Slider

കനകതാരം

0

കനകാംബരൻ കാംബോജി രാഗത്തിൽ ഒരു കലക്കുകലക്കിയിട്ട് കൂട്ടപ്പൊരിച്ചലുകൾ നിറഞ്ഞ കൈയ്യടികൾ കുത്തിമറിഞ്ഞുവരാൻ തെല്ലിട കാത്തു നിന്നു. തിനം പാടാനും പല്ലവി പാടാനും പറ്റിയ നല്ല രാഗമായതിനാൽ ഏതു രാഗവും പാടാവുന്ന ജനകീയരാഗമായ കാംബോജിൽ കവിത പാടിയപ്പോൾ മനസ്സിനൊരു പ്രത്യേക സന്തോഷം.
പക്ഷെ കാത്തുനിന്നിട്ടും കൈയ്യടികൾ ഒന്നും വന്നില്ലല്ലോ എന്നു ചിന്തിച്ചിരുന്നപ്പോൾ ചെകിടടിച്ചുപ്പോയ ഒരു കൈയ്യടി. കൈയ്യടിയുടെ ഇടയിൽപ്പെട്ടുപോയ കരണത്ത് ഒരു പുകച്ചിലും, കാതുകളിൽ ഒരു മൂളക്കവും.
കണ്ണിലൂടെ പൊന്നീച്ചകൾ പറന്നുയർന്നതിനാൽ കുറേ നേരത്തേയ്ക്ക് കണ്ണടച്ചുതുറന്നു നോക്കിയിട്ടും കണ്ണിനു മുന്നിൽ കണ്ണിൽ കുത്തിയാൽ പോലും കാണാനാവാത്ത ഇരുട്ടു മാത്രം.
കതിരായാൽ വളം വച്ചിട്ടും കാര്യമില്ലല്ലോ?
കണ്ണിനു മുന്നിൽ തെളിഞ്ഞില്ലെങ്കിലും കാതിൽ വന്നു വീണ ശബ്ദം കനകത്തിൻ്റെയാണെന്ന് തിരിച്ചറിഞ്ഞു, കന്നത്തിൽ മുത്തമിട്ടാൽ എന്നു കേട്ടിട്ടുണ്ടെങ്കിലും, കന്നത്തിൽ തട്ടുകിട്ടിയാൽ എന്നതാദ്യമായി അറിയുന്നതാണ്.
വലിയ കലാസ്വാദകയല്ലാത്ത കനക, തൻ്റെ സംഗീതാലാപന തിരുസന്നിധിയിൽ വന്നതിൻ്റെ
സന്തോഷത്തിൽ കനകാംബരൻ പുളകിതഗാത്രനായിപ്പറഞ്ഞു.
നന്ദിയുണ്ട് പ്രിയ പത്നിയാം കനകേ, എൻ്റെ ഗാനാലാപം കേൾക്കാൻ ആയിരങ്ങൾ നിറഞ്ഞിരിയ്ക്കുന്ന സംഗീത വിരുന്നിലേയ്ക്ക് വന്നതിന്, ഒത്തിരി സന്തോഷമുണ്ട് പ്രിയേ.
എൻ്റെ പൊന്നു മനുഷ്യാ, നിങ്ങൾക്ക് ഭ്രാന്തായിപ്പോയോ, നിങ്ങൾ ഒരു സംഗീതസദസ്സിലുമല്ല, നിങ്ങൾ നമ്മുടെ കിടപ്പുമുറിയിൽ തന്നേയാണ്, കട്ടിലിൽ കിടന്നാണ് നിങ്ങൾ കഴുതരാഗത്തിൽ സ്വന്തം കവിതപോലുള്ള എന്തോ തലയിലെഴുത്തുകൾ തൊള്ളതുറന്ന് അലറിപ്പൊളിച്ചത്.
അതിനാണോ നീയെൻ്റെ കരണം അടിച്ചുപ്പൊളിച്ചത്.
അതു പിന്നെ മനുഷ്യനെ പരീക്ഷിക്കുന്നതിനും ഒരു പരിധിയില്ലെ. പാറപ്പുറത്ത് ചിരട്ട കൊണ്ടുരയ്ക്കുന്ന ചെണ്ടമേളം പോലുള്ള നിങ്ങളുടെ ചുമയും, ഒന്നൊന്നരച്ചൂടും കൊണ്ട് ഉറങ്ങാൻ പറ്റാതെ തിരിഞ്ഞും, മറിഞ്ഞും കിടന്ന് വെളുപ്പാൻ കാലം ആയി ഒന്ന് മയങ്ങിയ നേരമാണ് വെടിച്ചീളു പോലെ നിങ്ങടെ കവിത പോലത്തെ ചുമപ്പാട്ട്
ആളോടിരാഗത്തിൽ ആടി തിമർത്തത്.
ചുമപ്പാട്ടോ? അങ്ങിനെ ഒരു കവിത ഞാനിതു വരേ എഴുതിയിട്ടില്ലല്ലോ, അതിലെ വരികൾ ഓർക്കുന്നു എങ്കിൽ ഒന്നു പറഞ്ഞു തന്നേ. ഒരു വെറൈറ്റി ആണല്ലോ, ഉറക്കത്തിലെഴുതിയ ഉണർത്തുപ്പാട്ട് എന്ന് എഴുതി FB യിൽ ഇട്ട് കുറച്ചു ലൈക്ക് വാങ്ങാല്ലോ, ലൈക്കും, കമൻ്റുമൊന്നും പഴയപോലെ കിട്ടുന്നില്ല. ഇപ്പോൾ ഗ്രൂപ്പെല്ലാം നല്ല രീതിയിൽ എഴുതുന്നവരെ കൊണ്ട് നിറഞ്ഞു. ഇത്തിരി മോശം എഴുതിയാൽ വിമർശിച്ചു കൊല്ലുന്നവരും ഉള്ളതിനാൽ ഇനി ഉറക്കത്തിൽ പാടിയത് എങ്ങാനും എഴുതാം. കനക അതിലെ വരികൾ ഓർക്കുന്നുണ്ടോ?
പിന്നെ മറക്കുമോ? എൻ്റെ ഉറക്കം കളഞ്ഞവരികളല്ലേ, അതുമല്ല ഒരുവട്ടമൊന്നുമല്ലല്ലോ അത് പാടി തകർത്തത്. ഏതായാലും കേട്ടോ, ഞാൻ പറയാം.
ചുമേ, നിനക്കുമൊന്നുമുറങ്ങിക്കൂടെ
ഒത്തിരി ക്ഷീണത്തോടൊന്നു
കിടന്നുറങ്ങാൻ ശ്രമിയ്ക്കുമ്പോൾ
ഓടിയെത്തുന്നതെന്തിനെൻ
ചുമേ?
ബാക്കിയുള്ള വരികൾ എങ്ങിനെയാണ് ചൊല്ലിയത് എന്ന ഓർമ്മ വരുന്നില്ല, എങ്കിലും ആശയം ഏകദേശം പറയാം.
അതു പറഞ്ഞാലും മതി. ഇനിയും ഇടയ്ക്ക് എന്നെങ്കിലുമെല്ലാം ഞാൻ ഉറക്കത്തിൽ പറയുന്നത് ഒന്ന് എഴുതി വച്ചിട്ട് രാവിലെ എനിക്ക് തന്നാൽ മതി, ഞാനതിൽ നിന്ന് വേൾഡ് ക്ലാസിക്ക് രചിയ്ക്കും.
ഉണർന്നിരുന്ന് എഴുതിയിട്ട്
ശരിയാകുന്നില്ല, പിന്നെയാണ്
നിങ്ങൾ ഇനി ഉറക്കത്തിൽ പറയുന്നത് എഴുതിയിട്ട്
ക്ലാസ്സിക്ക് രചിയ്ക്കാൻ പോക കുന്നത്. ഒന്ന് ഇത്തിരി മയത്തിൽ തള്ളിക്കൂടെ മനുഷ്യാ.
അത് ആലോചിക്കാം പ്രിയതമേ, എങ്കിലും ആ ചുമയെ പറ്റി ഞാൻ പറഞ്ഞ ബാക്കി കാര്യങ്ങളും കൂടെ കേക്കട്ടെ.
എന്നാൽ കേട്ടോ, നിങ്ങടെ പൊട്ട ചൊമക്കവിത.
മൂന്നാലുദിവസമായിട്ടും
അഞ്ചാറുനേരമായിട്ടും
ഉള്ളിലുള്ളൊരു സംശയം
കൂടെ നടക്കുമ്പോഴുമില്ല,
ചാരിനിൽക്കുമ്പോഴുമില്ല, പിന്നിരിയ്ക്കുമ്പോഴുമില്ല
ഞാനുറങ്ങിയെഴുന്നേൽക്കും
വരെയെങ്കിലും
നിനക്കുമൊന്നുറങ്ങികൂടെ
ഉറക്കത്തിലേയ്ക്കൂളിയിടുന്നതിൻമുന്നേഉള്ളംകുലുക്കുന്നൊരാർത്ത
നാദമായുരുന്നചുമ.
അംഗഭംഗങ്ങളൊന്നുമേയില്ലാതെ
അടവേചിതറിതെറിക്കുന്ന
തോന്നലാണെപ്പൊഴും.
ചുമയ്ക്കാതിരിക്കുമ്പോൾ,
ചുമ പോയെന്നൊരാശ്വസത്തിലിരിക്കവേ കരിനാഗമായിഴഞ്ഞെത്തുന്ന
ചുമേ നിനക്കൊന്നുറങ്ങിക്കൂടേ
എന്നെല്ലാമായിരുന്നു എന്നു തോന്നുന്നു അതിലെ വരികൾ
ഏതായാലും സൂപ്പറായിട്ടുണ്ടല്ലേ, കനകേ എൻ്റെ ചുമക്കവിത.
നിങ്ങൾക്ക് നാണമില്ലേ മനുഷ്യാ, സ്വന്തമായിട്ടെഴുതിയിട്ട് തന്നത്താൻ സൂപ്പർ ആണെന്ന് പറയാൻ.
അല്ലാതെ മറ്റാരെങ്കിലും പറയാൻ വരണ്ടേ, അല്ലെങ്കിൽ മൂന്നാലു ഫേക്ക് ഐഡിയിൽ വന്ന് സ്വന്തം രചനക്ക് തന്നത്താൻ മുഴുനീളൻ കമൻ്റിടണം.
ചുമക്കവിതയേക്കാൾ സൂപ്പറാണ് നിങ്ങടെ ചുമ, ആകെ വർഷത്തിൽ രണ്ടു ചുമയേ വരൂ, പക്ഷെ വരുന്ന ഒരു ചുമ ഒരഞ്ചാറു മാസം നിൽക്കും.
എൻ്റെ കനകേ നാളെത്തന്നേ
ഒരു പുതിയ കമ്പനിയുടെ കഫ്സിറപ്പുണ്ട് അത് കുറച്ചു വാങ്ങാം.
കഫ്സിറപ്പിൻ്റെ കാര്യം നിങ്ങളിനി മിണ്ടരുത്, അതിൻ്റെ കള്ളത്തരമെല്ലാം എനിക്കറിയാം. അതിൽ ആൽക്കഹോളിൻ്റെ കണ്ടൻ്റ് കൂടുതൽ ഉണ്ടെന്ന പേരിൽ ദിവസവും നിങ്ങൾ അഞ്ചാറെണ്ണം അടിച്ചു തീർക്കുകയും ചെയ്യും, ചുമയൊട്ടു മാറുകയും ഇല്ല.
കുറെ നാളായി കാണുന്നതല്ലേ ഈ കള്ളക്കളികൾ.
എന്നാൽ പഴയ പങ്കജകസ്തൂരി പരീക്ഷിച്ചാലോ?
നിങ്ങൾക്ക് അതും പറ്റില്ലല്ലോ,
സാധാരണക്കാർക്ക് ദിവസം ഒരു സ്പൂൺ വച്ച് കഴിച്ചാൽ ചുമ മാറും. നിങ്ങൾ ഓരോ പ്രാവശ്യം ചുമ വരുമ്പോൾ ഓരോ സ്പൂൺ കഴിച്ച് കഴിച്ച് മറ്റുള്ളവർ മൂന്നാലു മാസം കൊണ്ട് തീർക്കുന്ന ഒരു ഡബ്ബ നിങ്ങൾ മൂന്നാലു ദിവസം കൊണ്ട് തീർത്ത് ഷുഗറും കൂടി ആശുപത്രിയിൽ ആയതുമറന്നോ?
അതു ശരിയാണ്. ആൻ്റിബയോട്ടിക്ക് ഗുളികയും
ഏശുന്നില്ല, പിന്നെന്താണ്
ഒരു മാർഗ്ഗം.
പിന്നൊരു മാർഗ്ഗം ഉണ്ട് എൻ്റെ അപ്പുപ്പൻ ഉപയോഗിച്ചിരുന്ന ഒരു ആയുർവേദ മരുന്നുണ്ട്.
അതൊന്ന് വാങ്ങിക്കൊണ്ടുവരാൻ എത്ര നാളായി പറയുന്നു, എത്ര വലിയ ചുമയും മാറുന്നതാണത്.
ഏതോ ഒരു പൊടിയുടെ പേരു പറഞ്ഞിരുന്നത് മറന്നു, ഒന്നു കൂടെ പറഞ്ഞോ, അല്ലെങ്കിൽ ഫോണിൽ ഒരു മെസേജ് ഇട്ടാലും മതി.
അതു മെസേജ് ചെയ്യാം. നാളെ ആയുർവേദ മരുന്ന് കടയിൽ ചെന്ന് നൂറു ഗ്രാം കർപ്പൂരാതി പൊടിയും, നൂറു ഗ്രാം കൽക്കണ്ടവും വാങ്ങിക്കൊണ്ടു വന്നാൽ മതി, കൽക്കണ്ടം നന്നായി പൊടിച്ചെടുത്ത് രണ്ടും കൂടെ നന്നായി ഇളക്കിച്ചേർത്ത് രാത്രി നേരം ഓരോ സ്പൂൺ കഴിച്ചാൽ ചുമ പമ്പ കടക്കും.
കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി,
കാഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി
കടമിഴിക്കോണുകളിൽ സ്വപ്നം മയങ്ങി,
കതിരുതിർപ്പൂപ്പുഞ്ചിരി ചെഞ്ചുണ്ടിൽത്തങ്ങി;
പുലർകാലേ ഇരുവരുമുറക്കത്തിൽ
മുഴുകീ.
എൻ്റെ പൊന്നു കനകേ
കനകയാണു താരം. കനകാംബരൻ വെറും ദിഗംബരൻ മാത്രമെന്നുറ ക്കത്തിൽ ചൊല്ലിയതാരുമേ കേട്ടില്ല.

By: PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo