നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സ്നേഹത്താഴ്വാരം

Image may contain: 1 person, selfie, beard, closeup and indoor
******************
വെയിൽ ചാഞ്ഞപ്പോൾമുതൽ തുടങ്ങിയ ചീവീടിന്‍റെ നിറുത്താതെയുള്ള കലമ്പല്‍ ആ തണുത്ത രാത്രിയെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടേയിരുന്നു . ദൂരേ എവിടെനിന്നോ കേട്ട കുറുക്കന്‍റെ ഓലിയിടലിനകമ്പടിയായി പലദിക്കുകളിൽനിന്നും തുടർശബ്ദങ്ങള്‍ അപ്പോൾ അവിടെ മുഴങ്ങിക്കേട്ടു .
അന്ന്, ഇരുട്ടിന് കട്ടി പതിവിലുമേറെയായിരുന്നു. ഒരു കരിമ്പടംപോലേ രാവ് വിരിഞ്ഞുപടർന്നിരുന്നു. മുരിക്കിൻകാലുകളിൽ പടർന്നുകിടക്കുന്ന കുരുമുളകുവള്ളികൾ നേർത്ത നിലാവെളിച്ചത്തെയും മറച്ച് ഒരു കോട്ടപോലേ ആ കുന്നിൻമുകളിലെ കൊച്ചുവീടിനെ ചുറ്റി വളർന്നുനിന്നിരുന്നു. മുറ്റത്തിന്നരികിലെ കുലവാഴയിലെ ഇലകളിലും, ചരിവിലെ ഏലക്കാട്ടിലും മിന്നാമിനുങ്ങുകൾ ദീപക്കാഴ്ചകളൊരുക്കി വട്ടമിട്ടു പറന്നുകൊണ്ടേയിരുന്നു.
തെക്കുവശത്തെ കോഴിക്കൂടിനടിയിലേക്കു നോക്കി ജിമ്മി വല്ലാതെ കുരക്കുന്നുണ്ട്. ചിലപ്പോൾ വലിയ എലിയോ അല്ലെങ്കിൽ കോഴിയെ പിടിക്കാനെത്തിയ പോക്കാനോ ആവും. ഇരുട്ടിൽ രണ്ടു തിളങ്ങുന്ന കണ്ണുകൾ തീപ്പൊരികൾപോലേ പൊന്തയിലേക്കോടിമറഞ്ഞപ്പോൾ ജിമ്മി കുര നിറുത്തി.
അടിവാരത്ത്, ഗോൾഡൻവാലിക്കരുകിലെ റോഡിലൂടെ കടന്നുപോയ കുമളിക്കുള്ള അവസാന ബസ്സിന്‍റെ പിൻഭാഗത്തെ രണ്ടു ചുവന്ന സിഗ്നൽലൈറ്റുകൾ ദൂരേയൊരു പൊട്ടുപോലേ അകലേക്കകന്നുപോകുന്നതു കാണാമായിരുന്നു. അങ്ങു വിദൂരതയില്‍നിന്നും പവ്വര്‍ഹൌസ് വെള്ളച്ചാട്ടത്തിന്‍റെ ആരവം മലയിടുക്കില്‍ ഒരു മുഴക്കമായി കേള്‍ക്കാം. കാറ്റിന്‍റെ ഗതിക്കൊപ്പം അത് കൂടിയും കുറഞ്ഞും വന്നു കൊണ്ടിരുന്നു.
സ്റ്റോർറൂമിലെ ഭിത്തിയോടുചേർത്ത് അടുക്കിവച്ചിരിക്കുന്ന ചാക്കുകളിലെ തിരിയുതിർത്ത കുരുമുളകിന്‍റെ ഗന്ധം പടർന്ന് ആ കൊച്ചുവീട്ടിലാകെ തളംകെട്ടിനിന്നിരുന്നു.
വോൾട്ടേജ് കുറഞ്ഞ ബൾബിന്‍റെ അരണ്ട മഞ്ഞവെളിച്ചത്തിൽ, പുറത്തെ ഇരുട്ടിലേക്കു നോക്കി വരാന്തയിലൊരു മരക്കസേരയിൽ വർക്കിച്ചന്‍ എന്തോ ചിന്തിച്ചിരിക്കുകയാണ്.
കുറെ നാളുകളായി അയാളിങ്ങനെയാണ്. ഒറ്റക്കിരിക്കുമ്പോഴെല്ലാം ചിന്തകൾ വല്ലാതെ അലട്ടുന്നു. ന്യായാന്യായങ്ങളുടെ തുലാസിൽ ചില കാര്യങ്ങൾ വേണമോ വേണ്ടയോ എന്നു തീർപ്പാക്കാനാവാതെ അയാൾ വിഷമിച്ചു. പലപ്പോഴും പറയാന്‍ വന്നത് ആരോടെങ്കിലും ഒന്നു പറയാന്‍ പറ്റാതെ ഇടയിക്കിടയ്ക്കുള്ള നെഞ്ചുതടവലും അയാൾക്കിപ്പോൾ കൂടുതലാണ്. പുതച്ചിരുന്ന കമ്പിളിക്കും ധരിച്ചിരുന്ന സ്വെറ്ററിനുമിടയിലൂടെ തണുപ്പ് അരിച്ചുകടന്ന് അസ്ഥികളെ വല്ലാതെ കുത്തിനോവിക്കുന്നപോലേ വർക്കിക്കു തോന്നി.
വര്‍ക്കിച്ചന്‍ ഇടുക്കിയിലെ കുടിയേറ്റക്കാരില്‍ പഴയൊരാളാണ്. തികഞ്ഞ അദ്ധ്വാനി. ചോരക്കാലികൾ മാത്രം വളർന്നിരുന്ന മയിലാടും പാറയിലെ ആ ചെരുവിൽ കുരുമുളകും , കാപ്പിയും , ഏലവും കൃഷി ചെയ്ത് പൊന്നുവിളയിച്ച ആൾ. ആ അദ്ധ്വാനത്തിന്‍റെ കാഠിന്യവും പ്രായത്തിന്‍റെ ക്ഷീണവും ഒക്കെ അയാളുടെ ശരീരത്തില്‍ കാണാം. വര്‍ക്കിച്ചന്‍റെ, മയിലാടുംപാറയിലേക്കുള്ള വരവ് ഇന്നും കുടിയേറ്റക്കാര്‍ക്കിടയില്‍ ഒരത്ഭുതമാണ്. അതുവരെ മനുഷ്യ സ്പർശം ഏൽക്കാതിരുന്ന മയിലാടുംപാറയുടെ ആ ചെരുവില്‍ ഏതാണ്ട് മുപ്പതു കൊല്ലംമുമ്പ് അയാള്‍ എങ്ങനെയെത്തിയെന്ന പലരുടെയും ചോദ്യത്തിന് ഇരുത്തിയുള്ള ഒരു ചിരി മാത്രമായിരുന്നു പലപ്പോഴും അയാളുടെ മറുപടി. വര്‍ക്കിച്ചന്‍റെ നോട്ടത്തിലും ഭാവത്തിലും ഉണ്ടായിരുന്ന ഗൗരവം കൊണ്ട്, ആ ചോദ്യം ആവര്‍ത്തിക്കാന്‍ ആര്‍ക്കും പൊതുവേ തോന്നിച്ചിരുന്നില്ല. ഒറ്റക്കിരിക്കുമ്പോഴൊക്കെ അയാള്‍ ആ ഓര്‍മ്മകളോടൊപ്പം യാത്രയിലാണ്. പതിവുപോലേ ഇന്നും. ഇടയ്ക്കിടെ പാറിവരുന്ന കോടമഞ്ഞിനൊപ്പം അയാളുടെ ചിന്തകളും പിന്നിലേക്ക്പോയി; കാല്‍ നൂറ്റാണ്ടോളം.
പണ്ടൊക്കെ ഒരു ഷോളും കഴുത്തിൽച്ചുറ്റി താഴേ സിറ്റിയിൽനിന്നു സെബാനെയും തോളിലേറ്റി തെരുവപ്പുല്ലുകൾക്കിടയിലൂടെ ഇതിലും വലിയ തണുപ്പിൽ നടന്നു കുന്നുകയറിയിരുന്ന കാര്യം അയാളോർത്തു. അന്നൊന്നും തണുപ്പ് തന്നെ തെല്ലുമലട്ടിയിരുന്നില്ല. ഒരു ചുമലിൽത്തൂക്കിയ അവന്‍റെ പുസ്തകസഞ്ചിയും താഴേവച്ച്, മറുതോളിൽനിന്നുമവനെ ഇറക്കുമ്പോഴേക്കും സെബാൻ പാതി മയക്കത്തിലെത്തിയിരിക്കും. പതുപതുത്ത ചുവന്ന ഷോളിൽപ്പൊതിഞ്ഞ അവന്‍റെ മുഖത്തേക്കു നോക്കുമ്പോൾ പുല്ക്കൂട്ടിലെ ഉണ്ണീശ്ശോയുടെ മുഖഭാവം അവനുണ്ടായിരുന്നതായി അയാളോർത്തു. ത്രേസ്യയുടെ തനിപ്പകർപ്പ്. ആരു കണ്ടാലും എടുത്തൊന്നോമനിക്കാൻ തോന്നുന്ന രൂപം!! അതേ, സെബാനും ഏതാണ്ട് ഉണ്ണീശ്ശോയുടെ ജന്മംതന്നെയാണ്!!
അവനെയുണർത്താതെ പതിയെ കട്ടിലിൽ കിടത്തിയശേഷം, ചക്കരകാപ്പിയും അവനിഷ്ടപ്പെട്ട അവിൽ വിളയിച്ചതുമായി അരികിലിരുന്നു വിളിച്ചുണർത്തിയ കാലം ഇന്നലെക്കഴിഞ്ഞപോലേ വർക്കിക്കു തോന്നി.
മകനെ പഠിപ്പിക്കുന്ന കാര്യത്തില്‍ തനിക്ക് അല്പം നിര്‍ബ്ബന്ധബുദ്ധിതന്നെയാണെന്നായിരുന്നു നാട്ടുകാരുടെ പക്ഷം. കാലത്തിന്‍റെ മാറ്റങ്ങള്‍ മുന്‍കൂട്ടിക്കാണണമല്ലോ?. എന്നിട്ടും മെക്കാനിക്കല്‍ഡിപ്ലോമ പാസ്സായ സെബാന്‍ കൃഷിയാണിഷ്ടം എന്നുപറഞ്ഞപ്പോള്‍ താനൊട്ട് എതിര്‍ക്കാനും പോയില്ല. പെട്ടെന്ന്, താളംതെറ്റി കടന്നുവന്ന തണുത്തൊരു കാറ്റില്‍ അയാള്‍ ഒന്ന് ഇളകിയിരുന്നു.
"മാപ്ളേ, സ്വപ്നം കണ്ടതു മതി. ഇന്നാരാ നായിക?! ഉണ്ണിമേരിയോ അതോ ജയഭാരതിയോ...?!!" സെബാന്‍റെ ആ ചോദ്യം അയാളെ ഓർമ്മകളിൽനിന്നുമുണർത്തി.
"അമ്മച്ചി മരിച്ചപ്പം വേറൊരെണ്ണത്തിനെ കെട്ടിയാരുന്നേ, ഈ മഞ്ഞത്തിങ്ങനെ ഒറ്റക്കിരുന്ന് തണുക്കേണ്ടിവരുമായിരുന്നോ?!"
ഇതുംപറഞ്ഞവൻ അപ്പന്‍റെ കാൽച്ചുവട്ടില്‍ വരാന്തയിലിരുന്ന് തന്‍റെ ചെരുപ്പിൽപ്പതിഞ്ഞ ചെമ്മണ്ണ് ഒരു കമ്പുകൊണ്ട് ഉരച്ചുകളഞ്ഞു.
"നീ പോടാ. കഴു..... കുരുത്തം കെട്ടോനെ.. തെണ്ടലു കഴിഞ്ഞ് കുറെ താമസിച്ചല്ലോ തമ്പുരാനിന്നെത്താൻ?"
"ഇതെന്നാ തണുപ്പാടാ ഉവ്വേയിന്ന്. എന്‍റെ പല്ലുവരെ കിടുകിടുക്കണു. നിനക്ക് തണുപ്പൊന്നുമില്ലായോ..?" കമ്പിളി ഒന്നുകൂടി വാരിച്ചുറ്റി വർക്കിച്ചന്‍ അവനോടു ചോദിച്ചു.
"ഒറ്റയാൻ വർക്കീനെ കിടുക്കണ തണുപ്പോ..!?"
''അതിനുള്ള മസ്സിൽപ്പവറൊന്നും ഇവിടത്തെ തണുപ്പിനില്ലല്ലോ എന്‍റെയപ്പാ... അപ്പൻ പോയൊരു കട്ടനു വെള്ളം വെയ്ക്ക്. ഞാനാ തൊഴുത്തുവരേക്കൊന്നു പോയേച്ചും വരാം. കറമ്പി പേറടുത്തു നില്ക്കുവല്ലേ?" അതുംപറഞ്ഞ് സെബാനെഴുന്നേറ്റു.
"ഓ എന്നെക്കൊണ്ട് മേലാ.. ഇന്നിനി കാപ്പി വെക്കാന്‍. കഞ്ഞി കുടിക്കാം. നീയതിന്‍റെ ചൂടാറണേക്കു മുന്നേ കേറി വാ. തേങ്ങാ ചുട്ട് ചമ്മന്തിയുണ്ടാക്കിയിട്ടുണ്ട്." വർക്കിയവനോട് പറഞ്ഞു.
“ഇപ്പം വരാ’മെന്നുപറഞ്ഞ് മുറ്റത്തേക്കിറങ്ങിയ സെബാൻ അവിടെ കൂട്ടിയിട്ടിരുന്ന ജാതിപത്രി, പനമ്പിൽനിന്നും ഒരു ചാക്കിലേക്കു വാരിനിറച്ചു.
"അതവിടെയെങ്ങാൻ കിടക്കട്ടെടാ സെബാനെ. നിനക്കാ സിറ്റീന്നു പോന്നപ്പം ഇച്ചിരെ ഉണക്കമീൻ വല്ലോം വാങ്ങാൻ മേലാരുന്നോ? അടുക്കളേലെ സാധനങ്ങളൊക്കെ തീർന്നിരിക്കുവാ."
"അതെങ്ങനാ വോളിബോളെന്നുവച്ചാ ചാകാൻ നടക്കുവല്ലേ? പന്ത് കണ്ടാല്‍ ലെവന് പിന്നെ ഒന്നും ഓർമ്മേല് വരില്ല. തന്തേപ്പോലും വേണ്ടാ."
കസേരയിലേക്ക് കാൽ കയറ്റിവച്ച് കാല്പാദംകൂടി കമ്പിളികൊണ്ടു മൂടി വർക്കിച്ചൻ പറഞ്ഞു.
"വർക്കിച്ചനിന്ന് ഒരു മാതിരി വളഞ്ഞുതിരിഞ്ഞ മട്ടിലാണല്ലോ വർത്താനം. തന്തേ വേണ്ടാന്നൊക്കെ കുത്തുവാക്ക് പറയാതെ. നേരെചൊവ്വേ കാര്യം പറയെന്‍റെ മാപ്ളേ..?".സെബാൻ അയാളോട് പറഞ്ഞു.
"നിനക്ക് കൊറച്ചൂടെ നേരത്തേ താഴേന്നൊന്നു കേറിക്കൂടെ സെബാനെ? ഞാനിവിടെ ഒറ്റയ്ക്കിരുന്നു മടുത്തു.”
“പണ്ടാണേ, ആ കറിയാച്ചൻ വരുമായിരുന്നു ഒരു കൂട്ടിന്. അവൻ പ്ലാവേന്നു വീണില്ലായോ? അങ്ങനെ അതും നിന്നു. വയസ്സ് അറുപത്തഞ്ചു കഴിഞ്ഞു എനിക്ക്. നിനക്കാ വിചാരം വല്ലതുമുണ്ടോ..? നിന്നോടൊരു പെണ്ണുകെട്ടാൻ പറഞ്ഞാ.. ങ്ങ്ഹും.. അത് അടുത്തെങ്ങും നടക്കൂന്ന് തോന്നണില്ലാ.."
“സമയമാകട്ടെ എന്‍റെപ്പാ.. അപ്പൊ...നമുക്ക് രണ്ടാൾക്കുംകൂടെ ഒരുമിച്ച് ഓരോന്നു കെട്ടാം. പത്രത്തിലൊക്കെ കാണാൻ മേലെ? ഒറ്റയ്ക്ക് ബോറടിക്കുന്ന അറുപത്തഞ്ചുകാരൻ പെണ്ണന്വേഷിക്കണൂന്നും മറ്റും?!" . സെബാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .
"ഉവ്വടാ.. നീ അതല്ല അതിനപ്പുറോം പറയും. ഇനിയെപ്പോള്‍ സമയമാകാനാ.. ഞാൻ ചത്തിട്ടോ..?
“പുല്ലാട്ടെ കോതേനെയല്ലാതെ വേറൊരുത്തീനേം വേണ്ടല്ലോ നിനക്കു കെട്ടാൻ? ഞാനൊക്കെ അറിയുന്നുണ്ട്. അവള്‍ടെ പഠിത്തം കഴിയുമ്പം, ദാണ്ടെ.. പുള്ളിക്കോഴിക്ക് മുല വരും. എന്‍റെ കാലോം കഴിയും."
ഇതുകേട്ട സെബാൻ ശബ്ദത്തിലൊരു കൃത്രിമ ഗൗരവം വരുത്തിയിട്ട് പറഞ്ഞു:
"കാലം കഴിയാനോ?! ആര്‍ക്ക്? വര്‍ക്കിച്ചനോ? കൊള്ളാം!!
“എന്നെ വളര്‍ത്തിയപോലേ എന്റേം പുല്ലാട്ടെ പെണ്ണിന്റേം പത്തു മക്കളേം കൂടി വളര്‍ത്തി, എന്‍റെ പടം കൂടി മടക്കീട്ടെ നാട്ടുകാരുടെ ഈ ഒറ്റയാൻ വർക്കിയങ്ങ് പരലോകത്തേക്കു പോകൂ..”
"അല്ലേ വേണ്ട. ഞാനും എന്റപ്പനെപ്പോലങ്ങ് ഒറ്റയാനായി ജീവിക്കാം. എന്തേ...?”
"നമ്മുടെയിടേല് വേറൊരാളെന്തിനാ വർക്കിച്ചാ? എനിക്ക് അപ്പനും അപ്പനു ഞാനും. അതുമതി. നമ്മളിങ്ങനെ കളിച്ചും ചിരിച്ചും അങ്ങു കഴിയും."
പനമ്പിൽനിന്നും വാരിയ പത്രി ചാക്കിൽ നിറച്ച് അത് വർക്കി ഇരുന്ന വരാന്തയിൽ കൊണ്ടുവച്ചിട്ട്, ആ കസേരച്ചുവട്ടിലിരുന്ന് വർക്കിയെ നോക്കി അവൻ പറഞ്ഞു.
"ഒരു സത്യം കൂടെ പറയട്ടെ. എനിക്ക് അപ്പന്‍റെ കൂടെ കിടന്നില്ലേ ഉറക്കം വരൂല്ലാ. അതല്ലേ ഞാൻ കല്യാണം വേണ്ടാ, വേണ്ടാന്നു പറയണത്."
"ഒന്നു പോടാ ഉവ്വേ.. ഇള്ളാപിള്ളാ പറയാതെ. ഒരുപാടങ്ങു സുഖിപ്പിക്കാതെ. ആ സുന്ദരിക്കോത വരുമ്പം കാണാം, നിന്‍റെയൊക്കെ തനിക്കൊണം." അവന്‍റെ മുടിയിഴകളിൽ തഴുകിക്കൊണ്ട് വർക്കി പറഞ്ഞു.
വരാന്തയിൽ നിന്നുമെഴുന്നേറ്റ സെബാൻ, വർക്കിച്ചന്‍റെ കൈയ്യിലിരുന്ന ടോർച്ച് വാങ്ങി മുൻഭാഗം രണ്ടുവട്ടം തിരിച്ച് ദൂരേക്കു തെളിച്ച് അതിന്‍റെ പോയിന്റ് ശരിയാക്കിയിട്ടുപറഞ്ഞു:
"നാളെ മുഴുവൻ പാലും സൊസൈറ്റിക്കാർക്ക് കൊടുക്കണം. ചായക്കടേലെ ജോയിച്ചായന്‍റെ എളാപ്പന്‍റെ മോള്‍ടെ കല്യാണമെന്നുംപറഞ്ഞ് അവരെല്ലാംകൂടെ നാട്ടിലേക്കു പോയി. ഇനി മൂന്നു നാല് ദിവസം കഴിഞ്ഞേ കട തുറക്കൂ.”
“പാലായിലും ഭരണങ്ങാനത്തുമൊക്കെപ്പോയിട്ടേ മടക്കമൊള്ളൂന്നാ അച്ചായൻ പറഞ്ഞേ."
അതുംപറഞ്ഞ് സെബാൻ വീടിനു പിന്നിലെ തൊഴുത്തിലേക്ക് ടോർച്ചും തെളിച്ചു നടന്നു.
-------------------
നാടെന്ന വാക്ക് വർക്കിച്ചനെ വീണ്ടും ഓർമ്മകളിലേക്കു കൊണ്ടുപോയി. വർഷം മുപ്പത്തിയൊന്നു കഴിഞ്ഞിരിക്കുന്നു നാടു വിട്ട് താന്‍ ഈ കാട്ടിലേക്കെത്തിയിട്ട്.
അന്ന്, ആ രാത്രിയില്‍ താന്നിക്കയത്തിന്‍റെ ആഴങ്ങളിൽനിന്നും ത്രേസ്യയെ വലിച്ചു കരയിലേക്കു കയറ്റുമ്പോളുണ്ടായ ഉൾക്കിടിലം!! അതോർത്തപ്പോൾ ഇപ്പോഴും അയാളുടെ ഉള്ളൊന്നു വിറച്ചു.
എങ്ങനെ ഞാന്‍ അന്ന് ആ കയത്തിന്നരികിലെത്തി?! ദൈവകല്പന... അല്ലാതെന്ത്?! ജോർജ്ജിന്‍റെ കല്ല്യാണത്തലേന്ന്, കൂട്ടുകാരോടൊത്തൊന്നു മിനുങ്ങിയപ്പോഴാണ് കോഴിക്കൊടലിട്ട് മനഞ്ഞിലു പിടിക്കണമെന്നു തോന്നിയത്.
അങ്ങനെ ആ രാത്രി, ഒറ്റയ്ക്ക് വിഴുക്കുപാറേലിരുന്ന് കൊടല്, ചൂണ്ടേ കൊരുത്തുകൊണ്ടിരിക്കുമ്പോഴാണ്‌, ഒരു വെളുത്തരൂപം കയത്തിനടുത്തേക്കു പോകുന്നതു കണ്ടത്. ഒന്നൂടൊന്നു നോക്കീപ്പോ നെഞ്ചിലൊരാളലാണുണ്ടായത്. നിലാവെളിച്ചത്തിൽ, നടന്നുപോണത് കൊഴുപ്പിള്ളീലെ ത്രേസ്യയാണെന്നറിയാൻ ബുദ്ധിമുട്ടൊന്നുമുണ്ടായില്ല.
നിലാവില്ലെങ്കിലും താനവളെ അറിഞ്ഞേനെ. അവളുടെ രൂപം എത്രയോ കാലം മുന്നേ തന്‍റെ മനസ്സില്‍ പതിഞ്ഞിരിക്കുന്നു. തിരിച്ചറിവിന്‍റെ കാലംതൊട്ട് അവളെന്‍റെ പെണ്ണെന്ന് എത്രയോ തവണ മനസ്സിനെ പറഞ്ഞുവിശ്വസിപ്പിച്ചിരിക്കുന്നു!! സ്വപ്നത്തിലെത്ര പാതിരാകുർബാനയും കുരുത്തോലപ്പെരുന്നാളും കൂടിയിരിക്കുന്നു; അവസാനം ജോർജ്ജിനൊപ്പം ആ ഇടവഴിയില്‍ അവളെ കാണുംവരെ!!
തന്‍റെ സ്വപ്നങ്ങളെല്ലാം തകർത്തിട്ട്, “വർക്കിച്ചായനിത് മറ്റാരോടും പറയരുതെന്ന്” അവൾ പറഞ്ഞപ്പോഴും “അവനെന്‍റെ ചങ്ങാതിയല്ലേ, വർക്കിയിതാരോടും പറയില്ലെന്ന്” ജോർജ്ജ് അവളെപ്പറഞ്ഞു സമാധാനിപ്പിച്ചപ്പോഴും ഒരു പാവയെപ്പോലേ കേട്ടുനിൽക്കാനല്ലേ തനിക്കു കഴിഞ്ഞുള്ളൂ!!
അതിൽപ്പിന്നെ എത്രവട്ടം തന്‍റെ മനസ്സിനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി, അവൾ തന്റേതല്ലെന്ന്. എന്നിട്ടും ആ നെറ്റിയിലേക്കു പാറുന്ന ചുരുൾമുടിയും കടലാഴം തോൽക്കുന്ന കണ്ണുകളും കരളീന്നു മാഞ്ഞുപോയിരുന്നില്ല. അവളാണ് ആ കയത്തിന്‍റെ ആഴങ്ങളിലേക്ക് മറയാൻ പോകുന്നത്!!
ഒരു വിറയലോടെയാണ് അന്നാ പാറയിൽനിന്നും ഊർന്നിറങ്ങിയത്. നിലയില്ലാത്ത താന്നിക്കയത്തിലേക്കു ചാടി, മുടിക്കുത്തിൽപ്പിടിച്ച് കരയിലേക്ക് താൻ അവളെ വലിച്ചുകയറ്റി. എന്നിട്ടും കുതറി വീണ്ടുമവൾ വെള്ളത്തിലേക്കു ചാടാൻ ശ്രമിച്ചു. കേറി വട്ടംപിടിച്ച തന്‍റെ കൈക്കുള്ളിൽക്കിടന്ന് കരയിൽവീണ പരൽമീനെപ്പോലേ അവള്‍ പിടഞ്ഞത് ഇന്നലെയെന്നപോലേ വർക്കിയുടെ മുന്നിൽ തെളിഞ്ഞുവന്നു. ഇന്നേവരെ താന്നിക്കയത്തിന്‍റെ ആ വളവില്‍ ചാടിയവരെ പിന്നാരും കണ്ടിട്ടില്ല. അപ്പോളാ ഭീതിയൊന്നും തനിക്ക് തോന്നിയതേ ഇല്ല.
“എനിക്കിനി ജീവിക്കേണ്ട. എന്നെ ചതിച്ചു. വയറ്റിലുള്ളതിന്‍റെ അപ്പൻ നാളെ വേറെ മിന്ന് കെട്ടണ്. എനിക്ക് തന്തയില്ലാത്ത കുഞ്ഞിനെ പ്രസവിച്ച് നാട്ടുകാരുടെ മുമ്പില്‍ പിഴച്ചോളാവേണ്ട”. എന്നുള്ള അവളുടെ പതംപറഞ്ഞുള്ള കരച്ചില്‍ ഇപ്പോഴും തന്‍റെ ചെവിയിൽ മുഴങ്ങുന്നതായി വർക്കിക്കപ്പോൾ തോന്നി.
തൊഴുത്തിൽനിന്നും മടങ്ങിയെത്തിയ സെബാനെ കണ്ടിട്ട് ജിമ്മി സ്നേഹത്തോടെ രണ്ടു വട്ടം മുരണ്ടു. ആ മുരള്‍ച്ചയാണ് വർക്കിയെ ചിന്തയിൽ നിന്നുമുണർത്തിയത്. സെബാനോടൊപ്പം വീട്ടിനകത്തേക്കു കയറിയപ്പോഴും ഒരുമിച്ചിരുന്ന് കഞ്ഞികുടിച്ചപ്പോഴും വർക്കി അന്ന് പതിവിലേറെ നിശബ്ദനായിരുന്നു.
“ഈ അപ്പനിതെന്നാ പറ്റിയേ?” എന്ന് ഒരുവട്ടം സെബാൻ ചോദിക്കുകയും ചെയ്തു.
രണ്ടു പേരും ചേർന്ന് പാത്രം കഴുകിവെക്കുന്നതിനിടയിൽ, വർക്കിയുടെ കൈ തട്ടി പതിവില്ലാതെയൊരു ചില്ല്ഗ്ലാസ് അന്ന് തറയിൽ വീണുടഞ്ഞു. കാര്യമായ എന്തോ ഒന്ന് വര്‍ക്കിച്ചന്‍റെ മനസ്സിനെ അലട്ടുന്നുണ്ടെന്ന് സെബാന് തോന്നി.
ലൈറ്റെല്ലാം അണച്ച് സെബാൻ വന്നപ്പോഴേക്കും വർക്കിച്ചന്‍ കട്ടിലില്‍ കിടന്നിരുന്നു. മുറിയുടെ മുകളിലെ നിരപ്പലകകളിലേക്കു നോക്കി എന്തോ ചിന്തിച്ച് അയാള്‍ നിശ്ചലനായി കിടന്നു.
ഒരു നിശ്ശബ്ദത ആ മുറിയിലാകെ ഘനീഭവിച്ചുനിന്നിരുന്നു. ഇടക്കിടയ്ക്കു മുഴങ്ങികേൾക്കുന്ന മൂങ്ങകളുടെ മൂളലല്ലാതെ മറ്റു ശബ്ദങ്ങളൊന്നും അവിടെ കേള്‍ക്കാനില്ലായിരുന്നു.
പതിവില്ലാത്ത ഒരു മുഖവുരയോടെ വർക്കി സെബാനോട് പറഞ്ഞു.
"സെബാനേ, ....മക്കള് അപ്പൻ പറയുന്നത് സമാധാനത്തോടെ കേക്കണം. നിന്നോട് അപ്പൻ ഇതുവരെ പറയാത്ത ഒരു കാര്യമുണ്ട്. ആർക്കുമറിയാത്ത ഒരു രഹസ്യം! നീയത് അറിയണം. അതിനുള്ള സമയമായി. ഇനിയും അതു പറഞ്ഞില്ലേ ഒക്കത്തില്ല."
തെല്ലിട നിറുത്തിയിട്ട് അയാൾ തുടര്‍ന്നു....
"പണ്ട്, ഒരു രാത്രി ഒരാൾ ഒരു പെണ്ണിനെയുംകൊണ്ട് ഈറ്റ കയറ്റാൻ പോയൊരു ലോറിയിൽക്കയറി ഈ മയിലാടുംപാറയിലേക്കെത്തിയ ഒരു കഥ. നിന്റമ്മ ത്രേസ്യയുമായിട്ട്... ഈ വർക്കി ഇവിടെയെത്തിയ കഥ."
"ഇതാണോ ഇത്ര വല്യ കാര്യം? ഈ കഥ ഞാനെത്ര കേട്ടിരിക്കണെന്റെപ്പാ.” സെബാൻ പറഞ്ഞു.
"അതല്ല മക്കളേ, ഇതു നീയറിയാത്ത ഒരു കാര്യമാണ്. ഈ പാറയുടെ ചരുവിലേക്ക് എന്‍റെ കൂടെ വരുമ്പോള്‍, അന്നവളുടെ വയറ്റിൽ നീ ഉണ്ടായിരുന്നു; ഒരു ചതിയുടെ വിത്തായിട്ട്!!"
"അപ്പന് അയൽവക്കംകാരിയായ നിൻറമ്മയെ ജീവനേക്കാളേറെ ഇഷ്ടമായിരുന്നു. പക്ഷേ, അവള് സ്നേഹിച്ചിരുന്നത് എന്‍റെ ചങ്ങാതി ജോർജ്ജിനെയായിരുന്നു. അവന്‍റെ മകനാണ് നീ. ഞാൻ നിന്‍റെ വളർത്തപ്പൻ മാത്രമാണ്." കിതച്ചുകൊണ്ട് അയാളിത്രയും സെബാനോട് പറഞ്ഞൊപ്പിച്ചു.
സെബാന്‍റെ മുഖത്തപ്പോൾ അത്ഭുതത്തേക്കാളേറെ കഠിനമായ ഹൃദയവ്യഥയുടെ ഭാവം നിഴലിച്ചു. സെബാന്‍റെ കണ്ണുകള്‍ ചുവന്നുനിറഞ്ഞു. അവൻ വർക്കിയുടെ അടുത്ത്, കട്ടിലിൽ ചെന്നിരുന്നിട്ട് പറഞ്ഞു:
"അപ്പനിതെന്നാ പറയണേ. അങ്ങനൊന്നുമില്ല. ഞാനിതു വിശ്വസിക്കൂലാ. എന്റപ്പൻ ജോർജ്ജല്ലാ... വർക്കിയാ, ഈ ഒറ്റയാൻ വർക്കി. ഞാനീ വർക്കീടെ മോനാ.'' എന്നിട്ടവൻ വർക്കിയുടെ കൈയെടുത്ത് തന്‍റെ ഇരുകൈകളിലും കൂട്ടിപ്പിടിച്ചു.. സെബാന്‍റെ വിറയാർന്ന ചുണ്ടുകള്‍ വാക്കുകള്‍ക്കായി പരതി.
"അമ്മച്ചീടെ രൂപം ഞാനിന്നേവരെ കണ്ടിട്ടേയില്ല. ജനിച്ചപ്പളേ എന്‍റെ അപ്പനും അമ്മയും ഒരാളാണ്. അതൊരിക്കലും മാറൂല്ലാ. ഞാൻ ത്രേസ്യെടേം വർക്കിടേം മോനാണ്. അപ്പനതു നിഷേധിക്കരുത്." കൂട്ടിപ്പിടിച്ച വർക്കിയുടെ കൈകളിലേക്ക് സെബാന്‍റെ കണ്ണുകളില്‍നിന്നും കണ്ണുനീര്‍ ഉതിർന്നുവീണുകൊണ്ടേയിരുന്നു.
"അവളെ ഞാൻ സ്നേഹിച്ചിരുന്നെടാ കുഞ്ഞേ. വർക്കീടെ ജീവനെക്കാളും. പക്ഷേ, വിരലുകൊണ്ടുപോലും ഞാനവളെ തൊട്ടിട്ടില്ലാ.”
മറ്റൊരാള് അറിഞ്ഞ് അവള്‍ക്കൊരു മാനക്കേട്‌ വേണ്ടെന്നുവച്ചാ ഞാനീ കേട്ടുകേള്‍വി മാത്രമുള്ള മല കയറിയത്. അവസാനം നിന്നേം തന്നേച്ച് അവളങ്ങു പോയി. ഈ മലേന്ന് ചുമന്ന് താഴേ എറക്കീപ്പത്തേക്കും ചോര വാർന്നു വാർന്ന് അവള്‍ ഈ ലോകം വിട്ടു. എനിക്ക് സ്നേഹിക്കാന്‍ ഈ ദൈവക്കുഞ്ഞിനേം തന്നേച്ച്."
"ഞാനല്ലേ അവളെ സ്നേഹിച്ചൊള്ളൂ. അവൾക്ക് എന്നെ ഇഷ്ടപ്പെടാനൊരു വഴീം ഇല്ലായിരുന്നു."
"അല്ലേതന്നെ ഈ കാട്ടുപോത്തിനെപ്പോലിരിക്കുന്ന ഒറ്റയാൻവർക്കിക്ക് ദൈവക്കുഞ്ഞിനെപ്പോലിരിക്കുന്ന നീ മകനായ് ജനിക്കുവോ?!"
"നീ പോണം കുഞ്ഞേ. നിന്‍റെ ശരിക്കൊള്ള അപ്പൻ ജോർജ്ജിനെ പോയി കാണണം. നിന്നെയവൻ സ്വീകരിക്കും."
"അവന് മക്കളില്ലെന്ന വിവരം ഞാന്‍ ഈ അടുത്തിടെയാണറിഞ്ഞത്. ഇനീം ഇതു നിന്നോടു പറഞ്ഞില്ലേ ദ്രോഹമാകും."
"വർക്കീടെ കൂടെ ഈ കാട്ടിൽ കഴിയേണ്ടവനല്ല നീ. നല്ല സൗകര്യമുള്ള തറവാട്ടിലെ മോനാ. ഇവിടെ ഈ ചാണകച്ചൂരുംപറ്റി... വേണ്ടാ, നീ പോകണം.”
വർക്കി ജഗ്ഗിലിരുന്ന ജീരകവെള്ളമെടുത്ത് ഒറ്റവലിക്കു കുടിച്ചുതീർത്തു. എന്നിട്ട് കട്ടിലിന്‍റെ അഴികളിൽ മുറുകെപ്പിടിച്ചുകൊണ്ട് ഒരു നെടുവീര്‍പ്പോടെ പറഞ്ഞു:
"വർക്കിക്ക് കൂട്ട് ഈ കാടുണ്ടെടാ. ഈ മലേടെ ചൂരും തണുപ്പും ത്രേസ്യെടെ ഓർമ്മേം മതി വർക്കിക്ക് ഈ ആയുസ്സ് കഴിക്കാൻ. ഇത് എന്‍റെ മാത്രം കാര്യമല്ല. വീടും കുടുംബോം ഒക്കെ സ്വപ്നം കണ്ട്, ഇടുക്കി കാടു കയറിയ മിക്കവരുടെയും കാര്യമാണ്‌.” ഞങ്ങൾക്കാർക്കും ഇവിടം വിട്ട് പോകാൻ കഴിയില്ല .
“അവസാനമൊക്കെ ആയപ്പോഴേക്കും അവള്‍ക്കെന്നെ ഇഷ്ടമാകാന്‍ തുടങ്ങിയാരുന്നോന്നൊരു തോന്നൽ. അതുകൊണ്ടായിരിക്കും ചിലപ്പം ഏലച്ചോട്ടിൽ നിൽക്കുമ്പം ഒരെലയനക്കോം മിന്നായോമൊക്കെ കാണണത്. അവള് എന്നേം നിന്നേം കാണാൻ വരുന്നതാവണം."
“എന്തായാലും നീ പോണം സെബാനെ ജോർജ്ജിന്‍റെ അടുക്കലേക്ക്.”
വർക്കിയുടെ അരികിൽനിന്നുമെഴുന്നേറ്റ സെബാൻ, വാതിൽ തുറന്ന് വരാന്തയിലേക്കിറങ്ങി. വെറുംനിലത്ത് ഭിത്തിയില്‍ ചാരിയിരുന്നു.
മഞ്ഞടരുപോലേ സമയം പിന്നെയും ഇഴഞ്ഞുനീങ്ങി. മലമടക്കുകളിൽനിന്നും കാലൻകോഴിയുടെ ഉച്ചത്തിലുള്ള കരച്ചില്‍ ആ നിശബ്ദതയ്ക്കുമേൽ വന്നു പൊട്ടിച്ചിതറി.
വർക്കീടെകൂടെ പള്ളിസ്കൂളിൽ പോയതും സിറ്റിയിലെ ചായക്കടേന്ന് പലഹാരം വാങ്ങിതന്നതും തന്നെയും തോളിൽച്ചുമന്ന് കുന്നുകേറീതും ഇന്നെന്നോണം അവന്‍റെ മനസ്സില്‍ ചിത്രങ്ങളായി. കുന്നുകേറുമ്പോള്‍ പറഞ്ഞുതന്നിരുന്ന നല്ല ശമര്യാക്കാരന്‍റെയും സഖായിയുടെയും കഥകള്‍ അവന്‍റെ മനസ്സില്‍ തെളിഞ്ഞുമറഞ്ഞു. അപ്പന്‍റെ തോളത്തിരുന്ന്, രണ്ടുവശത്തുമുള്ള തെരുവപ്പുല്ലിന്‍റെ പൂക്കുലകളെ തലോടി പോന്നിരുന്ന ഇരുട്ടാര്‍ന്ന സന്ധ്യകള്‍ അവന്‍റെ മനസ്സില്‍ വന്നുപോയി. കുടുക്കുവെച്ച് പന്നിയെപ്പിടിച്ചതും പാറയുടെ ചെരുവിലെ ഓലീന്ന് ഹോസിട്ട് വെള്ളം തിരിച്ചതും മനസ്സിലേക്കോടിവന്നു. ശാദ്വലമായ ആ ഓർമ്മകളിൽ മുഴുകി സെബാന്‍ ഭിത്തിയിൽച്ചാരി അറിയാതെ മയങ്ങിപ്പോയി.
ആ മയക്കത്തിൽനിന്നും സെബാനുണർന്നപ്പോൾ വെളിച്ചം വീണുതുടങ്ങിയിരുന്നു. മരങ്ങളുടെ ഇടതൂര്‍ന്ന ഇലകള്‍ക്കിടയിലൂടെപ്പൊഴിയുന്ന പുലര്‍മഞ്ഞില്‍, കുഴലുപോലേ നേര്‍ത്തപ്രകാശം കടന്നു വന്നു. ശിഖരങ്ങളിൽ തേനീച്ച റാത്തലുകൾ തൂങ്ങിക്കിടന്ന ഏലത്തോട്ടത്തിലെ വലിയ ഇലവുമരത്തിലിരുന്ന മൈന തന്റെ ചിറകുകൾ കൊക്കു കൊണ്ട് കോതി മഞ്ഞുതുള്ളികളുണക്കി നീട്ടിയൊന്ന് ചൂളം വിളിച്ചിട്ട് പറന്നകന്നു . കാടുണര്‍ന്നുതുടങ്ങി.
വർക്കിയപ്പോൾ കറന്നെടുത്ത പാൽ പാത്രത്തിലേക്കു നിറയ്ക്കുന്ന തിരക്കിലായിരുന്നു. എന്നും രണ്ടാളും കൂടിയാണ് ആ ജോലികൾ തീർത്തിരുന്നത്. ഇന്ന്, അവനെ അയാൾ വിളിച്ചില്ല.
വരാന്തയിൽനിന്നും എഴുന്നേറ്റ സെബാൻ തിടുക്കത്തില്‍ അകത്തുപോയി സൊസൈറ്റിയിലേക്കു പോകാൻ റെഡിയായി വന്നു.
രണ്ടാളും ചേർന്ന്, പാൽ നിറച്ച ക്യാനുകളുമായി തെരുവപ്പുല്ലുകൾക്കിടയിലൂടെ താഴേക്കു നടന്നു. അരിച്ചരിച്ചു കടന്നുവരുന്ന വെളിച്ചം ഒപ്പമുണ്ടായിരുന്നുവെങ്കിലും ഒരു കനത്ത നിശ്ശബ്ദത അവർക്കിടയിൽ തളംകെട്ടിനിന്നു. ഇന്ന് തെരുവപ്പുല്ലുകള്‍ ഒന്നുലയുകപോലും ചെയ്യാതെ, തന്നില്‍നിന്നകന്നു നില്‍ക്കുന്നതുപോലേ സെബാനു തോന്നി.
മലയിറങ്ങി ചെമ്മൺപാതയും താണ്ടി സിറ്റിയിലേക്കുള്ള ഇറക്കത്തിനൊടുവില്‍ വേളാങ്കണ്ണിമാതാ പള്ളിയുടെ കുരിശടിക്കരികിൽ അവരെത്തി. കൽക്കുരിശിന്‍റെ ചുവട്ടില്‍ വഴിയാത്രക്കരാരോ കത്തിച്ച മെഴുകുതിരികള്‍ അപ്പോഴും എരിയുന്നുണ്ടായിരുന്നു.
തെല്ലിട നിന്ന സെബാൻ, ക്യാന്‍ താഴേവച്ച് മുന്നിൽ നടന്ന അപ്പന്‍റെ ചുമലിൽപ്പിടിച്ച് തന്‍റെ അരികിലേക്കു ചേർത്തുനിറുത്തി. എന്നിട്ട് ആ മെഴുകുതിരികളെ ചൂണ്ടി പറഞ്ഞു:
"അപ്പന്‍ ആ തിരി കണ്ടോ? ഉരുകിയൊലിക്കുന്ന ആ വലിയ മെഴുകുതിരി? അതാരാണെന്നറിയാമോ? അത് എന്‍റെ ഈ അപ്പനാണ്. ഞാനെന്ന വെട്ടം തെളിഞ്ഞുനിൽക്കാൻ ഉരുകിക്കൊണ്ടിരിക്കുന്ന ഒരു ജീവിതം. ആ അപ്പനെ മറന്ന് എനിക്ക് വേറാരേം വേണ്ടാ. അപ്പന്‍റെ തോളിലൊരു തഴമ്പുണ്ട്. ഈ സെബാനെ തോളത്തുവെച്ചുണ്ടായ സ്നേഹത്തിന്റെ തഴമ്പ്. ആ തഴമ്പ് ഈ പറയണ ജോർജ്ജിനില്ല. അപ്പാ, ജന്മംനല്കിയതുകൊണ്ടാരും അപ്പനാവില്ല. ഞാൻ വർക്കീടെ മോനാണ്. എന്‍റെ അപ്പന്‍റെ സ്വന്തം മോൻ."
ഒരു രാത്രിമുഴുവന്‍ അടക്കിവച്ചിരുന്ന സങ്കടമത്രയും സെബാന്‍റെ വാക്കുകളിലുണ്ടായിരുന്നു. തീരത്ത് വന്നണഞ്ഞു ലയിക്കുന്ന തിരമാലയെപ്പോലേ, സെബാന്‍ വര്‍ക്കിച്ഛന്‍റെ തോളില്‍ തലചായ്ച്ചു. എന്നിട്ടൊരു കൊച്ചു കുഞ്ഞിനെപ്പോലെ വിതുമ്പി.
"അമ്മയോടുള്ള അപ്പന്‍റെ സ്നേഹം എനിക്കറിയാം. അപ്പന്, എന്‍റെ അമ്മച്ചി തന്ന സമ്മാനമാണീ ഞാൻ. അമ്മച്ചിയോടുള്ള അപ്പന്‍റെ സത്യമുള്ള സ്നേഹത്തിന്, കൊതി തീർക്കാൻ അമ്മച്ചി നൽകിയ സമ്മാനം."
"അപ്പനറിയാത്തയൊരു കാര്യം ഞാൻ പറയാം. ഈ ജോർജ്ജുണ്ടല്ലോ, ഒരിക്കലെന്നെത്തേടി വന്നിരുന്നു. അയാളുടെ കാശും തറവാടുമെല്ലാം എനിക്കുള്ളതാന്നും പറഞ്ഞു. അന്നും ഞാനൊന്നേ പറഞ്ഞുള്ളൂ..”
“എന്റപ്പൻ കുന്നേല്‍ വർക്കിയാണ്. വർക്കി നിഷേധിക്കാത്ത കാലംവരെ അതങ്ങനെതന്നെയാണെന്ന്. എന്നിട്ടും, അപ്പന്‍ ഇന്നലെ ഞാൻ സ്വന്തം മകനല്ലെന്നു പറഞ്ഞപ്പം ഈ ചങ്കുണ്ടല്ലോ.... പാറച്ചെരുവില്‍ കിടക്കണ ചുക്കുപോലേ പൊരിയുകാര്‍ന്നൂ.. സഹിച്ചില്ലെനിക്ക്."
സെബാന്‍ വർക്കിയെ ഒന്നുകൂടി തന്‍റെ നെഞ്ചോട്‌ ചേർത്തുപിടിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ താനാണെന്ന് വർക്കിക്ക് അപ്പോൾ തോന്നി. തങ്ങളുടെ ഈ സ്നേഹപ്രകടനം കണ്ട് കുരിശിനു മുകളിലെ കൽപ്പടവിൽ മെഴുകുതിരിവെട്ടത്തിൽ മങ്ങിയ വെള്ളവസ്ത്രവുമായി ത്രേസ്യനിൽക്കുന്നതായി അയാൾക്ക് തോന്നി!! അയാൾ സെബാനെ മുറുകെപ്പുണര്‍ന്നു.
ഒന്നാം കുര്‍ബാനയ്ക്കുള്ള പള്ളിമണിയുടെ അലകള്‍, ആ മലമടക്കുകളെ പുളകംകൊള്ളിച്ച്, ഗോൾഡൻ വാലിയിലൂടെ ഒരു ശാന്തിഗീതംപോലെ കടന്നുപോയി.
(അവസാനിച്ചു)
അരുൺ -  #Arun V Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot