നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 4


പുല്പള്ളിയിൽനിന്നും ഇരുളത്തിലേക്കുള്ള ബസ്സിലിരിക്കുമ്പോൾ ലക്ഷ്മിയമ്മയുടെ മനസ്സ് സംഘർഷഭരിതമായിരുന്നു.രാഘവൻ പറഞ്ഞതൊന്നും സത്യമാകല്ലേ എന്നു മനസ്സുരുകി പ്രാർത്ഥിച്ചു. ഒരിക്കലും വേറൊരു സ്ത്രീയുടെ മകളായിരിക്കില്ല ശ്രീജ മാത്രമല്ല അവളുടെ അച്ഛനേയും അമ്മയേയും കുടുംബാംഗങ്ങളെയും അവർക്കറിയാം അവർ തമ്മിലുള്ള സ്നേഹവും. ഒരു രാജകുമാരിയേപ്പോലേയാണ് അവർ അവളെ സ്നേഹിക്കുന്നതെന്നും. തന്റെ മകളല്ലാത്തവളെ ഇത്രകണ്ട് സ്നേഹിക്കാൻ ഒരു മാതാപിതാക്കൾക്കും കഴിയില്ല.തന്റെ രക്തമല്ലാത്ത ഒരു പെണ്ണിനെ സഹോദരിയായി സ്നേഹിക്കാൻ ഒരു സഹോദരനും കഴിയില്ല ഒന്നല്ലല്ലോ അവർ മൂന്നു പേരും സ്വന്തം മകളെപ്പോലേയാണ് അവളെ സ്നേഹിക്കുന്നത് ശ്രീദേവിയും അങ്ങനെ തന്നെ അതിൽ മാറ്റമില്ല.കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ എത്ര പ്രാവശ്യം താനതു നേരിൽ കണ്ടിരിക്കുന്നു. അവരുടെ സ്നേഹത്തിന്റെ ആഴം അങ്ങനെയുള്ള ആ പെങ്കൊച്ച് മറ്റാെരാളുടെ വയറ്റിൽ പിറന്നതാണെന്ന് എങ്ങനെ വിശ്വസിക്കും ഇനി രാഘവനു വല്ല മാനസീക വിഭ്രാന്തിയുമുണ്ടോ? അല്ലാതെ ഇങ്ങനെ പറയാൻ വഴിയില്ല പക്ഷേ അയാൾ പറഞ്ഞതാണ് സത്യമെങ്കിൽ അതെങ്ങനെ സംഭവിച്ചു? എങ്ങനെയാണ് ശ്രീജ ബാർബർ നാണുവിന്റെ മകളായത്? രാഘവൻ തന്റെ പെങ്ങളുടെ മകളെ എവിടെയായിരിക്കും ഉപേക്ഷിച്ചത്? ലക്ഷ്മിയേടത്തിക്ക് എവിടുന്നാണ് ആ കൊച്ചിനെ കിട്ടിയത്? സ്ക്കൂൾ സർട്ടിഫിക്കറ്റിൽ അച്ഛന്റെയും അമ്മയുടെയും പേരിന്റെസ്ഥാനത്ത് കെ.ടി നാണുവെന്നും ലക്ഷ്മിയെന്നുമാണല്ലോ? മനസ്സിൽ ഉത്തരം കിട്ടാത്ത കുറേ ചോദ്യങ്ങളുമായി അവർ ബസ്സിൽലിരുന്ന് തല പുകച്ചു.ഇതിനുള്ള ഉത്തരം രാഘവനു മാത്രമേ പറയാൻ കഴിയൂ അയാൾ അതു പറഞ്ഞേ പറ്റൂ.ശ്ശോ ബാക്കി കഥകൂടി ചോദിക്കാമായിരുന്നു. അയാൾ പറഞ്ഞതു കേട്ടപ്പാേൾ ദേഷ്യം വന്നതുകൊണ്ട് മറ്റൊന്നും ചിന്തിക്കാതെ എഴുന്നേറ്റു പോരുകയായിരുന്നല്ലോ? ഇനിയവരെ കാണാൻ പറ്റിയാൽ ഇതിനുള്ള ഉത്തരങ്ങൾ അവരേക്കൊണ്ട് തന്നെ പറയിപ്പിക്കും ഞാൻ.
വീട്ടിലെത്തിയിട്ടും രാഘവന്റെ വാക്കുകൾ അവരുടെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു
തിങ്കളാഴ്ച്ച പതിവുപോലേ ബസ്സിൽ ഒരുമിച്ചിരിന്നു യാത്ര ചെയ്യുമ്പൊഴും ഓഫീസിൽ ജോലി ചെയ്യുമ്പൊഴും ശ്രീജയെക്കുറിച്ച് താനറിഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ എങ്ങനെയെങ്കിലും അറിയണമെന്നുള്ള ആഗ്രഹമായിരുന്നു ലക്ഷ്മിയമ്മയുടെ മനസ്സുനിറയെ അവളോട് ചോദിച്ചാലോ എന്നു ചിന്തിച്ചു പിന്നീടത് വേണ്ടെന്നു വച്ചു. ഒരു പക്ഷേ സത്യമല്ലാത്ത കാര്യങ്ങളാണെങ്കിൽ തങ്ങൾ തമ്മിലുള്ള ബന്ധത്തെ അതു ബാധിച്ചേക്കാം അവൾ തന്റെ മേലുദ്യോഗസ്ഥയാണ് എന്നാൽ ആ അധികാരത്തോടെ ഒരിക്കൽപോലും തന്നോട് പെരുമാറിയിട്ടില്ല. ഇനി താനായിട്ട് അതിന് വഴിവയ്ക്കണ്ട ആവശ്യമുണ്ടോ?
ഏതായാലും ആ രാഘവൻ വീണ്ടും ഇവിടെ വരാതിരിക്കില്ല അപ്പോൾ എല്ലാം ചോദിച്ച് മനസ്സിലാക്കണം അതുവരെ കാത്തിരിക്കാം അയാളുടെ വരവിനായി പ്യൂൺ ലക്ഷ്മിയമ്മ കാത്തിരുന്നു. രാഘവനെ കണ്ടിട്ട് ഏതാനും മാസങ്ങൾ കടന്നുപോയിരുന്നു. പഴയ കാര്യങ്ങൾ അവർ മറന്നിരുന്നു. അവരേക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല അവർ തന്നെ കബളിപ്പിതാകാമെന്ന് പ്യൂൺ ലക്ഷ്മിയമ്മ വിശ്വസിച്ചു.
ഏതാനും ദിവസങ്ങൾക്കു ശേഷം ബത്തേരി അസംപ്ഷൻ ആസ്പത്രിയിൽ അഡ്മിറ്റായികിടക്കുന്ന തന്റെയൊരു ബന്ധുവിനെ കാണാൻ വന്നതായിരുന്നു പ്യൂൺ ലക്ഷ്മിയമ്മ സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഗേറ്റിനു മുന്നിലെ കന്യാമറിയത്തിന്റെ രൂപക്കൂടിന് മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കുന്ന ഒരു സ്ത്രീയിൽ അവരുടെ നോട്ടംപതിഞ്ഞു. സംശയം തോന്നിയപ്പോൾ താനുദ്ദേശിച്ച ആളാണോ അതെന്നറിയാൻ ലക്ഷ്മിയമ്മ ആ സ്ത്രീയുടെ അടുത്തെത്തി അവരുടെ ഊഹം തെറ്റിയില്ല അത് ഗോമതിയായിരുന്നു. കണ്ണടച്ചു പ്രാർത്ഥിക്കുന്ന അവരുടെ അരികിൽത്തന്നെ നിന്നു. പ്രാർത്ഥനയ്ക്കു ശേഷം നെറ്റിയിൽ കുരിശു വരച്ചുകൊണ്ട് ഗോമതി എഴുന്നേറ്റ് തിരിഞ്ഞു നോക്കിയത് ലക്ഷ്മിയമ്മയുടെ മുഖത്തേക്കാണ്. ഒരു വരണ്ടചിരി ആ മുഖത്തുണ്ടായി.
"ഞങ്ങൾ നിങ്ങളെ കാണാൻ ഒന്നൂടെ വരണമെന്നോർത്തതാണ് ഓരോ തെരക്കുകൾ കാരണം അതിന് കഴിഞ്ഞില്ല ഏതായാലും ഈ മാതാവ് തന്നെയാണ് സാറിനെ ഞങ്ങടെ മുമ്പിലെത്തിച്ചത്. ദൈവമേ നിനക്കു നൂറ് നന്ദി.."
ലക്ഷ്മിയമ്മയോട് പറഞ്ഞുകൊണ്ട് ഗോമതി ആകാശത്തേക്ക് നോക്കി ദൈവത്തിനു നന്ദി പറഞ്ഞു.
"ഞാനും നിങ്ങളെയൊന്ന് കാണാനിരിക്ക്യരുന്നു. ഇന്നു കണ്ടത് നന്നായി എനിക്ക് നിങ്ങളോട് കൊറച്ച് സംസാരിക്കാനൊണ്ട് ചെലതെക്കെ അറിയാനും"
"എനിക്കറിയാം നിങ്ങക്ക് ഞങ്ങളോടെന്താണ് ചോദിക്കാനൊള്ളേന്ന് അത് വേറൊരാളോട് പറയുന്നതിനേക്കാൾ നിങ്ങളോട് പറയുന്നതാ നല്ലെത് നിങ്ങക്കു മാത്രമേ ഞങ്ങളെ സഹായിക്കാമ്പറ്റൂ "
ഗോമതിയുടെ മറുപടിക്ക് ഉത്തരമായി ഒരു മറു ചോദ്യമാണ് അവർ ചോദിച്ചത്.
"നിങ്ങൾ കൃസ്ത്യാനിയാണോ..?"
"അല്ല.... ഹിന്ദുക്കളാണ് സാറ് ചോതിച്ചതെന്തുകാെണ്ടാണെന്നു മനസ്സിലായി എന്റെ സാറേ മുങ്ങിത്താഴുന്നോർക്ക് ഒരു കച്ചിത്തുരുമ്പി പിടുത്തം കിട്ട്യാലും മതീലോ അതിന് ഇരുമ്പിന്റെ വെലമാണന്നല്ലേ പഴമക്കാര് പറേന്നത്.അതുപോലാ ഞാൻ മുങ്ങിത്താന്നോണ്ടിരിക്ക്യാ കച്ചിത്തുരുമ്പ് എവടെ കണ്ടാലും കേറിപ്പിടിച്ചു പോകും"
അവരോടങ്ങനെ ചേദിക്കേണ്ടിയിരുന്നില്ലെന്ന് ഗോമതിയുടെ ഉത്തരം കേട്ടപ്പോൾ അവർക്കു തോന്നി താൻ ഇവരുടെ മുന്നിൽ ചെറുതായതുപോലേയും.വിഷയം മാറ്റിക്കൊണ്ട് ലക്ഷ്മിയമ്മ ചോദിച്ചു.
" ഒറ്റയ്ക്കാണോ വന്നത്? രാഘവൻ വന്നില്ലേ?"
"വന്നു സാറേ... ദാ.. അവടെ ആ ഖുതുബിന്റെ കടേലിരുന്നു ചായ കുടിക്കുന്നുണ്ട് "
താഴെ വഴിവക്കിലേക്ക് വിരൽ ചൂണ്ടി ഗോമതി പറഞ്ഞു.
" ഖുതുബോ.. അതാരാ.. "
അവർ പറഞ്ഞ പേര് കേട്ട് ലക്ഷ്മിയമ്മ അത്ഭുതംകൂറി
"അത് പണ്ടുമൊതല് ബത്തേരില് പലചരക്കു കച്ചോടോം ചായക്കടേം നടത്തിക്കൊണ്ടിരുന്ന മൊഹമ്മദാക്കേടെ മോനാ അപ്പൻ മരിച്ച ശേഷം അവനാ കടയൊക്കെ നോക്കി നടത്തുന്നേ രാവേട്ടന്റെ അച്ഛന്റെ കാലം മൊതല് ഞങ്ങടെ പറമ്പിലൊണ്ടാകുന്ന കപ്പേം വാഴക്കൊലേം ചേമ്പും ചേനേം പച്ചക്കറിയൊക്കെ അവരെടെ കടേലാ കൊണ്ടുവന്നു കൊടുത്തോണ്ടിരുന്നത് എപ്പോ ബത്തേരീലു വന്നാലും അവടെപ്പോയി വർത്താനം പറഞ്ഞു ചായേം കുടിച്ചിട്ടേ തിരിച്ചു പോകാറൊള്ള്.. ഞാമ്പോയി ചേട്ടനെ കൂട്ടിക്കൊണ്ടു വരാം സാറിവിടെനിക്ക് പോകരുത് ഞങ്ങക്ക് കൊറച്ച് സംസാരിക്കാനൊണ്ട് "
ഗോമതി വേഗം പടികളിറങ്ങി താഴേ റോഡിച്ചെന്ന് ചായ കുടിച്ചുകൊണ്ടിരുന്ന രാഘവനെ കൈയ്കാട്ടി വിളിച്ചു. ഉടനെ അയാൾ പകുതിയോളം കുടിച്ച ചായ ഗ്ലാസ് ഒരു മിഠായി ഭരണിയുടെ മുകളിൽ വച്ചു തന്റെ ഷർട്ടിന്റെ കീശയിൽ നിന്നും ഒരു പത്തു രൂപയുടെ നോട്ട് എടുത്ത് കടക്കാരനു നല്കി അഞ്ചു രൂപ തിരിച്ചു നല്കിയ കടക്കാരനോട് നേരത്തെ വാങ്ങിയ മെഴുകുതിരിയുടെ വിലയും കൂടി എടുത്തു കൊള്ളാൻ പറഞ്ഞിട്ട് ഗോമതിക്കരികിലേക്കു നടന്നു.രാഘവൻ വരുന്നതു കണ്ടപ്പോൾ അവർ ലക്ഷ്മിയമ്മയുടെ അടുത്തേക്കു തിരിച്ചു നടന്നു.
ലക്ഷ്മിയമ്മ തന്റെ അടുത്തേയ്ക്കു വരുന്ന അയാളെ ആകമാനമെന്നു നോക്കി കഴിഞ്ഞ തവണ കണ്ടതിനേക്കാൾ ക്ഷീണിച്ചിരിക്കുന്നു ദുർബ്ബലനായതുപോലേ ചെറിയൊരു കാറ്റടിച്ചാൽപോലും അദ്ദേഹം താഴെ വീഴുമെന്നു തോന്നി.ഇട്ടിരിക്കുന്ന ഷർട്ടു നിറയെ കറപിടിച്ചിരിക്കുന്നു. അവർ അയാളേ സംശയത്തോടെ നോക്കി ഷർട്ടിൽ രക്തക്കറയാണോ അതോ അബദ്ധത്തിൽ എന്തെങ്കിലും കറി മറിഞ്ഞു വീണതാണോ? എന്തോ കാര്യമായി സംഭവിച്ചിട്ടുണ്ട് ഗോമതി പറഞ്ഞത് കൂട്ടി വായിച്ചാൽ എന്തോ കാര്യമായതു വല്ലതും സംഭവിച്ചിട്ടുണ്ടാകാം ഈ രാഘവൻ ഒരു പ്രഹേളികയായി തോന്നി അവർക്ക്.
"നമുക്ക് എവടെയെങ്കിലും സ്വസ്ഥമായിട്ടിരുന്നു സംസാരിക്കാം നമ്മക്ക് കോളേജ് കാമ്പസിലേക്കുപോകാം അവിടാകുമ്പോ വെയിലു കൊള്ളണ്ട നല്ല കാറ്റു കിട്ടും "
“അതിനെന്താ സാറേ നമ്മക്കു പോകാം എവിടെയെങ്കിലും ഇരുന്നു സംസാരിക്കുന്നതാണ് നല്ലത് “
രാഘവൻ ലക്ഷ്മിയമ്മയെ പിന്തുണച്ചു. അവർ റോഡിലേക്കിറങ്ങി എതിർവശത്തെ ഓട്ടോ സ്റ്റാൻഡിൽ ഊഴം കാത്തുകിടക്കുന്ന ഒരു ഓട്ടോറിക്ഷാ വിളിച്ചു സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിലേക്കു വിടാൻ പറഞ്ഞു. അഞ്ചു മിനിറ്റിനുള്ളിൽ അവർ അവിടെയെത്തി. വയനാട്ടിലെ എറ്റവും വലിയ കോളേജ് ക്യാമ്പസാണ് അത്. ഹെലിപ്പാടുള്ള ഗ്രൗണ്ടാണ് പണ്ട് രാജീവ് ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയായിരിക്കെ വയനാടു സന്ദർശിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഹെലികോപ്റ്റർ ഇറക്കാൻ വേണ്ടി നിർമ്മിച്ചതാണ് ഈ ഹെലിപ്പാട്. അതും കടന്ന് തൊട്ടടുത്തുള്ള വോളിബോൾ കോർട്ടിനോട് ചേർന്ന് അക്കേഷ്യാമരങ്ങൾ നിറഞ്ഞ ആ ഭാഗത്തു മാത്രം വേലി കെട്ടിയിരുന്നില്ല.അവിടെയൊരു പുളിമരച്ചുവട്ടിൽ അവർ ഇരുന്നു.തൊട്ടടുത്ത വയലിൽ നിന്നുള്ള തണുത്ത കാറ്റ് അവിടേയ്ക്ക് വിശുന്നുണ്ടായിരുന്നു. കുറച്ചു സമയത്തെ നിശബ്ദതയ്ക്കു ശേഷം ലക്ഷ്മിയമ്മതന്നെ സംസാരത്തിനു തുടക്കം കുറിച്ചു.
" രാഘവോ,അന്ന് നിങ്ങളെന്നോട് പറഞ്ഞതിലെന്തെങ്കിലും സത്യമൊണ്ടോ അതോ പിച്ചും പേയും പറഞ്ഞതാണോ? വെറുതെ ഇല്ലാക്കഥ പറഞ്ഞതുകൊണ്ട് നിനക്കെന്താ ലാഭം?"
ലക്ഷ്മിയമ്മ ചോദിച്ചു.
"അല്ല സാറേ... ഞാൻ പറഞ്ഞത് സത്യാ... എന്റെ പെങ്ങടെ വയറ്റിപ്പെറന്ന മോളാത്"
"എങ്കിപ്പിന്നെയെങ്ങനെയാ നിന്റെ പെങ്ങടെ മോളേ അവർക്കു കിട്ടീത്. പെറ്റയൊടനെ വലിച്ചെറിയാൻ അവളെന്താ വല്ല കാട്ടിക്കെടന്നാണോ പെറ്റേ...? അല്ല ഏതേലും ആങ്ങളമാര് സൊന്തം പെങ്ങമ്മാരെടെ കുഞ്ഞുങ്ങളെ പെറ്റൊടെനെ വലിച്ചെറ്യോ?"
ലക്ഷ്മിയമ്മയുടെ ചോദ്യങ്ങൾക്കു മുന്നിൽ അയാൾ പതറിപ്പോയി എന്തു മറുപടി പറയണമെന്നറിയാതെ അകലെക്കാണുന്ന കോ-ഓപറേറ്റിവ് കോളേജിലേക്ക് നോക്കി ഒരു നിമിഷം മിണ്ടാതിരുന്നു. പിന്നീട് പറഞ്ഞു തുടങ്ങി.
" സാറിന്റെ ചോദ്യങ്ങക്കൊന്നും എന്റെ കൈയ്യില് മറുപടിയില്ല എങ്കിലും എല്ലാം ഞാൻ വിശദായി പിന്നെപ്പറയാം "
"അതെക്കെ ശരി .. അല്ല നിങ്ങളെ കണ്ടപ്പോ ചോതിക്കണമെന്നു വിജാരിച്ചതാ മറന്നു പോയി.. നിങ്ങടെ ഷർട്ടേലെങ്ങനാ ഇത്രേം കറ പറ്റീത് നിങ്ങളെവിടെങ്കിലും കള്ളുകുടിച്ചു വീണോ..? അതോ നിങ്ങടെ മേത്ത് ഹോട്ടലീന്നും വല്ല കറിയെങ്ങാനും പറ്റ്യോ..?”
“ഇല്ല.. സാറേ.. എന്റെ രാവേട്ടൻ കള്ളുങ്കുടിക്കില്ല. ബീഡീം വലിക്കില്ല ഇത് ചെലപ്പോൾ മൂക്കീന്ന് ചോരയൊഴുകി വീഴുമ്പോ പറ്റുന്നത... അത് കാര്യാക്കണ്ട..”
ഗോമതിയുടെ വാക്കുകൾ അവരുടെയുള്ളിൽ സംശയത്തിന്റെ വിത്തുപാകി.
"ഗോമൂ.. നമ്മക്കു സാറിന്റെ സമയങ്കളയണ്ട.. പറയാനൊള്ളത് പറയാം..”
രാഘവൻ ഭാര്യയോടു പറഞ്ഞു.
ലക്ഷ്മിയമ്മയ്ക്ക് അറിയാൻ തിടുക്കമായി എന്തു രഹസ്യമാണ് താൻ അറിയണമെന്നാഗ്രഹിച്ചിരുന്നത് അതറിയാൻ പോകുന്നു അവരുടെ ജിജ്ഞാസ ആകാശത്തോളം വളർന്നു.
ഗോമതി തന്റെ കൈവശമുള്ള ലേഡീസ് ബാഗിൽ നിന്നും ചെറിയ ഒരു വെള്ളക്കുപ്പിയെടുത്തു രാഘവനു നല്കി വേറൊരു ചെറിയ കടലാസ് പൊതി തുറന്ന് ഒരു ഗുളികയും. കുപ്പിയിൽ കരിങ്ങാലിവെള്ളത്തിന്റെ നിറത്തിലുള്ള ഒരു ദ്രാവകമായിരുന്നു. അതല്പം കുടിച്ച് ഒരു ഗുളിക വായിലിട്ടു ചവച്ചിറക്കി വീണ്ടും കുറച്ച് വെള്ളം കുടിച്ച ശേഷം ആ കുപ്പി ഗോമതിക്കു തിരിച്ചു കൊടുത്തു. അവർ അതിന്റെ അടപ്പടച്ച ശേഷം ഭദ്രമായി ബാഗിൽ വച്ചു രാഘവന്റ ചുണ്ടിലും മീശയിലും പറ്റിപ്പിടിച്ച മരുന്നിന്റെ അശിഷ്ടം സാരിത്തലപ്പുകൊണ്ട് തുടച്ചു കളഞ്ഞ് തന്റെ ഭർത്താവിന്റെ തോളോട് ചേർന്നിരുന്നു. രാഘവൻ തന്റെ ഭൂതകാലത്തിലേക്ക് ലക്ഷ്മിയമ്മയെ കൂട്ടിക്കൊണ്ടുപോയി.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot