
രചന: ലിൻസി വർക്കി
വാതോരാതെ വർത്തമാനം പറയുന്ന ഡ്രൈവറിനേക്കാൾ സ്റ്റീരിയോയിൽ നിന്നൊഴുകുന്ന ഹിന്ദി ഗാനത്തിൽ ശ്രദ്ധ പതിപ്പിച്ച് വഴിയോരക്കാഴ്ചകളിലൂടെ കണ്ണുകളലയാൻ വിട്ട് സീന സീറ്റിൽ ചാരിക്കിടന്നു. പുറകോട്ടോടിമറയുന്ന വീടുകളും തെങ്ങിൻതോപ്പുകളും സ്കൂൾ വിട്ടുപോകുന്ന കുട്ടികളുമൊക്കെ അവളുടെ മനസ്സിനെ സന്തോഷിപ്പിച്ചു. പക്ഷെ ആ കാഴ്ചകളെ തോൽപ്പിച്ച് മനസ്സ് വീണ്ടും വീണ്ടും ഒരു ആശുപത്രിക്കിടക്കയിലേക്കു തിരിച്ചു പോയി. കടന്നുപോകേണ്ടി വന്ന കയ്പുനിറഞ്ഞ നാളുകൾ ഉള്ളിൽ തേട്ടി.
ഇടത്തെ കഴുത്തിൽ ചെറിയ മുഴകളായാണ് രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഹോസ്പിറ്റലിൽ പോകാനും ഡോക്ടറെ കാണാനുമുള്ള മടി മൂലം സീന ആരോടും അത് പറഞ്ഞില്ലെങ്കിലും രാത്രികളിലെന്നോ പകുതി മയങ്ങിയ അവളെ തഴുകിയുണർത്തിയ ജോമോൻ അത് കണ്ടുപിടിക്കുകയും പിറ്റേന്നുതന്നെ ആശുപത്രിയിൽ കൊണ്ടുപോവുകയും ചെയ്തു. ഗവൺമെന്റ് സർവ്വീസിൽ നിന്നും റിട്ടയർ ചെയ്ത ശേഷം ഡോക്ടർ കോശി ജോലിചെയ്തിരുന്ന പ്രൈവറ്റ് ആശുപത്രിയിലായിരുന്നു ഓപ്പറേഷനും റേഡിയേഷനും കീമോയും.
വിവാഹം കഴിഞ്ഞ് രണ്ടുവർഷത്തിനു ശേഷം, മോന് ആറുമാസം പ്രായമുള്ളപ്പോഴാണ് സീന ആ ഓപ്പറേഷന് വിധേയയാകുന്നത്. അന്നവൾക്ക് ഇരുപത്താറു വയസ്സ് . ഓപ്പറേഷന്റെ വേദനയും ട്രീട്മെന്റിന്റെ അസ്വസ്ഥതകളുമായി തള്ളി നീക്കിയ കറുത്ത ദിവസങ്ങൾ. എല്ലാവരും മറന്നപ്പോഴും പ്രിയപ്പെട്ടവർ കുത്തുവാക്കുകൾ പറഞ്ഞപ്പോഴും ഒരു നോക്കു കൊണ്ടു പോലും വേദനിപ്പിക്കാതെ ലീവെടുത്ത് കൂടെ നിന്ന ജോമോൻ. അതോർത്തപ്പോൾ ജോമോൻ അന്നു കൂടെ വരാഞ്ഞതിലുള്ള അവളുടെ പരിഭവം അലിഞ്ഞലിഞ്ഞു പോയി.
അപ്പോയ്ന്റ്മെന്റ് ബുക്ക് ചെയ്ത് ഹാഫ് ഡേ ലീവും എടുത്തിറങ്ങിക്കഴിഞ്ഞപ്പോഴാണ് 'ഒരു അർജന്റ് മീറ്റിംഗ്, ഒഴിവാക്കാനാവില്ല. നീ ഡ്രൈവറെ കൂട്ടി പൊയ്ക്കോ' എന്ന ജോമോന്റെ മെസ്സേജ് അവൾ കണ്ടത്. ഗേറ്റിൽത്തന്നെ ഡ്രൈവർ കാറുമായി വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു.
നാലു വർഷമായി സീന ഡോക്ടർ കോശിയുടെ ക്ലിനിക്കിലെ സ്ഥിരം സന്ദർശകയാണ്. ആദ്യമൊക്കെ ആഴ്ചയിലും മാസത്തിലുമൊക്കെ ചെക്ക് അപ്പ് നടത്തണമായിരുന്നെങ്കിലും ഇപ്പോൾ അവൾ പൂർണ്ണ ആരോഗ്യവതിയാണ്. എങ്കിലും അവളുടെ രോഗത്തിന്റെ ഔചിത്യമില്ലായ്മ മൂലം എല്ലാ ആറുമാസം കൂടുമ്പോഴും ചെക്ക് അപ്പ് നിർബന്ധമാണ്.
എഴുപതു വയസ്സോളമുള്ള ഗവണ്മെന്റ് റിട്ടയേർഡ് സർജനായിരുന്നു ഡോ: കോശി. രോഗം എളുപ്പത്തിൽ കണ്ടുപിടിക്കും, എന്നാൽ അനാവശ്യമായ ചികിൽസകൾ ചെയ്യില്ല എന്നതായിരുന്നു ഡോ കോശിയുടെ പ്രത്യേകത. രോഗത്തെയല്ല രോഗിയെ ചികിൽസിക്കുന്ന ഹോളിസ്റ്റിക് അപ്രോച്ച് ആയിരുന്നു അദ്ധേഹത്തിന്റേത്. അതുകൊണ്ടു തന്നെ റിട്ടയർ ചെയ്തിട്ടും വളരെ ദൂരെ നിന്നുപോലും രോഗികൾ കേട്ടറിഞ്ഞ് ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയിരുന്നു.
"വേറെവിടെ ആരുന്നേലും അവളിന്നു ജീവനോടെ കാണുകേലാരുന്നു. കോശി ഡോക്ടറായോണ്ടാ അവളിപ്പഴും ജീവിച്ചിരിക്കുന്നേ... അങ്ങേര് എന്റെ വകേലൊരു വല്ല്യമ്മേടെ നാത്തൂന്റെ മകടെ മകനാ....''
ജോമോന്റെ വല്യമ്മച്ചി വീട്ടിൽ വന്നവരോടൊക്കെ ഡോക്ടർ കോശിയുടെ ഗുണഗണങ്ങൾ പ്രകീർത്തിച്ചു. ഒപ്പം ഒരു സൂക്കേടുകാരിയെ ആണല്ലോ ഈശോ എന്റെ ജോമോനു കൊടുത്തതെന്ന് ഇടയ്ക്കിടയ്ക്ക് പരാതി പറയുകയും ചെയ്തു.
ആർക്കും ഇഷ്ടം തോന്നുന്ന പ്രകൃതമായിരുന്നു ഡോ : കോശിയുടേത്. പഞ്ഞിപോലെ നരച്ച മുടിയും മുഖത്തെപ്പോഴും ചെറുചിരിയുള്ള ഡോ: കോശിയെ സീനക്കും വലിയ ഇഷ്ടമായിരുന്നു. ഒരു മകളോടോ കൊച്ചുമകളോടോ എന്നപോലെയാണ് ഡോക്ടർ അവളുടെ അടുത്തിടപഴകിയത് . മക്കളൊക്കെ വിദേശത്തായതു കൊണ്ട് റിട്ടയർമെന്റിനു ശേഷം സ്വന്തം നാട്ടിൽ ക്ലിനിക്കിനോട് ചേർന്നുള്ള വലിയ വീട്ടിൽ ഭാര്യയുമൊത്തു തനിച്ചായിരുന്നു അദ്ദേഹത്തിന്റെ താമസം.
എന്തെങ്കിലുമൊക്കെ സംശയം ചോദിക്കാൻ വിളിക്കുമ്പോൾ 'ഡോക്ടർ കുളിക്കുവാട്ടോ...ഒരഞ്ചു മിനിറ്റ് കഴിഞ്ഞു വിളിക്കൂ' , 'ഡോക്ടർ പുറത്തു പോയതാട്ടോ ...അരമണിക്കൂർ കഴിഞ്ഞു വിളിക്കൂ' എന്നിങ്ങനെയുള്ള ശബ്ദശകലങ്ങളല്ലാതെ അദ്ദേഹത്തിന്റെ ഭാര്യയെ സീന ഒരിക്കലും നേരിൽ കണ്ടിരുന്നില്ല. എങ്കിലും വെള്ളിമുടികളുള്ള , ഐശ്വര്യമുള്ള ഒരമ്മമുഖം ആ ശബ്ദത്തിനു പിന്നിൽ അവൾ സങ്കല്പിക്കാറുണ്ടായിരുന്നു.
അവർ ക്ലിനിക്കിലെത്തിയപ്പോൾ സമയം നാലര കഴിഞ്ഞിരുന്നു. വീടിനും പരിസരത്തിനും കഴിഞ്ഞ തവണ കണ്ടതിനേക്കാൾ എന്തൊക്കെയോ മാറ്റം പോലെ അവൾക്കു തോന്നി. മുറ്റത്താകെ പുല്ലുകൾ വളർന്നു നിന്നിരുന്നു. ക്ലിനിക്കിലെ വെയ്റ്റിങ് റൂമിലെ കസേരകളൊക്കെ അവിടവിടെ സ്ഥാനം തെറ്റിക്കിടന്നു. കുറെ നാളത്തെ പത്രങ്ങളും മാസികകളും ടീപ്പോയിൽ കൂടിക്കിടന്നു.
വളരെ കുറച്ചു രോഗികളെ കാണാനുണ്ടായിരുന്നുള്ളൂ. അവളുടെ ഊഴം അടുത്തപ്പോൾ ഒരു പയ്യൻ പേരുവിളിച്ച് അകത്തേക്കു വിട്ടു. അവൻ അവിടെ പുതിയതാണല്ലോ എന്നോർത്തുകൊണ്ട് അകത്തേക്കു കയറിയപ്പോൾ ആ പെൺകുട്ടി എവിടെ എന്ന് അവളുടെ കണ്ണുകൾ തിരഞ്ഞു.
കൺസൾട്ടേഷൻ റൂമിൽ കണ്ടതു ഡോക്ടർ കോശിയാണെന്നു വിശ്വസിക്കാനാവൾക്കായില്ല. പെട്ടെന്നു പത്തിരുപതു വയസ്സ് കൂടിയപോലെ. അവൾ സംസാരിക്കുമ്പോഴൊക്കെയും അയാളുടെ കണ്ണുകൾ ശൂന്യതയിൽ അലയുകയായിരുന്നു.
"കിടക്കൂ...പരിശോധിക്കാം" എന്നു പറഞ്ഞുകൊണ്ട് കർട്ടൻ ഇട്ടു മറച്ച മുറിക്കുള്ളിലേക്കു നയിക്കുമ്പോഴും അയാൾ അവളെ നോക്കിയതേ ഇല്ല. പക്ഷെ പരിശോധിച്ചു തുടങ്ങിയതേ അയാളുടെ മട്ടുമാറി. ഒരു പരിശോധനക്കുമപ്പുറം കഴുത്തിൽ നിന്നും അവളുടെ നെഞ്ചിലൂടെ അയാളുടെ കരങ്ങളോടി. മാറിപ്പോയ സാരി വലിച്ചിടാൻ അവൾ ശ്രമിച്ചപ്പോൾ 'മാറ്റ് , പരിശോധിക്കട്ടെ' എന്നു പറഞ്ഞ് വീണ്ടും അനാവൃതമാക്കി. ഗർഭപാത്രത്തിനു വേദനയുണ്ടോ എന്നു ചോദിച്ചുകൊണ്ട് കൈകൾ നഗ്നമായ വയറിലൂടെ ഇഴഞ്ഞിറങ്ങി.
പരിശോധന ശരിയായ രീതിയിലല്ല പുരോഗമിക്കുന്നതെന്നു മനസ്സിലായപ്പോൾ സീന നിസ്സഹായയായി ചുറ്റും നോക്കി. തനിച്ചു വരാൻ തോന്നിയ നിമിഷത്തെയും തനിച്ചു വിട്ട ജോമോനെയും ശപിച്ചു. അപ്പന്റെ സ്ഥാനമുള്ള, വർഷങ്ങളായി അവൾക്കറിയാവുന്ന ഡോക്ടർ കോശി കൊതിയോടെ പച്ചമാംസത്തെ ഉറ്റുനോക്കുന്ന ഒരു ചെന്നായയായി മാറിക്കഴിഞ്ഞതായി അവൾക്കു തോന്നി.
പക്ഷെ അത്രനാളും നന്നായി അറിയാമായിരുന്ന, മര്യാദക്കാരനായിരുന്ന ആ വ്യക്തിയെ തെറ്റിദ്ധരിക്കാനും മനസാക്ഷി മടിച്ചു. ' എപ്പോഴും ഇങ്ങനെതന്നെയായിരുന്നു പരിശോധിക്കുന്നതെങ്കിലോ? തനിച്ചേയുള്ളുവെന്ന ഉൾഭയമാണ് പ്രതിരോധിക്കാൻ തന്നെ പ്രേരിപ്പിക്കുന്നതെങ്കിലോ? ഡോക്ടർ മോശമായൊന്നും വിചാരിച്ചിട്ടില്ലെങ്കിൽ പ്രതികരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കലായാലോ?' ഒരു നൂറു ചോദ്യങ്ങൾ അവളുടെ തലക്കുള്ളിൽ കിടന്നു കറങ്ങി.
വെറുപ്പും നിസ്സഹായതയും സംശയവും ഉള്ളിലൊളിപ്പിച്ച് സീന ഉറക്കെ ചുമയ്ക്കുന്നതു പോലെ നടിച്ചു. ശ്വാസം കിട്ടുന്നില്ലെന്ന രീതിയിൽ എഴുന്നേറ്റിരുന്നു. കണ്ണുകൾ പാതിയടച്ച് കിതച്ചു കൊണ്ടു നിന്ന അയാൾ പെട്ടെന്നു പരിശോധന നിർത്തി ഒന്നും മിണ്ടാതെ അകത്തേക്കു പോയി.
നിറഞ്ഞ കണ്ണുകൾ ആരും കാണാതെ തുടച്ച് വെളിയിലിറങ്ങി വേഗം കാറിലേക്കു നടക്കുമ്പോൾ റിസെപ്ഷനിലുള്ള പയ്യൻ പുറകെ ഓടിച്ചെന്ന് സ്വരം താഴ്ത്തിപ്പറഞ്ഞു.
" ചേച്ചി ഇനി തനിച്ചു വരണ്ട കേട്ടോ...മാഡം മരിച്ചിട്ട് ആറുമാസം ആയില്ലേ ? വയസ്സനാണേലും സാറ് ഒരു പുരുഷനല്ലേ?"
മാലയിട്ട രൂപത്തിലൂടെ തന്നെനോക്കിയിരിക്കുന്ന ആ അമ്മയെ അപ്പോഴാണ് അവൾ കണ്ടത്. ആ കണ്ണുകളും നിറഞ്ഞിരിക്കുന്നതായും പാതിതുറന്ന ആ ചുണ്ടുകൾ ശപിക്കരുതേ എന്നു യാചിക്കുന്നതായും അവൾക്കു തോന്നി.
അവസാനിച്ചു
ലിൻസി വർക്കി
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക