നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 5


ഒരുപാടു സമയം താൻ ഇവരുടെകൂടെ ചെലവിട്ടെന്നു തോന്നിയ ലക്ഷ്മിയമ്മ തന്റെ വലതു കൈയ്യിൽ കെട്ടിയിരുന്ന വാച്ചിൽ നോക്കി. ഇത്രയും സമയം കഴിഞ്ഞോ ഒരു സിനിമ കണ്ടതുപോലേയാണ് രാഘവൻ പറഞ്ഞ കഥ കേട്ടപ്പോൾ ലക്ഷ്മിയമ്മക്കു തോന്നിയത് കേട്ടു കഴിഞ്ഞപ്പോൾ രാഘവനെ ഒരു കുറ്റവാളിയായി വിധിക്കാൻ അവർക്കായില്ല പക്ഷേ കുഞ്ഞിനെ ഉപേക്ഷിച്ചവൻ എന്ന നിലയിൽ അയാൾ തെറ്റുകാരനാണെ ചിന്ത അവരുടെ ഉള്ളിൽ നിറഞ്ഞു.മനസ്സിലെ ത്രാസിന്റ ഒരു തട്ടിൽ പെങ്ങളുടെ മകളെ ഉപേക്ഷിച്ച രാഘവനേയും മറു തട്ടിൽ മനസ്സറിഞ്ഞ് ഒരുതെറ്റും ചെയ്യാതെ സാഹചര്യം അങ്ങനെയാക്കിത്തീർത്ത രാജമ്മയെന്ന അമ്മയെയും ഇരുത്തി തൂക്കി നോക്കിയപ്പോൾ രാജമ്മയെന്ന അമ്മയുടെ ഭാഗം കുറച്ച് പൊന്തിയിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവർ തന്റെ അടുത്തിരിക്കുന്ന മുന്നോട്ടുള്ള ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും മരിച്ചുകൊണ്ടിരിക്കുന്ന ആ മനുഷ്യനെ സഹതാപത്തോടെ നോക്കി ഒന്നും പറയാൻ വാക്കുകളില്ല എന്തു പറഞ്ഞാണ് ഇവരെ ഞാൻ ആശ്വസിപ്പിക്കേണ്ടത് ?അതുകൊണ്ട് എന്താണ് ഫലം.? എങ്കിലും അവർ ഇത്രമാത്രം പറഞ്ഞു.
" ഞാനുറപ്പു പറയുന്നില്ല കാരണം അവൾ എന്റെ മേലുദ്യോഗസ്ഥയാണ് എന്നോട് സ്നേഹത്തോടെ പെരുമാറുന്നുമുണ്ട് പക്ഷേ ഇക്കാര്യങ്ങൾ ഞാൻ എങ്ങനെ അവളോട് പറയും? നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ മതിയെന്ന് പറഞ്ഞാൽ അതോടെ തീരില്ലേ ഞങ്ങൾ തമ്മിലുള്ള സ്നേഹ ബന്ധം "
"സാറു വിചാരിച്ചാലത് നടക്കും സാറിനെയത്രയ്ക്കിഷ്ടാണാ കൊച്ചിന് എനിക്കതറിയാം അതറിഞ്ഞോണ്ടാണ് ഞാൻ സാറിന്റെ പൊറകെ നടക്കുന്നേ മരിക്കാൻ പോകുന്നൊരാളുടെ അന്ത്യാഭിലാഷമാണെന്ന് കരുതിയെങ്കിലും നിങ്ങളെനിക്കിത് നടത്തി തരണം തരില്ലേ..?"
ലക്ഷ്മിയമ്മയുടെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് തന്റെ നെറ്റിയിൽ മുട്ടിച്ചുകൊണ്ട് പൊട്ടിക്കരയുന്ന അവരെ എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടതെന്ന് അറിയാതെ ലക്ഷ്മിയമ്മയുടെ മിഴികളും ഈറനണിഞ്ഞു.
" ഏതായാലും ഞാനവളോടിക്കാര്യമൊന്നു സംസാരിച്ചുനോക്കട്ടെ അവളെങ്ങനെ തിരിച്ചു പ്രതികരിക്കുമെന്ന് എനിക്കറ്യില്ല. പക്ഷേ കൊറച്ച് സമയം വേണം ഇന്നാ പിടിച്ചോന്നു പറ്ഞ്ഞ് സിനിമാക്കഥപോലേ പറ്യാനൊള്ള കാര്യങ്ങളല്ലല്ലോത്.അമ്മയെന്നാെരു സങ്കല്പം ആക്കൊച്ചിന്റെ മനസ്സിലൊണ്ടെങ്കിൽ അത് ലക്ഷ്മിയേടത്തി അല്ലാതെ വേറാരുമല്ല, അവടെ തീട്ടോം മൂത്രോം കോരി സ്നേഹിച്ചും ലാളിച്ചും തലേവെച്ചാ പേനരിക്കും നെലത്തു വെച്ചാ ഉറുമ്പരിക്കൂന്നു കരുതി കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നു അതിനെ വളർത്തി വലുതാക്കിയവരാണ് ആ ലക്ഷ്മിയേടത്തീം നാണുവേട്ടനും. ഇനി പൊന്നുകൊണ്ട് പുളിശ്ശേരിവെച്ചുക്കെടുക്കാന്നു പറഞ്ഞാലും അവരെ മാത്രമേ ആ പെങ്കൊച്ച് അച്ഛനുമമ്മയുമെന്ന് വിളിക്കൂ അങ്ങനെയൊള്ള അവരെ മറന്നു നിങ്ങടെ പെങ്ങളെ അമ്മേന്ന് വിളിക്കുമോന്ന് എനിക്ക് പറയാമ്പറ്റൂല" .
" സാറിനറ്യാല്ലോ എനിക്കിനി അധികമായുസ്സില്ല കൂടിപ്പോയാ രണ്ടോ മൂന്നോ മാസം അതിനുള്ളിലെപ്പോ വേണെങ്കിലും ഞാൻ ചാകും എന്റെ കണ്ണടയുന്നതിനു മുമ്പെയെങ്കിലും അവളുടെ വായീന്നെന്റെ പെങ്ങളെ അമ്മേന്നു വിളിക്കുന്നത് കേക്കണം പറ്റൂങ്കീ ആ ക്കൈയ്യീന്നൊരിറ്റ് വെള്ളം അവടെ വായിലൊഴിപ്പിക്കണം പെറ്റൊടെനെ അവടെ അമ്മേന്റരികീന്ന് വലിച്ചെറിഞ്ഞതിന് അതിന്റെ കാലേ വീണെനിക്ക് മാപ്പു പറയണം അല്ലേലെന്റെ ആത്മാവ് ഗതികിട്ടാതലയും. ഞാനോ രാജമ്മയൊ മരിച്ചുകഴ്ഞ്ഞ് ഞങ്ങടെ മൊകമൊന്നു കാണാൻ അവൾ വന്നില്ലേലും സാരോല്യാ അതിനൊള്ള യോഗോം അവകാശോം ഞങ്ങക്കില്ലല്ലോ? വായ്ക്കരിയിടണമെന്ന് പറയാൻ മാത്രം ഞങ്ങളവക്കാരുമല്ലല്ലോ? പെറ്റവയറിന്റെ നൊമ്പരം നൊന്തുപെറ്റോർക്കേ അറ്യാൻ കഴ്യൂ..സാറേ.. അതോണ്ട ഞങ്ങള് സാറിനെത്തന്നെ അഭയന്തേടീത്"
ഗദ്ഗദം കൊണ്ട് അയാളുടെ ശബ്ദമിടറി ശ്വാസം വലിക്കാൻ ബുദ്ധിമുട്ടിയ രാഘവന്റെ പുറത്ത് ഗോമതി മെല്ലെ തടവിക്കൊടുത്തു. അപ്പോൾ അയാൾ ശ്വാസം ആഞ്ഞുവലിച്ചു നെഞ്ചു തിരുമ്മിക്കൊണ്ട് നിലത്തിരുന്നു.
"സാരമില്ല ഗോമതീ, ഞാനെന്നേക്കൊണ്ടാവുമ്പോലെ ശ്രമിക്കാം നീയും പ്രാർത്ഥിക്ക് നിന്റെ കെട്ട്യോന്റാഗ്രഹം സാധിക്കാൻ തെറ്റുകൾ ക്ഷെമിക്കുന്ന ദൈവം നിന്റെയപേക്ഷ കേക്കാതിരിക്കില്ല അല്ലാതെ ഞാനിപ്പോളെന്തു പറയാനാ മനസമാധാനത്തോടെ പൊയ്ക്കോളൂ കൊറേ നേരമായില്ലേ നമ്മളിവിടെയിരിക്കാൻ തൊടങ്ങീട്ട് ആൾക്കാരൊക്കെ നോക്കുന്നൊണ്ട് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇവടെ വന്നിരുന്നു കരയുന്നതെന്തിനാണെന്ന്. അതുമാത്രല്ല വീട്ടിപ്പോകാനുള്ള സമയമായി പിന്നെയൊരു കാര്യം നിങ്ങളിനി എന്നെയൊ അവളെയൊ കാണാനായി ഓഫീസിലേക്ക് വരണ്ട."
" വരാതെയെങ്ങനാ സാറേ ഞങ്ങളു വിവരങ്ങളറിയുന്നേ?"
ഗോമതി തന്റെ മനസ്സിലുള്ള സംശയം ചോദിച്ചു.
" നിന്റെ അഡ്രസ്സും മൊബീൽ നമ്പറും തരൂ ലാൻഡ്ഫോണുണ്ടെങ്കിൽ അതും "
ഗോമതി തന്റെ ബാഗിൽ നിന്നും പേനയെടുത്ത് മരുന്നു പൊതിഞ്ഞിരുന്ന കടലാസിൽ നിന്നും ഒരു തുണ്ട് കീറിയെടുത്ത് അതിൽ തന്റെ വിലാസവും ഫോൺ നമ്പറുകളും എഴുതിക്കൊടുത്തു.
"വേഗം വിളിക്കില്ലേ സാറേ?
"ഞാൻ പറഞ്ഞല്ലോ അതിനിച്ചിരി സമയമെടുക്കൂന്ന് സമയോം സന്ദർഭോം നോക്കി അവളോട് ഒന്ന് സംസാരിക്കട്ടെ അവടെ മനസ്സിലെന്താണെന്നാദ്യമറിയട്ടെ.
ചെലപ്പോ സത്യം അവക്കറിയാമെങ്കിലോ അവൾ വേറൊരമ്മേടെ മകളാണെന്ന്? എങ്കിൽ കൊഴപ്പമില്ല. അല്ലെങ്കിലൊരു പക്ഷേ നാണുവേട്ടനും ഭാര്യയുമല്ല തന്റെ സ്വന്തം അച്ഛനും അമ്മയുമെന്ന ആ വലിയ സത്യം അറിഞ്ഞാത്തന്നെ അതുൾക്കൊള്ളാൻ അവൾക്കാകുമോ? ചെലപ്പോ സത്യത്തോടു പൊരുത്തപ്പെടാൻ ഒരുപാട് സമയംപിടിക്കും അതുമല്ലെങ്കിൽ അവളേപ്പോലൊരു പാവത്തിന് ഭ്രാന്തു പിടിക്കാനും ഈയൊറ്റക്കാര്യം കേട്ടാമതി..."
"അയ്യോ സാറേ, രാജമ്മേനെയവൾ അമ്മാന്നു വിളിച്ചില്ലേലും കൊഴപ്പോല്ലാ പക്ഷേ നിങ്ങളിങ്ങനെയൊന്നും പറയല്ലേ ഭ്രാന്തിന്റെ ഫലമനുഭവിച്ചവർക്കേ ആ അവസ്ഥയറിയൂ ഞാനതൊരുപാടറിഞ്ഞതാ അങ്ങനെയൊരവസ്ഥ ശത്രുക്കൾക്കുപോലും വരരുത് "
അങ്ങനെയൊരു രംഗം നേരിൽ കണ്ടപോലേ രാഘവന്റെ മുഖം പേടിച്ചു വിളറി
" ഛേ ഛേ ഞാമ്പറഞ്ഞത് ഇങ്ങനെയൊക്കെ കേൾക്കുമ്പോ അവളെങ്ങനെയാണ് പ്രതികരിക്കുകയെന്നോർത്താണ്.. ഒന്നും പറയാൻ പറ്റില്ല ഇത്രയുംങ്കാലം ഓർമ്മ വെച്ചപ്പോമുതൽ അച്ഛാന്നും അമ്മേന്നും വിളിച്ചു ദൈവത്തേപ്പോലേ താൻ സ്നേഹിച്ചവർ തന്റെ ആരുമല്ലെന്നും താനൊരു അനാഥയാണെന്നും മറ്റുള്ളവരുടെ ദയയും കാരുണ്യമാണ് തന്റെയീ ജീവിതം എന്നറിയുന്ന ആ നിമിഷം എത്ര ക്രൂരമാണ് നിങ്ങളൊന്ന് നിങ്ങളൊന്നോർത്തു നോക്കിക്കേ? ചില്ലുപാത്രമ്പോലെ അവളുടെ ഹൃദയംതകർന്നു പോകൂലേ അതുവേണോ? നമ്മള് സിനിമേലും സീരിയലിലും ഇങ്ങനെയൊക്കെ കാണുന്നതല്ലേ..? അല്ല ചുമ്മാ ഓർമ്മപ്പെടുത്തീന്നേയൊള്ള് നിങ്ങള് സമാധാനമായിട്ടു പോകൂ ദൈവം എല്ലാത്തിനും ഒരു പരിഹാരം കാണിച്ചു തരും"
“ദൈവം... അങ്ങനെയൊന്നില്ല സാറേ.. ഒണ്ടാരുന്നെങ്കിൽ ഒരു തെറ്റും ചെയ്യാതിരുന്ന എന്റെ രാജമ്മയ്ക്കിങ്ങനെ വര്വോ..? ഇത്രേം അനുഭവിപ്പിച്ചിട്ടും പിന്നേം പിന്നേം ഞങ്ങളെ പരീക്ഷിച്ചോണ്ടിരിക്കയല്ലേ..? മുൻജന്മത്തിൽ ചെയ്ത പാപങ്ങളുടെ ശിക്ഷയാരിക്കും ഞങ്ങൾ ഈ ജന്മത്തിലും അനുഭവിക്കുന്നത്.. സാരമില്ല അനുഭവിച്ചതത്രയും ഇനി അനുഭവിക്കേണ്ടല്ലോ ഞങ്ങളു പോക്വാ സാറേ.ഭാഗ്യോണ്ടെങ്കി വീണ്ടുങ്കാണാം..”
അവർ കോളേജ് ക്യാമ്പസിൽനിന്നും മെയിൻറോഡിലേക്ക് ഇറങ്ങി വണ്ടിരുന്നതും കാത്തുനിന്നു. എവിടെക്കോ ഓട്ടംപോയി തിരിച്ചു വന്ന ഒരു ഓട്ടോ റിക്ഷ ലക്ഷ്മിയമ്മ കൈകാണിച്ചു നിറുത്തി.
"എങ്ങോട്ടാ "
ഡ്രൈവറുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞത് ഗോമതിയായിരുന്നു..
"ഞങ്ങളെ ഡിപ്പോയില് വിട്ടിട്ട് സാറിനെ സർവ്വീസ് സ്റ്റാൻഡിൽ വിട്ടേര് "
ഗോമതി തന്റെ ബാഗിൽ നിന്നും റിക്ഷാക്കാരനു നല്കാനുള്ള പണം എടുത്തപ്പോൾ ലക്ഷ്മിയമ്മ വിലക്കി
"വേണ്ട വേണ്ട ഞാങ്കൊടുത്തോളാം"
അതു ധിക്കരിക്കാൻ അവർ ഇഷ്ടപ്പെട്ടില്ല.
അവരെ താഴെയങ്ങാടിയിലുള്ള ട്രാൻസ്പോർട്ട് ബസ്സ്റ്റാൻഡിൽ ഇറക്കിയിട്ട് ഓട്ടോ ബത്തേരി ടൗണിലേക്ക് തിരിച്ചു പോയി.
ദിവസങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നു ശ്രീജയോട് എങ്ങനെ വിഷയം അവതരിപ്പിക്കണമെന്ന് ലക്ഷ്മിയമ്മയ്ക്ക് ഒരു ഊഹവും കിട്ടിയില്ല ഒരു അവസരത്തിനായി അവർ കാത്തിരുന്നു.അധികം താമസിക്കാതെ തന്നെ ആ അവസരം വീണുകിട്ടി ഒരു രണ്ടാം ശനിയാഴ്ച്ച ബത്തേരിക്കടുത്തുള്ള കൊളഗപ്പാറയിലുള്ള അനാഥാശ്രമങ്ങളിലെയും വൃദ്ധസദനങ്ങളിലെയും അന്തോവാസികൾക്കും കൃഷ്ണഗിരി എസ്‌റ്റേറ്റിലെ തൊഴിലാളികൾക്കുമായി വയനാട് ജില്ലാ ഹെല്ത്ത് മിഷന്റെ ആഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പും പകർച്ചവ്യാധികൾക്കെതിരെ ഒരു സാമൂഹിക ബോധവത്കരണ ക്ളാസ്സും നടത്തുവാൻ തീരുമാനിച്ചിരുന്നു.ശ്രീജയുടെ ഡിപ്പാർട്ടുമെന്റിലെ സീനിയർ യു ഡി ക്ലാർക്കായിരുന്നു പ്രോഗ്രാം കോർഡിനേറ്റർ അദ്ദേഹത്തിന്റെ സഹായിയായി അവളെയായിരുന്നു നിർദ്ദേശിച്ചിരുന്നത്.രണ്ടാംശനിയാഴ്ച്ച രാവിലെ തന്നെ ലക്ഷ്മിയമ്മയും ശ്രീജയും ഓഫീസിലെത്തിയപ്പോൾ ഡി.എം ഒ യുടെ നേതൃത്വത്തിൽ ജില്ലയിലെ മൂന്നു താലൂക്കുകളിലെ തിരഞ്ഞെടുക്കപ്പെട്ട പ്രൈമറി ഹെൽത്ത് സെന്ററുകളിൽ നിന്നുള്ള ഡോക്ടർമാരെയും നേഴ്സുമാരെയും ഹെല്ത്ത് വോളൻണ്ടിയർമാരെയും രണ്ടു സംഘങ്ങളായി തിരിച്ചു കൊളഗപ്പാറയിലേക്കും കൃഷ്ണഗിരിയിലേക്കും പോകുവാനായി തയ്യാറാക്കി നിറുത്തിയിരുന്നു.പ്രോഗ്രാമിന്റെ ഉത്ഘാടകനായ സ്ഥലം എം എൽ എ യുടെ നേതൃത്വത്തിലുള്ള സേവാദൾ പ്രവർത്തകരും അവർക്കൊപ്പമുണ്ടായിരുന്നു.അന്നാണ് ലക്ഷ്മിയമ്മ ശരിക്കും ശ്രീജയെ മനസ്സിലാക്കിയത്.
കൊളഗപ്പാറയിലെ അനാഥാശ്രമത്തിൽവച്ച് ലക്ഷ്മിയമ്മ ശ്രീജയ്ക്കുള്ളിൽ ഉറങ്ങിക്കിടക്കുന്ന അനാഥത്ത്വം തിരിച്ചറിഞ്ഞു. ക്യാമ്പിനിടയിൽ അവർ അനാഥാശ്രമത്തിന്റെ അകത്തുകടന്നു അവിടെയുള്ള അന്തേവാസികളായ കുട്ടികളെ പരിചയപ്പെട്ടു. രണ്ട് സെക്ഷനുകളാണ് അവിടെ ആശ്രമത്തിൽ ഒന്ന് ആൺകുട്ടികൾക്കും മറ്റൊന്ന് പെൺകുട്ടികൾക്കും.അവൾ അവരെ കാരുണ്യപൂർവം നോക്കി തന്റെ ബാഗിലുള്ള മിഠായി പായ്ക്കറ്റുകൾ അവിടുത്തെ വാർഡന്റെ കൈയ്യിൽ കൊടുത്തു. വരുന്ന സന്ദർശകർക്ക് ഒരു വസ്തുക്കളും കുട്ടികൾക്ക് നേരിട്ട് കൊടുക്കുവാൻ അനുവാദമില്ലായിരുന്നു.
അവൾ തന്റെ അടുത്തു നിന്ന ലക്ഷ്മിയമ്മയോടു പറഞ്ഞു.
"ഏതോ പുരുഷന്മാരും സ്ത്രീകളും തങ്ങൾ അനുഭവിച്ച ശാരീരിക സുഖത്തിന്റെ ലഹരിയിൽ ജന്മം കൊടുത്തശേഷം വലിച്ചെറിഞ്ഞ അനാഥജന്മങ്ങൾ.. അല്ലേ ലക്ഷ്മിയമ്മേ ?"
അവർ അവളുടെ വാക്കുകൾക്ക് ശരിയെന്ന് തലയാട്ടി സമ്മതിച്ചു.
"ലക്ഷ്മിയമ്മയ്ക്കറ്യോ ഈ ലോകത്തിൽ ഏറ്റവും സന്തോഷമൊള്ള കാര്യേന്താന്ന് ?"
അവർ ഒന്നു മിണ്ടാതെ ശ്രീജയുടെ മുഖത്തേക്കു നോക്കി.
" സ്വന്തമല്ലെന്നറിഞ്ഞിട്ടും നമ്മളെ ജീവനുതുല്യം സ്നേഹിക്കുന്നവർക്കിടയിൽ അവരിലൊരാളായി അവർക്കൊപ്പം ജീവിക്കുക അതാണ് ഏറ്റവും സന്തോഷമൊള്ള കാര്യം അങ്ങനെ ചെയ്യുന്നോരെ ജീവിതവസാനം വരെ വേദനിപ്പിക്കാതിരിക്കലാണ് നാം അവർക്കു ചെയ്യേണ്ട ഏറ്റവും വലിയ പ്രത്യുപകാരം ശരിയല്ലേ?"
"കാര്യം സാറു പറഞ്ഞത് അക്ഷരംപ്രതി ശര്യാണെങ്കിലും ഇപ്പോ അങ്ങനെ തോന്നാനൊള്ള കാരണമെന്താ?"
മറുചോദ്യം ചോദിച്ചെങ്കിലും ലക്ഷ്മിയമ്മയുടെ മനസ്സിൽ തന്റെയുള്ളിലെ പഴയ സംശയത്തിന് ബലം വച്ചു. ഇനി ഇവൾക്ക് താനാരാണെന്ന് അറിയാമോ? അതോ ഇപ്പോൾ പറഞ്ഞത് മനസ്സിൽ നിന്നറിയാതെ വന്നു പോയതാണോ?
"ഏയ് അങ്ങനെയൊന്നുമില്ല ലക്ഷ്മിയമ്മേ എന്റെ മനസ്സിന്റെ ഒരു തോന്നൽ പറഞ്ഞെന്നേയുള്ളൂ വാ നമുക്ക് അപ്രത്തൊള്ള വൃദ്ധസദനത്തിലേക്കാെന്നു പോയിട്ടു വരാം"
അവൾ വിഷയം മാറ്റിയതാണെന്ന് അവർക്കു മനസ്സിലായെങ്കിലും അത് അറിഞ്ഞതായി ഭാവിക്കാതെ അവർ അവളെ പിന്തുടർന്നു.കാത്തിരിക്കാം ഒരു പക്ഷേ തനിക്ക് രാഘവനു കൊടുത്ത വാക്ക് പാലിക്കാൻ കഴിഞ്ഞേക്കുമെന്ന ചിന്ത അവരിൽ വളർന്നു.
അവളോടൊപ്പം നടക്കുമ്പോൾ ലക്ഷ്മിയമ്മ ഒരു കാര്യം ശ്രദ്ധിച്ചു അനാഥാലയത്തിൽ എത്തിയപ്പോൾ മുതൽ അവളുടെ മുഖത്ത് പഴയ സന്തോഷമില്ല എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രമേ അവളെ കാണാറുള്ളു.
വൃദ്ധസദനത്തിന്റെ പടി കയറുമ്പോൾ അവളുടെ മുഖം മ്ലാനമായിരുന്നു അവിടെയുണ്ടായിരുന്നവർക്ക് ഓരോരോ ജോലിയുണ്ട്. കൊന്ത, വെന്തിങ്ങ,മെഴുകുതിരി ,പ്ലാസ്റ്റിക് കൊണ്ടുള്ള അലങ്കാര വസ്തുക്കൾ, മുത്തുമാല, പേപ്പർ ബാഗ് ,ചിരട്ടത്തവി,ഈർക്കിലിച്ചൂൽ, കവുങ്ങിന്റെ പാളകൾ കൊണ്ടുള്ള പ്ലേറ്റുകൾ തുടങ്ങിയവയുടെ നിർമ്മാണ യൂണിറ്റുകൾ ഉണ്ടായിരുന്നു. നിരവധി കൈത്താെഴിലുകൾ ഓരോരുത്തരുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽ ചെയ്യണം അതിൽ നിന്നു കിട്ടുന്ന തുച്ഛമായ വരുമാനം അവരുടെ നിത്യ ചിലവുകൾ നിർവഹിക്കുന്നതിന് സഹായമാകാറുണ്ട്. അവരുടെ നിർമ്മാണ യൂണിറ്റുകൾ അവർ ചുറ്റിനടന്നു കണ്ടു. അവിടെയുണ്ടായിരുന്ന വൃദ്ധജനങ്ങളെ പരിചയപ്പെട്ടു. വയസ്സായ സ്ത്രീകളും പുരുഷൻമാരും എല്ലാവർക്കും അറുപത്തിയഞ്ചിനു മുകളിൽ പ്രായമുണ്ടായിരുന്നു അവർക്കെല്ലാം. അവിടുന്നു ക്യാമ്പുനടക്കുന്നവിടേയ്ക്കു തിരിച്ചു നടക്കുമ്പോൾ വല്ലാത്തൊരു ദു:ഖത്തോടെയുള്ള ആത്മരോഷത്തോടെ അവൾ പറഞ്ഞു.
"ജീവിതത്തിന്റെ വസന്തകാലത്ത് ആരോഗ്യവും സമ്പത്തും സ്വന്തം കുടുബത്തിനും മക്കൾക്കുമായി പ്രതീക്ഷയോടെ ബലിയർപ്പിച്ചവർ. ജീവിത സായാഹ്നത്തിലെത്തിയപ്പോൾ തന്റെ സ്നേഹത്തിന്റെയും സമ്പത്തിന്റെയും ആരോഗ്യത്തിന്റെയും ഫലമനുഭവിച്ചവരാൽ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവർ കണ്ടില്ലേ ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി ഈ വയസ്സാങ്കാലത്തുകെടന്ന് കഷ്ടപ്പെടുന്നേ.? പാവങ്ങൾ ആരെടെയെങ്കിലും കാരുണ്യത്താൽ കിട്ടുന്നതുകൊണ്ട്
അരവയർപോലും നിറയാതെ ദിവസങ്ങൾ തള്ളിനീക്കുന്നവർ എല്ലാവരുമൊണ്ടായിട്ടും അനാഥരായിത്തീർന്നവർ ശരിക്കുമിവർ എന്നേപ്പോലേ തന്നെ... അല്ലേ ലക്ഷ്മിയമ്മേ?"
"ങ്ങേ..സാറിനേപ്പോല്യോ.. മനസിലായില്ല എന്താ പറഞ്ഞതെന്ന്? അപ്പനും അമ്മയുമൊള്ള സാറെങ്ങനെ അനാഥയാകും?"
താൻ തന്റെ ദൗത്യത്തിനടുത്തെയെന്ന ചിന്തയിൽ ഉള്ളിൽ സന്തോഷിച്ചെങ്കിലും അത്ഭുതമഭിനയിച്ച് അവർ അവളോട് ചോദിച്ചു.
അബദ്ധത്തിൽ തന്റെ നാവ് പിഴച്ചതറിഞ്ഞ ശ്രീജ ഒരുമാത്ര നിശബ്ദയായി. 
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot