നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ചന്ദനംപെറ്റ പെണ്ണ് - Part 7


സംസാരിച്ചു നിന്നതുകൊണ്ട് രണ്ടു പേരും സമയം പോയതറിഞ്ഞില്ല ക്യാമ്പിൽ നല്ല തിരക്കായിരുന്നു. അവർക്ക് കാര്യമായ ജോലി ഇല്ലായിരുന്നു. മിക്കതും സേവാദൾ പ്രവർത്തകർ ഏറ്റെടുത്തിരുന്നു. ഉച്ചഭക്ഷണ സമയത്ത് ലക്ഷ്മിയമ്മ ശ്രീജയോടു ചോദിച്ചു.
"അല്ല വയസ്സിരുപത്താറായില്ലേ ഗെവെർമെന്റ് ജോലീമൊണ്ട് ഇനിയൊരു കല്യാണമല്ലേ വേണ്ടത്? പെങ്കുട്ട്യോളിങ്ങനെ മൂത്തു നരച്ച് മൂക്കിപ്പല്ലുമൊളച്ചാൽ കെട്ടാനാരാ വരുക? അച്ഛനോട് ഞാൻ സംസാരിക്കണോ? കമ്മീഷനൊന്നും തരണ്ടാ ഒരൂണ് തന്നാമതീ.. എന്താ ഞാൻ ആരെയെങ്കിലും നോക്കട്ടേ?"
"വിവാഹപ്രായമായപ്പോൾ പലരും പല പല ആലോചനേങ്കൊണ്ടു വന്നതാണ് അപ്പോൾ കൊച്ചേട്ടൻ പറഞ്ഞു
"പൊന്നൂട്ടിക്കിപ്പോൾ കല്യാണം വേണ്ടച്ഛേ അവളു പഠിക്കട്ടേ പഠിച്ച് ഒരു ഗവർമെന്റു ജോലി വാങ്ങിയിട്ടു മതി കല്യണം പിന്നെ നമ്മുടെ കൂടെ ഇവിടെ ഈ വീട്ടിൽ താമസിക്കാൻ താൽപ്പര്യമൊളളവർക്കേ പൊന്നൂട്ട്യെ കെട്ടിച്ചു കൊടുക്കു അല്ലെങ്കിൽ അച്ഛനേം അമ്മേനേം കാണാൻ ഇവടെ കെട്ട്യോന്റെ വീട്ടിൽ ഞങ്ങളട്ടിപ്പേറ് കെടക്കേണ്ടി വരും.."
അങ്ങനെ പഠിച്ചു പാസ്സായി ജോലീംകിട്ടി സ്വന്തം ജില്ലയിൽ പോസ്റ്റിംഗും ആദ്യ ശമ്പളം കൈയ്യിൽ കൊടുത്തപ്പോൾ അച്ഛൻ പറഞ്ഞു.
"പൊന്നൂട്ട്യേ... ആദ്യ ശമ്പളം കിട്ട്യല്ലേ അച്ഛനു സന്തോഷായിട്ടോ ഞങ്ങടെ കണ്ണടഞ്ഞാലും ആരെടേം മൊനാശ കൂടാണ്ടെന്റെ മോക്ക് സുഖായി ജീവിക്കാം നീ സ്വന്തങ്കാലിൽ നിക്കണത് കാണുന്നതിപ്പരം വേറെന്തു സന്തോഷാ ഞങ്ങക്കൊള്ളത് മോളേക്കുറിച്ചോർത്ത് ഞങ്ങക്കെന്നും അഭിമാനേയൊള്ളൂ ഇന്ന് ഞാനിവടെ മര്ച്ച്വീണാലും മനസമാതാനത്തോടെയാവും എന്റൊത്മാവു പോകുക.."
സന്തോഷംകൊണ്ട് അച്ഛന്റെ കണ്ണുനിറഞ്ഞതു കണ്ടപ്പോൾ എനിക്കും സങ്കടമായി
"ഓ... അച്ഛനും തൊടങ്ങ്യോ.. സെൻറിയടിക്കാൻ? ടീവീല് സന്ദേശം സിനിമാ കണ്ടോണ്ടിരുന്നതിന്റെയാണ് പൊന്നൂട്ട്യേ ഈ ഡയലോഗ്.. കരണ്ടു പോയപ്പോ ദാ... ഇപ്പോ പൊറത്തെറങ്ങീതെയൊള്ള് അതിന്റെയാണ് ഈ സെന്റീ... ഒന്നു പോ... അച്ഛാ... ചുമ്മാതെ കൊച്ചിനെ വെഷമിപ്പിക്കാതെ നീയകത്തേക്കു കേറിപ്പോയെന്റെ പൊന്നൂട്ട്യേ"
ഞങ്ങളുടെ രണ്ടു പേരുടേയും വികാരഭരിതമായ മുഖം കണ്ടപ്പോൾ രംഗം ശാന്തമാക്കാൻ രമേച്ചി അച്ഛനെ കളിയാക്കി
"പൊന്നൂട്ട്യേ ഏതായാലും ഈ പൈസ നിന്റെമ്മേന്റെ കൈയ്യികൊണ്ടെക്കൊട് നിനക്കാെര് സർക്കാരുജോലി കിട്ടാനായിട്ട് ഓള് വിളിക്കാത്ത ദൈവങ്ങളില്ല.. അവള് പൊഴേപ്പോയേക്ക്വാ തുണി കഴ്കാൻ ഉം.. അങ്ങോട്ടു ചെല്ല് പിന്ന്യേ സന്തോഷം കൂടീട്ട് ഓളാ പാറപ്പൊറത്ത് നടുവും കുത്തി വീഴാതെ നീ നോക്കിക്കോണട്ടോ ഇല്ലേച്ചാൽ നിന്റെ ശമ്പളം മുഴുവൻ ആശൂത്രീല് മൊടക്കേണ്ടി വരും "
"
അച്ഛൻ കെയ്യിലിരുന്ന ശമ്പളം തിരിച്ചുനല്കിയിട്ടു പറഞ്ഞു. ഞാൻ ഓഫീസിൽ പോയിവന്ന വസ്ത്രങ്ങൾ മാറാതെ നേരെ പുഴക്കടവിലേക്കു ചെന്നു.
" അമ്മേ.. ആ വലങ്കൈയ്യൊന്നു നീട്ടിക്കേ "
"എന്നാ പൊന്നൂട്ട്യേ... എന്താ കാര്യം"
മുട്ടൊപ്പം വെള്ളത്തിൽ നിന്നുകൊണ്ട് തുണി അലക്കിക്കൊണ്ടിരുന്ന അമ്മ മുട്ടിനു മുകളിലേക്ക് എടുത്തു കുത്തിയിരുന്ന പാവാടയുടെ തുമ്പ് താഴ്ത്തിയിട്ടു കൊണ്ട് എന്റെ മുന്നിലേക്കു വന്നു വലതു കൈയ് നീട്ടീ.
" എനിക്കാദ്യത്തെ ശമ്പളം കിട്ട്യമ്മേ ഇന്നാ "
എന്റെ കയ്യിലിരുന്ന പണം ഞാൻ അമ്മയ്ക്കു കൊടുത്തു.
"എന്റെ വള്ളിയൂർക്കാവിലമ്മേ... നീയെന്റ പ്രാർത്ഥന കേട്ടല്ലോ എനിക്കിനി മരിച്ചാലും വേണ്ടില്ല ബൈരക്കുപ്പോയി കുമാരേട്ടനോടും നാത്തൂനോടും പറയണം നമ്മടെ കുടുമത്തും സർക്കാര് ചോറെത്തീന്ന്. അന്നേ നീ പിയെസ്സി പരീക്ഷയെഴുതാൻ പോണെന്നു കേട്ടപ്പോൾ. അവരെന്താ പറഞ്ഞേന്നറ്യാേ..
സർക്കാരിന്റെ ചോറു തിന്നാനൊരു യോഗം വേണം ലക്ഷ്മ്യേ യോഗം പ്പെന്തായി? നിന്നെ പടിക്കാൻ വിടാതെ കെട്ടിച്ചു വിടാമ്പറഞ്ഞോരാ അവരറിയട്ടേ എന്റെ മോക്ക് ശമ്പളംകിട്ടയ കാര്യം"
ഞാൻ കൊടുത്ത പണം രണ്ടു കൈയ്കൾക്കൊണ്ടും കൂട്ടിപ്പിടിച്ച് കണ്ണുകളിൽ വച്ചു പടിഞ്ഞാറോട്ട് തിരിഞ്ഞു നിന്നു പ്രാർത്ഥിച്ച ശേഷമാണ് അമ്മയുടെ അഭിപ്രായപ്രകടനങ്ങൾ പുറത്തുവന്നത്. അന്ന് വൈകുന്നേരം ബൈരക്കുപ്പേ പോയി തന്റെ ആങ്ങളയോടും നാത്തൂനോടും വഴിയിൽ കണ്ട എല്ലാവരാേടും ഇക്കാര്യം പറഞ്ഞിട്ടേ അമ്മയ്ക്കു സമാധാനമായത്. അന്നുതൊട്ടിന്നു വരെ എനിക്കു കിട്ടുന്ന ശമ്പളം ഞാൻ അമ്മയുടെ കൈയ്യിലാണ് കൊടുക്കുന്നത് അത് എന്തു ചെയ്തെന്ന് ഇതുവരേം ചോദിച്ചിട്ടില്ല. പിന്നെ
കല്യാണം. എന്നായാലും കഴിക്കണം ലക്ഷ്മിയമ്മേ! അനിയേട്ടന്റെ ഭാര്യ സിന്ധുചേച്ചീടെ ബന്ധത്തിൽ നിന്നും ഒരാലോചന ഒത്തുവന്നിട്ടുണ്ട് പേര് സുധീഷ് ഇറിഗേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയറാണ് കക്ഷി. ആരായാലും എനിക്കെതിർപ്പില്ല അച്ഛനും അമ്മയും ഏട്ടന്മാരും പറയുന്നവന്റെ മുന്നിൽ ഞാൻ കഴുത്തു കുനിക്കും അതിപ്പോൾ കൊല്ലാനായാലും വളർത്താനായാലും എല്ലാം അവരു തീരുമാനിക്കുന്ന പോലാണ് ഏതായാലും വരുന്ന ചിങ്ങത്തിൽ ചിലപ്പോൾ നടന്നേക്കും"
"എവിടെയായാലും ദുഃഖിക്കേണ്ടി വരില്ല നല്ലൊരു ചെറുക്കനെക്കൊണ്ടേ അവരു സാറിനെ കെട്ടിക്കൂ സമയം കൊറേ ആയില്ലേ നമ്മളിവിടെയിരുന്നു കഥ പറയാൻ തൊടങ്ങീട്ട് വാ.. കൈയ്യൊണങ്ങി ഉണ്ടിട്ടു കൈയ് കഴുകാൻ താമസിച്ചാലേ കല്യാണം നടക്കാൻ താമസിക്കുമെന്നാ പഴഞ്ചൊല്ല്. "
അവർ തങ്ങളുടെ ചോറ്റുപാത്രമെടുത്തുകൊണ്ട് കൈയ് കഴുകാൻ പോയി.
വൈകുന്നേരം ക്യാമ്പു കഴിഞ്ഞ്
വീട്ടിലെത്തിയിട്ടും ശ്രീജയ്ക്ക് ഒരു സമാധാനവും ഉണ്ടായില്ല ഉച്ചയ്ക്ക് ലക്ഷ്മിയമ്മ പറഞ്ഞത് അവളുടെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു എങ്കിലും ഇന്നു താനറിഞ്ഞ കാര്യങ്ങൾ അവൾ വീട്ടിലെ ആരോടും പറഞ്ഞില്ല അന്നു രാത്രി അത്താഴ സമയത്ത് ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കുന്ന ശ്രീജയെ നോക്കി രമ പറഞ്ഞു
"ഇന്നാളനിക്കുട്ടനൊരു എഞ്ചിനീയറുടെ കാര്യം പറഞ്ഞേപ്പിന്നെ ഇവിടൊരാൾ എപ്പോഴും ചിന്താവിഷ്ടയായ എൽ ഡിയാണല്ലോ ശശിയേട്ടാ എന്നപ്പിന്നെയതങ്ങൊറപ്പിക്കത്തില്ലേ ചിങ്ങമിങ്ങെത്താറായി "
" അച്ഛേ .ഞാൻ.. തൃശലേരിക്കൊന്നു വിളിച്ചു സംസാരിച്ചാലോ നാളെ രാവിലെ? ചെലപ്പോ അവര് നമ്മളു വിളിക്കുന്നതും കാത്തിരിക്കായാണെങ്കിലോ?"
ശശീന്ദ്രൻ നാണുവേട്ടനോട് ചോദിച്ചു.
"അല്ല അന്നാക്കാര്യം നമ്മളിവളോട് പറഞ്ഞിട്ട് മറുപടിയൊന്നും തന്നില്ലല്ലോ സൊന്തായി ചിന്തിക്കാനും പ്രവർത്തിക്കാനുമൊള്ള പ്രായേം പക്കൊതേം അവക്കൊണ്ടല്ലോ നല്ലതും ചീത്തേം തിരിച്ചറിയാനൊള്ള വിവേകോമൊണ്ട്. അവളൊന്നും വിട്ടു പറയാത്തോണ്ടാണ് ഞാനും മിണ്ടാതിരുന്നേ അല്ല എന്തേലുമൊണ്ടെങ്കി ആരോടു പറഞ്ഞില്ലേലും നിന്റെമ്മയോട് പറയാതിരിക്കില്ല പക്ഷേ അവളെന്നോടൊന്നും പറഞ്ഞില്ല പിന്നെ ആരേം നിർബന്ധിച്ച് ചെയ്യിക്കണ്ട കാര്യല്ല കല്യാണം.എന്റെ കൂടെ ആരു ജീവിക്കണം അല്ലെങ്കിൽ ഞാനാരെടെ കൂടെ ജീവിക്കണമെന്ന് സ്വന്തം തീരുമാനിക്കണം അത് മകനായാലും ഇനി മകളായാലും ആലോജിച്ച് തീരുമാനിച്ചാമതീന്നു കര്തീട്ടാ ഞാനൊന്നും മിണ്ടാതിരുന്നേ..."
"ങ്ങേ.. ഇപ്പോ കുറ്റം മുഴുവൻ എന്റെ തലേവെച്ചോ
ഒരു ഫോട്ടോ തന്നട്ട് ദാ.. ഇതു നോക്ക് ഇവടെ നമ്മടെ സിന്ധൂന്റെ ബെന്ധത്തിലൊരു ചെറുക്കനൊണമ്മേ സുധീഷെന്നാ പേര് നമ്മടെ പൊന്നൂട്ടിക്ക് ചേരൂന്നു പറഞ്ഞതല്ലാതെ പിന്നെയെന്തെങ്കിലും പറഞ്ഞായിരുന്നോ നിങ്ങടെ എളേമോൻ? ഇവടെ വെട്ടാൻ വരുന്ന പോത്തുപോലൊരു തന്തേം കൊല കൊമ്പന്മാരായ മൂന്നാങ്ങളമാരുമൊള്ളപ്പോൾ കുടുമത്തിരിക്കുന്ന പെണ്ണുങ്ങളാണോ കാര്യം ഭരിക്കേണ്ടത് അല്ല എനിക്കറിയാഞ്ഞിട്ടു ചോതിക്ക്വാ ഞങ്ങളാണോ ഇതെക്കെ നോക്കേണ്ടത്..?"
"ഓ..ഇപ്പോ അങ്ങനായി കാര്യങ്ങള് ഡീ.. പൊന്നൂട്ട്യേ
അന്നൊരു ഫോട്ടോ നിന്നെക്കാണിച്ചില്ലാരുന്നോ? എന്താപാട് നിനക്ക് ഇഷ്ടായോ? അതല്ല നെന്റെ മനസ്സില് വേറാരെങ്കിലുമൊണ്ടോ..? ഒണ്ടെങ്കി തൊറന്നു പറഞ്ഞോ ഏതായാലും നിന്റിഷ്ടാണ് പ്രധാനം നാളെ ഞങ്ങള് കാരണം നിന്റെ ജീവിതം തകർന്നുപോയെന്ന പരാതിയൊണ്ടാകരുത്. എല്ലാർക്കും ഒരേയൊരു ജീവിതേയൊള്ളൂ അതോണ്ട് അവനോന്റെ ജീവിതം അവനോൻ തന്നെ തെരഞ്ഞെടുക്കണം അപ്പോപ്പിന്നെ ദു:ഖിക്കേണ്ടി വരില്ല എന്താ നിന്റെ തീരുമാനം "
ശശീന്ദ്രൻ ശ്രീജയോട് ചോദിച്ചു.
" അച്ഛനും അമ്മേം ഏട്ടന്മാരും ആരെ ചൂണ്ടിക്കാണിച്ച് പറഞ്ഞാലും ആ ആളുമതിയെനിക്ക് നിങ്ങടെ സന്തോഷത്തേക്കാൾ വലുതെനിക്കൊന്നുമില്ലല്ലോ.?"
" അല്ല മോളേ... നിനക്കൂടെ ഇഷ്ടപ്പെട്ടാൽ മാത്രമേ ഞങ്ങള് സമ്മതിക്കൂ നിനക്കാരോടെങ്കിലും ഇഷ്ടമൊണ്ടോന്നു ചോദിക്കണത് നാളെയെന്റെ മോള് സങ്കടപ്പെടാതിരിക്കാനാ. മോളേ സങ്കടപ്പെടുത്തീട്ടൊരു സന്തോഷം ഞങ്ങക്കും വേണ്ടാ ആരോടെങ്കിലുമിഷ്ടമൊണ്ടെങ്കിൽ എന്നോടോ രമയോടൊ പറഞ്ഞാമതി ഞാനച്ഛനോടും ഏട്ടന്മാരോടും പറഞ്ഞോളാം ഇന്നു വേണ്ട നാളെപ്പറഞ്ഞാ മതീ..."
ലക്ഷ്മിയമ്മ അവളുടെ ശിരസ്സിൽ തഴുകിക്കൊണ്ട് പറഞ്ഞു.
"ഇല്ലമ്മേ...എനിക്കു വേറെയാരോടും ഇതുവരെ ഒരിഷ്ടവും തോന്നീട്ടില്ല സമയമാകുമ്പോൾ നിങ്ങളെല്ലാവരുങ്കൂടെ കണ്ടുപിടിച്ചു തരുമെന്നറിയാം എന്റെ ദൈവങ്ങളായ നിങ്ങളല്ലാതെ വേറെയാരുമെന്റെ മനസ്സിലില്ല"
"ഇവളെന്റെ മോളാടീ...കണ്ടില്ലേ പെങ്കുട്ട്യോളായാ എന്റെ പാെന്നൂട്ട്യേപ്പോലേ വളരണം ഏതൊരച്ഛനും അഭിമാനത്തോടെ തലപൊക്കി നടക്കണെങ്കി ഇങ്ങ്നൊള്ള മക്കളു വേണം... ഡാ ശശ്യേ... നാളെ അവനെ നിന്റെനിയനെ വിളിച്ചു പറ ആ ചെറുക്കാനോട് കാർന്നോമ്മാരേം കൂട്ടിവന്ന് പൊന്നൂട്ട്യെ പെണ്ണുകാണാൻ. ഫോട്ടോയിക്കണ്ടത് കാര്യാക്കണ്ട നമ്മക്ക് നേരിട്ടു കാണാലോ?"
" ശര്യാച്ഛാ ഇതിപ്പോ മീനമല്ലേ കാര്യങ്ങളൊക്കെ ഒത്തു വന്നാ നമ്മക്ക് ചിങ്ങത്തിലെ പത്താമൊദയത്തിന്റെന്നു തിരുനെല്ലീവെച്ചു നടത്താം അപ്പോഴേക്കും മഴയും മാറും എല്ലാർക്കും വരാനും കല്യാണങ്കൂടാനും പറ്റും "
രമ തന്റെ അഭിപ്രായം നാണുവേട്ടനോടു പറഞ്ഞു
"ഡാ.. രമ പറഞ്ഞതു കേട്ടില്ലെ അങ്ങനാണെങ്കിലതുമതി ആദ്യം അവരു വന്ന് പൊന്നൂട്ട്യെ കാണട്ടേ.. രണ്ടാക്കും തമ്മിലിഷ്ടായാൽ ബാക്യെല്ലാം പിന്നെയാലോചിക്കാം"
" ശെരി നാളെ രാവിലെ തന്നെ ഞാനനിക്കുട്ടനെ വിളിക്കാച്ഛേ..."
ശശീന്ദ്രൻ എഴുന്നേറ്റ് കൈയ്കഴുകാൻപോയി.
ബാക്കിയുള്ള എല്ലാവരും അത്താഴം കഴിച്ചശേഷം എഴുന്നേറ്റുപോയി.
ശ്രീജയും രമയും പാത്രങ്ങളെല്ലാം കഴുകി വൃത്തിയാക്കിയിട്ടാണ് അവരുടെ കിടപ്പറയിലേക്ക് പോയത്.
രാത്രിയിൽ ഉറക്കം വരാതെ തിരിഞ്ഞു മറിഞ്ഞും കിടക്കുന്നതിനിടയിൽ അവൾ ആലോചിച്ചു.
ലക്ഷ്മിയമ്മയോട് തന്റെ കാര്യം പറഞ്ഞത് ആരാണാവോ..? ഇനിയെങ്ങാനും തനിക്കു ജന്മം തന്നവരുടെ ബന്ധുക്കൾ ആരെങ്കിലും ആകുമോ? അവരോട് ചോദിച്ചാലോ അവർ എവിടെയുള്ളവരാണെന്ന്? വേണ്ട ഇത്രയും കാലം ഇല്ലാത്തവര് ഇനി വേണ്ട.തന്റെ മാതാപിതാക്കന്മാരും ബന്ധുക്കളും ഈ കുടുംബത്തിലുള്ളവർ തന്നെയാണ് ഇനി മറിച്ചു ചിന്തിക്കേണ്ട ആവശ്യമില്ല അത് നന്ദികേടാകും നന്ദിയില്ലാത്തവളെന്ന നാമം ചിലപ്പോൾ മരണംവരെ തന്നെ വേട്ടയാടും. ഇനി താനായിട്ട് ലക്ഷ്മിയമ്മയോട് ചോദിക്കുന്നില്ല.അവർ തന്നെ പറയുവാണെങ്കിൽ പറയട്ടേ? ചിന്തകൾ കാടുകയറുന്നതിനിടയിൽ അവൾ മെല്ലെ
ഉറക്കത്തിലേക്കു വഴുതി വീണു.
നാലു ദിവസം കഴിഞ്ഞപ്പോൾ കാട്ടിക്കുളത്തു നിന്നും അനിൽകുമാറിന്റെ ഫോൺവിളിയെത്തി, അടുത്ത ഞായറാഴ്ച്ച സുധീഷ് ശ്രീജയെ പെണ്ണുകാണാൻ വരുന്നുണ്ട് ആ വിവരം കേട്ടപ്പോൾ നാണുവേട്ടനും കുടുംബത്തിനും വളരെ സന്തോഷമായി. അന്നു വൈകുന്നേരം ജോലി കഴിഞ്ഞെത്തിയ ശ്രീജയോട് രമ കാര്യങ്ങളെല്ലാം പറഞ്ഞു.നാണുവേട്ടനും ലക്ഷ്മിയമ്മയും തങ്ങളുടെ ബാക്കിയുള്ള മക്കളായ ശ്രീദേവിയോടും ചന്ദ്രകുമാറിനോടും അവരുടെ കുടുംബത്തിനൊപ്പം ശനിയാഴ്ച്ച തന്നെ തറവാട്ടിൽ എത്താൻ പറഞ്ഞു. അവരെല്ലാവരും ആ ദിവസത്തിനായി കാത്തിരുന്നു.
ഞായറാഴ്ച്ച രാവിലെ പതിനൊന്നു മണിയായപ്പോൾ ശ്രീജയെ പെണ്ണുകാണാൻ സുധീഷും കൂട്ടരും വന്നു വഴികാട്ടിയായി അവരുടെയൊപ്പം നാണുവേട്ടന്റെ ഇളയ മകൻ അനിൽകുമാറും ഭാര്യ സിന്ധുവും ഉണ്ടായിരുന്നു.ചെറുക്കനെ അവർക്ക് ബോധിച്ചു. പരസ്പരം സ്വകാര്യമായി സംസാരിച്ചു തിരിച്ചു വന്ന ശേഷം സുധീഷ് തനിക്ക് ശ്രീജയെ ഇഷ്ടപ്പെട്ടെന്ന് അനിൽകുമാറിനോടു പറഞ്ഞു.
ഉച്ചയൂണിന്റെ സമയമായതുകൊണ്ടും ചെറുക്കനു പെണ്ണിനെ ഇഷ്ടപ്പെട്ടന്നറിഞ്ഞതും നാണുവേട്ടൻ വന്നവരോടു പറഞ്ഞു.
"ഏതായാലും ഊണുകഴിച്ചിട്ടു പോകാം സമയമിത്രോം കഴിഞ്ഞില്ലേ നിങ്ങളു ഇവടെന്നു കഴിക്കാതെപോയാ പിന്നെ നല്ലൊരൂണ് കിട്ടണെങ്കിൽ കാട്ടിക്കൊളം ചെല്ലണം ഹോട്ട ലൊക്കെ ബാവേലീലൊണ്ട് പക്ഷേ ഈ സമയത്ത് പോയാൽ കിട്ടില്ല"
ചെറുക്കന്റെ കൂടെ വന്ന അമ്മാവനും രണ്ടുസുഹൃത്തുക്കളും അത് അംഗീകരിച്ചു.
മക്കളും മരുമക്കളും പേരക്കുട്ടികളും എത്തിയതുകൊണ്ടും സിന്ധുവിന്റെ പ്രത്യേക താത്പര്യമായതുകൊണ്ടും കുറച്ചാൾക്കാർക്കുള്ള ഭക്ഷണം അവർ കരുതിയിരുന്നു.
അകത്ത് പെണ്ണുകാണാൻ വന്നവരും ശ്രീജയുടെ ആങ്ങളമാരും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ അടുക്കളയിൽ വച്ച് ലക്ഷ്മിയമ്മ ചോദിച്ചു.
"പൊന്നൂട്ട്യേ.. ചെറുക്കനേക്കുറ്ച്ചെന്താ അഭിപ്രായം നിനക്കിഷ്ടപ്പെട്ടോ.?"
അവൾ തലയാട്ടിക്കാണിച്ചു ഇഷ്ടമാണെന്നറിയിച്ചിട്ടു നാണത്തോടെ അവിടുന്നോടി മാറി.
വന്നവർക്ക് തിരിച്ചു പോകുവാൻ സമയമായപ്പോൾ ചെറുക്കന്റ അമ്മാവൻ ചോദിച്ചു.
"നിങ്ങളെന്നാണ് അങ്ങോട്ട് വരുന്നേ ത്രിശിലേരിക്ക്..? ഇനി നിങ്ങള് വന്ന് ചെറുക്കന്റ വീടും ചുറ്റുപാടും കണ്ടു ബോധിച്ചാൽ നമ്മക്കിതങ്ങ് ഒറപ്പിക്കാം എന്താ...നാണുവേട്ടന്റെ അഭിപ്രായം "
"ഏതായാലും ഞാൻ മക്കളോടും ബന്ധുക്കളോടുമൊന്ന് സംസാരിക്കട്ടേ എല്ലാ വർക്കും സമ്മതമായ ഒരു ദിവസം കണ്ടെത്തി ഉടനെ തന്നെ അറിയിക്കാം എന്നാണ് ഞങ്ങളങ്ങോട്ട് വരുന്നേന്ന് അല്ലെങ്കിൽ അനിക്കുട്ടനേം സിന്ധൂനേം അങ്ങോട്ട് പറഞ്ഞു വിടാം പോരേ?"
അത് അവർക്കും സമ്മതമായിരുന്നു.
(തുടരും) 
***അടുത്ത ഭാഗം നാളെ - ഇവിടെ, ഇതേസമയം*** 

വായിക്കാത്ത ഭാഗങ്ങൾ ഇവിടെ തിരയുക-  https://www.nallezhuth.com/search/label/ChandanamPettaPennu
ബെന്നി ടി ജെ  
Image may contain: 1 person, beard and closeup

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot