"ചാലക്കുടി മാർക്കറ്റ് റോഡിൽ വച്ച് കൗമാരക്കാരായ രണ്ടു യുവതികൾ കൊല്ലപ്പെട്ടു. പ്രീ ഡിഗ്രി വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ യുവതികൾ രാവിലെ കോളേജിൽ പോകുന്ന സമയത്തു ....................................... ആണ് മരിച്ചത്."
************************
കുറച്ചു വർഷങ്ങൾക്കു മുൻപ് നടന്ന ഒരു സംഭവം ആണ്. പ്രീഡിഗ്രിക്കാരായ രണ്ടുകൂട്ടുകാരികൾ........... അവർ എന്നും കോളേജിൽ പോകുന്നത് മാർക്കറ്റ് റോഡിൽ കൂടിയാണ്.
മാർക്കറ്റ് റോഡിൽ കൂടി പോയാൽ എളുപ്പത്തിൽ നോർത്ത് ജംഗ്ഷനിൽ എത്താം, അവിടെ നിന്നും മാള വഴിയിൽ കൂടി പോയാൽ കോളേജിലേക്ക് കുറച്ചു ദൂരമേയുള്ളൂ. അതാണ് തിക്കും തിരക്കുമുള്ള, അതിലേറെ നാറ്റമുള്ള മാർക്കറ്റ് റോഡ് തെരഞ്ഞെടുക്കുന്നത്. കാശു ലാഭം (അമ്പത് പൈസ - അങ്ങോട്ടും ഇങ്ങോട്ടും കൂടി), നടക്കുന്ന അത്രയും നേരം വർത്തമാനം പറയാം, പിന്നെ കുറച്ചു വായിനോട്ടവും നടക്കും.
ചൊവ്വയും വെള്ളിയും ചന്ത ദിവസമാണ്. ആ ദിവസങ്ങളിൽ ചന്ത റോഡിൽ നല്ല തിരക്കായിരിക്കും. വിൽക്കാൻ കൊണ്ടുവന്നിരിക്കുന്നു പോത്തുകളും എരുമകളും ഒക്കെ വഴിയിൽ കൂട്ടം കൂട്ടമായി നിൽക്കുന്നുണ്ടാവും. അവറ്റകളുടെ കൂടെ ആളുകൾ കാണണമെന്നില്ല പലപ്പോഴും. പാവങ്ങൾ ദയനീയമായ കണ്ണുകളോടെ നോക്കും എല്ലാരേയും. രണ്ടും മൂന്നും എണ്ണത്തിനെ ഒന്നിച്ചു കെട്ടിയിട്ടുണ്ടാകും, കഴുത്തിൽ മാത്രം. പക്ഷെ അതുങ്ങൾ എങ്ങോട്ടും ഓടിപ്പോകില്ല.
ചിലപ്പോൾ ചാണകവും മൂത്രവും ചെളിയും എല്ലാം കൂടിക്കലർന്ന അഴുക്കായ വാല് വീശും അവറ്റകൾ, പോകുന്ന ആളുകളുടെ മേൽ എല്ലാം ചീറ്റിത്തെറിക്കും. വല്ല വണ്ടികളും വന്നാൽ, വണ്ടിക്കു പോകാൻ വേണ്ടി പോത്തുകളും ആളുകളും ഒന്നിച്ചു വഴിയരുകിൽ ഒതുങ്ങി നിൽക്കും. മഴക്കാലമാണെങ്കിൽ പറയുകയും വേണ്ട.
ഒരു ദിവസം, കുറച്ചു കുട്ടികൾ സ്കൂളിൽ പോകുന്ന നേരത്തു, ഒരു കാർ വന്നു, കുട്ടികൾ എല്ലാം കൂടി വഴിയരുകിലേക്കു ഒതുങ്ങി നിന്നു. ഒരു പോത്താണെങ്കിൽ, ഈ റോഡ് നിന്റെ ഡാഡിയുടെ വകയാണോ എന്ന മട്ടിൽ കാറിനു നേരെ നോക്കി കൊണ്ട്, റോഡിന്റെ പകുതിക്കു നിക്കാണ്. കാർ ഡ്രൈവർ നീട്ടി ഒരു ഹോണടിച്ചു, അത് കേട്ടതും പോത്തു വാല് കൊണ്ട് ഒരു വീശൽ കാറിന്റെ ഫ്രണ്ട് ഗ്ലാസ് നിറയെ ചാണകവും ചെളിവെള്ളവും കൊണ്ടൊരു അഭിഷേകം.എന്നിട്ടു മാറി ഒതുങ്ങി നിന്നു, എല്ലാവരും പൊട്ടിച്ചിരിച്ചു, കാർ വേഗം സ്ഥലം വിട്ടു.
ഒരു ദിവസം ചാണകഭിഷേകത്തിൽ മുങ്ങിയ ഒരു കുട്ടി കരഞ്ഞു കൊണ്ട് വീട്ടിലേക്കു തിരിച്ചു പോയി. ചില ദിവസങ്ങളിൽ ചില പോത്തുകൾ റോഡിന്റെ നടുക്ക് നില്കും, പോക്കിരികളെപോലെ, അല്ലെങ്കിൽ അടിച്ചു പിമ്പിരിയായി റോഡിൽ അലമ്പുണ്ടാക്കുന്ന പാമ്പുകളെപ്പോലെ........... പേടിച്ചു വേണം പോകാൻ...........എത്രയൊക്കെയായാലും ആ വഴിയിലൂടെ തന്നെ പോകും, അതിനു കാരണം ഉണ്ട്. വേറെ വഴിയുള്ളതു പെൺകുട്ടികൾ തനിച്ചു പോകാൻ മടിക്കുന്ന വഴിയാണ്, പിന്നെ പള്ളിവഴി പോയി സൗത്ത് ജംഗ്ഷനിൽ ചെന്ന് പോകണം, അതാണെങ്കിൽ വഴി കൂടുതൽ, നടക്കാൻ പറ്റില്ല, ബസിൽ പോണം. ഇതെല്ലം കൊണ്ട് മാർക്കറ്റ് റോഡ് കൂടുതൽ സ്വീകാര്യമാണ് എല്ലാവർക്കും.
ഒരു ചൊവ്വാഴ്ച, നമ്മുടെ കഥാനായികമാർ എന്നത്തേയും പോലെ കോളേജിലേക്കായി ഒരുങ്ങി ഇറങ്ങി. മാർക്കറ്റ് റോഡിലെത്തിയപ്പോൾ അതാ റോഡിൽ, നല്ല തടിച്ചു കറുത്ത ഒരു പോത്ത്. നീണ്ടു വളഞ്ഞ കൊമ്പും, നീണ്ട വാലും, ചുവന്ന ഉണ്ടക്കണ്ണുകളും ഒക്കെയായി അവരങ്ങനെ റോഡിൽ നിറഞ്ഞു നിൽക്കുന്നു. തെക്കോട്ടും നോക്കിയാണ് നിൽപ്............. ഇവരെ കണ്ടപ്പോൾ അവരുടെ നേരെ തിരിഞ്ഞു നിന്നു.
"നോക്കെടാ നമ്മുടെ മാർഗ്ഗേ കിടക്കുന്ന പോത്തേ
നീയങ്ങു മാറിക്കിട ശഠാ"
എന്നൊക്കെ പറഞ്ഞു നോക്കി, "എന്നോടാ ബാലാ" എന്നമട്ടിൽ നിൽക്കയാണ് പോത്ത്. വേലിക്കൽ നിന്നു ഒരു നീരോലി ചില്ല ഒടിച്ചെടുത്തു വീശി നോക്കി. എന്തോ തിന്നാൻ കൊടുക്കയാണെന്നു തോന്നിയിട്ടാവണം പോത്ത് അടുത്തേക്ക് വന്നു. പെൺപിള്ളേർ വടിയെറിഞ്ഞിട്ടു പിന്നോട്ട് പോയി. വടി വീണ സ്ഥലത്തു വന്നപ്പോൾ അതു അത് മണത്തു നോക്കി, പിന്നെയും പഴയ സ്ഥലത്തു ചെന്ന് നില്പായി.
ആരെങ്കിലും ആ വഴി വരികയാണെങ്കിൽ സഹായം ചോദിയ്ക്കാൻ എന്ന് കരുതി കുറച്ചു നേരം നിന്നു. പക്ഷെ ആരും വന്നില്ല. ധൈര്യം സംഭരിച്ചു സൈഡിൽ കൂടി പോയി നോക്കാം എന്ന് പറഞ്ഞു രണ്ടു പേരും കൂടെ "എത്രയും ദയയുള്ള മാതാവേ......." എന്ന പ്രാർത്ഥനയും ചൊല്ലി രണ്ടടി മുന്നോട്ടു നടന്നു, അപ്പോൾ പോത്ത് അവരെ നോക്കി, പിന്നെയും രണ്ടടി കൂടെ വച്ചു, പോത്ത് അവരുടെ എതിർ സൈഡിലേക്ക് തിരിഞ്ഞു നിന്നു. അപ്പോൾ അവർക്കു കൂടുതൽ ധൈര്യം ആയി. കണ്ടോ പ്രാർത്ഥനക്കു ശക്തിയുണ്ട് എന്നും പരസ്പരം പറഞ്ഞു അവർ വീണ്ടും ഉറക്കെ പ്രാർത്ഥന ചൊല്ലിക്കൊണ്ട് പിന്നെയും രണ്ടടി വച്ചു, പോത്ത് തല ചെരിച്ചു, ഇടം കണ്ണിട്ടു അവരെ നോക്കികൊണ്ട് വാല് പതുക്കെ ആട്ടി.
"ദേ നോക്ക്യേടി, പോത്ത് വാലാട്ടി പോകാനുള്ള സിഗ്നൽ തരുന്നു. മാതാവ് പ്രവർത്തിക്കുന്നുണ്ട്."
"അതന്ന്യേടി, നമുക്ക് ഒന്നുകൂടെ പ്രാർത്ഥന ചൊല്ലാം. അപ്പോൾ പോത്ത് വഴി മാറി തരും."
രണ്ടു പേരും ചാലക്കുടി പള്ളിയുടെ മണിമാളികയുടെ മുകളിലെ മാതാവിന്റെ നേരെ നോക്കി കൈകൂപ്പി പിടിച്ചു കൊണ്ട് "എത്രയും ദയയുള്ള മാതാവേ" എന്ന പ്രാർത്ഥന വീണ്ടും ചൊല്ലി.
വീണ്ടും ധൈര്യത്തോടെ മുന്നോട്ടു നടക്കാൻ തീരുമാനിച്ചു. നാലടി മുന്നോട്ടു നടന്നു, അവിടെ നിന്നു........... പോത്ത് ഇപ്പോൾ തൊട്ടടുത്താണ്. ഏതാണ്ട് പത്തടി മാത്രം അകലത്തിൽ, പോത്ത് തല മെല്ലെ തിരിച്ചു, മുൻ കാലിൽ ഇരിക്കുന്ന പ്രാണിയെ ആട്ടിക്കളയുന്ന പോലെ ചെയ്തു കൊണ്ട് അവരെ നോക്കി.
അവർ വീണ്ടും മുന്നോട്ടു നടക്കാനാഞ്ഞതും പോത്ത് വെട്ടിത്തിരിഞ്ഞു..... തലയിട്ടിളക്കി.......... വലത്തേ മുൻകാലുകൊണ്ടു റോഡിൽ മാന്തി..... വാല് ചുരുട്ടി മുകളിലേക്ക് പിടിച്ചു....... മുക്രയിടുന്നത് പോലെ ശബ്ദമുണ്ടാക്കി..........
രണ്ടു പേരും "എന്റമ്മേ.................... രക്ഷിക്കണേ.............." എന്ന് നിലവിളിച്ചുകൊണ്ട് പിൻതിരിഞ്ഞോടി. പോത്തു പിന്നാലെ ഓടിവന്നു.
ജീവനും കൊണ്ട് ഓടുന്നതിനിടയിൽ അവർ കണ്ടു തൊട്ടപ്പുറത്തെ പറമ്പിൽ നിന്നും ഒരാൾ ഓടിവരുന്നു, കൈയിൽ ഒരു വടിയും ഉണ്ട്.
അയാൾ ഓടി റോഡിലേക്ക് കയറി വടി കൊണ്ട് പോത്തിനെ ആട്ടിയോടിച്ചു. എന്നിട്ടു അവരോടു ചോദിച്ചു, "ഏതവത് ആഛാ............."
അവർ കിതച്ചുകൊണ്ട് ഇല്ലെന്നു തലയാട്ടി. അയാൾ വീണ്ടും പറഞ്ഞു,
"നാൻ വന്ത് ഇങ്കെ കാവൽ നിന്തത്, ഇന്ത കാലി വന്ത് പൈത്യം പുടിച്ച മാതിരി നിപ്പേ, അതിനാൽ തൻ നാൻ ഇങ്കെ നിന്തത്, ആനാ ഇപ്പൊ വന്ത് വെളിക്കിരിക്കതുക്കു താൻ പോയത്. അപ്പൊ നീങ്കവന്തേൻ, ഇന്ത വഴിയേ പോക മുടിയാതമ്മാ........."
അയാൾ പറഞ്ഞത് എല്ലാം മനസിലായില്ലെങ്കിലും, ചില തമിഴ് സിനിമ കണ്ടപരിചയം വച്ച്, ചിലവാക്കുകൾ മനസിലാക്കി ബാക്കി ഊഹിച്ചെടുത്തു അവർ വന്ന വഴിയേ തിരിച്ചു നടന്ന്, പള്ളിയുടെ മുന്നിലൂടെ സൗത്ത് ജംഗ്ഷനിൽ വന്നു. പിന്നെ ബസിൽ കയറി കോളേജിൽ എത്തി. അവരെ കണ്ടപ്പപ്പോൾ കൂട്ടുകാരികൾ ചോദിച്ചു,
"നിങ്ങൾ ഇന്നെന്താ ഇത്രേം നേരം വൈകിയേ?"
"ഒന്നും പറയണ്ട, മാർക്കറ്റ് റോഡിൽ ഒരു പൈത്യക്കാരൻ പോത്ത്. അതുകാരണം പള്ളിവഴി വന്നു ബസിലാ വന്നേ."
"ഹേ നിങ്ങൾ വല്യ ധൈര്യശാലികളല്ലേ.......പോത്തുകളെയൊന്നും ഒരു പേടിയില്ലാന്നു പറഞ്ഞട്ട്‌പ്പെന്താ പറ്റിയെ?"
"അത് പിന്നെ ആ പോത്ത് കുത്തിയെങ്ങാൻ ഞങ്ങൾ മരിച്ചാൽ നാളത്തെ പത്രത്തിൽ വരില്ലേ? എന്ത് നാണക്കേടാ?"
"എന്ത് വരില്ലേന്ന്?"
“യുവതികൾ കൊല്ലപ്പെട്ടു
ചാലക്കുടി മാർക്കറ്റ് റോഡിൽ വച്ച് കൗമാരക്കാരായ രണ്ടു യുവതികൾ കൊല്ലപ്പെട്ടു. പ്രീഡിഗ്രി വിദ്യാർത്ഥികളും സുഹൃത്തുക്കളുമായ യുവതികൾ രാവിലെ കോളേജിൽ പോകുന്ന സമയത്തു, മാർക്കറ്റ് റോഡിൽ നിന്ന മദമിളകിയ പോത്തു കുത്തിയാണ് മരിച്ചത്.”
"ഇതുപോലൊരു വാർത്തയും ഞങ്ങളുടെ ഫോട്ടോയും വരും, പിന്നെ മനസമാധാനത്തോടെ ജീവിക്കാൻ പറ്റോ...................?"
ആ കൂട്ടുകാരികളുടെ കിളി ഇതുവരെ തിരിച്ചു വന്നില്ല എന്നാണു കേട്ടത്.
സ്നേഹത്തോടെ
ട്രിൻസി ഷാജു @ Nallezhuth FB Group
കുവൈറ്റ്
09/05/2019
ട്രിൻസി ഷാജു @ Nallezhuth FB Group
കുവൈറ്റ്
09/05/2019
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക