നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ജാനമ്മ

Image may contain: Jolly Chakramakkil, beard, eyeglasses, sunglasses and closeup
( ജോളി ചക്രമാക്കിൽ )
ജാനമ്മ ''
സ്കൂളിൻ്റെ ഓഫീസു മുറിയോടു ചേർന്നുള്ള കഞ്ഞിപ്പുരയിൽ രാവിലേ
ഉപ്പുമാവു തയ്യാറാക്കുന്നതിൽ വ്യാപൃതയാണ്.
കഞ്ഞിപ്പുരയുടെ വടക്കു കിഴക്കേ കോണിലായി
മൂന്നു കല്ലുകൾ കൂട്ടി വച്ചിട്ടുള്ള ഒരു വലിയ അടുപ്പും പിന്നെ ഒരു ചെറിയ അടുപ്പുമാണുള്ളത്.
അതിൽ വലിയ അടുപ്പിലാണ്
ഒരു വലിയ ചരുവത്തിൽ ഉപ്പുമാവിനുള്ള വെള്ളം വെട്ടി തിളയ്ക്കുന്നത് ,അതിൽ നിന്നും ഒരു പാത്രം വെള്ളം മാറ്റി വച്ച് നേരത്തെ ചെറിയ അടുപ്പിൽ ഒറ്റക്കാതുള്ള ചീനച്ചട്ടിയിൽ കടുകും പച്ചമുളകും കരിവേപ്പിലയും താളിച്ചു വച്ചത് എടുത്ത് വലിയ ചെരുവത്തിൽ ചേർത്ത് കയിലു കൊണ്ട് ഇളക്കി
താഴെ കത്തിക്കൊണ്ടിരിക്കുന്ന വിറകു കൊള്ളികൾ ഒന്നുകൂടി അടുപ്പിനകത്തേയ്ക്ക് തള്ളി വച്ച് ജാനമ്മ തൻ്റെ നടുവൊന്നു നിവർത്തി .
നീല കള്ളിമുണ്ടും ബ്ലൗസുമാണ് വേഷം, മേൽമുണ്ടും ഒരു തോർത്തുമുണ്ടും മുറിയിലൊരു മൂലയിൽ കോണോട് കോൺ വലിച്ചുകെട്ടിയിട്ടുള്ള അയയിൽ തൂങ്ങി കിടക്കുന്നുണ്ട്
നിവർന്നു നിന്ന ജാനമ്മ തൻ്റെ എളിയിൽ തിരുകിയ മുണ്ടിൻ്റെ കോന്തല നിവർത്തി അതീന്നൊരു നാരങ്ങയല്ലി മിഠായി എടുത്ത് പകുതി കടിച്ച് ബാക്കി പകുതി ശ്രദ്ധാപൂർവ്വം കോന്തലയിൽ തന്നെ തിരികെ വച്ച് എളിയിൽ തിരുകിയ ശേഷം ,
റവയെടുത്ത് ചരുവത്തിൽ കുറേശ്ശെയായി ചൊരിഞ്ഞ് കറുത്ത വലിയ മരകയിലിട്ട് താളത്തിൽ ഇളക്കാൻ തുടങ്ങി.
ഒപ്പം വായിലെ നാരങ്ങയല്ലി മുഠായി പതിയെ അലിയിച്ചിറക്കാൻ തുടങ്ങി.
പണ്ട് ഇടയ്ക്കിടെ തലച്ചുറ്റി വീഴാൻ തുടങ്ങിയപ്പോൾ വലിയങ്ങാടിയുടെ അടുത്തുള്ള
പ്രൈവറ്റ് ആശുപത്രിയായ " മൌണ്ട് പ്ലസൻ്റ്
ലെ ഡോക്ടർ കൃഷ്ണൻകുട്ടിയാണ്
പരിശോധിച്ചിട്ടു പറഞ്ഞത് ' ലോ ഷുഗറാണ് ഭക്ഷണം സമയത്തിനു കഴിക്കണം അല്ലെങ്കിൽ ഇടയ്ക്കിടെ മധുരം കഴിക്കണം എന്ന് ,
അതിനു കണ്ടെത്തിയ താത്കാലിക വിദ്യയാണ് ഈ നാരങ്ങയല്ലി മിഠായി പ്രയോഗം അതുകൊണ്ട് എപ്പഴും ഈ കോന്തലയിൽ രണ്ടോ മൂന്നോ മിഠായി കാണും .
ജാനമ്മയ്ക്കിപ്പോൾ ഏതാണ്ട് നാൽപ്പതു വയസ്സ് ആയി കാണുമായിരിക്കും
തീക്കത്തിക്കാനുള്ള വിറക് കീറുന്നതും ഒറ്റയ്ക്ക് ചരുവം അടുപ്പിൽ കയറ്റുന്നതും ഉപ്പുമാവ് പിള്ളേർക്ക് വിളമ്പുന്നതുമെല്ലാം ഒരു വല്ലാത്ത ചുറുച്ചുറുക്കോടെയാണ്.
കഞ്ഞിപ്പുരയുടെ ഒരു വശത്തുള്ള വരാന്ത എത്തി ചേരുന്നത് പുറകു വശത്തുള്ള കിണറ്റിനരികിലാണ്
ഇൻറർവെൽ സമയത്ത് മുതിർന്ന കുട്ടികൾ കൂട്ടമായി വന്ന് വെള്ളം കുടിക്കുന്നത് ഇതിനടുത്തുള്ള വക്ക് ചളുങ്ങിയ ഇരുമ്പ് ബക്കറ്റ് കൊണ്ട് കിണറ്റിൽ നിന്നും വെള്ളം മുക്കിയെടുത്താണ് .
നേരത്തെ മുക്കിയെടുത്ത് അകത്തെ പാത്രങ്ങളിൽ ശേഖരിച്ചു വച്ച
വെള്ളത്തിൽ നിന്നും കൊച്ചു കുട്ടികൾക്ക്
പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് ഗ്ലാസ്സുകളിൽ നിറച്ച്
ജാനമ്മ നൽകും ,കുട്ടികൾ
അതു കുടിക്കുന്നത് വാൽസല്യത്തോടെ
നോക്കി നിൽക്കും .
ഈ സമയത്ത് ഞാനും സുധാകരനും കഞ്ഞിപ്പുരയുടെ ഉള്ളിൽ ചുമരിനോടു ചേർത്തിട്ടിട്ടുള്ള ആടുന്ന ബഞ്ചിൽ ഇരുപ്പുറപ്പിച്ചിട്ടുണ്ടാവും
" അമ്മായീ വെള്ളം "
സുധാകരൻ്റെ അച്ഛൻ്റെ പെങ്ങളാണീ
ജാനന്മ
നേരത്തെ പാത്രത്തിൽ മാറ്റി വച്ച വെള്ളമെടുത്ത് അവർ
ആറ്റി തണുപ്പിച്ച് രണ്ടു ഗ്ലാസ്സിലാക്കി ഞങ്ങൾക്കായി തരും
പിന്നെ കോന്തലയഴിച്ച് ഓരോ നാരങ്ങയല്ലി മിഠായിയും
ജാനമ്മയുടെ രണ്ടു കൈകളിലും നിറയെ
കലപില വയ്ക്കുന്ന കറുത്ത കുപ്പിവളകളാണു.
ചൂടുള്ള പാത്രത്തിൻ്റെ വക്കു തട്ടി പൊള്ളിയത് കാണാതിരിക്കാനാണത്രേ കറുത്ത കുപ്പിവളകൾ ഇടുന്നത്
എന്തായാലും വെളുവെളുത്ത കൈകളിൽ അതിനൊരു ഭംഗി വേറെ തന്നെയാണ് പോരാത്തതിനു
അച്ചപ്പത്തിൻ്റെ ഒരു കുഞ്ഞു അച്ചു പോലെ തോന്നണ, അഞ്ചു ചുവപ്പു കല്ലു പതിച്ചുള്ള
ഒരു മുക്കുത്തി മൂക്കിലണിഞ്ഞിട്ടുമുണ്ട്.
കരിപിടിച്ച കഞ്ഞിപ്പുരയുടെ വടക്കേച്ചുമരിനെതിരായി തീ കത്തിച്ചു കൊണ്ടു നിൽക്കുമ്പോൾ ഈ മുക്കുത്തിയുടെ അഞ്ചു കല്ലുകളും വാശിയോടെ മാറി മാറി തിളങ്ങും
എന്തോ ഓർത്തിട്ടോ ,പുക കണ്ണു കലക്കിയിട്ടോ എന്നറിയാതെ കണ്ണിണകളിൽ നിന്നും അടരാൻ വെമ്പുന്ന വെളുത്ത മുത്തുകളും അന്നേരം വല്ലാത്തൊരു തിളക്കം ആർജ്ജിക്കും .
ഞാനും സുധാകരനും ഒരേ ക്ലാസ്സിലാണു പഠിക്കുന്നത് സുധാകരൻ്റെ സഞ്ചിയിൽ ഒരു വലിയ ചോറ്റുപാത്രവും പേജുകൾ അടർന്നു പോയ ചില ബുക്കുകളുമാണുള്ളത്
അവന് പഠിക്കാൻ വലിയ താത്പര്യമൊന്നുമില്ല
ഉച്ചയ്ക്ക് കിട്ടുന്ന ഉപ്പുമാവാണ് കാര്യം
പിന്നെ പാത്രത്തിൽ നിറച്ച് വീട്ടിൽ കൊണ്ടു പോകുകയും ചെയ്യും .
അവൻ്റെ അച്ഛൻ അതായത് ജാനമ്മയുടെ ആങ്ങള ആദ്യമേ
കല്യാണം കഴിച്ചത് മുറപ്പെണ്ണായ സുധാകരൻ്റെ അമ്മയേയായിരുന്നു
ഭാഗം വച്ചു കിട്ടിയ പറമ്പിലെ
അടുത്തടുത്ത വീടുകളിലായിരുന്നു ഇവരുടെ താമസം
സുധാകരൻ്റെ അമ്മാവൻ ദിവാകരൻ ജാനകിയെ ,
ജാനമ്മയുടെ ശരിയ്ക്കുള്ള പേര് അതാണു
കല്യാണം പറഞ്ഞു വച്ചതായിരുന്നു
സുധാകരൻ്റെ ജനനത്തോടെ അവൻ്റെ അമ്മയ്ക്ക് അപസ്മാര രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങി
ഒരിക്കൽ പറമ്പിലെ കുളത്തിൽ തുണി നനച്ചു കൊണ്ടിരിക്കെ അപസ്മാരമിളകി വീണു മുങ്ങിത്താഴുന്നതു കണ്ട് രക്ഷിക്കാൻ ചാടിയ ദിവാകരനേയും കൊണ്ട് നേർപെങ്ങൾ ആഴത്തിലേയ്ക്ക് പോയി
ആറു മാസം കഴിഞ്ഞ് മുഹുർത്തം കണ്ട അവരുടെ കല്ല്യാണവും അങ്ങിനെ മുടങ്ങി ..
സുധാകരനെ നോക്കാൻ ഒരാളെ വേണമെന്നുള്ളതു കൊണ്ട് അച്ഛൻ രണ്ടാമതു കെട്ടി പക്ഷെ രണ്ടാനമ്മയ്ക്ക് പെറ്റമ്മ ആവാൻ
പറ്റിയില്ല .
സുധാകരനെ ഉപദ്രവിക്കുന്നത് ഒരു പതിവായപ്പോൾ
തീരെ സഹിക്കാതെ ഒരു സുപ്രഭാതത്തിൽ ജാനമ്മ അവനേയും
സ്വന്തം വീട്ടിലേയ്കു കൂട്ടി കൊണ്ടുവന്നു
പിന്നീടവൻ്റെ അച്ഛനുമമ്മയുമെല്ലാം ജാനമ്മയായിരുന്നു .
വർഷങ്ങൾ ആരോടും പറയാതെ അതിവേഗം കടന്നു പോയി ഒരോരുത്തരും വഴിപിരിഞ്ഞ്
പല ദിക്കുകളിലായി
സുധാകരൻ വലിയങ്ങാടിയിലെ അട്ടിമറി തൊഴിലാളിയായെന്നു കേട്ടു
കാണാൻ കഴിഞ്ഞതേയില്ല
പത്തു പതിനഞ്ചു വർഷങ്ങൾ കഴിഞ്ഞു പഴയ സ്കൂളിൽ ചെന്ന വഴിയ്ക് കഞ്ഞിപ്പുരയിലും കയറി
എളിയിൽ കൈയ്യും കുത്തി പഴയ ചിരിയോടെ
ജാനമ്മ എതിരേറ്റു
മുണ്ടിൻ്റെ കോന്തലയിൽ തപ്പി നോക്കീട്ട് പറഞ്ഞു
" മിഠായി തീർന്നല്ലോ മക്കളെ ."
സാരല്ല , ജാനമ്മേ ..ഇപ്പഴും ഓർക്കുന്നുണ്ടല്ലോ അതു മതി ''.
വാർദ്ധക്യവും ജോലി ഭാരവും ജാനമ്മയുടെ
തൊലിയിൽ ചുളിവുകൾ വീഴ്ത്തിയിരിക്കുന്നു
കറുത്ത കുപ്പിവളകൾ ഇപ്പോഴും കൈയ്യിലുണ്ട്
എണ്ണം ഒന്നോ രണ്ടോ മാത്രം
മുക്കുത്തിയിലെ ചുമന്ന കല്ലെല്ലാം കൊഴിഞ്ഞു പോയിരിക്കുന്നു
സുധാകരൻ ...!?
അവൻ്റെ കാര്യമോർക്കുമ്പോഴാ വിഷമം
എത്ര പാവമായിരുന്നവൻ
അച്ഛനെ വിഷം കൊടുത്തു കൊന്നതാണെന്നും പറഞ്ഞ് ചെറിയമ്മയെ ചവിട്ടി പുറത്താക്കി
ആ വീടും പറമ്പും വിറ്റു.
കള്ളു കുടിച്ചും ചീട്ടുകളിച്ചും '.
ഇല്ലാത്ത ദു:ശ്ശീലങ്ങളൊന്നുമില്ല
രാത്രി ഏതെങ്കിലും നേരത്തു വന്ന് എൻ്റെ ഉമ്മറ കോലായിൽ കിടക്കും
എനിക്ക് പോറ്റമ്മയാവാനേ പറ്റിയുള്ളൂ പെറ്റമ്മയാവാൻ പറ്റിയില്ല .
എനിക്കാരുമില്ല എന്നാണ് എപ്പോഴും പരാതി
അവനും കൂടെ പോയിക്കഴിഞ്ഞാൽ എനിക്കാരാണുള്ളത് ..ല്ലേ ..?
ഇവിടെ ഇനി അധികകാലം ജോലിയെടുക്കാൻ പറ്റില്ല പ്രായമായി
നിറഞ്ഞ മിഴികൾ തോർത്തുമുണ്ടുകൊണ്ട്
ഒപ്പികൊണ്ടവർ പറഞ്ഞു ..
ജാനമ്മേ പോട്ടെ ഇനിയും വരാം .'
വർഷങ്ങൾ വീണ്ടും കടന്നു പോയി
ഒരിക്കൽ വലിയങ്ങാടിയിലുടെ പോവുമ്പോൾ
എളിയിൽ കൈ കുത്തി നിൽക്കുന്ന സ്ത്രീ രൂപം കണ്ടപ്പോൾ അടുത്തുചെന്നു.
ജാനമ്മേ ' . .!
ങാ .. മക്കളോ .
എൻ്റെ സുധാകരൻ അവൻ്റെ അച്ഛൻ്റേയും അമ്മയുടേയും അടുത്തേക്ക് പോയിട്ടാ ..
എന്നെ എന്താണാവോ ഭഗവാന് വേണ്ടാത്തത് !
വിറയ്ക്കുന്ന കൈകളോടെ കോന്തലയിൽ നിന്നും ഒരു നാരങ്ങയല്ലി മിഠായി എടുത്ത്
അതിൽ പറ്റിപ്പിടിച്ചിരുന്ന ഉറുമ്പുകളെ തട്ടി കളഞ്ഞ് എനിക്ക് നീട്ടി
കഴിഞ്ഞ തവണ കണ്ടപ്പോൾ തരാൻ പറ്റിയില്ല ..!
കണ്ണുകളിലെ വാത്സല്യത്തിനു ഒരു കുറവുമില്ല
എളിയിൽ കൈ കുത്തി നിന്നു ജാനമ്മ പറഞ്ഞു
മക്കളു പൊയ്ക്കോ
കണ്ടപ്പോൾ ഓടി വന്നല്ലോ ...
ഈശ്വരൻ അനുഗ്രഹിക്കട്ടെ ..!
തിളക്കം നഷ്ട്ടപ്പെട്ട കണ്ണുകൾ തോളിലിട്ട തോർത്തു മുണ്ടിൻ്റെ തുമ്പാൽ തുടച്ച് എളിയിൽ കൈയ്യും കുത്തി പോക്കുവെയിലിനെതിരായി ജാനമ്മ"
പതുക്കെ നടന്നു നീങ്ങി
.....
കഞ്ഞിപ്പുരയുടെ മുന്നിലുള്ള കിണറ്റിൻകരയിലേയ്ക്കു നീളുന്ന വരാന്തയിൽ ജാനമ്മ ശാന്തമായി ഉറങ്ങുകയാണ് നീട്ടി പിടിച്ച വലതു കൈയിലെ വിരലുകൾക്കിടയിൽ നാരങ്ങയല്ലി മിഠായികൾ,
അവ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു ' വരിയിട്ടവർ ചെന്ന് വാത്സല്യമൂറുന്ന കണ്ണുകൾ ഇനി തുറക്കാത്ത വിധം പൊതിഞ്ഞു പിടിച്ചിരിക്കുന്നു ..
" ജാനമ്മ "
ഇവർ ജീവിക്കാൻ മറന്നതോ ...
ജീവിച്ചു തീർന്നതോ . .?
21- Apr - 2019
( ജോളി ചക്രമാക്കിൽ )

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot