Slider

മരിച്ച മയിൽപ്പീലി

0
Image may contain: Shoukath Maitheen, indoor
=======
''എന്നെ ആദ്യമായി പറ്റിച്ചത് അമ്മയാണ് .... അതും രണ്ടാമത്തെ വയസിൽ ....അതി ക്രൂരവും മൃഗീയവുമായി ഞാൻ പറ്റിക്കപ്പെടുകയായിരുന്നു ...
രണ്ടാം വയസിലെ ഹാപ്പി ബർത്ത ഡേ യ്ക്കു ശേഷമാണ് ജീവിതത്തിലാദ്യമായി ഞാൻ പറ്റിക്കപ്പെടുന്നതിന്റെ രുചി അനുഭവിച്ചത് ...
മുല കുടി മാറ്റാനുളള രഹസ്യമായ നീക്കത്തിന്റെ ഭാഗമായി, മുലക്കണ്ണിൽ ചെന്ന്യായം '' എന്ന കയ്പ്പേറിയ രാസവസ്തു പുരട്ടി ,യാതൊരു മടിയും കൂടാതെ അമ്മിഞ്ഞ എന്റെ അധരങ്ങളിലേക്ക് വച്ചു തന്ന അമ്മയെ
മാത്യത്വത്തിന്റെ ഒന്നാം നമ്പർ പറ്റിക്കൽ പ്രതിയായി ഞാൻ മനസിൽ രേഖപ്പെടുത്തി ...
ചെന്യായത്തിന്റെ രുചിയറിഞ്ഞ് മുഖം തിരിച്ച ഞാൻ മുലകുടി ബന്ധം അവസാനിപ്പിക്കാൻ ഒരു പരാജിതനെ പോലെ തയ്യാറായി ....
വിജയിയായ അമ്മ , പിറ്റേന്നു പലരോടും അഭിമാനത്തോടെ പറയുന്നത് കേട്ടു
''ചെക്കന്റെ മുല കുടി ഞാൻ മാറ്റിയെന്ന് ....
മുലപ്പാലിൽ നിന്നു ലഭിച്ച പറ്റിക്കൽ പരിപാടി പിന്നീട് ജീവിതത്തിലേക്ക് പടരുകയായിരുന്നു ...!!
മാനത്തെ അമ്പിളി മാമനെ പിടിച്ചു തരാമെന്നു പറഞ്ഞ് ഓരോ ഉരുളയും എന്നെ കൊണ്ടു തീറ്റിച്ചു......
....അമ്പിളി മാമനില്ലാത്ത ദിവസം പാക്കാൻ വരുമെന്നും പറഞ്ഞ് ഭയപ്പെടുത്തി പറ്റിച്ചതും ഈ അമ്മ തന്നെ ....
അച്ഛനെവിടെ ? എന്ന ചോദ്യത്തിനു മാത്രം മറുപടി തരാത്ത അമ്മ മൗനം തന്ന് എന്നെ പറ്റിക്കുകയായിരുന്നോ ആവോ ? ഇന്നുമറിയില്ലെനിക്ക്,..!!
പിന്നീട് ,
അമ്മയുടെ പറ്റിക്കൽസിലെ ഇരയാകുകയായിരുന്നു ഞാൻ ...
അത്താഴത്തിന് അവസാനത്തെ ചോറു പറ്റും എന്നെ തീറ്റിച്ചതിനു ശേഷം അമ്മ പറയും '' ഞാൻ നേരത്തെ കഴിച്ചു മോനെ ,എന്ന് ''
''പാതിരാത്രിയിൽ മൂത്രമൊഴിക്കാൻ എണീറ്റ ഞാൻ
'' അടുക്കളയിൽ ഒരു പറ്റ് ചോറിനു വേണ്ടി കഞ്ഞിവെളളത്തിനടിയിൽ തപ്പുന്ന അമ്മയെ കണ്ട് കണ്ണീരോടെ ഞാൻ പുലമ്പി ....
''അമ്മ എന്നെ പറ്റിക്കുകയായിരുന്നു,...!!
രണ്ടാമത് അതി വിദഗ്ദമായി എന്നെ പറ്റിച്ചത് ,
കളിക്കൂട്ടുകാരിയായ അയൽക്കാരിയായിരുന്നു ,....
അവൾ തന്ന മയിൽപ്പീലി കണക്കു പുസ്തകത്തിന്റെ നടു പേജിൽ വയ്ക്കുമ്പോൾ മയിൽപ്പീലി പ്രസവിക്കുമെന്ന് അവൾ ഉറപ്പ് പറഞ്ഞിരുന്നു ...
പ്രസവം കാണാനുളള ആകാംക്ഷ മൂത്ത് എല്ലാവരും ഉറങ്ങിയ പാതിരാ നേരം .....
അരണ്ട മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ കണക്കു പുസ്തകത്തിന്റെ നടു പേജിലെ, പ്രസവ വാർഡിലേക്ക് ഞാനെത്തി നോക്കി,....!
''ലസാഗുവിന്റേയും, ഉസാഗുവിന്റേയും
ഇടയിൽ സുഖ പ്രസവത്തിനായി കിടക്കുന്ന മയിൽപ്പീലി പെണ്ണ്,..
''വേദന കൊണ്ടാണോ എന്നറിയില്ല എട്ടിന്റെ പട്ടിക പോലെ ചുരുണ്ടു കൂടിയാണ് കിടപ്പ് ..!
ജനിച്ചു വീഴുന്ന മയിൽപ്പീലി കുഞ്ഞിന്റെ കരച്ചിൽ പ്രതീക്ഷിച്ച ഞാൻ അതി ഗംഭീരമായി പറ്റിക്കപ്പെടുകയായിരുന്നു ...
മോർച്ചറിയിലെ അനാഥ പ്രേതം പോലെ മയിൽപ്പീലി അനങ്ങാതെ കിടക്കുന്നുണ്ട് ...!!
ഞാനൊന്നു തൊട്ടു നോക്കി,...
മെല്ലെ തലോടി നോക്കി,...കൈ കൊണ്ടെടുത്തു തിരിച്ചും മറിച്ചും നോക്കി ...
''നോ ..''
മയിൽപ്പീലി മരിച്ചു പോയിരുന്നു,
മരിച്ച മയിൽപ്പീലിയുടെ പൊഴിഞ്ഞ പീലികളിലേക്ക് നനഞ്ഞ കണ്ണുകളോടെ നോക്കി ഞാൻ ആദരാഞ്ജലികൾ അർപ്പിച്ചു,...!!
പ്രസവ വാർഡിൽ കിടന്നു മരിച്ച ആദ്യത്തെ പെണ്ണായിരുന്നോ ആ മയിൽപ്പീലി ?!!
കണക്കു പരീക്ഷയിൽ വട്ടപ്പൂജ്യം കിട്ടിയവനെ പോലെ നിരാശ തന്ന ''മയിൽപ്പീലി പ്രസവം'' പറ്റിക്കലായിരുന്നെന്ന് മനസിലാക്കാൻ നാളുകളേറെയിടുത്തു,...!!
കൗമാരത്തിലെ സ്വപ്നങ്ങൾ അതി ക്രൂരമായി എന്നെ പറ്റിച്ചെങ്കിൽ,
യൗവ്വനത്തിൽ,
പറ്റിക്കാൻ പതിയിരുന്നത് വിധിയായിരുന്നു ...
വിധിയുടെ കൈകളിൽ പറ്റിക്കപ്പെടുകയായിരുന്നു യൗവ്വനം...
അതെ,
ആകാശത്തിലെ അമ്പിളി മാമനെ പോലെ തിളങ്ങി നിന്ന യൗവ്വനത്തിൽ,
ഞാൻ കണ്ട സ്വപ്നങ്ങളിലേറെയും,
ഇനിയും ,
പ്രസവിക്കാത്ത മയിൽപ്പീലി പോലെ യാണെന്നുളള തിരിച്ചറിവ് വന്നപ്പോഴേക്കും ,
ഒരിയ്ക്കലും പറ്റിക്കാത്ത മരണത്തിന്റെ തോളിലേറി വാർദ്ധ്യക്ക്യം പടി കടന്നെത്തിയിരുന്നു,... !!
========
ഷൗക്കത്ത് മൈതീൻ ,
കുവൈത്ത് ,!!
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo