ശരിയാണ് പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലാത്ത ദമ്പതികൾ ഉണ്ടാവില്ല. സന്തോഷം ഉണ്ടായിരിക്കുമെങ്കിൽ ഒരു സങ്കടവുമുണ്ടായിരിക്കാം. അതുവരെ ശരിയാണ് പക്ഷേ അതാണോ ജീവിതം?
സങ്കടമെന്നത് പല തരത്തിലാവാം ഉദാഹരണത്തിന് വളരെ പ്രിയപ്പെട്ട ഒരാളിന്റെ മരണം. അതിൽ മനുഷ്യന് ഒന്നും ചെയ്യാൻ കഴിയില്ല. എന്നാൽ മനപ്പൂർവം വരുത്തി വയ്ക്കുന്ന സങ്കടങ്ങൾക്ക് വ്യക്തമായ ഒരു പരിഹാരവും ഉണ്ടാവും. നമുക്കുണ്ടാവുന്ന സങ്കടത്തിന്റെ വ്യക്തമായ കാരണം മനസ്സിലാക്കി അവ പരിഹരിക്കുക തന്നെ വേണം. പിന്നീടുള്ള ജീവിതത്തിൽ അത്തരമൊരു സാഹചര്യം ഒരിക്കലും ഉണ്ടാവാതെ നോക്കുകയും വേണം. എന്നിട്ട് നമുക്ക് പറയാം ഇതാണ് ജീവിതമെന്ന്.
നിസാര കാര്യങ്ങളുടെ പേരിൽ തുടങ്ങിയ ചെറിയ ചെറിയ പിണക്കങ്ങൾ ഇപ്പോ പ്രിയപ്പെട്ട ഒരു സുഹൃത്തിന്റെ വിവാഹമോചനത്തിന്റെ വക്കോളമെത്തി നിൽക്കുന്നു. ഭർത്താവ് ഒരു രാജ്യത്ത് ഭാര്യ മറ്റൊരു രാജ്യത്ത്. ആറ് വയസ്സുള്ള ഒരു മകൾ അമ്മമ്മയോടൊപ്പം നാട്ടിലും.
പിണക്കങ്ങൾക്കു വേണ്ടി അവർ കണ്ടെത്തിയ കാരണങ്ങളാണ് അതിലും രസം. ഭാര്യ തന്റെ വാക്കുകൾ അനുസരിക്കുന്നില്ല, തന്നെ ഒഴിവാക്കാൻ ശ്രമിക്കുന്നു, തന്റെ സുഹൃത്തുക്കളെ ഒഴിവാക്കാൻ നിർബന്ധിക്കുന്നു, ഒന്നിനും സമ്മതിക്കാതെ എപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു തുടങ്ങിയ പരാതികളാണ് ഭർത്താവിന്.
താൻ വിളിക്കുമ്പോ ഫോണെടുക്കുന്നില്ല, സംസാരിക്കുന്നില്ല, സോഷ്യൽ മീഡിയകൾ ഒന്നും ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല, എപ്പോഴും സുഹൃത്തുക്കൾക്ക് ഒപ്പം ചിലവഴിക്കുന്നു തുടങ്ങിയ പരാതികൾ ഭാര്യക്ക്.
വെറും തമാശയാണെന്നെ ഇത്ര നാളും കരുതിയിരുന്നുള്ളൂ പക്ഷേ ഇപ്പൊ കാര്യങ്ങൾ കൈവിട്ട് തുടങ്ങിയിരിക്കുന്നു. തമ്മിൽ സംസാരിച്ചിട്ട് തന്നെ മാസങ്ങളോളം ആവുന്നു. പ്രയോജനമൊന്നുമില്ലെങ്കിലും രണ്ടാളോടും ഒന്ന് സംസാരിക്കണമെന്ന് കരുതി ഒരുപാട് വട്ടം വിളിച്ചിരുന്നു. ഉപദേശമാണെന്ന് അറിയാവുന്നത് കൊണ്ട് തന്നെയാവും രണ്ടു പേരും കാൾ അറ്റൻഡ് ചെയ്യാത്തതും. ഭർത്താവും ഭാര്യയും ഈ പോസ്റ്റ് കാണുമെന്നും കണ്ടാൽ വായിക്കുമെന്നും ഉറപ്പുള്ളത് കൊണ്ട് തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത്.
പതിനെട്ടും ഇരുപതും വർഷങ്ങൾ താഴത്തും തറയിലും വയ്ക്കാതെ വളത്തി വലുതാക്കി ജീവിതത്തിൽ അന്ന് വരെ സമ്പാദിച്ചതൊക്കെയും നൽകി ഒരു പെണ്കുട്ടിയെ ഒരുവന് കൈപിടിച്ചു നൽകുമ്പോൾ ആ അച്ഛനമ്മമാരുടെ മനസ്സിൽ ഒരു വിശ്വാസമുണ്ടാവും. ഞങ്ങളുടെ മകൾ അവന്റെ കൈകളിൽ "ജീവിതാവസാനം വരെ" പരിപൂർണ സുരക്ഷിതയായിരിക്കും എന്നുള്ള വിശ്വാസം.
ജനിച്ച വീടും അച്ഛനമമാരെയും സഹോദരങ്ങളെയുമൊക്കെ വിട്ട് കൂടെ വരുന്ന അവൾക്കും ഉണ്ടാകും ഒരു കുന്നോളം സ്വപ്നങ്ങൾ. രണ്ട് സാഹചര്യത്തിൽ ജനിച്ചു വളർന്നവർ ഒരുമിക്കുമ്പോൾ ഇരുവരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും പരസ്പരം മനസ്സിലാക്കാൻ കഴിഞ്ഞെന്ന് വരില്ല. അതിന് മനസ്സ് തുറന്ന് സംസാരിക്കുക തന്നെ വേണം. അവിടെ മുതൽ പരസ്പരം നേടിയെടുക്കുന്ന സ്നേഹവും, വിശ്വാസവും തന്നെയാണ് ഒരു കുടുമ്പത്തിന്റെ ആണിക്കല്ല് എന്ന് പറയുന്നത്. അതിൽ ഏത് നഷ്ടപ്പെട്ടലും പിന്നെയാ കുടുംബത്തിൽ സമാധാനവും സ്വസ്ഥതയുമുണ്ടാവില്ല. അത് നഷ്ടപ്പെടാതെ ഇരിക്കണമെങ്കിൽ ആദ്യം ആണും പെണ്ണും ഒരേപോലെ മനസ്സിൽ സൂക്ഷിക്കേണ്ട ഒരുപാട് വസ്തുതകളുണ്ട്.
അതിൽ ആദ്യത്തേതാണ് പരസ്പര വിശ്വാസം. എനിക്ക് നീയും നിനക്ക് ഞാനും എന്നും കൂടെയുണ്ടാകും എന്നുള്ള വിശ്വാസം. പരസ്പരം ചതിക്കില്ല എന്നുള്ള വിശ്വാസം. ആ വിശ്വാസമുണ്ടെങ്കിൽ സ്നേഹം താനേ വന്നുകൊള്ളും. ജീവിതകാലം മുഴുവൻ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പിൻ മേൽ പുരുഷൻ താലി കെട്ടുമ്പോൾ സ്ത്രീകൾ തല കുമ്പിട്ടു കൈ കൂപ്പി പ്രാർത്ഥിക്കുന്നതും ചിലപ്പോൾ അത് തന്നെയാവും.
രണ്ടാമത്തേത് പരസ്പരം വിട്ടു കൊടുക്കാനുള്ള ഒരു മനസ്സ്. കൂടുമ്പോൾ ഇമ്പമുള്ളത് എന്നതാണ് കുടുമ്പം എന്ന വാക്ക് കൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ ഒരു ചങ്ങാലയുടെ അറ്റത്ത് കെട്ടിയിട്ട് അങ്ങോട്ട് ചാടടാ കുട്ടിരാമാ ഇങ്ങോട്ട് ചാടടാ കുട്ടിരാമാ എന്ന് ആജ്ഞാപിക്കാനുള്ളതല്ല.
നിന്നെപ്പോലെ തന്നെ അവളും ഒരു മനുഷ്യജീവിയാണ് എന്നുള്ള തിരിച്ചറിവാണ് മൂന്നാമത്തേത്. നിനക്കുള്ള എല്ലാ വികാരവിചാരങ്ങളും അവൾക്കുമുണ്ടാവും. നിനക്ക് ആഗ്രഹങ്ങളും ഇഷ്ടങ്ങളും ഉള്ളത് പോലെ തന്നെ അവൾക്കുമുണ്ടാകും ആഗ്രഹങ്ങളും അവളുടേതായ ഇഷ്ടങ്ങളും. ഒരു താലിച്ചരടിന്റെ അധികാരത്തിൽ ആ ഇഷ്ടങ്ങളെ തല്ലിക്കെടുത്തതിരിക്കുക അതെന്ത് തന്നെയായാലും. എന്ന് വച്ചാൽ തോന്നിയത് പോലെ ജീവിക്കാൻ വിടണം എന്നല്ല അതിനർത്ഥം. സ്വന്തം ഇഷ്ടങ്ങൾക്കൊപ്പം അവൾക്കും ഇഷ്ടങ്ങളുണ്ടെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.
പിന്നെ സോഷ്യൽ മീഡിയ, അത് ആണിന് മാത്രം ഉപയോഗിക്കാനുള്ളതല്ല എന്ന് കൂടി ചിന്തിക്കൂ സുഹൃത്തേ. ഫെയ്‌സ്ബുക്ക് ആയാലും വാട്‌സ്ആപ്പ് ആയാലും നീ കണ്ടെത്തുന്ന അതേ ആനന്ദം അതിൽ കണ്ടെത്താൻ നിന്റെ ഭാര്യക്കും നിന്നെപ്പോലെ തന്നെ അവകാശമുണ്ട്. നിനക്ക് ഉള്ളത് പോലെ തന്നെ അവൾക്കും അതിൽ സുഹൃത്തുക്കളുണ്ടാവാം. അതിൽ നല്ലതേത് മോശമേത് എന്ന് കണ്ടെത്തേണ്ട ഉത്തരവാദിത്വവും അവരവർക്ക് തന്നെയാണ്.
ഇനി ഒരു കാര്യം ഭാര്യയോട്....
നിങ്ങളുടെ പ്രശ്നങ്ങൾ അറിയാവുന്ന ഒരാളെന്ന നിലയിൽ എനിക്ക് തോന്നിയ കാര്യങ്ങൾ തുറന്ന് പറയട്ടെ.. പരസ്പരമുള്ള കുറ്റപ്പെടുത്തലും ദിനംപ്രതിയുള്ള വഴക്കുമാണ് നിങ്ങളെ ഇത്തരമൊരു തീരുമാനം വരെ കൊണ്ടെത്തിച്ചതെന്ന് കരുതുന്നു. എന്നാൽ ഒരിക്കലെങ്കിലും അതെന്തുകൊണ്ട് ഉണ്ടാകുന്നു അല്ലെങ്കിൽ അതിനെ എങ്ങനെ പരിഹരിക്കാമെന്ന് ഇത് വരെ നിങ്ങളിൽ ഒരാളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തന്നെയാവും ഉത്തരം.
ഉള്ള കാര്യം തുറന്ന് പറയാമല്ലോ നീയുൾപ്പെടുന്ന മിക്ക സ്ത്രീകളിലും കണ്ടിട്ടുള്ള ഒരു കാര്യമാണ് തുടരെ തുടരെയുള്ള ഫോണ് കോളുകൾ. വീട്ടിലേക്ക് വരാൻ ഒരു കാൾ, കണ്ടില്ലെങ്കിൽ അഞ്ച് മിനിറ്റ് തികയും മുൻപ് അടുത്ത കാൾ. ഇപ്പോ എത്തുമെന്ന് പറഞ്ഞാലും വീടെത്തുന്നത് വരെ തുടരുന്ന കോളുകൾ. സ്നേഹം കൊണ്ടല്ലേ എന്നുള്ള കമന്റുകൾ പ്രതീക്ഷിക്കുന്നു. എന്നാൽ സ്നേഹം കൊണ്ടല്ല എന്ന് തന്നെ പറയേണ്ടി വരും. വിളിക്കുന്ന സമയത്ത് ചിലപ്പോ സുഹൃത്തുക്കൾക്ക് ഒപ്പം ആയിരിക്കാം, അല്ലെങ്കിൽ സംസാരിക്കാൻ കഴിയാത്ത ചില സാഹചര്യങ്ങളിൽ ആയിരിക്കാം, ജോലിയിൽ ആയിരിക്കാം. അപ്പോഴും ചിലർ ഫോണെടുത്ത് പറയാറുണ്ട് ഇപ്പോൾ വരാം അല്ലെങ്കിൽ തിരിച്ചു വിളിക്കാം എന്നൊക്കെ. പക്ഷേ മിനിറ്റുകൾ കഴിയും മുൻപേ വരും അടുത്ത വിളി. സത്യം പറയാമല്ലോ അതെത്ര അസഹനീയമാണെന്ന് ഒന്നോർത്തു നോക്കണം.
ഒരു ഉദാഹരണം പറയാം. എന്റെ ഒരു സുഹൃത്ത്, ആളിന് നല്ല പനിയാണ്. എഴുനേറ്റിരിക്കാൻ പോലും വയ്യാത്ത അവസ്‌ഥ. മെഡിസിൻ കഴിച്ചു ഉറങ്ങാൻ കിടന്നു. ഭാര്യ വിളിച്ചു, പനിയാണ് എന്നുള്ള കാര്യം പറഞ്ഞു ഫോണ് കട്ട് ചെയ്തു. ഒന്ന് ഉറക്കം പിടിച്ചു തുടങ്ങിയപ്പോൾ അടുത്ത കാൾ മറ്റെന്തോ കാര്യം പറയാൻ. അങ്ങനെ എത്രയോ തവണ... ഒന്ന് ആലോചിച്ചു നോക്കൂ. ഒടുവിൽ സഹിക്കാൻ വയ്യാതെ "ഞാൻ ഹോസ്പിറ്റലിൽ നിൽക്കുന്നു" എന്നൊരു കളവ് പറഞ്ഞ് ഉറങ്ങാൻ കിടന്നു പാവം. ഇത്തരം സന്ദർഭങ്ങളിലാണ് ഒരു വ്യക്തിക്ക് കളവ് പറയേണ്ട സാഹചര്യം ഉണ്ടാവുന്നത്. ആ സഹചര്യമുണ്ടാക്കിയത് ആരാണ്? വളരെ നിസാരമായി പറയുന്ന ഒരു കളവ് ന്യായീകരിക്കാൻ അടുത്ത കളവ്. അതിനെ ന്യായീകരികരിക്കാൻ വീണ്ടും വീണ്ടും കളവുകൾ. അങ്ങനെ തുടരുന്നു. ഇവിടെ നഷ്ടപ്പെടുന്നത് എന്താണ് ? ഒരർത്ഥത്തിൽ ജീവിതത്തിൽ എന്നുമുണ്ടായിരിക്കേണ്ടതെന്ന് നമ്മൾ പറഞ്ഞ പരസ്പര വിശ്വാസം തന്നെയാണ്.
ദിവസത്തിൽ നൂറ് വട്ടം വിളിച്ചു സുഖമാണോന്ന് ചോദിക്കുന്നതല്ല സ്നേഹമെന്ന് ആദ്യമേ തന്നെ പറയട്ടെ. അധികമായാൽ അമൃതും വിഷം എന്ന് കേട്ടിട്ടില്ലേ? പന്ത്രണ്ടും പതിനാലും മണിക്കൂർ ജോലി ചെയ്യുന്ന ഒരു വ്യക്തിയെ പത്ത് മിനിറ്റ് കൂടുമ്പോൾ വിളിച്ചാൽ ജോലിക്കിടയിൽ അയാൾക്ക് അതെത്രമാത്രം ബുദ്ധിമുട്ട് ഉണ്ടാക്കും എന്ന് ആദ്യം ചിന്തിച്ചു നോക്കൂ. ഇവിടെ നിങ്ങളോട് തോന്നുന്നത് ഒരിക്കലും സ്നേഹം ആവില്ല ഒരുതരം ഇറിട്ടേഷൻ മാത്രമായിരിക്കും. വാശി കാട്ടിയും ദേഷ്യം കാണിച്ചും പിടിച്ചു വാങ്ങാൻ കഴിയുന്ന ഒന്നല്ല സ്നേഹമെന്ന് കൂടി മനസ്സിലാക്കിയാൽ നല്ലത്. അത് ലഭിക്കണമെങ്കിൽ ആദ്യം വേണ്ടത് പങ്കാളിയുടെ സാഹചര്യങ്ങൾ മനസ്സിലാക്കി പെരുമാറാനുള്ള കഴിവാണ്. അത് ആണായാലും പെണ്ണായാലും.
പിന്നെ സുഹൃത്തുക്കളുടെ കാര്യം. ഇരുപത് ഇരുപത്തിയാറ് വർഷം വരെ തോളിൽ കൈയിട്ട് നടന്ന സുഹൃത്തുക്കൾ. ഒരു വിവാഹം കഴിച്ചെന്ന് കരുതി പെട്ടന്നൊരു സുപ്രഭാതത്തിൽ അവരെയൊക്കെ ഒഴിവാക്കണമെന്ന് പറയുന്നത് എന്തിന്റെ പേരിലാണെന്ന് മനസ്സിലാവുന്നില്ല. ഒന്ന് വീണ് പോയാൽ അല്ലെങ്കിൽ ഒരു അത്യാവശ്യ സന്ദർഭത്തിൽ ഓടിയെത്താൻ സ്വന്തത്തിലും ബന്ധത്തിലും ഉള്ളവരെക്കാൾ മുന്നേ അവരേ ഉണ്ടാവൂ എന്ന് അനുഭവങ്ങളിലൂടെ തന്നെ പഠിച്ച കാര്യമാണ്. വിവാഹത്തിന് ശേഷം എല്ലാത്തിലും വലുതായി സ്വന്തം ജീവിതം തന്നെയാണ്... സമ്മതിക്കുന്നു പക്ഷേ എന്ന് കരുതി അതുവരെ കൂടെ നിന്നവരെയും കൈ പിടിച്ചുയർത്തിയവരെയുമൊക്കെ അകറ്റി നിർത്തണമെന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാൻ കഴിയില്ല.
ഇനി രണ്ടു പേരോടും കൂടി ഒന്ന് ചോദിച്ചോട്ടെ... നിങ്ങൾ പിണങ്ങുന്നതും ഇണങ്ങുന്നതും മാസങ്ങളോളം വിളിക്കാതിരിക്കുന്നതുമൊക്കെ നിങ്ങളുടെ ഇഷ്ടം. ഇനി പിരിഞ്ഞേ പറ്റുള്ളൂ എങ്കിൽ അതും നിങ്ങളുടെ ഇഷ്ടം പക്ഷേ ഇതിനിടയിൽ പെട്ട് പോയ ഒരു പാവം കുഞ്ഞുണ്ട്. അതെന്ത് ചെയ്യണം? ഈ ചെറുപ്രായത്തിൽ അത് ആരെ നഷ്ടപ്പെടുത്തണം അച്ഛനെയോ അതോ അമ്മയെയോ? ഇനിയുള്ള കാലം ആര് നോക്കും ആ കുഞ്ഞിനെ? പ്രായമായ അമ്മമ്മയോ? ആ പ്രായമായ സ്ത്രീയിനി എത്ര കാലമുണ്ടാവും ? ഞാൻ നോക്കിക്കൊള്ളാമെന്ന് നിങ്ങൾ രണ്ട് പേരും പറയുമായിരിക്കും പക്ഷേ നാളെ നിങ്ങൾ പിരിഞ്ഞ് മറ്റൊരാളെ വിവാഹം കഴിക്കേണ്ട അവസ്‌ഥ വന്നാൽ വരുന്നവർ അവളെയും സ്വന്തം മോളെപ്പോലെ തന്നെ കാണുമെന്ന് ഉറപ്പുണ്ടോ? മകളെ മറ്റൊരു കണ്ണിൽ നോക്കുന്ന അച്ഛനും സ്വന്തം കുഞ്ഞുങ്ങളെ പോലും നിഷ്കരുണം കൊന്ന് തള്ളുന്ന അമ്മമാരുമുള്ള ഇക്കാലത്ത് എത്രത്തോളം സുരക്ഷിതത്വമുണ്ട് നിങ്ങളുടെ കുഞ്ഞിനെന്ന് പിരിയാൻ നിൽക്കുന്ന നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
വെറും വാശി മാത്രമാണ് നിങ്ങളുടെ ഇടയിലുള്ള പ്രശ്നം. പരസ്പരം വിട്ടുകൊടുക്കില്ല എന്നുള്ള വാശി. ഞാനാണ് ശരി, ഞാൻ മാത്രമാണ് ശരി എന്നുള്ള ഭാവം, ഇതൊക്കെ കൊണ്ടെത്തിക്കുന്നത് ഏതൊരു കുടുമ്പത്തിന്റെയും നാശത്തിലേക്കായിരിക്കുമെന്ന് ഓർത്താൽ നന്ന്. ഭാര്യയുടെ മുന്നിൽ ഭർത്താവോ അല്ലെങ്കിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയോ ഒന്ന് തോറ്റ് കൊടുത്തെന്ന് കരുതി ജീവിതത്തിൽ നല്ലതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. ആരും ആരുടെ മുന്നിലും തോൽക്കുകയുമില്ല. പരസ്പരം വിട്ട് കൊടുക്കാനുള്ള മനസ്സ് തന്നെയാണ് ബന്ധങ്ങളെ മുന്നോട്ട് കൊണ്ട് പോകുന്നത്. പൂർണമായി ഒഴിവാക്കേണ്ട ഒന്നാണ് ഈഗോ. പുറമെ കാട്ടിയില്ലെങ്കിലും ഈഗോ ഇല്ലാത്ത മനുഷ്യർ കുറവാണ് എന്നാൽ ബന്ധങ്ങളെ വേരോടെ നശിപ്പിക്കാൻ മാത്രം ശക്തിയുള്ള ഒന്നുമാണ് ഈഗോയെന്ന് മനസ്സിലാവുന്ന ഒരു കാലം വരും. പക്ഷേ അന്ന് ആഗ്രഹിച്ചാൽ പോലും നഷ്ടപ്പെട്ടതൊന്നും തിരിച്ചെടുക്കാൻ കഴിഞ്ഞെന്ന് വരില്ല.
നിങ്ങളെയൊന്നും ഉപദേശിക്കാൻ മാത്രം ഞാൻ ആളല്ല കാരണം ഇത്തരത്തിലൊന്നും ഞാനും മുൻപ് ചിന്തിച്ചിട്ടില്ല എന്നുള്ളത് സത്യമാണ്. അതിൽ നിന്ന് ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് അല്പമെങ്കിലും മാറിയെങ്കിൽ അത് നേരത്തെ പറഞ്ഞ ചില സുഹൃത്തുക്കളുടെയും ചുറ്റുമുള്ളവരുടെയുമൊക്കെ, കണ്മുന്നിൽ കണ്ടിട്ടുള്ള അനുഭവങ്ങളിലൂടെ തന്നെയാണ്. ഒന്നേ പറയാനുള്ളു എടുത്തുചാടി ഒരു തീരുമാനമെടുക്കും മുൻപ് നിങ്ങളുടെ കുഞ്ഞിന്റെ മുഖമെങ്കിലും ഒന്ന് മനസ്സിൽ ഓർക്കൂ. ഒരു സുഹൃത്തെന്ന നിലയിൽ ഇത്രയെങ്കിലും പറയേണ്ടത് എന്റെ കടമ.. തീരുമാനമെടുക്കേണ്ടത് നിങ്ങളുടെയും....
Written by:-
Unni Trivandrum
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക