നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അംബാ മിൽസ് - Part 8


----------------------------
"അതിന് അവളെ ഞാൻ ഒന്നും ചെയ്യില്ല അലക്സ്.അവൾ  വാ തുറക്കണമെങ്കിൽ അവൾക്ക് നോവണം.അവൾക്ക് നോവണമെങ്കിൽ ഒറ്റ വഴിയേ ഉള്ളു.."പറഞ്ഞതും എബി അലക്സിന്റെ നാഭി നോക്കി ആഞ്ഞു ചവിട്ടി! ദേവി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.
വേദന കൊണ്ട് അലക്സ് അലറി വിളിച്ചു!
കൈകാലുകൾ കെട്ടി ഇട്ടിരുന്നത്കൊണ്ട് അലക്സിന് പ്രതികരിക്കാൻ ആവുമായിരുന്നില്ല.
"വിട് അലക്സിനെ വിട് "ദേവി കരഞ്ഞുകൊണ്ട് എഴുന്നേറ്റ് വന്ന് എബിയെ പിച്ചുകയും മാന്തുകയും ഇടിക്കുകയും ചെയ്തു.എബി അവളെ ഒരു പൂച്ചക്കുഞ്ഞിനെ തട്ടി മാറ്റുന്ന ലാഘവത്തോടെ തട്ടി എറിഞ്ഞു.അവൾ ഗ്ലാസ് ടാങ്കിൽ ഇടിച്ച് വീണു.
"ആണാണെങ്കിൽ കെട്ടഴിച്ച് തല്ലെടാ  നായെ!"അടികൊള്ളുന്നതിനിടയിൽ അലക്സ് വിളിച്ച് പറഞ്ഞു.അയാൾ വീണ്ടും വീണ്ടും അലക്സിനെ തൊഴിച്ചു.
"ഒന്നും ചെയ്യല്ലേ..പ്ളീസ് ഒന്നും ചെയ്യല്ലേ.."ദേവി എബിയുടെ കാലുകളിൽ പിടിച്ച് കരഞ്ഞു.
"നോവുന്നുണ്ടല്ലേ..ഇവനെ തൊട്ടപ്പോ  നിനക്ക് നോവുന്നുണ്ടല്ലേ..അതിന് വേണ്ടി മാത്രമാ  ഞാൻ ഇവനെ പിടിച്ചോണ്ട് വന്നത്."എബി ദേവിയെ ക്രൂരമായി  നോക്കി.അലക്സ് അവിടെ കിടന്ന് പുളയുകയായിരുന്നു.വേദന കൊണ്ട് അവന്റെ ശബ്ദം പുറത്തേക്ക് വന്നില്ല.
"അലക്സ് നിരപരാധി ആണെന്ന് എനിക്കറിയാം.പക്ഷെ നിന്റെ നാവിൽ നിന്നും ഉത്തരം കിട്ടണമെങ്കിൽ ഇവൻ  ഇവിടെ വേണം.നീ സത്യം പറയാതിരിക്കുന്നിടത്തോളം  ഞാൻ ഇവനെ ചവിട്ടി അരയ്ക്കും.പറയ് നിനക്കെന്തെങ്കിലും പറയാൻ  ഉണ്ടോ?"എബി വീണ്ടും ചോദിച്ചു.
ദേവി നിസ്സഹായയായി കരഞ്ഞുകൊണ്ടിരുന്നു.
"തൽക്കാലം  ഇവനെ ഞാൻ കൊണ്ടുപോയേക്കുവാ.നാളെ വെളുപ്പിനെ വരെ ഞാൻ സമയം തരും.അതിനുള്ളിൽ നിന്റെ വായിൽ നിന്നും എനിക്ക് സത്യങ്ങൾ കേൾക്കണം.കേരളത്തിൽ ജനിച്ചു വളർന്ന ദേവി കൃഷ്ണൻ രാഖിയുടെ ആത്മഹത്യക്ക് ശേഷം എങ്ങനെ മെക്സിക്കൻ ആയ മരിയ എലീന ആയി മാറി എന്ന  കഥ  നീ എന്നെ  വിസ്തരിച്ച് പറഞ്ഞ് കേൾപ്പിക്കണം ദേവി .ഇല്ലെങ്കിൽ!" എബി അലക്സിനെ ഒന്ന് നോക്കി..
"നീ ജീവന് തുല്യം സ്നേഹിച്ച നിന്റെ അലക്സ് പിന്നെ ഈ ഭൂമിയിൽ ഉണ്ടാവില്ല!" എബി പറഞ്ഞ് നിർത്തി.
അയാൾ പറഞ്ഞ അവസാന വാചകം കേട്ടതും അലക്സ് അമ്പരന്ന് ദേവിയെ നോക്കി.ദേവി അവന് മുഖം കൊടുത്തില്ല.അവൾ ഒന്നും പറയാനാവാതെ കരഞ്ഞുകൊണ്ടിരുന്നു.
പിന്നീട് എബി അലക്സിനെ വലിച്ചിഴച്ച് വെളിയിലേക്ക് കൊണ്ടുപോവുന്നതും വാതിൽ അടയുന്നതും  ദേവി നിസ്സഹായയായി നോക്കി ഇരുന്നു.
അവൾ തലയിൽ കൈവെച്ച് പൊട്ടിക്കരഞ്ഞു.******
ജോസഫ് തരകനും റോബിനും ശിവയും ആഹാരം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.ലിസമ്മ അവരുടെ അടുത്ത് തന്നെ ഇരുന്ന് അവർക്ക് വേണ്ടത് വിളമ്പി കൊടുത്തു.
"അലക്സ് പിന്നെ വിളിച്ചായിരുന്നോ റോബി ?" ലിസമ്മയുടെ ചോദ്യം കേട്ട് എല്ലാരും പെട്ടെന്ന് കഴിപ്പ് നിർത്തി.
"ഇല്ല മമ്മി..ഞാൻ പറഞ്ഞില്ലേ അവൻ ഇനി തിരികെ വരാറാവുമ്പഴേ വിളിക്കത്തൊള്ളു.അവിടെ റേഞ്ച് ഇല്ലല്ലോ.."റോബിൻ ലിസമ്മയുടെ മുഖത്ത് നോക്കാതെ പറഞ്ഞു.
"ഈ ചെറുക്കന്റെ ഒരു കാര്യം.ബാക്കി ഉള്ളവരെ ഇങ്ങനെ ഇട്ട് തീ തീറ്റിക്കണോ?" ലിസമ്മ വിഷമത്തോടെ പറഞ്ഞു.
എല്ലാവരും കഴിച്ച് കഴിഞ്ഞ പാത്രങ്ങളുമായി  അവർ അടുക്കളയിലേക്ക് പോയി.
"അവന്റെ വിവരം ഒന്നും ഇല്ലല്ലോ റോബി..ലിസമ്മ ഭയക്കുന്നത് പോലെ എന്റെ കൊച്ചന് എന്തെങ്കിലും ആപത്ത് പറ്റി കാണുവോ?"ജോസഫിനും  ചെറുതായി  പേടി തോന്നി തുടങ്ങി.
"പപ്പ വെറുതെ  ടെൻഷൻ അടിക്കാതെ.അവൻ ഇങ്ങ് വന്നോളും.അവൻ വന്നിട്ടേ ഞങ്ങള് തിരികെ പോവത്തൊള്ളു ."ശിവയും റോബിനും അദ്ദേഹത്തെ  സമാധാനിപ്പിച്ചു.
കഴിപ്പ്  കഴിഞ്ഞ് ജോസഫ് ഗിരിധറിനോട്‌ ഫോണിൽ  സംസാരിക്കുകയായിരുന്നു.
"നീ എന്നാടാ ഉവ്വേ ഇങ്ങോട്ടൊന്ന് വരുന്നത്?" ജോസഫ് ചോദിച്ചു.
"എന്റെ തിരക്കുകളൊക്കെ നിനക്ക് അറിയാവുന്നതല്ലേ..ലിസമ്മ  എന്ത് പറയുന്നു?"ഗിരിധർ ചോദിച്ചു.
"ഓഹ് അവള് അലക്സിനെ കാണാത്തതിന്റെ ദണ്ണത്തിലാ.."ജോസഫ് പറഞ്ഞു.
"അലക്സ് വന്നില്ല അല്ലെ ഇതുവരെ..പിള്ളേര് പറഞ്ഞായിരുന്നു..അവന്റെ സ്ഥിരം പരിപാടി ആയിരിക്കും അല്ലെ..ഫോട്ടോഗ്രഫി..കുറച്ച് ദിവസം കഴിഞ്ഞ് ഞാൻ അങ്ങോട്ടിറങ്ങാം..ഇവിടുത്തെ തിരക്കുകളൊക്കെ ഒന്ന്  കഴിയട്ടെ..നമ്മുക്ക് മാത്രമായിട്ടൊന്ന് കൂടിക്കളയാം..പിള്ളേരും വന്നതല്ലേ.."ഗിരിധർ പറഞ്ഞു..അവർ കുറച്ച് സമയം കൂടി സംസാരിച്ചിട്ട് ഫോൺ വെച്ചു .
കുറച്ച് കഴിഞ്ഞ് ശിവ അലക്സിന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ റോബിൻ അവിടെ കട്ടിലിൽ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു.
"എന്തോന്നാടാ ഇത്ര ആലോചന?വല്ല  തുണ്ടും കണ്ടതിന്റെ ഹാങ്ങ് ഓവറിലാണോ?"ശിവ അവനെ കളിയാക്കി.
"നീ ആ വാതിലങ്ങ് അടച്ചേ.."റോബിൻ ശിവയോട് പറഞ്ഞു.
"എന്താടാ കാര്യം?"ശിവ ചോദിച്ചു.
"അടയ്ക്ക്.ഒരു കാര്യം പറയാനുണ്ട്."റോബിൻ പറഞ്ഞു.
ശിവ വാതിൽ അടച്ച് അവന്റെ അടുത്ത് ചെന്നിരുന്നു.
"എന്താടാ..അലക്സ് എവിടെ ഉണ്ടെന്ന് എന്തെങ്കിലും വിവരം കിട്ടിയോ?"ശിവ ഉധ്വേഗത്തോടെ ചോദിച്ചു.
"ഒരു ചെറിയ ക്ലൂ കിട്ടിയിട്ടുണ്ട്.കിട്ടിയ ന്യൂസ് ശരിയാണോ എന്നറിയില്ല.."റോബിൻ പറഞ്ഞു.
"എവിടെയാടാ അവൻ?എന്തെങ്കിലും കുഴപ്പമുണ്ടോ?"ശിവ  ചോദിച്ചു.
"അതെ..പ്രശ്നമാണ്.."റോബിൻ പറഞ്ഞു.
"പപ്പയെ അറിയിക്കണോ?ഇല്ലെങ്കിൽ എന്റെ അച്ഛനെ?"ശിവ ചോദിച്ചു.
"വേണ്ട! തൽക്കാലം ആരെയും അറിയിക്കാൻ നിൽക്കണ്ട..ആദ്യം കിട്ടിയ ന്യൂസ് ശരിയാണോ എന്നറിയണം.ആണെങ്കിൽ..!" റോബിന്റെ മുഖം കണ്ടപ്പോൾ ശിവയ്ക്കെന്തോ ചെറിയ പേടി തോന്നി.*********
വേദന കൊണ്ടുള്ള അലക്സിന്റെ കരച്ചിൽ ആയിരുന്നു ദേവിയുടെ മനസ്സ് നിറയെ.തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് അവൾ നീറി പുകഞ്ഞു..
താൻ ഈ ലോകത്ത് ഏറ്റവും സ്നേഹിച്ചിരുന്ന രണ്ട് പേരിൽ ഒരാൾ ഇന്നീ ഭൂമിയിൽ ഇല്ല.മറ്റൊരാൾ തന്റെ നാവിൻ തുമ്പിൽ നിന്ന് വീഴുന്ന വാക്കുകൾക്ക് വേണ്ടി തന്റെ മുൻപിൽ കിടന്ന് നരകിക്കുന്നു! തനിക്ക് സത്യം തുറന്ന് പറയണമെന്നുണ്ട്.പക്ഷെ താൻ നിസ്സഹായ ആണ്.കുറച്ച് വിഷം കിട്ടിയിരുന്നെങ്കിൽ എന്നവൾ അതിയായി ആശിച്ചു.
ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടായപ്പോളും മരിക്കണമെന്ന് ഒരിക്കൽ പോലും തോന്നിയിട്ടില്ല.പക്ഷെ അലക്സിന്റെ അവസ്ഥ കണ്ടോണ്ട് നില്ക്കാൻ സാധിക്കുന്നില്ല.താൻ ഇനിയും മിണ്ടാതിരുന്നാൽ അലക്സിനെ എബി കൊല്ലും.പക്ഷെ താൻ സത്യങ്ങൾ  എല്ലാം തുറന്ന് പറഞ്ഞാൽ തനിക്ക് മറ്റ് പലതും നഷ്ടപ്പെടും.എന്ത് ചെയ്യണമെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഉത്തരം കിട്ടിയില്ല.
പിറ്റേന്ന് നേരം വെളുത്തതും എബി അവളുടെ മുറിയിലേക്ക് കയറി വന്നു.
"എന്തായി?എന്ത് വേണമെന്ന് തീരുമാനിച്ചോ?"അയാൾ ചോദിച്ചു.
ദേവി ഒന്നും മിണ്ടിയില്ല.
"യെസ് എന്നോ നോ എന്നോ ഉത്തരം പറയുന്നതിന് മുൻപ് നിന്റെ കാമുകനെ കാണണ്ടേ..?എന്റെ കൂടെ വാ."എബി പറഞ്ഞു.
"നിങ്ങൾ ആ പാവത്തിനെ കൊന്നോ?ഞാൻ ആണ് തെറ്റ് ചെയ്തതെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടെങ്കിൽ എന്നെ ശിക്ഷിക്ക്.ഒന്നുമറിയാത്ത ആ പാവത്തിനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാതെ."ദേവി എബിയെ വെറുപ്പോടെ നോക്കി.
"നമ്മൾ സ്നേഹിക്കുന്നവർക്ക് നൊന്താൽ അവരെക്കാൾ നോവുന്നത് നമ്മുടെ മനസ്സായിരിക്കും അല്ലെ ദേവി.അപ്പൊ രാഖി ഈ ഭൂമി വിട്ട് പോയപ്പോ അവളെ സ്നേഹിച്ചിരുന്നവർ എന്ത് മാത്രം വേദനിച്ചിരിക്കണം."എബിയുടെ ചോദ്യം കേട്ട് ദേവി മുഖം താഴ്ത്തി.
"നിങ്ങൾക്കെങ്ങനെ അറിയാം ഞാൻ അലക്സിനെ സ്നേഹിച്ചിരുന്ന കാര്യം?"ദേവി ചോദിച്ചു.
"ഞാൻ പറഞ്ഞല്ലോ എനിക്കങ്ങനെ പലതുമറിയാം.അതൊന്നും നിന്നോട് പറയേണ്ട ആവശ്യമില്ല."എബി ഗൗരവത്തോടെ പറഞ്ഞു.
"നിങ്ങൾക്കെങ്ങനെയാ രാഖിയെ പരിചയം?അതോ രാഖിയുടെ ആരെങ്കിലും എന്നെ കൊല്ലാൻ  നിങ്ങൾക്ക് കൊട്ടേഷൻ   തന്നതാണോ?"ദേവി ചോദിച്ചു.
"നിനക്ക് ചോദ്യങ്ങൾ ഒരുപാടുണ്ടെന്നറിയാം.എല്ലാത്തിനും ഞാൻ ഉത്തരം തരാം.പക്ഷെ ആദ്യം എന്റെ ചോദ്യത്തിനുള്ള ഉത്തരം നീ പറയണം.രാഖി എന്തിനാണ് ആത്മഹത്യ ചെയ്തത്?അവൾ മരിച്ച അന്ന് നീ അപ്രത്യക്ഷയായി.ഇന്ത്യ വിട്ട് മെക്സിക്കോയിലേക്ക് പോയി.എന്തിന്?ആർക്ക് വേണ്ടി?ആരായിരുന്നു ഇതിന്റെ ഒക്കെ പിന്നിൽ?"എബി ചോദിച്ചു.
"നിങ്ങളാണോ മെക്സിക്കോയിൽ നിന്നും എന്നെ ഇങ്ങോട്ട് കടത്തിയത്?എങ്ങനെ?ഞാൻ ജോലി ചെയ്തിരുന്ന റിസോർട്ടിലെ കോട്ടേജിൽ നിങ്ങളായിരുന്നോ അന്ന് വന്നത്?എന്നെ കാണണമെന്ന് പറഞ്ഞ് മുറിയിലേക്ക് വിളിപ്പിച്ചിട്ട് ഇൻജെക്ഷൻ തന്ന് എന്നെ ബോധം കെടുത്തിയത് നിങ്ങളായിരുന്നോ?"ദേവി ചോദിച്ചു.
"പറഞ്ഞല്ലോ.ആദ്യം എന്റെ ചോദ്യത്തിനുള്ള ഉത്തരം."എബി കർക്കശമായി പറഞ്ഞു.
"ഈ തുണി കൊണ്ട് കണ്ണ് കെട്ട്.അത് കഴിഞ്ഞ് നിന്റെ മറ്റവന്റെ  അടുത്തേക്ക് നമുക്ക് പോവാം."എബി പറഞ്ഞു.
"എനിക്ക് കാണണ്ട.നിങ്ങൾ പറഞ്ഞതുപോലെ ഞാൻ അലക്സിനെ സ്നേഹിച്ചിരുന്നു.അല്ല ഇപ്പഴും സ്നേഹിക്കുന്നു.അതുകൊണ്ട് അലക്സിന്റെ അവസ്ഥ കാണുമ്പോൾ ചിലപ്പോൾ ഞാൻ സത്യങ്ങൾ എല്ലാം തുറന്ന് പറഞ്ഞേക്കാം .പക്ഷെ അതുകൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.എന്റെ നിസ്സഹായാവസ്ഥ പറഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാവില്ല.ഞാൻ നിങ്ങളുടെ കാലു പിടിക്കാം.ഇങ്ങനെ ഇട്ട് നരകിപ്പിക്കാതെ എന്നെ ഒന്ന് കൊന്നുതരാമോ?"ദേവിയുടെ ചോദ്യം കേട്ട് എബി ചിരിച്ചു.
"മരിക്കാൻ  ഇത്ര കൊതിയായോ ദേവി നിനക്ക്?എന്റെ കണക്ക് പുസ്തകത്തിൽ നിനക്ക് കുറച്ച് സമയം കൂടി ബാക്കി ഉണ്ട്.പക്ഷെ നീ മിണ്ടാതിരിക്കുന്ന ഓരോ നിമിഷവും നിന്റെ അലക്സിന്റെ ആയുസ്സ് കുറഞ്ഞ് കൊണ്ടിരിക്കുകായണെന്ന് മറക്കണ്ട!"എബി കൈയിലിരുന്ന തുണി കൊണ്ട് അവളുടെ കണ്ണുകൾ മുറുക്കെ കെട്ടി.അവളുടെ കൈയിൽ പിടിച്ച് വാതിൽ തുറന്ന്  അവളെ പിടിച്ച് വലിച്ച് വെളിയിലേക്ക് കൊണ്ടുപോയി.
വേറെ ഒരു മുറിയിൽ എത്തിയപ്പോൾ എബി  അവളുടെ കണ്ണുകളിലെ  കെട്ടഴിച്ചു.അവിടെ നിലത്ത് കൈകാലുകൾ കെട്ടിയ അവസ്ഥയിൽ അലക്സ് കിടപ്പുണ്ടായിരുന്നു.അവന്റെ ദേഹം മുഴുവൻ ചോരയിൽ കുളിച്ചിരുന്നു.ദേവി അത് കണ്ട് വിതുമ്പിക്കൊണ്ട് കണ്ണുകൾ പൊത്തി.
അവന്റെ അടുത്തേക്ക് ഓടാൻ തുടങ്ങിയതും എബി അവളെ പിടിച്ച് ഒരു കസേരയിൽ കൊണ്ടിരുത്തി.ദേവി അലക്സിനെ തന്നെ കുറച്ച് നേരം നോക്കി ഇരുന്നു.അവളുടെ  മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നത് എബി കണ്ടു.
"കെട്ടിപ്പിടിക്കലും ആശ്വസിപ്പിക്കലും  ഒക്കെ പിന്നീട്. ഇപ്പൊ ഇവന് കുറച്ച് ജീവനെങ്കിലും ബാക്കി ഉണ്ടെന്ന് പറയാം.പക്ഷെ ഇനിയും നീ എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ ഈ ബാക്കി ഉള്ള ജീവനും കൂടെ ഞാൻ ഇങ്ങ് പറിച്ചെടുക്കും!"എബി അവളെ ഭീഷണിപ്പെടുത്തി.ദേവി ഒന്നും മിണ്ടിയില്ല.
"എന്ത് പറയുന്നു?എല്ലാം തുറന്ന് പറയാൻ തയ്യാറാണോ?"എബി ചോദിച്ചു.ദേവി ഒന്നും മിണ്ടാതെ അലക്സിനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു .
"ഞാൻ വീണ്ടും ചോദിക്കുന്നു.ഇപ്പൊ പറഞ്ഞില്ലെങ്കിൽ പിന്നെ നിനക്ക് ഇവനെ എന്നെന്നേക്കുമായി നഷ്ടപ്പെടും.സത്യം എന്താണെന്ന് തുറന്ന് പറയാൻ നീ തയ്യാറാണോ?"എബി ചോദിച്ചത് കേട്ട് ദേവി അയാളെ നോക്കി.
"അതെ! തയ്യാറാണ്!"ദേവിയുടെ മുഖത്തെ ഭാവം കണ്ട് എബി അമ്പരന്നു.
"പക്ഷെ അതിന് മുൻപ് നിങ്ങൾ ഒരു കാര്യം ചെയ്യണം."ദേവി എബിയോട് പറഞ്ഞു.
എന്താണെന്ന അർത്ഥത്തിൽ എബി ദേവിയെ നോക്കി.
"അലക്സിനെ കൊല്ലണം! ഇപ്പൊ ഈ നിമിഷം!" ദേവി പറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot