നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

റിമി ടോമിയും, റിവേഴ്സായി

ഓർമ്മകൾ ചാടി കടിക്കാനെത്തിയ മുറ്റത്തെ പട്ടി കൂടിനടുത്ത് ഇളം വെയിലും കൊണ്ട് വർക്കിച്ചൻ നില്ക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകളായി,...
ബാലറ്റ് പെട്ടിയ്ക്കുളളിൽ നിന്ന് ആര് ഉയിർത്തെഴുന്നേറ്റ് പാവത്തുങ്ങളുടെ നെഞ്ചത്തേക്ക് കേറും ദൈവമേ ....എന്ന ഒരു ശരാശരി ഇൻഡ്യൻസിന്റെ ടെൻഷനുമുണ്ട് ഈ വോട്ടർക്ക്,...
''കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു '' .....എന്ന് കവി പാടിയെങ്കിലും,......ഈ കാത്തിരിപ്പിൽ പല രാഷ്ട്രീയക്കാരും മെലിയാൻ സാധ്യതയേറെയാണെന്നും വർക്കിച്ചൻ സ്ഥിതീകരിച്ചുറപ്പിച്ചു,...
തല മണ്ഡലത്തിലൂടെ തന്റെ
ചിന്തകൾ മൗന പ്രചാരണം നടത്തുന്നതിനിടയിലാണ് ,
മൂന്ന് മക്കളുടെ അമ്മയായവളും, വർക്കിച്ചന്റെ ഭാര്യയുമായ , റേഷൻ കാർഡിലെ ഹൗസ് വൈഫ് രംഗത്തേക്ക് കടന്നു വന്നത്, ...
തെറ്റിദ്ധരിക്കരുത്,
വർക്കിച്ചന്റെ ഭാര്യയായതിനു ശേഷമാണ് മൂന്നു മക്കളുടെ അമ്മയായത് കേട്ടോ, അല്ലാതെ തല തിരിഞ്ഞ് ചിന്തിക്കരുത്,...ബ്ളീസ് ..!
നിങ്ങൾ ചൊറിഞ്ഞായിരുന്നോ ..? അവളുടെ ചോദ്യം ..?
''ചൊറിഞ്ഞായിരുന്നോന്നോ ..,? എവിടെ , ..?
''സോറി നിങ്ങൾ അറിഞ്ഞായിരുന്നോ ..?
''എന്തോന്ന്,...?
''നമ്മുടെ റിമി ടോമി റിവേഴ്സായി ..!!
''റിവേഴ്സാകാൻ അവളെന്താ മാരുതി കാറോ,..? എടീ ശോശാമ്മേ, നിന്റെ നാവിന് ഇംഗ്ളീഷ് അലർജയാണെങ്കിൽ പിന്നെന്തിനാടി പറയാൻ നിക്കണത്,...
''അല്ല ഡിവോഴ്സായി ...!!
''ദൈവത്തിെനെ സമ്മതിക്കണം ..!!
''അതെന്താ ..?
''ഒരു മനുഷ്യൻ ജനിക്കുമ്പോൾ, ആ വ്യക്തിക്കുളള ഇണ യേയും ദൈവം സൃഷ്ടിക്കുന്നു ...ഈ സിനിമക്കാർക്കു വേണ്ടി വർഷാവർഷം ഇണയെ സൃഷ്ടിച്ച് ദൈവം മടുക്കുന്നില്ലേ ദൈവമേ...
അങ്ങയുടെ ക്ഷമ അപാരം തന്നെ ..അപാരം ...!!
''അപാരമല്ല '' മനുഷ്യാ, ... അ ഭാരമാ ..അ ഭാരം ... പിന്നേയ്
ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണന്ന് അറിയോ, ..?
''ഇന്ന് നമ്മളും, മക്കളും, വേണ്ടപ്പെട്ടവരും
ദൈവകൃപയാൽ,
ജീവിച്ചിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത,
''അത് ശരി തന്നെ, ...അല്ലാതെ മറ്റൊരു പ്രത്യേകത യുണ്ട്,..?
''അതെന്തുവാ,..?
നമ്മുടെ വെഡ്ഡിംഗ് ആനിവേഴ്സറിയാണിന്ന് .....
ഈശോയേ നിങ്ങളത് മറന്നോ,..?
''ഈ ദിവസത്തെ മറക്കുന്ന ഭർത്താക്കന്മാരുണ്ടോ ...ഇന്നെങ്കിലും ഒരാഘോഷം വേണ്ടേ ..? സന്തോഷം വേണ്ടേ,..?
''ദുഃഖ വെളളിയാഴ്ച ആരേലും ബിരിയാണി വയ്ക്കു മോടീ ...!
''ഞാൻ എഫ് ബിയിൽ പോസ്റ്റിട്ടു,..!!
''എടീ, റോഡിലെ പോസ്റ്റിൽ നിന്ന് ആട്ടിൻ കുഞ്ഞിനെ ഒന്നഴിച്ചോണ്ട് വന്ന് ലേശം കാടിവെളളം കൊടുക്കാൻ നിനക്കു വയ്യ,....കണ്ടോടത്ത് പോസ്റ്റിടാൻ സമയമുണ്ട്,....
അല്ല....
''ഒരു കാര്യം ചോദിക്കട്ടെ....
''ഉം...ചോയ്ക്ക്,...
''കഴിഞ്ഞ വർഷമെന്ത്യേ വെഡ്ഡിംഗ് ആനിവേഴ്സറി ആഘോഷിച്ചില്ല,...?
''അന്നെനിക്ക് '' ഫെയ്സ് ബുക്കു''മില്ലായിരുന്നു കഴുത്തിൽ മാലയുമില്ലായിരുന്നു,...!!!
'അമ്മച്ചിയേ !!!
... എന്നു അലറി വിളിച്ചു കൊണ്ട് ,
മലയാളം മാത്രമറിയുന്ന , ഇംഗ്ളീഷ് മീഡിയം കാരൻ മകൻ രംഗത്തേക്ക് ഓടി കിതച്ചു വന്നു,....
''എന്താടാ .... ഇത്ര പരവേശം, ?
''കഴുത്തിലെ ടൈയ്യിൽ ചുറ്റിപ്പിടിച്ചു കൊണ്ട് ,മകൻ സങ്കടത്തോടെ പറഞ്ഞു,.
''ഈ അമ്മച്ചി കാരണം സ്കൂളിൽ ഞാൻ നാണം കെട്ടു,...!
''എന്താടാ ഉണ്ടായത്,..? വർക്കിച്ചൻ ചോദിച്ചു,...
''അമ്മച്ചി ഇന്ന് ഫെയ്സ് ബുക്കിൽ എന്തേലും പോസ്റ്റിയോ,..?
''ഉവ്വ്,..നിന്റെപ്പൻ എന്നെ കെട്ടിയ ദിവസമാണിന്ന് ..,പത്താം വെഡ്ഡിംഗ് ആനിവേഴ്സറി ,....
''എന്റെമ്മച്ചിയേ, ഇംഗ്ളീഷ് അറിയില്ലെങ്കിൽ മലയാളത്തിൽ എഴുതിയാൽ പോരായിരുന്നോ,
''വെഡ്ഡിംഗ് ആനിവേഴ്സറി '' എന്നതിനു പകരം '' വെൽഡിംഗ് ആനിവേഴ്സറി ''
എന്നാ എഴുതിയേക്കുന്നത്,....
''ദൈവമേ...ഛെ ...നേരാണോടാ,..!
''അതേന്ന്...വേഗം എഡിറ്റു ചെയ്ത് തിരുത്തിക്കോ ....അല്ലെങ്കിൽ ഫ്രണ്ട്സുകളെല്ലാം എന്നെ കളിയാക്കി കൊല്ലും,..ഇതിപ്പോ അപ്പുറത്തെ ഷൈജി മാത്രമേ കണ്ടുളളു,...!!
'' മകന്റെ സംസാരം കേട്ട് വർക്കിച്ചൻ പറഞ്ഞു,...
''ആ വാചകം തിരുത്തണ്ട,...ശരിക്കും അതാ കറക്ടായ വാചകം,...!
''ഈ അച്ഛനെന്തറിയാം,...വെൽഡിംഗ് അല്ല,...വെഡ്ഡിംഗ് ആണ്...!!
'എടാ,...പത്തു കൊല്ലമായി ഞങ്ങൾ കല്ല്യാണം കഴിച്ചത് എന്നുളളത് നേരാ ....
പക്ഷേ,...
ഇണങ്ങിയും, പിണങ്ങിയും മുന്നോട്ടു പോകുന്ന ബന്ധമാണ് ദാമ്പത്വം...
അതായത് , പകൽ വഴക്കിട്ട് അകലുമ്പോൾ രാത്രി '' വിട്ടുവീഴ്ചയുടെ '' വെൽഡിംഗിൽ'' വീണ്ടും യോചിപ്പിക്കുന്ന ബന്ധം,...
അകലുന്ന ഹൃദയങ്ങളെ
സ്നേഹം കൊണ്ടും, ത്യാഗം കൊണ്ടും,
വെൽഡ് ചെയ്ത് അഡ്ജസ്റ്റ് ചെയ്തു മുന്നോട്ടു പോകുന്ന ബന്ധം,... അതാണ് അമ്മ ഉദ്ദേശിച്ച ''വെൽഡിംഗ് ആനിവേഴ്സറി ,..!!
''ശോശാമ്മ അന്തം വിട്ട് കുന്തം വിഴുങ്ങിയതു പോലെ വർക്കിച്ചനെ നോക്കി,
''മകന്റെ മുന്നിലും തന്നെ ചെറുതാക്കാത്ത ഭർത്താവിനെ ആദരവോടെ നോക്കി നില്ക്കുന്ന ശോശാമ്മയുടെ കൈ പിടിച്ചു കുലുക്കി മകൻ ചിരിച്ചു കൊണ്ടു പറഞ്ഞു,
''ഹാപ്പി വെൽഡിംഗ് ആനിവേഴ്സറി അമ്മേ,...!
ശോശാമ്മയുടെ കണ്ണുകളിലേക്കു നോക്കി വർക്കിച്ചൻ ചിരിച്ചു കൊണ്ടു പറഞ്ഞു,
ശോശാമ്മേ,
സിനിമക്കാരുടേത് വെഡ്ഡിംഗ് ,
നമ്മുടേത് വെൽഡിംഗ് ,....
=======
ഷൗക്കത്ത് മൈതീൻ ,....
കുവൈത്ത് ,

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot