
"വിറ്റ്ല വേണോ..?"
വൈകുന്നേരം കുട്ടികൾ സ്ക്കൂൾവിട്ട് വരുമ്പോഴേക്കും അവർക്ക് നൽകുവാനായി അടയുണ്ടാക്കുകയായിരുന്നു അനുരാധ. അതിനിടയിലാണ് കിഴക്കേതിലെ ദേവകിയമ്മയുടേതുപോലെ തോന്നിക്കുന്ന ഉച്ചത്തിലുള്ള ആ ശബ്ദം കേട്ടത്.
എന്താ പതിവില്ലാതെ ദേവകിയമ്മ ഈ വഴിയ്ക്ക്, അതും വെറ്റില വേണോ എന്ന് ചോദിച്ചുകൊണ്ട്? ഏതായാലും തന്നോടായിരിക്കില്ലെന്നറിയാം. ചിലപ്പോൾ പടിഞ്ഞാറേതിലെ നാണിയമ്മയോടായിരിക്കും. നാണിയമ്മയ്ക്ക് മുറുക്കുന്ന ശീലമുണ്ട്.
അല്പം കഴിഞ്ഞ് ദേവകിയമ്മ ചോദ്യം ആവർത്തിച്ചു. ഉടനെ നാണിയമ്മ പറഞ്ഞു;
"ആ വിറ്റ്ലല്ലേ.... വേണം. " രണ്ടുപേരും ഉച്ചത്തിൽ സംസാരിക്കുന്നവരാണ്. അതുകൊണ്ട് അനുവിന് അടുക്കളയിൽ നിന്നുകൊണ്ടുതന്നെ അവരുടെ സംഭാഷണം കേൾക്കാമായിരുന്നു.
"അതേ, വെറുതേ കളയേണ്ടല്ലോന്ന് കരുതി ഞാൻ കൊണ്ടോന്നതാ. ഇന്നാളുതന്നെ കത്തിച്ചുകളഞ്ഞു. ആരെങ്കിലും മുറുക്കുണോരുണ്ടെങ്കിൽ നശിപ്പിച്ചു കളയേണ്ടല്ലോ? "
"ആ...അതു നേരാ. ഇന്നിപ്പൊ എന്താ അവടെ?"
"ഇന്ന് പേരുവിളി ആയിരുന്നു. ആ ചടങ്ങിന് വാങ്ങീതാ. രണ്ടു കുട്ട്യോൾടേം ഒരുമിച്ച് ആയിരുന്നു. "
"അതേ..!" നാണിയമ്മ അതിശയം കലർന്ന സ്വരത്തിൽ ചോദിച്ചു. "എന്ന്ട്ട് ആരും പറയണ കേട്ടില്ലല്ലാ?"
"ആ... ആർക്കും ഇണ്ടായില്ല, വീട്ടുകാരും വേണ്ടപ്പെട്ടവരും മാത്രേ ഇണ്ടായുള്ളൂ. വേറെ ആരോടും പറഞ്ഞില്ല."
ശരിയാണ്. വീട്ടുകാരും വേണ്ടപ്പെട്ടവരും മാത്രം! ഈ വേണ്ടപ്പെട്ടവരുടെ കൂട്ടത്തിലൊന്നും തൊട്ടയൽപ്പക്കത്തുള്ളവരൊന്നും ഉൾപ്പെടില്ലല്ലോ? ഉണ്ടായിരുന്നുവെങ്കിൽ ഇവിടേയും പറയുമായിരുന്നു. അനു സ്വയം പറഞ്ഞു. അല്ലെങ്കിലും അവർക്കെന്തിനാ അയൽപക്കക്കാർ? ആരും ഒന്നും കാണാതിരിക്കുവാനല്ലേ ആകാശംമുട്ടെ ഉയരത്തിൽ ചുറ്റും മതിലുകെട്ടി വച്ചിരിക്കുന്നത്?
ഉച്ചസമയത്ത് അവിടെ പതിവില്ലാതെ കുറെയാളുകളുടെ സംസാരം കേട്ടിരുന്നു. കൂടാതെ ഒരു പന്തലിന്റെ മുകൾഭാഗവും കാണാമായിരുന്നു. അപ്പോഴേ ഊഹിച്ചതാണ് എന്തെങ്കിലും വിശേഷം കാണുമെന്ന്. രണ്ടു പെൺമക്കളും വളരെ ചുരുങ്ങിയ ദിവസങ്ങളുടെ വ്യത്യാസത്തിൽ പ്രസവിച്ചു കിടക്കുകയല്ലേ... ഇത്രയൊക്കെയേ ഉള്ളൂ അയൽക്കാര്...
"എന്ത് പേരിട്ടു?" നാണിയമ്മയുടെ ശബ്ദം വീണ്ടും കാതുകളിൽ.
"എന്തോ പേരൊക്കെ ഇട്ടു. അവരുടെ അച്ചിച്ചന്റെ പേരാ. നിക്ക് അത്ര നിശ്ചല്ല്യ. അല്ലെങ്കിലും നമുക്ക് ഇപ്പൊ അതിലെന്താ കാര്യം?"
നിരാശകലർന്ന ആ വാക്കുകളിൽ എന്തൊക്കെയോ മറഞ്ഞിരിക്കുന്നതായി അനുവിന് അനുഭവപ്പെട്ടു. അല്പം കഴിഞ്ഞ് വീണ്ടും ദേവകിയമ്മയുടെ ശബ്ദം.
"ഇത് ആരടെ വീടാ. .?"
"ഇത് അറിയില്ലേ? സുലൈഖേടെ വീട്."
"ആ..ആ.. ആരാ ഇവിടെ താമസിക്കണത്?"
"അത് അറിയില്ലേ?"
നാണിയമ്മയുടെ മറുപടി മുഴുവിക്കുംമുമ്പേ ദേവകിയമ്മ പറയുന്നത് കേട്ടു;
"ആ.. ഉവ്വുവ്വ് മനസ്സിലായി. "
ദേവകിയമ്മയെ കുറ്റം പറയുന്നതെങ്ങനെ? സുലൈഖ ഈ വീടുവിറ്റ് ഞങ്ങൾ ഇവടെ താമസമാക്കിയിട്ട് വർഷം നാല് കഴിഞ്ഞു. കിഴക്കേ മതിലിനപ്പുറത്തുനിന്ന് എത്തിനോക്കി നാണിയമ്മയോട് എന്തെങ്കിലും പറയാൻ തന്നെ വിളിക്കുന്നതല്ലാതെ ഈ വിട്ടിലേക്ക് അവർ ഇതുവരെ വന്നിട്ടില്ല. പിന്നെ നാലുവർഷംകൊണ്ട് വീടിന്റെ മുൻവശത്തും വീടിനും വന്നമാറ്റം അവർ കണ്ടിരിക്കില്ല.
പാവം!
ദേവകിയമ്മയെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നും.
ദേവകിയമ്മയെക്കുറിച്ച് ഓർക്കുമ്പോൾ സങ്കടം തോന്നും.
അനു ഒരു നെടുവീർപ്പോടെ ഇഡ്ഡലിച്ചെമ്പിന്റെ മൂടി തുറന്നു. നല്ലതുപോലെ ആവി വരുന്നുണ്ട്. അട വെന്തുവെന്ന് മനസ്സിലായപ്പോൾ അരികിൽ വെച്ചിരുന്ന പാത്രത്തിലെ വെള്ളത്തിൽ കൈവിരൽ നനച്ച് അട എടുത്ത് പ്ലേറ്റിലേക്ക് വെച്ചു. ചെമ്പ് ഇറക്കിവെച്ച് പകരം കുടിക്കുവാനുള്ള വെള്ളം തിളപ്പിക്കുവാനായി അടുപ്പിലേക്ക് വെച്ച്, ഒരു വലിയ കഷണം ചകിരിപ്പൊളി അടുപ്പിലേക്ക് തിരുകി.
കൈ കഴുകി ദേവകിയമ്മയെ കാണാമെന്ന് കരുതി ഉമ്മറത്തേക്ക് എത്തിയപ്പോഴേക്കും അവർ പോയെന്ന് മനസ്സിലായതിനാൽ അല്പനേരം ആ ഉമ്മറപ്പടിയിൽ ഇരുന്നു.
പടിഞ്ഞാറ് മേഘം ഇരുണ്ടുകൂടുന്നുണ്ടായിരുന്നു. കുട്ടികൾക്ക് സ്ക്കൂൾ വിടുമ്പോഴേക്കും മഴ പെയ്യുമോ ആവോ? ആ കുട്ടികള് ഇവിടെ എത്തിയിട്ട് മഴ പെയ്താൽ മതിയായിരുന്നു. എന്നാലും എന്തൊരു ചൂടാണ്.. ഇതുവരെ ഇങ്ങനെ ഒരു ചൂട് ഉണ്ടായതായി ഓർമ്മയില്ല. പ്രളയത്തിനുശേഷം കാലാവസ്ഥ വളരെ മാറിയിരിക്കുന്നു.
അനു അവിടെ ഇരുന്നുകൊണ്ട് അകത്തെ ചുവരിൽ തൂക്കിയ ഘടികാരത്തിലേക്ക് നോക്കി. സമയം ഇനിയും ഉണ്ട് അര മണിക്കൂർ.
നാണിയമ്മ അവരുടെ ഇറയത്തിരുന്ന് വെറ്റില തുടച്ചു വൃത്തിയാക്കുന്നത് അനു കണ്ടു. അനുവിന്റെ മനസ്സ് വീണ്ടും ദേവകിയമ്മയിലേക്ക് ചേക്കേറുവാൻ തുടങ്ങി.
രണ്ടു പെൺമക്കൾ മാത്രമേയുള്ളു ദേവകിയമ്മയ്ക്ക്. രണ്ടുപേരും വിവാഹിതരായി മക്കളും പേരക്കുട്ടികളുമായി ഭർത്താക്കന്മാരോടൊപ്പം സുഖമായി ജീവിക്കുന്നു. അതിൽ മൂത്തമകളുടെ പേരക്കുട്ടികളുടെ പേരിടലായിരുന്നു കഴിഞ്ഞത്.
ദേവകിയമ്മയുടെ ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചു. അന്ന് രണ്ടു പെൺമക്കളും അവിവാഹിതരായിരുന്നു. രണ്ടു മക്കളും കാണാൻ സുന്ദരികളായിരുന്നുവെങ്കിലും വിവാഹക്കമ്പോളത്തിൽ അതുമാത്രം പോരായിരുന്നു. സ്ത്രീധനം ഒരു മടിയും കൂടാതെ നേരിട്ട് ചോദിക്കുന്ന കാലമായിരുന്നു. മക്കളുടെ നല്ല ഭാവി മാത്രം ആഗ്രഹിച്ചതിനാൽ താമസിക്കുന്ന വീടും സ്ഥലവും പണയപ്പെടുത്തി ഒരു പോലീസ് ഉദ്യോഗസ്ഥനേയും ഒരു സ്ക്കൂൾ അദ്ധ്യാപകനേയും രണ്ടുപേർക്കുമായി പറഞ്ഞുറപ്പിച്ച്, അവർ ചോദിച്ച സ്ത്രീധനം നൽകാമെന്ന ഉറപ്പിൽ വിവാഹം നടത്തി.
പക്ഷേ, വാക്ക് പാലിക്കുവാൻ ദേവകിയമ്മയ്ക്ക് കഴിഞ്ഞില്ല. വിവാഹം കഴിഞ്ഞ് പെൺമക്കൾ ഭർത്താക്കന്മാരോടൊത്ത് ഭാര്യവീട്ടിൽ താമസിക്കുന്ന കാലമായിരുന്നു. അതുകൊണ്ട് സ്ത്രീധന തുകയ്ക്ക് പകരമായി സ്ഥലം നൽകാമെന്ന ദേവകിയമ്മയുടെ കണക്കുകൂട്ടൽ മക്കളും മരുമക്കളും തെറ്റിച്ചു.
വിവാഹം കഴിഞ്ഞതോടെ മക്കളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ വന്നുതുടങ്ങി. തീരുമാനങ്ങളെല്ലാം വളരെ വേഗത്തിലായിരുന്നു. ഒരിക്കൽ ദേവകിയമ്മ തന്നെയാണ് ക്ഷേത്രത്തിൽവെച്ച് കണ്ടപ്പോൾ ഇക്കാര്യം പറഞ്ഞത്.
മൂത്ത മകളായിരുന്നു അവരോട് അക്കാര്യം ആദ്യം സൂചിപ്പിച്ചത്.
"വാക്കുപറഞ്ഞ് ഉറപ്പിച്ച സ്വർണ്ണം കൊടുക്കാതെ എനിക്ക് ആളുകളുടെ മുഖത്ത് നോക്കാൻ വയ്യ. രാധയ്ക്കും അതുതന്നെയാണ് സ്ഥിതി. അമ്മ എന്തെങ്കിലും ചെയ്യണം. ഇല്ലെങ്കിൽ എന്താ ഉണ്ടാവാന്ന് പറയാൻ പറ്റില്ല. "
"മോളെ , അമ്മ ഇപ്പൊ ന്താ ചെയ്യ? നിവൃത്തി ഉണ്ടായിരുന്നൂച്ചാ എന്തെങ്കിലും ചെയ്യുമായിരുന്നില്ലേ... ഇതിപ്പൊ....?"
" ഗോപ്യേട്ടൻ ഒരു കാര്യം പറഞ്ഞു. അമ്മയ്ക്ക് സമ്മതാച്ചാ പറയാൻ പറഞ്ഞു".
"എന്ത് കാര്യാ മോളെ?"
"ഗോപ്യേട്ടൻ പറേണത് അമ്മയ്ക്ക് വയസ്സായില്ലേ.. അമ്മയെ ഇങ്ങനെ ഒറ്റയ്ക്ക് നിറുത്തണോന്നാ?"
"അതൊന്നും സാരല്ല്യ മോളെ. അമ്മ എങ്ങനേങ്കിലും ജീവിച്ചോളാം".
"അതല്ല... അതുകൊണ്ട് ഈ വീടും സ്ഥലവും വിറ്റ് കടവും വീട്ടാം, സ്ത്രീധനത്തിന്റെ ബാക്കിയും കൊടുക്കാം. പിന്നെ ഉള്ളത് ഞങ്ങളുടെ രണ്ടുപേരുടെയും പേരിൽ എഴുതിത്തരണമെന്നാ പറഞ്ഞത്. അമ്മയ്ക്ക് ഞങ്ങളുടെ രണ്ടുപേരുടെയും വീട്ടിൽ താമസിക്കാല്ലോ?"
മറ്റുപോംവഴികൾ ഇല്ലാത്തതിനാൽ ഒരാഴ്ച കഴിഞ്ഞ് അവരുടെ ഇഷ്ടപ്രകാരം എല്ലാം രണ്ടു മക്കൾക്കുമായി എഴുതിക്കൊടുത്തു. കരാർ പ്രകാരം അമ്മ ഓരോ മാസവും ഓരോ മക്കളുടെ വീട്ടിൽ താമസിക്കണം. ഒരു മാസം മൂത്ത മകളുടെ വീട്ടിലാണെങ്കിൽ അടുത്ത മാസം ഇളയ മകളുടെ വീട്ടിൽ.
പാവം ദേവകിയമ്മ! ഇപ്പോൾ 22 വർഷമായി ഈ റിലേ തുടങ്ങിയിട്ട്. ഒരു ചാൺ വയറിനുവേണ്ടി രണ്ടു പെൺമക്കളുടേയും വീട്ടിൽ മാറിമാറി താമസിച്ച് അവരുടെ വീട്ടിൽ അടുക്കളജോലിയും മുറ്റമടിയും പുല്ലുപറിക്കലും ചവറ് അടിച്ചു തീയിടലും... അങ്ങനെയങ്ങനെ നേരം പലർച്ച നാലരമണി മുതൽ രാത്രി പത്തുമണി വരെയുള്ള വീട്ടുജോലിക്കാരി.
ശമ്പളം നൽകേണ്ട. എല്ലാം സ്വന്തം വീടുപോലെ നോക്കും. ഇത്രനല്ല വേലക്കാരിയെ വേറെ എവിടെ ലഭിക്കും?
കഴിഞ്ഞവർഷം ഒരു വൈകുന്നേരം ദേവകിയമ്മ മതിലിനരികിൽ വന്നു വിളിച്ചത് അനു ഓർത്തു. നാണിയമ്മയുടെ വീട്ടിൽ പശു ഉള്ളതിനാൽ അയൽവീടുകളിലെ കഞ്ഞിവെള്ളം അവർ എടുക്കുമായിരുന്നു. മതിൽ പണിതതിനാൽ അവിടേക്കുള്ള എളുപ്പവഴി ഇല്ലാതായി. ഇനി കുറച്ചധികം വളഞ്ഞുതിരിഞ്ഞു പോകണം...അതും ഉമ്മറത്തുകൂടി.. ദൂരം കൂടുതലായി. അതുകൊണ്ട് എന്നും വൈകുന്നേരം ഒരു പോണിയിൽ കഞ്ഞിയോ കഞ്ഞിവെള്ളമോ നിറച്ച് മതിലിനു മുകളിൽ വെക്കും. നാണിയമ്മയോ മകളോ മതിലിന് ഇപ്പുറത്തുനിന്ന് എടുക്കും. ചില ദിവസങ്ങളിൽ ആരും വെള്ളം എടുക്കാൻ വരില്ല. അന്നാണ് അനുവിനെ വിളിച്ചിരുന്നത്.
"ആരാ ഇവിടെ ഉള്ളത്. .?"
അങ്ങനെയാണ് ദേവകിയമ്മ വിളിക്കുക. ചോദ്യം ഇങ്ങോട്ടാണെന്ന് മനസ്സിലായതിനാൽ അനു ചോദിക്കും;
"എന്താ വിളിച്ചത്? "
"അതേ.. കഞ്ഞിവെള്ളം വച്ചിട്ട് ഇതുവരെ ആരും വന്നില്ല. ഇന്നലേം വന്നില്ല. പൂച്ച പാത്രം താഴെ തള്ളിയിട്ടു. വിരോധല്ല്യാച്ചാ ഒന്ന് ചോദിക്കോ വേണോന്ന്? എങ്ങന്യാ വെറുതെ താഴെ ഒഴിച്ചു കളയാന്ന് കരുതീട്ടാ. മിണ്ടാപ്രാണികളല്ലേ..?"
"ആ ഇങ്ങോട്ട് തന്നോളൂ. ഞാൻ കൊടുക്കാം."
ദേവകിയമ്മ ചിരിച്ചുകൊണ്ട് പാത്രം അനുവിന് നൽകി. മതിലിന് മുകളിലേക്ക് വളർന്നു തുടങ്ങിയ ചെടികളുടെ ചില്ലകൾ ഒരു വശത്തേക്ക് ഒതുക്കിപ്പിടിച്ച് ക്ഷീണിച്ച സ്വരത്തിൽ അവർ പറഞ്ഞു;
"രാവിലെ തുടങ്ങണ ജോലിയാണ്. ഇപ്പോ സന്ധ്യയാകാറായി. ഇതുവരെ ഒന്ന് നടു നീർത്തീട്ടില്ല്യ. ഇത് അങ്കട് കൊടുത്തിട്ട് വേണം അടിച്ചുതെളിച്ചു വിളക്ക് കാണിക്കാൻ. "
അവരുടെ സംസാരത്തിലെ നീരസവും വിഷമവും മനസ്സിലായെങ്കിലും വെറുതെ ചോദിച്ചു;
"അതിന് അവിടെ മോളും പേരക്കുട്ടിയുമൊക്കെ ഇല്ല്യേ?"
"ശബ്ദത്തിൽ കൂടുതൽ ഈർഷ്യയോടെ അവർ തുടർന്നു;
"അതാപ്പൊ നന്നായത്. മകളാന്ന് പറഞ്ഞിട്ട് ഒരു കാര്യോല്ല്യ. ഞാൻ ഇങ്ങട് വന്നുകഴിഞ്ഞാ പിന്നെ ആ ഒരുമാസം അമ്മയും അതെ, മോളുമതെ, ഒരു കൂട്ടം ചെയ്യില്ല. ഒരാള് ഫോണും പിടിച്ച് ഇരിക്കും, മറ്റയാള് പുസ്തകോം നീർത്തി ഇരിക്കും. നിക്ക് ചെലപ്പോ ഭ്രാന്ത് വരും. ന്നാലും ന്താ ചെയ്യാ? ഇട്ടെറിഞ്ഞ് പോകാനാവില്ലല്ലോ? അവർക്ക് വേണ്ടാച്ചാലും നമുക്ക് നമ്മടെ മക്കളല്ലേ... വേണ്ടാന്ന് കരുതാൻ വയ്യാലോ..."
മിണ്ടാതെ നില്ക്കുകയല്ലാതെ ഒന്നും മറുപടി പറഞ്ഞില്ല. അനുവിന് വളരെ വിഷമം തോന്നി. വിവരവും വിദ്യാഭ്യാസവുമുള്ള മക്കൾ. പക്ഷേ, ഇക്കാലമത്രയും അവരെ സംരക്ഷിച്ച് അവർക്ക് നല്ലൊരു ജീവിതം നേടിക്കൊടുക്കുവാൻ സകലതും ത്യജിച്ച മാതാവ്. സ്വന്തം ജീവിതം മറന്നുപോയവർ.... അതോ... ഇതൊക്കെയാണ് ജീവിതമെന്ന് നേരത്തെ മനസ്സിലാക്കിയവരോ?
കഞ്ഞിവെള്ളം വാങ്ങി അനു അടുക്കളയിൽനിന്നും ഒരു പാത്രമെടുത്ത് അതിലേക്ക് ഒഴിച്ചുവെച്ച് ദേവകിയമ്മയ്ക്ക് പാത്രം തിരിച്ചു നൽകിക്കൊണ്ട് പറഞ്ഞു;
"സമയം കളയേണ്ടല്ലോന്ന് കരുതി ഞാൻ ഒരു പാത്രത്തിൽ ഒഴിച്ചുവെച്ചതാ. ഞാൻ കൊടുത്തോളാം."
ദേവകിയമ്മ പാത്രം വാങ്ങിക്കൊണ്ട് പറഞ്ഞു;
"അത് നന്നായി. ഇല്ല്യാച്ചാ ഇനിം സമയം പോയേനെ. നിങ്ങടെ വീട്ടിലേക്ക് വരണന്നും സംസാരിക്കണന്നും ഒക്കെണ്ട്. ന്താ ചെയ്യാ... വല്ലതിനും നേരോണ്ടോ ഇവിടെ? "
75 വയസ്സോളമായെങ്കിലും ഇപ്പോഴും ആ മുഖത്ത് എന്തൊരു പ്രസരിപ്പാണ്, നല്ല ഐശ്വര്യമുള്ള ഒരമ്മ. ഇതുപോലെ ഒരമ്മ തനിക്ക് ഉണ്ടായിരുന്നുവെങ്കിലെന്ന് അമ്മ മരിച്ചുപോയ അനു ചിന്തിച്ചുപോയി.
അമ്മമാരൊക്കെ ഇങ്ങനെയാണ്. മക്കളായിക്കഴിഞ്ഞാൽ പിന്നീടുള്ള ജീവിതം അവർക്കായി മാറ്റിവെക്കുന്നു. എന്നാൽ ആ മക്കൾ വളർന്നു വലുതായി നല്ലൊരു ജീവിതസാഹചര്യത്തിൽ എത്തുന്നതോടെ പലരും മാതാപിതാക്കളെ മറക്കുന്നു. ഇതെന്തൊരു ലോകം! കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. ഇല്ലാതാവുമ്പോൾ എല്ലാവർക്കും മനസ്സിലാവും ചെയ്തതൊക്കെ തെറ്റായിരുന്നുവെന്ന്. പക്ഷേ, ആ പശ്ചാത്താപംകൊണ്ട് മരിച്ചവർക്കെന്തു നേട്ടം? ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്ത മക്കളുടെ, മരണശേഷമുള്ള പ്രവൃത്തികൾ കാണുമ്പോൾ സത്യത്തിൽ അവജ്ഞയാണ് തോന്നുന്നത്.
അന്നുമുഴുവനും അനുവിന്റെ മനസ്സിൽ ദേവകിയമ്മ മാത്രമായിരുന്നു. ഇന്നത്തെ ദേവകിയമ്മയാകുമോ നാളെ ഞാനും!
ദിവസങ്ങൾ കഴിഞ്ഞ്, വൈകുന്നേരം ക്ഷേത്രത്തിൽവെച്ചാണ് സരസ്വതിയമ്മയെ കണ്ടത്. ദേവകിയമ്മയുടെ മകളുടെ ഭർത്താവിന്റെ അമ്മയാണ് സരസ്വതിയമ്മ. എൺപതിനോടടുത്ത പ്രായമായെങ്കിലും മുടങ്ങാതെ എല്ലാദിവസവും രണ്ടുനേരം ക്ഷേത്രത്തിൽ പോകും. ഒരു ദിവസം പോയില്ലെങ്കിൽ അറിയാം, വൈകുന്നേരം അഞ്ചരമണിയോടെ കേൾക്കാനാവും അവരുടെ നാമജപം. വെളുത്തുമെലിഞ്ഞ് മുടിയിഴകളിൽ വാർദ്ധക്യം കൂടുകൂട്ടിയെങ്കിലും എപ്പോഴും ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കൂ, അതും സ്നേഹമൂറുന്ന നേർത്ത സ്വരത്തിൽ. വെളുത്ത വസ്ത്രങ്ങൾ മാത്രമേ ധരിച്ചു കണ്ടിട്ടുള്ളൂ ഇതുവരെ. കേൾവിശക്തി അല്പം കുറവാണെങ്കിലും എപ്പോൾ കണ്ടാലും കുശലം ചോദിക്കും. നമ്മൾ അല്പം ഉച്ചത്തിൽ പറയണമെന്നുമാത്രം.
പരസ്പരം വിശേഷം കൈമാറുന്നതിനിടയിൽ അനു ചോദിച്ചു;
"കുറെ ദിവസമായി അവിടെ സരസ്വതിയമ്മേടെ ശബ്ദം കേൾക്കാറില്ലല്ലോ? വീട്ടിൽ ഉണ്ടായിരുന്നില്ലേ?"
അനുവിന്റെ ചോദ്യം കേട്ടമാത്രയിൽതന്നെ സരസ്വതിയമ്മയുടെ മുഖം വാടി. ആ കണ്ണുകളിൽ ഈറനണിഞ്ഞു. അനുവിന് ചോദിച്ചത് അബദ്ധമായോ. പ്രദക്ഷിണവഴിയിൽ മറ്റാരും ഇല്ലാതിരുന്നത് നന്നായെന്ന് അനുവിന് തോന്നി. അല്പം കഴിഞ്ഞ് മുഖത്ത് കൃത്രിമമായി പുഞ്ചിരി വരുത്തുവാനുള്ള ശ്രമത്തോടെ സരസ്വതിയമ്മ പറഞ്ഞു.
"മോളെ, ഞാൻ അവിടെ ആയിരുന്നില്ല. മൂത്ത മോന്റെ വീട്ടിലേ.., ബാലകൃഷ്ണന്റെ. അവട്യായിരുന്നു.
അനു ഒന്നും മിണ്ടാതെ മൂളി കേൾക്കുക മാത്രം ചെയ്തു. സരസ്വതിയമ്മ ദക്ഷിണാമൂർത്തിയെ തൊഴുത് വീണ്ടും വലംവെച്ചു. ഇടറിയ സ്വരത്തിൽ അവർ തുടർന്നു;
"രണ്ടു കുട്ട്യോള് അവടെ പ്രസവിച്ചു കെടക്കണുണ്ട്. ന്റെ മോന്റെ മക്കളല്ലേ അവര്. അവരടെ കുട്ട്യോൾടെ ഒരു കാര്യത്തിനും നിക്ക് പോകാനായില്ല. "
"എന്തേ..?"
മേൽമുണ്ടിന്റെ അറ്റത്താൽ കണ്ണും മുഖവും തുടച്ചുകൊണ്ട് ഗദ്ഗദത്തോടെ അവർ പറഞ്ഞു;
"നിക്ക് ചെവി കേക്കില്ലാലോ.. വയസ്സായില്ലേ... പോരാത്തതിന് മുഖത്തും ശരീരത്തിലുമൊക്കെ വെള്ളപ്പാണ്ടും. അപ്പൊ ആളൊള് കാണുമ്പൊ കൊറച്ചിലല്ലേ? അതുകൊണ്ട് എന്തെങ്കിലും വിശേഷം ഉണ്ടാവുമ്പൊ അവരൊക്കെ എന്നെ മറ്റെവിടേക്കെങ്കിലും മാറ്റി താമസിപ്പിക്കും. നിക്കും ഉണ്ടല്ലോ രണ്ടുമൂന്നു മക്കൾ! "
അനുവിന് മറുപടി ഇല്ലായിരുന്നു. ഇങ്ങനെയുണ്ടോ മക്കൾ? അതും ആൺമക്കളും ഇങ്ങനെയാണോ?
"അപ്പോ പേരക്കുട്ടികളുടെ വിവാഹമൊക്ക..."
പടിഞ്ഞാറെ നടയിൽനിന്ന് പാർവ്വതീദേവിയെ നോക്കി കണ്ണുനീർ വാർത്തുകൊണ്ട് സരസ്വതിയമ്മ തുടർന്നു;
"നിക്ക് ഒന്നിനും യോഗല്ല്യ മോളെ. ഒന്നും ഞാൻ കണ്ടില്ല. എന്നെ കണ്ടാൽ വിവാഹം മുടങ്ങെന്ന് പറഞ്ഞ് ആലോചനകൾ വരുമ്പോഴൊക്കെ എന്നെ മാറ്റും. അതുപോലെ തന്നെ മറ്റെല്ലാറ്റിനും. ഒരു നിമിഷം മൗനംപൂകി അവർ പറഞ്ഞു;
"ന്റെ രോഗം പകരൂന്ന് പറഞ്ഞ് ആ കുട്ട്യോളെ ഒന്ന് തൊടാൻകൂടി അവരെന്നെ അനുവദിക്കില്ല്യാർന്നു. ന്റെ മോന്റെ കുട്ട്യോളും അവരടെ പൈതങ്ങളേം എടുക്കണംന്നും കൊഞ്ചിക്കണന്നുമൊക്കെ നിക്കും മോഹണ്ടാവില്ലേ...? സഹിക്കാൻ പറ്റണില്ല കുട്ട്യേ..."
"സരസ്വതിയമ്മയുടെ കരച്ചിലിന് തേങ്ങലിന്റെ അകമ്പടികൂടിയായി. ചുറ്റമ്പലത്തിന് പുറത്ത് കണ്ണനാംകുളം തേവരുടെ നടയിൽ മുട്ടുകുത്തിക്കിടന്ന് അവർ കരഞ്ഞു വിളിച്ചു;
"ന്റെ മക്കളോട് പൊറുക്കണേ.. തേവരേ... ഇനിയും കണ്ണീര് കുടിപ്പിക്കാതെ ന്നെ ങ്ങട് തിരിച്ചു വിളിക്കണേ.... ദൈവമേ...!"
ആ വാക്കുകൾ അനുവിന്റെ ഹൃദയഭിത്തികളിൽ വേദനയുടെ സ്പർശമേകി. അനുവിന്റെ നേത്രങ്ങളും നിറഞ്ഞൊഴുകി. അവൾക്ക് ആ തിരുനടയിൽനിന്ന് ഒന്നും പ്രാർത്ഥിക്കുവാനായില്ല. കണ്ണടച്ചപ്പോഴും അവിടെ മുട്ടുകുത്തി അപേക്ഷിക്കുന്ന സരസ്വതിയമ്മയുടെ ദയനീയരൂപം മാത്രമേ കാണുവാനായുള്ളൂ.
അനുവും മന്ത്രിച്ചു;
"ഈശ്വരാ അവരുടെ കൂടെയുണ്ടാകണേ!"
അല്പം കഴിഞ്ഞ് സരസ്വതിയമ്മ എഴുന്നേറ്റ് അകത്തേക്ക് കയറി.
"മോള് വരണുണ്ടോ അകത്തേക്ക് ?"
"ഇല്ല. സരസ്വതിയമ്മ പൊയ്ക്കൊള്ളൂ. ഞാൻ ഇവിടെനിന്ന് തൊഴുതുകൊള്ളാം."
ആ വേദനയിലും മുഖത്ത് പുഞ്ചിരി വരുത്തിക്കൊണ്ട് സരസ്വതിയമ്മ അകത്തേക്ക് വേച്ചുവേച്ചു നടന്നു, ആ സർവ്വേശ്വരനിൽ ലയിക്കുവാനെന്നവണ്ണം... സ്വന്തം ജീവിതം മറന്ന് മക്കൾക്ക് വേണ്ടി സർവ്വസുഖങ്ങളും ഉപേക്ഷിച്ച മറ്റൊരു ജന്മം... ജീവിക്കാൻ മറന്നുപോയ മറ്റൊരു പാവം ഒരു മുത്തശ്ശി!
നിറമിഴികളോടെ അനു തിരിഞ്ഞു നടന്നു. അകലെനിന്നെത്തിയ ചാറ്റൽമഴയിൽ ആ ദേവഭൂമിയിൽ തീർത്ഥം തെളിച്ചുകൊണ്ട് മഴ ദൂരേക്ക് പോയി...
***മണികണ്ഠൻ അണക്കത്തിൽ***
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക