Slider

കുട്ടിമാമയുടെ ഒരു സിനിമാവലോകനം

0

കുട്ടിമാമയ്ക്ക് തന്നേ പുള്ളിയെ പറ്റി ഒരിത് തോന്നി, എന്താല്ലേ. ഒരിത് അതിന് പറ്റിയ വാക്കില്ലാത്തതു കൊണ്ട് അതു തന്നേ കിടക്കട്ടേ എന്നു വച്ചു. എന്തെല്ലാമായിരുന്നു, മലപ്പുറം കത്തി, മെഷീൻ ഗണ്ണ്, അമ്പുംവില്ലുമെന്നു വേണ്ട, അവസാനം. അതൊന്നും പറയാതിരിക്കുകയാണ് ഭേദം. അയ്യോ കാര്യം പറഞ്ഞില്ലല്ലോ? പറയാതിരിക്കുന്നത് തെറ്റല്ലേ.
കാര്യം എന്താണെന്നു വച്ചാൽ ആ സിനിമ ഇറങ്ങിയപ്പോൾ കുട്ടിമാമ കേരളത്തിൽ നിന്ന് കാതങ്ങൾ അകലെ ഇരുന്ന് കൊണ്ടാണ് ചങ്കാണ്, ചങ്കിടിപ്പാണ് എന്നെല്ലാം പറഞ്ഞ് ആദ്യ പോസ്റ്റിട്ടത്. അതിനു ശേഷം അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയതും പിന്നെ നെറ്റിൽ നിന്ന് അടിച്ചുമാറ്റിയതും, കണ്ടവർ പറഞ്ഞ വിശേഷങ്ങളും ചേർത്ത് ഒരുഗ്രൻ അവലോകനം ഇട്ടു. സൂപ്പർ റിവ്യൂ എന്നു പറഞ്ഞ് ലൈക്കുകളും കമൻ്റുമെല്ലാം ഒന്നുരണ്ടു kയ്ക്ക് മുകളിൽ പോയി വൈറലായി. ഓൺലൈൻ പത്രത്തിൽ വരേ കുട്ടിമാമയുടെ ആ വൈറൽ റിവ്യൂ വന്നു. അതിനും കിട്ടി പത്തഞ്ഞൂറ് ലൈക്കും കമൻറും. അതെല്ലാം കഴിഞ്ഞിട്ട് നാളുകൾ കുറെയായി പക്ഷെ കുട്ടിമാമയ്ക്കിപ്പോഴാണ് പുള്ളിയേ പറ്റി ഓർത്തപ്പോൾ നേരത്തെ പറഞ്ഞ ആ ഒരിത് തോന്നിയത്. അതിപ്പോൾ ആരായാലും തോന്നുമല്ലേ, മറ്റൊന്നുമല്ല ഒരു കുറ്റബോധം. എന്നാൽ എല്ലാവരോടുമായി ഒരു സത്യം പറയട്ടെ, നിങ്ങളായി പുറത്ത് ആരോടും പറയരുത് കുട്ടിമാമ ആ സിനിമ ഇതുവരെ കണ്ടില്ല അതാണ് കാര്യം. ൻ്റമ്മേ കാണാതെ ഇങ്ങിനെ എഴുതിയെങ്കിൽ കണ്ടിട്ട് എഴുതിയിരുന്നെങ്കിൽ എന്ത് എഴുത്ത് എഴുതിയേനേ എന്ന് ആൾക്കാർ പറഞ്ഞേനേ എന്ന് കരുതി പുള്ളി ആ കുറ്റബോധത്തെ തന്നത്താൻ കുമ്പസാരം നടത്തി വെള്ളപൂശി സ്വയം വിശുദ്ധനായി പ്രഖ്യാപിച്ചു. നന്മയും തിന്മയും തന്നിലല്ല, ചെറിയ തിന്മയും വലിയ തിന്മയും തമ്മിലുള്ള പോരാട്ടമാണ് എന്ന് മനസ്സിൽ കുറിച്ചു.
അതെല്ലാം ചിന്തിച്ചിരുന്നപ്പോൾ ആണ് ഫോണിൻ്റെ വലത്തെ കോണിൽ ഒരു നോട്ടിഫിക്കേഷൻ മിന്നിമാഞ്ഞത്. എന്തെല്ലാം പറഞ്ഞാലും നോട്ടിഫിക്കേഷൻ വന്നാൽ അതെന്താണ് എന്നറിഞ്ഞില്ലെങ്കിൽ ഒരു തിക്കുമുട്ടലാണ്. ഉള്ളിലൊരു കിരുകിരുപ്പ്. ബാക്കടിച്ച് ബാക്കടിച്ച് ചെന്നപ്പോൾ യുറേക്കാ എന്നു പുള്ളിയ്ക്ക് വിളിച്ചലറാൻ തോന്നിയതിന് അത്ഭുതമൊന്നുമില്ല. നേരത്തെ പറഞ്ഞ സിനിമയുടെ വീഡിയോ ഇറങ്ങിയിരിയ്ക്കുന്നു, ആനന്ദ ലബ്ധിക്കിനിയെന്ത് വേണം പിന്നൊന്നും നോക്കിയില്ല. അപ്പോഴേ ഡൗൺലോഡ് ചെയ്യാനിട്ടു. അരമണിക്കൂറിനകം വീഡിയോ ഡൗൺലോഡ് ആയി. കാത്തിരുന്നു കിട്ടിയ കനകാവസരം കരഗതമായതിൻ്റെ ത്രില്ലിൽ കാതിലേയ്ക്ക് ഇയർ ഫോണും തള്ളിക്കയറ്റി മൊബൈൽ ഫോണിലേക്ക് കണ്ണുംനട്ട് കുട്ടിമാമ അങ്ങിനെ ആ ബ്ലോക്ക്ബസ്റ്റർ സിനിമയിലേക്ക് ആരോടും മിണ്ടാതെയുരിയാടാതെ
ആണ്ടിറങ്ങി.
തുടക്കം തന്നേ എല്ലാ സിനിമയിലുമുള്ള ശ്വാസംകോശം സ്പോഞ്ചു പോലെയുള്ളതാണ് എന്ന പരസ്യം കേട്ടപ്പോഴാണ്, പട്ടിക്ക് പൊതിയാ തേങ്ങ കിട്ടിയ പോലെ ആയല്ലോ ഇത് തനിക്കറിയാത്ത ഭാഷയാണല്ലോ എന്ന് തിരിച്ചറിഞ്ഞത്. എന്നാലും ഉള്ളിൽ പറഞ്ഞു തെക്കേയറ്റത്തു കിടക്കുന്ന മലയാളവും വടക്കേ ഭാഗത്തു കിടക്കുന്ന ഹിന്ദിയും അറിയാം പിന്നെ കേരളത്തോട്തൊട്ടു കിടക്കുന്ന തമിഴും, തൊടാതെ കിടക്കുന്ന അക്കരെ നാട്ടിലെ അറബിയും തെരിയും. അതും പോരാതെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിലെ ഇംഗ്ലീഷും അറിയാവുന്ന തന്നോടാണോ ബാല ഈ തെലുഗു ഗുലു ഗുലു. ഏതായാലും സിനിമ തുടങ്ങി, തുടക്കത്തിലെ തുടക്കക്കാരൻ വെടക്കു ശബ്ദത്തിൽ എന്തരോ എന്തോ പറഞ്ഞു, ദൈവം സഹായിച്ച് അങ്ങേർക്ക് ആകെ മനസ്സിലായത് ഡ്രഗ് മാഫിയ എന്ന വാക്കു മാത്രം. എന്നാലും പോകെ പോകെ എല്ലാം മനസ്സിലാകും എന്നോർത്തിരുന്നു. പക്ഷെ കുട്ടിമാമക്ക് നല്ല പരിചയമുള്ള നടീനടന്മാർ മനുഷ്യന് മനസ്സിലാകാത്ത ഭാഷയിൽ പിന്നെയും എന്തെല്ലാമോ പറഞ്ഞു കൊണ്ടിരുന്നു അതിൽ നിന്ന് ആകെ പുള്ളിക്ക് മനസ്സിലായ ഒരേ ഒരു വാക്ക് വർമ്മഗാരൂ എന്നു മാത്രം. അതോടെ അദ്ദേഹം ആയുധം വച്ച് കീഴടങ്ങി, ഡൗൺലോഡ് ചെയ്ത സിനിമയും ഡിലേറ്റ് ചെയ്ത് എന്തോ കളഞ്ഞ അണ്ണാനെപ്പോലെ ആകാശം നോക്കിയിരുന്നു.
അന്നത്തെ ദിവസം അങ്ങിനെ പോയെങ്കിലും അടുത്ത ദിവസം അതേ സിനിമയുടെ തമിഴ്പ്പതിപ്പ് സിനിമ ഇറങ്ങിയ നോട്ടിഫിക്കേഷൻ വന്നു. അതിയായ സന്തോഷത്തോടെ അങ്ങിനെ ആ സിനിമ ഡൗൺലോഡ് ചെയ്ത് മുഴുവനും ആസ്വദിച്ച് കണ്ടിഷ്ടപ്പെട്ടു എങ്കിലും കുട്ടിമാമയ്ക്ക്
അങ്ങോട്ട് കോൾമയിർ കൊള്ളാനായില്ല. ചങ്കാണ് ചങ്കിടിപ്പാണ് എന്നെല്ലാം നേരത്തെ എഴുതിപ്പിടിപ്പിച്ചെങ്കിലും ചങ്കിലൊന്നും ചെന്തീയാകാനൊന്നും ഇഷ്ടതാരത്തിൻ്റെ അന്യഭാഷയിലെ സംഭാഷണങ്ങൾക്കായില്ലല്ലോ എന്ന വേദന ആരോടും ഷെയറു ചെയ്യാനാകാതെ പുള്ളിയുടെ നെഞ്ചകം കണ്ണീർപ്പൂവിൻ്റെ കരളിൽ തലോടി പുള്ളോർക്കുടം പോലെ തേങ്ങി.
ഒന്നു മുടങ്ങിയാൽ മൂന്ന് എന്ന പഴഞ്ചൊല്ലിൽ പതിരില്ല എന്ന വാദത്തെ അന്വർത്ഥമാക്കുമാറ് മൂന്നാംദിവസം നേരം വെളുത്തപ്പോൾ മലയാളം പതിപ്പിൻ്റെ വീഡിയോയും പുള്ളിക്ക് കിട്ടി.
പണ്ടെഴുതിയിട്ട അവലോകനത്തിൻ്റെ അതേ അഴകിലുള്ള ചിത്രമദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ഇഷ്ടനായകൻ തിരശ്ശീലയിൽ വെടിച്ചില്ലുപോലെ സ്വന്തം ഭാഷയിൽ പറഞ്ഞ ഡയലോഗുകളിൽ സ്വയം മറന്ന് ആനന്ദനൃത്തമാടി. അങ്ങിനെ കുട്ടിമാമ സിനിമ കാണുന്നതിന് മുമ്പ് തന്നേ എഴുതി തയ്യാറാക്കിയ അവലോകനം
ഒരു ഒന്നൊന്നര താത്വികമായ അവലോകനമായി ചരിത്രത്തിൽ ഇടം പിടിച്ചു.

PS Anilkumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo