നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 2


അന്നു വൈകുന്നേരം ജോലികഴിഞ്ഞ് വീട്ടിലേക്കു പോകുവാൻ ചുങ്കത്തറ സ്റ്റാൻഡിൽ ബസ്സു വരുന്നതും കാത്തുനില്ക്കുമ്പോൾ ലക്ഷ്മിയമ്മ ശ്രീജയുടെ ചെവിയിൽ പറഞ്ഞു.
"സാറേ... ഇന്നുച്ചകഴിഞ്ഞപ്പോ നമ്മടൊഫീസിൽ വന്നിട്ട് മിണ്ടാതെ പോയില്ലേ ഒരാമ്പ്രന്നോൻ ദേ.. അവിടെ ആ പൂക്കടേന്റടുത്തു നിന്നോണ്ട് ഇങ്ങോട്ടു നോക്കുന്നുണ്ട് നമ്മളെത്തന്നെയാന്നു തോന്നുന്നു ..? "
തിരക്കിനിടയിൽ എപ്പോഴോ അയാളുടെ കാര്യം അവൾ മറന്നുപോയിരുന്നു. ഓരോ ദിവസവും ഒരുപാടാളുകൾ പലപല കാര്യങ്ങൾക്കായി വന്നു പോകുന്നതല്ലേ താലൂക്ക് ഓഫീസിൽ അതിനിടയിൽ ഒരു മുഖം മാത്രം എങ്ങനെ ഓർത്തുവയ്ക്കാൻ.
ബത്തേരി പ്രൈവറ്റ് ബസ്സ്റ്റാൻഡിലുള്ള കെട്ടിടത്തിലാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ചില്ലറവില്പനകേന്ദ്രവും പൊതു ശൗചാലയവും പ്രവർത്തിക്കുന്നത് അതിനെ എതിർവശത്തെ കെട്ടിട സമുച്ചയത്തോട് ബന്ധിപ്പിക്കുന്ന ഒരു ചെറിയ ഇടനാഴിയുണ്ട് അവിടെയാണ് പൂക്കട സ്ഥിതിചെയ്യുന്നത് അതിനോട് ചേർന്നായിരുന്നു അവർക്കു പോകാനുള്ള ബത്തേരി- പെരിക്കല്ലൂർ ഭാഗത്തേക്കുള്ള ബസ്സുകൾ നിറുത്തിയിടുന്നത്. അവിടെ പൂക്കടയുടെ തൂണിൽ ചാരിനില്ക്കുന്ന രാഘവനെ ശ്രീജ കണ്ടു. അവൾ നോക്കുന്നത് അറിഞ്ഞതുകൊണ്ടാണോ എന്തോ അയാൾ ബസ്സുകാത്തുനില്ക്കുന്നവരുടെ ഇടയിൽ മറഞ്ഞു. കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർക്കു പോകാനുള്ള വണ്ടി വന്നു. ഡ്രൈവറുടെ പുറകിലെ നാലാമത്തെ സീറ്റിലാണ് അവർ ഇരിക്കാറുള്ളത്.സ്ഥിരമായി കയറുന്നതുകൊണ്ട്
യാത്രക്കാർക്ക് പലർക്കും അവരെ അറിയാം അതുകൊണ്ട് ആ സീറ്റിൽ അവരെ പരിചയമുള്ളവർ ആരും ഇരിക്കാറില്ല. രണ്ടു മിനിറ്റിനുള്ളിൽ യാത്രക്കാരെക്കൊണ്ട് ബസ്സുനിറഞ്ഞു.
യാത്രക്കാരിൽ അധികവും സ്ക്കൂൾ -കോളജ് വിദ്യാർത്ഥികളും സർക്കാർ ഉദ്യോഗസ്ഥരും ആയിരുന്നു. സൈഡ് സീറ്റിലിരുന്നുകൊണ്ട് പുറത്തേക്ക് നോക്കിയപ്പോൾ താഴെ ആൾക്കൂട്ടത്തിനിടയിൽ നിന്നുകൊണ്ട് രാഘവൻ തന്നെ ശ്രദ്ധിക്കുന്നതു കണ്ട ശ്രീജയ്ക്ക് എന്തോ ഒരു വല്ലായ്മ തോന്നി. അകാരണമായ ഒരു ഭയം തന്നെ പൊതിയുന്നത് അവളറിഞ്ഞു. എന്തിനാണ് ഇയാൾ തന്നെ പിന്തുടരുന്നതെന്ന് എത്ര അലോചിച്ചിട്ടും മനസ്സിലാകുന്നില്ല തന്റെ മൂന്നു വർഷത്തെ സർക്കാർ സർവ്വീസ്സിനിടയിൽ ഉപകാരമല്ലാതെ ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടില്ല തന്നോട് ആർക്കും ഒരു ശത്രുതയുമില്ല. അവൾ അടുത്തിരുന്ന ലക്ഷ്മിയമ്മയോട് കാര്യം പറഞ്ഞു. അവർ നോക്കുന്നതുകണ്ട അയാൾ ശ്രീജയിൽ നിന്നും മുഖംതിരിച്ച് അടുത്തുള്ള ബുക്ക്സ്റ്റാളിലേക്ക് തന്റെ നോട്ടം തിരിച്ചു
" സാറ് പേടിക്കണ്ട സാറേ.. അയാക്കു വട്ടാ.. അല്ലെങ്കിപ്പിന്നെ ആരേലുമിങ്ങനെ ചെയ്യ്വോ? ഇന്നയാളോടു രണ്ടു വർത്താനം പറഞ്ഞിട്ടേ കാര്യമൊള്ളു."
ദേഷ്യം വന്ന ലക്ഷ്മിയമ്മ തന്റെ സീറ്റിൽനിന്നും എഴുന്നേറ്റ് പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ അവൾ തടഞ്ഞു.
" പോട്ടേ... ലക്ഷ്മിയമ്മേ..ബസ്സിപ്പോവിടും ചുമ്മാ അതുമിതും പറഞ്ഞ് ഒച്ചപ്പാടാക്കണ്ട ചിലപ്പോ നിങ്ങളു പറഞ്ഞപോലേ അങ്ങേർക്ക് വട്ടാണെങ്കിലോ?"
അതുകേട്ടപ്പോൾ ലക്ഷ്മിയമ്മ ശാന്തയായി. ടിക്കറ്റ് കൊടുത്തുകൊണ്ടിരുന്ന കണ്ടക്ടർ അടുത്തെത്തിയപ്പോൾ അവൾ തന്റെ ബാഗിൽ നിന്നും പാസ്ബുക്കെടുത്ത് അയാൾക്കു കൊടുത്ത് ഒപ്പിട്ട് വാങ്ങി. അത് തിരിച്ചു ബാഗിൽ വയ്ക്കുമ്പോൾ അവളുടെ നോട്ടം അറിയാതെ പുറത്തേക്കു അയാൾ നിന്നിടത്തേക്കു നീണ്ടു അപ്പോൾ അവിടെ അയാളെ കണ്ടില്ല ചുറ്റും നോക്കിയെങ്കിലും അവിടെയൊന്നും കാണാൻ കഴിഞ്ഞില്ല. കണ്ടക്ടർ ഡബിൾബെല്ലടിച്ചപ്പോൾ വണ്ടി മുന്നോട്ട് നീങ്ങിത്തുടങ്ങി. ചില സ്റ്റോപ്പുകൾ പിന്നിട്ടതൊന്നും അവളറിഞ്ഞില്ല. മനസ്സുനിറയെ രാഘവന്റെ മുഖമായിരുന്നു.ലക്ഷ്മിയമ്മയ്ക്ക് ഇറങ്ങേണ്ട സ്ഥലമെത്തിയപ്പോഴാണ് അവൾക്ക് സ്ഥലകാലബോധമുണ്ടായത്.
" ങ്ങേ..ഇത്ര പെട്ടന്ന് ഇരുളത്തെത്തിയോ?"
"സാറു ഭയങ്കര ആലോചനയായിരുന്നു അതാ ഞാനൊന്നും പറയാതിരുന്നേ. എന്നാ ഞാനിവിടെയെറങ്ങാണ് തിങ്കളാഴ്ച്ചക്കാണാം"
അവൾ പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
വണ്ടി മുന്നോട്ടു പോകുന്നതിനിടയിൽ അവളുടെ സീറ്റിനരികിൽ വേറൊരു സ്ത്രീ ഇരിക്കാൻ വന്നപ്പോൾ അവൾ തന്റെ സീറ്റിന്റെ സൈഡിലേക്ക് നീങ്ങിയിരുന്നു സ്ഥലം കൊടുത്തു.ബസ്സ് നീങ്ങിത്തുടങ്ങിയപ്പോൾ കാടിന്റെ ഭംഗിയാസ്വദിച്ചുകൊണ്ട് പുറത്തേക്കു നോക്കിയിരുന്നു. ഇരുപത് മിനിറ്റിനുള്ളിൽ ബസ്സ് പുല്പള്ളിയിലെത്തി. ഇനി പത്ത് മിനിറ്റ് കഴിഞ്ഞേ വണ്ടി വിടുകയുള്ളു. തന്റെ അടുത്തായി വന്നിരുന്ന ഒരു പെൺകുട്ടിയോട് താനിപ്പോൾ വരാമെന്നു പറഞ്ഞ് തന്റെ ബാഗ് സീറ്റിൽ വച്ച് അവൾ പുറത്തിറങ്ങി അടുത്തുള്ള പച്ചക്കറിക്കടയിൽ കയറി അമ്മയ്ക്കിഷ്ടപ്പെട്ട ഉള്ളിപ്പൂവും, കോളിഫ്ലവറും, അടുത്തുള്ള ബേക്കറിയിൽ നിന്നും അച്ഛനിഷ്ടപ്പെട്ട കിണ്ണത്തപ്പവും വാങ്ങിച്ചെല്ലുമ്പേഴേക്കും ബസ്സുപോകാൻ തയ്യാറായി കിടപ്പുണ്ടായിരുന്നു.ഇനി പത്തു കിലോമീറ്റർ ദൂരം കൂടി പോയാൽ മതി അവൾക്കിറങ്ങേണ്ട പെരിക്കല്ലൂരെത്താൻ.
ശ്രീജയ്ക്ക് ലീവുള്ള ദിവസങ്ങളിൽ അവളാണ് വീട്ടിൽ പാചകം ചെയ്യുന്നത് അന്നത്തെ ദിവസം അമ്മയ്ക്കും, നാത്തൂൻ രമയ്ക്കും പൂർണ്ണ വിശ്രമമാണ് യൂടൂബ് നോക്കിയുള്ള അവളുടെ പുത്തൻ പാചക പരീക്ഷണങ്ങളുടെ രുചിഭേദങ്ങൾ അനുഭവിക്കുന്നത് അവരാണ്.
സ്വന്തം പാചകത്തേക്കുറിച്ചോർത്തപ്പോൾ ചില മധുരിക്കുന്ന ഓർമ്മകൾ അവളുടെ ഉള്ളിൽ തെളിഞ്ഞു.
ബത്തേരി സെന്റ് മേരീസ് കോളേജിൽ ഡിഗ്രിക്ക് ഹേംസയൻസ് ഐച്ഛിക വിഷയമായി പഠിക്കുന്ന കാലം. അന്നത്തെ അവധി ദിവസങ്ങളിലാണ് ശ്രീജ തന്റെ പാചക പരീക്ഷണങ്ങൾ നടത്തുന്നത്
മലയാള മനോരമയിലും മംഗളംവാരികയിലും ഗൃഹലക്ഷ്മിയിലും വരുന്ന പുതിയ വിഭവങ്ങളുടെ പാചക കുറിപ്പുകൾ നോക്കി ഓരോന്നും ഉണ്ടാക്കും. ഒരിക്കൽ അവളുടെ കൈപ്പുണ്യം രുചിച്ചുകൊണ്ട് അച്ഛൻ പറഞ്ഞത്.
"ഇവിടെയെന്നും ശനിയും ഞായറുമായിരുന്നേൽ വായ്ക്കുരുചിച്ച് വല്ലതും മര്യാദയ്ക്കു കഴിക്കാരുന്നു.."
അതു കേട്ടപ്പോൾ സ്വർഗ്ഗം പിടിച്ചടക്കിയ സന്തോഷമായിരുന്നു. ശ്രീജയുടെ മുഖത്ത് അഭിമാനത്തോടെ അതു രുചിച്ചപ്പോഴാണ് അതിന്റെ അരുചി മനസ്സിലായത്. വീണ്ടും വീണ്ടും അത് സ്വാദോടെ കോരിക്കഴിക്കുന്ന അച്ഛനെക്കണ്ടപ്പോൾ അവൾക്ക് കരച്ചിൽ നിയന്ത്രിക്കാൻ സാധിച്ചില്ല. തന്നെ മാറോടു ചേർത്തു പിടിച്ചു നിറഞ്ഞൊഴുകിയ കണ്ണുകൾ തുടച്ചുകൊണ്ട് അച്ഛൻ പറഞ്ഞത് ഇന്നും അവൾ മറന്നിട്ടില്ല.
"മോളേ... ഭക്ഷണത്തിനു രുചിയൊണ്ടാകുന്നതേ രണ്ടേ രണ്ട് അവസരങ്ങളിലാ നിനക്കറ്യോത്.?"
നിറഞ്ഞ കണ്ണുകൾ തുടയ്ക്കാതെ അവൾ ഇല്ലെന്ന് തലയാട്ടിക്കാണിച്ചു.
"നമ്മക്കു നല്ലോണം വെശന്നിരിക്കുമ്പോ കിട്ടുന്നതെന്തും നമ്മളാർത്തിയോടെ തിന്നൂലേ അപ്പോ അതിന്റെ രുചിയൊന്നും ആരും നോക്കൂല പിന്നെ നമ്മളു സ്നേഹിക്കുന്നോര് നമ്മക്കു വെച്ചുവെളമ്പിത്തരുമ്പോഴും... നമ്മളതിന്റെ രുചി നോക്കാറൊണ്ടോ.. ഇല്ലല്ലോ..? നമ്മക്കു വെളമ്പിത്തരുന്നോരുടെ സ്നേഹമാണ് അവർ തരുന്ന ഭക്ഷണത്തിന്റെ രുചി നിശ്ചയിക്കുന്നേ. സത്യായിട്ടും എനിക്ക് വെശപ്പില്ലാരുന്നു പക്ഷേ അച്ഛന്റെ പൊന്നുമോള് കഷ്ടപ്പെട്ടൊണ്ടാക്കീതല്ലേ അതിലിപ്പോ കൊറച്ചു വെഷം ചോർത്തു തന്നാലും അച്ഛനതു ആസാെതിച്ചേ കഴിക്കൂ.. എന്തിനാന്നറ്യോ അതില് നെറയെ അച്ഛന്റെ പൊന്നൂട്ടീടെ സ്നേഹമല്ലേ.."
പുഴക്കടവിൽ തുണിയലക്കാൻ പോയ അമ്മ തിരിച്ചു വന്നപ്പോൾ കാണുന്നത് കരയുന്ന മകളെ സമാധാനിപ്പിക്കുന്ന അച്ഛനെയാണ്. അതു കണ്ടപ്പോൾ അവർ കൈയ്യിലിരുന്ന ബക്കറ്റിലെ തുണികൾ വിരിച്ചിടാതെ അവരുടെ അടുത്തേക്കു ചെന്നു. കാര്യമെന്തെന്നറിയാതെ അവർ ഭർത്താവിനെ വഴക്കു പറയാൻ തുടങ്ങി.
"നിങ്ങക്കെന്തിന്റെ കേടാ മനുഷ്യാ.. വെറുതെയെന്തിനാന്റെ മോളെ കരയിക്കണെ.. ?”
“ശ്ശെടാ... പാപി അതിന് ഞാനിപ്പോന്താ ചെയ്തേ? പടപേടിച്ച് പന്തളത്തെത്തീപ്പോ പന്തങ്കൊളുത്തിപ്പടാന്ന് പണ്ടാരോ പറഞ്ഞ പോലായല്ലോന്റെ കൊട്ട്യൂരപ്പാ…?”
എന്നുപറഞ്ഞ് അമ്മയുടെ നേരെ നോക്കി കണ്ണിറുക്കിക്കാണിച്ച് കൈയ്കൾ കൂപ്പി തല കുനിച്ച അച്ഛനെക്കണ്ടപ്പോൾ ചിരി വന്നെങ്കിലും അവൾ മസ്സിലുപിടിച്ചു നിന്നു.
അച്ഛന്റെ കൈയ്യിലിരിക്കുന്ന പ്ലേറ്റിലേക്കു നോക്കി കാര്യമറിയാതെ അമ്മ വീണ്ടും വഴക്കു പറഞ്ഞു.
" രാവിലെ മൊതലാക്കൊച്ച് അടുക്കളേക്കെടന്ന് കഷ്ടപ്പെട്ടൊണ്ടാക്കീതു മുഴുവനും അവക്കുപോലും കൊടുക്കാതെ മൊത്തംവാരിത്തിന്നല്ലേ ഈ കൊതിയൻ നാണു.. അങ്ങനിപ്പം മുഴുവൻ തന്നെ തിന്നണ്ട കൊർച്ചെനിക്കും താ..കെളവാ ഒറ്റക്ക് വിഴ്ങ്ങാതെ"
അച്ഛന്റെ പ്ലേറ്റിൽ നിന്നും കുറച്ച് വാരി വായിലിട്ട് ഒരു ഭാവവ്യത്യാസവും കാട്ടാതെ ചവച്ചിറക്കിയിട്ട് അമ്മ പറഞ്ഞു.
" പൊന്നൂട്ട്യേ.., നന്നായിട്ടൊണ്ട്ട്ടോ മൊത്തം തീർക്കണ്ട കൊർച്ച് വല്യേട്ടനും രമയ്ക്കും വെച്ചേക്ക് ഇവ്ടെ വരുമ്പോ നീയാദ്യൊണ്ടാക്ക്യേന്റേ വീതം അവർക്കൂടെ കൊടുത്തില്ലേ അതുമതി രണ്ടുങ്കൂടി ഈ പെരപൊളിക്കാൻ "
അമ്മ തന്നെ കളിയാക്കിയതെന്ന ധാരണയിൽ അവൾ ഉറക്കെ വിളിച്ചു പറഞ്ഞു.
“അമ്മയെന്നെക്കളിയാക്ക്യാതാല്ലേ… അങ്ങനിപ്പോ തിന്നണ്ട ഞാനിതെല്ലാങ്കളയും..”
അച്ഛന്റെ കൈയ്യിൽ നിന്നും പ്ലേറ്റ് തട്ടിപ്പറിച്ച്
സങ്കടപ്പെട്ടു നിന്ന അവളെ സന്തോഷിപ്പിക്കാൻ പെട്ടന്നാണു ലക്ഷ്മിയേടത്തി വിഷയം മാറ്റിയത്.
" പൊന്നൂട്ട്യേ.. രമേം പിള്ളേരും വന്നോ?”
"ഹൊ..ഹോ..അവര് പോയ പൊറ്കെ ഇങ്ങോടിവരാൻ മുപ്പത്തിമൂന്നിനല്ല കരുമത്തിനാണു പോയതെന്റെ പെമ്പ്രന്നോരേ "
നാണുവേട്ടൻ ഭാര്യയെ കളിയാക്കി. പുല്പള്ളിയുടെ പഴയ പേരായിരുന്നു കരുമം. ഇന്നും പ്രായം ചെന്നവർ പറയുന്നത് കരുമം എന്നാണ്.
"ഓ ശര്യാ അവര് നന്ദൂന് ജൗളിയെടുക്കാൻ കരുമത്തിനു പോകൂന്നു പറഞ്ഞാരുന്നു ഞാനത് മറന്നോയി തിരിച്ചു വരുമ്പോൾ ജോസ് തിയേറ്ററിക്കേറി ലാലേട്ടന്റെ പുത്യ സിനിമ ഭ്രമരോം കണ്ടിട്ടേ വരൂന്നാ അവളെന്നോട് പറഞ്ഞേ. ഇങ്ങനെയൊരു സിനിമാഭ്രാന്തി സ്വന്തം കെട്ട്യോനേക്കാൾ അവക്കിഷ്ടം ആ കശുവണ്ടിത്തലയനെയാ.. മോഹൻലാലിനെ അടുത്താഴ്ച്ച അനിലും കെട്ട്യോളും വരുമ്പം നമ്മക്കുമ്പോണം ഭ്രമരം കാണാൻ ഏതായാലും മൂവന്തിയാകുമ്പോഴേക്കും അവരിങ്ങു വരുമായിരിക്കും അല്ലേ പൊന്നൂട്ട്യേ..?"
അതു കേട്ടപ്പോൾ ശ്രീജയുടെ കരച്ചിലിന് അല്പം ശമനം വന്നു എങ്കിലും അവൾ മുഖം വീർപ്പിച്ചു തന്നെ നിന്നു അതു കണ്ട ലക്ഷ്മിയേടത്തി അവളെ സമാധാനിപ്പിച്ചു.
"അയ്യേ.. പെങ്കുട്ട്യോളായാ കൊർച്ച് ഉശിരും വാശീമൊക്കെ വേണ്ടേ.. പൊന്നൂട്ട്യേ യെത്രമാത്രം വീണാലാ കുഞ്ഞുമക്കള് നട്ക്കാൻ പടിക്കണേന്നറ്യോ നിനക്ക്…? നിന്റെ പ്രായത്തില് അമ്മയിങ്ങനൊന്നും വെച്ചോണ്ടാക്കീട്ടില്ല അക്കാര്യത്തി ന്റെ കുട്ട്യന്ന്യാ എന്നേക്കാ പേതം നിനക്കറ്യാമ്പാടില്ലാഞ്ഞിട്ടാ നല്ലോണം വെച്ചൊണ്ടാക്കണ പെമ്പിള്ളേര് ചെന്ന് കേറണ വീടൊണ്ടല്ലോ സൊർഗ്ഗാ സൊർഗ്ഗം ന്റെ പൊന്നൂട്ട്യേതു കുടുമത്തു ചെന്നു കേറ്യാലും അവ്ടെ പൊന്നു വെളയും പൊന്ന് "
"എന്നാലേ പൊന്നു വെളയിക്കാനങ്ങനെ ഞാനേ വെറൊരു കുടുംബത്തിലേക്കും പോണില്ല ഞാനിവിടെത്തന്നെയങ്ങു കഴിഞ്ഞോളാം"
കരച്ചിലിനും പിണക്കത്തിനും അവധി നല്കി അത്രയും പറഞ്ഞപ്പോൾ ശ്രീജയുടെ മുഖത്തൊരു കള്ളനാണം വന്നു അതുകണ്ട നാണുവേട്ടൻ ഉരുളയ്ക്ക് ഉപ്പേരിയെന്നപോലേ അവൾക്കു മറുപടി കൊടുത്തു.
"അതിനെന്റെ മോളെ ഞങ്ങള് വേറൊരു കുടുംബത്തിലേക്കും വിടൂല്ലല്ലോ ഞങ്ങക്കൊപ്പം ഇവിടെ നിക്കാനിഷ്ടമൊള്ളോനേക്കൊണ്ടേ നിന്നെ ഞങ്ങള് കെട്ടിക്ക്യോളു.. അതിപ്പം സ്ത്രീധനായി ആകാശത്തൂന്ന് അമ്പിളിമാമനെ ചോതിച്ചാലും ഞങ്ങളു പിടിച്ചുകൊടുക്കും അല്ലേ ലക്ഷ്മ്യേ…?"
ഭർത്താവിന്റെ വാക്കുകൾ കേട്ട് പൊട്ടിച്ചിരിക്കുന്ന അമ്മയെക്കണ്ട്
നാണിച്ച് അടുക്കളയിലേക്ക് ഓടുമ്പോൾ ഒരു കാര്യം അവൾ മനസ്സിൽ കുറിച്ചിട്ടു.ഇനി എന്തുണ്ടാക്കിയാലും ആദ്യം താൻ തന്നെ രുചിച്ചു നോക്കിയിട്ടേ അത് മറ്റുള്ളവർക്ക് കൊടുക്കൂ.
"എന്താ മാഡം... എറങ്ങുന്നില്ലേ കടവെത്തി "
കണ്ടക്ടർ വിളിച്ചു പറഞ്ഞപ്പോഴാണ് ചിന്തകളിൽ നിന്നും ഉണർന്നത്. തന്റെ സാധനങ്ങളും ബാഗും തൂക്കിപ്പിടിച്ച് അവൾ വേഗം തോണിക്കടവിലേക്കു നടന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot