ത് പറയണമെന്നറിയാതെ അവൾ അലക്സിനെ   നോക്കി നിന്നു .
"പപ്പ അവിടുന്ന് ഇറങ്ങിയ അന്ന് വീണതാ എന്റെ മമ്മി..എനിക്ക് ആരുമില്ലാത്തത്  പോലെ..ഞാൻ ഒറ്റപ്പെട്ട് പോവുന്നത്പോലെ..എന്റെ നിഴലിനെ പോലും വിശ്വസിക്കാൻ പേടിയാവുന്നു..എല്ലാം തകർന്ന അവസ്ഥയിൽ നിൽക്കുന്ന എന്നെ ഒന്ന് കര കയറാൻ സഹായിക്കാമോ?എന്നെ ഒന്ന് സ്നേഹിക്കാമോ?"അലക്സിന്റെ ‌ ചോദ്യവും അവന്റെ ദയനീയാവസ്ഥയും കണ്ട്  ദേവി പൊട്ടിക്കരഞ്ഞുകൊണ്ട്‌  അവനെ കെട്ടിപ്പിടിച്ചു.എന്നിട്ട് അവന്റെ മുഖത്ത് തുരു തുരെ ഉമ്മ വെച്ചു..അലക്സ് തന്റെ രണ്ടുകൈകളും കൊണ്ട് ഒരിക്കലും വിട്ടുകളയില്ലെന്ന പോലെ അവളെ മുറുകെ പൊതിഞ്ഞുപിടിച്ചു.എല്ലാം കണ്ടുകൊണ്ട് രാഗേഷ്  അടുക്കളയിൽ നിൽപ്പുണ്ടായിരുന്നു.അവൻ ഒഴുകിവന്ന കണ്ണുനീർ തുടച്ച് അവരെ നോക്കി ചിരിച്ചു.*****
കുറച്ച് വർഷങ്ങൾക്ക് ശേഷം...
സേക്രഡ് ഹാർട്ട് ഓർഫനേജ് എന്ന ബോർഡ് വെച്ചിരിക്കുന്ന ബിൽഡിങ്ങിന്റെ മുൻപിൽ ഒരു കാർ  വന്ന് നിന്നു.
അതിൽ നിന്നും ഒരു സ്ത്രീയും ഭർത്താവും ഇറങ്ങി.സ്ത്രീയുടെ കൈയിൽ ആറ്   മാസം പ്രായമായ ഒരു പെൺകുഞ്ഞ് ഉണ്ടായിരുന്നു. അത് രാഗേഷും ഭാര്യ വീണയും അവരുടെ മോൾ രാഖിയുമായിരുന്നു.അവരെ കണ്ടതും അകത്ത് നിന്നും ദേവി ഓടി അങ്ങോട്ടേക്ക് ചെന്നു.
"അപ്പച്ചീടെ  ചക്കരവാവേ.."ദേവി വീണയുടെ  കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി നെറ്റിയിൽ ഉമ്മ വെച്ചു.
രാഗേഷ് ആ ബിൽഡിംഗ് നോക്കി നിൽക്കുകയായിരുന്നു..പണ്ട് റോബിനും കൂട്ടരും തീ വെച്ച്  നശിപ്പിച്ച  ഓർഫനേജ്‌ അലക്സ് അതേ  മോഡലിൽ അതെ സ്ഥലത്ത് തന്നെ വീണ്ടും പണിതുയർത്തിയിരിക്കുന്നു. ഇന്ന് അവിടെ കുറെ അന്ദേവാസികളുണ്ട്. ദേവിയാണ് അതിന്റെ കാര്യങ്ങളൊക്കെ നോക്കി നടത്തുന്നത്..
"അകത്തേക്ക് വാ രാഗേഷേട്ടാ..വന്നേ വീണേച്ചി.."ദേവി വീണയുടെ കൈയിൽ പിടിച്ച് അവരെ  അകത്തേക്ക് കൂട്ടിക്കൊണ്ട് പോയി.ദേവിയുടെ മുറിയിൽ അവൾ ഇരിക്കുന്ന കസേരയുടെ തൊട്ട് മുകളിലായി  മാലയിട്ട്  രാഖിയുടെയും അലക്സിന്റെ മമ്മിയുടെയും  ഫോട്ടോ ഫ്രെയിം ചെയ്ത് വെച്ചിരുന്നു. അതിന് മുൻപിൽ ചെറിയൊരു വിളക്ക്  കത്തിച്ചുവെച്ചിരുന്നു.കൂടെ ഒരു റോസാപ്പൂവും..രാഗേഷ് ആ ഫോട്ടോസിലേക്ക്  മാറി മാറി  നോക്കി.
ദേവി കുഞ്ഞിനെ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു.
"നിന്റെ കെട്ടിയോനെന്തിയെടി?"രാഗേഷ് ചോദിച്ചു.
"ഇപ്പൊ വരും ..നിങ്ങള് വരുന്നെന്നറിഞ്ഞ് എന്തൊക്കെയോ മേടിക്കാൻ പോയിരിക്കുകയാ.."ദേവി പറഞ്ഞു.
"കാറിൽ കുറച്ച് സാധനകളുണ്ട്.ഇവിടുത്തെ പിള്ളേർക്ക് കൊണ്ടുവന്നതാ ..ആരെയെങ്കിലും വിട്ട് അതൊന്ന് എടുത്ത് വെച്ചേരെ.."വീണ പറഞ്ഞു.
ദേവി ആരെയോ വിളിച്ച് അതെല്ലാം എടുത്ത് വെക്കാൻ ആവശ്യപ്പെട്ടു.
"അളിയോ.."വിളികേട്ട് രാഗേഷ് തിരിഞ്ഞ് നോക്കിയതും അവിടെ അലക്സ് ചിരിച്ചുകൊണ്ട് നിൽക്കുന്നു.
"ഇപ്പൊ ചോദിച്ചതേ  ഉള്ളു.." രാഗേഷ് പറഞ്ഞു.
അലക്സിന്റെ പ്രസരിപ്പും ചുറുചുറുക്കും  കണ്ട് അവൻ പഴയ ആളായി മാറിയെന്ന് രഗേഷിന് മാനസ്സിലായി.അതെല്ലാം ദേവി കാരണമാണെന്ന് രാഗേഷിനറിയാമായിരുന്നു.രാഗേഷ്  ദേവിയെ വാത്സല്യത്തോടെ നോക്കി.
"ആദ്യം ഇവിടെല്ലാം ഒന്ന് കണ്ടേച്ച് വരാം ..നിങ്ങൾ നടന്നോ..ഞങ്ങൾ പുറകെ ഉണ്ട്..."അലക്സ്   പറഞ്ഞു.
"കുഞ്ഞിപ്പാറു എന്റെ കൈയിൽ ഇരുന്നോട്ടെ..ഞാൻ കൊണ്ടുവന്നോളാം.."ദേവി കുഞ്ഞിനെ ഉമ്മവെച്ചുകൊണ്ട് പറഞ്ഞു.പെട്ടെന്ന് കുഞ്ഞ് കരയാൻ തുടങ്ങി.വീണ അവളെ കൈയിൽ മേടിച്ചു.
"ഇവിടുന്ന് പോന്നേന് മുൻപ് നീ എന്റെ അടുത്ത് വരും കേട്ടോടി കള്ളിപ്പെണ്ണേ .."ദേവി കുഞ്ഞിനെ നോക്കി കണ്ണുരുട്ടി..
വീണയും രാഗേഷും കുഞ്ഞുമായി അവിടമൊക്കെ ചുറ്റി കാണാൻ ഇറങ്ങി.പിറകെ നടക്കാൻ തുടങ്ങിയ ദേവിയെ അലക്സ് കൈയിൽ പിടിച്ച് കസേരയിലേക്ക് വലിച്ചിട്ടു..
"എന്താ?"ദേവി അന്തം വിട്ട് ചോദിച്ചു.
"അതുപോലെ ഒരു കുഞ്ഞിപ്പാറു  നമ്മുക്കും വേണം.."അലക്സിന്റെ പറച്ചിൽ കേട് ദേവിക്ക് ചിരി പൊട്ടി.
"ആഹ് ഒന്ന് വെയിറ്റ് ചെയ്യണേ..ഇപ്പൊ എടുത്ത് തരാം..."ദേവി അവനെ കളിയാക്കി കസേരയിൽ നിന്നെഴുന്നേൽക്കാൻ തുടങ്ങി .
"നീ എടുത്ത് തരണ്ടാ..എനിക്ക് വേണ്ടത് ഞാൻ എടുത്തോളാം.."അലക്സ് ദേവിയെ തിരികെ കസേരയിലേക്ക് പിടിച്ചിട്ട്  അവളുടെ വയറിലൂടെ കൈയിട്ട് തന്നിലേക്ക് വലിച്ചടുപ്പിച്ച് അവളുടെ ചുണ്ടിൽ അമർത്തി കടിച്ചു..ജനലിൽ കൂടി വീശിയടിച്ച ഇളംകാറ്റിൽ ആ റോസാപ്പൂ അവരുടെ ഇടയിലേക്ക് വീണു..
The End
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

ഈ കഥ നിങ്ങളിലേക്കെത്തിക്കാൻ എനിക്കവസരം തന്ന നല്ലെഴുത്ത് പേജിനും അഡ്മിനും ഞാൻ എന്റെ നന്ദി രേഖപ്പെടുത്തുന്നു. എന്റെ മറ്റ് രണ്ട് കഥകൾ പോലെ അംബാ മിൽസും സസ്പെൻസ് ത്രില്ലർ ആയിരുന്നു. ഈ കഥ ഇഷ്ടമായെങ്കിൽ ഇത് ഒരു വ്യത്യസ്തമായ കഥ ആയിരുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ ഒരിക്കലെങ്കിലും അടുത്ത ഭാഗത്തിനായി ആകാംഷയോടെ കാത്തിരുന്നിട്ടുണ്ടെങ്കിൽ തീർച്ചയായും ലൈക് ചെയ്ത് ഷെയർ ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണം. അടുത്ത കഥ അൽപം വൈകിയാലും എന്നെ മറന്നേക്കല്ലേ. എന്റെ എഴുത്തിനെ സ്നേഹിക്കുന്ന വായനക്കാർ ഇവിടെ ഉള്ളിടത്തോളം ഞാൻ മടങ്ങി വരും.

Anjana Ravi 

അംബാ മിൽസ് - Part 14


“റോബിൻ സ്റ്റെയർകേസ് ഇറങ്ങി എന്റെ പിറകെ ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോയില്ല.നേരെ പോയത് മിനി മിസിന്റെ അടുത്തേക്കായിരുന്നു.മിസ്സിന്റെ വീട്ടിലേക്ക് പോവുന്ന വഴി ഫോട്ടോ ബൂത്തിന്റെ അടുത്ത്  ഉദയൻ നിൽക്കുന്നത് കണ്ടു.എന്റെ മുഖം   കണ്ടതും അവർക്കെന്തോ പന്തികേട് തോന്നി. ” ദേവി പറഞ്ഞു.
"അവരോ?ആരാ ഈ 'അവർ'?ഉദയന്റെ കൂടെ വേറെ ആരെങ്കിലും അവിടെ ഉണ്ടായിരുന്നോ?"ലിസമ്മ ചോദിച്ചു.
പെട്ടെന്ന് അബദ്ധം പറ്റിയത് പോലെ ദേവി  അലക്സിനെ നോക്കി.
"അത്..ഉദയനും  കൂടെ കടയിലെ തന്നെ ഒരു സ്റ്റാഫും.."ദേവി ലിസമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.ലിസമ്മ അവളെ സംശയത്തോടെ നോക്കി നിന്നു.
അന്ന് രാഖിയുടെ മരണശേഷം മിനി മിസ്സിന്റെ വീട്ടിലേക്കു പോവുന്ന വഴി ഫോട്ടോ ബൂത്തിൽ ഉദയന്റെ കൂടെ ശിവയേയും താൻ  കണ്ടുവെന്ന് അലക്സിന്റെ നിർദേശം അനുസരിച്ച് ദേവി  മനപ്പൂർവം മറച്ചുവെച്ചു.
”ആദ്യം ഞാൻ വിചാരിച്ചത് ഉദയനും ഇതിൽ പങ്കുണ്ടാവുമെന്നാണ്.പക്ഷെ  ഗിരിധർ സാർ അംബാ മിൽസിലേക്ക് വരുന്നുണ്ടെന്ന്  എങ്ങനെയോ ഇൻഫർമേഷൻ കിട്ടിയത് അനുസരിച്ച് പിന്നീട് കണ്ടുമുട്ടാം എന്ന ധാരണയിൽ രാഖിയെ അവിടുന്ന് പറഞ്ഞ് വിട്ട് ഉദയനും അവിടെ നിന്ന് തിരിച്ച് കടയിലേക്ക് പോയി .. ഗിരിധറും  കൂട്ടരും എന്തിന് വേണ്ടി ആണ് അവിടെ  ഒത്തുകൂടുന്നതെന്ന് ഉദയന്  അറിയില്ലായിരുന്നു അയാൾ അത് തിരക്കാനും പോയില്ല.ഞാൻ  മിനി മിസ്സിന്റെ വീട്ടിൽ എത്തി . രാഖി കൊല്ലപ്പെട്ടതും പക്ഷെ അത് ഉദയന്റെ കൈകൊണ്ട് ആയിരുന്നില്ല എന്നതും   അവരെ അറിയിച്ചു.അവിടെ നടന്ന കാര്യങ്ങൾ എല്ലാം മിസ്സിനെ  പറഞ്ഞ് കേൾപ്പിച്ചു.സ്വന്തം ഭർത്താവ് കണ്മുൻപിൽ  കിടന്ന് പിടയുന്ന വീഡിയോ ഞാൻ അവരെ കാണിച്ചതും അവർ അലറിവിളിച്ചു.പിന്നീട് സത്യരാജ് സാർ പറഞ്ഞ ആ തെളിവ്,മുരുഗന്റെ  ഫോൺ ,റോബിൻ ഓർഫനേജ് തീ വെയ്ക്കുന്ന വീഡിയോ മുരുഗൻ അയാളുടെ ഫോണിൽ ഷൂട്ട് ചെയ്തിരുന്നത് സത്യരാജ് സാർ  എവിടെ ആണ് വെച്ചിരിക്കുന്നത് എന്ന് എനിക്ക് കണ്ടെത്തണമായിരുന്നു. ആ അവസ്ഥയിൽ മിനി മിസ്സിനോട് ഒന്നും ചോദിച്ചിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.സാറിന്റെ ഓഫീസ് റൂമിൽ ഒരു ലോക്കർ കണ്ടു. ലോക്കറിൽ അതുണ്ടാവുമെന്ന് ഊഹിച്ചു.പക്ഷെ നമ്പർലോക്ക് ആയിരുന്നതിനാൽ അത് തുറക്കാൻ എനിക്കറിയില്ലായിരുന്നു.മിനി മിസ് ആ വീഡിയോ കണ്ടതിന്റെ ഷോക്കിൽ ആയിരുന്നത്കൊണ്ട് എന്റെ ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകുന്നുണ്ടായിരുന്നില്ല.പക്ഷെ ആ വീഡിയോ അവിടെ ഇരിക്കുന്നത് മിസ്സിന്റെ കുഞ്ഞിനേയും അപകടത്തിലാക്കുമെന്ന് ഞാൻ പറഞ്ഞപ്പോൾ അവർ  സ്വബോധത്തിലേക്ക് തിരികെ വന്നു.ലോക്കർ ഓപ്പൺ ചെയ്ത്  തന്നു.അവിടെ മുരുഗന്റെ  ഫോൺ ഉണ്ടായിരുന്നു.അതിൽ ആ വിഡിയോയും! അവർ പെട്ടെന്ന് തന്നെ ആ ഫോൺ വീട്ടിൽ നിന്നും എടുത്ത് റൂമിൽ തന്നെ അധികം ആരും ശ്രദ്ധിക്കാത്ത ഒരു  സ്ഥലത്തേക്ക് മാറ്റി.ഞാൻ അന്ന് അവർക്ക് കൂട്ടായി അവിടെ തന്നെ കിടന്നു.എനിക്കും തിരികെ ഹോസ്റ്റലിലേക്ക് പോവാൻ ഭയമായിരുന്നു.പക്ഷെ പിറ്റേന്ന് വെളുപ്പിനെ വാതിൽ തുറന്നതും അവിടെ എന്നെയും കാത്ത്  റോബിൻ ഉണ്ടായിരുന്നു.സംസാരിക്കാൻ കൂട്ടാക്കാതെ  നിന്നപ്പോൾ മിനി മിസ്സിന്റെ മോളെ കൈയിലെടുത്ത് ഭീഷണിപ്പെടുത്തി.
ആ വീട് മുഴുവൻ റോബിൻ സത്യരാജ് പറഞ്ഞ തെളിവിനായി പരതി നടന്നു.അങ്ങനെ ഒരു ഫോണോ വീഡിയോയോ  ഉള്ളതായി സത്യരാജ് സാർ തന്നോട് പറഞ്ഞിട്ടില്ല എന്ന്  മിനി  മിസ് പറഞ്ഞത് റോബിൻ വിശ്വസിച്ചു.
രാഖിയുടെ കൂടെ വന്ന പെണ്ണിനെ കൊന്നിട്ട്  വരാൻ ആയിരുന്നു  ജോസഫ് തരകനും ഗിരിധറും  റോബിനെ  പറഞ്ഞ് വിട്ടത് .പക്ഷെ ആരോരുമറിയാതെ താൻ  മനസ്സിൽ കൊണ്ടുനടക്കുന്ന പെണ്ണിനെ കൊല്ലാൻ  റോബിന് കഴിയുമായിരുന്നില്ല!"പറഞ്ഞതും ദേവി റോബിനെ  നോക്കി.റോബിൻ വാക്കുകൾ നഷ്ടപ്പെട്ടവനെ പോലെ വിദൂരതയിലേക്ക്  നോക്കി ഇരിക്കുകയായിരുന്നു.അവിടെ നടക്കുന്നതൊന്നും അവൻ അറിയുന്നുണ്ടായിരുന്നില്ല..
"തന്നെപോലെ തന്നെ വളരെ ചെറുപ്പത്തിലേ അനാഥ ആയി മാറി  മറ്റൊരാളുടെ കാരുണ്യത്തിൽ കഴിയേണ്ടി വന്ന എന്നോട് റോബിന് പ്രണയമായിരുന്നു എന്ന് പണ്ട് രാഖി പറഞ്ഞ് എനിക്കറിയാമായിരുന്നു.അലക്സ് ഒരിക്കൽ അവളോട് ചോദിച്ചിരുന്നു ഞാൻ ആരെയെങ്കിലും സ്നേഹിക്കുന്നുണ്ടോ എന്ന്.അത് ഈ റോബിന് വേണ്ടിയായിരുന്നു എന്ന് അലക്സ് പറഞ്ഞത് രാഖി പിന്നീട് എന്നോട്  പറഞ്ഞു.താൻ സ്നേഹിക്കുന്ന പെണ്ണിനെ ഇല്ലാതാക്കാൻ റോബിന് മനസ്സ് വന്നില്ല...ഈ ഒരു കാര്യത്തിൽ മാത്രം റോബിൻ എന്ന നിങ്ങളുടെ വളർത്ത് നായ  നിങ്ങളുടെ വാക്ക് ധിക്കരിച്ചു ജോസഫ്  സാർ!"ദേവി ജോസഫിനോട് പറഞ്ഞു.
അയാൾ റോബിനെ  നോക്കി പല്ലുകടിച്ചു.
"റോബിൻ തന്റെ ഇൻഫ്ലുവെൻസ് വെച്ച് എനിക്ക് ഒരു പുതിയ ഐഡന്റിറ്റി നൽകി എന്നെ വിദേശത്തേക്ക് പറഞ്ഞ് അയച്ചു.എന്നെ കൊന്നു കളഞ്ഞെന്ന് നിങ്ങളോട് കള്ളം പറഞ്ഞു.സത്യങ്ങൾ പുറത്ത് പറഞ്ഞാൽ മിനി മിസിന്റെ കുഞ്ഞിനെ കൊന്ന് കളയുമെന്ന് പറഞ്ഞ് അവരെ ഭീഷണിപ്പെടുത്തി.അതുപോലെ ഞാൻ നാട്ടിലേക്ക് തിരികെ വന്നാൽ അല്ലെങ്കിൽ നാട്ടിലുള്ള ആരെങ്കിലുമായി കോണ്ടാക്ട് ചെയ്യാൻ  ശ്രമിച്ചാൽ എനിക്ക് വേണ്ടപ്പെട്ടവരെ ഇല്ലാതാക്കുമെന്ന് എന്നെയും ഭീഷണിപ്പെടുത്തി.ഗത്യന്തരമില്ലാതെ എനിക്ക് റോബിൻ പറയുന്നത് അനുസരിക്കേണ്ടി വന്നു.അങ്ങനെ ആണ് രാഖി മരിച്ച അന്ന് എന്നെ കാണാതാവുന്നതും  പിന്നീട് ഞാൻ മെക്സിക്കോയിൽ എത്തി മരിയ എലീന ആയി മാറിയതും!"
"നിങ്ങളൊക്കെ മനുഷ്യർ തന്നെ ആണോ ?എന്തെല്ലാം പാതകങ്ങളാ നിങ്ങൾ ചെയ്ത്  കൂട്ടിയത്?എത്ര പേരുടെ ജീവിതങ്ങളാ  നിങ്ങൾ കാരണം ഇല്ലാതായത്? എന്റെ കഴുത്തിൽ മിന്ന്  ചാർത്തി ഇത്ര നാളും  എന്റെ കൂടെ കഴിഞ്ഞ നിങ്ങൾ ഒരു മനുഷ്യ മൃഗം ആണെന്ന് തിരിച്ചറിയാൻ ഞാൻ വൈകിപ്പോയല്ലോ മാതാവേ! "ലിസമ്മ ജോസഫിനെ നോക്കി തലയിൽ കൈവെച്ച് പ്രാകി.
ജോസഫ് അലക്സിനെ നോക്കി.അവൻ ലിസമ്മയെ   കെട്ടിപ്പിടിച്ച്  ഇരിക്കുകയാണ്.
"മോനെ.."അയാൾ അലാസ്‌കിനെ തൊടാൻ കൈകൾ നീട്ടി.
"തൊട്ടുപോകരുതെന്നേ!" അലക്സ് വെറുപ്പോടെ അയാളെ നോക്കി.ജോസഫ്  കരഞ്ഞുപോയി.
" സംസാരിച്ച് തുടങ്ങിയപ്പോ ഞാൻ ആദ്യം വിളിച്ചത് പപ്പാ എന്നാ..നിങ്ങൾ  കഴിഞ്ഞേ എനിക്ക് ഈ ലോകത്തിൽ എന്തുമുണ്ടായിരുന്നുള്ളു..പക്ഷെ എന്റെ കൂടെ ചിരിച്ച് കളിച്ച് നടന്നവർ തന്നെയാണ് എന്റെ പതനത്തിന് കാരണക്കാർ എന്ന് മനസ്സിലാക്കിയ നിമിഷം ഉണ്ടല്ലോ! നിങ്ങളെ കൊല്ലാനല്ല ചത്തുകളയാനാ എനിക്ക് തോന്നിയത്! "അലക്സ് കണ്ണീരിനിടയിൽ പറഞ്ഞു.എന്നിട്ട് റോബിനെ നോക്കി.
"കൂടെ നിന്നിട്ട് എന്നെ ചതിച്ച് കളഞ്ഞല്ലോടാ നീ.."അലക്സ് തേങ്ങി.
റോബിൻ ഒരു മരപ്പാവ കണക്കെ ഇരുന്നതേ ഉള്ളു..
"നിനക്ക് പറ്റിയത് ഒരു നിമിഷത്തെ കൈയബദ്ധമാവാം.പക്ഷെ എനിക്ക് നഷ്ട്ടപ്പെട്ടത് ഞാൻ എന്റെ ജീവനേക്കാളേറെ സ്നേഹിച്ച എന്റെ പെങ്ങളെയാ..അലക്സ് ചോദിച്ചത് പോലെ അവളെ ജീവിക്കാൻ അനുവദിച്ച് കൂടായിരുന്നോ?"രാഗേഷ്  കണ്ണീരോടെ റോബിനെ നോക്കി  പറഞ്ഞു.
"ഞാൻ ചെയ്തത് തെറ്റാണെന്ന് ഞാൻ ഇന്നും വിശ്വസിക്കുന്നില്ല.എന്റെ ജീവിതം ജോസഫ് തരകൻ  എന്ന  ഈ മനുഷ്യന്റെ ദാനമാണ്..അദ്ദേഹം പറയുന്നതിനപ്പുറം എനിക്കൊന്നുമില്ല..പക്ഷെ എനിക്ക് നിന്നെ നോവിക്കാൻ ആവുമായിരുന്നില്ല ദേവി.."റോബിൻ ദേവിയെ ഒന്ന് നോക്കി.ദേവി അവനെ വെറുപ്പോടെ നോക്കി.
"അന്ന് രാഖിയുടെയും ദേവിയുടെയും സ്ഥാനത്ത്  ഈ നിൽക്കുന്ന അലക്‌സോ അല്ലെങ്കിൽ ശിവയോ ആയിരുന്നുവെങ്കിൽ അവരെയും കൊല്ലാൻ  നിങ്ങൾ ഉത്തരവിടുമായിരുന്നോ?"രാഗേഷ് കത്തുന്ന കണ്ണുകളോടെ  ജോസഫിനെയും ഗിരിധറിനെയും നോക്കി ചോദിച്ചു.
അവർ ആരുടേയും മുഖത്ത് നോക്കിയില്ല.
"റവന്യു മിനിസ്റ്റർക്ക്  ഒന്നും പറയാൻ ഉണ്ടാവില്ല അല്ലെ.."രാഗേഷ് ഗിരിധറിനെ നോക്കി പല്ലിറുമ്മി! ഗിരിധർ ഒന്നും മിണ്ടാതെ പകച്ച് നിൽക്കുകയാണ്..
"സ്വന്തം ലാഭത്തിന് വേണ്ടി കുറെ കുരുന്നുകളെയും എന്റെ പെങ്ങളെയും ഒക്കെ പരലോകത്തേക്ക് അയച്ചില്ലേ..?മനുഷ്യക്കുരുതികൾ ഇനിയുമുണ്ടോ?"രാഗേഷ് വെറുപ്പോടെ ചോദിച്ചു.
"നിങ്ങളെ കൊണ്ടുപോവാനുള്ളവർ  ഇപ്പൊ ഇങ്ങ് എത്തും..അവിടുന്ന് തമിഴ് നാട് പൊലീസിന് കൈമാറും..ഇനി മുഖ്യ മന്ത്രി കസേരയൊക്കെ അങ്ങ് ജയിലിലേക്ക് കൊടുത്ത് വിട്ടേക്കാം.."ദേവി ഗിരിധറിനെ  നോക്കി പരിഹസിച്ചു.
ലിസമ്മ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
ജോസഫ്  അവരുടെ പിന്നാലെ ചെന്നു.
ലിസമ്മ അവരുടെ മുറിയിലെ കട്ടിലിൽ ഇരിക്കുകായാണ്..
"ലിസമ്മേ.."ജോസഫ്  അവരുടെ മുറിയിലേക്ക് കയറാൻ തുടങ്ങിയതും ലിസമ്മ വിലക്കി.
"അരുത്! എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അവിടെ നിന്നുകൊണ്ട് പറഞ്ഞാൽ മതി.."ലിസമ്മ അയാളുടെ  മുഖത്ത് നോക്കാതെ പറഞ്ഞു.
"അറിയാതെ പറ്റിയ ഒരു അബദ്ധം ആയി കണക്കാക്കി പൊറുത്ത് തന്നുകൂടെ?ഒന്നുമില്ലെങ്കിലും ഞാൻ നിന്റെ കഴുത്തിൽ മിന്ന് കെട്ടിയവനല്ലയോടി.."ജോസഫ് കെഞ്ചി.
"ക്ഷമിച്ച് തരണമെന്നോ?നിങ്ങള് ഒരു മനുഷ്യൻ ആണോ?നിങ്ങള് ചെയ്ത തെറ്റിന്റെ ആഴം നിങ്ങൾക്ക് മനസ്സിലാവുന്നുണ്ടോ?നിങ്ങളുടെ കൂട്ടുകാരന് ജയിക്കാൻ വേണ്ടി ഒന്നുമറിയാത്ത കുറച്ച് കുഞ്ഞുങ്ങളെ നിഷ്കരുണം കൊന്നുതള്ളിയത് ഞാൻ ക്ഷമിച്ച് തരണമെന്നോ? നടക്കത്തില്ല. എന്റെ മരണം വരെ നിങ്ങളോട് ഞാൻ ക്ഷമിക്കത്തില്ല.ഇനി ഇതിന്റെ ബലത്തിൽ ആണ് നിങ്ങൾ  എന്റെ സിമ്പതി പ്രതീക്ഷിക്കുന്നതെങ്കിൽ ദാ അതും ഇതോടെ തീർന്നു!"പറഞ്ഞതും ലിസമ്മ തന്റെ കഴുത്തിൽ കിടന്ന മിന്ന് പൊട്ടിച്ച് വലിച്ചെറിഞ്ഞു!
"ലിസമ്മേ!" ജോസഫ്  ദേഷ്യം കൊണ്ട് അലറി!
" ശബ്‌ദിച്ചു  പോകരുത്!"അലക്സ് അങ്ങോട്ടേക്ക് ഉറഞ്ഞുതുള്ളി വന്നു.
"ഇത്രയും നാളും  പപ്പ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ പലതും വിളിപ്പിക്കരുത്..സ്വന്തം ലാഭത്തിന് വേണ്ടി മനുഷ്യക്കുരുതികൾ നടത്തിയപ്പോൾ ഓർക്കണമായിരുന്നു തനിക്കും ഒരു കുടുംബം ഉണ്ടെന്ന്..എത്ര മൂടിവെച്ചാലും എന്നെങ്കിലും സത്യങ്ങൾ എല്ലാം വെളിച്ചത്ത് വരുമെന്ന്..എന്റെ മമ്മി പറഞ്ഞത് കേട്ടല്ലോ..ഇനി എന്റെ മമ്മിക്ക് ഇങ്ങനൊരു കെട്ടിയോനെ വേണ്ട.എനിക്കിങ്ങനെ ഒരു അപ്പനേം വേണ്ട.തീർന്നു!എല്ലാ ബന്ധങ്ങളും ഈ നിമിഷം തീർന്നു.ഉറ്റ സുഹൃത്തിനേം വിളിച്ച് വീടിന്റെ വെളിയിലേക്ക് ഇറങ്ങി നിന്നോണം..ഈ വീട്ടിൽ പൊലീസുകാരെ കേറ്റാൻ  ഞാൻ സമ്മതിക്കുകേല.."അലക്സ് പറഞ്ഞത് കേട്ട് ജോസഫ് വിതുമ്പിക്കൊണ്ട് അവരെ നോക്കി.പിന്നെ ഒന്നും മിണ്ടാതെ തിരികെ ഹാളിലേക്ക് നടന്നു.ലിസമ്മയെ  റൂമിലിരുത്തിയിട്ട് അലക്‌സും അയാളുടെ പിറകെ നടക്കാൻ തുടങ്ങിയതും ലിസമ്മ അവന്റെ കൈയിൽ കയറി പിടിച്ചു.അലക്സ് ചോദ്യഭാവത്തിൽ അവരെ നോക്കി.
"അന്ന് ഉദയൻ ഒറ്റയ്ക്കായിരുന്നില്ല അല്ലെ രാഖിക്കായി വല വിരിച്ചത്?"ലിസമ്മയുടെ ചോദ്യം കേട്ട് അലക്സ് ഒരു നിമിഷം ഒന്നും മിണ്ടിയില്ല.
"ഉദയന്റെ കാര്യം പറയുമ്പോ ദേവി നിന്നെ ഇടയ്ക്കിടെ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു.ശിവ..അവനായിരുന്നു അല്ലെ ഉദയന്റെ കൂടെ?"ലിസമ്മ ചോദിച്ചു..അലക്സ് അവരെ അത്ഭുതത്തോടെ നോക്കി.പതിയെ അവരുടെ അടുത്ത് ചെന്ന് ഇരുന്നു.
" അതെ മമ്മി..ഗിരിധർ എന്തോ ആവശ്യത്തിന്  അംബാ മിൽസിലേക്ക് ചെല്ലുന്നുണ്ടെന്ന് ശിവയ്ക്ക് ഇൻഫർമേഷൻ കിട്ടി.ശിവ ഉദയനെ അറിയിച്ചു.തങ്ങളെ അവിടെ വെച്ച് ഗിരിധർ   കണ്ടാൽ പ്രശ്നമാകുമെന്ന് കരുതി  ഉദയനും ശിവയും  അവരുടെ പ്ലാൻ മാറ്റി.പിന്നെ ഒരു ദിവസം മീറ്റ് ചെയ്യാം എന്ന് പറഞ്ഞ് അവർ രാഖിയെ പറഞ്ഞുവിട്ടു.പെട്ടെന്ന് തന്നെ  അവരും അവിടെ നിന്ന് തിരികെ ബൂത്തിലേക്ക് പോയി.പിന്നീടാണ് ഞാൻ കൊടുത്ത ബ്രേസ്‌ലെറ്റ് അന്വേഷിച്ച് രാഖിയും ദേവിയും വീണ്ടും അംബാ മിൽസിലേക്ക് തിരികെ പോയതും അവിടെ വെച്ച് പപ്പയെയും ഗിരിധറിനെയും  റോബിനെയും കണ്ടതും എന്റെ രാഖി കൊല്ലപ്പെട്ടതും.ദേവി അത് കണ്ട് ഭയന്ന് മിനി മിസ്സിന്റെ വീട്ടിലേക്ക് പോവുന്ന വഴി ഫോട്ടോ ബൂത്തിനടുത്ത് വെച്ച് ഉദയന്റെ കൂടെ ശിവയേയും കണ്ടിരുന്നു. അംബാ മിൽസിൽ എന്താണ് സംഭവിച്ചതെന്ന് ഉദയനും ശിവയ്ക്കും അറിയില്ലായിരുന്നു. രാഖിയുടെ മരണവും ദേവിയുടെ തിരോധാനവും എല്ലാം ആയപ്പോ ഉദയൻ ഫോട്ടോസ് പുറത്ത് വിടുമോ എന്ന് ഭയന്ന്  രാഖി ആത്മഹത്യ ചെയ്തതാവാമെന്നും  മരിക്കുന്നതിന് മുൻപ് രാഖി ദേവിയോടെല്ലാം പറഞ്ഞിട്ടുണ്ടാവുമെന്നും തങ്ങളെ  ഭയന്നാവാം  ദേവി നാടുവിട്ടതെന്നും ശിവയും ഉദയനും തെറ്റിദ്ധരിച്ചു.."അലക്സ് പറഞ്ഞു.
"എന്നിട്ട് ശിവ എവിടെ?"ലിസമ്മ ചോദിച്ചു.
അലക്സ് അവരെ നോക്കി ഒന്ന് ചിരിച്ചു.അവന്റെ കണ്ണുകളിലെ പകയുടെ തിളക്കം ലിസമ്മ വേദനയോടെ നോക്കി ഇരുന്നു.
"ലിസമ്മോ വെളിയിൽ പോലീസ്!"സാറാമ്മ അന്താളിപ്പോടെ വന്ന് പറഞ്ഞു.
"മമ്മി ഇവിടെ ഇരുന്നാ മതി..ചേട്ടത്തി മമ്മീടെ കൂടെ നിക്കണം."അലക്സ് സാറാമ്മയോട് പറഞ്ഞിട്ട് ഹാളിലേക്ക് നടന്നു.അപ്പോഴേക്കും പോലീസ് റോബിനെയും ഗിരിധറിനെയും  കൈയാമം വെച്ചിരുന്നു. .
"എന്റെ ശിവയെ ഒന്ന് വിളിച്ച് തരാമോ?പോവുന്നതിന് മുൻപ് അവന്റെ ശബ്ദം ഒന്ന് കേൾക്കാനാ.."ഗിരിധർ അലക്സിനോട് പറഞ്ഞു.ദേവിയും രാഗേഷും റോബിനും അലക്സിനെ ഒന്ന് നോക്കി.
"തൽക്കാലം ചെല്ല്..ഞാൻ പറഞ്ഞേക്കാം മോനോട്.."അലക്സ് പറഞ്ഞു..
തന്റെ വിയർപ്പും അധ്വാനവും കൊണ്ട് പണിത മാളിയേക്കൽ തറവാടിന്റെ പടികൾ അവസാനമായി ചവിട്ടി ഒഴുകിവന്ന കണ്ണുനീർ തുടച്ച് കൊണ്ട് ജോസഫ് തരകനും പിന്നാലെ റോബിനും ഗിരിധറും  ഇറങ്ങി.പോലീസ് അവരെ  മൂന്നുപേരെയും ജീപ്പിൽ കയറ്റി..******

രാഗേഷിന്റെ  വീട്ടിൽ ഹാളിലെ സോഫയിൽ ഇരിക്കുകയായിരുന്നു സുധയും അവരുടെ മകൾ ചിന്നുവും.
ദേവി അവരുടെ തൊട്ടടുത്ത് തന്നെ നിൽപ്പുണ്ട്.
"രാഗേഷ് സാർ  വന്ന് ഞങ്ങളെ സാറിന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ താമസിപ്പിച്ചേക്കുവായിരുന്നു..എനിക്കൊട്ടും ഇഷ്ടമുണ്ടായിട്ടല്ല.പിന്നെ സാർ വന്ന് പറയുമ്പോ എങ്ങനെയാ പറ്റില്ലാന്ന് പറയുന്നത്.. "സുധ നീരസത്തോടെ പറഞ്ഞു.
ചിന്നു ഒന്നും മിണ്ടാതെ വീടിന്റെ  ഭംഗി ആസ്വദിച്ച് ഇരുന്നു. മുതിർന്ന ഒരു പെൺകുട്ടി ആണെങ്കിലും ചിന്നുവിന് കൊച്ചുകുട്ടികളുടെ സ്വഭാവം ആണ്.അവൾക്ക് മാനസിക വൈകല്യം ഉണ്ട്.
"ദേവിച്ചേച്ചി..ഇനി പോവുമ്പോ എന്നെ കൂടി കൊണ്ടുപോവുവോ?"ചിന്നു ചോദിച്ചു.
ദേവി ഒന്നും മിണ്ടാതെ അവളുടെ മുടിയിൽ തലോടി..
"ഇവളെ ഡോക്ടറെ കാണിക്കുന്നുണ്ടോ?"ദേവി ചോദിച്ചു.
"ഓഹ് പിന്നെ നീ അവിടെ അട്ടിയടിക്കി വെച്ചിട്ടല്ലേ പോയത്  എടുത്ത് മറിക്കാൻ.."സുധ ശബ്ദം താഴ്ത്തി ദേഷ്യപ്പെട്ടു.അകത്ത് നിന്നും രാഗേഷ് വരുന്നത് കണ്ട് അവർ പെട്ടെന്ന് നിശബ്ദയായി.രാഗേഷ് തന്റെ കൈയിലിരുന്ന ചെക്ക് ബുക്കിൽ നിന്നും ഒരു ചെക് ലീഫ് എടുത്ത് ഒരു എമൗണ്ട്  എഴുതി ഒപ്പിട്ട് സുധയുടെ  കൈയിൽ വെച്ച് കൊടുത്തു.
"എന്നാ ഞങ്ങൾ ഇറങ്ങട്ടെ സാറേ.."സുധ രാഗേഷിനെ നോക്കി വിനയത്തോടെ ചിരിച്ചിട്ട് ചിന്നുവിന്റെ കൈയിൽ പിടിച്ചു.
"ഞാൻ ചേച്ചീടെ കൂടെ നിന്നോളാം..അമ്മ പൊക്കോ.."ചിന്നു ചിണുങ്ങി.
"ചിണുങ്ങാതെ നടക്ക് കൊച്ചെ.."സുധ ചിന്നുവിന്റെ കൈയിൽ ഒരടി വെച്ച് കൊടുത്തു.
അത് കണ്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
"അവളെ നോവിക്കാതെ.."ദേവി വേദനയോടെ  പറഞ്ഞു.സുധ അത് കേൾക്കാത്ത ഭാവത്തിൽ ചിന്നുവിന് ഒരടി കൂടി കൊടുത്ത് അവളെയും  വലിച്ച് വെളിയിൽ ഇറങ്ങി.രാഗേഷ് സിറ്റ് ഔട്ടിൽ നിന്നതേ ഉള്ളു.അവിടെ ടേബിളിൽ മടക്കി വെച്ച പത്രം നിവർത്തി ഒന്ന് കൂടി ആ ന്യൂസ് വായിച്ചു.
"തമിഴ് നാട്ടിൽ പൂട്ടി കിടന്ന അംബാ മിൽസിൽ രണ്ട് മൃദദേഹങ്ങൾ കണ്ടെത്തി.പെരുമ്പാമ്പിന്റെ  ആക്രമണത്തിൽ അസ്ഥികൾ  തകർന്നായിരുന്നു  മരണം സംഭവിച്ചത്... "തിരികെ ആ പത്രം മടക്കി ടേബിളിലേക്ക് വലിച്ചെറിയുമ്പോൾ അവന്റെ ചുണ്ടുകളിൽ ക്രൂരമായ ഒരു ചിരി ഉണ്ടായിരുന്നു..
ദേവി സുധയുടെ കൂടെ  വെളിയിലേക്കിറങ്ങി ചെന്നു.
"ഇത്ര നാളും  കാണാതായപ്പോ ചത്തെന്നാ വിചാരിച്ചത്.രാഗേഷ് സാർ വന്ന് പറഞ്ഞപ്പഴാ നീ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞത് .സ്വത്തിന്റെ അവകാശോം പറഞ്ഞോണ്ട് അങ്ങോട്ട് വന്നേക്കരുത് കേട്ടല്ലോ..ഞാനും എന്റെ കൊച്ചും എങ്ങനെയെങ്കിലും ജീവിച്ച് പൊക്കോട്ടെ.."സുധ ഈർഷ്യയോടെ പറഞ്ഞിട്ട് അവിടെ നിന്നിറങ്ങി.ദേവി നിറഞ്ഞുവന്ന കണ്ണുകൾ തുടച്ച് അവർ പോവുന്നതും നോക്കി നിന്നു..അപ്പോഴാണ് ഗേറ്റിൽ അവരുടെ സംസാരം ശ്രദ്ധിച്ച് കൊണ്ട് നിൽക്കുന്ന അലക്സിനെ കണ്ടത്!
തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 13


"സത്യരാജ് സാർ തിരികെ വീട്ടിലേക്ക് പോയിക്കാണുമെന്നാണ് ഞങ്ങൾ കരുതിയത്.പക്ഷെ അവിടെ സത്യരാജ് സാറും അദ്ദേഹത്തെ കൂടാതെ വേറെ മൂന്ന് പേരും ഉണ്ടായിരുന്നു.ഈ നിൽക്കുന്ന ജോസഫ് തരകൻ സാറും ഗിരിധർ സാറും പിന്നെ റോബിനും!"ദേവി പറയുന്നത് കേട്ട് ലിസമ്മ അന്തം വിട്ടു.അവർക്കൊന്നും മനസ്സിലായില്ല.
"നീ എന്തുവാ കൊച്ചെ പറഞ്ഞ് വരുന്നത്?ഒന്നും മനസ്സിലാവുന്നില്ല."ലിസമ്മ പറഞ്ഞു.
"ഞങ്ങളോ?രാഖി മരിച്ച അന്ന് ഞങ്ങളെ നീ അംബാ മിൽസിൽ കണ്ടുവെന്നോ?എന്ത് അസംബന്ധനമാണ് നീ പറയുന്നത്?അല്ലെങ്കിലും അവിടെ അന്ന് ഹർത്താൽ ആയിരുന്നില്ലേ?ഹർത്താൽ ദിവസം ഞാൻ എങ്ങനെ അവിടെ വരും?ഞാനും റോബിനും എസ്റ്റേറ്റ് കാര്യങ്ങൾക്കായി പീരുമേട് പോയിരിക്കുകയായിരുന്നു.അലക്സിന് പനിയായത്  കൊണ്ട് അവൻ ഞങ്ങളുടെ  കൂടെ വന്നില്ല.നിനക്ക് ഓർമ്മയില്ലേ അലക്സീ?."ജോസഫ് ചോദിച്ചത് കേട്ട് അലക്സ് ഒന്നും മിണ്ടിയില്ല..
"അല്ലെങ്കിലും കൊട്ടാരം പോലൊരു വീട് എനിക്ക് ചെന്നൈയിൽ ഉള്ളപ്പോ  ഞങ്ങൾ എന്തിനാ പൂട്ടിക്കിടക്കുന്ന അംബാ മിൽസിൽ ഒത്തുകൂടുന്നത്?നിനക്ക് ആള് മാറിയതാവും മോളെ.."ഗിരിധർ പറഞ്ഞു.
"അവിടെ എന്താ നടന്നതെന്ന് ഞാൻ ഇതുവരെ പറഞ്ഞ് തീർന്നില്ല.."ദേവി എല്ലാവരോടുമായി പറഞ്ഞു.
"ഞങ്ങളുടെ കോളേജിനടുത്ത് ഒരു അനാഥാലയമുണ്ടായിരുന്നു.ഈ ഗിരിധർ സാർ ഭാര്യയുടെ ഓർമ്മക്കായി അവരുടെ പേരിൽ  നടത്തിവന്നിരുന്ന സേക്രഡ് ഹാർട്ട് ഓർഫനേജ്.ആർക്കും വേണ്ടാതെ റോഡിലുപേക്ഷിക്കപ്പെട്ട കുറച്ച് പിഞ്ചുകുഞ്ഞുങ്ങളും അവരെ സ്വന്തം മക്കളെ പോലെ വളർത്തിയിരുന്ന ഒരു മദറമ്മയും അവിടെ ഉണ്ടായിരുന്നു.പക്ഷെ ഒരു ദിവസം രാത്രി ആരോ അവിടെ തീ വെച്ചു! ആ അനാഥാലയം  കത്തിച്ചാമ്പലായി! മദറോ കുഞ്ഞുങ്ങളോ ആരും തന്നെ രക്ഷപ്പെട്ടില്ല...അന്ന് അവിടെ ഇലക്ഷൻ പ്രചരണം നടക്കുന്ന സമയം. പോലീസ് അന്വേഷണത്തിൽ ഗിരിധർ സാറിന്റെ അനാഥാലയത്തിന് തീ  വെച്ചത് ആ മണ്ഡലത്തിലെ എം.ൽ.എ സ്ഥാനാർഥികളിൽ ഒരാളായ നാഗരാജനും കൂട്ടരും  ആണെന്ന് തെളിഞ്ഞു..എല്ലാവരും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്..പക്ഷെ.."ദേവി ഒന്ന് പറഞ്ഞ് നിർത്തി.അവൾ എല്ലാവരെയും ഒന്ന് നോക്കി.
ജോസഫ് തരകനും ഗിരിധറും ശ്വാസം വിടാൻ പോലും മറന്ന് നിൽക്കുകയാണ്!
രാഗേഷും അലക്‌സും  അവരെ തന്നെ സൂക്ഷിച്ച്  നോക്കി നിൽക്കുന്നു..ലിസമ്മ ദേവി പറയുന്ന ഓരോ വാക്കുകൾക്കും കാത് കൂർപ്പിച്ച് നിന്നു!
"അന്ന് അംബാ മിൽസിലെ ആ മുറിയിൽ വെച്ച് സത്യരാജ് സാർ നിങ്ങളോട് ഒരു കാര്യം പറഞ്ഞു.ഓർഫനേജ് തീ വെച്ച് നശിപ്പിച്ചത് ആരാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും അദ്ദേഹത്തിന്റെ കൈയിൽ അതിന്റെ തെളിവായി ഒരു മൊബൈൽ ഫോൺ  ഉണ്ടെന്നും.."ദേവി പറഞ്ഞു.
"നിനക്കെന്താ ഭ്രാന്താണോ കൊച്ചെ?എന്തൊക്കെയാ ഇവള് പറയുന്നത് "ജോസഫ് തരകന് ദേഷ്യം ഇരച്ച് കയറി.
"അതെ മോള് എന്തെങ്കിലും സ്വപ്നം കണ്ടതായിരിക്കും.ഇച്ചിരി നെല്ലിക്കാത്തളം ഇട്ടാ അതങ്ങ് ശെരിയായിക്കൊള്ളും."ഗിരിധർ അവളെ കളിയാക്കി.
"എനിക്ക് ഭ്രാന്താണ് അല്ലെ....എന്റെ കൈയിൽ രണ്ട് വീഡിയോസ് ഉണ്ട്.അതിൽ ഒരെണ്ണം പ്ലേ ചെയ്യാം..എന്നിട്ട് തീരുമാനിക്കാം ആർക്കാണ് ഭ്രാന്തെന്ന്.."ദേവി റോബിന്റെ കൈയിൽ നിന്നും ഒരു ഫോൺ വാങ്ങി,അത് വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിച്ചിരുന്നപ്പോൾ  അവൾ  ഉപയോഗിച്ചിരുന്ന ഫോൺ ആയിരുന്നു.
അവൾ അതിലെ വീഡിയോ പ്ലേയ് ചെയ്തു.അതിൽ ഒരു മുറിയിൽ ജോസഫ് തരകനും ഗിരിധറും  റോബിനും സത്യരാജും ഉണ്ടായിരുന്നു.ഒരു വാതിലിന്റെ മറവിൽ നിന്നുകൊണ്ട് ഷൂട്ട് ചെയ്തത് പോലെ ആയിരുന്നു ആ വീഡിയോ.
"എന്റെ കൈയിൽ നിങ്ങൾക്കെതിരെ ഉള്ള എല്ലാ തെളിവുകളും ഉണ്ട്.മരിയാദയ്ക്ക്   ഞാൻ പറഞ്ഞ കാശ് എനിക്ക് തന്നോ.ഇല്ലെങ്കിൽ ലോകം മുഴുവൻ അറിയും ഗിരിധർ സാർ എങ്ങനെയാ ഇലെക്ഷൻ ജയിച്ചതെന്ന്!"സത്യരാജ് പറയുന്നു.
"നന്ദികെട്ട നായെ നീ ആരെയാടാ  പേടിപ്പിക്കുന്നത്?"ഗിരിധർ അലറുന്നു.
"ഗിരി പ്രശ്നം വഷളാക്കണ്ട..അയാൾ ചോദിച്ച കാശ് അയാൾക്ക് കൊടുത്തേക്ക്"ജോസഫ് തരകൻ പറയുന്നു.ഗിരിധർ ഒന്നും മിണ്ടുന്നില്ല..
"ശരി നിന്റെ ഡിമാൻഡ് പത്ത് ലക്ഷം അല്ലെ..റോബി ചെക്ക് ബുക്ക് എടുക്ക്.."ജോസഫ് തരകൻ പറഞ്ഞത് കേട്ട് റോബിൻ ചെക് ബുക്ക് എടുക്കുന്നു.
സത്യരാജ് പറഞ്ഞ തുക അതിൽ എഴുതി ഒപ്പിട്ട്  അയാളെ ഏൽപ്പിക്കുന്നു.
"ഇനി പറ ആ വീഡിയോ എവിടെ?" ജോസഫ്  ചോദിക്കുന്നു.
"അത് അങ്ങ് മനസ്സിലിരിക്കട്ടെ.ഞാൻ അത് തരുമ്പോ എന്നെ തീർത്ത് കളയാൻ അല്ലെ നിങ്ങടെ പദ്ധതി?നടക്കില്ല."സത്യരാജ് പറഞ്ഞതുകേട്ട് ദേഷ്യം ഇരച്ച് കയറിയെങ്കിലും ജോസഫ് അടങ്ങി.
"പൈസ തന്നാൽ നീ ആ വീഡിയോ ഞങ്ങൾക്ക് കൈമാറാം  എന്ന എഗ്രിമെന്റ് ഉണ്ട്..മറക്കരുത്.."ജോസഫ് ഓർമ്മിപ്പിച്ചു.
"അതൊക്കെ ശരി  ആണ് ,പക്ഷെ സാധനം ഇപ്പൊ എന്റെ കൈയിൽ ഇല്ല.ഞാൻ അത് നിങ്ങൾക്ക് തരാതെ  നശിപ്പിച്ച് കളഞ്ഞേക്കാം.പക്ഷെ  അതിന് ഈ തുക പോരാതെ വരും.." സത്യരാജ് പറഞ്ഞു.ഗിരിധാറിന്റെ എല്ലാ നിയന്ത്രണവും വിട്ട് പോയി.അയാൾ തന്റെ അരയിലിരുന്ന തോക്കെടുത്ത് സത്യരാജിന്റെ തലയിലേക്ക് തന്നെ കാഞ്ചി വലിച്ചു! പെട്ടെന്ന് ഒരു പെണ്ണിന്റെ അലറിക്കരച്ചിൽ കേൾക്കുന്നു.അതോടെ ആ വീഡിയോ കട്ട് ആയി..
ആ വീഡിയോ കണ്ടതും ലിസമ്മ ഞെട്ടിതരിച്ച് ജോസഫിനെയും ഗിരിധറിനെയും നോക്കി.അവർ പെട്ടെന്ന് നെഞ്ചിൽ കൈ വെച്ചു!
"മമ്മി!"അലക്സ് അവരുടെ അടുത്തേക്ക് ഓടി അവരെ താങ്ങിപ്പിടിച്ചു.
"ലിസമ്മേ!"ജോസഫ് അവരെ പിടിക്കാൻ കൈ നീട്ടിയതും  ലിസമ്മ അയാളുടെ  കൈകൾ തട്ടിമാറ്റി.ജോസഫിന്റെ  കണ്ണുകൾ നിറഞ്ഞു.ലിസമ്മ വേച്ച്   അവിടെ സോഫയിൽ ഇരുന്നു.അലക്സ് അവരെ ഒരു കൈ കൊണ്ട് ചേർത്ത് പിടിത്തിട്ടുണ്ടായിരുന്നു.
"എന്തിന്..എന്തിനായിരുന്നു ഇതൊക്കെ?" ലിസമ്മ ചോദിച്ചു.
"അന്ന് ആ മണ്ഡലത്തിലെ എം.ൽ.എ സ്ഥാനാർഥിയായിരുന്ന  ഗിരിധർ സാറിന് എതിരാളിക ളായി  രണ്ട് പേർ. അതിൽ ഒരാൾ ഒരു കാരണവശാലും ജയിക്കില്ല എന്ന് ഇവർക്ക്  ഉറപ്പായിരുന്നു.പക്ഷെ മറ്റേ സ്ഥാനാർഥി നാഗരാജനും ഗിരിധർ സാറിനെ പോലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.ആൾക്കാരുടെ സിമ്പതി പിടിച്ച് പറ്റിയില്ലെങ്കിൽ ആ ഇലെക്ഷനിൽ തോറ്റു പോവുമെന്നും അത് വഴി അടുത്ത ഇലെക്ഷനിൽ ഇവരുടെ പാർട്ടി തന്നെയാണ് ജയിക്കുന്നതെങ്കിൽ  പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോൾ കിട്ടുമെന്നുറപ്പുള്ള  ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്നും ഗിരിധർ സാർ ഭയപ്പെട്ടു.കൂടെ നിൽക്കുന്ന ആരെയും വിശ്വസിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.പക്ഷെ സ്വന്തം നിഴലിനേക്കാൾ  അദ്ദേഹത്തിന് ജോസഫ്  സാറിനെ വിശ്വാസമായിരുന്നു.
അത്കൊണ്ട് ആരോരുമറിയാതെ അദ്ദേഹം ജോസഫ്  സാറിനെ ഒരു പണി ഏൽപ്പിച്ചു.താൻ നടത്തിപ്പോന്നിരുന്ന സേക്രഡ് ഹാർട്ട് അനാഥാലയം ചുട്ട്  ചാമ്പലാക്കുക.ആ കുറ്റം എതിർസ്ഥാനാർത്ഥിയായ നാഗരാജന്റെ തലയിൽ കെട്ടിവെയ്ക്കുക...കുറച്ച് അനാഥപിള്ളേർ  മാത്രമായത് കൊണ്ട് ചോദിക്കാനും പറയാനും ആരും വരില്ല.ഇനി എന്തെങ്കിലും അന്വേഷണം വന്നാലും അത് നാഗരാജിന്റെ തലയിൽ ഇരുന്നോളും.എന്തായാലും ഇദ്ദേഹം  പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടന്നു.താൻ നടത്തിവന്നിരുന്ന അനാഥാലയത്തിലെ കുറച്ച് പിഞ്ചുകുഞ്ഞുങ്ങളും അവരെ പൊന്നുപോലെ നോക്കിയിരുന്ന ഒരമ്മയും വെന്ത് വെണ്ണീറായപ്പോൾ നാട്ടുകാർക്ക് ഇയാളോട് സിമ്പതി ആയി. നാഗരാജനെ  അവർ കല്ലെറിഞ്ഞ് ഓടിച്ചു.  ഇയാൾ എം.എൽ.എ ആയി..പിന്നീട് റവന്യു മിനിസ്റ്ററും.ഇദ്ദേഹം ഇപ്പൊ  മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള  നെട്ടോട്ടത്തിൽ ആണ്.അതിന് ഇനി ആരെയൊക്കെയാണ് കുരുതി കൊടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.."ദേവി വെറുപ്പോടെ ഗിരിധറിനെ നോക്കി.
ജോസഫും  ഗിരിധറും  ഉത്തരമില്ലാതെ നിന്ന് വിയർത്തു..
ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്നവർ ആഗ്രഹിച്ചു.
"ഓർഫനേജ് തകർത്തതിന്റെ പിന്നിൽ എന്റെ ഭർത്താവാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?"ലിസമ്മയുടെ ശബ്‍ദം ഇടറി ..
ദേവി രാഗേഷിന്റെ  ഫോൺ മേടിച്ച് അതിലെ വീഡിയോ പ്ലേയ് ചെയ്തു.
അതിൽ ഓർഫനേജിൽ തീ വെക്കുന്നവരുടെ കൂട്ടത്തിൽ  റോബിനെയും പിന്നെ തങ്ങളുടെ  എസ്റ്റേറ്റിലെ കുറച്ച് പണിക്കാരെയും  കണ്ടതോടെ ലിസമ്മ തകർന്ന് പോയി!
"എന്റെ കൈകൊണ്ട് എത്ര ഉരുള ചോറ് ഞാൻ വാരി തന്നിരിക്കുന്നു നിനക്ക്.എന്നിട്ടും നിന്റെ മനസ്സ് മുഴുവനും  വിഷം ആണല്ലോടാ ദുഷ്ടാ! " ലിസമ്മ റോബിന്റെ അടുത്ത് ചെന്ന് അവന്റെ കരണത്ത് ആഞ്ഞടിച്ചു.
"കുറച്ച് പിഞ്ചു  പൈതങ്ങളെ ചുട്ട് ചാമ്പലാക്കിയിട്ട് നീയൊക്കെ എന്ത് നേടിയെടാ പട്ടികളെ.. "ലിസമ്മ എല്ലാവരുടെയും മുഖത്ത് നോക്കി അലറിവിളിച്ചു!
"അന്ന് ഞാനും സത്യരാജ് സാറും അംബാ  മിൽസിൽ രാഖിയെ കാത്ത് താഴെ നിന്നപ്പോൾ സത്യരാജ് സാറിന് ഒരു കാൾ വന്നുവെന്ന് പറഞ്ഞല്ലോ.അത് റോബിന്റേതായിരുന്നു.റോബിനും കൂട്ടരും  ഓർഫനേജിന് തീ വെയ്ക്കുന്ന വീഡിയോ അവരാരും കാണാതെ മറഞ്ഞ് നിന്ന് എടുത്തത് ഓർഫനേജിലെ തന്നെ സെക്യൂരിറ്റി മുരുഗൻ ആയിരുന്നു.റോബിന്റെയും കൂട്ടരുടെയും  സംസാരത്തിൽ  നിന്നും ഗിരിധർ തന്നെയാണ് ഇതിന് പിന്നിൽ എന്ന് അയാൾ മനസിലാക്കിയിരുന്നു.മുരുഗന്  അവരെ തടുക്കാൻ ഭയമായിരുന്നു. ആ വീഡിയോ എടുത്ത ശേഷം ആരോടും പറയാതെ അയാൾ അവിടെ നിന്നും മുങ്ങി.പിന്നീട് സത്യങ്ങൾ പുറത്ത് കൊണ്ടുവരണമെന്നും കൊല്ലപ്പെട്ട മദറിനും കുഞ്ഞുങ്ങൾക്കും നീതി കിട്ടണമെന്നും പറഞ്ഞ്  മുരുഗൻ  സത്യരാജ് സാറിന്റെ കൈയിൽ ഈ വീഡിയോ ഏൽപ്പിച്ചു . അവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന പാപഭാരത്തിൽ മുരുഗൻ  നാടുവിട്ട്  പോയി.. പക്ഷെ പണത്തോട് ആർത്തിയുള്ള സത്യരാജ് സാർ  റോബിൻ  ആരാണെന്ന് കണ്ടുപിടിച്ച് റോബിനെ  വിളിച്ച് ഭീഷണിപ്പെടുത്തി.സംഭവം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് അവരെല്ലാവരും അന്ന് അംബാ മിൽസിൽ ഒത്തുകൂടിയത്.അവർ അങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ ഉദയൻ തന്റെ പ്ലാൻ മാറ്റി.രാഖിയോട് അവിടെ നിന്നും എത്രയും പെട്ടെന്ന് തിരികെ പോവാൻ ആവശ്യപ്പെട്ടു.അതെ സമയം തന്നെയായിരുന്നു തങ്ങൾ  അംബാ  മിൽസിലേക്ക് വരുന്നുണ്ടെന്നും  അവിടെ വെച്ച് ഒത്ത് കൂടാമെന്നും പറഞ്ഞ് റോബിൻ സത്യരാജ് സാറിനെ വിളിച്ചതും.അത്കൊണ്ടാണ് ഞങ്ങൾ തിരികെ പോയിട്ടും സത്യരാജ് സാർ അവിടെ തന്നെ വെയിറ്റ് ചെയ്തത്." ദേവി പറഞ്ഞു. ജോസഫും  ഗിരിധറും  റോബിനും ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. തങ്ങൾ പിടിക്കപ്പെട്ടു കഴിഞ്ഞുവെന്ന് ഇനി ഒന്നും ഒളിച്ച് വെയ്ക്കാനില്ലെന്ന് അവർക്ക് മനസ്സിലായി..
അവർ അവിടെ നിന്നും എഴുന്നേറ്റു .
"നിൽക്കണം!എന്റെ രാഖിക്കെന്ത്  പറ്റിയെന്നും കൂടി കേട്ടിട്ട് എഴുന്നേറ്റാൽ മതി!"അലക്സ് പറഞ്ഞത് കേട്ട് ജോസഫ് അവന് മുഖം കൊടുക്കാതെ തിരികെ ഇരുന്നു.ഗിരിധർ സോഫയുടെ സൈഡിൽ പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിയർത്ത് കുളിച്ച് നിന്നു.
"നിങ്ങളുടെ വീഡിയോ  ഞാൻ  മുറിയുടെ വെളിയിൽ നിന്നും എന്റെ  ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.പക്ഷെ നിങ്ങൾ സത്യരാജ് സാറിനെ  കൊല്ലുന്നത് കണ്ടപ്പോ രാഖി അലറിവിളിച്ചു! നിങ്ങൾ കാണുന്നതിന് മുൻപേ ഞാൻ രാഖിയെയും  കൊണ്ട് അവിടെ നിന്നുമോടി.ആരാണെന്ന് കണ്ടില്ലെങ്കിലും റോബിൻ ഞങ്ങളുടെ  പിറകെ ഓടി..രാഖിയുടെ ഷാളിലാണ് റോബിന് പിടിത്തം കിട്ടിയത്.പിടിവലിക്കിടയിൽ കാല് തെന്നി  എന്റെ രാഖി ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണു!"ദേവി ഭയാനകമായ   ആ ഓർമ്മയിൽ മുഖം പൊത്തി  കരഞ്ഞു! അലക്‌സും രാഗേഷും  എല്ലാം ഒരു മരവിപ്പോടെ ആ കഥ  വീണ്ടും കേട്ടിരുന്നു.
“താഴേക്ക് ഇറങ്ങിച്ചെന്നതും അവിടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന എന്റെ രാഖിയെ കണ്ടു!ജീവനുണ്ടോ  എന്ന് തൊട്ടു നോക്കി.പക്ഷെ അപ്പോഴേ എല്ലാം കഴിഞ്ഞിരുന്നു.ഒന്ന്  അലറിവിളിക്കാൻ പോലുമാവാതെ ഞാൻ അവിടെ നിന്നു.റോബിൻ സ്റ്റെയർകേസ് ഇറങ്ങി എന്റെ പിറകെ ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോയില്ല.നേരെ പോയത് മിനി മിസിന്റെ അടുത്തേക്കായിരുന്നു.”ദേവി പറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 12


"അത് പറയുന്നതിന് മുൻപ് നമുക്ക് വേറൊരാളെ കൂടെ ഈ  മുറിയിലേക്ക് വിളിപ്പിക്കാം."ദേവി പറഞ്ഞു.അവൾ രാഗേഷിനെ  നോക്കി.രാഗേഷ് തന്റെ മൊബൈലിൽ വീണ്ടും ആരെയോ വിളിച്ചു.
പെട്ടെന്ന് രാഗേഷിന്റെ കൂട്ടുകാരൻ ശരൺ  ആരെയോ വാ മൂടിക്കെട്ടി വലിച്ചിഴച്ച് അവിടേക്ക് കൊണ്ടുവന്നിട്ടു!
"താങ്ക്സ് ശരൺ! നീ തിരികെ കാറിലേക്ക്  പൊയ്ക്കോ.ഞാൻ വന്നേക്കാം.."രാഗേഷ് പറഞ്ഞു.ശരൺ തിരികെ കാറിലേക്ക് പോയി.
വാ മൂടിക്കെട്ടിയ ആൾ കരഞ്ഞ് കൊണ്ട് താഴെ നിന്നും എഴുന്നേറ്റു.അത് ഉദയനായിരുന്നു! അലക്സിന്റെ കണ്ണുകൾ കുറുകി.അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ മിന്നിമറഞ്ഞു! ഉദയന്റെ   മുഖമാകെ നീര് വന്ന് വീർത്തിരുന്നു.അയാൾ അവിടെ നിന്ന എല്ലാവരെയും ഭീതിയോടെ  നോക്കി..അലക്സ് ഓടി ചെന്ന് ഉദയന്റെ  വയറിനിട്ട് തന്നെ ആഞ്ഞ് ചവിട്ടി.
"പന്ന *(&#$@# എന്റെ പെണ്ണിനെ തന്നെ നിനക്ക് വേണമായിരുന്നു അല്ലേടാ നാറി! "അലക്സ് അയാളുടെ കരണത്ത് മാറിമാറി അടിച്ചു.
പെട്ടെന്ന് രാഗേഷും റോബിനും അവനെ തടഞ്ഞു.
"മതി അലക്സ്! ആവോളം കൊടുത്തിട്ടാ  ഞാൻ ഇങ്ങോട്ട് കൊണ്ടുവന്നത്.ഇനി തല്ലിയാൽ അവൻ ചത്ത് പോകും."രാഗേഷ് പറഞ്ഞു.
"ചാവണ്ടേ..ഇവനെ  പോലൊരുത്തൻ ഇനി ജീവിച്ചിരിക്കണ്ട.."അലക്സ് അയാൾക്ക് നേരെ ആക്രോശിച്ചു.
"ശെരിയാണ്. പക്ഷെ  അത് നിന്റെ കൈകൊണ്ടാവരുത് അലക്സ്.ആദ്യം ഇവന്റെ കൂടെ അന്നാ മുറിയിൽ ആരായിരുന്നുവെന്ന് നമ്മക്ക് അറിയണ്ടേ?"രാഗേഷ് ചോദിച്ചു.
"അതിനി ഇയാളുടെ നാവിൽ നിന്നെനിക്ക് കേൾക്കണമെന്നില്ല..എന്തിനായിരുന്നെടാ നാറി നീ എന്നെ ചതിച്ചത്?"പറഞ്ഞതും അലക്സ് ശിവയുടെ കരണത്തിനിട്ട്  ഒന്ന് പൊട്ടിച്ചു.ശിവ കവിൾത്തടം പൊത്തിപ്പിടിച്ച് തരിച്ച് നിന്നു!
ദേവിയും റോബിനും എബിയും രാഗേഷും എല്ലാവരും അലക്സിനെ പകച്ച്  നോക്കി!
"നാട്ടിൽ എല്ലാ ബിസിനസ്സും പൊട്ടിത്തകർന്ന് കുത്തുപാള എടുത്ത് നടന്നിരുന്ന നിന്റെ അച്ഛന്റെ അകന്ന ബന്ധത്തിൽ പെട്ട ഈ ഉദയനെ നീ  ആണ്  ഇങ്ങോട്ടേക്ക് കൊണ്ടുവന്ന് ഇവിടെ ഒരു ഫോട്ടോ ബൂത്ത് ഇട്ടുകൊടുത്തത്... നീ മിക്കപ്പോഴും ഇയാളുടെ കൂടെ ആ ഫോട്ടോ ബൂത്തിൽ സമയം ചെലവഴിക്കുന്നതും അവിടെ ഫോട്ടോ എടുക്കാൻ വരുന്ന സ്ത്രീകളെ പറ്റി ഓരോന്ന് പറയുന്നതും  ഒക്കെ ഈ പ്രായത്തിന്റെ ചോരത്തിളപ്പായെ ഞാൻ കണ്ടിരുന്നുള്ളൂ.പക്ഷെ ദേവി ഇവിടെ ഉണ്ടെന്നറിഞ്ഞത് മുതൽ നീ കുറ്റം അവളുടെ മേൽ കെട്ടി വെയ്ക്കാൻ കഷ്ട്ടപ്പെടുകായായിരുന്നു.എരിതീയിൽ എണ്ണ ഒഴിക്കാനെന്ന പോലെ നീ ദേവിയോടുള്ള എന്റെ പക കൂട്ടിക്കൊണ്ടേ  ഇരുന്നു.ഇന്ന് ഫോൺ തരാൻ  മടിച്ചപ്പോൾ പോലും എന്റെ സംശയം കൂടി .പക്ഷെ മിനി മിസ്സിന്റെ വായിൽ നിന്നും ഉദയൻ എന്ന പേര് കേട്ടതും അയാളുടെ കൂടെ വേറൊരാൾ എന്റെ രാഖിക്കായി വല വിരിച്ച് അവിടെ കാത്ത് നിൽപ്പുണ്ടായിരുന്നു എന്ന് ദേവി പറഞ്ഞതും ഞാൻ ഉറപ്പിച്ചു അത് വേറാരുമല്ല നീ യാണെന്ന്!"അലക്സിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.ശിവ ഒന്നും മിണ്ടാതെ ദേവിയെ പകയോടെ നോക്കി നിന്നു.
"മരിക്കുന്നതിന് മുൻപ് രാഖി എന്നോടെല്ലാം പറഞ്ഞിട്ടുണ്ടാവുമെന്ന് ഇവൻ ഊഹിച്ചു.ഇവന്റേം ഉദയന്റേം  ഭീഷണി ഭയന്നാവാം രാഖി ആത്മഹത്യ ചെയ്തതെന്നും ഇവരെ ഭയന്നാവാം ഞാൻ നാടുവിട്ടതെന്നും ഇവൻ  വിചാരിച്ചു.അതുകൊണ്ട് ഞാൻ ഇവിടെ അലക്സിന്റെ തടങ്കലിൽ ആയിരുന്നപ്പോ എന്നെ ഭീഷണിപ്പെടുത്താൻ വന്നിരുന്നു ."ദേവി വെറുപ്പോടെ ശിവയെ നോക്കി പറഞ്ഞു.എബി വിശ്വാസം വരാതെ ശിവയെ നോക്കി.
"എങ്ങനെ തോന്നിയെടാ നായെ?ഒന്നുമില്ലെങ്കിലും  അവൾ എന്റെ പെണ്ണായിരുന്നു എന്ന ഒറ്റ കാരണം മതിയായിരുന്നു.. അവളെ ജീവിക്കാൻ അനുവദിച്ചുകൂടായിരുന്നോ?"ശിവയോടുള്ള അലക്സിന്റെ ചോദ്യം കേട്ട് രാഗേഷിന്റെ  കണ്ണുകൾ നിറഞ്ഞു.റോബിൻ അലക്സിനെ സമാധാനിപ്പിച്ചു.ദേവി ഒരു കൈ കൊണ്ട് മിനി മിസ്സിനെ പൊതിഞ്ഞ് പിടിച്ചിരിക്കുകയായിരുന്നു.
"നിനക്കൊക്കെ കാശായിരുന്നു വേണ്ടതെങ്കിൽ ഞാൻ എത്രവേണമെകിലും തരുമായിരുന്നല്ലോ..പെണ്ണിന്റെ നഗ്നത കണ്ട് രസിക്കുമ്പോൾ ഓർത്തില്ല അല്ലെ കൈ വളരുന്നോ  കാലു വളരുന്നോ എന്ന് നോക്കി അവളെ വളർത്തിയവർ അതിന്റെ കണക്ക് തീർക്കാൻ വരുമെന്ന്?"രാഗേഷ് ശിവയുടെ തല പിടിച്ച് ഭിത്തിയിൽ ആഞ്ഞടിച്ചു.ഉദയൻ  അത് കണ്ട് ഭയന്ന് നിലവിളിച്ചു!
"സ്വന്തം പെങ്ങടെ സ്ഥാനത്ത് കാണേണ്ട ഒരുത്തിയെ കാമത്തോടെ പ്രാപിക്കാൻ നടന്ന നീ ഇനി ഈ ഭൂമിയിൽ വേണ്ട!"അലക്സ് നിലത്ത് വീണ് കിടന്ന ശിവയെ ചവിട്ടാനായി കാലോങ്ങി!
റോബിനും എബിയും അവനെ തടയാൻ ശ്രമിച്ചു.പക്ഷെ അവൻ  വിട്ടില്ല.ഒടുവിൽ രാഗേഷും കൂടി ചേർന്ന് അലക്സിനെ  പിടിച്ച് മാറ്റി.
"അലക്സ് കഥ ഇവിടെ തീരുന്നില്ല!"ദേവി പറഞ്ഞത് കേട്ട് അലക്സ് അവളെ നോക്കി.
"രാഗേഷേട്ടന്റെ ഫോണിൽ ഒരു വീഡിയോ ഉണ്ട്.അത് ഒന്ന് കണ്ടുനോക്ക്.."ദേവി പറഞ്ഞു.
രാഗേഷ് തന്റെ ഫോൺ അലക്സിന് നേരെ നീട്ടി.അതിൽ പോസ് ചെയ്ത വെച്ചിരുന്ന വീഡിയോ പ്ലേയ് ചെയ്തു.
ആ വീഡിയോ കണ്ട് അലക്സിന്റെ സപ്തനാഡികളും തളർന്നുപോയി! അവൻ ഞെട്ടിത്തരിച്ച് നിന്നു! ********
മാളിയേക്കൽ തറവാട്ടിൽ അന്ന് ഉത്സവമായിരുന്നു.അലക്സ് തിരികെ വരുന്നെന്ന് വിളിച്ച് പറഞ്ഞതനുസരിച്ച് ലിസമ്മ അവനിഷ്ടമുള്ള ഭക്ഷണമെല്ലാം തയ്യാറാക്കി വെച്ചിരുന്നു.ജോസഫ് വിളിച്ച് പറഞ്ഞതനുസരിച്ച്  ചെന്നൈയിൽ നിന്നും ഗിരിധറും  എത്തിയിട്ടുണ്ടായിരുന്നു.
"ഇങ്ങനെ വലിച്ച് കേറ്റി നീ ഇപ്പൊ തന്നെ അങ്ങ് മുകളിലോട്ട് പോകുന്ന മട്ടുണ്ടല്ലോടാ.."ഗ്ലാസ്സിലിരുന്ന മദ്യം ഒറ്റയടിക്ക് വലിച്ചുകുടിക്കുന്ന ജോസഫിനെ ഗിരിധർ കളിയാക്കി.
"ഓഹ് പ്രഷറും  ഷുഗറും കൊളസ്ട്രോളും ഒന്നുമില്ലാത്ത നിനക്ക് അതൊക്കെ പറയാം.ലിസമ്മ  ഒന്നിൽ കൂടുതൽ കുടിക്കാൻ സമ്മതിക്കുകേല..കണ്ടാൽ പിന്നെ അത് മതി."ജോസഫ് ചിരിച്ചുകൊണ്ട് പറഞ്ഞു.
"മനസ്സ് നന്നായിരിക്കണമെടാ..ഇല്ലെങ്കിൽ ഇങ്ങനത്തെ പല രോഗങ്ങളും വരും."ഗിരിധർ അയാളെ കളിയാക്കി.
"അതെ ഞാൻ ഒന്നും അറിയുന്നില്ലെന്ന് വിചാരിക്കേണ്ട ..എല്ലാം കാണുന്നുണ്ട് കേട്ടോ."ലിസമ്മ ചിരിച്ചുകൊണ്ട് അകത്തേക്ക് വന്നതും ജോസഫ് കുറ്റവാളിയെ പോലെ മുഖം താഴ്ത്തി.
"ഗിരി സാർ ഉള്ളത് കൊണ്ട് തൽക്കാലം  ക്ഷമിച്ചിരിക്കുന്നു.."ലിസമ്മ പറഞ്ഞത് കേട്ട്  ജോസെഫിന്റെ മുഖം തെളിഞ്ഞു.
"ചോറ് പോലെയാ ഗിരി സാറേ ജോച്ചായൻ ഗുളികകൾ കഴിക്കുന്നത്.ഒരുപാടുണ്ട്..അത് കൊണ്ടാ ഞാൻ ഇത്ര സ്ട്രിക്ട് ആയിട്ട് നിക്കുന്നത്.."ലിസമ്മ പറഞ്ഞു.ഗിരിധർ ചിരിച്ചു.
"ലിസമ്മ ഇന്ന് ഭയങ്കര സന്തോഷത്തിലാണല്ലോ.."ഗിരിധർ പറഞ്ഞു.
"അലക്സി വരുന്നെന്റെയാ..എന്റെ ചെറുക്കനെന്തോ പറ്റിയെന്നും പറഞ്ഞ് നെഞ്ചത്തടിച്ച് കരച്ചിലായിരുന്നു.ഇപ്പഴാ മുഖം ഒന്ന് തെളിഞ്ഞ് കണ്ടത്.."ജോസഫ് കളിയാക്കി.ലിസമ്മ മുഖം വീർപ്പിച്ചു.
"പിള്ളേര് വന്നു കേട്ടോ.."സാറാമ്മ വിളിച്ച് പറഞ്ഞു.
ലിസമ്മ വേഗം വെളിയിലേക്കിറങ്ങി ചെന്നു.
അവിടെ കാറിൽ നിന്നും അലക്‌സും റോബിനും ഇറങ്ങി.
"മക്കളെ.."ലിസമ്മ ഓടി ചെന്ന് അലക്സിനെ കെട്ടിപ്പിടിച്ചു.
അവൻ ഒന്നും മിണ്ടാതെ അവരുടെ കൈവിടുവിച്ച് അകത്തേക്ക് കയറി.പിറകെ റോബിനും.രാഖി പോയതിൽ പിന്നെ അലക്സിന്റെ അവസ്ഥ അറിയാവുന്നത്കൊണ്ട് ലിസമ്മ  അത് കാര്യമാക്കിയില്ല.ഹാളിൽ ജോസഫ് തരകനും ഗിരിധറും  അവരെ കാത്ത് നിൽപ്പുണ്ടായിരുന്നു.
"എന്റെ പൊന്ന് കൊച്ചനെ.ഇനി എങ്ങോട്ടെങ്കിലും പോവാണെങ്കിൽ ഒന്ന് പറഞ്ഞിട്ട് പൊക്കോണേ .നീ പോയതിൽ പിന്നെ എനിക്ക് ചെവിതല തന്നിട്ടില്ല നിന്റെ മമ്മി.."ജോസഫ് തരകൻ  ചിരിച്ചുകൊണ്ട് പറഞ്ഞു.
"അല്ല ശിവ വന്നില്ലേ..?"ഗിരിധർ അവരുടെ പിറകിലേക്ക് നോക്കികൊണ്ട്  ചോദിച്ചു.
"അവൻ കുറച്ച് ഫ്രെണ്ട്സിന്റെ  കൂടെ ഗോവ വരെ പോയി.."അലക്സ് പറഞ്ഞു.
"എന്നിട്ട് നിങ്ങൾ പോയില്ലേ?"ജോസഫ് ചോദിച്ചു.
"ഞങ്ങള് ചെല്ലണ്ട എന്ന് പറഞ്ഞു. കുറച്ച് ദിവസം തനിയെ എൻജോയ് ചെയ്യണമെന്ന്.."അലക്സ് പറഞ്ഞതിന്റെ അർത്ഥം  അവർക്കാർക്കും മനസ്സിലായില്ല.സാധാരണ നാട്ടിൽ വന്നാൽ അലക്സിനെയും റോബിനെയും കൂട്ടാതെ ശിവ എങ്ങും പോകാറില്ല.
റോബിൻറെയും അലക്‌സിന്റെയും മുഖത്ത് ഒട്ടും തെളിച്ചമില്ലായിരുന്നു..
"നിങ്ങൾ എങ്ങനെ കൂട്ടിമുട്ടി?ഇവന്മാര് നിന്നെ അന്വേഷിച്ചാ വരുന്നതെന്ന് ഞങ്ങളോട് പറഞ്ഞില്ലായിരുന്നു.."ലിസമ്മ പറഞ്ഞു.അലക്സ് ഒന്നും മിണ്ടിയില്ല.
"എന്നതാടാ പിള്ളേരെ?എന്താ രണ്ടിന്റേം മോന്ത ഇങ്ങനെ ഇരിക്കുന്നത്?കാര്യം പറയ്.."ജോസഫ് ചോദിച്ചു.
"എന്താ അലക്സ്?എന്തെങ്കിലും പ്രശ്നം ഉണ്ടോ?എന്താ റോബിൻ കാര്യം?"ഗിരിധറും  ചോദിച്ചു..
"എന്റെ രാഖി എങ്ങനെയാ മരിച്ചതെന്ന് ഞാൻ കണ്ടെത്തി പപ്പാ.."അലക്സ് പറഞ്ഞു.
"അവളെ കൊന്നതാ പപ്പാ..അവളെ കൊന്നതാ.."അലക്സ് പൊട്ടിക്കരഞ്ഞുകൊണ്ട്‌ ജോസഫിന്റെ തോളിലേക്ക് വീണു.അയാൾ മകനെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
"കരയാതെ..കരയാതെ മക്കളെ.. എന്നാ ?എന്നാ സംഭവിച്ചത് ? ആരാ അത് ചെയ്തത്?"ജോസഫ് ചോദിച്ചു.
"ഉദയൻ..ഈ നിൽക്കുന്ന ഗിരി അങ്കിളിന്റെ റിലേറ്റീവ് ഉദയൻ.."അലക്സ് പറഞ്ഞു.
"ഉദയനോ! നീ എന്താ മോനെ ഈ പറയുന്നത്?ഉദയനും രാഖിയും തമ്മിൽ എന്ത് ബന്ധം?എനിക്ക് മനസ്സിലാവുന്നില്ല..."ഗിരിധർ പറഞ്ഞു.
"അതെ.രാഖിയുടെ കുറച്ച് ന്യൂഡ് ഫോട്ടോസ് വെച്ച് അയാൾ രാഖിയെ ഭീഷണിപ്പെടുത്തി.ഗിരി അങ്കിളിന്റെ പേരിലുള്ള അംബാ മിൽസിലേക്ക് വിളിച്ച് വരുത്തി.ഇതെല്ലം രാഖിയുടെ ബെസ്ററ്  ഫ്രണ്ട് ദേവിക്ക് അറിയാമായിരുന്നു..അവൾ എല്ലാം നേരിൽ കണ്ടതാണ്.."അലക്സ് പറഞ്ഞു.ലിസമ്മ അലക്സിന്റെ  അടുത്തേക്ക് ചെന്ന് സമാധാനിപ്പിക്കാനെന്നവണ്ണം അവന്റെ തലയിൽ വിരലോടിച്ചു.റോബിൻ ഒന്നും മിണ്ടാതെ അവിടെ ഒരു സോഫയിൽ ഇരുന്നു.
"എന്നിട്ട് എന്നിട്ട് എന്ത് ഉണ്ടായി മോനെ?"ഗിരിധർ ചോദിച്ചു.
"ദേവി ഇവിടെ വന്നിട്ടുണ്ട്..അവൾ ബാക്കി ഡീറ്റെയിൽസ് പറയും.."അലക്സ് പറഞ്ഞതും ദേവി അങ്ങോട്ടേക്ക് വന്നു.പിറകെ രാഗേഷും.
അലക്സ് രാഗേഷിനെ അവിടെ എല്ലാവര്ക്കും പരിചയപ്പെടുത്തി.
"എന്താ അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്ന്  എല്ലാവര്ക്കും പറഞ്ഞ് കൊടുക്ക് ദേവി.."അലക്സ് പറഞ്ഞു.ദേവി അലക്സിനെ ഒന്ന് നോക്കി.
അവൻ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു.
"ഉദയൻ പറയുന്ന സ്ഥലത്ത് ചെന്ന് അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങി കൊടുത്തില്ലെങ്കിൽ തന്റെ കൈയിലുള്ള രാഖിയുടെ ഫോട്ടോസ് എല്ലാവരെയും കാണിക്കും എന്ന് ഭീഷണിപ്പെടുത്തി.അവളോട് അംബാ മിൽസിലേക്ക് ചെല്ലണമെന്ന് അറിയിച്ചു. ഞാൻ രാഖിയുടെ  കാര്യം ഞങ്ങളെ പഠിപ്പിച്ചിരുന്ന മിനി മിസ്സിനോടും അവരുടെ ഭർത്താവിനോടും പറഞ്ഞിരുന്നു.അവരുടെ ഭർത്താവ് സത്യരാജ് സാർ പോലീസിലായിരുന്നു.അദ്ദേഹം ഞങ്ങളെ സഹായിക്കാമെന്ന് ഏറ്റു.. ഉദയൻ  പറഞ്ഞതുപോലെ രാഖി  അംബാ മിൽസിൽ അയാളെ കാണാൻ ചെന്നു.ഞാനും  സത്യരാജ് സാറും അംബാ മിൽസിന്റെ  താഴെ വെയിറ്റ് ചെയ്തു..രാഖി ചെല്ലുമ്പോൾ മുറിയിൽ  ഉദയൻ  മാത്രമേ ഉണ്ടായിരുന്നുള്ളു."ദേവി അലക്സിനെ ഒന്ന് കൂടി നോക്കി.അവൻ അത് ശരി വെക്കുന്ന മട്ടിൽ ഒന്ന് തലയാട്ടി..റോബിൻ കണ്ണുകളടച്ച് ഇരുന്നു.
"പക്ഷെ ഉദയന്റെ പ്ലാനിൽ ചെറിയൊരു മാറ്റം വന്നു.പിന്നീട് വേറെ എവിടെയെങ്കിലും വെച്ച് മീറ്റ് ചെയ്യാമെന്ന് പറഞ്ഞ് അവളെ പറഞ്ഞ് വിട്ടു.ഉദയന്റെ കൈയിൽ രാഖിയുടെ  ഫോട്ടോസ്  ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പിക്കാതെ തൽക്കാലം  ഇതിൽ ഇടപെടേണ്ട എന്ന് ഞങ്ങൾ തീരുമാനിച്ചു.ഞാനും രാഖിയും  സത്യരാജ് സാറിനോട് യാത്ര പറഞ്ഞ് തിരികെ നടന്നു.
ഹോസ്റ്റലിന്റെ പടിക്കൽ  എത്തിയപ്പോളാണ് തന്റെ കൈയിൽ കിടന്നിരുന്ന അലക്സ് കൊടുത്ത ബ്രേസ്‌ലെറ്റ് നഷ്ട്ടപ്പെട്ട  കാര്യം രാഖി  മനസ്സിലാക്കിയത്. ഞങ്ങൾ വന്ന വഴി തിരികെ മുഴുവൻ നടന്നിട്ടും അത് കണ്ടില്ല.അംബാ മിൽസിൽ എവിടെയെങ്കിലും വീണ് പോയിട്ടുണ്ടാവുമെന്ന് ഞങ്ങൾക്ക് തോന്നി.അങ്ങനെ ഞങ്ങൾ അവിടെ  എത്തി താഴെ എല്ലാടവും അരിച്ച് പെറുക്കി.അത് കണ്ടെത്താനായില്ല.ഉദയന്റെ കൂടെ മുറിയിൽ നിന്നപ്പോൾ അത് അവിടെ എവിടെയെങ്കിലും ഊരി  വീണതായിരിക്കാം എന്നവൾ പറഞ്ഞു.  അങ്ങനെ ഞങ്ങൾ സ്റ്റെയർകേസ് കയറി ആ മുറിയിലേക്ക് നടന്നു.അവിടെ പക്ഷെ മറ്റൊരു മുറിയിൽ ആരുടെയൊക്കെയോ സംസാരം കേട്ട് ഞങ്ങൾ നിന്നു..”
എല്ലാവരും  ദേവി  പറയുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കുകയായിരുന്നു.
"ആരായിരുന്നു അത് ?"ലിസമ്മ ചോദിച്ചു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 11

----------------------------
ഇത്തവണ ദേവിയുടെ കണ്ണുകൾ മൂടികെട്ടാതെ ആണ് അവളെ മുറിക്ക് വെളിയിൽ ഇറക്കിയത്.വെളിയിൽ ഇറങ്ങി വെളിച്ചം അടിച്ചപ്പോൾ അവൾ പെട്ടെന്ന് കണ്ണുകൾ പൊത്തി.കുറച്ച് ദിവസങ്ങൾ കൂടിയായിരുന്നു അവൾ ഇത്രയും വെളിച്ചം കാണുന്നത്.  ആ  സ്ഥലം ഏതാണെന്ന് തിരിച്ചറിഞ്ഞതും അവൾ സ്തബ്ധയായി നിന്നു!ഒരു നിലവിളി അവളുടെ  തൊണ്ടയിൽ കുടുങ്ങി!  തമിഴ്നാട്ടിലെ അംബാ മിൽസ്! രാഖി മരിക്കുന്ന അന്ന് ഉദയൻ പറഞ്ഞതനുസരിച്ച് താനും രാഖിയും അവസാനമായി ഒരുമിച്ച് വന്ന സ്ഥലം. ദേവി കുറച്ച് നേരം അവിടെ നിന്ന് ചുറ്റും  നോക്കി.ദൂരെ താനും രാഖിയും പഠിച്ചിരുന്ന കോളേജ് കെട്ടിടം കണ്ടു.അവളുടെ ഓർമ്മകൾ പലവഴിക്ക് പോയി.താനും രാഖിയും കൈകോർത്ത് പിടിച്ച് ചിരിച്ച് കളിച്ച് നടന്ന  വഴികൾ കണ്ടപ്പോൾ നെഞ്ചിൽ കല്ല് കയറ്റി വെച്ചത് പോലെ തോന്നി..അധികം ദൂരത്തല്ലാതെ സേക്രഡ് ഹാർട്ട് ഓർഫനേജിന്റെ അവശിഷ്ടങ്ങളും കണ്ടു! അവൾക്കൊന്നുറക്കെ കരയണമെന്ന് തോന്നി..അംബാ  മിൽസിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു അവൾ നിന്നിരുന്നത്.ദേവി  അവിടെ നിന്നും താഴേക്ക് ഒന്ന് നോക്കി.രാഖിയുടെ ബോഡി കിടന്നിരുന്ന സ്ഥലം അവൾ കൃത്യമായി  ഓർത്തടുത്തു.തന്റെ ശരീരം തളരുന്നത് അവൾ അറിഞ്ഞു.എബി അവളുടെ കൈപിടിച്ച് അവളെ മറ്റൊരു മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.ദേവി ചെല്ലുമ്പോൾ മുറിയിൽ അലക്‌സും റോബിനും ശിവയും രാഗേഷും എല്ലാവരും ഉണ്ടായിരുന്നു.
ദേവിയുടെ പ്രാകൃത കോലം കണ്ട് റോബിനും രാഗേഷും അവളെ സഹതാപത്തോടെ നോക്കി നിന്നു.അവളുടെ ആ അവസ്ഥയിലും ശിവയുടെ കഴുകൻ  കണ്ണുകൾ അവളുടെ അഴകളവുകളിൽ  ആർത്തിയോടെ ഓടി നടന്നു.
അലക്സിന് മാത്രം ഒരു മാറ്റവും ഇല്ലായിരുന്നു.അവൻ ദേവിയുടെ അടുത്തേക്ക് പതിയെ നടന്ന് ചെന്നു.
"വെൽക്കം  മിസ് മരിയ എലീന..!" അലക്സ് അവളെ കളിയാക്കി.
"ഈ വൈകിയ വേളയിലെങ്കിലും നിനക്ക് ഒന്നും പറയാനുണ്ടാവില്ല എന്നെനിക്കറിയാം.എന്നാലും കൊടും കുറ്റവാളികളെ കൊല്ലുന്നതിന് മുൻപ്  കോടതി പോലും ചോദിക്കുന്ന ചോദ്യമുണ്ട്.അവസാനമായി എന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന്...നിനക്ക് അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടോ മിസ് മരിയ എലീന ഏലിയാസ് ദേവി?"അലക്സ് പുച്ഛിച്ച് ചിരിച്ചുകൊണ്ട് ചോദിച്ചു.
ദേവി ഒന്നും മിണ്ടിയില്ല.
"ഈ സ്ഥലം ഏതാണെന്ന് നിനക്ക് മനസ്സിലായല്ലോ അല്ലെ?എന്റെ രാഖിയുടെ ശ്വാസം നിലച്ച അതെ അംബാ മിൽസ് ! ഇന്ന് നിന്നെ ഞാൻ ഇവിടെ ഇവരുടെ എല്ലാവരുടെയും മുൻപിൽ വെച്ച് പാതാളത്തിലേക്ക്  ചവിട്ടി താഴ്ത്താൻ പോവുകായാണ് ദേവി. അതിന് മുൻപ് ഞാൻ നേരത്തെ ചോദിച്ചത്  പോലെ അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞോളു !"അലക്സിന്റെ ചോദ്യം കേട്ട് അവൾ രാഗേഷിനെ  നോക്കി. രാഗേഷ് മറ്റാരും കാണാതെ അവളെ നോക്കി ഒന്ന് തലയാട്ടി.
അത് കണ്ട് ദേവിയുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു.പതിയെ അവൾ അവരെ എല്ലാവരെയും നോക്കി ഒന്ന് ചിരിച്ചു.അവളുടെ ഭാവമാറ്റം കണ്ട് രാഗേഷ് ഒഴികെ ബാക്കി എല്ലാവരും അമ്പരന്നു!
"നിനക്കെന്താ ഭ്രാന്ത് പിടിച്ചോ?"അലക്സ് ചോദിച്ചു.
ദേവി ഒന്നും മിണ്ടാതെ അതെ ചിരിയോടെ അവിടെ ഒരു കസേരയിൽ കയറി ഒരു കാല് മറ്റേ കാലിന്റെ മുകളിൽ കയറ്റി വെച്ച് ഇരുന്നു.എന്നിട്ട് എല്ലാവരെയും ഒന്ന് നോക്കി.എന്താണവളുടെ  ഉദ്ദേശം എന്ന് ആർക്കും മാനസ്സിലായില്ല.
"അലക്സിന് എന്തൊക്കെയോ ചോദ്യങ്ങൾ ഉണ്ടെന്ന് പറഞ്ഞില്ലേ?എന്തൊക്കെയാണാ  ചോദ്യങ്ങളെന്ന്  ഒന്ന് കൂടി പറയാമോ?"ദേവി ചോദിച്ചു.
"നീയെന്താ മനുഷ്യനെ കളിയാക്കുവാണോ ?അതോ നിന്നെ കൊല്ലാതിരിക്കാനുള്ള  പുതിയ അടവുകൾ എന്തെങ്കിലും പരീക്ഷിക്കുകയാണോ?"അലക്സ് ചോദിച്ചു.
"ശരി ഞാൻ തന്നെ ആ ചോദ്യങ്ങൾ ആവർത്തിക്കാം.രാഖി എന്തിന് ആത്മഹത്യ ചെയ്തു? ഞാൻ എന്തിന് ഒളിച്ചോടി? എങ്ങനെ മെക്സിക്കോയിൽ  എത്തി ?ദേവി എന്ന ഈ ഞാൻ  എങ്ങനെ എന്തിന് മരിയ എലീന ആയി? ഇതൊക്കെ അല്ലെ അലക്സിന് അറിയേണ്ടത്?പറയാം.എല്ലാം ഞാൻ  പറയാം.പക്ഷെ അതിന് മുൻപ് എനിക്ക് ഒരു ഡിമാൻഡ് ഉണ്ട്!"ദേവി പറഞ്ഞത് കേട്ട് അലക്സ് അവളെ അമ്പരപ്പോടെ നോക്കി.മരിക്കാൻ  പോവുന്നതിന്റെ ഒരു ഭയവും അവളുടെ സംസാരത്തിൽ  ഉണ്ടായിരുന്നില്ല.അത്രയ്ക്ക് ആത്മവിശ്വാസം ഉണ്ടായിരുന്നു അവളുടെ  പെരുമാറ്റത്തിൽ .
"എന്ത് ഡിമാൻഡ്?"അലക്സ് ചോദിച്ചു.
"രാഗേഷേട്ടന്റെ ഒഴിച്ച്  ഈ മുറിയിൽ ഉള്ള എല്ലാവരുടെയും ഈ എബിച്ചന്റെ ഉൾപ്പെടെ മൊബൈൽ എന്റെ കൈയിൽ തരണം .ഒരാൾക്ക് ഒന്നിൽ കൂടുതൽ മൊബൈൽ ഉണ്ടെങ്കിൽ അതും.അത് മാത്രമല്ല ഞാൻ സംസാരിച്ച് തീരുന്നത് വരെ ആരെങ്കിലും ചാവാൻ പോവാണെന്ന് പറഞ്ഞാൽ പോലും ഒറ്റ ഒരെണ്ണവും  ഈ മുറി വിട്ട് പുറത്തിറങ്ങരുത്! എന്താ സമ്മതമാണോ?"ദേവിയുടെ ചോദ്യം  കേട്ട് അലക്സ് അവളെ തന്നെ നോക്കി നിന്നു.
അവൻ എല്ലാവരെയും ഒന്ന് നോക്കി.അവളുടെ ഡിമാൻഡ് അംഗീകരിച്ച് കൊടുക്കാൻ ആർക്കും താൽപ്പര്യമില്ലെന്ന്  അവരുടെ ഒക്കെ മുഖഭാവത്തിൽ നിന്നും അവന് വ്യക്തമായി.
"ഇത് ഇവളുടെ അടവാ അലക്‌സേ..നീ കുറച്ച് സമയം ഒന്ന് വെളിയിലേക്കിറങ്ങി നിൽക്ക്.ചോദിക്കേണ്ടത് പോലെ ചോദിച്ചാൽ ഇവൾ മണി മണി പോലെ എല്ലാം പറയും. അക്കാര്യം ഞാൻ ഏറ്റു!" ശിവ അലക്സിനോട് പറഞ്ഞു.
"ആഹ്  ഒറ്റയ്ക്ക് കിട്ടിയാൽ പിന്നെ എന്നെ എത്രയും പെട്ടെന്ന് മുകളിലോട്ട് അയക്കാമല്ലോ അല്ലെ..? കൊള്ളാം!"ദേവി പുച്ഛിച്ചു.ശിവ ദേവിയെ പല്ലുകടിച്ചുകൊണ്ട് നോക്കി.
"എന്റെ ഡിമാൻഡ് അംഗീകരിച്ച് തരാൻ സമ്മതമാണെങ്കിൽ അലക്സിന്റെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള മറുപടി ഞാൻ പറയാം."ദേവി അലക്സിനെ നോക്കി.
"സമ്മതം!" അലക്സ് പറഞ്ഞതുകേട്ട് എല്ലാവരും അവനെ അന്താളിപ്പോടെ നോക്കി.അലക്സ് എല്ലാവരുടെയും കൈകളിൽ നിന്നും അവരുടെ ഫോൺ മേടിക്കാൻ തുടങ്ങി.
"അലക്സേ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?" ശിവ ചോദിച്ചു.
"നിനക്കെന്തിനാ ഇത്ര ഭയം?"അലക്സ് അവനെ സംശയത്തോടെ നോക്കി.
"അല്ല..എന്റെ കുറച്ച് പേർസണൽ വീഡിയോസ്..ഇതിനകത്ത് ഉണ്ട്..അത് ആരെങ്കിലും കണ്ടാൽ.."ശിവ തടി തപ്പാനായി പറഞ്ഞു.
"ഹലോ എനിക്ക് നിങ്ങളുടെ പോൺ വീഡിയോസ് ഒന്നും കാണണ്ട ശിവാ .ഞാൻ സംസാരിച്ച് കഴിയുന്നത് വരെ നിങ്ങൾ മറ്റാരുമായും ബന്ധപ്പെടാൻ ശ്രമിക്കരുത്.അതിന് വേണ്ടി മാത്രമാണ് നിങ്ങളുടെ എല്ലാവരുടെയും  ഫോൺ എന്റെ കൈയിൽ തരണമെന്ന് പറഞ്ഞത്. "ദേവി പറഞ്ഞു.
അലക്സ് ശിവയുടെ കൈയിൽ നിന്നും അവന്റെ ഫോൺ പിടിച്ച് വാങ്ങി.
"നിനക്കും ഫോൺ തരാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?"അലക്സ് റോബിനോട്  ചോദിച്ചു.റോബിൻ ദേവിയെ ഒന്ന് നോക്കി.ദേവിയും അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു.
"ഇല്ല.."റോബിൻ ദേവിയെ നോക്കിക്കൊണ്ട് തന്റെ ഫോൺ അലക്സിന്റെ കൈയിൽ കൊടുത്തു.രാഗേഷ് എല്ലാം നോക്കി നിൽക്കുകയായിരുന്നു.
എബിയുടെ  ഫോണും കൈയിൽ മേടിച്ചതിന് ശേഷം അലക്സ് കൈയിലിരുന്ന മൊബൈൽ എല്ലാം ടേബിളിൽ ദേവിയുടെ മുൻപിലായി വെച്ചു.
"ആ വാതിൽ അങ്ങ് അടച്ചേരേ എബിച്ചായാ.."അലക്സ് എബിയോടായി പറഞ്ഞു.
"അടയ്ക്കാൻ വരട്ടെ..ഒരാളെ വിളിക്കാനുണ്ട്.."ദേവി പറഞ്ഞതുകേട്ട് അലക്സ് അവളെ നോക്കി.ശിവയും റോബിനും എബിയും എന്താണ് അവിടെ  നടക്കാൻ പോകുന്നതെന്ന് മനസ്സിലാവാതെ പരസ്പരം നോക്കി.
പെട്ടെന്ന് രാഗേഷ് തന്റെ മൊബൈലിൽ നിന്നും ആരെയോ വിളിച്ചു.
കുറച്ച് കഴിഞ്ഞ് വാതിലിന് വെളിയിൽ നിന്നും ഒരു സ്ത്രീ രൂപം അകത്തേക്ക് കയറി വന്നു.
അധികം നിറമില്ലാത്ത മുഷിഞ്ഞ കോട്ടൺ സാരി ഉടുത്ത് മുഖത്തെ തേജസ്സ്  നഷ്ടപ്പെട്ട് ഒരു വിഷാദ ഭാവത്തോടെ തന്റെ മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അലക്സ് മാത്രമല്ല എല്ലാവരും ഞെട്ടി!
"മിനി മിസ് !"അലക്സ് വിളിച്ചു.
"അതെ മറന്നിട്ടില്ല അല്ലെ..നമ്മുടെ മിനി മിസ് തന്നെ.."ദേവി പറഞ്ഞു.
ദേവിയെ കണ്ടതും മിനി മിസ് വിശ്വാസം വരാതെ അവളെ തന്നെ നോക്കി നിന്നു.തന്റെ ഫേവറേറ്റ് സ്റുഡന്റ്സിൽ ഒരാൾ ആയിരുന്ന ദേവിയുടെ ഇന്നത്തെ അവസ്ഥ കണ്ട്  മിനി മിസ്സിന്റെ  കണ്ണുകൾ നിറഞ്ഞു.പെട്ടെന്ന് അവിടെ ആരെയോ കണ്ട് മിനി മിസ്സിന്റെ കണ്ണുകളിൽ ഭീതി പടർന്നു!
"മിസ്സിന് നമ്മളോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ട്..അത് പറഞ്ഞ് തീരുന്നതുവരെ ആരും ഇവിടുന്ന് അനങ്ങി പോവരുത്!" ദേവി എല്ലാവരോടുമായി പറഞ്ഞു.
"ഇനി ആ വാതിൽ അങ്ങ് അടച്ചേരെ രാഗേഷേട്ടാ.."ദേവി പറഞ്ഞു.രാഗേഷ് വാതിലടച്ച് കുറ്റി ഇട്ടു .
ദേവി എഴുന്നേറ്റ് ചെന്ന് മിനി മിസ്സിന്റെ കൈയിൽ പിടിച്ച് തന്റെ അരികിൽ കൊണ്ടുവന്നിരുത്തി.
"മിസ്സെ..ഈ നിൽക്കുന്ന അലക്സിനും രാഗേഷേട്ടനും ഒക്കെ കുറച്ച് സംശയങ്ങൾ  ഉണ്ട്. മിസ് വേണം അതിനുള്ള ഉത്തരങ്ങൾ പറയാൻ. ആരെയും ഭയക്കേണ്ട  കാര്യമില്ല.മിസ്സും മിസ്സിന് വേണ്ടപ്പെട്ടവരും സേഫ് ആണ്.."ദേവി പറഞ്ഞു.അപ്പോഴും മിനി മിസ്സിന്റെ കണ്ണുകളിൽ ഭയം തളം കെട്ടി നിന്നു.
"ഞാൻ മിസ്സിനെ  നിർബന്ധിക്കുന്നില്ല.പക്ഷെ മിസ് ഇപ്പൊ സത്യങ്ങൾ തുറന്ന് പറഞ്ഞില്ലെങ്കിൽ ഇവർ എന്നെ ഇവിടെ ജീവനോടെ ചുട്ടെരിക്കും.മരിക്കാനുള്ള ഭയം കൊണ്ടല്ല.ജീവിക്കണമെന്ന് എനിക്ക് ഒട്ടും ആഗ്രഹവുമില്ല.പക്ഷെ ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പഴികേട്ട് മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.അതും ഞാൻ എന്റെ ജീവനെ  പോലെ സ്നേഹിച്ച എന്റെ രാഖിയെ ഞാൻ ആണ് കൊന്നതെന്ന് പറയുമ്പോൾ എനിക്കത് അംഗീകരിച്ച് കൊടുക്കാൻ പറ്റില്ല.മിസ് എന്നെ സഹായിക്കണം.."ദേവി മിസ്സിനെ  തൊഴുകൈയോടെ നോക്കി പറഞ്ഞു.മിനി മിസ് ഒന്നും മിണ്ടാതെ പേടിയോടെ മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു.
ദേവി രാഗേഷിനെ  നോക്കി.രാഗേഷ് ഇനി എന്ത് എന്ന ഭാവത്തിൽ അവളെ നോക്കി.
"ഓരോരോ വെളച്ചിലുമായിട്ട് ഇറങ്ങിക്കോളും.ഞാൻ അപ്പഴേ പറഞ്ഞില്ലേ ഇതൊക്കെ ഇവളുടെ നാടകമാണെന്ന്.അലക്‌സേ നിന്റെ പെണ്ണിനെ കൊന്നത് ഇവള് തന്നെയാടാ.."ശിവ ദേവിയെ ചൂണ്ടി അലക്സിനോട് പറഞ്ഞു.
"അല്ല!" മിനി മിസ്സിന്റെ ശബ്ദമായിരുന്നു അത്!
"രാഖിയെ കൊന്നത് ദേവിയല്ല! "മിനി മിസ്സിന്റെ വാക്കുകൾ കേട്ട് അലക്സ് ഞെട്ടി!അവന്റെ  നെഞ്ചിൽ ഒരു നീറ്റലുണ്ടായി.
അവൻ മിസ്സിന്റെ  അടുത്തേക്ക്  വന്ന് അവരുടെ വാക്കുകൾക്കായി കാത് കൂർപ്പിച്ചു.
"രാഖി മരിക്കുന്നതിന്റെ കുറച്ച് ദിവസം മുൻപ് ദേവി എന്നെ കാണാൻ വന്നിരുന്നു.രാഖി ദേവിയും അലക്‌സും അറിയാതെ ഏതോ ഒരു ഫിലിം ഓഡിഷന് വേണ്ടി  ഫോട്ടോ എടുക്കാൻ നമ്മുടെ കോളേജിനടുത്തുള്ള ഉദയന്റെ ഫോട്ടോ ബൂത്തിൽ പോയി.പക്ഷെ അയാൾ രാഖി  അറിയാതെ ചേഞ്ചിങ് റൂമിൽ വെച്ച് അവൾ വസ്ത്രം മാറുന്ന കുറച്ച് ഫോട്ടോസ്   എടുത്തു.പിന്നീട് ആ ഫോട്ടോസ് കാണിച്ച് അവളെ ഭീഷണിപ്പെടുത്താൻ തുടങ്ങി.അയാളുടെ ആവശ്യങ്ങൾക്ക് വഴങ്ങിക്കൊടുത്തില്ലെങ്കിൽ  ആ ഫോട്ടോസ് മുഴുവൻ പുറത്തുവിടുമെന്ന് പറഞ്ഞ് ഉദയൻ  നിരന്തരം അവളെ വേട്ടയാടാൻ തുടങ്ങി..രാഖി ദേവിയോട് ഈ കാര്യം പറഞ്ഞു.ദേവി എന്നെ കാണാൻ വന്നു.എന്റെ ഹസ്ബൻഡ് സത്യരാജ് പോലീസിൽ ആയിരുന്നത്കൊണ്ട് ദേവി ഈ വിവരം എന്നെയും സത്യേട്ടനെയും  അറിയിച്ചു.ആ തിങ്കളാഴ്ച്ച കോളേജിനടുത്ത് തന്നെയുള്ള പൂട്ടിക്കിടക്കുന്ന അംബാ മിൽസിലേക്ക് ചെല്ലാനായിരുന്നു ഉദയൻ  രാഖിയോട് പറഞ്ഞിരുന്നത്.അയാളെ കുടുക്കാനുള്ള പ്ലാൻ സത്യേട്ടൻ  തയ്യാറാക്കി.സത്യേട്ടന്റെ നിർദേശമനുസരിച്ച് രാഖി തിങ്കളാഴ്ച്ച  ഉദയൻ  പറഞ്ഞ സമയത്ത് തന്നെ  അംബാ മിൽസിൽ  എത്തി.പിന്നാലെ സത്യേട്ടനും ദേവിയും അവളുടെ  പിറകെ പോയി കെട്ടിടത്തിന്  താഴെ ഒളിച്ചിരുന്നു.പിന്നെ..പിന്നെ .."മിനി മിസ് ഏങ്ങലടിച്ച് കരയുകയായിരുന്നു.
അലക്സ് ഇതെല്ലാം  കേട്ട് സ്തബ്ധനായി നിന്നുപോയി!
തനിക്കറിയാത്ത ഒരുപാട് കാര്യങ്ങൾ  അവിടെ നടന്നിട്ടുണ്ടെന്ന് അവന് മനസ്സിലായി.
രാഗേഷ് വേദനയോടെ കണ്ണുകളടച്ച് നിന്നു.ദേവി മിനി മിസ്സിനെ കെട്ടിപ്പിടിച്ചാശ്വസിപ്പിച്ചു.
"ബാക്കി ഞാൻ പറയാം."ദേവി പറഞ്ഞു.അവൾ എല്ലാവരെയും ഒന്ന് നോക്കി.
"ഇടയ്ക്ക്  സത്യരാജ് സാറിന് ഒരു കാൾ വരുന്നതും അദ്ദേഹം ശബ്ദം താഴ്ത്തി സംസാരിക്കുന്നതും അദ്ദേഹത്തിന്റെ മുഖത്ത് ഗൗരവം നിറയുന്നതും ഞാൻ കണ്ടു.മുകളിലേക്ക് കയറി പോയ രാഖി പെട്ടെന്ന് തന്നെ താഴേക്ക് ഓടി വന്നു.ഉദയന്റെ പ്ലാൻ മാറിയെന്നും ഇനി എന്നാണ് വരേണ്ടതെന്ന് പിന്നീട് അറിയിക്കാമെന്നും അയാൾ പറഞ്ഞെന്ന് അവൾ പറഞ്ഞു.രാഖിയുടെ  ഫോട്ടോസ് ഉദയൻ തിരികെ കൊടുത്തിരുന്നില്ല .ഉദയൻ  ഫോട്ടോസ് കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്നറിയാത്തത്  കൊണ്ട് സത്യരാജ് സാർ അപ്പൊ ഇടപെടുന്നത് മണ്ടത്തരമാണെന്ന് അറിയാമായിരുന്നത്കൊണ്ട്   ഇനി അടുത്ത കൂടിക്കാഴ്ച്ച വരെ വെയിറ്റ് ചെയ്യണമായിരുന്നു.അതുകൊണ്ട് ഞങ്ങൾ തൽക്കാലം  തിരിച്ച് പോകാൻ തീരുമാനിച്ചു. സത്യരാജ് സാറിനോട് യാത്ര പറഞ്ഞ് ഞങ്ങൾ തിരികെ ഹോസ്റ്റലിലേക്ക് നടന്നു...രാഖിയുടെ സംസാരത്തിൽ നിന്നും ആ മുറിയിൽ ഉദയൻ മാത്രമായിരുന്നില്ല അവളെ കാത്ത് നിന്നത് എന്നെനിക്ക് മനസ്സിലായി.ഉദയന്റെ കൂടെ അംബാ മിൽസിൽ രാഖിയുടെ ശരീരത്തിനായി കാത്തിരുന്ന ആളുടെ പേര് അവളുടെ  നാവിൻ തുമ്പിൽ നിന്നും കേട്ടപ്പോൾ ഞാൻ അക്ഷരാർത്ഥത്തിൽ ഞെട്ടി! "ദേവിയുടെ മുഖത്ത് പകയും വെറുപ്പും നിറഞ്ഞു.
"ആരാ..ആരായിരുന്നു അത്?"അലക്സ് മുരണ്ടു!

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 10


----------------------------
അകത്തേക്ക് കയറിയ ആൾ അയാളുടെ  കൈയിലിരുന്ന മൊബൈലിലെ ലൈറ്റ് ഓൺ ചെയ്തു..ആ വെളിച്ചത്തിൽ മുറിയുടെ ഒരു കോണിൽ ഒരു ടോർച്ചും പിടിച്ച് പേടിച്ച് ചുരുണ്ടു കൂടി ഇരിക്കുന്ന ദേവിയെ കണ്ടു.അവൾ കൈകൾ കൊണ്ട് മുഖം മറച്ച് പിടിച്ചിരുന്നു.
അയാൾ അടുത്തെത്തിയതും അവൾ പേടിച്ച് ഒന്നുകൂടി ചുരുണ്ടു കൂടി.
"പേടിക്കണ്ട..ഞാൻ ഉപദ്രവിക്കാൻ വന്നതല്ല..എന്നെ ഓർമ്മയുണ്ടോ?"ആ  ശബ്ദം കേട്ടതും ദേവി ഒന്ന് ഞെട്ടി.
കണ്ണ് തുറന്ന് നോക്കിയതും മുൻപിൽ തന്റെ നേരെ മൊബൈലും പിടിച്ച് തന്നെ തന്നെ നോക്കി നിൽക്കുന്ന ചെറുപ്പക്കാരനെ  കണ്ട് ദേവി തരിച്ചിരുന്നു!
"രാഗേഷേട്ടൻ!" ദേവിയുടെ ചുണ്ടുകൾ മന്ത്രിച്ചു.
"അപ്പൊ മറന്നിട്ടില്ല അല്ലെ?"അവൻ  താഴെ ദേവിയുടെ അടുത്ത് ചമ്രം പടഞ്ഞിരുന്നു.
മൊബൈളിലെ ലൈറ്റ് ഓഫ് ചെയ്യാതെ  അവരുടെ സൈഡിലായി ഭിത്തിയിൽ ചാരി വെച്ചു.
"ഞാൻ എത്ര വർഷങ്ങൾ കൂടിയാ ഇന്ത്യയിലേക്ക് വരുന്നതെന്ന് അറിയാമോ?എന്റെ രാഖി പോയപ്പോ പോലും ഞാൻ വന്നില്ല.ജീവനില്ലാത്ത അവളുടെ തണുത്ത് മരവിച്ച ശരീരം  കാണാൻ വയ്യ.ചിരിച്ച് കളിച്ച് നടക്കുന്ന ഒരു പെങ്ങളുടെ മുഖം എന്റെ മനസ്സിൽ ഉണ്ട്.എന്റെ മരണം വരെ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ."രാഗേഷ് പറഞ്ഞു.
"അമ്മയും അച്ഛനും ഒരു ഡിസ്റ്റൻസ് ഇട്ടല്ലാതെ  ഞങ്ങളോടൊരിക്കലും അടുത്ത് പെരുമാറിയിട്ടില്ല.അമ്മമാർക്ക് പെണ്മക്കളോട് ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരിക്കും.പക്ഷെ ഞങ്ങളുടെ അമ്മ അവളുടെ കൂടെ ഒന്നിരിക്കുന്നതോ ചിരിച്ച് സംസാരിക്കുന്നതൊ ഒന്നും ഞാൻ കണ്ടിട്ടില്ല. എല്ലാവരും  ഉണ്ടായിട്ടും ഞങ്ങൾ ആ വീട്ടിൽ ഒറ്റപ്പെടുകയായിരുന്നു.ഞങ്ങളുടെ ഇടയിലേക്ക് നീ  വന്നപ്പോ ഒരു പുതിയ കൂട്ട് കിട്ടിയതിൽ ഞങ്ങൾ ഒരുപാട് സന്തോഷിച്ചു.ഒരു പെണ്ണിന് അവളുടെ ആങ്ങളയോട് സംസാരിക്കാൻ പറ്റുന്ന  കാര്യങ്ങൾക്ക് കുറച്ച് പരിമിതികൾ കാണുമല്ലോ.അതുകൊണ്ട് നിന്റെ  വരവിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത് അവളായിരുന്നു. ഹയർ സ്റ്റഡീസിന് വേണ്ടി ഞാൻ  എബ്രോഡ് പോയപ്പോൾ അവളെ ഞാൻ എന്റെ കൂടെ വിളിച്ചു.അവളുടെ ആദ്യത്തെ ഡിമാൻഡ് നിന്നെ കൂടെ കൂട്ടണമെന്നായിരുന്നു.പക്ഷെ നിനക്ക് നാട് വിട്ട്  വരാൻ ഇൻട്രസ്റ്റ് ഉണ്ടായിരുന്നില്ല.ആ ഒറ്റ കാരണം കൊണ്ട് അവളും എന്റെ കൂടെ വരാൻ തയ്യാറായില്ല.എന്റെ കൂടെ അന്നവൾ വന്നിരുന്നെങ്കിൽ ഇന്നൊരുപക്ഷേ അവൾ ജീവനോടെ ഈ ഭൂമിയിൽ  ഉണ്ടാകുമായിരുന്നു.."രാഗേഷിന്റെ സ്വരം ഇടറി.ദേവി മുഖം താഴ്ത്തി ഇരിക്കുകയായിരുന്നു. കണ്ണുകൾ നിറഞ്ഞൊഴുകിയതല്ലാതെ അവൾ ഒന്നും മിണ്ടിയില്ല.
"കോളേജിൽ കയറിയ ദിവസം മുതൽ രാഖി  മരിക്കുന്നതിന്റെ തലേന്ന് വരെ അവളെ ഞാൻ എന്നും വിളിക്കുമായിരുന്നു.എല്ലാവരുടെയും എല്ലാ വിശേഷങ്ങളും അവൾ എന്നോട് പറഞ്ഞിരുന്നു.കോളേജിലെ വിശേഷങ്ങളും തമാശകളും ഫോട്ടോ കോണ്ടെസ്റ്റിലേക്ക് അയക്കുന്ന ഫോട്ടോസ് എല്ലാം റിജെക്ട് ആവുന്നതും പഠിക്കാത്തതിന്റെ  പേരിൽ നീ അവളെ വഴക്ക് പറയുന്നതും ഒക്കെ പറഞ്ഞ് അവൾ ചിരിക്കും..നിന്നെ അവൾക്ക് എന്തിഷ്ടമായിരുന്നെന്നോ .സ്വന്തം അമ്മയോട് പോലും തോന്നാത്ത അടുപ്പം അവൾക്ക് നിന്നോടുണ്ടായിരുന്നു. അലക്സിനോടുള്ള അടുപ്പവും അവൾ എന്നോട് പറഞ്ഞിരുന്നു.അതേപോലെ നീ അവൾക്ക് വേണ്ടി വേണ്ടാന്ന് വെച്ച ഒരിഷ്ടവും രാഖി  എന്നോട് പറഞ്ഞു."രാഗേഷ് പറഞ്ഞു.ദേവി പെട്ടെന്ന്  അവനെ   നോക്കി."നിനക്ക് അലക്സിനോടുള്ള ഇഷ്ടം  നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ അവൾ ഏത് വിധേനെയും നിങ്ങളെ ഒരുമിപ്പിച്ചേനേം.വളരെ വൈകിയാണ് അറിഞ്ഞതെങ്കിലും അവൾ നിനക്ക് വേണ്ടി അവനെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നു.അങ്ങനെ ഉള്ള എന്റെ പാവം പെങ്ങളെ നീ എന്തിനാ ദേവി കൊലയ്ക്ക് കൊടുത്തത്?"രാഗേഷിന്റെ  ചോദ്യം കേട്ട് ദേവി പൊട്ടിക്കരഞ്ഞു.
"നിനക്കും അവളെ ജീവനായിരുന്നു എന്നെനിക്കറിയാം.ഞാൻ ഇന്നും ഇന്നലെയും ഒന്നുമല്ലല്ലോ നിങ്ങളെ കാണാൻ തുടങ്ങിയത്.പക്ഷെ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ കുറെ ഉണ്ട്..അന്ന് ഹർത്താൽ ദിവസം രാഖി എന്തിനാണ് പൂട്ടികിടന്നിരുന്ന അംബാ മിൽസിൽ പോയത്?എന്തിനാണ് അവൾ അംബാ മിൽസിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്?"രാഗേഷ് ചോദിച്ചു..ദേവി കരഞ്ഞതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.
"അവൾ മരിച്ച അന്നാണ് എല്ലാവരും നിന്നെ അവസാനമായി കണ്ടത്.അത് കഴിഞ്ഞ് നീ അപ്രത്യക്ഷായായി.വേറൊരു രാജ്യത്ത് വേറൊരു ഐഡന്റിറ്റിയിൽ നീ ജീവിതം ആരംഭിച്ചു.എന്തിന്?ആർക്കു വേണ്ടി?എന്തായാലും നിന്റെ പിന്നിലുള്ളവർ  ചില്ലറക്കാരല്ല.ഞാൻ അറിയുന്ന ദേവി ഒരു പാവമാണ്.രാഖിയെ സ്വന്തം കൂടപ്പിറപ്പിനെപോലെ മറ്റെന്തിനേക്കാളും സ്നേഹിച്ചിരുന്നവളാണ്.എന്നിട്ടും നീ എന്തിന് ഒളിച്ചോടി? മരിക്കുന്നതിന്റെ തലേന്നും ഞാൻ രാഖിയോട്  സംസാരിച്ചിരുന്നു.അവളുടെ മനസ്സിൽ എന്തോ ഭയങ്കര വിഷമം ഉള്ളതായി അവളുടെ  സംസാരത്തിൽ നിന്നും എനിക്ക് തോന്നിയിരുന്നു. ഞാൻ അവളോട് കാരണം ചോദിച്ചു.ഒന്നുമില്ല എന്നവൾ പറഞ്ഞെങ്കിലും അത് കള്ളമാണെന്ന് എനിക്ക് മാനസ്സിലായി.അലക്സുമായി എന്തെങ്കിലും സൗന്ദര്യപിണക്കം ഉണ്ടായതാവാം   എന്നാണു ഞാൻ വിചാരിച്ചത്.അത് കൊണ്ട് ഞാൻ കൂടുതലൊന്നും ചോദിക്കാൻ പോയില്ല.പക്ഷെ എന്റെ സ്വപ്നത്തിൽ പോലും ഞാൻ വിചാരിച്ചില്ല പിന്നീട്  അവളുടെ  മരണ വാർത്തയാവും ഞാൻ കേൾക്കേണ്ടി വരികയെന്ന്!  "രാഗേഷ്  പറഞ്ഞ് നിർത്തി.അവന്റെ  കവിളിൽ കൂടി കണ്ണുനീർ ഒലിച്ചിറങ്ങി.
"അലക്സ് പറഞ്ഞു നിനക്ക് എന്റെ പെങ്ങളുടെ മരണത്തിൽ പങ്കുണ്ടെന്ന്.നിന്നെ ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്ന് അവൻ വിളിച്ച് പറഞ്ഞതനുസരിച്ച് വന്നതാ ഞാൻ.എനിക്ക് നിന്നെ നേരിട്ട് ഒന്ന് കാണണമായിരുന്നു.അലക്സ് കരുതുന്നതുപോലെ എന്റെ രാഖിയെ കൊന്നത് നീയാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല ദേവി. പക്ഷെ നിനക്ക് എന്തൊക്കെയോ അറിയാം.നീ എന്തൊക്കെയോ ഞങ്ങളിൽ നിന്നും ഒളിക്കുന്നു.നീ എന്ത് കൊണ്ടാണ് മൗനം പാലിക്കുന്നതെന്ന് ഞങ്ങൾക്കാർക്കും മനസ്സിലാവുന്നില്ല.അലക്സ് ഭ്രാന്ത് പിടിച്ച അവസ്ഥയിലാണ്.ഇനിയും നീ സത്യം തുറന്ന് പറഞ്ഞില്ലെങ്കിൽ അവൻ നിന്നെ കൊല്ലും.ഞാൻ ഭീഷണിപ്പെടുത്തിയതല്ല.കാര്യം  പറഞ്ഞതാണ്.അവനെ തടുക്കാൻ എനിക്കെന്നല്ല ആർക്കും കഴിഞ്ഞെന്ന് വരില്ല.അതിന് മുൻപ് നിനക്ക് എന്നോടെങ്കിലും സത്യം തുറന്ന് പറഞ്ഞുകൂടേ?"രാഗേഷ് ചോദിച്ചു.
ദേവി എന്നിട്ടും  ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരിപ്പാണ്.
"ശരി.നിന്റെ ഇഷ്ടം പോലെ നടക്കട്ടെ.ചിലപ്പോ നമ്മൾ തമ്മിലുള്ള അവസാന കൂടി കാഴ്ച ആവും ഇത്.എന്റെ രാഖിയെ പോലെ തന്നെയാണ് ഞാൻ നിന്നെയും സ്നേഹിച്ചത്.പക്ഷെ നീ ഒരു നന്ദികെട്ടവൾ ആയിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു!" രാഗേഷിന്റെ മുഖം ദേഷ്യം  കൊണ്ട് ചുവന്നു.അവൻ പോകാനായി എഴുന്നേറ്റു.പെട്ടെന്ന് ദേവി അവനെ അവിടെ അവന്റെ കൈയിൽ പിടിച്ച് ഇരുത്തി. ഒന്നും മിണ്ടരുത് എന്ന് കൈകൊണ്ട് അവൾ ആംഗ്യം കാണിച്ചു.രാഗേഷിന് കാര്യം എന്തെന്ന് മനസ്സിലായില്ല.അവൾ രാഗേഷിന്റെ   ഫോൺ താഴെ നിന്നും എടുത്ത് അതിൽ എന്തൊക്കെയോ ടൈപ്പ് ചെയ്തു.കുറച്ച് സമയം കഴിഞ്ഞ് ദേവി  ആ ഫോൺ രാഗേഷിന് നേരെ നീട്ടി.അവൻ ആ ഫോൺ വാങ്ങിച്ച് അവൾ ടൈപ്പ് ചെയ്തത് മുഴുവൻ വായിച്ചു.എന്നിട്ട് ദേവിയെ  നോക്കി.അവൾ കണ്ണീരോടെ കൈകൾ കൂപ്പി അവനോട് അപേക്ഷിച്ചു.
രാഗേഷ്  ഒന്നും മിണ്ടാതെ  കുറച്ച് നേരം അവളെ തന്നെ നോക്കി ഇരുന്നു.പിന്നെ പതിയെ എഴുന്നേറ്റ് അവിടെ നിന്നും ഇറങ്ങി.
രാഗേഷ് അലക്സിന്റെ അടുത്തേക്ക് ചെന്നു.അവിടെ അലക്സിന്റെ കൂടെ റോബിനും ശിവയും എബിയും നിൽപ്പുണ്ടായിരുന്നു.
"എന്തായി അവൾ എന്തെങ്കിലും പറഞ്ഞോ?"ശിവ ചോദിച്ചു.
"ഇല്ല.പ്രത്യേകിച്ചൊന്നും പറഞ്ഞില്ല.കരച്ചിൽ തന്നെ."രാഗേഷ് പറഞ്ഞു.
"പഠിച്ച കള്ളിയാ.ഇത്ര ദിവസം പട്ടിണി കിടന്നിട്ടും ആവുന്നപോലെയൊക്കെ മെന്റൽ ഷോക്ക് കൊടുത്തിട്ടും അവൾ വാ തുറന്നിട്ടില്ല."അലക്സ് പറഞ്ഞു.
"അത് തന്നെ..അവൾ ആള് അത്ര ശരിയല്ലെന്ന് കണ്ടാലേ അറിയാം.."ശിവ പറഞ്ഞു.
"ദേവിയെ   എനിക്ക് ചെറുപ്പം തൊട്ടേ അറിയാം അലക്സ്.അവൾ അങ്ങനെ കള്ളത്തരം കാണിക്കുന്ന ടൈപ്പ് അല്ല.."രാഗേഷ് പറഞ്ഞു.
"അങ്ങനെ ആണെങ്കിൽ അവൾക്കെന്ത് കൊണ്ട് സത്യങ്ങൾ തുറന്ന് പറഞ്ഞുകൂടാ?അവൾ ആരെയാണ് പേടിക്കുന്നത്?"അലക്സിന്റെ ചോദ്യങ്ങൾക്ക് രാഗേഷിന് മറുപടി ഇല്ലായിരുന്നു.
"ഞാൻ തൽക്കാലം ഇറങ്ങുന്നു.ഞാൻ കുറച്ച് ദിവസം സ്ഥലത്തുണ്ടാവില്ല.ഒരു ഫ്രണ്ടിൻറെ വീട്ടിൽ പോവുന്നു.ദേവി ഞാൻ അനിയത്തിയെ പോലെ കണ്ടിരുന്ന കുട്ടിയാണ്.കൊല്ലാനാണെങ്കിലും വെറുതെ വിടാൻ ആണെങ്കിലും എന്നോട് പറയാതെ ഞാൻ വരാതെ ഒരു തീരുമാനവും എടുക്കരുത്.."രാഗേഷ് പറഞ്ഞു.
"കൊല്ലുന്നെങ്കിൽ നിങ്ങളുടെ മുൻപിൽ വെച്ചേ അവളെ തീർക്കുള്ളു.സ്വന്തം പെങ്ങളുടെ മരണത്തിനുത്തരവാദിയായവൾ പച്ചയ്ക്ക് നിന്ന് കത്തുന്നത് നിങ്ങൾക്ക് ഞാൻ കാണിച്ചുതരാം!" അലക്സിന്റെ മുഖത്ത് നോക്കാൻ രാഗേഷിന് ഭയം തോന്നി.ശിവയും റോബിനും  ഒന്നും മിണ്ടാതെ വേറെ എങ്ങോട്ടോ നോക്കി നിന്നു. രാഗേഷ്  അവിടെ നിന്നും ഇറങ്ങി.
കാറിൽ കയറി അവൻ തന്റെ ഫോൺ എടുത്തു.അതിൽ ദേവി ടൈപ്പ് ചെയ്ത രണ്ട് മേൽവിലാസങ്ങൾ  ഒന്ന് കൂടി വായിച്ചു. അതിൽ ആദ്യത്തേത് തമിഴ് നാട്ടിലെ ഒരു വീടിന്റെ അഡ്രെസ്സ് ആയിരുന്നു.രാഗേഷ്  അവിടെ നിന്നും നേരെ ചെന്നത് തമിഴ് നാട്ടിൽ അലക്‌സും രാഖിയും ദേവിയും പഠിച്ച കോളേജിരിക്കുന്ന സ്ഥലത്ത് നിന്നും കുറച്ച് ഉള്ളിലേക്ക്  മാറിയുള്ള  ഒരു രണ്ട് നില വീട്ടിലേക്കാണ്.ബെൽ അടിച്ചതും ഒരു മധ്യ വയസ്ക വാതിൽ തുറന്നു.
"യാര്?എന്ന വേണോം?"അവർ ചോദിച്ചു.
രാഗേഷ് താൻ വന്നതിന്റെ ഉദ്ദേശം അറിയിച്ചു.
"അവങ്ക ഇങ്ക ഇല്ല തമ്പി.കണവൻ എരന്തതിക്കപ്പറം എല്ലാമേ പാക്ക് പണ്ണി അപ്പവേ കേരളാവ്ക്ക് പോയാച്ച്.."അവർ പറഞ്ഞു.രാഗേഷ് നിരാശയോടെ തല കുടഞ്ഞു.
"തമ്പി ഒരു വൺ  മിനിറ്റ് വെയിറ്റ് പണ്ണുങ്കോ.അവങ്ക കേരളാ അഡ്രസ് എങ്കിട്ടെ ഇരുക്ക്.."ആ സ്ത്രീ പറഞ്ഞു.അത് കേട്ടപ്പോ  രാഗേഷിന്റെ  മുഖം തെളിഞ്ഞു .പിന്നീട് ആ സ്ത്രീ കൊടുത്ത അഡ്രസ്സ് അന്വേഷിച്ച്  രാഗേഷ് കേരളത്തിലേക്ക്  പോയി...
എബി  കൊണ്ടിടുന്ന ആഹാരം ദേവി കഴിച്ച് തുടങ്ങി.രാഗേഷ് വന്ന് പോയതിൽ പിന്നെ അവൾക്ക് നല്ല ആത്മവിശ്വാസം വന്നു.താൻ തോൽക്കില്ല എന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു.
"ഇപ്പൊ നിന്റെ വാശിയും ദേഷ്യവും എവിടെപ്പോയി?മൂക്ക് മുട്ടെ കഴിക്കുന്നുണ്ടല്ലോ.."എബി പരിഹസിച്ചു.
ദേവി ഒന്നും മിണ്ടാതിരുന്ന്  കഴിച്ചു.എല്ലാ ദിവസവും അലക്സ് കിളിവാതിൽ തുറന്ന് അവളെന്ത് ചെയ്യുകയാണെന്ന് നോക്കും.അവളുടെ അവസ്ഥ കണ്ട് മനസ്സിൽ എവിടെയോ ഒരു നോവ് പടരുന്നത് അലക്സ് അറിയുന്നുണ്ടായിരുന്നു.പക്ഷെ രാഖിയുടെ മുഖം ഓർക്കുമ്പോൾ അവൻ അതെല്ലാം മറക്കും.എന്തെങ്കിലും കുത്തുവാക്കുകൾ പറഞ്ഞ് അവളെ പ്രകോപിക്കിക്കും.പക്ഷെ എന്തെല്ലാം പറഞ്ഞിട്ടും ദേവിയുടെ വായിൽ നിന്നും ഒന്നും വീഴില്ല എന്ന് അലക്സിന് മനസ്സിലായി.ചോദ്യം ചോദിച്ച് ക്ഷമ കേട്ട്  അലക്സ് അവളെ തല്ലാൻ കൈയോങ്ങുമ്പോൾ  എബിയും റോബിനും  ഓടി വന്ന് അവനെ തടയും.
" നിന്റെ കൂടെ ഞാൻ ഇതിനൊക്കെ കൂട്ട് നിൽക്കുന്നത് നീ എന്റെ ജോച്ചായന്റെ മോൻ ആയത് കൊണ്ട് മാത്രമല്ല.രാഖി  പോയതിൽ പിന്നെ നീ എന്ത് മാത്രം അനുഭവിച്ചിട്ടുണ്ടെന്ന് ഞാൻ നേരിൽ കണ്ടിട്ടുള്ളത് കൊണ്ടാ.നിന്റെ അവസ്ഥ എനിക്ക് ശരിക്ക് അറിയാവുന്നത് കൊണ്ടാ.അതുകൊണ്ട് മാത്രമാ തെറ്റാണെന്നറിഞ്ഞിട്ടും ആ  പെണ്ണിനെ തട്ടിക്കൊണ്ടുവന്ന് ഇങ്ങനെ കൊല്ലാക്കൊല ചെയ്യാൻ കൂട്ട് നിൽക്കുന്നത്.പക്ഷെ അവളും ഒരു പെണ്ണല്ലേടാ..എത്ര ദിവസങ്ങളായി നമ്മൾ അതിനെ പിടിച്ചുകൊണ്ട് വന്ന് ആ ഇരുട്ട് മുറിയിലിട്ടേക്കുന്നു..ഭക്ഷണം  പോലും നേരാംവണ്ണം കൊടുക്കുന്നില്ല.എത്ര ദിവസമായി  നാറിയ ഉടുപ്പുമിട്ടോണ്ട് പല്ലും തേക്കാതെ കുളിക്കാതെ നനയ്ക്കാതെ  അത് പേക്കോലം കണക്കെ അവിടെ ഇരിക്കുന്നത്.ചോദിക്കാനും പറയാനും ആരുമില്ലെന്ന് വെച്ച് അതിനോടിത്രയൊക്കെ ചെയ്യുന്നത് ക്രൂരത അല്ലെ ..എന്റെ വീട്ടിലുമുണ്ട് ഇതുപോലൊരു പെങ്കൊച്ച്.അവളോടാണ് ആരെങ്കിലും ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ!"എബി പറയുന്നത് കേട്ട് അലക്സിന് ദേഷ്യം വന്നു.
"ശരിയാടാ..ചിലപ്പോ അതിനൊന്നും അറിയത്തിലായിരിക്കും..ഒരു തെറ്റിദ്ധാരണയുടെ പേരിൽ നമ്മൾ ഇത്രയൊക്കെ ചെയ്യണോ ?"റോബിൻ ചോദിച്ചു.
"ഓഹ് സഹതാപം ആയിരിക്കും.."അലക്സ് അവനെ പുച്ഛിച്ചു.
"അവനവന് നഷ്ട്ടപ്പെടുമ്പഴേ അതിന്റെ വേദന അറിയത്തൊള്ളൂ.രാഗേഷ് തിരികെ വരുന്നത് വരെ ഞാൻ കാക്കും.അതിനുള്ളിൽ അവളുടെ വായിൽ നിന്നും ഒന്നും വീണിട്ടില്ലെങ്കിൽ അവളെ ഞാൻ തീർക്കും!പോവേണ്ടവർക്ക് പോവാം.എന്റെ തീരുമാനത്തിന് ഒരു മാറ്റവുമില്ല."അലക്സ് ദേഷ്യത്തോടെ പറഞ്ഞിട്ട് അവിടെ നിന്നും പോയി.റോബിനും എബിയും പരസ്പരം നോക്കി ഇരുന്നു.ശിവ അവരെ നോക്കിയതേയില്ല.
കുറച്ച്  കഴിഞ്ഞ് എബി ദേവിയുടെ മുറിയിലേക്ക് ചെന്നു.
"എന്റെ കൊച്ചെ നീ ഇങ്ങനെ വാ തുറക്കാതിരുന്നാ അവൻ നിന്നെ കൊല്ലും.ചോദ്യം ചോദിച്ചിട്ട് അവൻ  നിന്നെ വെറുതെ വിട്ടേക്കുമെന്നാ ഞാൻ ഇതുവരെ ഓർത്തത്.പക്ഷെ അവൻ രാഗേഷ് വരാൻ വേണ്ടി വെയിറ്റ് ചെയ്യുവാ.അതിനുള്ളിൽ നീ ഒന്നും പറഞ്ഞില്ലെങ്കിൽ അവൻ നിന്നെ ഉറപ്പായും കൊന്നുകളയും മോളെ. നിനക്കെന്തെങ്കിലും അറിയാമെങ്കി അത് പൊട്ടും പൊടിയും ആണെങ്കിൽ കൂടെ അലക്സിനോട്  പറയ്.ഇല്ലെങ്കിൽ എന്തെങ്കിലും ചുമ്മാ ഉണ്ടാക്കി പറഞ്ഞാലും മതി.എന്റെ വീട്ടിലും എനിക്ക് ഒരു പെങ്കൊച്ച് ഉള്ളതാ.നീ ഇങ്ങനെ കിടന്ന് നരകിക്കുന്നത് കാണാൻ വയ്യാത്ത കൊണ്ട് പറയുവാ."എബി പറഞ്ഞത് കേട്ട് ദേവി ചിരിച്ചു.
"അവന്റെ കൈ കൊണ്ട് തീരുമ്പഴും ഈ ചിരി കാണണം കേട്ടോ.."എബിക്ക് ദേഷ്യം വന്നു.
"ഇല്ലെങ്കിൽ നിന്നെ ഞാൻ തുറന്ന് വിടട്ടെ?നീ രക്ഷപെട്ടോ.ഞാൻ എന്തെങ്കിലും കള്ളം പറഞ്ഞോളാം."സഹികെട്ട് എബി പറഞ്ഞു.
"വേണ്ട എബിച്ചായാ..ഇത്രയെങ്കിലും പറഞ്ഞല്ലോ.നന്ദി.രക്ഷപ്പെട്ടാലും എനിക്ക് പോവാൻ ഒരു സ്ഥലമില്ല.അതിലും ഭേദം ഈ ഇരുട്ടറ  തന്നെയാ.അന്ന് എബിച്ചായൻ കളിയാക്കിയത് പോലെ ഇവിടെ എനിക്ക് കൂട്ടിന് ഇവനെങ്കിലുമുണ്ടല്ലോ.."ദേവി ഗ്ലാസ് ടാങ്കിലേക്ക് ചൂണ്ടി കളിയായി പറഞ്ഞു.
എബി ഒന്നും മിണ്ടാതെ വെളിയിലിറങ്ങി  മുറി ലോക്ക് ചെയ്തിട്ട് തിരികെ പോയി..
പിറ്റേന്ന് വെളുപ്പിനെ എബി അവളുടെ മുറി വന്ന് തുറന്നു.
"ഇന്ന് നിന്റെ അവസാനമാ കൊച്ചെ.അലക്സ് നിന്നെ അങ്ങോട്ട് വിളിപ്പിച്ചു.രാഗേഷ് വന്നിട്ടുണ്ട്!"എബി പറഞ്ഞത് കേട്ട് ദേവി എന്തിനോ വേണ്ടി സകല ദൈവങ്ങളെയും വിളിച്ച് പ്രാർത്ഥിച്ചു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 9


"നീ എന്താ പറഞ്ഞെ??"ദേവി പറഞ്ഞത് കേട്ട് വിശ്വാസം വരാതെ എബി ചോദിച്ചു.
"എന്താ ഞാൻ പറഞ്ഞത് മനസ്സിലായില്ലേ?"ദേവി തിരിച്ച് ചോദിച്ചു.
"നിങ്ങൾ ആവശ്യപ്പെട്ടത് പോലെ സത്യങ്ങൾ എല്ലാം ഞാൻ തുറന്ന് പറയാം.പക്ഷെ അതിന് മുൻപ് നിങ്ങൾ എന്റെ മുൻപിൽ വെച്ച് തന്നെ ഈ അലക്സിനെ കൊല്ലണം.പറ്റുമോ?"ദേവി ചോദിച്ചു.എബി അവളെ സൂക്ഷിച്ച് നോക്കി.
"പറ്റില്ല അല്ലെ?അല്ലെങ്കിലും എന്നെ ഇവിടെ കൊണ്ടുവന്ന് കൊല്ലാക്കൊല ചെയ്യാൻ നിങ്ങളെ ഏർപ്പാടാക്കിയ ആളെ ഇല്ലാതാക്കാൻ   ഞാൻ പറഞ്ഞാൽ നിങ്ങൾക്ക് അത് അനുസരിക്കാൻ പറ്റില്ലല്ലോ അല്ലെ.."ദേവി പറഞ്ഞത് കേട്ട് എബി സ്തബ്ധനായി!
"എങ്ങനെ മനസ്സിലായി എന്നായിരിക്കും.എന്റെ കൂടെ ആ മുറിയിൽ ഉണ്ടായിരുന്നപ്പോ അലക്സിന്റെ വലത് കൈയിൽ കെട്ടിയിരുന്ന ആന വലുപ്പത്തിൽ ഉള്ള ബാൻഡേജ് ഇപ്പൊ എങ്ങനെയാ ഇടത് കൈയിൽ വന്നതെന്ന് നിങ്ങളിൽ ആരെങ്കിലും പറഞ്ഞ് തന്നാൽ നല്ലതായിരുന്നു.
"അലക്സ് ഇങ്ങ് എഴുന്നേറ്റ് പോരെ..ഇനി വെറുതെ അവിടെ നിലത്ത് കിടക്കണ്ട.."ദേവി അലക്സിനെ നോക്കി പുച്ഛത്തോടെ വിളിച്ച്  പറഞ്ഞു.
എബി അലക്സിനെ നോക്കി.
അലക്സ് പെട്ടെന്ന് തിരിഞ്ഞ് കിടന്നു.എബിയെ നോക്കി തന്റെ കൈയിലെയും കാലിലെയും  കെട്ടുകൾ അഴിക്കാൻ ആംഗ്യം കാട്ടി!
എബി ഓടി ചെന്ന് അവന്റെ കൈയിലെ കെട്ടുകൾ അഴിച്ച് കൊടുത്തു.എഴുന്നേറ്റ് നിന്നതും അലക്സ് നേരെ ദേവിയുടെ അടുത്തേക്ക് പാഞ്ഞു!
"അലക്സ് വേണ്ട!"എബി അവനെ തടഞ്ഞു.
"വിട് എബിച്ചാ..ഇവളെ ഇന്ന് ഞാൻ ശരിയാക്കും!"അലക്സ് ദേഷ്യം കൊണ്ട് വിറച്ചു.അലക്സിന്റെ അതുവരെ കാണാത്ത ഒരു മുഖമായിരുന്നു അത് !
"അലക്സിനെ വിട്ടേരെ എബിച്ചാ.നിങ്ങളെ അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല.പക്ഷെ വയസ്സിൽ ഒരുപാട് മൂത്തവരെ   പേര് എടുത്ത്  ഞാൻ വിളിച്ചിട്ടില്ല."ദേവി എബിയെ നോക്കി പറഞ്ഞു.എബി അവളെ ദേഷ്യത്തോടെ നോക്കി.
"കൊല്ലാനല്ല അലക്സീ ഇവളെ നമ്മളിങ്ങോട്ട് കൊണ്ടുവന്നത്.നിനക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ അതാവാം.അല്ലാതെ ദേഹോദ്രപം വേണ്ട!"എബി പറഞ്ഞതുകേട്ട് അലക്സ് ഒന്നടങ്ങി.
അവളുടെ മുൻപിലുള്ള കസേരയിൽ അലക്സ് അവൾക്കഭിമുഖമായി ചെന്നിരുന്നു.
"എന്നാലും നിങ്ങളുടെ അഭിനയം ഞാൻ സമ്മതിച്ച് തന്നിരിക്കുന്നു അലക്സ്! ഈ മുറിയിൽ എത്തി നിങ്ങളെ കാണുന്ന ഈ നിമിഷം വരെ എനിക്ക് മനസ്സിലായില്ല നിങ്ങൾ ഇത്ര നല്ലൊരു അഭിനേതാവായിരുന്നു എന്ന്." ദേവി അവനെ പുച്ഛത്തോടെ നോക്കി.
"നിങ്ങൾ ഒരു മനുഷ്യനാണോ?ഞാൻ ഇട്ടിരിക്കുന്ന ഈ വേഷം കണ്ടോ?നിങ്ങൾ എന്നെ ഇവിടെ പിടിച്ചുകൊണ്ട് വന്ന അന്ന്  തൊട്ട് ഞാൻ ഈ വേഷം മാറിയിട്ടില്ല.ഒരു മുറിക്കുള്ളിൽ ഞാൻ ഈ ലോകത്ത് ഏറ്റവും ഭയക്കുന്ന ഒരു ജീവിയുടെ കൂടെ നിങ്ങൾ എന്നെ പൂട്ടിയിട്ടു. കഴിഞ്ഞ എത്രയോ ദിവസങ്ങളായി ഞാൻ പല്ല് തേച്ചിട്ടില്ല.കുളിച്ചിട്ടില്ല.നേരാംവണ്ണം ആഹാരം കഴിച്ചിട്ടില്ല.ഇത് ഏത് മാസമാണെന്നോ ഏത് ദിവസമാണെന്നോ സമയം  എന്താണെന്നോ എന്നെനിക്ക് ഒരു ബോധവുമില്ല..എന്നിട്ടും ഞാൻ മാനസികമായി തളരുന്നില്ല എന്ന് കണ്ടപ്പോൾ നിങ്ങൾ സ്വയം കോർട്ടിലേക്ക് ഇറങ്ങി.നിങ്ങളോടുള്ള  എന്റെ ഇഷ്ടം രാഖി പറഞ്ഞ് നിങ്ങൾ അറിഞ്ഞിരുന്നു.അത് മുതലെടുത്ത് എന്നിൽ നിന്നും സത്യങ്ങൾ മനസിലാക്കാമെന്ന് നിങ്ങൾ വ്യാമോഹിച്ചു.അതേപോലെ പാമ്പുകളോടുള്ള എന്റെ ഭയവും  രാഖി പറഞ്ഞ് നിങ്ങൾക്ക് അറിയാമായിരുന്നു.വേറേതൊരാൾ ആയിരുന്നുവെങ്കിലും ഈ ഒരവസ്ഥയിൽ മാനസികമായി തളർന്ന് ഭ്രാന്ത് പിടിച്ചേനേം.പക്ഷെ ഞാൻ പിടിച്ച് നിന്നു.എനിക്ക് പിടിച്ച് നിന്നേ പറ്റു!അത് ജീവിക്കാനുള്ള കൊതികൊണ്ടല്ല.നിങ്ങൾ അന്ന് പറഞ്ഞതുപോലെ രാഖി മരിച്ചതിൽ പിന്നെ നിങ്ങളുടെ ജീവിതം  മാത്രമല്ല ഇരുട്ടിലായത്.എന്റെയും കൂടി ആണ്.അവൾ എന്റെ ആരായിരുന്നുവെന്ന് നിങ്ങൾക്കറിയില്ല.നിങ്ങൾ എന്നോട് നേരിട്ട്  വന്ന് ചോദിച്ചിരുന്നുവെങ്കിൽ ഞാൻ ഒരു പക്ഷെ എല്ലാം തുറന്ന് പറഞ്ഞേനേം.പക്ഷെ സത്യങ്ങൾ മനസ്സിലാക്കാൻ നിങ്ങൾ കളിച്ച വൃത്തികെട്ട നാടകം! അത് കുറച്ച് കൂടിപ്പോയി!"ദേവി കിതപ്പോടെ  പറഞ്ഞ് നിർത്തി.
"ഒരു നിമിഷത്തെ അശ്രദ്ധ! അല്ലായിരുന്നുവെങ്കിൽ നീ ഇപ്പൊ തത്ത പറയുന്നത് പോലെ എല്ലാം പറഞ്ഞേനേം!"അലക്സ് അവളെ നോക്കി പല്ല് കടിച്ചു.
"സത്യമാണ്.എന്റെ മൗനം നിങ്ങളുടെ ജീവന് ഭീഷണി ആണെന്ന് കണ്ടപ്പോൾ എന്റെ നിസ്സഹായാവസ്ഥ മറന്ന് ഒരുപക്ഷെ ഞാൻ എല്ലാം പറഞ്ഞേനേം അലക്സ്.കാരണം എനിക്ക് നിങ്ങളെ ജീവനാണ്.എന്റെ രാഖിക്ക് വേണ്ടിയാണ് എനിക്ക് നിങ്ങളോടുള്ള ഇഷ്ടം ഞാൻ  കുഴിച്ച് മൂടിയത്.പക്ഷെ നിങ്ങൾ അത് മുതലെടുത്തു."ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
"ഇഷ്ടം! ആ വാക്കിന്റെ അർത്ഥം  അറിയുമോടി നിനക്ക്?അങ്ങനെ എങ്കിൽ എന്റെ രാഖി ഇന്നും ഈ ഭൂമിയിൽ ജീവനോടെ ഉണ്ടാവുമായിരുന്നു.മറ്റെന്തിനേക്കാളും അവൾ നിന്നെ സ്നേഹിച്ചിരുന്നു.എന്നിട്ടും നീ അവൾക്ക് നൽകിയതോ? മരണം! " അലക്സ് ദേഷ്യത്തോടെ പറഞ്ഞു.എബി അവന്റെ അടുത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.
"സത്യങ്ങൾ അറിയില്ലെങ്കിൽ ചോദിക്കണം.അല്ലാതെ ഇല്ലാക്കഥ മെനഞ്ഞെടുക്കുകയല്ല വേണ്ടത്!"ദേവി ദേഷ്യത്തോടെ  പറഞ്ഞു.
"ആണോ എങ്കിൽ  പറയണം എന്റെ രാഖിക്കെന്താ സംഭവിച്ചത്?"അലക്സ് ദേവിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു.
പെട്ടെന്ന് മുറിയുടെ വാതിൽ തുറന്ന് രണ്ടുപേർ അകത്തേക്ക് വന്നു.
അവരെ കണ്ട് ദേവി ഞെട്ടി! അവളുടെ ദേഹം മുഴുവൻ ഒരു വിറയൽ പടർന്നു!
ശിവയും റോബിനും ആയിരുന്നു അത്.
"ഇവരെ നീ മറന്ന് കാണാൻ വഴിയില്ലല്ലോ!"അലക്സ് പറഞ്ഞു.
"എല്ലാവരുടെയും മുൻപിൽ വെച്ച് തന്നെ ആവട്ടെ നിന്റെ കുമ്പസാരം."അലക്സ് പറഞ്ഞു.ദേവി കുറച്ച് നേരത്തേക്ക് ഒന്നും മിണ്ടാനാവാതെ ഇരുന്നു.
"തെറ്റ് ചെയ്തവർ അല്ലെ അലക്സ് കുമ്പസ്സരിക്കേണ്ടത്.ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല.അതുകൊണ്ട് എനിക്കൊന്നും കുമ്പസ്സരിക്കാനില്ല."ദേവി അലക്സിനോട് പറഞ്ഞു.
"അപ്പൊ നിനക്ക് ഒന്നും തുറന്ന് പറയാൻ ഉദ്ദേശം ഇല്ല അല്ലെ.എബിച്ചാ ഇവളെ തിരികെ ആ മുറിയിൽ തന്നെ കൊണ്ടിട്ടെക്ക്.അവിടെ ഗ്ലാസ് ടാങ്കിൽ ഇവൾക്ക് കൂട്ടിന് ആളുമുണ്ടല്ലോ.സത്യം തുറന്ന് പറയുന്നത് വരെ ഇവൾക്ക് പച്ച വെള്ളം കൊടുത്തുപോവരുത്!"അലക്സ് പറഞ്ഞത് കേട്ട് എല്ലാവരും ഞെട്ടി.
"മോനെ ഒന്നുകൂടി ആലോചിച്ചിട്ട് പോരെ?"എബി ചോദിച്ചു.ശിവയും റോബിനും പരസ്പരം നോക്കി.
"എനിക്ക് ഒന്നും ആലോചിക്കാനില്ല.ഇവളിനി  പുറംലോകം കാണില്ല!"അലക്സ് ദേഷ്യത്തോടെ ദേവിയെ നോക്കി.
ദേവി ഒന്നും മിണ്ടാതെ തല താഴ്ത്തി. എബി അവളുടെ കണ്ണുകൾ കെട്ടി.അവൾ ഒന്നും മിണ്ടാതെ അയാളുടെ  കൂടെ ചെന്നു .തിരികെ മുറിയിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു.
"നീ ഇതെന്ത് ഭാവിച്ചാ?എത്ര ദിവസമായി അവളെ ഇവിടെ കൊണ്ടുവന്നിട്ട്?അതിന്റെ കോലം നീ കണ്ടോ?നീ അതിനെ ഉപദ്രവിച്ചോ?"റോബിൻ ദേഷ്യപ്പെട്ടു.
" എന്റെ അവസ്ഥ  നീ കാണുന്നുണ്ടോ ?എന്റെ രാഖി പോയതിൽ പിന്നെ ഞാൻ ചത്ത് ജീവിക്കുന്നത് നിങ്ങൾ അറിയുന്നുണ്ടോ?രാഖി സൂയിസൈഡ് ചെയ്ത അന്ന് മുങ്ങിയതാ  ഇവൾ.ഒരുപാട് നാളത്തെ   അന്വേഷണത്തിനൊടുവിലാ   ഇപ്പൊ ഇവളെ കണ്ടെത്തിയത്.ഇവളെ ഞാൻ വിടില്ല! എത്ര കഷ്ടപ്പെട്ടാണെങ്കിലും ഇവളെ കൊണ്ട് ഞാൻ സത്യം  പറയിപ്പിക്കും. എന്റെ രാഖിക്ക് എന്താ സംഭവിച്ചതെന്ന് എനിക്കറിഞ്ഞേ പറ്റു!"അലക്സിന്റെ മുഖം വലിഞ്ഞു മുറുകി.
റോബിനും ശിവയും ഒന്നും മിണ്ടിയില്ല.
"ഞാൻ ഇവിടെ  ഉണ്ടെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു?"അലക്സ് ചോദിച്ചു.
"എബിച്ചനെ നിന്റെ കൂടെ ഈ പരിസരത്ത് കണ്ടുവെന്ന് നമ്മുടെ സണ്ണി റോബിയോട് പറഞ്ഞു."ശിവ പറഞ്ഞു.
"ഞാൻ എബിച്ചനെ വിളിച്ചു.പുള്ളിയുടെ സംസാരം കേട്ടപ്പഴേ എന്തോ പന്തികേടുണ്ടെന്ന് തോന്നി.കൂടുതൽ ചോദിച്ചപ്പൊ  പുള്ളി എങ്ങും തൊടാതെ എന്തൊക്കെയോ പറഞ്ഞു. ഞങ്ങൾ നേരെ ഇങ്ങ് വിട്ടു."റോബിൻ പറഞ്ഞു.
"പപ്പയും മമ്മിയും ഒന്നുമറിയരുത്."അലക്സ് പറഞ്ഞു.റോബിനും ശിവയും തലയാട്ടി.
ദേവി മുറിയിൽ കരഞ്ഞ് തളർന്ന്  ഇരിക്കുകയായിരുന്നു..
അവളുടെ കൈകാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവൾക്കെങ്ങോട്ടെങ്കിലും ഓടി ഒളിക്കണമെന്ന്   തോന്നി.ഇനി ഇവിടുന്ന് ഒരു രക്ഷപെടൽ ഇല്ലെന്ന് അവളുടെ മനസ്സ് പറഞ്ഞു...
"നീ  മമ്മിയെ ഒന്ന് വിളിക്ക്.ആ പാവം അവിടെ പേടിച്ച് വിറച്ചിരിക്കുവാ നിനക്കെന്തൊ പറ്റിയെന്നോർത്ത്."റോബിൻ പറഞ്ഞു.
"ഞാൻ വിളിക്കാം."അലക്സ്  പറഞ്ഞു.അലക്സ് ഫോണുമായി വെളിയിലേക്ക് ഇറങ്ങി.
"മമ്മി.."അലക്സിന്റെ ശബ്ദം കേട്ടതും ലിസമ്മ സന്തോഷം കൊണ്ട് കരഞ്ഞു.
"എന്റെ മക്കളെ..നീ എന്താടാ ഇത്ര ദിവസമായിട്ടും വിളിക്കാതിരുന്നേ..അങ്ങോട്ട് വിളിച്ചിട്ടാണെങ്കി നിന്റെ ഫോൺ എടുക്കുന്നുമില്ല."ലിസമ്മ സങ്കടം പറഞ്ഞു..
"അത് ഇവിടെ റേഞ്ച് ഇല്ല മമ്മി.."അലക്സ് കള്ളം പറഞ്ഞു.
"ആഹ് റോബി പറഞ്ഞായിരുന്നു മക്കളെ..അവൻ പറഞ്ഞായിരുന്നു എന്നെ വിളിക്കാൻ നിന്നോട് പറയാമെന്ന് ."ലിസമ്മ പറഞ്ഞു.റോബിൻ താൻ  വിളിച്ചുവെന്ന് മമ്മിയോട് കള്ളം പറഞ്ഞിരുന്നു  എന്ന് അലക്സിന് മനസ്സിലായി.
"എന്നാ മക്കളെ ഇങ്ങോട്ട് തിരികെ വരുന്നത്?"ലിസമ്മ ചോദിച്ചു .
"എനിക്കറിയില്ല  മമ്മി..കുറച്ച് കാര്യങ്ങൾ ചെയ്ത്  തീർക്കാനുണ്ട്..അത് കഴിഞ്ഞ് ഞാൻ അങ്ങ് വന്നേക്കാം "അലക്സിന്റെ തൊണ്ട ഇടറി.
"റോബീം  ശിവയും നിന്നെ കാണാനാ  മോനെ വന്നേക്കുന്നത്.അവര് പോവുന്നെന് മുൻപ് മക്കള് തിരികെ എത്തുമോ?ഇപ്പൊ രണ്ടാളും എങ്ങോട്ടോ പോയേക്കുവാ.രണ്ട് ദിവസം കഴിഞ്ഞേ തിരികെ വരത്തൊള്ളു   എന്ന് പറഞ്ഞു."ലിസമ്മ പറഞ്ഞു.
"ഞാൻ നോക്കട്ടെ മമ്മി.പിന്നെ വിളിക്കാമെ.കുറച്ച് തിരക്കാ.."അലക്സ് പെട്ടെന്ന് കാൾ കട്ട് ചെയ്തു.അവന്റെ കണ്ണുകൾ നിറഞ്ഞു വന്നു.ശബ്ദമടക്കി പിടിച്ച് അവൻ കരഞ്ഞു.
ദേവി തറയിൽ കിടക്കുകയായിരുന്നു.പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അവൾ ഞെട്ടി എഴുന്നേറ്റു.മുൻപിൽ  നിൽക്കുന്ന ആളെ കണ്ട് അവളുടെ ശരീരം വിറച്ചു!
"കുറച്ച് വർഷങ്ങൾ കൊണ്ട് നീ അങ്ങ് മിനുങ്ങിയല്ലോടി പെണ്ണെ!" ശിവയുടെ ശബ്ദം അവളുടെ കാതുകളിൽ ചാട്ടുളി പോലെ തറച്ചു! അവൻ പെട്ടെന്ന് വാതിൽ അടച്ചു.
"ഇറങ്ങി പോവുന്നുണ്ടോ അതോ ഞാൻ അലറി വിളിക്കണോ?"ദേവി ഭയം പുറത്ത് കാട്ടാതെ ചോദിച്ചു.
"ഞാൻ പൊക്കോളാം പക്ഷെ അന്ന് സംഭവിച്ചതെന്തെങ്കിലും ഇവിടെ ആരോടെങ്കിലും പറഞ്ഞാൽ അറിയാമല്ലോ! മറ്റവള് ചത്ത് മണ്ണടിഞ്ഞന്നെന്നൊന്നും ഞാൻ നോക്കില്ല.കുഴിച്ച് മൂടിയതൊക്കെ അങ്ങനെ തന്നെ ഇരിക്കുന്നതാണ് എല്ലാവർക്കും  നല്ലത്! ഓർത്താൽ നന്ന്!"ശിവ പറഞ്ഞതുകേട്ട് ദേവി അവനെ കത്തുന്നകണ്ണുകളോടെ  നോക്കി.
ശിവ അവളെ ആർത്തിയോടെ ഒന്ന് നോക്കിയിട്ട് തിരികെ വാതിൽ തുറന്ന് വെളിയിലേക്ക് ഇറങ്ങി അത് ലോക്ക് ചെയ്തു..എന്ത് ചെയ്യണമെന്നറിയാതെ ദേവി  നിലത്തേക്ക് വീണു! തന്റെ ദുർവിധി ഓർത്ത് അവൾ അലറിവിളിച്ച് കരഞ്ഞു.ആരോടും ഒന്നും പറയാൻ ആവാതെ അവൾ വെന്തുരുകി.
എങ്ങനെയെങ്കിലും ഈ കുരുക്കിൽ നിന്ന് തന്നെ രക്ഷിക്കാൻ അവൾ മനസ്സ് നൊന്ത് പ്രാർത്ഥിച്ചു.രാത്രിയായപ്പോൾ ആരോ വാതിൽ തുറക്കുന്ന ശബ്ദം  കേട്ടു! ടോർച്ച് കൈയിൽ പിടിച്ച് അത് ഓൺ ചെയ്യാതെ ഭിത്തിയുടെ ഓരം ചേർന്ന് അവൾ ഭയന്ന് വിറച്ച് ഇരുന്നു.മുറിക്കകത്തേക്ക് ആരോ കയറുന്നതും  വാതിൽ അടയുന്നതും അവൾ അറിയുന്നുണ്ടായിരുന്നു!

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 8


----------------------------
"അതിന് അവളെ ഞാൻ ഒന്നും ചെയ്യില്ല അലക്സ്.അവൾ  വാ തുറക്കണമെങ്കിൽ അവൾക്ക് നോവണം.അവൾക്ക് നോവണമെങ്കിൽ ഒറ്റ വഴിയേ ഉള്ളു.."പറഞ്ഞതും എബി അലക്സിന്റെ നാഭി നോക്കി ആഞ്ഞു ചവിട്ടി! ദേവി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
വേദന കൊണ്ട് അലക്സ് അലറി വിളിച്ചു!
കൈകാലുകൾ കെട്ടി ഇട്ടിരുന്നത്കൊണ്ട് അലക്സിന് പ്രതികരിക്കാൻ ആവുമായിരുന്നില്ല.
"വിട് അലക്സിനെ വിട് "ദേവി കരഞ്ഞുകൊണ്ട് എഴുന്നേറ്റ് വന്ന് എബിയെ പിച്ചുകയും മാന്തുകയും ഇടിക്കുകയും ചെയ്തു.എബി അവളെ ഒരു പൂച്ചക്കുഞ്ഞിനെ തട്ടി മാറ്റുന്ന ലാഘവത്തോടെ തട്ടി എറിഞ്ഞു.അവൾ ഗ്ലാസ് ടാങ്കിൽ ഇടിച്ച് വീണു.
"ആണാണെങ്കിൽ കെട്ടഴിച്ച് തല്ലെടാ  നായെ!"അടികൊള്ളുന്നതിനിടയിൽ അലക്സ് വിളിച്ച് പറഞ്ഞു.അയാൾ വീണ്ടും വീണ്ടും അലക്സിനെ തൊഴിച്ചു.
"ഒന്നും ചെയ്യല്ലേ..പ്ളീസ് ഒന്നും ചെയ്യല്ലേ.."ദേവി എബിയുടെ കാലുകളിൽ പിടിച്ച് കരഞ്ഞു.
"നോവുന്നുണ്ടല്ലേ..ഇവനെ തൊട്ടപ്പോ  നിനക്ക് നോവുന്നുണ്ടല്ലേ..അതിന് വേണ്ടി മാത്രമാ  ഞാൻ ഇവനെ പിടിച്ചോണ്ട് വന്നത്."എബി ദേവിയെ ക്രൂരമായി  നോക്കി.അലക്സ് അവിടെ കിടന്ന് പുളയുകയായിരുന്നു.വേദന കൊണ്ട് അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
"അലക്സ് നിരപരാധി ആണെന്ന് എനിക്കറിയാം.പക്ഷെ നിന്റെ നാവിൽ നിന്നും ഉത്തരം കിട്ടണമെങ്കിൽ ഇവൻ  ഇവിടെ വേണം.നീ സത്യം പറയാതിരിക്കുന്നിടത്തോളം  ഞാൻ ഇവനെ ചവിട്ടി അരയ്ക്കും.പറയ് നിനക്കെന്തെങ്കിലും പറയാൻ  ഉണ്ടോ?"എബി വീണ്ടും ചോദിച്ചു.
ദേവി നിസ്സഹായയായി കരഞ്ഞുകൊണ്ടിരുന്നു.
"തൽക്കാലം  ഇവനെ ഞാൻ കൊണ്ടുപോയേക്കുവാ.നാളെ വെളുപ്പിനെ വരെ ഞാൻ സമയം തരും.അതിനുള്ളിൽ നിന്റെ വായിൽ നിന്നും എനിക്ക് സത്യങ്ങൾ കേൾക്കണം.കേരളത്തിൽ ജനിച്ചു വളർന്ന ദേവി കൃഷ്ണൻ രാഖിയുടെ ആത്മഹത്യക്ക് ശേഷം എങ്ങനെ മെക്സിക്കൻ ആയ മരിയ എലീന ആയി മാറി എന്ന  കഥ  നീ എന്നെ  വിസ്തരിച്ച് പറഞ്ഞ് കേൾപ്പിക്കണം ദേവി .ഇല്ലെങ്കിൽ!" എബി അലക്സിനെ ഒന്ന് നോക്കി..
"നീ ജീവന് തുല്യം സ്നേഹിച്ച നിന്റെ അലക്സ് പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല!" എബി പറഞ്ഞ് നിർത്തി.
അയാൾ പറഞ്ഞ അവസാന വാചകം കേട്ടതും അലക്സ് അമ്പരന്ന് ദേവിയെ നോക്കി.ദേവി അവന് മുഖം കൊടുത്തില്ല.അവൾ ഒന്നും പറയാനാവാതെ കരഞ്ഞുകൊണ്ടിരുന്നു.
പിന്നീട് എബി അലക്സിനെ വലിച്ചിഴച്ച് വെളിയിലേക്ക് കൊണ്ടുപോവുന്നതും വാതിൽ അടയുന്നതും  ദേവി നിസ്സഹായയായി നോക്കി ഇരുന്നു.
അവൾ തലയിൽ കൈവെച്ച് പൊട്ടിക്കരഞ്ഞു.******
ജോസഫ് തരകനും റോബിനും ശിവയും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.ലിസമ്മ അവരുടെ അടുത്ത് തന്നെ ഇരുന്ന് അവർക്ക് വേണ്ടത് വിളമ്പി കൊടുത്തു.
"അലക്സ് പിന്നെ വിളിച്ചായിരുന്നോ റോബി ?" ലിസമ്മയുടെ ചോദ്യം കേട്ട് എല്ലാരും പെട്ടെന്ന് കഴിപ്പ് നിർത്തി.
"ഇല്ല മമ്മി..ഞാൻ പറഞ്ഞില്ലേ അവൻ ഇനി തിരികെ വരാറാവുമ്പഴേ വിളിക്കത്തൊള്ളു.അവിടെ റേഞ്ച് ഇല്ലല്ലോ.."റോബിൻ ലിസമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ഈ ചെറുക്കന്റെ ഒരു കാര്യം.ബാക്കി ഉള്ളവരെ ഇങ്ങനെ ഇട്ട് തീ തീറ്റിക്കണോ?" ലിസമ്മ വിഷമത്തോടെ പറഞ്ഞു.
എല്ലാവരും കഴിച്ച് കഴിഞ്ഞ പാത്രങ്ങളുമായി  അവർ അടുക്കളയിലേക്ക് പോയി.
"അവന്റെ വിവരം ഒന്നും ഇല്ലല്ലോ റോബി..ലിസമ്മ ഭയക്കുന്നത് പോലെ എന്റെ കൊച്ചന് എന്തെങ്കിലും ആപത്ത് പറ്റി കാണുവോ?"ജോസഫിനും  ചെറുതായി  പേടി തോന്നി തുടങ്ങി.
"പപ്പ വെറുതെ  ടെൻഷൻ അടിക്കാതെ.അവൻ ഇങ്ങ് വന്നോളും.അവൻ വന്നിട്ടേ ഞങ്ങള് തിരികെ പോവത്തൊള്ളു ."ശിവയും റോബിനും അദ്ദേഹത്തെ  സമാധാനിപ്പിച്ചു.
കഴിപ്പ്  കഴിഞ്ഞ് ജോസഫ് ഗിരിധറിനോട്‌ ഫോണിൽ  സംസാരിക്കുകയായിരുന്നു.
"നീ എന്നാടാ ഉവ്വേ ഇങ്ങോട്ടൊന്ന് വരുന്നത്?" ജോസഫ് ചോദിച്ചു.
"എന്റെ തിരക്കുകളൊക്കെ നിനക്ക് അറിയാവുന്നതല്ലേ..ലിസമ്മ  എന്ത് പറയുന്നു?"ഗിരിധർ ചോദിച്ചു.
"ഓഹ് അവള് അലക്സിനെ കാണാത്തതിന്റെ ദണ്ണത്തിലാ.."ജോസഫ് പറഞ്ഞു.
"അലക്സ് വന്നില്ല അല്ലെ ഇതുവരെ..പിള്ളേര് പറഞ്ഞായിരുന്നു..അവന്റെ സ്ഥിരം പരിപാടി ആയിരിക്കും അല്ലെ..ഫോട്ടോഗ്രഫി..കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ടിറങ്ങാം..ഇവിടുത്തെ തിരക്കുകളൊക്കെ ഒന്ന്  കഴിയട്ടെ..നമ്മുക്ക് മാത്രമായിട്ടൊന്ന് കൂടിക്കളയാം..പിള്ളേരും വന്നതല്ലേ.."ഗിരിധർ പറഞ്ഞു..അവർ കുറച്ച് സമയം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു .
കുറച്ച് കഴിഞ്ഞ് ശിവ അലക്സിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ റോബിൻ അവിടെ കട്ടിലിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.
"എന്തോന്നാടാ ഇത്ര ആലോചന?വല്ല  തുണ്ടും കണ്ടതിന്റെ ഹാങ്ങ് ഓവറിലാണോ?"ശിവ അവനെ കളിയാക്കി.
"നീ ആ വാതിലങ്ങ് അടച്ചേ.."റോബിൻ ശിവയോട് പറഞ്ഞു.
"എന്താടാ കാര്യം?"ശിവ ചോദിച്ചു.
"അടയ്ക്ക്.ഒരു കാര്യം പറയാനുണ്ട്."റോബിൻ പറഞ്ഞു.
ശിവ വാതിൽ അടച്ച് അവന്റെ അടുത്ത് ചെന്നിരുന്നു.
"എന്താടാ..അലക്സ് എവിടെ ഉണ്ടെന്ന് എന്തെങ്കിലും വിവരം കിട്ടിയോ?"ശിവ ഉധ്വേഗത്തോടെ ചോദിച്ചു.
"ഒരു ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട്.കിട്ടിയ ന്യൂസ് ശരിയാണോ എന്നറിയില്ല.."റോബിൻ പറഞ്ഞു.
"എവിടെയാടാ അവൻ?എന്തെങ്കിലും കുഴപ്പമുണ്ടോ?"ശിവ  ചോദിച്ചു.
"അതെ..പ്രശ്നമാണ്.."റോബിൻ പറഞ്ഞു.
"പപ്പയെ അറിയിക്കണോ?ഇല്ലെങ്കിൽ എന്റെ അച്ഛനെ?"ശിവ ചോദിച്ചു.
"വേണ്ട! തൽക്കാലം ആരെയും അറിയിക്കാൻ നിൽക്കണ്ട..ആദ്യം കിട്ടിയ ന്യൂസ് ശരിയാണോ എന്നറിയണം.ആണെങ്കിൽ..!" റോബിന്റെ മുഖം കണ്ടപ്പോൾ ശിവയ്ക്കെന്തോ ചെറിയ പേടി തോന്നി.*********
വേദന കൊണ്ടുള്ള അലക്സിന്റെ കരച്ചിൽ ആയിരുന്നു ദേവിയുടെ മനസ്സ് നിറയെ.തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അവൾ നീറി പുകഞ്ഞു..
താൻ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചിരുന്ന രണ്ട് പേരിൽ ഒരാൾ ഇന്നീ ഭൂമിയിൽ ഇല്ല.മറ്റൊരാൾ തന്റെ നാവിൻ തുമ്പിൽ നിന്ന് വീഴുന്ന വാക്കുകൾക്ക് വേണ്ടി തന്റെ മുൻപിൽ കിടന്ന് നരകിക്കുന്നു! തനിക്ക് സത്യം തുറന്ന് പറയണമെന്നുണ്ട്.പക്ഷെ താൻ നിസ്സഹായ ആണ്.കുറച്ച് വിഷം കിട്ടിയിരുന്നെങ്കിൽ എന്നവൾ അതിയായി ആശിച്ചു.
ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായപ്പോളും മരിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.പക്ഷെ അലക്സിന്റെ അവസ്ഥ കണ്ടോണ്ട് നില്ക്കാൻ സാധിക്കുന്നില്ല.താൻ ഇനിയും മിണ്ടാതിരുന്നാൽ അലക്സിനെ എബി കൊല്ലും.പക്ഷെ താൻ സത്യങ്ങൾ  എല്ലാം തുറന്ന് പറഞ്ഞാൽ തനിക്ക് മറ്റ് പലതും നഷ്ടപ്പെടും.എന്ത് ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല.
പിറ്റേന്ന് നേരം വെളുത്തതും എബി അവളുടെ മുറിയിലേക്ക് കയറി വന്നു.
"എന്തായി?എന്ത് വേണമെന്ന് തീരുമാനിച്ചോ?"അയാൾ ചോദിച്ചു.
ദേവി ഒന്നും മിണ്ടിയില്ല.
"യെസ് എന്നോ നോ എന്നോ ഉത്തരം പറയുന്നതിന് മുൻപ് നിന്റെ കാമുകനെ കാണണ്ടേ..?എന്റെ കൂടെ വാ."എബി പറഞ്ഞു.
"നിങ്ങൾ ആ പാവത്തിനെ കൊന്നോ?ഞാൻ ആണ് തെറ്റ് ചെയ്തതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ എന്നെ ശിക്ഷിക്ക്.ഒന്നുമറിയാത്ത ആ പാവത്തിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ."ദേവി എബിയെ വെറുപ്പോടെ നോക്കി.
"നമ്മൾ സ്നേഹിക്കുന്നവർക്ക് നൊന്താൽ അവരെക്കാൾ നോവുന്നത് നമ്മുടെ മനസ്സായിരിക്കും അല്ലെ ദേവി.അപ്പൊ രാഖി ഈ ഭൂമി വിട്ട് പോയപ്പോ അവളെ സ്നേഹിച്ചിരുന്നവർ എന്ത് മാത്രം വേദനിച്ചിരിക്കണം."എബിയുടെ ചോദ്യം കേട്ട് ദേവി മുഖം താഴ്ത്തി.
"നിങ്ങൾക്കെങ്ങനെ അറിയാം ഞാൻ അലക്സിനെ സ്നേഹിച്ചിരുന്ന കാര്യം?"ദേവി ചോദിച്ചു.
"ഞാൻ പറഞ്ഞല്ലോ എനിക്കങ്ങനെ പലതുമറിയാം.അതൊന്നും നിന്നോട് പറയേണ്ട ആവശ്യമില്ല."എബി ഗൗരവത്തോടെ പറഞ്ഞു.
"നിങ്ങൾക്കെങ്ങനെയാ രാഖിയെ പരിചയം?അതോ രാഖിയുടെ ആരെങ്കിലും എന്നെ കൊല്ലാൻ  നിങ്ങൾക്ക് കൊട്ടേഷൻ   തന്നതാണോ?"ദേവി ചോദിച്ചു.
"നിനക്ക് ചോദ്യങ്ങൾ ഒരുപാടുണ്ടെന്നറിയാം.എല്ലാത്തിനും ഞാൻ ഉത്തരം തരാം.പക്ഷെ ആദ്യം എന്റെ ചോദ്യത്തിനുള്ള ഉത്തരം നീ പറയണം.രാഖി എന്തിനാണ് ആത്മഹത്യ ചെയ്തത്?അവൾ മരിച്ച അന്ന് നീ അപ്രത്യക്ഷയായി.ഇന്ത്യ വിട്ട് മെക്സിക്കോയിലേക്ക് പോയി.എന്തിന്?ആർക്ക് വേണ്ടി?ആരായിരുന്നു ഇതിന്റെ ഒക്കെ പിന്നിൽ?"എബി ചോദിച്ചു.
"നിങ്ങളാണോ മെക്സിക്കോയിൽ നിന്നും എന്നെ ഇങ്ങോട്ട് കടത്തിയത്?എങ്ങനെ?ഞാൻ ജോലി ചെയ്തിരുന്ന റിസോർട്ടിലെ കോട്ടേജിൽ നിങ്ങളായിരുന്നോ അന്ന് വന്നത്?എന്നെ കാണണമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചിട്ട് ഇൻജെക്ഷൻ തന്ന് എന്നെ ബോധം കെടുത്തിയത് നിങ്ങളായിരുന്നോ?"ദേവി ചോദിച്ചു.
"പറഞ്ഞല്ലോ.ആദ്യം എന്റെ ചോദ്യത്തിനുള്ള ഉത്തരം."എബി കർക്കശമായി പറഞ്ഞു.
"ഈ തുണി കൊണ്ട് കണ്ണ് കെട്ട്.അത് കഴിഞ്ഞ് നിന്റെ മറ്റവന്റെ  അടുത്തേക്ക് നമുക്ക് പോവാം."എബി പറഞ്ഞു.
"എനിക്ക് കാണണ്ട.നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അലക്സിനെ സ്നേഹിച്ചിരുന്നു.അല്ല ഇപ്പഴും സ്നേഹിക്കുന്നു.അതുകൊണ്ട് അലക്സിന്റെ അവസ്ഥ കാണുമ്പോൾ ചിലപ്പോൾ ഞാൻ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞേക്കാം .പക്ഷെ അതുകൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.എന്റെ നിസ്സഹായാവസ്ഥ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല.ഞാൻ നിങ്ങളുടെ കാലു പിടിക്കാം.ഇങ്ങനെ ഇട്ട് നരകിപ്പിക്കാതെ എന്നെ ഒന്ന് കൊന്നുതരാമോ?"ദേവിയുടെ ചോദ്യം കേട്ട് എബി ചിരിച്ചു.
"മരിക്കാൻ  ഇത്ര കൊതിയായോ ദേവി നിനക്ക്?എന്റെ കണക്ക് പുസ്തകത്തിൽ നിനക്ക് കുറച്ച് സമയം കൂടി ബാക്കി ഉണ്ട്.പക്ഷെ നീ മിണ്ടാതിരിക്കുന്ന ഓരോ നിമിഷവും നിന്റെ അലക്സിന്റെ ആയുസ്സ് കുറഞ്ഞ് കൊണ്ടിരിക്കുകായണെന്ന് മറക്കണ്ട!"എബി കൈയിലിരുന്ന തുണി കൊണ്ട് അവളുടെ കണ്ണുകൾ മുറുക്കെ കെട്ടി.അവളുടെ കൈയിൽ പിടിച്ച് വാതിൽ തുറന്ന്  അവളെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ടുപോയി.
വേറെ ഒരു മുറിയിൽ എത്തിയപ്പോൾ എബി  അവളുടെ കണ്ണുകളിലെ  കെട്ടഴിച്ചു.അവിടെ നിലത്ത് കൈകാലുകൾ കെട്ടിയ അവസ്ഥയിൽ അലക്സ് കിടപ്പുണ്ടായിരുന്നു.അവന്റെ ദേഹം മുഴുവൻ ചോരയിൽ കുളിച്ചിരുന്നു.ദേവി അത് കണ്ട് വിതുമ്പിക്കൊണ്ട് കണ്ണുകൾ പൊത്തി.
അവന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും എബി അവളെ പിടിച്ച് ഒരു കസേരയിൽ കൊണ്ടിരുത്തി.ദേവി അലക്സിനെ തന്നെ കുറച്ച് നേരം നോക്കി ഇരുന്നു.അവളുടെ  മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് എബി കണ്ടു.
"കെട്ടിപ്പിടിക്കലും ആശ്വസിപ്പിക്കലും  ഒക്കെ പിന്നീട്. ഇപ്പൊ ഇവന് കുറച്ച് ജീവനെങ്കിലും ബാക്കി ഉണ്ടെന്ന് പറയാം.പക്ഷെ ഇനിയും നീ എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ ഈ ബാക്കി ഉള്ള ജീവനും കൂടെ ഞാൻ ഇങ്ങ് പറിച്ചെടുക്കും!"എബി അവളെ ഭീഷണിപ്പെടുത്തി.ദേവി ഒന്നും മിണ്ടിയില്ല.
"എന്ത് പറയുന്നു?എല്ലാം തുറന്ന് പറയാൻ തയ്യാറാണോ?"എബി ചോദിച്ചു.ദേവി ഒന്നും മിണ്ടാതെ അലക്സിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു .
"ഞാൻ വീണ്ടും ചോദിക്കുന്നു.ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ നിനക്ക് ഇവനെ എന്നെന്നേക്കുമായി നഷ്ടപ്പെടും.സത്യം എന്താണെന്ന് തുറന്ന് പറയാൻ നീ തയ്യാറാണോ?"എബി ചോദിച്ചത് കേട്ട് ദേവി അയാളെ നോക്കി.
"അതെ! തയ്യാറാണ്!"ദേവിയുടെ മുഖത്തെ ഭാവം കണ്ട് എബി അമ്പരന്നു.
"പക്ഷെ അതിന് മുൻപ് നിങ്ങൾ ഒരു കാര്യം ചെയ്യണം."ദേവി എബിയോട് പറഞ്ഞു.
എന്താണെന്ന അർത്ഥത്തിൽ എബി ദേവിയെ നോക്കി.
"അലക്സിനെ കൊല്ലണം! ഇപ്പൊ ഈ നിമിഷം!" ദേവി പറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

അംബാ മിൽസ് - Part 7

(കഥ ഇഷ്ടമാകുന്നുണ്ടോ കൂട്ടുകാരെ?)
----------------------------
ആദ്യം രാഖിയാണ് ഇറങ്ങിയത്.
പിന്നീട് സത്യരാജും  ദേവിയും അവളുടെ പിന്നാലെ കുറച്ച് അകലം പാലിച്ച് അവളെ ഫോളോ  ചെയ്തു. .
ഹർത്താൽ ആയത്കൊണ്ട് കടകൾ മിക്കതും പൂട്ടികിടക്കുകയായിരുന്നു.പരിസരത്തെങ്ങും ആളുകൾ ഉണ്ടായിരുന്നില്ല.രാഖി അംബാ മിൽസിന്റെ ഗേറ്റ് തുറന്ന് ആ കെട്ടിടത്തിലേക്ക് ഭീതിയോടെ നോക്കി. എന്തോ തൊഴിലാളി പ്രശ്നത്തിന്റെ പേരിൽ വർഷങ്ങളായി  പൂട്ടിക്കിടക്കുന്ന ഫാക്ടറി ആണത്. അകത്ത് എവിടെയോ ഇരുന്ന് ഉദയൻ തന്നെ വാച്ച് ചെയ്യുന്നുണ്ടെന്ന് രാഖിക്കറിയാമായിരുന്നു.അതുകൊണ്ട്‌ തന്നെ ദേവിയും സത്യരാജും പിറകെ ഉണ്ടോ എന്ന് ഉറപ്പുവരുത്താൻ അവൾ തിരിഞ്ഞ് നോക്കിയില്ല.അവൾ രണ്ടും കൽപ്പിച്ച് ആ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കുള്ള സ്റ്റെയർകേസ് കയറി.മൂന്നാം നിലയിലെ ഒരു മുറിയിലേക്ക് ചെല്ലാൻ  ആയിരുന്നു ഉദയൻ പറഞ്ഞത്. മുറിയിൽ ഉദയൻ  ഉണ്ടെങ്കിൽ രാഖിയുടെ കൈയിലിരുന്ന കർച്ചീഫ് മുകളിൽ നിന്നും  താഴേക്ക് എറിയാനായിരുന്നു സത്യരാജ് രാഖിയോട് അടയാളമായി പറഞ്ഞിരുന്നത്. സത്യരാജും ദേവിയും അംബാ മിൽസിന്റെ ബാക് ഗേറ്റ്  വഴി അകത്ത് കയറി കെട്ടിടത്തിന് താഴെ ആയി നിന്നു.പെട്ടെന്ന് സത്യരാജിന് ഒരു കാൾ വരുന്നതും അയാളുടെ മുഖം മാറുന്നതും ദേവി ശ്രദ്ധിച്ചു.കാര്യം ചോദിച്ചപ്പോൾ ഒന്നുമില്ലെന്ന് അയാൾ പറഞ്ഞു.പെട്ടെന്ന് രാഖിയുടെ കർച്ചീഫ് നിലത്തേക്ക് വീണു.മുറിയിൽ ഉദയൻ ഉണ്ടെന്ന് അവർക്ക് മനസ്സിലായി.
"സാർ അങ്ങോട്ട് പോവണ്ടേ?അയാൾ അവളെ എന്തെങ്കിലും ചെയ്താലോ?"ദേവി പേടിയോടെ ചോദിച്ചു.
സത്യരാജ് സ്റ്റെയർകേസ് കയറാൻ തുടങ്ങിയതും അവരെ എല്ലാം ഞെട്ടിച്ചുകൊണ്ട് രാഖി ഓടിപ്പാഞ്ഞ് താഴേക്കിറങ്ങി വന്നു.രാഖിയുടെ  മുഖം പ്രേതത്തെ കണ്ടതുപോലെ വിളറി വെളുത്തിരുന്നു.
"എന്താടി?എന്ത് പറ്റി?"ദേവി ചോദിച്ചു.
"അവര് അവര് പ്ലാൻ മാറ്റി..എന്നോട് എത്രയും പെട്ടെന്ന് തിരികെ പൊക്കോളാൻ പറഞ്ഞു.നീ വാ.നമുക്ക് തിരികെ പോവാം.ഇനി ഇവിടെ നിൽക്കണ്ട.സാറും പൊക്കൊളു.അവര് തൽക്കാലം  സാറിനെ കാണണ്ട."രാഖി വെപ്രാളത്തോടെ പറഞ്ഞു.
"ആ ഫോട്ടോസ് അത് കിട്ടിയോ?"ദേവി ചോദിച്ചു.
"ഇല്ല.അതുകൊണ്ടാ സത്യരാജ് സാറിനെ അവർ  ഇപ്പൊ കാണണ്ട എന്ന് ഞാൻ പറഞ്ഞത്.അവർ  ആ ഫോട്ടോസ് ഇപ്പൊ കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ല.അവര് പുതിയ സ്ഥലവും തീയതിയും അറിയിക്കാമെന്ന് പറഞ്ഞു.എനിക്കൊന്നും മനസ്സിലായില്ല.കിട്ടിയ തക്കത്തിന് ഞാൻ ഇങ്ങ് പോന്നു."രാഖി കിതച്ചുകൊണ്ട് പറഞ്ഞു.
"ശരിയാണ്.ഉദയൻ ആ ഫോട്ടോസ് കൊണ്ടുവന്നിട്ടുണ്ടോ ഇല്ലയോ എന്നറിയാതെ തൽക്കാലം നമ്മൾ എടുത്തുചാടി ഒന്നും ചെയ്യണ്ട . നിങ്ങൾ ഇവിടെ നിൽക്കണ്ട.തിരികെ ഹോസ്റ്റലിലേക്ക് പൊക്കൊളു.ഞാനും തിരികെ പോവുകയാണ്.ഇനി എന്തെങ്കിലും അപ്ഡേറ്റ്സ് അറിയുകയാണെങ്കിൽ എന്നെ വിവരം അറിയിക്കണം."സത്യരാജ് പറഞ്ഞു.ദേവിയും രാഖിയും തിരികെ ഹോസ്റ്റലിലേക്ക് നടന്നു.
"എന്താ ശരിക്കും അവിടെ നടന്നത്..നീ അവര് എന്ന് പറയുന്നുണ്ടായിരുന്നല്ലോ..അവിടെ ഉദയനെ കൂടാതെ വേറെ  ആരെങ്കിലും ഉണ്ടായിരുന്നോ?" ദേവി ചോദിച്ചു.രാഖി പെട്ടെന്ന് മുഖം പൊത്തി കരഞ്ഞു..**********
"ദേവി..ദേവി.."അലക്സ് വിളിച്ചത് കേട്ടപ്പോൾ ദേവി പെട്ടന്ന് സ്വബോധത്തിലേക്ക് തിരികെ  വന്നു.
"താൻ എന്താ ഈ ആലോചിച്ച് കൂട്ടുന്നത്?"അലക്സ് ചോദിച്ചു.
"ഇവിടുന്ന് രക്ഷപെടാൻ എന്തെങ്കിലും വഴിയുണ്ടോ അലക്സ്?"ദേവി ചോദിച്ചു.
"ഇതേതാ സ്ഥലം  എന്ന് പോലും എനിക്കിതുവരെ മനസ്സിലായിട്ടില്ല.ഞാനും ഇതേ പോലൊരു റൂമിലാ ആദ്യം കിടന്നിരുന്നത്.അവിടെയും വിൻഡോസ് എല്ലാം വെളിയിൽ നിന്നും ലോക്ക് ചെയ്തിരിക്കുകയായിരുന്നു.പിന്നെ വിൻഡോസ് എല്ലാം ബ്ലാക്ക് ഔട്ട് ചെയ്തിരുന്നത് കൊണ്ട്  വെളിയിൽ എന്താണെന്നൊന്നും കാണാനും  പറ്റിയില്ല ."അലക്സ് നിരാശയോടെ പറഞ്ഞു.
"അപ്പൊ ഇവിടുന്നൊരു   രക്ഷപെടൽ   ഇല്ല അല്ലെ?"ദേവി ചോദിച്ചു.അലക്സ് ഒന്നും മിണ്ടിയില്ല.
"നീ എന്തിനാ ദേവി മെക്സിക്കോയിൽ പോയത്?നേരത്തെ പറയുന്നത് കേട്ടല്ലോ മെക്സിക്കോയിൽ നിന്നാണ് ഇവർ  നിന്നെ കിഡ്നാപ് ചെയ്തതെന്ന്..അവിടെ എങ്ങനെയാ നീ എത്തിപ്പെട്ടത്?"അലക്സ് ചോദിച്ചു.ദേവി എന്ത് പറയണമെന്നറിയാതെ ഇരുന്നു.അവളുടെ ഇരിപ്പ് കണ്ട് പെട്ടെന്ന് അലക്സ് വിഷയം മാറ്റി.
"നീ  ആഹാരം ഒന്നും കഴിക്കുന്നില്ലേ  ദേവി ?ഇവിടെ ബ്രഡിന്റെ കുറെ പാക്കറ്റ് തൊടാതെ വെച്ചിട്ടുണ്ടല്ലോ."അലക്സ് താഴെ കിടക്കുന്ന കവറിലേക്ക് നോക്കി പറഞ്ഞു.
"തീരുന്നെങ്കിൽ  തീരട്ടെ അലക്സ്..എന്ത് പ്രതീക്ഷിച്ചാ ജീവിക്കുന്നത്.."ദേവിയുടെ തൊണ്ട ഇടറി.
"എനിക്ക് വാരി തന്നിട്ട് നീ പട്ടിണി ഇരിക്കാതെ.നിരാഹാരം കിടന്ന് പ്രതിഷേധിച്ചത് കൊണ്ടൊന്നും കാര്യമില്ല ദേവി.എന്തെങ്കിലും എടുത്ത് കഴിക്ക്.ജീവൻ നിലനിർത്താനെങ്കിലും.."അലക്സ് പറഞ്ഞു.
ദേവി ഒന്നും മിണ്ടാതെ അലക്സ് പറഞ്ഞതിനും മാത്രം ഒരു ബ്രഡ് എടുത്ത് കഴിച്ചു.
"അലക്സിനെ അവർ ഒരുപാട് ഉപദ്രവിച്ചു അല്ലെ.."ദേവി സങ്കടത്തോടെ ചോദിച്ചു.അലസ്‌കിന്റെ ശരീരത്തിലേക്ക് നോക്കിയപ്പോൾ  ദേവിയുടെ കണ്ണുകൾ നിറഞ്ഞു.
" ആദ്യം  ഞാനുമോർത്തത് അവർക്ക് ആള് മാറിയതാണെന്നാണ്.പിന്നീട് തോന്നി എന്റെ പപ്പ ആരാണെന്നറിഞ്ഞിട്ട് ചിലപ്പോ റാൻസം ഡിമാൻഡ് ചെയ്യാനാവുമെന്ന്.കുറച്ച് ദിവസം അതാവും ഇതാവും  കാരണം എന്ന്  ആലോചിച്ച് ഞാൻ ഇരുന്നു.പക്ഷെ പിന്നീടാണ് എബി  രാഖിയുടെ കാര്യം എന്നോട് പറഞ്ഞത്.ഞാൻ ജീവന് തുല്യം സ്നേഹിച്ച എന്റെ പെണ്ണിന്റെ മരണത്തിന് ഉത്തരവാദി ഞാൻ തന്നെ അല്ലെ എന്ന് ചോദ്യം കേട്ടപ്പോൾ എനിക്ക് പിടിച്ച് നിൽക്കാനായില്ല.പ്രതികരിച്ചു.പക്ഷെ അയാളുടെ കൂടെ വേറെയും ആളുകൾ ഉണ്ടായിരുന്നു.ഇങ്ങോട്ട് ശരിക്കും കിട്ടി.എന്റെ ബോധം മറയുന്നത് വരെ അവരെന്നെ തല്ലി ചതച്ചു. കുറെ ദിവസം പട്ടിണിയായിരുന്നു."അലക്സ് പറഞ്ഞതുകേട്ട് ദേവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
"നിനക്കറിയാമോ ദേവി?എന്റെ രാഖിക്കെന്താ സംഭവിച്ചതെന്ന് നിനക്ക് അറിയാമോ?"അലക്സിന്റെ ചോദ്യം കേട്ട് ദേവി ഒന്നും മിണ്ടിയില്ല.
"ഞാൻ നാട്ടിലേക്ക് പോവുന്നതിന് മുൻപാ അവളെ അവസാനമായി കണ്ടത് .അന്ന് അവള്..അവള്  എന്നോടെന്തോ ഒളിക്കുന്നത് പോലെ തോന്നി.കുറെ ചോദിച്ചപ്പോ അവള് പറഞ്ഞു എന്തോ പ്രശ്നം ഉണ്ട് പിന്നീട് ഒരു ദിവസം എല്ലാം വിശദമായി പറയാം ഇപ്പൊ ഒന്നും ചോദിക്കരുതെന്ന്.അവള്..അവള് വേറൊരു കാര്യം കൂടി പറഞ്ഞു."അലക്സ് പറഞ്ഞ് നിർത്തി.
എന്താണെന്ന അർത്ഥത്തിൽ ദേവി അലക്സിനെ നോക്കി.
പെട്ടെന്ന് ഗ്ലാസ് ടാങ്കിൽ എന്തോ അനക്കം കേട്ടു.
അലക്സ് അങ്ങോട്ടേക്ക് നോക്കി.ദേവി ആ ഭാഗത്തേക്ക് നോക്കിയതേയില്ല.
"ഞാൻ വരുന്നതിന് മുൻപ് നിനക്ക് ഇവനായിരുന്നു കൂട്ട് അല്ലെ.."അലക്സ് ചെറിയൊരു ചിരിയോടെ ചോദിച്ചു.
"ഞാൻ ആ ഭാഗത്തേക്ക് നോക്കാറേ ഇല്ല.ആദ്യമൊക്കെ ഭയങ്കര പേടിയായിരുന്നു.ഇപ്പൊ ഒരു തരം മരവിപ്പാ.."ദേവി പറഞ്ഞു.
"രാഖി എന്ത് പറഞ്ഞെന്നാ അലക്സ് പറയാൻ വന്നത്?"ദേവി ചോദിച്ചു.
"അവൾക്കെന്തെങ്കിലും സംഭവിച്ചാൽ ഞാൻ..ഞാൻ നിന്നെ കെട്ടിക്കോണമെന്ന്.."അലക്സ് പറഞ്ഞതുകേട്ട് ദേവി കണ്ണ് മിഴിച്ചിരുന്നു.പിന്നെ ഒന്നും മിണ്ടാതെ ഭിത്തിയിൽ ചാരി   ഇരുന്ന് ശബ്ദമടക്കിപ്പിടിച്ച് കരഞ്ഞു.
"രാഖി  എന്താ അങ്ങനെ പറഞ്ഞതെന്ന് എനിക്ക് മനസ്സിലായില്ല.അന്ന് കുറെ പ്രാവശ്യം എന്നോട് ഇതേ കാര്യം പറഞ്ഞു.ഞാൻ കുറെ വഴക്ക് പറഞ്ഞു.ഞാൻ അവളോട് അവസാനമായി സംസാരിച്ചത് അവളെ വഴക്ക് പറയാനായിരുന്നു എന്നോർക്കുമ്പോൾ സഹിക്കാൻ പറ്റുന്നില്ല ."പറഞ്ഞതും അലക്സ് വിതുമ്പി.
പിന്നീട് അലക്സ് ഉറങ്ങിയെന്ന്  മനസ്സിലായപ്പോൾ ദേവി അവന്റെ അടുത്ത് ചെന്നിരുന്നു.അവന്റെ മുടിയിഴകളിൽ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ തലോടി.കൈകാലുകൾ കെട്ടിയിട്ടിരുന്നത് കൊണ്ട് അവന് നിവർന്ന്  കിടക്കാൻ പറ്റുന്നില്ലായിരുന്നു.അവൾ അവന്റെ വലത്ത് കൈയിലെ ബാൻഡേജിൽ തൊട്ടപ്പോൾ അവൻ പെട്ടെന്ന് കണ്ണുകൾ തുറന്നു.
"സോറി വേദനയെടുത്തോ?"ദേവി ചമ്മലോടെ ചോദിച്ചു.
"അതെ.കൈ എന്തിലോ തട്ടിയെന്ന് വിചാരിച്ചു."ദേവി അലക്സിനെ ഭിത്തിയിലേക്ക് ചാരി ഇരുത്തി.
"ടോർച്ച് ഓഫ് ചെയ്ത്  വെച്ചേക്കാം.ഇപ്പൊ തന്നെ ശരിക്ക്  കത്തുന്നില്ല.ഉള്ളതും കൂടി കെട്ട് പോവണ്ട.."ദേവി തന്റെ കൈയിലിരുന്ന ടോർച്ച് നോക്കി പറഞ്ഞു.
"നിനക്കിതെങ്കിലും അവര് തന്നല്ലോ.ഞാൻ അവിടെ രാത്രി ഫുൾ ഇരുട്ടിലായിരുന്നു.അല്ലെങ്കിലും അവൾ പോയതിൽ പിന്നെ എന്റെ ജീവിതോം  ഇരുട്ടിലായിരുന്നല്ലോ.."അലക്സ് ഒരു നെടുവീർപ്പോടെ പറഞ്ഞു.
"രാഖിക്ക്  നിന്നെ ഒരുപാട്  ഇഷ്ടമായിരുന്നു ദേവി.അവൾ എപ്പഴും പറയും അവൾക്ക് അവളുടെ ബ്രദറിനെ  പോലെ തന്നെ നിന്നെ ജീവനാണെന്ന്.സ്വന്തം അമ്മയോട് തോന്നാത്ത അടുപ്പവും സ്നേഹവും നിന്നോടുണ്ടെന്ന്.അവൾക്ക് നീ കഴിഞ്ഞേ മറ്റെന്തും ഉണ്ടായിരുന്നുള്ളു.ഈ ഞാൻ പോലും.കെട്ട്  കഴിഞ്ഞ് നിന്നെ കൂടെ ഞങ്ങളുടെ കൂടെ കൊണ്ടുപോകണം എന്ന് നേരത്തെ തന്നെ എന്നോട് പറഞ്ഞ് സമ്മതം  മേടിച്ച്  വെച്ചിട്ടുണ്ടായിരുന്നു."അലക്സ് പറഞ്ഞു.ഇരുട്ടിൽ ദേവി ഏങ്ങലടിക്കുന്ന ശബ്ദം അവൻ കേട്ടു.
പെട്ടെന്ന് ആ മുറിയുടെ വാതിൽ തുറന്നു.ഒരു ടോർച്ചുമായി എബി അകത്തേക്ക് കയറി വന്നു.
"ദേവിക്ക് മനസ്സിലായി കാണുമല്ലോ അല്ലെ നിന്നെ എന്തിനാ ഇവിടെ കൊണ്ടുവന്നിരിക്കുന്നതെന്ന്?അലക്സിനും കാര്യം അറിയാം.അവൻ നിന്നോട് പറഞ്ഞ് കാണുമല്ലോ.."എബി പറഞ്ഞു.
"രാഖിക്ക് എന്താ സംഭവിച്ചതെന്ന് നിങ്ങൾ പറയണം.നിങ്ങൾക്ക് രണ്ടുപേർക്കും അറിയാത്ത രഹസ്യങ്ങളൊന്നും അവളുടെ ജീവിതത്തിൽ ഇല്ലായിരുന്നു.നിങ്ങളിൽ ആർക്കെങ്കിലും ഒരാൾക്ക്  സത്യം അറിയാമായിരിക്കണം. അത് എത്രയും പെട്ടെന്ന് തുറന്ന് പറയുന്നോ അത്ര വേഗം നിങ്ങൾക്കിവിടെ നിന്നും രക്ഷപെടാം."എബി അവരോട് രണ്ടുപേരോടുമായി പറഞ്ഞു.
"ഞാൻ എത്ര പ്രാവശ്യം പറഞ്ഞേടോ പുല്ലേ എനിക്ക് ഒന്നുമറിയില്ല എന്ന്.തനിക്കെന്താ മലയാളം പറഞ്ഞാൽ മനസ്സിലാവില്ലേ ?"അലക്സ് ചൂടായി.
"ചൂടാവാതെ കൊച്ചനെ.നിനക്ക് കിട്ടിയതൊന്നും പോരാ അല്ലെ.ദേവി എന്ത് പറയുന്നു?"എബി ദേവിയെ നോക്കി.അവൾ ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരിക്കുകയാണ്.
"എനിക്കൊന്നും അറിയില്ല.എനിക്കൊന്നും പറയാനില്ല. "ദേവി മുഖം ഉയർത്താതെ പറഞ്ഞു.
"സമ്മതിച്ചു.പക്ഷെ എന്റെ ഒരു ചോദ്യത്തിനുത്തരം ദേവി തരണം.ഒന്നുമറിയില്ലെങ്കിൽ പിന്നെ രാഖി മരിച്ച് കഴിഞ്ഞ്  നീ  ഈ രാജ്യം വിട്ടതെന്തിന് ?ആരാ ഇതിന്റെയൊക്കെ പിന്നിൽ ?എന്തായിരുന്നു അവർക്കിതിൽ നിന്നുള്ള ലാഭം?"എബി ചോദിച്ചത്  കേട്ട് ദേവി  ഒന്നും മിണ്ടിയില്ല.
"എന്താ ഉത്തരം മുട്ടിപ്പോയോ?" എബി ചിരിച്ചുകൊണ്ട് ചോദിച്ചു.
"നിങ്ങൾ രാഖിയുടെ ആരാ?ഇങ്ങനൊരാളെ കുറിച്ച് അവൾ ഒരിക്കൽ പോലും എന്നോട് സൂചിപ്പിച്ചിരുന്നില്ല. "അലക്സ് എബിയോട് ചോദിച്ചു.
"രാഖി നിന്നോട് പറയാത്ത പല കാര്യങ്ങളുമുണ്ട് അലക്സ്.പക്ഷെ അതെന്തൊക്കെയാണെന്ന് ദേവിക്കറിയാം.അല്ലെ ദേവി?"എബി ദേവിയെ നോക്കി ചോദിച്ചു. അവൾ ഒന്നും മിണ്ടാതെ ഇരിക്കുകയാണ്.
"ഞാൻ ഒരവസരം കൂടി തരാം.രാഖി എന്തിന് അംബാ മിൽസിന്റെ മുകളിൽ നിന്നും ചാടി  ആത്മഹത്യ  ചെയ്തു എന്ന് ദേവി പറയണം! "എബി ദേവിയെ നോക്കി.
"നിനക്ക് വാ തുറക്കാൻ ഉദ്ദേശം ഇല്ല അല്ലെ?ഓക്കെ.എങ്കിൽ നിന്നെക്കൊണ്ട് പറയിപ്പിക്കാമോ എന്ന് ഞാൻ നോക്കട്ടെ."അയാൾ ടോർച്ച് താഴെ വെച്ച് അവരുടെ അടുത്തേക്ക് പാഞ്ഞു.
"അവളെ ഒന്നും ചെയ്യരുത്!" അലക്സ് വിളിച്ചുപറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo