Slider

തിങ്കളാഴ്ചവൃതം

0

അസഹ്യമായ മൂത്രത്തിന്റെ ഗന്ധം അവിടം മുഴുവൻ നിറഞ്ഞിരുന്നു.... അയാൾ ആ സിമെന്റ്കസേരയിൽ ഒരു ന്യൂസ്‌പേപ്പർ വിരിച്ചു അതിൽ ഇരുന്നു...
യാത്രക്കാർ വിരലിൽ എണ്ണാവുന്നവരെയുള്ളു....
രാത്രിയുടെ ഒരു നിശബ്ദതയുമുണ്ട്... സമയം പതിനൊന്നു മണിയോടടുക്കുന്നു....
അവസാനബസ്സിൽ കയറിയാൽ ഉറങ്ങി പുലർച്ചെ വീട്ടിലെത്താം...
അയാൾ നിലത്തു പുതപ്പു വിരിക്കുന്ന യാചകനെ നോക്കി...ഇത്തരം വൃത്തിഹീന കാഴ്ചകൾ മാത്രമാണ് ഒരു മടുപ്പുണ്ടാക്കുന്നതു....
അയാൾ ആ നോട്ടം സ്റ്റാൻഡിലെ ചുമരിൽ പിടിപ്പിച്ചിരിയ്ക്കുന്ന ടീവിയിലേക്ക് മാറ്റി.... അതിൽ ഒരു പെണ്ണ് പുഴയിൽ കാലുകഴുകി പാട്ടുപാടുന്നു... അയാൾ ഒന്നു ഇളകിയിരുന്നു.... അവൾ ആ പാട്ടിൽ പുഴയിൽ ഇറങ്ങണമെന്നും കുളിക്കണമെന്നും അയാൾ ആഗ്രഹിച്ചു....
'ഇത്രയും സുന്ദരികളായ സ്ത്രീകൾ ഉണ്ടോ....?' അയാൾ അത്ഭുതപെട്ടു....
പെട്ടെന്ന് പാട്ടുനിന്നു... അതിൽ ഒരു സുന്ദരി ശൗചാലയപരസ്യവുമായി വന്നു....
"ശ്ശേ ഇവൾക്കൊക്കെ ഇത്തിരി നല്ല വേഷം ധരിച്ചു നല്ല പരസ്യത്തിൽ വന്നൂടെ..... ഒരു സാരിയും
കണ്ണടയും "... അയാൾ പിറുപിറുത്തു....
ഒരു ബസ് ഡീസൽ മണത്തോടെ സ്റ്റാൻഡിൽ വന്നു നിന്നു.... അയാളുടെ നോട്ടം അപ്പോഴും ടീവിയിലായിരുന്നു.... ആ ബസിൽ നിന്നും ആളുകൾ വേഗത്തിൽ ഇറങ്ങി.... അതിൽ ചിലർ ഓട്ടോറിക്ഷയിൽ കയറി പോയി.... മറ്റു ചിലർ വേറെ ബസ്സിനും കാത്തുനിന്നു....
"തിരുവനന്തപുരത്തേക്കുള്ള ലാസ്റ്റ് ബസ്സ്‌ എപ്പഴാ "... ആ ചോദ്യം കേട്ടു അയാൾ തിരിഞ്ഞു.... ഒരു സ്ത്രീ... ഒരു കുർത്ത ധരിച്ചവൾ.... അതീവ സുന്ദരിയല്ലെങ്കിലും എന്തോ ഉടക്കുന്നുണ്ട്....
"സമയം ആവുന്നേ ഉള്ളു... ഞാനും അതിനാ ".... അയാൾ ഭവ്യതയോടെ പറഞ്ഞു....
അവളുടെ കണ്ണുകൾ വിടർന്നു....അയാൾക്കരികിലായി ബാഗ് ഇട്ടു അവൾ ഇരുന്നു.... അവളുടെ സാമീപ്യം അയാൾക്ക്‌ ഒരു കുളിർമ സൃഷ്ട്ടിച്ചുവെങ്കിലും അയാൾ ഒരു അല്പ്പം ഒതുങ്ങിയിരുന്നു....
വീണ്ടും കണ്ണുകൾ ടീവിയിലേക്ക് പോയെങ്കിലും മനസ്സ് അതിൽ ഉറച്ചില്ല....
ദൂരെ ഇരുട്ടിന്റെ മറ പറ്റി തിളങ്ങുന്ന മഞ്ഞ സാരിയുടുത്തു കുമാരി അയാളെ നോക്കിനിൽക്കുന്നതു അയാൾ അപ്പോഴാണ് കണ്ടത്........
ചില ആഴ്ചകളിലെ ആദ്യദിനങ്ങളിൽ അയാൾക്ക്‌ ഈ കാത്തിരിപ്പു ഉള്ളതാണ്.....അപ്പോഴൊക്കെ കുമാരിയെ അയാൾ പല നിറത്തിലും കണ്ടിട്ടുണ്ട്.... അവൾ അയാളെ കണ്ടു അടുത്തേക്ക് വരുമോ എന്നയാൾ ഭയപ്പെട്ടു...... അടുത്തിരിക്കുന്ന കുർത്തക്കാരി അയാൾക്ക്‌ ഒരു മാന്യമുഖം ഇതിനകം നൽകിയിരുന്നു.... കുമാരിയുടെ സാമിപ്യം അതു നശിപ്പിക്കുമോ എന്നു അയാൾ ആശങ്കപ്പെട്ടു..... പക്ഷെ ഉണ്ടായില്ല.... കുമാരി അവിടെ ഒരു ഒഴിഞ്ഞമൂലയിൽ നിന്നതേയുള്ളൂ.... അയാൾക്ക്‌ കുമാരിയെ ഈയിടെ കാണുമ്പോൾ ഒരു മടുപ്പാണ്.... പുഴു തിന്നു തീർത്ത ഇലയില്ലാത്ത ചെടിപോലെയായിരിക്കുന്നു ആ ജന്തു.... അയാൾക്ക്‌ അവളെ കണ്ടപ്പോൾ അറപ്പുതോന്നി....
"നിങ്ങൾ തിരുവനന്തപുരത്തു എന്തു ചെയ്യുന്നു "...കുർത്തക്കാരിയുടെ ചോദ്യം കേട്ടു അയാൾ അവൾക്കു നേരെ തിരിഞ്ഞു....
"എന്റെ നാടാണ് അതു.... ഇടയ്ക്ക് ഓഫീസ് കാര്യത്തിന് ഇവിടെ വരുന്നതാ " അയാൾ പുഞ്ചിരിച്ചു....
"ആഹാ എന്റെയും നാട് അവിടെയാ...... ഇവിടെ എന്റെ അമ്മവീട്... സുഖമില്ലാതിരിക്കുന്ന അമ്മയെ കാണാനെത്തിയതാ.... തിരിച്ചുപോകുന്ന വഴി "..... അവൾ ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞു...
അയാൾ അത്രയും നേരം അവളുടെ ചുണ്ടുകളെയാണ് ശ്രദ്ധിച്ചത്.....
അയാൾ ഭാര്യയെ ഓർത്തു.... അവൾ ഇതുപോലെ അത്ര സംസാരപ്രിയല്ല.... തന്റെ ഇഷ്ടങ്ങൾ മാത്രം തിരക്കിനടക്കുന്നവൾ..... കൃത്യമായി തിങ്കളാഴ്ചവൃതം നോക്കുന്നവൾ..... അയാൾക്ക്‌ അഭിമാനം തോന്നി.... അവൾ ഒരിക്കലും ഈ കുർത്തക്കാരിയെ പോലെ ഒരു പുരുഷന്റെ അടുത്തിരിക്കില്ല.... ഇങ്ങനെ സംസാരിക്കില്ല.....
"നിങ്ങൾ അങ്ങനെ സംസാരിക്കാത്ത ആളാണെന്ന് തോന്നുന്നു ? അതോ ഞാൻ ഒരു സ്ത്രീ ആയതു കൊണ്ടാണോ "കുർത്തക്കാരിയുടെ ചോദ്യം അയാളെ ചിന്തകളിൽ നിന്നു ഉണർത്തി
"ഏയ് അതൊന്നുമല്ല.... ഞാൻ വേറെ ഒരു ചിന്തയിലായിരുന്നു ".... അയാൾ പുഞ്ചിരിച്ചു...
"എന്താ പേര് ? അയാൾ വീണ്ടും ഭവ്യതയോടെ ചോദിച്ചു.....
"നിഷ.... നിഷാ ബാലചന്ദ്രൻ .. നിങ്ങളുടെ പേരോ ? " അവൾ അയാളുടെ മുഖത്തേക്ക് നോക്കി .....
" എന്റെ പേര് മോഹൻകുമാർ....." അയാൾ ചിരിച്ചു....
" ഇങ്ങനെ ഒറ്റയ്ക്ക് രാത്രിയിൽ യാത്ര ചെയ്യാൻ പേടിയില്ലേ അയാളുടെ ചോദ്യം കേട്ടു അവൾ ഗൗരവത്തിലായി ...... "എന്തിനു....? എന്തിനാണ് പേടിക്കുന്നത്... " അവൾ അയാളുടെ മുഖത്തേക്ക് നോക്കി....
"അല്ല.... കാലം അത്ര നന്നല്ല... എല്ലാവരും നല്ലവരല്ല "
അയാളുടെ വാക്കുകൾ കേട്ടു അവൾക്ക് ചെറിയ ഒരു ആദരവ് തോന്നി അയാളോട്....
ആ സമയം കുമാരി ഇരുട്ടിലേക്ക് നോക്കി കണ്ണുകഴച്ചു നോട്ടം അയാളിലേക്കാക്കിയിരുന്നു.... ആ കണ്ണുകൾ ഒരു വിശന്നു വലഞ്ഞ കുട്ടിയുടേതായിരുന്നു....
"ഞാൻ എപ്പോഴും വളരെ തുറന്നു ഇടപഴകുന്നയാളാണ്... ആണ് പെണ്ണ് വിത്യാസം ഇല്ലാതെ... സ്ത്രീകൾ സ്വാന്തന്ത്രത്തോടെ യാത്ര ചെയ്യുകയും ആണ് പെണ്ണ് സൗഹൃദം ഉണ്ടാക്കുകയും വേണമെന്നാണ് എന്റെ പക്ഷം " അവൾ ചിരിച്ചു....
ശരിയാണ്.... സ്വാതന്ത്ര്യം ആഘോഷിക്കുന്നവളാണ്... കണ്ടാലറിയാം.. അവൾ ശരീരത്തിൽ ആ കുർത്തയുടെ മുകളിൽ ഒരു സ്കാർഫ് പോലും ഇട്ടിട്ടില്ല..
നോട്ടം പാളിപോവാതിരിക്കാൻ അയാൾ പാടുപെട്ടു...
അയാളുടെ മനസ്സ് വീണ്ടും ഭാര്യയിലേക്കു പോയി... അവളുടെ അച്ചടക്കം, നാണം ഒക്കെ അയാളെ അഭിമാനപുളകിതനാക്കി.....
അയാൾ ബാഗിൽ നിന്നും എടുത്ത ആപ്പിളിൽ ഒരെണ്ണം നിഷാ ബാലചന്ദ്രന് നേരെ നീട്ടി....
"വയറിൽ സ്ഥലമില്ല മാഷേ.... ഉച്ചയ്ക്ക് തട്ടിയ മട്ടൻ ബിരിയാണി.... വൈകുന്നേരം അടിച്ചുകേറ്റിയ നെയ്‌റോസ്റ്റും വടയും കൂടെ രണ്ടു ചായയും.... ഒരിഞ്ചു സ്ഥലമില്ല വയറ്റിൽ " അവൾ വയറിൽ തടവി.......
ഇന്ന് തിങ്കളാഴ്ച വൃതം നോറ്റു പട്ടിണിയിരിക്കുന്ന ഭാര്യയെ ഓർത്തു അയാൾ ആപ്പിൾ കടിച്ചു....
അവിടെ ഇരുട്ടിന്റെ മറവിൽ ഒരു വയസ്സൻ ലോട്ടറി കച്ചവടക്കാരൻ വാങ്ങി നൽകിയ അഴുക്കുള്ള ഗ്ലാസിലെ നാരങ്ങാവെള്ളവും പഫ്‌സും കുമാരി ആർത്തിയോടെ കഴിച്ചു ചുണ്ട് തുടച്ചു....
ടീവിയിൽ സിനിമയാണ്.... അതിൽ നായകൻ മദ്യപിക്കുന്നു....
"നിങ്ങൾ മദ്യപിക്കുമോ "നിഷാ ബാലചന്ദ്രന്റെ ചോദ്യത്തിന് മുന്നിൽ അയാൾ ഒരു നിമിഷം പതറി....
"ഏയ് ലഹരി വസ്തുക്കൾ ഞാൻ ഉപയോഗിക്കില്ല " അയാൾ ഒരിക്കൽ കൂടി ഭവ്യനായി....
അതുകണ്ടു നിഷ ചിരിച്ചു.... " കുടിയ്ക്കുന്നതിൽ തെറ്റൊന്നും ഇല്ലെന്നാണ് എന്റെ അഭിപ്രായം.... "അതുപറഞ്ഞു അവൾ അയാൾക്ക്‌ നേരെ കണ്ണടച്ചു.....
മോഹൻകുമാർ അവളെ ഒരു വിചിത്രജീവിയെ പോലെ നോക്കി.... അവൾ മദ്യപിക്കും എന്നയാൾക്ക്‌ തോന്നി... ഓരോ നിമിഷവും അയാളുടെ ഭാര്യ അയാളുടെ മനസ്സിൽ ഉയരങ്ങളിലേക്ക് പോയികൊണ്ടിരുന്നു.....
കുമാരി ലോട്ടറി കിളവനൊപ്പം പോയി.....
തിരുവനന്തപുരത്തേക്കുള്ള ബസ്സ്‌ എത്തിയിരുന്നു.... അയാളും നിഷാബാലചന്ദ്രനും ബസ്സിൽ കയറി സീറ്റുപിടിച്ചു....
പരിചയംഉണ്ടാക്കിയതുകൊണ്ടു അവൾ അയാളുടെ അരികിൽ ഇരിയ്ക്കുമെന്നു അയാൾ വിചാരിച്ചു.... പക്ഷെ ഉണ്ടായില്ല....
യാത്രയിലുടനീളം അവൾ ഫോണിൽ ആരോടൊക്കെയോ സംസാരിക്കുന്നതും ഒരു വേള ഫോണിനെ ഉമ്മവയ്ക്കുന്നതും കണ്ടു.... അതു അയാളിൽ ഒരു വല്ലാത്ത അമർഷവും അസ്വസ്ഥതയും സൃഷ്ടിച്ചു....
പയ്യെ ഉറക്കത്തിലേക്കു പോകുന്ന അവളെ അയാൾ കണ്ണുകൾ കൊണ്ടു ആസ്വദിച്ചു.....
തിരുവന്തപുരം എത്താൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ അവൾ ഉറക്കമുണരുകയും അയാളെ നോക്കി ചിരിക്കുകയും ചെയ്തു... പിന്നീട് ഹാൻഡ് ബാഗില്നിന്നു ഒരു കറുത്ത ഷാൾ എടുത്തു ശരീരത്തിൽ ഇട്ടു.... അയാൾ പരിസരം മറന്നു അതു നോക്കി....
ബസ്സ് തമ്പാനൂരിൽ നിർത്തി ഡ്രൈവർ കൈകൾ നിവർത്തി.... നേരം പുലർന്നു തുടങ്ങിയിരുന്നു...
നിഷാ ബാലചന്ദ്രൻ അവിടെ അവളെ നോക്കിനിന്ന ഒരു നാൽപ്പതു കാരനെ നോക്കി കൈകൾ ഉയർത്തി.... ആ മനുഷ്യൻ അടുത്തേക്ക് വന്നു.... പെരുമാറ്റത്തിൽ അയാൾ അവളുടെ ഭർത്താവായിരിക്കണം...
"എങ്ങനെയിരുന്നു യാത്ര " ഭർത്താവിന്റെ ചോദ്യം കേട്ടു നിഷ ഒരു നിമിഷം അവശയായി.....
"തനിച്ചായതു കൊണ്ടു ചെറിയ പേടിയുണ്ടായിരുന്നു.... കാലമല്ലാത്ത കാലമല്ലേ ... പിന്നെ അച്ഛൻ ബസ്സ്‌ കേറ്റി വിട്ടാ പോയത് ".... അവൾ അതു പറഞ്ഞു കയ്യിലിരുന്ന ബാഗ് നിലത്തു വച്ചു....
"ഇന്നലെ ഒന്നും കഴിച്ചില്ലല്ലോ.... അതിന്റെ ക്ഷീണം കാണും " ഭർത്താവ് അവളെ സ്നേഹത്തോടെ നോക്കി....
"സാരമില്ല.... ഈ വൃതവും പട്ടിണിയും ചേട്ടനുവേണ്ടിയല്ലേ... " അവൾ ഭർത്താവിന്റെ കൈപിടിച്ച് നടന്നു നീങ്ങി....
അവളുടെ സംസാരം കേട്ടു നിന്ന മോഹന്കുമാർ തിങ്കളാഴ്ച വൃതം നോറ്റു അയാളുടെ അഭാവത്തിൽ സ്വന്തം വീട്ടിൽ യാത്ര പോയിരിക്കുന്ന ഭാര്യയെ ഓർത്തു ഞെട്ടി.....

Chithra Chithra
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo