
അന്നൊരു രാത്രി ഉമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഉമ്മ പറഞ്ഞു...' ഓര് വല്ല്യ കൂട്ടരാണ് ... അന്നെ ഇഷ്ടായി വന്നതല്ലേ... എതിര് പറഞ്ഞാൽ കുടുംബക്കാർ എല്ലാരും പിണക്കാവും.. പഠിത്തം മുടക്കൂലാന്ന് പറഞ്ഞതല്ലേ... മോൾ സമ്മതിക്കണം...!'
അങ്ങനെയായിരുന്നു ഞാനും ഷാഫിയും തമ്മിലുള്ള കല്ല്യാണം നടക്കുന്നത് .ഡിഗ്രി ഒന്നാം വർഷമെ ആയിട്ടുള്ളായിരുന്നു... ബാക്കി പഠിത്തമൊക്കെ ചെക്കന്റെ വീട്ടീന്ന് എന്നതായിരുന്നു എന്നെ സംബന്ധിച്ചിടത്തോളം പ്രധാന കരാർ. ബാക്കി ഒന്നും തന്നെ ഞാൻ ശ്രദ്ധിച്ചതെ ഇല്ല.
ഷാഫിക്ക എന്നെ എവിടെയോ വെച്ച് കണ്ട് ഇഷ്ടമായതാണ് പോലും. അത് എന്നോട് ഒരു ദിവസം പറയുകയും ചെയ്തു. ഞാൻ പറഞ്ഞത് ഇപ്പം കല്ല്യാണമല്ല പഠിത്തമാണ് പ്രധാനമെന്നായിരുന്നു. അതിനയാൾ ചിരിക്കുക മാത്രം ചെയ്തു. പിന്നെ കാണുന്നത് ഒരു കുടുംബം മുഴുവനായി പെണ്ണ് കാണാൻ വരുന്നതാണ്. മൂത്താപ്പ കാര്യം ഏറ്റെടുത്തതോടെ പിന്നെ എതിര് പറച്ചിലിനൊന്നും ഫലമില്ലാതായി.അങ്ങനെ.....
കല്ല്യാണം കഴിഞ്ഞ് കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഇക്ക ഗൾഫിലേക്കങ്ങ് വിമാനം കയറി. പൊതുവെ സമാധാന പ്രിയയായ അമ്മായി ഉമ്മയും ശാന്തനായ ഉപ്പയും പിന്നെ നാത്തൂൻ മാർ വല്ലപ്പോഴും വന്നാലായി. ഞങ്ങളാവട്ടെ ഫോൺ കോളുകളിലൂടെ പ്രണയം പങ്ക് വെച്ചു.
കോളേജിൽ പോക്ക് വീണ്ടും തുടരാനായപ്പോഴാണ് ഫാഷിക്ക ആദ്യമായി വിചിത്രമായ ഒരാവിശ്യം പറഞ്ഞത്. രാവിലെ വീട്ടിൽ നിന്നിറങ്ങുന്നതിന് മുമ്പും വൈകിട്ട് വീട്ടിൽ കയറുന്നതിന് മുമ്പും ഓരോ ഫോട്ടോ അയച്ച് കൊടുക്കണം! എനിക്ക് വലിയ തമാശയായിട്ടാണ് തോന്നിയത്... എന്നാൽ അങ്ങനെ അല്ലെന്ന് മനസ്സിലായത് ഒരു ദിവസം വൈകിട്ട് ഫോട്ടോ അയക്കാൻ മറന്നപ്പോഴാണ്.
അന്ന് രാത്രി പത്ത് മണി വരെ എനിക്ക് പുറത്ത് നിൽക്കേണ്ടി വന്നു! 'ഓൻ പറയണ പോലെയെ ഞങ്ങക്ക് കേൾക്കാൻ പറ്റൂ മോളെ ' എന്ന് അമ്മായി ഉമ്മയും ഉപ്പയും നിസ്സഹായത പറയുക മാത്രം ചെയ്തു. അവസാനം എന്റെ വീട്ടിൽ നിന്ന് ഉമ്മയും മൂത്താപ്പയും വരേണ്ടി വന്നു കാര്യങ്ങൾക്ക് ഒരു തീരുമാനമാവാൻ.. പോവാൻ നേരം മൂത്താപ്പ പറഞ്ഞത് അന്റെ തുള്ളാട്ടം കുറച്ച് ഓൻ പറയണ പോലെ കേൾക്കാനാണ് !
അതൊരു തുടക്കമായിരുന്നു. പിന്നീടങ്ങോട്ട് സ്നേഹമാണോ ഭ്രാന്ത് ആണോ എന്ന് തിരിച്ചറിയാനാവാത്ത വിചിത്രമായ ആവശ്യങ്ങൾ.. വസ്ത്രങ്ങളടക്കം ഓരോ ചെറിയ കാര്യത്തിനും സമ്മതം തേടണം.. വീഡിയോ കാൾ ചെയ്യാൻ പറഞ്ഞാൽ അപ്പോൾ ചെയ്തോളണം... ഫ്രണ്ട്സിന്റെ കൂടെ ആണെന്ന് പറയുമ്പോഴാണ് ആ ആവശ്യം കൂടുതൽ വരിക. എന്നിട്ടൊരു പറച്ചിലുണ്ട്. '' കാലം വല്ലാത്തതാണ് മോളെ... അന്നെ നോക്കാൻ ഞാനല്ലെ ഉള്ളൂ.... "
പലപ്പോഴും എനിക്ക് പറയാൻ തോന്നിയിരുന്നു." ഓയ് കാക്ക... ഇത്രേം കാലം ഞാൻ ജീവിച്ചതും വളർന്നതും സ്വന്തമായ തീരുമാനങ്ങളിൽ തന്നെയാണ് .. വളരെ ചെറുപ്പത്തിലെ ഉപ്പ ഇല്ലാതായിട്ടും ജീവിതത്തെ കൃത്യമായ ലക്ഷ്യങ്ങളിലൂടെയാണ് മുന്നോട്ട് നയിച്ചത് " പക്ഷേ... ഞാനൊന്നും പറഞ്ഞില്ല!
കയറില്ലാതെ കെട്ടിയിട്ട പോലെ 8 മാസങ്ങൾ കടന്നു പോയി.നിബന്ധനകളും നിയമങ്ങളും ഓരോ ദിവസവും കൂടി വന്നതെ ഉള്ളൂ..
ഒരു ദിവസം ക്ലാസിലുള്ള അൽത്താഫ് ഞങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ ഫെയ്സ് ബുക്കിലിട്ടത് വഴിത്തിരിവായി .. അത് വലിയ കോലാഹലമാണ് ഉണ്ടാക്കിയത്. എനിക്ക് എന്റെ വീട്ടിലേക്ക് മാറേണ്ടി വന്നു. ഒരു മാസം കഴിഞ്ഞപ്പോൾ അതും സംഭവിച്ചു.. വാട്സ് അപ്പിലൂടെ ഒരു മൊഴി ചൊല്ലൽ!
മൂക്ക് കയറഴിച്ച് വിട്ട പശുക്കിടാവിന്റെ വികാരമാണ് എനിക്ക് അപ്പോൾ തോന്നിയത്. സഹതപിക്കുന്നവരുടേയും കഥകൾ മിനയുന്നവരുടേയും മുന്നിലൂടെ തന്നെ ഒന്നും സംഭവിക്കാത്ത പോലെ കോളേജിലേക്ക് പോയതും അത് കൊണ്ട് തന്നെ.
ഒരു രാത്രി ഒരേ കട്ടിലിൽ കിടന്ന് എന്തോ ഓർത്ത് വിതുമ്പുന്ന ഉമ്മയെ ചേർത്തണച്ച് ഞാൻ പറഞ്ഞു... "എനിക്ക് പഠിക്കണം... ഡിഗ്രി കഴിഞ്ഞും മികച്ചൊരു യൂണിവേഴ്സിറ്റിയിൽ നിന്നും പി.ജി എടുക്കണം... റിസർച്ചുകൾ ചെയ്യണം... അങ്ങനെ അങ്ങനെ..." ഉമ്മ എന്റെ നെറ്റിയിൽ ഒരു ചുംബനം നൽകുക മാത്രം ചെയ്തു.
അന്ന് ഉറങ്ങുമ്പോൾ ഞാനൊരു മനോഹരമായ സ്വപ്നം കണ്ടു... അതിരില്ലാത്തൊരു നീലാകാശവും അതിൽ ചിറക് തളരാതെ പറക്കുന്നൊരു കുഞ്ഞ് പക്ഷിയേയും.
- യൂനുസ് മുഹമ്മദ് .
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക