നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

അമ്മ വരുന്നത് വരെ

Image may contain: Anish Francis

പാവല്‍പടര്‍പ്പിലെ ഏറ്റവും വലിയ ഇലയിലാണ് ആ പുല്‍ച്ചാടി ഇരുന്നത്.തവിട്ടുനിറമുള്ള ദേഹത്തു വലിയ ചിറകുള്ള ഒരു പുല്‍ച്ചാടി. പച്ചനിറമുള്ള ചിറകുകള്‍ക്കൊണ്ട് ഇലയുടെ അരികുകളില്‍ അവന്‍ അള്ളിപ്പിടിച്ചു.
“എന്നാണ് ഈ പൂവ് ,കായാവാന്‍ തുടങ്ങുന്നത് ?”പുല്‍ച്ചാടി ഇലകളോട് ചോദിച്ചു.
“അതൊക്കെ പറയാം.അത്താഴം കഴിഞ്ഞു അപ്പൂപ്പന്‍ ഇപ്പോള്‍ പുറത്തു വരും.അടുക്കളവാതില്‍ തുറന്നു ഞങ്ങളുടെ മേല്‍ വെള്ളമൊഴിക്കും.അപ്പോള്‍ നീ പേടിച്ചു പറന്നുപോകരുത്.”ഇലകള്‍ പറഞ്ഞു.
“എനിക്കൊരു പേടിയുമില്ല.ഞാന്‍ പറക്കുകയില്ല.കണ്ടില്ലേ എന്റെ പച്ച ചിറകുകള്‍ കരുത്തുള്ളവയാണ്.”അവന്‍ പറഞ്ഞു.
പാവലിലകള്‍ ആ തമാശ ,തങ്ങളുടെ ഇലകളില്‍ സ്പര്‍ശിച്ചു കടന്നു പോകുന്ന മത്തന്റെ വള്ളിയോടു പറഞ്ഞു.അത് ,തുളസിയോടും ,മുരുക്കിനോടും,കൊന്നയില്‍ പടര്‍ന്നുകയറിയ മുല്ലയോടും പറഞ്ഞു.അടുക്കളവശത്തെ ചെടികള്‍ ഒന്നടങ്കം ആ തമാശ കേട്ട് ചിരിച്ചു.കയ്യാലക്കപ്പുറം ഉയര്‍ന്നുനില്‍ക്കുന്ന കപ്പളവും,കാപ്പിച്ചെടികളും ,മള്‍ബറിയും കാറ്റില്‍ ആ ചിരി കേട്ടു ചെവികൂര്‍പ്പിച്ചു.
രാത്രിയാകാശത്തില്‍ കൊച്ചു നക്ഷത്രങ്ങള്‍ നിരന്നു.ഉണ്ണി ഉറങ്ങാന്‍ നേരമായി.
“തമാശ കളയൂ ,നാളെ ഈ പൂവ് കായാകുമോ “പുല്‍ച്ചാടി ചോദിച്ചു.
“ഇന്ന് അര്‍ദ്ധരാത്രി.”ഒരില പറഞ്ഞു.
“അല്ല ഇന്ന് വെളുപ്പിന് .നക്ഷത്രങ്ങള്‍ മായുമ്പോള്‍.”മറ്റൊരില പറഞ്ഞു.
“ഞങ്ങള്‍ ഇനിയുള്ള പൂവുകള്‍ ഉണ്ണി ഇറങ്ങി വരുമ്പോള്‍ അവനു കാണാന്‍ വേണ്ടി കാത്തു വച്ചതാണ്.പക്ഷേ...ഇനിയും കാക്കാന്‍ വയ്യ..”വേറൊരു ഇല നെടുവീര്‍പ്പോടെ പറഞ്ഞു.
അപ്പോള്‍ അപ്പൂപ്പന്‍ ആശ്രമത്തിന്റെ അടുക്കളവാതില്‍ തുറന്നുവന്നു.നീണ്ട താടി ഉഴിഞ്ഞു അദ്ദേഹം ആകാശത്തേക്ക് ഒരുനിമിഷം നോക്കി.പിന്നെ മൊന്തയിലെ വെള്ളം പാവലിലേക്ക് ഒഴിച്ചു.ഇത്ര പെട്ടെന്ന് അപ്പൂപ്പന്‍ വരുമെന്ന് പുല്‍ച്ചാടി കരുതിയിരുന്നില്ല.ഒരു വെള്ളച്ചാട്ടം തന്റെ ചിറകില്‍ സ്പര്‍ശിച്ചതും അവന്‍ ചിറകുവിടര്‍ത്തി ഇരുട്ടിലേക്ക് പാഞ്ഞു.ആ പോക്ക് കണ്ടു ചെടികള്‍ ചിരിക്കണ്ടതായിരുന്നു.എങ്കിലും അവര്‍ ചിരിച്ചില്ല.കാരണം അപ്പൂപ്പന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നത് അവര്‍ കണ്ടിരുന്നു.
“അപ്പൂപ്പാ ,പാവല്‍ കായ്ച്ചുവോ ?” ഉണ്ണി ചോദിച്ചു.
ആ അഞ്ചു വയസ്സ്കാരന്‍ തടുക്കുമെത്തയില്‍ മുഖം അമര്‍ത്തി കിടക്കുകയായിരുന്നു.
“ഇല്ല. മോനെ..”
“എനിക്ക് തുളസിയിലകള്‍ മണക്കാന്‍ തോന്നുന്നു.”
“അവ വെയിലില്‍ കരിഞ്ഞു വാടിനില്‍ക്കുകയാണ്.”
“മുല്ലപ്പൂവിനു എന്തിന്റെ മണമാണ് അപ്പൂപ്പാ..”
“നിലാവിന്റെ.”
“എനിക്ക് ഒരു മുല്ലപ്പൂ ഇറുക്കാന്‍ കൊതിയായി.”
“നിലാവ് കുറവാണിപ്പോ.”അപ്പൂപ്പന്‍ പറഞ്ഞു.
“അമ്മ എന്ന് വരും അപ്പൂപ്പാ..”അവന്‍ ചോദിച്ചു.അപ്പൂപ്പന്‍ അതിനു മറുപടി പറഞ്ഞില്ല.
അവന്റെ കണ്‍പോളകള്‍ അടഞ്ഞുതൂങ്ങാന്‍ തുടങ്ങുന്നത് വൃദ്ധന്‍ കണ്ടു.ഭക്ഷണത്തിനുശേഷമുള്ള മരുന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിരിക്കുന്നു.
“ഉണ്ണി ഉറങ്ങിയോ ?”എല്ലാവരും അടുക്കളജനാലക്കരികില്‍ ഇലകള്‍ പടര്‍ത്തി വളര്‍ന്നുനിന്ന തുളസിയോട് ചോദിച്ചു.നിലാവില്‍ ,കാറ്റില്‍ ആ ചോദ്യം തുളസിയില്‍ നിറഞ്ഞു.തുളസി മറുപടി പറയാതെ അതിന്റെ ഇലക്കണ്ണുകള്‍ വിടര്‍ത്തി ജനാലയഴികളിലൂടെ അകത്തേക്ക് നോക്കി.നക്ഷത്രങ്ങളും ചെടികളും അവളുടെ മറുപടിക്കായി കാത്തു.
“അവന്‍ ഉറങ്ങി .അവന്‍ വളരെ ക്ഷീണിതനാണ്.അപ്പൂപ്പന്‍ തടുക്കുമെത്തയില്‍ ഇപ്പോഴും അവന്റെ യരികില്‍ ഇരുന്നു അവന്റെ മുടി തലോടുന്നത് ഞാന്‍ കാണുന്നു.” നെടുവീര്‍പ്പോടെ തുളസി അറിയിച്ചു.
“അവന്റെ ക്ഷീണം മാറിത്തുടങ്ങി എന്നാണു ഞാന്‍ കരുതിയത്‌.”കാപ്പിച്ചെടി പറഞ്ഞു.
“ഇനിയെന്നാണ് അവന്‍ പുറത്തുവന്നു നമ്മളെ കാണുക.ഈ പഴങ്ങള്‍ അവനു വേണ്ടിയാണ് ഞാന്‍ കാത്തുവച്ചിരിക്കുന്നതു.”കപ്പളം പറഞ്ഞു.
“ഞാനും.”മള്‍ബറി പറഞ്ഞു.
“അവന്‍ ഉടനെ സുഖമാകും.അവന്‍ നമ്മളെ കാണാന്‍ വരും.അത് വരെ എല്ലാവരും കാക്കുക.”പാവല്‍ പറഞ്ഞു.
“എനിക്കുറപ്പില്ല. എന്ത് ചെയ്യണം എന്നും അറിയില്ല.ഇനിയും കാത്താല്‍ ഈ വര്‍ഷം ഞാന്‍ പൂക്കാതെ നശിച്ചു പോകും.കാപ്പിപൂക്കളുടെ ഗന്ധമുള്ള നിലാവ് ഉണ്ണിക്ക് ഒരുപാട് ഇഷ്ടമാകും..”ഒരു കാപ്പിച്ചെടി‍ പറഞ്ഞു.ചെടികള്‍ അങ്ങോട്ടുമിങ്ങോട്ടും കലപില കൂട്ടുന്നതിനിടയില്‍ മള്‍ബറിയിലകള്‍ക്കിടയില്‍ നിന്ന് ഒരു നീലശലഭം പുറത്തു വന്നു.അവള്‍ നിലാവില്‍ തുളസിയിലകള്‍ക്ക് മേല്‍ പറന്നു.
“നിങ്ങളെ എല്ലാവരേയുംകാള്‍ ആകുലത എനിക്കാണ്.കാരണം കൂട് പൊട്ടിച്ചു എന്റെ കുഞ്ഞുശലഭങ്ങള്‍ പുറത്തുവരാന്‍ നേരമാകുന്നു.അത് കൊണ്ട് ഉണ്ണി എന്ന് നമ്മളെ കാണാന്‍ വരുമെന്ന് അറിയണ്ടത് നിങ്ങളെക്കാള്‍ കൂടുതല്‍ എന്റെ ആവശ്യമാണ്.അതുകൊണ്ട് ഇന്നലെ ഞാന്‍ അവന്റെ മുറിയില്‍ കയറി.” ശലഭം ‍ പറഞ്ഞു.
എല്ലാവരും നിശബ്ദരായി.ചെറുമേഘങ്ങള്‍ ഉണ്ണിയുടെ വാര്‍ത്ത കേള്‍ക്കാനായി തങ്ങളുടെ യാത്ര നിര്‍ത്തി കാതുകൂര്‍പ്പിച്ചു.
“ഉണ്ണി ഉറങ്ങിക്കിടക്കുകയായിരുന്നു.ഞാന്‍ ചെന്നപ്പോള്‍ വൈദ്യന്‍ അവനെ പരിശോധിച്ചതിനുശേഷം മുറിയില്‍നിന്ന് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു.അപ്പൂപ്പന്‍ വൈദ്യനോട് പറയുന്നത് ഞാന്‍ കേട്ടു.“അവന്‍ അമ്മയെ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു.”.
"അവര്‍ ഉടനെ വരുമോ?.”വൈദ്യന്‍ ചോദിച്ചു.“
"വരുമോയെന്നറിയില്ല.അറിയിച്ചിട്ടുണ്ട്.”അപ്പൂപ്പന്‍ പറഞ്ഞു.
”അമ്മ വരുന്നത് വരെ.”വൈദ്യന്‍ പഞ്ഞു.
“ഇത്രയുമാണ് ഞാന്‍ കേട്ടത്.അതിനര്‍ത്ഥം അമ്മ വന്നാല്‍ അവനു സുഖമാകുമെന്നും അവന്‍ പുറത്തുവരുമെന്നുമാണ്.എന്റെ നീലശലഭക്കുഞ്ഞുങ്ങള്‍ ഉണ്ണിക്കു വേണ്ടി കാത്തിരിക്കുന്നു. ”ശലഭം അറിയിച്ചു.
“ഉണ്ണി അവന്റെ അമ്മയെ ഇത് വരെ കണ്ടിട്ടില്ല.”ജനാലയരികിലെ തുളസി പറഞ്ഞു.അത് കേട്ട് യാത്ര പുറപെടാന്‍ തുടങ്ങിയ മേഘങ്ങള്‍ വീണ്ടും നിന്നു.
“അത് നിനക്കെങ്ങനെ അറിയാം.? ”ശലഭം ചോദിച്ചു.
“അവന്‍ ജനിച്ചപ്പോള്‍ മുതല്‍ ഞാന്‍ ഈ ആശ്രമത്തില്‍ അവനെ കണ്ടുകൊണ്ട് നില്‍ക്കുന്നു.ഞാനും അവനൊപ്പം വളര്‍ന്നതാണ്.ഞാന്‍ അവന്റെ നിമിഷങ്ങള്‍ക്ക് സാക്ഷിയാണ്.ഇത് വരെ അപ്പൂപ്പനല്ലാതെ വേറെയാരും അവനോട് സംസാരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല.”തുളസി വെളിപ്പെടുത്തി.കുഞ്ഞുനക്ഷത്രങ്ങളും മേഘങ്ങളും ,മറ്റു ചെടികളും അവളെ ബഹുമാനത്തോടെ നോക്കി.
“കുന്നുകള്‍കയറി ,ഈ കാനനപാതയിലൂടെ കടന്നു അവന്റെ അമ്മ വരുമോ ?” എല്ലാവരും ചിന്തിച്ചു.പക്ഷേ അതാരും ഉറക്കെ പറഞ്ഞില്ല.
“അവന്റെ അമ്മയെ വഴിയിലെങ്ങാന്‍ കണ്ടാല്‍ ,ഞങ്ങള്‍ അറിയിക്കാം.കുന്നുകള്‍ക്കും ,വനങ്ങള്‍ക്കും മുകളിലൂടെ ഉണ്ണിയുടെ അമ്മയെ തിരഞ്ഞു ഞങ്ങള്‍ പോകയായി.”ചെറിയ വെളുത്ത മേഘങ്ങള്‍ ചെടികളോട് പറഞ്ഞു.മെല്ലെ വെള്ളവഞ്ചികള്‍ പോകുന്നത് പോലെ അവര്‍ യാത്രയായി.
പിറ്റേന്ന് കനത്ത വെയിലില്‍ ആശ്രമത്തിന്റെ അടുക്കളവളപ്പിലെ ചെടികള്‍ ക്ഷീണിച്ചു നിന്നു.എങ്കിലും തുളസിയുടെ കണ്ണുകള്‍ അപ്പോഴും ഉണ്ണിയുടെ മുറിയിലായിരുന്നു.
പകല്‍ ഉണ്ണിയുടെ അമ്മ വന്നില്ല.
മേഘങ്ങള്‍ അവരെ എല്ലായിടത്തും തിരഞ്ഞു.ഒടുവിലവര്‍ ഉണ്ണിയുടെ അമ്മയെ കണ്ടെത്തി.കുന്നുകള്‍ കടന്നു വനത്തിലൂടെയുള്ള പാതയില്‍ ,ഒരു വാഹനത്തില്‍ അവര്‍ വരുന്നുണ്ടായിരുന്നു.
“ഉണ്ണിയുടെ അമ്മ വരുന്നുണ്ട്.”മേഘങ്ങള്‍ പരസ്പരം പറഞ്ഞു.വൃക്ഷ ചില്ലകളിലൂടെ ,ചെറു അരുവികളിലൂടെ ആ വാര്‍ത്ത ആശ്രമവളപ്പില്‍ കാറ്റ് അതിവേഗമേത്തിച്ചു.
“അവന്റെ നില അതീവ മോശമാവുകയാണ്.പനിച്ചൂടില്‍ അവന്റെ ദേഹം പൊള്ളുന്നു.എങ്കിലും അവന്‍ നമ്മുടെ കാര്യമാണ് പറയുന്നത്.അമ്മ ,പൂക്കള്‍,നിലാവ് ,ശലഭം ,ചെടികള്‍ എന്നിങ്ങനെ ചിതറിയ വാക്കുകള്‍ മാത്രം ഇപ്പോള്‍ പുറത്തുവരുന്നു.അവനു സംസാരിക്കാന്‍ കഴിയുന്നില്ല.”തുളസി പറഞ്ഞു.
ഉണ്ണിയുടെ അമ്മ ഒന്ന് വേഗം വന്നിരുന്നെകില്‍ .ചെടികള്‍ പ്രാര്‍ത്ഥിച്ചു.ഉണ്ണിയുടെ അമ്മയ്ക്ക് വേണ്ടി മഴ മാറിനിന്നു.മാര്‍ഗതടസം ഉണ്ടാക്കാതിരിക്കാന്‍ വൃക്ഷചില്ലകളില്‍നിന്ന് കാറ്റ് ഓടിയൊളിച്ചു.വനപാത വ്യക്തമാകാന്‍ നിലാവ് തെളിഞ്ഞു.
ഒടുവില്‍ ഉണ്ണിയുടെ അമ്മ വന്നു.
അപ്പോള്‍ ഉണ്ണി ഉറക്കത്തിന്റെ പൂന്തോട്ടത്തിലേക്ക് ഓടികയറുകയായിരുന്നു.നിലാവ് വീണുകിടക്കുന്ന പൂന്തോട്ടത്തില്‍ ആയിരം മിന്നാമിന്നികള്‍ ഉണ്ണിയെ കണ്ടു ചിരിച്ചു.
അമ്മ അവന്റെ നെറ്റിയില്‍ കൈവച്ചു.പിന്നെ പൊള്ളുന്ന നെറ്റിയില്‍ ഉമ്മവച്ചു.അപ്പോള്‍ ഉണ്ണി ഉറക്കത്തില്‍ പുഞ്ചിരിച്ചു.
“അമ്മ.”അവന്‍ മെല്ലെമന്ത്രിച്ചു.
“ഉണ്ണിയുടെ അമ്മ വന്നു.”തുളസിച്ചെടി ആഹ്ലാദത്തോടെ വിളിച്ചു പറഞ്ഞു.
“ഇനി ഉണ്ണി ഉടനെ പുറത്തുവരും.നാം അവനു വേണ്ടി കാത്തുവച്ചിരിക്കുന്ന അത്ഭുതങ്ങള്‍ അവനെ കാണിച്ചു കൊടുക്കണം.”ശലഭം പാടി.
ചെടികള്‍ ആശയോടെ കാത്തിരുന്നു.
ഒരു നീല മിന്നാമിന്നി ഉണ്ണിയുടെ മുറിയില്‍നിന്ന് പുറത്തുവന്നു.അത് തുളസിയിലകള്‍ക്ക് മുകളില്‍ പറന്നുനിന്നു.
“നിനക്കെന്തു സുഗന്ധമാണ്‌..”മിന്നാമിന്നി തുളസിയോട് പറഞ്ഞു.
തുളസി അത്ഭുതത്തോടെ നോക്കി.അത് ഉണ്ണിയുടെ ശബ്ദമായിരുന്നു.
“ഉണ്ണി ..ഉണ്ണി..”തുളസിയിലകള്‍ മന്ത്രിച്ചു.
“അതെ കൂട്ടുകാരെ ,ഞാന്‍ നിങ്ങളുടെ ഉണ്ണിയാണ്.എനിക്ക് വേണ്ടി നിങ്ങള്‍ ഇത്രനാള്‍ അത്ഭുതങ്ങള്‍ കാത്തുവച്ചല്ലോ.ഉറക്കത്തിന്റെ പൂന്തോട്ടത്തിലേക്ക് പോകുംമുന്‍പ് നിങ്ങളുടെ അത്ഭുതങ്ങള്‍ ഞാനാസ്വദിക്കട്ടെ.”മിന്നാമിന്നി പറഞ്ഞു.
‍ആ നിമിഷം ‍‍ ആശ്രമവളപ്പിലെ ചെടികള്‍ പൂത്തുലഞ്ഞു.നിലാവിന് കാപ്പിപ്പൂക്കളുടെയും കാട്ടുമുല്ലയുടെയും ഗന്ധമായിരുന്നു.ഇലകളുടെ കൂട്ടില്‍നിന്ന് നീലശലഭങ്ങള്‍ പുറത്തുവന്നു.പൂക്കളും കായ്കളും പഴങ്ങളും മിന്നാമിന്നിയെ നോക്കി ചിരിച്ചു.
അകത്തു ഉണ്ണി ഉറങ്ങിക്കിടന്നു.
(അവസാനിച്ചു)
By: Anish Francis

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot