നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ഒരു യമണ്ടൻ മോഷണകഥ


പണ്ട് പണ്ട് ഒരവധിക്കാലത്തിന്റെ ഇടവേളയിൽ ഒരു ദിവസം ചേട്ടന്റെ ഭാര്യയും,കുട്ടികളും അവരുടെ വീട്ടിലേക്ക് പോയി. അവധിക്കാലം, അവധിക്കാലം എന്ന് പറയുന്നത് ഭാര്യയും കുട്ടികളും അവധിക്ക് പോകുമ്പോൾ നമ്മൾ അവധിക്കാലം അടിച്ചു തകർക്കുന്നതിനാണല്ലോ, അതാണല്ലോ അതിന്റെ ഒരിത്. അങ്ങിനെ അന്നത്തെ ദിവസം കളർഫുൾ ആക്കാൻ ഞങ്ങൾ പലതും ചിന്തിച്ചു കൂട്ടി.
അപ്പോഴാണ് ഒരു ത്രഡ് കിട്ടിയത്.കഴിഞ്ഞ ഒരാഴ്ചയായി എവിടെ നിന്നോ വന്ന ഒരു കറുത്ത പിടക്കോഴി വീട്ടിൽ കറങ്ങി നടക്കുന്നുണ്ട്. എത്ര ഓടിച്ച് വിട്ടിട്ടും അത് എങ്ങും പോകുന്നില്ല. എങ്കിൽ ഇന്നുച്ചക്ക് നാടൻ കോഴിക്കറിയും ബ്രെഡും ആക്കാം എന്ന് തീരുമാനിച്ചു.
പിന്നെ അധികം താമസിച്ചില്ല. അതിനെ ഓടിച്ചിട്ട് പിടിച്ച് കൊന്ന് ഡ്രസ് ചെയ്തെടുത്തു. നാമെല്ലാം കുളി എല്ലാം കഴിഞ്ഞ് വന്ന് ഡ്രസ്സ് ധരിക്കുന്നതിനെയാണ് ഡ്രസ്സിംഗ് എന്നു പറയുന്നത്. നേരെ മറിച്ച് പാവം കോഴിയുടെ കാര്യത്തിൽ അതിന്റെ ഉള്ള തൂവൽക്കുപ്പായം നീക്കം ചെയ്യുന്നതിനേയാണ് ഡ്രസ്സിംഗ് എന്നു പറയുന്നത്. ഓരോരോ വിരോധാഭാസങ്ങളേയ്.
ഞാനും ചേട്ടനും കൂടെ കോഴിയെ ചെറുകഷണങ്ങൾ ആക്കി കഴുകി വൃത്തിയാക്കി വച്ചു.
കോഴിയുടെ തൂവലും മറ്റ് അവശിഷ്ടങ്ങളും കുഴികുത്തി മൂടി.
വൃത്തിയാക്കി വച്ച ചിക്കൻ കഷ്ണങ്ങളിൽ ഉപ്പുപൊടി മുളകുപൊടി മഞ്ഞൾ പൊടി കുരുമുളകുപൊടി ചിക്കൻ മസാല അല്പം തൈര് എന്നിവ ചേർത്ത് നന്നായി പുരട്ടി വച്ചു.
ആ സമയത്താണ് അറുമുഖൻ ചേട്ടൻ പാട്ടത്തിന് കൊടുത്തിരിയ്ക്കുന്ന തെങ്ങു ചെത്താനായി വന്നത്. ചേട്ടൻ്റെ കൈയ്യും കാലും പിടിച്ച് രണ്ടു മൂന്നു ലിറ്റർ നാടൻ കള്ളും സംഘടിപ്പിച്ചു.
പിന്നീട് നോക്കിയപ്പോൾ സവാളയും ഉരുളൻ കിഴങ്ങും തീർന്നിരിക്കുന്നു. പെട്ടെന്ന് തന്നെ മാർക്കറ്റിൽ പോയി അവയും വാങ്ങി കൂടെ ഒരു ഫാമിലിപാക്കറ്റ് എലൈറ്റ് ബ്രഡും വാങ്ങി തിരിച്ചു വന്നു.
നാടൻ വെളിച്ചെണ്ണയിൽ സവാള വഴറ്റി, പച്ചമുളകും ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത് ചേർത്ത് സ്വർണ്ണ വർണ്ണമായപ്പോൾ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്തു. പിന്നീട് മല്ലിപ്പൊടിയും മസാലപ്പൊടിയും ചേർത്ത് തക്കാളിയും ഉരുളൻ കിഴങ്ങും കോഴിക്കഷണങ്ങളും ചേർത്തിളക്കി ആവശ്യത്തിന് തിളച്ചവെള്ളം ഒഴിച്ച് പാകത്തിന് ഉപ്പിട്ട് അടച്ചുവച്ച് ആവശ്യത്തിന് തീയും വച്ച് കോഴിക്കറി വേവാൻ ഞങ്ങൾ കാത്തിരുന്നു. കോഴിക്കറി വെന്തു വരുന്നതിനുസരിച്ച് കൊതിപ്പിക്കുന്ന കോഴിക്കറി മണം മുറിയാകെ അലയടിച്ചുയർന്നു.
അതേ സമയത്തുതന്നേയാണ് വാതിലിൽ ഡും ഡും എന്ന മുട്ടുകേട്ടത്. ഏതെങ്കിലും നല്ല ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അതിഥികൾ എത്തുന്നത് സാധാരണമാണല്ലോ. ഏതായാലും ആരാണെന്നറിയാനുള്ള ജിജ്ഞാസയോടെ ഞങ്ങൾ വാതിൽ തുറന്നു നോക്കി, അതിഥിയൊന്നും അല്ല പക്ഷെ കണ്ടു പരിചയമുള്ള ഒരു ചേട്ടനാണ്. കുറച്ചകലെയാണ് ചേട്ടന്റെ വീട്.
എന്താണ് ചേട്ടൻ വന്നത് ഞങ്ങൾ ചേട്ടനോട് കാര്യം തിരക്കി.
ആദ്യം പറയാൻ മടിച്ചെങ്കിലും പിന്നീട് ചേട്ടൻ പറഞ്ഞു. പുള്ളിയുടെ ഒരു കറുത്ത പിടക്കോഴിയെ കാണാതെ ആയിട്ട് അഞ്ചാറുദിവസമായി, അതിനെ തിരക്കി വന്നതാണ്. ഇവിടെയെങ്ങാനും വന്നോ എന്ന് തിരക്കാൻ വന്നതാണ്. എല്ലാ വീട്ടിലും ചോദിച്ച് ചോദിച്ച് വന്നതാണ്.
ഞാനും ചേട്ടനും എന്തു പറയണം എന്നറിയാതെ നിന്നു പോയി
ഞങ്ങൾ പരസ്പരം നോക്കി, കണ്ണുകൾ കൊണ്ട് കള്ളക്കഥകൾ മെനഞ്ഞു, എന്നിട്ട് ഒന്നിച്ച് പറഞ്ഞു ഇവിടെയെങ്ങും അങ്ങിനത്തെ ഒരു കോഴിയെ ഞങ്ങൾ കണ്ടിട്ടേയില്ല. അഥവാ വന്നാൽ തന്നെ ഞങ്ങൾ പിടിച്ച് ഇവിടെ കെട്ടിയിട്ടിട്ട് ചേട്ടനെ വിവരം അറിയിക്കാം.
ഞങ്ങളുടെ സത്യസന്ധതയിൽ വിശ്വസിച്ച് കോഴിയെ തിരിച്ചു കിട്ടും എന്ന പ്രതീക്ഷയിൽ ചേട്ടൻ സന്തോഷത്തോടെ തിരിച്ചു പോയി.
അല്പം കൂടെ കഴിഞ്ഞപ്പോൾ കോഴി കഷണങ്ങൾ നന്നായി വെന്ത്, മസാലയെല്ലാം ശരിയായി പിടിച്ച്, വെള്ളമെല്ലാം വറ്റി നല്ല കുറുകിയ കോഴിക്കറി റെഡിയായി. അത് കോരി ഒഴിച്ച് പഞ്ഞി പോലുള്ള ബ്രഡ് കഴിച്ചു കൊണ്ടിരുന്നപ്പോൾ ഞങ്ങളുടെ ചിന്ത പാവം ആ ചേട്ടന് കോഴിയെ കിട്ടിയാൽ കൊടുക്കാം എന്ന് പറഞ്ഞതിനെ പറ്റിയായിരുന്നു. ചൂടുള്ള കോഴിക്കറിയുടെ എരിവിൽ കണ്ണീർ പൊഴിഞ്ഞു വീണു. പാവം കോഴി ഇതൊന്നും അറിയാതെ ഞങ്ങളുടെ വയറ്റിൽ ഓടിക്കളിച്ചു കൊണ്ടിരിന്നു.
പി.എസ്.അനിൽകുമാർ,
ദേവിദിയ

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot