നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

മെയ് പന്ത്രണ്ട്

Image may contain: 1 person, sitting and indoor
മഴ തിമിർത്ത് പെയ്ത, ആ വൈകുന്നേരം തന്റെ ഉടലിലേക്കരിച്ചു കയറിയ തണുപ്പ്... പിന്നീടൊരിളം ചൂടായ് മാറുകയും, പതിയെ കനത്ത്... ശരീരത്തിന്റെ ഊഷ്മാവുയർത്തുകയും, ഉമിനീര് വറ്റിച്ച്... വായ്ക്കുള്ളിൽ കയ്പ്പു നിറക്കുകയും ചെയ്തപ്പോൾ... താൻ പനിയുടെ പിടിയിലമർന്നെന്ന് വിനുവിന് മനസ്സിലായി!
അസ്വസ്ഥതയോടെ കട്ടിലിൽ ഏറെ നേരം തിരിഞ്ഞും, മറിഞ്ഞും കിടന്ന അവൻ രാത്രിയുടെ ഏതോ യാമത്തിൽ... പനി സമ്മാനിച്ച കടുത്ത ക്ഷീണത്താൽ ഗാഢ നിദ്രയിലാണ്ടു... പിറ്റേന്ന് ഉറക്കം വിട്ടുണർന്നപ്പോൾ, നേരം പതിവിലും ഏറെ വൈകിയിരുന്നു...ദേഹമാസകലം അനുഭവപ്പെട്ടുകൊണ്ടിരുന്ന വേദനയുടെ അസഹ്യതയിൽ... ആ കട്ടിലിൽ തന്നെ കിടന്ന അവൻ... എതിർവശത്തെ ചുവരിലുള്ള ക്ലോക്കിലേക്ക് നോക്കിയപ്പോൾ സമയം അതിൽ എട്ട് കഴിഞ്ഞിരുന്നു !.
"എടാ വിച്ചു... നീ ഇതുവരെ റെഡിയായില്ലെ? നീ കാരണം ഞാനിന്നും ലേറ്റവും...! വേഗം വന്നിത് കഴിക്ക് മോനെ... "
അടുക്കളയിൽ നിന്നും, ഉച്ചത്തിൽ കേട്ട ഭാര്യ ജിൻസിയുടെ ശബ്ദമപ്പോൾ, അവന്റെ കാതുകളിലേക്ക് വന്നലച്ചു... സിറ്റിയിലെ ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ നഴ്സാണ് അവൾ... രാവിലത്തെ ഷിഫ്റ്റിൽ ജോലിക്ക് കയറാനുള്ള തത്രപ്പാടിൽ മകനുമായ് ഉണ്ടാക്കുന്ന, ഈ കോലാഹലം പതിവായതിനാൽ വിനുവിനതിൽ പുതുമയൊന്നും തോന്നിയില്ല...! പിന്നെ കുറേ നേരം കേട്ട പാത്രങ്ങളുടെ ചിലമ്പൽ ശബ്ദത്തിന് ശേഷം കൈയ്യിലൊരുകപ്പ് കാപ്പിയുമായി അവൾ വിനുവിന്റെ അരികിലേക്കെത്തി.
ചായക്കപ്പ് കട്ടിലിനരികിലെ ടേബിളിൽ വെച്ച്, അതൊരു ബുക്ക് കൊണ്ട് മൂടി വെച്ച ശേഷം... അവൾ ആ കട്ടിലിൽ ചെന്നിരുന്നു... എന്നിട്ട് തന്റെ തണുത്ത കൈത്തലം അവന്റ നെറ്റിയിൽ വെച്ചുകൊണ്ട് പറഞ്ഞു:
" രാത്രി ദേഹത്തിന് നല്ല ചൂടുണ്ടായിരുന്നു... ഉറക്കത്തിലെന്തൊക്കെയോ പിച്ചും, പേയും പറയുന്നതും കേട്ടു !. മടിപിടിച്ചിരിക്കാതെ രാവിലെ തന്നെ ഹോസ്പിറ്റലിൽ പോകണം. പഴയത് പോലല്ല... ഇപ്പോഴത്തെ പനി നല്ലതുപോലെ സൂക്ഷിക്കണം!."
ഒരു നിമിഷം അവളുടെ മുഖത്തേക്ക് നോക്കിയ വിനു... അപേക്ഷാ ഭാവത്തിലെന്ന പോലെ അവളോട് ചോദിച്ചു... "നിനക്കിന്നൊരു ലീവെടുത്ത് കൂടെ ജിൻസി ?. "
" ഹാ ....അതാ ഇപ്പം നന്നായെ...!. ഈ മഴ തുടങ്ങിയതിൽപ്പിന്നെ പനിക്കാരെക്കൊണ്ട് ഹോസ്പിറ്റൽ നിറഞ്ഞിരിക്കുവാ... ഇപ്പം ലീവും ചോദിച്ചങ്ങ് ചെന്നാലെ... സ്ഥിരമായി വീട്ടിലിരുന്നോളാൻ പറയും ആ നഴ്സിംഗ് സൂപ്രണ്ട്.
ഒന്ന് നിർത്തിയിട്ട് മേശവലിപ്പ് തുറന്ന് അതിൽ എന്തോ തിരഞ്ഞ് കൊണ്ട് അവൾ തുടർന്നു ... വിനുവേട്ടനിത് വല്ലതും അറിയണോ...? ഇവിടിങ്ങനെ കുത്തിപ്പിടിച്ചിരുന്ന് ഓരോന്നെഴുതി കൂട്ടിയാൽ മതിയല്ലോ...! എന്നാലതുകൊണ്ട് വല്ല പ്രയോജനവും ഉണ്ടോ ...? അതൊട്ടില്ലാതാനും.
ഞാൻ കൂടെ ജോലിക്ക് പോയില്ലെങ്കിലെ ബാക്കി കാര്യങ്ങളൊക്കെ എങ്ങനെ നടക്കും?. ഈ മാസത്തെ ശമ്പളം കിട്ടിയിട്ട് വേണം മോന്റെ കഴിഞ്ഞ ടേമിലെ ഫീസടക്കാൻ...പലചരക്ക്, പച്ചക്കറി, പാൽ, ഫ്ലാറ്റിന്റെ വാടക... കർത്താവെ ഓർത്തിട്ടെന്റെ തല പെരുക്കുന്നു!. "
ഇതും പറഞ്ഞ് കട്ടിലിൽ നിന്നും എഴുന്നേറ്റ അവൾ... ഒന്നും മിണ്ടാതെ സീലിംഗിലേക്ക് ദൃഷ്ടി പതിപ്പിച്ച് കിടന്നിരുന്ന വിനുവിന്റെ ദേഹത്തുണ്ടായിരുന്ന പുതപ്പ് വലിച്ച് നേരെയിട്ടു ...എന്നിട്ട് പറഞ്ഞു:
" ഒരു പത്ത് മിനിട്ട് കൂടി കിടന്നോ... പിന്നെ എഴുന്നേറ്റ് ഹോസ്പിറ്റലിൽ പൊയ്ക്കോണം.
കുര്യക്കോസ് ഡോക്ടറെ കണ്ടാൽ മതി. അവിടെയാകുമ്പോൾ അധികം തിരക്കുണ്ടാവാൻ സാധ്യതയില്ല... മേശവലിപ്പിൽ ഞാൻ ഒരഞ്ഞൂറിന്റെ നോട്ട് വെച്ചിട്ടുണ്ട്... പോകുമ്പോൾ അതും എടുത്തോ... കൈയ്യിൽ ആകെ സൂക്ഷിച്ചിരുന്ന പൈസയാ."
പിന്നെ അല്പസമയം എന്തോ ചിന്തിച്ച് നിന്ന അവൾ ആത്മഗതമെന്നോണം ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു: " തീയതിയിന്ന് ഇരുപത്തിനാലെ ആയിട്ടുള്ളു...!
ശമ്പളം കിട്ടാൻ ഇനിയും ഒരാഴ്ച കൂടി കഴിയണം. മേഴ്സിയോട് കുറച്ച് രൂപ കടം ചോദിക്കാം ... ഞാൻ നോക്കിയിട്ട് ഇനി അതേ ഒരു വഴിയുള്ളൂ...ഇപ്പോൾ തന്നെ കുറെ വാങ്ങിയിട്ടുണ്ട് അവളുടെ കൈയ്യിൽ നിന്ന്!...ഇതൊക്കെ മടക്കി കൊടുക്കേണ്ടെ ...?അവൾ ഉള്ളതുകൊണ്ട് കൊള്ളാം...അല്ലെങ്കിൽ എന്ത് ചെയ്തേനെ?!."
ഒന്ന് ദീർഘ നിശ്വാസമെടുത്ത അവൾ... തന്റെ തലയിൽ ചുറ്റിയിരുന്ന നനഞ്ഞ ടവ്വലഴിച്ച് അത് വിരിക്കുന്നതിനായി ബാത്റൂമിന് നേർക്ക് നടന്നു.
ആ സമയത്ത് ഹാളിൽ നിന്നും വിച്ചു ആ മുറിയിലേക്കോടി എത്തി... ജിൻസി ജോലി ചെയ്യുന്ന ഹോസ്പിറ്റലിനടുത്തുള്ള ഒരു സ്കൂളിൽ യു.കെ.ജിയിൽ പഠിക്കുകയാണ് അവൻ. കട്ടിലിന് അരികിലെത്തിയ വിച്ചു അതിൽ കയറിയശേഷം... വിനുവിന്റെ അരികിലായിരുന്നു... എന്നിട്ട് തന്റെ കൈയ്യിലിരുന്ന ഒരു കളിപ്പാട്ടം, സ്റ്റെതസ്കോപ്പു പോലെ വെച്ച് അവനെ പരിശോധിക്കുവാനായ് ആരംഭിച്ചു.
ഈ കാഴ്ച കണ്ടുകൊണ്ടാണ് ബാത്റൂമിൽ നിന്നും ജിൻസി പുറത്തേക്ക് വന്നത്... ഇത് കണ്ടതും അവൾ വിച്ചുവിനെ ഉച്ചത്തിൽ ശകാരിക്കാൻ തുടങ്ങി...
" വിച്ചൂ... പപ്പക്ക് പനിയാണെന്നറിഞ്ഞ് കൂടെ നിനക്ക്?
അടുത്തിരുന്നാൽ നിനക്ക് കൂടി അത് പകർന്നാലോ...?. എന്റെ കൈയ്യിലിനി ചില്ലി കാശില്ല നിന്നെ ആശുപത്രിയിൽ കൊണ്ടുപോകാനായിട്ട്. "
എന്നിട്ട് വിനുവിനെ നോക്കി ചോദിച്ചു ''അവൻ ചെറിയ കുട്ടിയല്ലേ...? വിനുവേട്ടനെങ്കിലും ഒന്ന് പറഞ്ഞു കൊടുത്തു കൂടെ... പനി പകരുന്നതാണ് അടുത്തേക്ക് വരരുതെന്ന്. "
അവളുടെ ആ ശകാരത്തെ അവഗണിച്ച്, മോനേ തന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവൻ വിച്ചുവിനോട് ചോദിച്ചു "മോന് പപ്പേടെ പനിയൊന്നും പകരത്തില്ല അല്ലെടാ വിച്ചുവെ?."
" യേസ്... സിഹം പോലെ ശക്തിയുണ്ടെനിക്ക്." എന്ന് ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞ അവൻ കട്ടിലിൽ നിന്നും താഴെയിറങ്ങി യൂണി ഫോം ധരിക്കാനായി ജിൻസിയോടൊപ്പം പോയി.
ശരീരത്തിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന വേദന കൂടിക്കൂടി വരുന്നതായി വിനുവിനപ്പോൾ തോന്നി... ഒരു ജോലിക്ക് വേണ്ടിയുള്ള അലച്ചിലിൽ ഇന്നലെ കുറെ മഴ നനഞ്ഞിരുന്നു... അങ്ങനെ വന്നതാവണം ഈ പനി...അവൻ ചിന്തിച്ചു.
അല്പസമയം കഴിഞ്ഞപ്പോൾ മകനെയും ഒരുക്കി... ജോലിക്ക് പോകാൻ തയ്യാറായി ജിൻസി അവന്റെ അരികിലേക്ക് വന്നു... എന്നിട്ട് ഹോസ്പിറ്റലിൽ പോകുന്ന കാര്യം ഒരു വട്ടം കൂടി വിനുവിനെ ഓർമ്മിപ്പിച്ചു. "രാവിലെ തന്നെ ഹോസ്പിറ്റലിൽ പോയേക്കണം... സമയം വൈകിയാൽ പിന്നെ തിരക്കാവും... ഇഡ്ഡലിയും, ചട്ണിയും മേശപ്പുറത്ത് മൂടി വെച്ചിട്ടുണ്ട്... എടുത്ത് കഴിക്കണം. ഇപ്പോൾ തന്നെ നേരം കുറെ വൈകി... ഇന്ന് ആ സ്ത്രീയുടെ വായിൽ നിന്നും ചീത്ത ഉറപ്പാ... അല്ലെങ്കിൽ തന്നെ എന്നെ കാണുന്നത് അവർക്ക് സാത്താൻ കുരിശ്ശ് കാണും പോലെയാ ... എന്നാൽ ഞങ്ങളിറങ്ങട്ടെ!."
വാച്ചിലേക്ക് ഒരു വട്ടം കൂടി നോക്കിയിട്ട്, ഹാളിലേക്ക് പോയ അവൾ... വാതിൽ തുറന്ന്, കുഞ്ഞിന്റെ കൈയ്യും പിടിച്ച് തിടുക്കത്തിൽ വെളിയിലേക്കിറങ്ങി നടന്നു.
അവർ ഫ്ലാറ്റിന് പുറത്തിറങ്ങിയപ്പോൾ കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റ വിനു ജനാലക്കരികിലേക്കെത്തി അത് തുറന്ന് പുറത്തേക്ക് നോക്കി നിന്നു... നാലാം നിലയിലുള്ള ആ ഫ്ലാറ്റിന്റെ പുറം കാഴ്ചയിൽ...പുറത്ത് തിമിർത്ത് പെയ്യുന്ന മഴയിലൂടെ താഴെ നിരത്തിൽ പുഴപോലൊഴുകുന്ന വാഹനങ്ങളുടെ നിര അവന് കാണാൻ കഴിഞ്ഞു... അതിനിടയിലേക്ക് ഒരു പൊട്ടു പോലെ ജിൻസിയും, വിച്ചുവും കുടചൂടി അകന്ന് പോയപ്പോൾ... അവൻ തിരികെ കട്ടിലിനരികിലേക്ക് വന്നു... എന്നിട്ട് ടേബിളിൽ വെച്ചിരുന്ന കാപ്പിയുടെ കപ്പ് കൈയ്യിലെടുത്തു. ആ കപ്പ് മൂടി വെച്ചിരുന്ന പുസ്തകം കണ്ടപ്പോൾ അവന്റെ ചുണ്ടിലൊരു ചെറുപുഞ്ചിരി വിടർന്നു..."വി.കെ ഉണ്ണികൃഷ്ണൻ " എഴുതിയ മാർക്കസിന്റെ കോളറാ കാലത്തെ പ്രണയമെന്ന നോവലിന്റെ മലയാള പരിഭാഷയായിരുന്നു അത്.
പണ്ടൊരു പനിക്കാലത്ത്, പനിച്ച് വിറച്ച് ഹോസ്പിറ്റലിൽ കിടന്ന തന്നെ... അവിടെ പരിചരിക്കാനായെത്തിയ, അന്യമതസ്തയായ ... ജിൻസിയെന്ന നഴ്സിംഗ് വിദ്യാർത്ഥിനി തന്റെ പ്രണയിനിയായി മാറിയ സംഭവത്തെ, ആ കൃതിയെ ഓർത്ത് "പനിക്കാലത്തെ പ്രണയമെന്നായിരുന്നു " അന്നവൻ വിശേഷിപ്പിച്ചിരുന്നത്!.
ആ ഓർമ്മയാണ് അവന്റെ ചുണ്ടിലപ്പോൾ ചിരി പടർത്തിയത്.
ആ കാര്യം ഓർത്തപ്പോൾ അല്പനേരത്തേക്ക് അവൻ ചിന്തയിലാണ്ടു.. അന്ന് വീട്ടുകാരെ ധിക്കരിച്ച് അവളുടെ കൈയ്യും പിടിച്ചന്ന് വീട്ടിൽ നിന്നുമിറങ്ങുമ്പോൾ ചില്ലിക്കാശ് പോലും ഉണ്ടായിരുന്നില്ല സ്വന്തമായി!. കൂട്ടുകാരുടെ സഹായത്തോടെ... വാടക കുറഞ്ഞ ഈ ഫ്ലാറ്റും, മറ്റ് സൗകര്യങ്ങളും ഒക്കെ ഉണ്ടാക്കിയെടുക്കാൻ അന്നേറെ ബുദ്ധിമുട്ടി. അതിനായി അവളുടെ പക്കൽ അവശേഷിച്ചിരുന്ന സ്വർണ്ണവും അന്ന് നഷ്ടപ്പെടുത്തി... എല്ലാം ഒന്ന് കരക്കടുപ്പിച്ച് ഒരു വിധം ജീവിതം മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ... നാല് മാസങ്ങൾക്ക് മുൻപ് ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിലുണ്ടായിരുന്ന ലൈനറുടെ താത്കാലിക ജോലി തനിക്ക് നഷ്ടപ്പെടുന്നത്... അതോടെ ജീവിതം ആകെ താളം തെറ്റി...നഴ്സിംഗ് ജോലിയിൽ നിന്നും ലഭിക്കുന്ന അവളുടെ തുഛമായ വരുമാനത്തെ മാത്രം ആശ്രയിച്ചാണ് ഇപ്പോൾ കുടുംബം മുന്നോട് പോവുന്നത്...!. പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്... വേറൊരു ജോലിയുടെ കാര്യം ഇന്നലെ ഒരാൾ പറഞ്ഞിട്ടുണ്ട് എങ്ങനെയും അത് ശരിയാക്കണം...
തന്റെ ചിന്തകളിൽ നിന്നും മോചിതനായ അവൻ പ്രഭാത കൃത്യങ്ങൾ കഴിഞ്ഞത്... ഭക്ഷണം കഴിച്ചെന്ന് വരുത്തിയ ശേഷം, വസ്ത്രം മാറി വേഗം ഹോസ്പിറ്റലിലേക്ക് പോകാനിറങ്ങി.
**********************
രണ്ട് മാസങ്ങൾക്ക് ശേഷം... മഴക്കാലം പടിയിറങ്ങിത്തുടങ്ങിയ ഒരു ദിനം. കോൺക്രീറ്റ് സൗധങ്ങളാൽ തിങ്ങിനിറഞ്ഞ...ആ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിയ വിനു, അതിന്റെ ഓഫീസ് റൂം ലക്ഷ്യമാക്കി നടന്നു.
പകർച്ചപ്പനി ബാധിതർക്കിടയിലെ തന്റെ ഒദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ...പനി ബാധിച്ച് മരണപ്പെട്ട ഭാര്യ ജിൻസിയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റാനായ് എത്തിയതായിരുന്നു അവൻ അവിടെ.
അനുമതി വാങ്ങി, ആഡംബര പൂർണ്ണമായ, ശീതീകരിച്ച ഓഫീസ് മുറിയിലേക്ക് അവൻ കടന്ന് ചെന്നപ്പോൾ ... കൃത്രിമമായ് എടുത്തണിഞ്ഞ സഹതാപ ഭാവത്തോടെ... ഹോസ്പിറ്റലിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തന്റെ കസേരയിൽ ഇരിപ്പുണ്ടായിരുന്നു... എതിർ വശത്തുണ്ടായിരുന്ന കസേകളിലൊന്ന് ചൂണ്ടിക്കാട്ടി അവനോട് ഇരിക്കാൻ ആവശ്യപ്പെട്ട ശേഷം അയാൾ മുഖവുരയോടെ തുടർന്നു:
"മിസ്ടർ വിനു... താങ്കൾക്ക് നേരിട്ട ദുരന്തത്തിൽ ഞങ്ങൾക്ക് അതിയായ ദു:ഖമുണ്ട്... പക്ഷെ വിനു ഒരു കാര്യം മനസ്സിലാക്കണം ...ഞങ്ങൾക്കും പരിമിതികളുണ്ട് ... ജീവനക്കാർക്കായി മാനേജ്മെൻറ് ഏർപ്പെടുത്തിയിരുന്ന ഇൻഷുറൻസ് തുകയുടെ രണ്ട് തവണത്തെ ഗഡുക്കൾ താങ്കളുടെ ഭാര്യ അടച്ചിരുന്നില്ല... ആ നിലക്ക് ജിൻസിയുടെ തലേമാസത്തെ ശമ്പളം ഒഴികെ മറ്റ് സാമ്പത്തിക സഹായങ്ങളൊന്നും അനുവദിക്കാൻ ഈ ഹോസ്പിറ്റലിന്റെ റൂൾസ് ആൻസ് റെഗുലേഷൻസ് പ്രകാരം ഞങ്ങൾക്ക് സാധിക്കുകയില്ല... താങ്കൾക്ക് കാര്യങ്ങൾ മനസ്സിലായെന്ന് വിചാരിക്കുന്നു. അതു കൊണ്ട് താങ്കൾ ഈ തുക വാങ്ങി അത് കൈപ്പറ്റിയിരിക്കുന്നുവെന്ന് ഒന്ന് ഒപ്പിട്ട് നൽകണം
ഇതും പറഞ്ഞ് അയാൾ മേശവലിപ്പിൽ നിന്നും,ഒരു കവറെടുത്ത് വിനുവിന്റെ നേർക്ക് നീട്ടി... നിർന്നിമേഷനായ് നിന്ന് അത് വാങ്ങിയ അവൻ, അതിലുണ്ടായിരുന്ന തുഛമായ തുക താൻ കൈപ്പറ്റിയെന്ന് അയാൾ നീട്ടിയ രെജിസ്ട്രറിൽ ഒപ്പിട്ട് നൽകി...പിന്നെ പതിയെ ആ മുറിയിൽനിന്നും വെളിയിലേക്കിറങ്ങി... അവന്റെ തോളിലപ്പോൾ തളർന്ന് മയങ്ങുന്ന നിലയിൽ വിച്ചുവും ഉണ്ടായിരുന്നു. പനിരോഗികളാൽ നിറഞ്ഞിരുന്ന... ആശുപത്രിയുടെ ഇടനാഴിയിലെ തിരക്കപ്പോൾ നന്നേ കുറഞ്ഞിരുന്നു.
ആശുപത്രി മതിൽക്കെട്ടിന് വെളിയിൽ, ഒരു ഓട്ടോക്ക് വേണ്ടി അവൻ കാത്ത് നിൽക്കുമ്പോൾ... അതിനരികിലായ് ന്യായമായ വേതനത്തിന് വേണ്ടി ഭൂമിയിലെ മാലാഖമാർ പന്തൽ കെട്ടി സമരം നടത്തുന്നുണ്ടായിരുന്നു... അവിടുണ്ടായിരുന്ന ഉച്ചഭാഷിണിയിൽ നിന്നും ഉയർന്ന് കേട്ട പ്രസംഗത്തിൽ, മനുഷ്യൻ മരണഭയത്തോടെ കാണുന്ന പകർച്ചവ്യാധികളുടെയും, ഗുരുതര രോഗങ്ങളുടെയും ഇടയിൽ ...സ്വജീവൻ പോലും അവഗണിച്ച്...സ്നേഹത്തിന്റെയും, കാരുണ്യത്തിന്റെയും നിറ സാന്നിധ്യമാകുന്ന നഴ്സിംഗ് ജീവനക്കാർ നേരിടുന്ന കടുത്ത അവഗണനയെക്കുറിച്ച് ആരോ ഉച്ചത്തിൽ സംസാരിച്ചു കൊണ്ടിരുന്നു.
മഴമാറി വെയിൽ വീശിത്തുടങ്ങിയ ആ നേരത്ത്... അവനരികിലൂടെ കടന്ന് പോയ ആൾക്കൂട്ടത്തിലെ, വർണ്ണവസ്ത്രധാരികൾക്കിടയിലായ്ക്കണ്ട ഭൂമിയിലെ മാലാഖമാർക്ക്... അവർ ധരിച്ചിരുന്ന വെളുത്ത വസ്ത്രത്തിന്റെ വിശുദ്ധിയുടെ പകിട്ട് മാത്രമെ അവകാശപ്പെടാനൊള്ളൂ...എന്ന് അവനപ്പോൾ തോന്നി.
(മെയ് 12 - നഴ്സസ് ഡേ ..മാതൃദിനത്തോടൊപ്പം ഓർമ്മിക്കേണ്ട ഒന്ന് ... ഒരു പക്ഷെ ഈ ഭൂമിയിൽ നമ്മെ ആദ്യം സ്പർശിച്ചത് ആ മാലാഖച്ചിറകുകളാവാം.)
അരുൺ -
Arun V Sajeev

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot