നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

തീക്കുഴിക്ക് മേലെ പറക്കുന്ന പറവകൾ


°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
" ഒരു കാര്യം ചെയ്യാൻ സമ്മതിക്കരുത്. എപ്പോ നോക്കിയാലും ഇങ്ങിനെ വിളിച്ചോണ്ടിരിക്കണം. ഹോ മനുഷ്യൻ സഹികെട്ടു "
ദേവികയുടെ കയർത്തതു പോലുള്ള ആ സംസാരം കേട്ട ജയേഷ് തിരിച്ചൊന്നും പറയാതെ തല താഴ്ത്തിയിരുന്നു. തലയുയർത്തി നോക്കിയപ്പോഴേക്കും അവൾ തിരിഞ്ഞു നടന്നിരുന്നു. ചവിട്ടിക്കുലുക്കിയുള്ള ആ പോക്കിലെ ഓരോ ചവിട്ടും തന്റെ നെഞ്ചിലാണ് പതിക്കുന്നതെന്ന് അയാൾക്ക് തോന്നി. അയാൾ കണ്ണുകൾ ഇറുക്കിയടച്ചു. അടഞ്ഞ കൺപോളകളുടെ കാണാവിടവുകളിലൂടെ കണ്ണുനീർ മെല്ലെ പുറത്തേക്ക് വന്നു. അല്ലാതെ അയാൾക്കൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
ജയേഷ്, നന്നായി ജോലി ചെയ്തു തരക്കേടില്ലാത്ത രീതിയിൽ കുടുംബം മുന്നോട്ട് കൊണ്ടുപോയ്ക്കൊണ്ടിരുന്ന ഒരു പെയിന്റിങ്ങ് തൊഴിലാളിയായിരുന്നു. ചെറുപ്പത്തിൽ തന്നെ കുടുംബഭാരം തലയിലേറ്റി ദുശ്ശീലങ്ങൾ ഒന്നുമില്ലാതെ ജീവിച്ചിരുന്ന ജയേഷിനെ പറ്റി നാട്ടിലും വീട്ടിലും നല്ല അഭിപ്രായമായിരുന്നു. ഒരു പെണ്ണിനും കുട്ടികൾക്കും കൂടി ചിലവിനു കൊടുക്കാൻ സാധിക്കും എന്ന് ബന്ധുക്കൾക്കും വീട്ടുകാർക്കും തോന്നിതുടങ്ങിയ നാളുകളിലാണ് ജയേഷും അതിനെക്കുറിച്ചു ചിന്തിക്കുന്നത് തന്നെ. അങ്ങിനെയാണ് ദേവിക അണിയറയിൽ നിന്നും ജയേഷിന്റെ അരങ്ങത്തേക്ക് വരുന്നത്. വിവാഹത്തിന്റെ ആദ്യനാളുകളിൽ തന്നെ എല്ലാവർക്കും പ്രിയപ്പെട്ടവളായി അവൾ മാറി. അവളുടെ സ്നേഹത്തിന്റെ മുമ്പിൽ ജയേഷ് തന്നെ അത്ഭുതപ്പെട്ടു പോയിട്ടുണ്ട്. അപ്പോഴൊക്കെ കുറച്ചുകൂടി മുമ്പേ തന്നെ അവളെ കണ്ടു മുട്ടേണ്ടതായിരുന്നു എന്നൊക്കെയായിരുന്നു അവന്റെ ചിന്ത. ആ ദാമ്പത്യവല്ലരിയിൽ ഒരു കുഞ്ഞു പൂവ് കൂടി വിരിയുവാൻ അധിക താമസമൊന്നും ഉണ്ടായില്ല. സുന്ദരിയായ ഒരു കുഞ്ഞു പെൺപൂവ്...
സ്വന്തമായി ഒരു വീട് എന്ന സ്വപ്നത്തിലേക്ക് വളരെ വേഗം അടുത്തുകൊണ്ടിരിക്കുകയായിരുന്നു ജയേഷ്. പക്ഷേ...! ഇന്നുവരെയും എപ്പോൾ എങ്ങിനെ വരുമെന്ന് ആരാലും പ്രവചിക്കാൻ പറ്റാത്ത അവൻ... വിധി ! അതെ, നിശ്ചലമായ തടാകത്തിൽ നിമിഷനേരം കൊണ്ട് ഓളങ്ങൾ സൃഷ്ടിക്കുന്ന വിധിയെന്ന ആ കൊടിയ അസൂയക്കാരൻ ജയേഷിന്റെ ജീവിത തടാകത്തിലും വീശിയത് അപ്രതീക്ഷിതമായായിരുന്നു.
ഒരുദിവസം ജോലി കഴിഞ്ഞു വീട്ടിലേക്ക് വരുമ്പോൾ ഒരു തെരുവ്പട്ടി കുറുകെ ചാടിയതാണ്. അത്യാവശ്യം സ്പീഡിൽ തന്നെ ആയതുകൊണ്ട് വണ്ടിയുടെ നിയന്ത്രണം നഷ്ടമായി വഴിയരികിലെ വൈദുതി പോസ്റ്റിൽ ഇടിക്കുകയാണുണ്ടായത്. ആദ്യകാഴ്ചയിൽ മരിച്ചു എന്ന് ഓടിക്കൂടിയവർ വിധിയെഴുതിയെങ്കിലും കണ്ടവർ വെറും കാണികൾ ആവാതിരുന്നത് കൊണ്ട് സമയത്ത് തന്നെ ആശുപത്രിയിൽ എത്തിച്ചു. അത് കാരണം ജീവന് കുഴപ്പമൊന്നുമുണ്ടായില്ല. പക്ഷേ അരയ്ക്ക് കീഴ്‌പ്പോട്ടുള്ള ചലനശേഷി നഷ്ടപ്പെട്ടു.
ഉൾക്കാഴ്ചയിൽ കണ്ട സ്വപ്നങ്ങൾ ഉള്ളിൽ തന്നെ പൊലിയുന്നത് അറിഞ്ഞപ്പോൾ ജയേഷ് തളർന്നതായിരുന്നു. പക്ഷേ ദേവിക ! എല്ലാവരെയും അമ്പരപ്പിച്ചത് അവൾ കാണിച്ച തന്റേടം ആയിരുന്നു. സാരമില്ല ജയേട്ടാ ഈശ്വരൻ ഒരു വഴി കാണിച്ചു തരാതിരിക്കില്ല എന്ന അവളുടെ ശുഭാപ്തിവിശ്വാസം, മുമ്പത്തേക്കാൾ കൂടുതലായുള്ള അവളുടെ സ്നേഹം... അതെല്ലാമാണ് തളർന്നു പോയ ജയേഷിന്റെ മനസ്സിന് കുറച്ചെങ്കിലും ഉണർവ് കൊടുത്തത്. ഭീമമായ ഒരു സംഖ്യ ചിലവിട്ടാൽ ഒരുപക്ഷേ എഴുന്നേറ്റ് നടക്കാൻ സാധിക്കും എന്ന ഡോക്ടറുടെ അഭിപ്രായം ജയേഷ് കേട്ടില്ലെന്ന് നടിച്ചു. സ്വന്തമായി ഒരു വീട് പോലുമില്ലാത്ത, ഇന്നും വാടക വീട്ടിൽ തന്നെ കഴിയുന്ന അവൻ അതൊക്കെ എങ്ങിനെ സ്വപ്നം കാണാൻ ? ഇന്നുവരെയും സമ്പാദിച്ചതൊക്കെയും ചിലവായി പോയിരുന്നു.
ദേവികയോട് തന്നെ ഉപേക്ഷിച്ചു വേറൊരു ജീവിതം നോക്കണം എന്ന് പലവട്ടം പറയാൻ അവന് തോന്നിയതാണ്. പക്ഷേ കുഞ്ഞ്... അവളെ എന്ത് ചെയ്യും എന്ന ചിന്ത മനസ്സിൽ ഉദിക്കുമ്പോൾ അവിടെ ജയേഷ് നിശ്ശബ്ദനാകുകയായിരുന്നു. ഈ പീഡനകാലത്ത് രണ്ടാമത് അച്ഛൻ പദവിയിലേക്ക് വരുന്ന ഒരാൾ തന്റെ കുഞ്ഞിനെ എങ്ങിനെ നോക്കിക്കാണും എന്ന ഒരച്ഛന്റെ ആകുലത. അവളെ കൂടെ നിർത്തി വളർത്തുവാൻ കഴിവില്ലാത്ത ഒരച്ഛന്റെ നിസ്സഹായത. അതൊക്കെയാണ് ജയേഷിനെ അങ്ങിനെ പറയുവാൻ പ്രേരിപ്പിക്കാതിരുന്നതിന്റെ കാരണങ്ങൾ. അവളാവട്ടെ ഒരിക്കൽപ്പോലും ചുളിഞ്ഞ മുഖം കാണിക്കുകയുമുണ്ടായുമില്ല. ജീവിതം സമനിരപ്പുള്ള മിനുസമായ പാതയിൽ നിന്നും ചെറുകുഴികളുള്ള പാതയിലേക്കിറങ്ങിയെങ്കിലും ഒട്ടും ശങ്കയില്ലാതെ ആടിയും ഉലഞ്ഞും മുന്നോട്ട് തന്നെ ഓടിക്കൊണ്ടിരുന്നു. പക്ഷേ....?
പക്ഷേ ഈയിടെയായി ദേവികയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും എന്തോ മാറ്റം പോലെ ജയേഷിന് തോന്നിതുടങ്ങിയിരുന്നു. അകാരണമായ ദേഷ്യം. മണിക്കൂറുകൾ നീളുന്ന ഫോൺ സംസാരം. എപ്പോൾ നോക്കിയാലും ഫോണിൽ ആരോടോ ചാറ്റ് ചെയ്യുന്നു. ഒരുനിമിഷം പോലും ഫോൺ കയ്യിൽ നിന്ന് താഴെ വെയ്ക്കാത്ത അവസ്ഥ. ചിലപ്പോൾ മുഖത്ത് വളരെയധികം സന്തോഷം കാണാം. ചിലപ്പോഴാകട്ടെ അത്യന്തം വിഷമവും.
എന്തൊക്കെയോ അപാകതകൾ ആശങ്കയുടെ കാർമേഘങ്ങളായി ജയേഷിന്റെ മനസ്സിൽ നിറയാൻ അധികസമയം വേണ്ടി വന്നില്ല. ഒന്നും ചെയ്യാതിരിക്കുന്നവന്റെ മനസ്സാണല്ലോ ജോലിയെടുക്കുക. അത് തന്നെയാണ് അവനും സംഭവിച്ചത്. ഇരുളെന്നുറപ്പിച്ച പാതയിൽ തെളിഞ്ഞ വെളിച്ചം മങ്ങിത്തുടങ്ങുന്നത് അവനറിഞ്ഞു. പിരിയാൻ മനസ്സില്ലാതെ വിഷമത്തോടെ മാറി നിന്ന ഇരുൾ വീണ്ടും പതിന്മടങ്ങ് ശക്തിയോടെ അവന്റെ മനസ്സിലേക്ക് പ്രവേശിച്ചു. അവളായിരുന്നു അവന്റെ ശക്തി. അവൾക്കും വേണ്ടാതായി തുടങ്ങിയെങ്കിൽ പിന്നെ അവനെന്തിന് ഇവിടെ.
ചലനശേഷി നഷ്ടപ്പെട്ട കാലുകൾക്ക് കൂട്ടായി മനസ്സും മാറിയതോടെ അവന്റെ മുഖം നിരാശ കയ്യേറി. ഒരുങ്ങിയും ഒരുങ്ങാതെയും പോകാവുന്ന ആ യാത്രയെക്കുറിച്ചു അവൻ ചിന്തിക്കാൻ തുടങ്ങിയതും അതാണ്. അലസമായ നടനത്തിന് തുടിക്കുന്നവരുടെ തലയിൽ ഒരു ഭാരമായി തുടരാൻ അവൻ തയ്യാറായിരുന്നില്ല. പക്ഷേ തീരുമാനമെടുത്താൽ ഉടനെ തന്നെ നടപ്പിൽ വരുത്താൻ സാധിക്കാത്ത അവസ്ഥയിലായിരുന്നല്ലോ അവൻ. അതാണ് കാത്തിരുന്നതും. ഒടുവിൽ...
ഒടുവിൽ ആ നാൾ വന്നെത്തി. പതിവ് സന്ദർശനത്തിനെത്തിയ അയൽവീട്ടുകാരി നാലു വയസ്സുള്ള തന്റെ കുഞ്ഞിനെയും കൊണ്ടു വന്ന ദിവസം. അമ്മയുടെ അടുക്കള വർത്തമാനത്തിനിടെ കളിക്കാൻ പുതുവഴികൾ തിരഞ്ഞ ആ കുട്ടി വന്നെത്തിയത് ജയേഷിന്റെ മുറിയിലായിരുന്നു. ആ കുട്ടിയെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചപ്പോൾ അവൻ അടുത്തു വന്നു. ഉറക്കം കുറവായത് കാരണം ഡോക്ടർ കുറിച്ചു തന്ന ഉറക്കഗുളികയുടെ ഡപ്പി മേശപ്പുറത്തു നിന്നും ജയേഷിന്റെ കൈകളിൽ എത്തിയത് അങ്ങിനെയാണ്.
കുഴഞ്ഞു തുടങ്ങിയ ജയേഷിന്റെ ശരീരത്തിൽ നിന്നും സന്ധിബന്ധങ്ങളോട് വിട പറഞ്ഞു ഓരോരോ ഭാഗങ്ങൾ അടച്ചടച്ചു ജീവൻ പുറത്തേക്കു വരുമ്പോൾ അടുക്കളയിലിരുന്ന ദേവികയുടെ ഫോണിൽ ഒരു മെസ്സേജ് വന്ന ശബ്ദം കേട്ടു. പെട്ടെന്ന് തന്നെ അതെടുത്ത് നോക്കിയ ദേവിക വായിച്ചത് ഇപ്രകാരമായിരുന്നു.
" ഞങ്ങളുടെ ചാരിറ്റി സംഘടന നിങ്ങളുടെ അപേക്ഷ പരിഗണിച്ചിരിക്കുന്നു. എത്രയും പെട്ടെന്ന് തന്നെ ഞങ്ങളുടെ ഒരു പ്രതിനിധി നിങ്ങളുടെ ഭവനത്തിൽ വന്ന് സ്ഥിതിഗതികൾ വിലയിരുത്തുന്നതാണ്. നിജസ്ഥിതി ബോധ്യപ്പെട്ടാൽ ഓപ്പറേഷനുള്ള പണം ഞങ്ങൾ തരുന്നതാണ്. " !!
അതുവായിച്ച ദേവികയുടെ മുഖത്ത് തെളിഞ്ഞത് ആശ്വാസവും സന്തോഷവും കൂടിക്കലർന്ന ഒരു ഭാവമായിരുന്നു. ഇത്രയും നാൾ വിവിധ ചാരിറ്റി സംഘടനകൾക്ക് അപേക്ഷകൾ അയച്ചതിനും വിളിച്ചു സംസാരിച്ചതിനും ഒടുവിൽ ഫലം കിട്ടിയിരിക്കുന്നു. സന്തോഷത്തിന്റേതായ രണ്ടു തുള്ളി കണ്ണുനീർ അവളുടെ കണ്ണിൽ പൊടിയുകയും ചെയ്തു. പക്ഷേ... !?...?
തൊട്ടടുത്തിരുന്ന ചേച്ചിയെ ആ സന്തോഷവാർത്ത അറിയിച്ചതിന് ശേഷം അവൾ അകത്തേക്കോടിയത് ജയേഷിനോട് ആ സന്തോഷം പങ്ക് വെയ്ക്കാനായിരുന്നു. വാതിൽ കടന്ന് അകത്തേക്ക് കയറിയ അവൾ തറഞ്ഞു നിന്നുപോയി. അവിടെ കിടക്കയിൽ കഴുത്തൊടിഞ്ഞത് പോലെ ചാരിയിരിക്കുന്ന ജയേഷ്, ബെഡിൽ തുറന്ന നിലയിൽ കണ്ട ഉറക്കഗുളികയുടെ കുപ്പി... എന്താണെന്ന് മനസ്സിലാക്കാൻ ദേവികയ്ക്ക് ചില നിമിഷങ്ങൾ വേണ്ടി വന്നു. മനസ്സിലായതും ഇരുകൈകളും ശിരസ്സിൽ വെച്ചു ഒരു അലർച്ചയായിരുന്നു അവൾ. ഓടിച്ചെന്ന് ജയേഷിനെ കുലുക്കി വിളിച്ചപ്പോൾ അവന്റെ ശരീരം ഒരുവശത്തേയ്ക്ക് ചെരിഞ്ഞു വീണു. മറുവശത്തേക്ക് ബോധം നഷ്ടപ്പെട്ട നിലയിൽ വീഴാൻ അവൾക്കധികസമയം വേണ്ടി വന്നില്ല. ആ നിലവിളിയും ബഹളവും കേട്ട് ഓടിവന്ന അയൽവക്കത്തെ ചേച്ചിയാണ് ബഹളം വെച്ചു നാട്ടുകാരെ കൂട്ടിയത്.
അടഞ്ഞ ഓപ്പറേഷൻ തീയേറ്ററിന്റെ മുമ്പിൽ അക്ഷമയോടെ കാത്ത് നിന്നവരുടെ കൂട്ടത്തിൽ തളർന്ന ശരീരവുമായി തകർന്ന നിലയിൽ ഇരിക്കുമ്പോൾ ദേവികയുടെ മിഴികൾ ഇടതടവില്ലാതെ നിറഞ്ഞൊഴുകുകയായിരുന്നു. ഓപ്പറേഷൻ കഴിഞ്ഞു. പേടിക്കാനൊന്നുമില്ല. പക്ഷേ ബോധം തെളിഞ്ഞിട്ടില്ല. ബോധം തെളിഞ്ഞതിന് ശേഷം വാർഡിലേക്ക് മാറ്റാം എന്ന ഡോക്ടറുടെ ആ വാചകങ്ങൾ കേൾക്കുന്നത് വരെ അവൾ ആ ഇരിപ്പ് തുടർന്നു.
വാർഡിലേക്ക് മാറ്റി ആളും പരിവാരവും ഒഴിയുന്നതിനിടയിൽ പല തവണ ജയേഷിന്റെയും ദേവികയുടെയും മിഴികൾ കൂട്ടിമുട്ടിയെങ്കിലും അവൾ മുഖം തിരിക്കുകയും അവൻ തല താഴ്ത്തുകയുമാണുണ്ടായത്. ഒടുവിൽ സഹികെട്ട് അവൻ തന്നെ മെല്ലെ വിളിച്ചു.
" ദേവീ.... "
' പ്ഠേ...' പടക്കം പൊട്ടുന്നത് പോലെ ഒരു ശബ്ദമാണ് അടുത്ത നിമിഷം അവിടെ മുഴങ്ങിയത്. കൈ നിവർത്തി ജയേഷിന്റെ കവിളിൽ ആഞ്ഞടിക്കുകയായിരുന്നു ദേവിക. സ്തബ്ദമായി പോയ വാർഡിൽ, അടികൊണ്ട കവിളിൽ കയ്യമർത്തി ജയേഷ് തരിച്ചിരുന്നു. അടുത്ത നിമിഷം ജയേഷിന്റെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരയുകയിരുന്നു ദേവിക ചെയ്തത്. അറിയാതെ ജയേഷിന്റെ കണ്ണുകളും നിറഞ്ഞു. അവൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു ആ ശിരസ്സിൽ മെല്ലെ തഴുകി.
" എന്നാലും ഇങ്ങിനെ ചെയ്യാൻ ജയേട്ടനെങ്ങിനെ തോന്നി ? ഇതിനുവേണ്ടിയായിരുന്നോ ഞാൻ ഇത്രനാളും ജീവനായി കൊണ്ടുനടന്നിരുന്നത്. " കരച്ചിൽ ഒന്നടങ്ങിയപ്പോഴാണ് ദേവിക അത് ചോദിച്ചതെങ്കിലും അതിനിടയിലും ഏങ്ങലടികൾ ഉണ്ടായിരുന്നു.
" നിനക്കും ഞാനൊരു ഭാരമായി തുടങ്ങിയെങ്കിൽ പിന്നെന്തിന് ജീവിക്കുന്നു എന്നെനിക്ക് തോന്നി "
" ഭാരമായെന്നോ...? ജയേട്ടനോ...? എനിക്കോ...? എപ്പോഴാണ് ഞാനങ്ങനെ പറഞ്ഞത് ? എന്തൊക്കെയാ ജയേട്ടാ ഈ പറയുന്നത് ? "
" ഈയിടെയായി നീ അങ്ങിനെയായിരുന്നു. തൊട്ടതിനും പിടിച്ചതിനും ദേഷ്യം. എപ്പോ നോക്കിയാലും മൊബൈൽ ഫോണിൽ തന്നെ. അതിൽ നിന്നും ഞാനെന്താണ് മനസ്സിലാക്കേണ്ടത്. "
ദേവിക ഒരുനിമിഷം നിശ്ശബ്ദയായി. അവളപ്പോൾ ഓർക്കാൻ ശ്രമിച്ചത് താനെപ്പോഴായിരുന്നു അങ്ങിനെ പെരുമാറിയത് എന്നായിരുന്നു. അറിഞ്ഞുകൊണ്ട് അങ്ങിനെ പെരുമാറിയിട്ടില്ലാത്തതിനാൽ തന്നെ അത് അവളുടെ ഓർമ്മയിൽ എങ്ങുമുണ്ടായിരുന്നില്ല. കയ്യിലെ ഫോണിൽ നിന്നും ആ മെസ്സേജ് എടുത്ത് ദേവിക ജയേഷിനെ കാണിച്ചു.
" സത്യമായിട്ടും ഞാൻ ഇതിന്റെ പുറകിൽ ആയിരുന്നു ജയേട്ടാ. ഒരുപാട് ചാരിറ്റികൾ, അതിന്റെ പ്രവർത്തകർ, അവരോടുള്ള അപേക്ഷ, സംസാരം... അതൊക്കെയായിരുന്നു എന്റെ മനസ്സിൽ. ഇതിനിടയിൽ ജയേട്ടനെ ഞാൻ വിഷമിപ്പിക്കുന്നു എന്നത് ഞാനറിയാതെ പോയി. ഒരുപാട് ആളുകളോട് സംസാരിക്കുമ്പോൾ പലരും പല തരക്കാരാകുന്നു. ചിലർക്ക് പ്രതിഫലം വേണം, ചിലർക്ക് എന്നെ വേണം, ചിലർക്ക് പ്രശസ്തി വേണം. അങ്ങിനെ തലയിൽ ഭ്രാന്ത് കേറി നിൽക്കുമ്പോൾ ഒരുപക്ഷേ ഞാൻ ജയേട്ടനോട് ദേഷ്യപ്പെട്ടിട്ടുണ്ടാകും. പക്ഷേ അതൊന്നും ജയേട്ടനോട് ഇഷ്ടമില്ലാതെ അല്ല. എനിക്കെന്റെ ജയേട്ടന് വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്ന നിസ്സഹായത കൊണ്ടു മാത്രമാണ്. "
ആ മറുപടി കേട്ട ജയേഷിന് സ്വയം ആത്മനിന്ദ തോന്നി. അതാണ് പിന്നീട് ചോദിച്ച ചോദ്യത്തിന് തീരെ ശക്തിയില്ലാതെ പോയത്.
" ഇതൊന്നും എന്താ ദേവീ എന്നോട് പറയാതിരുന്നത് ? "
" ഒന്നാമത്തെ കാര്യം ആരുടെ മുമ്പിലും കൈനീട്ടുന്നത് ജയേട്ടന് ഇഷ്ടമില്ല എന്നത് തന്നെ. രണ്ടാമത്തേത് ഇങ്ങിനെയുള്ള ദുരനുഭവങ്ങൾ എനിക്ക് വന്നു എന്നറിഞ്ഞാൽ ജയേട്ടൻ പിന്നീട് തുടരാൻ സമ്മതിക്കില്ല എന്നത് തന്നെ. കോടിക്കണക്കിന് ആളുകളുള്ള ഈ നാട്ടിൽ ദുഷ്ട ലാക്കോടെ ചാരിറ്റി ചെയ്യുന്ന ആളുകളല്ലാതെ നന്മനിറഞ്ഞ ആളുകളും കാണുമെന്ന ഒരു ശുഭാപ്‌തി വിശ്വാസം അതാണ് എന്നെ തളരാതെ പരിശ്രമിക്കുവാൻ പ്രേരിപ്പിച്ചത്. എല്ലാം ശരിയാവുമ്പോൾ ജയേട്ടനോട് പറയാം എന്ന് കരുതി. പക്ഷേ ജയേട്ടൻ...."
അവളെ ഒന്നുകൂടി നെഞ്ചോട് ചേർത്തു പിടിച്ചു ആ മൂർദ്ദാവിൽ അമർത്തി ഒരുമ്മ കൊടുത്തു ജയേഷ്. അപ്പോൾ അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.
" സാരമില്ല, പോട്ടെ മോളേ... നിന്റെ ഈ ജയേട്ടനോട് ക്ഷമിക്കൂ... വിലയിരുത്തലുകളിൽ പരാജയപ്പെടുന്നതാണ് ഓരോ ബന്ധത്തിന്റെയും തോൽവിക്ക് കാരണം. എന്റെ പൊന്നിനെ മനസ്സിലാക്കാൻ എനിക്ക് കഴിയാതെ പോയി. "
" ജയേട്ടൻ വിഷമിക്കണ്ട. തെറ്റ് എന്റെ ഭാഗത്തുമുണ്ട്. ഞാൻ സൂചന എങ്കിലും തരേണ്ടതായിരുന്നു. എന്തായാലും ഇനിയെന്റെ ആ പഴയ ജയേട്ടനെ എനിക്ക് തിരിച്ചു കിട്ടാൻ പോകുകയാണല്ലോ. എനിക്കത് മതി. "
തന്റെ നെഞ്ചിൽ ചാരിക്കിടക്കുന്ന ദേവികയുടെ തോളിൽ ജയേഷ് മെല്ലെ തട്ടിക്കൊണ്ടിരുന്നു. ഒരു നിർവൃതിയിൽ എന്നോണം രണ്ടുപേരും മിഴികൾ അടച്ചിരുന്നു.
ഒരുപക്ഷേ ദേവികയുടെ കയ്യിൽ ഒരു പേനയുണ്ടായിരുന്നെങ്കിൽ ആ ആശുപതി ചുമരിൽ അവൾ ഇങ്ങിനെ എഴുതിയേനെ.
" മുഖം മനസ്സിന്റെ കണ്ണാടിയാണ്. ശരി തന്നെ. പക്ഷേ എല്ലാ ഭാവങ്ങളും പ്രതിഫലിപ്പിക്കാൻ കഴിവില്ലാത്ത കണ്ണാടിയാണെന്നു മാത്രം. അതുകൊണ്ട് ആരും മറ്റുള്ളവരുടെ മുഖം നോക്കി അവരെ മനസ്സിലാക്കാൻ ശ്രമിക്കരുത്. "
ശുഭം.
ജയ്സൻ ജോർജ്ജ്.

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot