Slider

അംബാ മിൽസ് - Part 13

0

"സത്യരാജ് സാർ തിരികെ വീട്ടിലേക്ക് പോയിക്കാണുമെന്നാണ് ഞങ്ങൾ കരുതിയത്.പക്ഷെ അവിടെ സത്യരാജ് സാറും അദ്ദേഹത്തെ കൂടാതെ വേറെ മൂന്ന് പേരും ഉണ്ടായിരുന്നു.ഈ നിൽക്കുന്ന ജോസഫ് തരകൻ സാറും ഗിരിധർ സാറും പിന്നെ റോബിനും!"ദേവി പറയുന്നത് കേട്ട് ലിസമ്മ അന്തം വിട്ടു.അവർക്കൊന്നും മനസ്സിലായില്ല.
"നീ എന്തുവാ കൊച്ചെ പറഞ്ഞ് വരുന്നത്?ഒന്നും മനസ്സിലാവുന്നില്ല."ലിസമ്മ പറഞ്ഞു.
"ഞങ്ങളോ?രാഖി മരിച്ച അന്ന് ഞങ്ങളെ നീ അംബാ മിൽസിൽ കണ്ടുവെന്നോ?എന്ത് അസംബന്ധനമാണ് നീ പറയുന്നത്?അല്ലെങ്കിലും അവിടെ അന്ന് ഹർത്താൽ ആയിരുന്നില്ലേ?ഹർത്താൽ ദിവസം ഞാൻ എങ്ങനെ അവിടെ വരും?ഞാനും റോബിനും എസ്റ്റേറ്റ് കാര്യങ്ങൾക്കായി പീരുമേട് പോയിരിക്കുകയായിരുന്നു.അലക്സിന് പനിയായത്  കൊണ്ട് അവൻ ഞങ്ങളുടെ  കൂടെ വന്നില്ല.നിനക്ക് ഓർമ്മയില്ലേ അലക്സീ?."ജോസഫ് ചോദിച്ചത് കേട്ട് അലക്സ് ഒന്നും മിണ്ടിയില്ല..
"അല്ലെങ്കിലും കൊട്ടാരം പോലൊരു വീട് എനിക്ക് ചെന്നൈയിൽ ഉള്ളപ്പോ  ഞങ്ങൾ എന്തിനാ പൂട്ടിക്കിടക്കുന്ന അംബാ മിൽസിൽ ഒത്തുകൂടുന്നത്?നിനക്ക് ആള് മാറിയതാവും മോളെ.."ഗിരിധർ പറഞ്ഞു.
"അവിടെ എന്താ നടന്നതെന്ന് ഞാൻ ഇതുവരെ പറഞ്ഞ് തീർന്നില്ല.."ദേവി എല്ലാവരോടുമായി പറഞ്ഞു.
"ഞങ്ങളുടെ കോളേജിനടുത്ത് ഒരു അനാഥാലയമുണ്ടായിരുന്നു.ഈ ഗിരിധർ സാർ ഭാര്യയുടെ ഓർമ്മക്കായി അവരുടെ പേരിൽ  നടത്തിവന്നിരുന്ന സേക്രഡ് ഹാർട്ട് ഓർഫനേജ്.ആർക്കും വേണ്ടാതെ റോഡിലുപേക്ഷിക്കപ്പെട്ട കുറച്ച് പിഞ്ചുകുഞ്ഞുങ്ങളും അവരെ സ്വന്തം മക്കളെ പോലെ വളർത്തിയിരുന്ന ഒരു മദറമ്മയും അവിടെ ഉണ്ടായിരുന്നു.പക്ഷെ ഒരു ദിവസം രാത്രി ആരോ അവിടെ തീ വെച്ചു! ആ അനാഥാലയം  കത്തിച്ചാമ്പലായി! മദറോ കുഞ്ഞുങ്ങളോ ആരും തന്നെ രക്ഷപ്പെട്ടില്ല...അന്ന് അവിടെ ഇലക്ഷൻ പ്രചരണം നടക്കുന്ന സമയം. പോലീസ് അന്വേഷണത്തിൽ ഗിരിധർ സാറിന്റെ അനാഥാലയത്തിന് തീ  വെച്ചത് ആ മണ്ഡലത്തിലെ എം.ൽ.എ സ്ഥാനാർഥികളിൽ ഒരാളായ നാഗരാജനും കൂട്ടരും  ആണെന്ന് തെളിഞ്ഞു..എല്ലാവരും അങ്ങനെ ആണ് വിശ്വസിച്ചിരുന്നത്..പക്ഷെ.."ദേവി ഒന്ന് പറഞ്ഞ് നിർത്തി.അവൾ എല്ലാവരെയും ഒന്ന് നോക്കി.
ജോസഫ് തരകനും ഗിരിധറും ശ്വാസം വിടാൻ പോലും മറന്ന് നിൽക്കുകയാണ്!
രാഗേഷും അലക്‌സും  അവരെ തന്നെ സൂക്ഷിച്ച്  നോക്കി നിൽക്കുന്നു..ലിസമ്മ ദേവി പറയുന്ന ഓരോ വാക്കുകൾക്കും കാത് കൂർപ്പിച്ച് നിന്നു!
"അന്ന് അംബാ മിൽസിലെ ആ മുറിയിൽ വെച്ച് സത്യരാജ് സാർ നിങ്ങളോട് ഒരു കാര്യം പറഞ്ഞു.ഓർഫനേജ് തീ വെച്ച് നശിപ്പിച്ചത് ആരാണെന്ന് അദ്ദേഹത്തിന് അറിയാമെന്നും അദ്ദേഹത്തിന്റെ കൈയിൽ അതിന്റെ തെളിവായി ഒരു മൊബൈൽ ഫോൺ  ഉണ്ടെന്നും.."ദേവി പറഞ്ഞു.
"നിനക്കെന്താ ഭ്രാന്താണോ കൊച്ചെ?എന്തൊക്കെയാ ഇവള് പറയുന്നത് "ജോസഫ് തരകന് ദേഷ്യം ഇരച്ച് കയറി.
"അതെ മോള് എന്തെങ്കിലും സ്വപ്നം കണ്ടതായിരിക്കും.ഇച്ചിരി നെല്ലിക്കാത്തളം ഇട്ടാ അതങ്ങ് ശെരിയായിക്കൊള്ളും."ഗിരിധർ അവളെ കളിയാക്കി.
"എനിക്ക് ഭ്രാന്താണ് അല്ലെ....എന്റെ കൈയിൽ രണ്ട് വീഡിയോസ് ഉണ്ട്.അതിൽ ഒരെണ്ണം പ്ലേ ചെയ്യാം..എന്നിട്ട് തീരുമാനിക്കാം ആർക്കാണ് ഭ്രാന്തെന്ന്.."ദേവി റോബിന്റെ കൈയിൽ നിന്നും ഒരു ഫോൺ വാങ്ങി,അത് വർഷങ്ങൾക്ക് മുൻപ് കോളേജിൽ പഠിച്ചിരുന്നപ്പോൾ  അവൾ  ഉപയോഗിച്ചിരുന്ന ഫോൺ ആയിരുന്നു.
അവൾ അതിലെ വീഡിയോ പ്ലേയ് ചെയ്തു.അതിൽ ഒരു മുറിയിൽ ജോസഫ് തരകനും ഗിരിധറും  റോബിനും സത്യരാജും ഉണ്ടായിരുന്നു.ഒരു വാതിലിന്റെ മറവിൽ നിന്നുകൊണ്ട് ഷൂട്ട് ചെയ്തത് പോലെ ആയിരുന്നു ആ വീഡിയോ.
"എന്റെ കൈയിൽ നിങ്ങൾക്കെതിരെ ഉള്ള എല്ലാ തെളിവുകളും ഉണ്ട്.മരിയാദയ്ക്ക്   ഞാൻ പറഞ്ഞ കാശ് എനിക്ക് തന്നോ.ഇല്ലെങ്കിൽ ലോകം മുഴുവൻ അറിയും ഗിരിധർ സാർ എങ്ങനെയാ ഇലെക്ഷൻ ജയിച്ചതെന്ന്!"സത്യരാജ് പറയുന്നു.
"നന്ദികെട്ട നായെ നീ ആരെയാടാ  പേടിപ്പിക്കുന്നത്?"ഗിരിധർ അലറുന്നു.
"ഗിരി പ്രശ്നം വഷളാക്കണ്ട..അയാൾ ചോദിച്ച കാശ് അയാൾക്ക് കൊടുത്തേക്ക്"ജോസഫ് തരകൻ പറയുന്നു.ഗിരിധർ ഒന്നും മിണ്ടുന്നില്ല..
"ശരി നിന്റെ ഡിമാൻഡ് പത്ത് ലക്ഷം അല്ലെ..റോബി ചെക്ക് ബുക്ക് എടുക്ക്.."ജോസഫ് തരകൻ പറഞ്ഞത് കേട്ട് റോബിൻ ചെക് ബുക്ക് എടുക്കുന്നു.
സത്യരാജ് പറഞ്ഞ തുക അതിൽ എഴുതി ഒപ്പിട്ട്  അയാളെ ഏൽപ്പിക്കുന്നു.
"ഇനി പറ ആ വീഡിയോ എവിടെ?" ജോസഫ്  ചോദിക്കുന്നു.
"അത് അങ്ങ് മനസ്സിലിരിക്കട്ടെ.ഞാൻ അത് തരുമ്പോ എന്നെ തീർത്ത് കളയാൻ അല്ലെ നിങ്ങടെ പദ്ധതി?നടക്കില്ല."സത്യരാജ് പറഞ്ഞതുകേട്ട് ദേഷ്യം ഇരച്ച് കയറിയെങ്കിലും ജോസഫ് അടങ്ങി.
"പൈസ തന്നാൽ നീ ആ വീഡിയോ ഞങ്ങൾക്ക് കൈമാറാം  എന്ന എഗ്രിമെന്റ് ഉണ്ട്..മറക്കരുത്.."ജോസഫ് ഓർമ്മിപ്പിച്ചു.
"അതൊക്കെ ശരി  ആണ് ,പക്ഷെ സാധനം ഇപ്പൊ എന്റെ കൈയിൽ ഇല്ല.ഞാൻ അത് നിങ്ങൾക്ക് തരാതെ  നശിപ്പിച്ച് കളഞ്ഞേക്കാം.പക്ഷെ  അതിന് ഈ തുക പോരാതെ വരും.." സത്യരാജ് പറഞ്ഞു.ഗിരിധാറിന്റെ എല്ലാ നിയന്ത്രണവും വിട്ട് പോയി.അയാൾ തന്റെ അരയിലിരുന്ന തോക്കെടുത്ത് സത്യരാജിന്റെ തലയിലേക്ക് തന്നെ കാഞ്ചി വലിച്ചു! പെട്ടെന്ന് ഒരു പെണ്ണിന്റെ അലറിക്കരച്ചിൽ കേൾക്കുന്നു.അതോടെ ആ വീഡിയോ കട്ട് ആയി..
ആ വീഡിയോ കണ്ടതും ലിസമ്മ ഞെട്ടിതരിച്ച് ജോസഫിനെയും ഗിരിധറിനെയും നോക്കി.അവർ പെട്ടെന്ന് നെഞ്ചിൽ കൈ വെച്ചു!
"മമ്മി!"അലക്സ് അവരുടെ അടുത്തേക്ക് ഓടി അവരെ താങ്ങിപ്പിടിച്ചു.
"ലിസമ്മേ!"ജോസഫ് അവരെ പിടിക്കാൻ കൈ നീട്ടിയതും  ലിസമ്മ അയാളുടെ  കൈകൾ തട്ടിമാറ്റി.ജോസഫിന്റെ  കണ്ണുകൾ നിറഞ്ഞു.ലിസമ്മ വേച്ച്   അവിടെ സോഫയിൽ ഇരുന്നു.അലക്സ് അവരെ ഒരു കൈ കൊണ്ട് ചേർത്ത് പിടിത്തിട്ടുണ്ടായിരുന്നു.
"എന്തിന്..എന്തിനായിരുന്നു ഇതൊക്കെ?" ലിസമ്മ ചോദിച്ചു.
"അന്ന് ആ മണ്ഡലത്തിലെ എം.ൽ.എ സ്ഥാനാർഥിയായിരുന്ന  ഗിരിധർ സാറിന് എതിരാളിക ളായി  രണ്ട് പേർ. അതിൽ ഒരാൾ ഒരു കാരണവശാലും ജയിക്കില്ല എന്ന് ഇവർക്ക്  ഉറപ്പായിരുന്നു.പക്ഷെ മറ്റേ സ്ഥാനാർഥി നാഗരാജനും ഗിരിധർ സാറിനെ പോലെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.ആൾക്കാരുടെ സിമ്പതി പിടിച്ച് പറ്റിയില്ലെങ്കിൽ ആ ഇലെക്ഷനിൽ തോറ്റു പോവുമെന്നും അത് വഴി അടുത്ത ഇലെക്ഷനിൽ ഇവരുടെ പാർട്ടി തന്നെയാണ് ജയിക്കുന്നതെങ്കിൽ  പുതിയ മന്ത്രിസഭ രൂപീകരിക്കുമ്പോൾ കിട്ടുമെന്നുറപ്പുള്ള  ഭാവിയിലെ മുഖ്യമന്ത്രി സ്ഥാനം നഷ്ടമാകുമെന്നും ഗിരിധർ സാർ ഭയപ്പെട്ടു.കൂടെ നിൽക്കുന്ന ആരെയും വിശ്വസിക്കാൻ അദ്ദേഹം തയ്യാറല്ലായിരുന്നു.പക്ഷെ സ്വന്തം നിഴലിനേക്കാൾ  അദ്ദേഹത്തിന് ജോസഫ്  സാറിനെ വിശ്വാസമായിരുന്നു.
അത്കൊണ്ട് ആരോരുമറിയാതെ അദ്ദേഹം ജോസഫ്  സാറിനെ ഒരു പണി ഏൽപ്പിച്ചു.താൻ നടത്തിപ്പോന്നിരുന്ന സേക്രഡ് ഹാർട്ട് അനാഥാലയം ചുട്ട്  ചാമ്പലാക്കുക.ആ കുറ്റം എതിർസ്ഥാനാർത്ഥിയായ നാഗരാജന്റെ തലയിൽ കെട്ടിവെയ്ക്കുക...കുറച്ച് അനാഥപിള്ളേർ  മാത്രമായത് കൊണ്ട് ചോദിക്കാനും പറയാനും ആരും വരില്ല.ഇനി എന്തെങ്കിലും അന്വേഷണം വന്നാലും അത് നാഗരാജിന്റെ തലയിൽ ഇരുന്നോളും.എന്തായാലും ഇദ്ദേഹം  പ്രതീക്ഷിച്ചത് പോലെ കാര്യങ്ങൾ നടന്നു.താൻ നടത്തിവന്നിരുന്ന അനാഥാലയത്തിലെ കുറച്ച് പിഞ്ചുകുഞ്ഞുങ്ങളും അവരെ പൊന്നുപോലെ നോക്കിയിരുന്ന ഒരമ്മയും വെന്ത് വെണ്ണീറായപ്പോൾ നാട്ടുകാർക്ക് ഇയാളോട് സിമ്പതി ആയി. നാഗരാജനെ  അവർ കല്ലെറിഞ്ഞ് ഓടിച്ചു.  ഇയാൾ എം.എൽ.എ ആയി..പിന്നീട് റവന്യു മിനിസ്റ്ററും.ഇദ്ദേഹം ഇപ്പൊ  മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള  നെട്ടോട്ടത്തിൽ ആണ്.അതിന് ഇനി ആരെയൊക്കെയാണ് കുരുതി കൊടുക്കാൻ ഉദ്ദേശിച്ചിരിക്കുന്നത്.."ദേവി വെറുപ്പോടെ ഗിരിധറിനെ നോക്കി.
ജോസഫും  ഗിരിധറും  ഉത്തരമില്ലാതെ നിന്ന് വിയർത്തു..
ഭൂമി പിളർന്ന് താഴേക്ക് പോയെങ്കിൽ എന്നവർ ആഗ്രഹിച്ചു.
"ഓർഫനേജ് തകർത്തതിന്റെ പിന്നിൽ എന്റെ ഭർത്താവാണെന്ന് നിങ്ങൾക്ക് എങ്ങനെ മനസ്സിലായി?"ലിസമ്മയുടെ ശബ്‍ദം ഇടറി ..
ദേവി രാഗേഷിന്റെ  ഫോൺ മേടിച്ച് അതിലെ വീഡിയോ പ്ലേയ് ചെയ്തു.
അതിൽ ഓർഫനേജിൽ തീ വെക്കുന്നവരുടെ കൂട്ടത്തിൽ  റോബിനെയും പിന്നെ തങ്ങളുടെ  എസ്റ്റേറ്റിലെ കുറച്ച് പണിക്കാരെയും  കണ്ടതോടെ ലിസമ്മ തകർന്ന് പോയി!
"എന്റെ കൈകൊണ്ട് എത്ര ഉരുള ചോറ് ഞാൻ വാരി തന്നിരിക്കുന്നു നിനക്ക്.എന്നിട്ടും നിന്റെ മനസ്സ് മുഴുവനും  വിഷം ആണല്ലോടാ ദുഷ്ടാ! " ലിസമ്മ റോബിന്റെ അടുത്ത് ചെന്ന് അവന്റെ കരണത്ത് ആഞ്ഞടിച്ചു.
"കുറച്ച് പിഞ്ചു  പൈതങ്ങളെ ചുട്ട് ചാമ്പലാക്കിയിട്ട് നീയൊക്കെ എന്ത് നേടിയെടാ പട്ടികളെ.. "ലിസമ്മ എല്ലാവരുടെയും മുഖത്ത് നോക്കി അലറിവിളിച്ചു!
"അന്ന് ഞാനും സത്യരാജ് സാറും അംബാ  മിൽസിൽ രാഖിയെ കാത്ത് താഴെ നിന്നപ്പോൾ സത്യരാജ് സാറിന് ഒരു കാൾ വന്നുവെന്ന് പറഞ്ഞല്ലോ.അത് റോബിന്റേതായിരുന്നു.റോബിനും കൂട്ടരും  ഓർഫനേജിന് തീ വെയ്ക്കുന്ന വീഡിയോ അവരാരും കാണാതെ മറഞ്ഞ് നിന്ന് എടുത്തത് ഓർഫനേജിലെ തന്നെ സെക്യൂരിറ്റി മുരുഗൻ ആയിരുന്നു.റോബിന്റെയും കൂട്ടരുടെയും  സംസാരത്തിൽ  നിന്നും ഗിരിധർ തന്നെയാണ് ഇതിന് പിന്നിൽ എന്ന് അയാൾ മനസിലാക്കിയിരുന്നു.മുരുഗന്  അവരെ തടുക്കാൻ ഭയമായിരുന്നു. ആ വീഡിയോ എടുത്ത ശേഷം ആരോടും പറയാതെ അയാൾ അവിടെ നിന്നും മുങ്ങി.പിന്നീട് സത്യങ്ങൾ പുറത്ത് കൊണ്ടുവരണമെന്നും കൊല്ലപ്പെട്ട മദറിനും കുഞ്ഞുങ്ങൾക്കും നീതി കിട്ടണമെന്നും പറഞ്ഞ്  മുരുഗൻ  സത്യരാജ് സാറിന്റെ കൈയിൽ ഈ വീഡിയോ ഏൽപ്പിച്ചു . അവരെ ആരെയും രക്ഷിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന പാപഭാരത്തിൽ മുരുഗൻ  നാടുവിട്ട്  പോയി.. പക്ഷെ പണത്തോട് ആർത്തിയുള്ള സത്യരാജ് സാർ  റോബിൻ  ആരാണെന്ന് കണ്ടുപിടിച്ച് റോബിനെ  വിളിച്ച് ഭീഷണിപ്പെടുത്തി.സംഭവം ഒത്തുതീർപ്പാക്കാൻ വേണ്ടിയാണ് അവരെല്ലാവരും അന്ന് അംബാ മിൽസിൽ ഒത്തുകൂടിയത്.അവർ അങ്ങോട്ടേക്ക് വരുന്നുണ്ടെന്ന് മനസിലാക്കിയ ഉദയൻ തന്റെ പ്ലാൻ മാറ്റി.രാഖിയോട് അവിടെ നിന്നും എത്രയും പെട്ടെന്ന് തിരികെ പോവാൻ ആവശ്യപ്പെട്ടു.അതെ സമയം തന്നെയായിരുന്നു തങ്ങൾ  അംബാ  മിൽസിലേക്ക് വരുന്നുണ്ടെന്നും  അവിടെ വെച്ച് ഒത്ത് കൂടാമെന്നും പറഞ്ഞ് റോബിൻ സത്യരാജ് സാറിനെ വിളിച്ചതും.അത്കൊണ്ടാണ് ഞങ്ങൾ തിരികെ പോയിട്ടും സത്യരാജ് സാർ അവിടെ തന്നെ വെയിറ്റ് ചെയ്തത്." ദേവി പറഞ്ഞു. ജോസഫും  ഗിരിധറും  റോബിനും ഒന്നും മിണ്ടാതെ മുഖം താഴ്ത്തി ഇരുന്നു. തങ്ങൾ പിടിക്കപ്പെട്ടു കഴിഞ്ഞുവെന്ന് ഇനി ഒന്നും ഒളിച്ച് വെയ്ക്കാനില്ലെന്ന് അവർക്ക് മനസ്സിലായി..
അവർ അവിടെ നിന്നും എഴുന്നേറ്റു .
"നിൽക്കണം!എന്റെ രാഖിക്കെന്ത്  പറ്റിയെന്നും കൂടി കേട്ടിട്ട് എഴുന്നേറ്റാൽ മതി!"അലക്സ് പറഞ്ഞത് കേട്ട് ജോസഫ് അവന് മുഖം കൊടുക്കാതെ തിരികെ ഇരുന്നു.ഗിരിധർ സോഫയുടെ സൈഡിൽ പിടിച്ച് എന്ത് ചെയ്യണമെന്നറിയാതെ വിയർത്ത് കുളിച്ച് നിന്നു.
"നിങ്ങളുടെ വീഡിയോ  ഞാൻ  മുറിയുടെ വെളിയിൽ നിന്നും എന്റെ  ഫോണിൽ റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.പക്ഷെ നിങ്ങൾ സത്യരാജ് സാറിനെ  കൊല്ലുന്നത് കണ്ടപ്പോ രാഖി അലറിവിളിച്ചു! നിങ്ങൾ കാണുന്നതിന് മുൻപേ ഞാൻ രാഖിയെയും  കൊണ്ട് അവിടെ നിന്നുമോടി.ആരാണെന്ന് കണ്ടില്ലെങ്കിലും റോബിൻ ഞങ്ങളുടെ  പിറകെ ഓടി..രാഖിയുടെ ഷാളിലാണ് റോബിന് പിടിത്തം കിട്ടിയത്.പിടിവലിക്കിടയിൽ കാല് തെന്നി  എന്റെ രാഖി ബിൽഡിങ്ങിന്റെ മുകളിൽ നിന്നും താഴെ വീണു!"ദേവി ഭയാനകമായ   ആ ഓർമ്മയിൽ മുഖം പൊത്തി  കരഞ്ഞു! അലക്‌സും രാഗേഷും  എല്ലാം ഒരു മരവിപ്പോടെ ആ കഥ  വീണ്ടും കേട്ടിരുന്നു.
“താഴേക്ക് ഇറങ്ങിച്ചെന്നതും അവിടെ രക്തത്തിൽ കുളിച്ച് കിടക്കുന്ന എന്റെ രാഖിയെ കണ്ടു!ജീവനുണ്ടോ  എന്ന് തൊട്ടു നോക്കി.പക്ഷെ അപ്പോഴേ എല്ലാം കഴിഞ്ഞിരുന്നു.ഒന്ന്  അലറിവിളിക്കാൻ പോലുമാവാതെ ഞാൻ അവിടെ നിന്നു.റോബിൻ സ്റ്റെയർകേസ് ഇറങ്ങി എന്റെ പിറകെ ഓടിവരുന്നത് എനിക്ക് കാണാമായിരുന്നു.ഞാൻ തിരികെ ഹോസ്റ്റലിലേക്ക് പോയില്ല.നേരെ പോയത് മിനി മിസിന്റെ അടുത്തേക്കായിരുന്നു.”ദേവി പറഞ്ഞു.

തുടരും.......
Click here to read all published parts -
https://www.nallezhuth.com/search/label/AmbaMills

By: Anjana Ravi USA
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo