Slider

ഹൃദയമുള്ള യന്ത്രം (മിനിക്കഥ )

0


ലോക പ്രശസ്തമായ ആ പൂരത്തിന് ഭീകരാക്രമണ ഭീഷണി ഉണ്ടായിരുന്നു.
കടുത്ത സുരക്ഷയിൽ, ക്യാമറക്കണ്ണുകളുടെയും
തോക്കിന്മുനകളുടെയും കാവലിൽ, പലയിടത്തു നിന്നും ചെണ്ട മേളങ്ങൾ ഉയരുന്നുണ്ടായിരുന്നു.
ബാഗുമായെത്തിയ പൂരപ്രേമിയെ കമാൻഡോകൾ വഴിയിൽ തടഞ്ഞു,ബാഗ് തുറന്നു പരിശോധിച്ചു.
വറ്റി വരണ്ടൊരു വെള്ളം കുപ്പി, ശൂന്യത നിറഞ്ഞ,
വല്ലാതെ മെലിഞ്ഞുണങ്ങിയ മണി പേഴ്സ്.
മുട്ടും മൂടും തേഞ്ഞ,തുന്നലുകൾ അഴിഞ്ഞു,
കണ്ണിൽ കുത്താൻ തക്കം പാർത്തിരിക്കുന്ന
കമ്പികളുമായൊരു കുട.
പ്ലാസ്റ്റിക് ഉറയിൽ സൂക്ഷിച്ചിരിക്കുന്ന,
ഭീഷണികളും ഭയവും നിറച്ച, വെള്ള പേപ്പറിലെ കറുത്ത അക്ഷരങ്ങളിലുള്ള ജപ്തി നോട്ടീസുകൾ എന്ന രഹസ്യ രേഖകൾ !
കളിപ്പാട്ടങ്ങളും, ബലൂണുകളും, കുപ്പിവളകളും, കൺമഷിക്കൂടുകളും, അക്ഷരരൂപത്തിൽ കല പില കൂട്ടുന്ന, മക്കൾ എഴുതിക്കൊടുത്ത
ആഗ്രഹങ്ങളുടെ നോട്ട് പുസ്തകത്താളുകൾ.
തേഞ്ഞു തേഞ്ഞു ഹൃദയത്തിൽ തുള വീണൊരു ടവൽ.അതിൽ പൊതിഞ്ഞ, ഒരു ദശാബ്ദത്തോളം പഴകിയ കീ പാഡ് തേഞ്ഞു പോയ, അക്കങ്ങൾ അവ്യക്തമായ ഒരു മൊബൈൽ ഫോൺ.
അതു കണ്ടതോടെ മെറ്റൽ ഡിറ്റക്ടർ നിർത്താതെ ശബ്ദിച്ചു.
ഓഫീസർമാരും ഉന്നതന്മാരും ഓടിക്കൂടി.
പൊട്ടിത്തെറി ഉണ്ടാകുമെന്ന ഭയത്താൽ
ചില കാലുകൾ പിന്നോട്ട് വലിഞ്ഞു തുടങ്ങിയിരുന്നു.
ഒരുന്നത ഉദ്യോഗസ്ഥൻ പറഞ്ഞു :
--കുഴപ്പം ഉള്ളതൊന്നുമില്ല..
യന്ത്രത്തിന് എന്തു പറ്റിയാവോ.
ഏറെയൊന്നും പഠിപ്പില്ലാത്ത ബാഗുടമ പറഞ്ഞു.
--യന്ത്രം കരഞ്ഞതാണ് സർ.
എന്റെ ജീവിതം അത് കണ്ടു,
കണ്ണില്ലെങ്കിലും, യന്ത്രം മാത്രമേ കണ്ടുള്ളൂ..
°°°°°°°°°°°°°°°°
സായ് ശങ്കർ 
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo