Slider

മധുരിക്കും പച്ചമാങ്ങകൾ

0
Image may contain: 1 person, selfie and closeup

"എന്താ ഇതിനൊരു വല്ലാത്ത നിറം… ഇതിലെന്താ ചേർത്തത്.? "
പ്ലേറ്റിൽ കൊണ്ട് വെച്ച പച്ചമാങ്ങ തുണ്ടുകളിലേക്ക് നോക്കി അച്ചു മുഖം ചുളിച്ചു.
"മുളക് പൊടീം ഉപ്പും "വായിൽ പൊങ്ങി വന്ന കപ്പലോടിക്കാനുള്ള വെള്ളം ഇറക്കി കൊണ്ട് ഞാൻ പറഞ്ഞു.
"കുറച്ചു വെളിച്ചെണ്ണ കൂടി വേണം.. "
"ഉം.. ഇനി ഇതു കഴിച്ചിട്ട് വേണം.നല്ല പുളിയായിരിക്കും.. എനിക്ക് വേണ്ട. "
അച്ചു ലാപ്ടോപ്പിലേക്ക് മുഖം താഴ്ത്തി.
"അതിന് വല്ലാത്തൊരു രുചിയാണ് അച്ചു… അത് പറഞ്ഞാൽ നിനക്ക് മനസിലാവില്യ .. കുട്ടിക്കാലത്ത് ഞങ്ങളൊക്കെ എത്ര കഴിച്ചിരിക്കുണു.. "
അതിനേക്കാൾ രുചിയാണ് അത് തരുന്ന ഓർമകൾക്ക്..
"ഓ നൊസ്റ്റാൾജിയ… "അച്ചു കളിയാക്കി. "ഇനിയിപ്പോ അടുത്ത കഥക്കുള്ള വകയായി.. "
ഓർമ്മകൾ അല്ലെങ്കിലും അങ്ങിനെയാണ്...എവിടെയൊക്കെയാണ് എന്തിലൊക്കെയാണ് ഒളിച്ചിരിക്കുന്നതെന്ന് പറയാൻ വെയ്യ.
ഇന്നലെ ഓഫീസിലെ അരുൺ കൊണ്ട് വന്നു തന്നതാണ് ഒരു സഞ്ചി നിറയെ പച്ചമാങ്ങ... അതു മുറിച്ചു പങ്കു വെക്കുമ്പോൾ തൊട്ടടുത്തിരിക്കുന്ന സുനിത ചേച്ചി ശബ്ദം താഴ്ത്തി പറഞ്ഞു.. "കുറച്ചു മുളക് പൊടീം ഉപ്പും കൂടി വേണായിരുന്നു… "തൊടിയിൽ കൂടി മാങ്ങ പെറുക്കി നടന്നതും ഏട്ടന്മാരുടെ കൂടെ മരത്തിൽകയറിയതും അമ്മയിൽ നിന്നും നല്ല തല്ലു വാങ്ങിയ കഥകളൊക്കെ സുനിത ചേച്ചി പറഞ്ഞു. എല്ലാവർക്കും ഉണ്ടായിരുന്നു ഓരോ കഥകൾ പറയാൻ.
അപ്പൊ ഞാനുമൊന്നു പോയി എന്റെ തറവാട്ട് മുറ്റത്തേക്ക്. , അവിടെ കൃഷ്ണേട്ടനും ഹരിയും ദേവിയും ലക്ഷ്മിയും പിന്നെ ഓപ്പോളും… എല്ലാരും കൂടി വട്ടം കൂടിയിരുന്നു മുളകുപൊടി ചേർത്ത്മാങ്ങ കഴിക്കുമ്പോൾ അമ്മ വന്നു കണ്ണുരുട്ടും.. "ഓരോന്നു കഴിച്ചു വയറു കെട്ടുവരുത്താണ്ട നോക്കിക്കോ "
"അമ്മേടെ പെറ്റികോട്ട് സ്റ്റോറീസ് കേട്ടിട്ട് കുറെ കാലായി "
അച്ചു അരികിൽ വന്നു പറ്റി ചേർന്നിരിന്നു. എന്റെ ബാല്യകാല സ്മരണകൾക്ക് അച്ചു ഇട്ട പേരാണ് പെറ്റിക്കോട്ട് സ്റ്റോറീസ്. കുട്ടിക്കാലത്തു എന്റെ പ്രധാന വേഷം ഒരു വെള്ള പെറ്റിക്കോട്ടായിരുന്നു. കുറച്ചു മുമ്പ് എന്നെ കളിയാക്കിയ ആളാണ് ഇപ്പൊ കഥ കേൾക്കാൻ വന്നിരിക്കണത്‌. കുറച്ചുനേരം ഒന്നും മിണ്ടാതെ ഗൗരവത്തിൽ ഇരുന്നു
"ആ അമ്പലം ഉണ്ടാക്കണ കളി.. "അച്ചു വിടുന്ന മട്ടില്ല.
കുട്ടിയായിരിക്കുമ്പോ എത്ര തവണ ആ കഥകളൊക്കെ പറഞ്ഞു കൊടുത്തിരിക്കുന്നു
സർപ്പകാവിനപ്പുറത്ത് തൊടിയിൽ നെല്ലി മരത്തിന്റെ ചോട്ടിലാണ് ഞങ്ങൾ അമ്പലം കെട്ടി കളിക്കാറ്. തൊടിയിൽ നിന്നും പെറുക്കിയ കരിങ്കല്ലുകളും ഓട്ടു കഷ്ണങ്ങളും കൊണ്ട് അമ്പലം കെട്ടാൻ മിടുക്കൻ കൃഷ്ണേട്ടനായിരുന്നു.
നൈവേദ്യപായസം ഉണ്ടാക്കി തരാൻ തലേന്ന് തൊട്ടേ അമ്മയുടെ പിന്നാലെ കൂടും. അമ്പലവും ദൈവവും ഒക്കെ ആയതു കൊണ്ട് അമ്മ അത്ര എതിർപ്പൊന്നും പറയാറില്ല.
"കുട്ട്യോള് ഒരു നല്ല കാര്യത്തിന് വേണ്ടിയല്ലേ.". അമ്മമ്മയും ഞങ്ങളുടെ പക്ഷം കൂടും.
പൂജാമുറിയിലുള്ള ഏതെങ്കിലും വിഗ്രഹമാണ് പ്രതിഷ്ഠ. ഹരിയാണ് പൂജാരി. ഓപ്പോൾ വെളിച്ചപ്പാടും. പൂജ കഴിഞ്ഞു എല്ലാവർക്കും പായസ വിതരണമുണ്ട്.
"ഹൌ ക്യൂട്ട്. "അച്ചു ഉറക്കെ ചിരിച്ചു.
"ഇനി ആ ട്രഷർ ഹണ്ട് കളി..അതും കൂടി "അച്ചു ഒന്ന് കൂടി ചേർന്നിരുന്നു.
ട്രഷർ ഹണ്ട്..അതും അച്ചുവിട്ട പേരാണ്..
വലിയ മുത്തശ്ശി ഓലകൊണ്ട് ചെറിയ പൂട്ടുകൾ ഉണ്ടാക്കും. ഞങ്ങളോട് കണ്ണടച്ച് നിൽക്കാൻ പറഞ്ഞിട്ട് പൂട്ടുകൾ മുറ്റത്തേക്ക് വലിച്ചെറിയും ഞങ്ങൾ പൂട്ടുകൾ തിരഞ്ഞെടുത്ത്മുത്തശ്ശിക്ക്‌ കൊണ്ട് കൊടുക്കണം. ഏറ്റവും കൂടുതൽ പൂട്ടുകൾ കണ്ടുപിടിക്കുന്ന ആളാണ് വിജയി. ഓലകൊണ് വല്യമുത്തശ്ശി പല കളിപ്പാട്ടങ്ങളും ഉണ്ടാക്കുമായിരുന്നു.
പിന്നെയും ഉണ്ടായിരുന്നു കളികൾ.. ഏഴു ചില്ല് കളിയിൽ കൃഷ്ണേട്ടനാണ് മിടുക്കൻ.. ഏഴു കല്ലുകൾ ഒന്നിനുമുകളിൽ ഒന്നായി വെച്ച് ബോൾ കൊണ്ട് എറിഞ്ഞു വീഴ്ത്തണം..
കൃഷ്ണേട്ടനെ കുറിച്ചോർത്തു.. വളരെ ചെറുപ്പത്തിൽ തന്നെ മരിച്ചു പോയി. എന്നേക്കാൾ ഒരു വയസ്സിന് മൂപ്പേ ഉണ്ടായിരുന്നുള്ളു. നല്ല വികൃതിയായിരുന്നു. നല്ല ബുദ്ധിയും..
ഓരോ മുഖങ്ങൾ മനസ്സിൽ തെളിയുന്നു.. അമ്മമ്മ, വലിയ മുത്തശ്ശി, കൃഷ്ണേട്ടൻ..
കൃഷ്ണേട്ടന്റെ വികൃതികൾക്കൊക്കെ കൂട്ടു കൂടിയിരുന്നു അന്ന്… അന്ന് ഒന്നിനെയും പേടിയില്ലായിരുന്നു..
"ഉം… ഞാൻ കണ്ടതാണല്ലോ അമ്മേടെ ധൈര്യം…"
ഈയിടെ മണാലിയിൽ പോയപ്പോഴത്തെ കാര്യമാണ് അച്ചു പറഞ്ഞത്.
സിപ് ലൈൻ ക്രോസിങ്..ആറായിരം അടി ഉയരത്തിൽ ഒരു കയറിൽ തൂങ്ങി ഒരറ്റം മുതൽ വേറെയൊരു അറ്റം വരെ.. അച്ചു എന്തിനും തയ്യാറായിരുന്നു, എനിക്കായിരുന്നു പേടി.. അച്ചു അപ്പുറത്തെത്തുന്നത് വരെ വല്ലാത്തൊരു അവസ്ഥയിലായിരുന്നു മനസ്സ്..
"ഈ അമ്മേടെ ഒരു പേടി.. അമ്മയേക്കാൾ പ്രായമുള്ള എത്ര പേരാണ് അതിൽ കയറി പോയത് "അച്ചു കളിയാക്കി.
എപ്പോഴാണ് മനസ്സിലെ ധൈര്യമെല്ലാം ചോർന്നു തുടങ്ങിയത്…
കുട്ടിക്കാലത്തു എന്തൊക്കെ വികൃതികൾ ഒപ്പിച്ചിരിക്കുന്നു.. ഒന്നിനും മടിയില്ലായിരുന്നു.. മരത്തിൽ കയറാനും മാങ്ങ പറിക്കാനും.
ഓർമ്മകൾ അങ്ങിനെ ആർത്തലച്ചു പെയ്യുകയാണ്… പച്ചമാങ്ങ തുണ്ടുകൾക്ക് എന്ത് മധുരമാണ്..
അപ്പോഴാണ് ഒരു ഞെട്ടലോടെ കണ്ടത്.
കഥ കേട്ട് കേട്ട് മുന്നിലെ പ്ലേറ്റ് ഒറ്റയടിക്ക് കാലിയാക്കിയിരിക്കുന്നു അച്ചു . !!
"അച്ചൂ!!..മാങ്ങ മുഴുവൻ നീ തിന്നു തീർത്തോ… "
"ഉം… അമ്മ പറഞ്ഞ പോലെ നല്ല സ്വാദുണ്ട് ട്ടൊ". ചെറിയ ചമ്മലോടെ ഒരു ചിരി സമ്മാനിച്ചു അച്ചു ലാപ്ടോപ്പിലേക്ക് മടങ്ങി.
പ്ലേറ്റിൽ ബാക്കിവന്ന ഒരു കുഞ്ഞു മാങ്ങകഷ്ണം കൊതിയോടെ വായിലിട്ട്
മധുരിക്കും ഓർമകളിലേക്ക് ഈ ഞാനും.. !
ശ്രീകല മേനോൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo