Slider

ഈ നിമിഷം കൂടി ,ഇത്തിരി നേരം കൂടി

0
Image may contain: one or more people, sunglasses and closeup
***********************************
ട്രെയിന്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ കൂടിയുണ്ട്.ഗ്ലാഡിസ് കസേരയില്‍ ,തലകുനിച്ചിരുന്നുകൊണ്ട് തന്റെ ചിന്തകളെ നിയന്ത്രിക്കുവാന്‍ ശ്രമിക്കുകയായിരുന്നു.ഒരു ഘട്ടത്തില്‍ താന്‍ ഉറക്കം തൂങ്ങുകയാണ് എന്നും ,തന്റെ ചിന്തകള്‍ യഥാര്‍ത്ഥമല്ലെന്നും അവള്‍ സ്വയം വിശ്വസിപ്പിക്കുവാന്‍ ശ്രമിച്ചെങ്കിലും,പാതിതുറന്ന ഗ്ലാസ് ജനാലയിലൂടെ വരുന്ന തണുത്തകാറ്റ് അവളുടെ നീണ്ട മുടിയിഴകളെ ആകെയുലച്ചു അവളെ നിരാശയാക്കി.ഒടുവില്‍ ഇരുന്നുകൊണ്ട് തന്നെ അവള്‍,കൈനീട്ടി,ആ ജനാല മുഴുവനായി തുറന്നു.തന്റെ മുന്‍പിലെ ചെറിയ തടിമേശയില്‍ കൈകുത്തി അവള്‍ പുറത്തേക്ക് നോക്കി.
അകലെ അവള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍ കാണാമായിരുന്നു.മഞ്ഞനിറത്തിലുള്ള ഒരു പറ്റം കെട്ടിടങ്ങള്‍ക്ക് നടുവിലായി ഒരു ക്ലോക്ക് ടവര്‍ നിന്നിരുന്നു.ഗോപുരം പോലെയുള്ള ക്ലോക്ക് ടവര്‍ന്റെ പിറകില്‍ ,അകലെയായി ആ വെള്ളച്ചാട്ടം കാണാം.പച്ചനിറമുള്ള ഉയരമുള്ള കുന്നുകള്‍ക്കിടയിലെ ആ വെള്ളച്ചാട്ടം ,ആ പ്രദേശത്തുള്ള മലയോരഗ്രാമങ്ങളില്‍ എവിടെനിന്ന് നോക്കിയാലും കാണാം.
അരുണാചല്‍ പ്രദേശിലെ ഒരു ഇടത്തരം പട്ടണമായിരുന്നു അത്.സദാ മഴ പെയ്തുകൊണ്ടിരുന്ന ആ പട്ടണവും അതിനടുത്തുള്ള ചെറുഗ്രാമങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്.
ഗ്ലാഡിസ് ഇതിനുമുന്‍പ് ഒരിക്കല്‍ മാത്രമേ അവിടെ വന്നിട്ടുള്ളു.അവളുടെ ഭര്‍ത്താവ് മാത്യുവുമൊത്തു ഹണിമൂണിന്.ഏകദേശം രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ആ യാത്ര..മാത്യു ഒരു ദേശസാല്‍കൃത ബാങ്കില്‍ ഓഫീസര്‍ ആയിരുന്നു.അയാള്‍ കുറച്ചുനാള്‍ അരുണാചല്‍ പ്രദേശിലെ ചില പട്ടണങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.മാത്യുവിന് ഏറ്റവും പ്രിയപ്പെട്ട സ്ഥലമായിരുന്നു അത്.അതിനാല്‍ ഹണിമൂണിന് വന്നപ്പോള്‍ ഈ പട്ടണവും വെള്ളച്ചാട്ടവും ഭാര്യക്ക് കാണിച്ചുകൊടുക്കാന്‍ അയാള്‍ക്ക് വളരെ ഉത്സാഹമായിരുന്നു.
“ഇവിടെ സദാ മഴയാണ്.നൂല്‍പോലെ മഴ പെയ്തു കൊണ്ടിരിക്കും.”മാത്യു അവളോട് പറഞ്ഞു.
അവള്‍ ഇപ്പോള്‍ താമസിക്കുന്ന ഹോട്ടലിലാണ് അന്നും മാത്യു റൂം ബുക്ക് ചെയ്തത്.പക്ഷേ അവള്‍ക്ക് സദാ ഈര്‍പ്പവും മഴയുമുള്ള ആ തണുത്ത സ്ഥലം ഇഷ്ടമായില്ല.എങ്കിലും അവള്‍ അത് തുറന്നു പറഞ്ഞില്ല.
ഒരു വര്‍ഷം മുന്‍പ് മാത്യു മരിച്ചു.
അയാള്‍ സഞ്ചരിച്ച ബൈക്ക് മറിഞ്ഞു ,ആരും പ്രതീക്ഷിക്കാത്ത നേരത്ത്...
അയാള്‍ മരിച്ചു ആറുമാസം കഴിഞ്ഞു അവള്‍ വീണ്ടും ജോലിക്ക് പോകാന്‍ തുടങ്ങി.അതൊരുതരം രക്ഷപെടലായിരുന്നു.എങ്കിലും അവള്‍ക്ക് ഒട്ടും ആശ്വാസം തോന്നിയില്ല.
മരിച്ചുകഴിഞ്ഞാല്‍ , പ്രിയപ്പെട്ടവരെ വീണ്ടും ഭൂമിയില്‍ കാണാന്‍ കഴിയില്ല എന്ന സത്യം അവളെ കുത്തിനോവിച്ചു .ഭൂമിയില്‍ ഒരിടത്തും ,എത്ര തിരഞ്ഞാലും ..
അവള്‍ സ്കൂളില്‍പോകുന്നത് നിര്‍ത്തി.ശരീരം മെലിഞ്ഞു.കഠിനമായ ഒരു തലവേദന ഗ്ലാഡിസിനെ ഇടയ്ക്കിടെ കുത്തിനോവിക്കാന്‍ തുടങ്ങി.ഒരു കറുത്ത തലവേദന.
മാത്യുവിന്റെ രൂപം .അയാളുടെ ചിരി.അയാളുടെ കട്ടിയുള്ള കറുത്ത മീശ.അയാളുടെ ചുംബനം.ഇളം മഞ്ഞ ഷര്‍ട്ടും കറുത്ത പാന്റും അണിഞ്ഞു കാറില്‍ നിന്നിറങ്ങി വരുന്ന മാത്യു.താമസിച്ചുകൊണ്ടിരുന്ന വാടക വീടിന്റെ മുറ്റത്തു ,റോസയുടെ കമ്പ് നട്ട് വയ്ക്കുന്ന മാത്യു.അവള്‍ ജോലി ചെയ്യുന്ന സ്കൂളിന്റെ ഗേറ്റിന്റെ മുന്‍പില്‍ ബൈക്കുമായി അവളെ കാത്തുനില്‍ക്കുന്ന മാത്യു.നഗരത്തിലെ ഷോപ്പിംഗ് മാളില്‍ എസ്കലേറ്ററില്‍ അവള്‍ക്കൊപ്പം സഞ്ചരിക്കുന്ന മാത്യു.
അവള്‍ മാത്യുവിനെ തന്റെ ഉള്ളില്‍ ഓരോ നിമിഷവും പുനര്‍സൃഷ്ട്ടിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.ആദ്യമൊക്കെ അവള്‍ക്കത് എളുപ്പമായിരുന്നു .എങ്കിലും ഒരു മൂടല്‍മഞ്ഞു എവിടെനിന്നോ വന്നു തന്റെ കാഴ്ചകള്‍ മങ്ങിക്കാന്‍ തുടങ്ങുന്നത് അവള്‍ അറിയുന്നുണ്ടായിരുന്നു.ദിവസങ്ങള്‍ കടന്നു പോകും തോറും അയാളുടെ രൂപം അവ്യക്തമാകാന്‍ തുടങ്ങുന്നത് അവള്‍ പേടിയോടെ മനസ്സിലാക്കി.അപ്പോഴൊക്കെ ആ കറുത്ത തലവേദന അവളുടെ ചെന്നിയില്‍ മുള്ള് പോലെ കുത്താന്‍ തുടങ്ങി.
മറ്റൊരു വിവാഹം.അവളുടെ വീട്ടുകാര്‍ അത് സൂചിപ്പിച്ച നിമിഷം അവള്‍ ഞെട്ടി.അവള്‍ എതിര്‍ത്തു.ആ കറുത്ത തലവേദന അവളെ പൂര്‍വാധികം തളര്‍ത്തി.
ഒരു ദീര്‍ഘ യാത്ര അവള്‍ക്ക് ഗുണം ചെയ്യും.അവളെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
നല്ല തണുപ്പുള്ള ,സദാ മഴയുള്ള, എവിടെയെങ്കിലും തനിക്ക് തനിച്ചു പോകണം.ആ യാത്ര കഴിഞ്ഞു തിരികെ വരുമ്പോള്‍ പുനര്‍വിവാഹത്തിന്റെ കാര്യത്തില്‍ താന്‍ തീരുമാനം പറയാം.ഗ്ലാഡിസ് വീട്ടുകാരോട് പറഞ്ഞു.
അവളുടെ വാശി അറിയാവുന്നത് കൊണ്ട് വീട്ടുകാര്‍ എതിര്‍ത്തില്ല.
തങ്ങള്‍ ഒരുമിച്ചു പോയ സ്ഥലങ്ങളിലെല്ലാം ഗ്ലാഡിസ് പോയി.ഒടുവില്‍ ഈ പട്ടണത്തിലും.
മഞ്ഞുവീണ തേയിലക്കാടുകള്‍.മഴ പെയ്തുതോര്‍ന്നുകിടന്ന പാതകള്‍.യാത്രക്കാര്‍ ആരുമില്ലാത്ത ട്രെയിന്‍ ബോഗികള്‍.ഉയര്‍ന്നുനില്‍ക്കുന്ന പാറക്കെട്ടുകള്‍.ഒരു കുട്ടിയുടെ പെയിന്റിംഗ് പോലെ ശാന്തമായ കടല്‍ത്തീരം.പാറക്കെട്ടുകളില്‍ തലോടുന്ന തിരമാലകള്‍.രക്തവര്‍ണ്ണമുള്ള അസ്തമയ സൂര്യന്‍.മഞ്ഞ നാണയവട്ടം പോലെ ,വൃക്ഷശിഖരങ്ങള്‍ക്കിടയില്‍ ഉറങ്ങിനില്‍ക്കുന്ന ചന്ദ്രന്‍.
എല്ലായിടത്തും അവള്‍ അയാളെ തിരയുകയായിരുന്നു.
ഒരിക്കലും ,ഒരിക്കലും മാത്യുവിനെ തനിക്കിനി കാണാന്‍ കഴിയില്ല.
ഓര്‍മ്മകളില്‍ അയാളുടെ സുന്ദരരൂപം സൃഷ്ടിക്കാന്‍ തനിക്ക് എത്ര നാള്‍ കൂടി കഴിയും.ഇല്ല.മറവിയുടെ മൂടല്‍മഞ്ഞു തന്റെ ആത്മാവിനെ ഇല്ലാതാക്കും.കറുത്ത തലവേദനയുടെ കൂര്‍ത്ത മുള്ളുകള്‍ തന്നെ വിട്ടുപോകില്ല.
ഒരിക്കലും.
ഒരിക്കലും ആ തലവേദനയില്‍നിന്ന് തനിക്ക് മോചനമില്ല.ആ യാത്രയുടെ ഒടുവില്‍ ,സദാ മഴപെയ്തുകൊണ്ടിരുന്ന ആ പട്ടണത്തില്‍ വന്നപ്പോള്‍ അവള്‍ക്കത് ബോധ്യപ്പെട്ടു.
ഗ്ലാഡിസ് വീണ്ടും മേശയില്‍ മുഖമമര്‍ത്തി.മുറിയിലെ കട്ടിലില്‍ ,അവള്‍ യാത്രാബാഗ് പാക്ക് ചെയ്തു വച്ചിട്ടുണ്ട്.ഇനി പുറത്തു ഇറങ്ങുക .വാതിലടയ്ക്കുക .ഹോട്ടലില്‍നിന്ന് ചെക്ക് ഔട്ട്‌ ചെയ്തു സ്റ്റേഷനിലേക്ക് പോവുക.
ട്രെയിന്‍ വരാന്‍ ഇനിയും കുറച്ചു നേരം കൂടിയുണ്ട്.
ഒരു ചെറിയ പ്രശ്നമുണ്ട്.
ആ ബാഗില്‍ ഒരു സാരി കൂടി വയ്ക്കാനുണ്ട്‌.ഒരു ചുവന്ന സാരി.മാത്യു അവള്‍ക്ക് വിവാഹനാളുകളില്‍ സമ്മാനിച്ച സാരി.
അത് കട്ടിലില്‍ തലയിണയുടെ മുകളില്‍ ,അവളുടെ ജീവിതം പോലെ,ചുവന്ന ചുളിവുകളായി അവളെ കാത്തിരിക്കുന്നു.അവളുടെ തീരുമാനത്തിനായി.
മരണം.
അത് മാത്രമാണ് തനിക്ക് പരിഹാരം.ആ കറുത്ത തലവേദനയില്‍നിന്ന്.
ഈ ഹോട്ടല്‍ മുറിയില്‍,മാത്യുവിന്റെ മണം തങ്ങിനില്‍ക്കുന്ന,അയാളുടെ ശബ്ദം തങ്ങി നില്‍ക്കുന്ന ഈ മുറിയില്‍ തന്റെ യാത്ര എന്നെന്നെക്കുമായി അവസാനിപ്പിക്കുവാന്‍ അവള്‍ ആലോചിച്ചു.
ഈ സന്ധ്യ അവസാനിക്കുകയാണ്.തണുത്ത കാറ്റില്‍ ജനാല അടഞ്ഞു.ചില്ല് ജനാലയ്ക്കപ്പുറം മഴ തുടങ്ങുന്നു..ഒരു മങ്ങിയ വാട്ടര്‍കളര്‍ പെയിന്റിംഗ് പോലെ, ആ റെയില്‍വേ സ്റ്റേഷന്‍ ,ക്ലോക്ക് ടവര്‍ ,പിന്നെ അതിനപ്പുറം ദൂരെ,ചലിക്കാത്ത കണ്ണ്നീര്‍ തുള്ളി പോലെ ആ തണുത്ത വെള്ളച്ചാട്ടം.
മനസ്സ് ഒരു യുദ്ധത്തില്‍ ഏര്‍പെടുന്നു.
ഒരിക്കല്‍ കൂടി ,ഒരിത്തിരി നേരം കൂടി തനിക്ക് മാത്യുവിനെ കാണാന്‍ കഴിഞ്ഞെങ്കില്‍...
അവള്‍ കണ്ണ് നീര്‍ തുടച്ചു .പിന്നെ ആ ജനാല തുറന്നു പുറത്തേക്ക് നോക്കി.
അപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഒരു ചെറുപ്പക്കാരന്‍ പുറത്തേക്ക് നടന്നുവന്നു. ജോലി സംബന്ധമായ ഏതോ ആവശ്യത്തിനായി ആ പട്ടണത്തില്‍ വന്നതാണ് അയാള്‍. ക്ലോക്ക് ടവറിന്റെ മുന്‍പില്‍ വന്നു അയാള്‍ അകലെ കുന്നിന്‍മുകളില്‍ തീപ്പെട്ടിക്കൂടുകള്‍ പോലെ ചിതറികിടക്കുന്ന ചെറിയ കെട്ടിടങ്ങള്‍ക്ക് നേരെ നോക്കി.അവിടെ എവിടെയോ ആണ് അയാള്‍ക്ക് താമസിക്കുവാന്‍ ബുക്ക് ചെയ്തിരിക്കുന്ന ഹോട്ടല്‍ .
മഴ ചെറുതായി പെയ്യുന്നു.നൂല്‍ മഴ.ഏതെങ്കിലും വാഹനത്തില്‍ കയറിപറ്റി അവിടെനിന്ന് പോകാന്‍ അയാള്‍ തുടങ്ങിയതാണ്‌.
എങ്കിലും എന്തോ ഒന്ന് അയാളെ പിടിച്ചു നിര്‍ത്തി.
ഇത്തിരിനേരം കൂടി.
ഈ നൂല്‍ മഴയില്‍ ,ആ മനോഹരമായ പട്ടണം കാണാന്‍ എന്ത് ഭംഗിയാണ്.പല നിറത്തിലുള്ള തീപ്പെട്ടികൂടുകള്‍ ചിതറിക്കിടക്കുന്ന സുന്ദരമായ പട്ടണം.അതിനപ്പുറം വിജനമായ കുന്നുകള്‍.
ഒരല്‍പ്പനേരം കൂടി ആ ഭംഗിയുള്ള കാഴ്ച കാണാം.ആരോ അയാളോട് പറയുന്നു.
അയാള്‍ ഒരു പ്രതിമയെപോലെ അവിടെനിന്ന് ആ പട്ടണത്തിലേക്ക് നോക്കി.
ഗ്ലാഡിസ് ജനാലതുറന്നു റെയില്‍വേസ്റ്റേഷന്റെ മുന്‍പിലേക്ക് നോക്കി.
അതാ ഒരു ചെറുപ്പക്കാരന്‍ ,സ്റ്റേഷനില്‍ നിന്ന് ഇറങ്ങി വരുന്നു.അയാള്‍ മുഖം കുനിച്ചു പിടിച്ചാണ് വരുന്നത്.ഇളം മഞ്ഞ നിറമുള്ള ഷര്‍ട്ടും കറുത്ത പാന്റും.അത്..അത് മാത്യുവല്ലേ..
നന്ദി നിറഞ്ഞ ഹൃദയത്തോടെ അവള്‍ വീണ്ടും നോക്കി.
അത് മാത്യുവാണ്.അയാള്‍ തന്റെ നേരെ ഈ .ഹോട്ടലിലേക്ക് നിര്‍ന്നിമേഷമായി നോക്കിനില്‍ക്കുന്നു.അയാളുടെ ചുണ്ടില്‍ ഒരു ചെറുപുഞ്ചിരിയുണ്ട്.
അവള്‍ നിറഞ്ഞ ഹൃദയത്തോടെ ആ കാഴ്ച തന്റെ മനസ്സിലേക്ക് ആവാഹിച്ചു.അവളുടെ കണ്ണ് നിറഞ്ഞു തുളുമ്പി.
മഴ കൂടുന്നു.അയാളുടെ മുഖമിപ്പോള്‍ അവ്യക്തമാവുന്നു.
മഴയാണോ ?അതോ തന്റെ കണ്ണ്നീരോ ?
സന്ധ്യ ആവുന്നു.
അവള്‍ ഒരു നിമിഷം വാച്ചില്‍ നോക്കി.ഇനി ട്രെയിന്‍ വരാന്‍ അഞ്ചുമിനിട്ട് കൂടിയേ ഉള്ളു.
അവള്‍ വീണ്ടും തലയുയര്‍ത്തിനോക്കി.ഇപ്പോള്‍ സ്റ്റേഷന്റെ മുന്‍ഭാഗം ശൂന്യമാണ്.കണ്ണാടിഭിത്തി പോലെ മഴ അവളുടെ കാഴ്ച മറച്ചു.
ആ ചുവന്ന സാരി ബാഗില്‍ വച്ച് പൂട്ടി
അവൾ ധൃതിയില്‍ വാതില്‍പൂട്ടി പുറത്തേക്ക് ഇറങ്ങി.
മടക്കയാത്രക്കായി.
(അവസാനിച്ചു)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo