Slider

അത്രമേൽ പ്രണയിക്കുന്നു..

0
ആയിരം തിരിയിട്ട നിലവിളക്കടികത്തി-
യാത്മാവു വേർപെട്ടവളസ്തമിച്ചീടുന്നു.
അന്തിക്ക്‌കൂരയിൽ റാന്തലുകളെരിയി-
ലോരന്തിച്ചുവപ്പിനീച്ചെഞ്ചുണ്ടിൽപടരില്ല.
'എല്ലാംശരിയാകു' മെന്നിനിയോതില്ല...
വല്ലാതേ നീറുമ്പോളെന്നെത്തലോടില്ല.
കാർമേഘപടലത്തിലമ്പിളിയെന്നപോല-
ങ്കുശമുള്ളോരു പുഞ്ചിരിയേകില്ല.
പൂവിന്റെ സൗരഭ്യമെന്നിലിനി നിറയില്ല,
പൂന്തേൻ കിനിയില്ല.. പൂവാടിയുണരില്ല.
പൂത്തുമ്പിപോലിനി പാറിപ്പറക്കില്ല,
ചുറ്റിലുമാനന്ദം കോരിയൊഴിക്കില്ല.
ആർത്തലച്ചൊരുനാളിൽപെയ്യുമെന്നറി-
യാതെയലമുറയാലവർ പിൻവിളിച്ചീടുന്നു.
അവരുടെയേകപ്രതീക്ഷതൻ തിരിനാള-
മൊരുനാളിലിവളെന്റെ നിറദീപമായ് ....
ആനന്ദവീഥിയിലംഗുലി കോർത്തെത്ര -
കാതങ്ങൾ താണ്ടി നാമക്ഷീണരായി.
കാലം മായ്ക്കുകില്ലൊരുനാളുമോമലേ....
നിർമ്മലസ്നേഹത്തിൻ നീർമുത്തുകൾ..!
നീർമുത്തു പൊട്ടിച്ചിതറിത്തെറിക്കുന്നു -
കാലത്തിനേകാന്ത യവനികയ്ക്കപ്പുറം .
പുതുവേഷ മായതൻ ചായംപുരട്ടുന്നു -
ചുട്ടികൾ കണ്ണീരിലൂട്ടിയുറയ്ക്കുന്നു .
'അവളെ മറക്കുക...' വേൾക്കണം വീണ്ടു-
മെന്നേകസ്വരത്തിൻ ബഹുനേത്രജാലം.
ആറിന്റെയോരത്ത് വെള്ളിമണൽത്തി -
ട്ടയിലേകാന്ത രാവിന്നൊരന്തിത്തിരി...!
വീണ്ടും തുറക്കുന്നു മണിയറപ്പാളികൾ -
വലംകാൽ തറയ്ക്കുന്നു നെഞ്ചകംതന്നിൽ.
അവളുടെ നിറയുന്ന ഗന്ധം മറയ്ക്കുവാനാ-
വില്ല...തോൽക്കുന്നു നറുമുല്ലമൊട്ടുകൾ.
ഓർമ്മത്തിരികെട്ടുവോ മിഴിനീരുതിർന്നുവോ
പാദങ്ങൾ ചടുലമായ് ചുടലയെപ്പുൽകി .
നീ തന്നെ.... നീ തന്നെ വയ്യെന്റെയോമലേ..
നിന്നിലൊടുങ്ങിടുമെന്നുമെൻ ജീവിതം...!
കിളിവാതിൽപ്പഴുതിലൂടിരുനേത്രമറിയുന്നു
പ്രണയത്തിൻ ശക്തിയും സൗന്ദര്യവും..
അതിശക്തമൊഴുകുന്ന പുഴതന്റെ ഗതി -
മാറ്റാനാവില്ലൊരിക്കലുമാരാലുമത്രെ ...!
........... .............. ............. ...............
ഊർമ്മിള ആ വരികളിലൂടെ വീണ്ടും കണ്ണോടിച്ചു.
മൂന്ന് മാസങ്ങൾക്ക് മുൻപായിരുന്നു ഊർമ്മിളയുടെ വിവാഹം . അനന്തന്റെ രണ്ടാം വിവാഹമായിരുന്നു , ആദ്യ ഭാര്യയുടെ മരണത്തിന്റെ തീരാ ദു:ഖത്തിൽ നിന്നും ഒരു മോചനത്തിനു വേണ്ടി വീട്ടുകാരുടെ നിർബന്ധം മൂലം നടന്ന ആ മംഗളകർമ്മത്തിന്റെ പര്യവസാനം പക്ഷെ എല്ലാവരുടേയും മിഴികളെ ഈറനണിയിച്ചു .
........... ............. ........... ........................
"ഇനിയും കാത്തിരിക്കണോ ...? "
വലിഞ്ഞു മുറുകുന്ന നിശ്ശബ്ദതയെ വകഞ്ഞു മാറ്റാറുള്ള പതിവു ചോദ്യം പക്ഷെ നിസ്സംഗതയോടെ ഊർമ്മിളയേറ്റുവാങ്ങി .
"വയ്യമ്മേ , വല്ലാതെ ... വല്ലാതെ പിടിച്ചുലയ്ക്കുന്നു . ആ വരികൾ ഒന്നു നോക്കു , വർഷങ്ങൾ കഴിഞ്ഞിട്ടും മറക്കാതെ ....എത്ര പേരുണ്ടാവും ?"
"അത് അപ്പോഴത്തെ മാനസികാവസ്ഥയാവാം , അല്ലെങ്കിൽ പിന്നെ അയാൾ എന്തിനു സമ്മതിച്ചു.... "
ഇത്തവണയും പരാജിതയായി സുജാത പിൻവാങ്ങി !
അതേ ... ആ രാത്രി മറക്കാനാവില്ല. ... ആദ്യരാത്രിയുടെ പിരിമുറക്കവും പ്രതീക്ഷകളുമായി മണിയറ പുൽകിയ തന്നെ എതിരേറ്റ അനന്തേട്ടന്റെ ഭാവവ്യതിയാനം ഇപ്പോഴും മനസ്സിലുണ്ട് ...
പരിഭ്രമത്തിന്റെ മൂർദ്ധന്യത്തിൽ അനന്തൻ അവളെ തേടുകയായിരുന്നു ... അവളുടെ കല്ലറയ്ക്ക് മുന്നിൽ കൂനിക്കൂടിയിരിക്കുന്ന അയാളെ ജാലക വാതിലിലൂടെ നോക്കിയിരുന്ന് നേരം വെളുപ്പിച്ചു ഊർമ്മിള.
ഉദാത്ത പ്രണയത്തിന്റെ ഒരിക്കലും മായാത്ത സ്മാരകങ്ങളോടവൾക്കന്ന് അസൂയ തോന്നി ...
വീട്ടുകാരുടെ മാദ്ധ്യസ്ഥങ്ങൾ വിഫലമായി.
ഊർമ്മിളയുടെ സാന്നിധ്യം അനന്തന്റെ മാനസികനിലയെ തകരാറിലാക്കുമോ എന്ന ഭയം ചർച്ചകളിൽ മുഴച്ചു നിന്നു.
നിറമിഴിയോടെ ഊർമ്മിള പടിയിറിങ്ങി ....
മൂന്നു മാസങ്ങൾക്കിപ്പുറം ഒരു ഈ മെയിൽ .. വരികളിൽ തന്റെ നിസ്സഹായാവസ്ഥ പ്രതിഫലിക്കുന്നുണ്ടായിരുന്നു ...
അവൾ കീ പേഡിൽ തന്റെ വിരലുകളോടിച്ചു.
കാത്തിരിക്കാം ... വഴിമാറിയൊകുന്ന മഹാപ്രവാഹത്തിനായി ... നഷ്ടപ്പെടുത്താൻ എനിക്കാവില്ല. അത്രമേൽ .... അത്രമേൽ പ്രണയിക്കുന്നു ഞാൻ ....!
✍️ശ്രീധർ.ആർ.എൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo