Showing posts with label Sankarankutty. Show all posts
Showing posts with label Sankarankutty. Show all posts

മാരാർ എന്ന സൈക്കോ

Sankarankutty

കട്ടചങ്ക് പോലെ കൂടെ നിന്ന് ചതിക്കുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്ക്? കൂടെ നിന്ന് ഒറ്റിയിട്ടും, അത് മനസിലാക്കാൻ ഉള്ള കഴിവ് പോലുമില്ലാതെ, കൂട്ടുകാരൻറെ വീരഗാഥകൾ പറഞ്ഞു നടക്കുന്ന ഒരു ഇന്ദുചൂഡനെ നിങ്ങൾക്ക് അറിയാമോ?

കുറച്ചു പിറകിലോട്ട് പോകണം. ഇന്ദുചൂഡൻ പഠിച്ച വിക്ടോറിയ കോളേജിൽ സീനിയർ ആയിരിന്നു മാരാർ. ഒരു വർഷം സീനിയർ. അവർ എല്ലാവരും നല്ല കമ്പനി ആയിരിന്നു. മാരാർ ആയിരിന്നു കോളേജിലെ ഒന്നാം നമ്പർ പഠിപ്പി. ഇന്ദുചൂഢന്റെ ബാച്ചിൽ പഠിച്ച ഒരു നന്ദിനി ഉണ്ടായിരിന്നു. ഇന്നേ വരെ ആരോടും പ്രണയം തോന്നാതെ നടന്ന മാരാർക്ക് ആദ്യദർശനത്തിൽ തന്നെ നന്ദിനിയോട് എന്തെന്നില്ലാത്ത അഭിനിവേശം തോന്നി. പൊതുവെ പൗരുഷത്തിന്റെ അധിപനായ ഇമേജ് ഉള്ള മാരാർ കോളേജിൽ തൻ്റെ പേര് ചീത്തയാവണ്ടാ എന്ന് കരുതി അവളോട് മനസ്സ് തുറക്കാൻ പോയില്ല. ഇന്ദുചൂഢനും കോളേജിൽ ഇഷ്ടം പോലെ ആരാധകരായി. പക്ഷെ അടിയും, ഇടിയും, കുടിയും കഴിഞ്ഞിട്ട് ലൈൻ അടിക്കാൻ ഒക്കെ എപ്പോഴാ പുള്ളിക്ക് സമയം. അവസാനവർഷ അവസാന പരീക്ഷയും എഴുതി ഇറങ്ങിയ മാരാർ ലൈബ്രറിയിൽ ചെന്ന് നന്ദിനിയെ വിളിച്ചു രഹസ്യമായി തൻ്റെ മനസ്സ് തുറന്നു. രണ്ട് വർഷമായി തൻ്റെ മനസ്സിൽ അച്ചുവേട്ടൻ എന്ന ഇന്ദുചൂഡൻ മാത്രമേ ഉള്ളൂ എന്ന നന്ദിനിയുടെ മറുപടി ഒരു ഞെട്ടലോടെയാണ് മാരാർ കേട്ടത്. വിഷമം കടിച്ചു പിടിച്ചു തിരിച്ചു നടന്ന മാരാരോട് പിറകിൽ വോയിസ് ഓവർ ആയി നന്ദിനി ക്‌ളീഷേ ഡയലോഗ് പറഞ്ഞു - "നന്ദേട്ടന് എന്നെക്കാൾ സുന്ദരിയും, സുശീലയുമായ ഒരു പെണ്ണിനെ കിട്ടും".

നന്ദിനി പോയാൽ ബാക്അപ്പ് ആയി മനസ്സിൽ വച്ചിരുന്ന മരിയാ ജോസിനോട് മാരാർ ചെന്ന് സെയിം ഡയലോഗ് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. അവൾക്കും പറയാൻ ഒരു മറുപടി മാത്രം. "എൻ്റെ മനസ്സും ശരീരവും അച്ചുവേട്ടന് ഉള്ളതാണ്... എനിക്ക് ഭാവിയിൽ ജനിക്കാൻ പോകുന്ന പിള്ളേരാണെ സത്യം.."

ഒരു ഉറുമ്പിനെ പോലും നോവിക്കാൻ അറിയാത്ത നന്ദഗോപാൽ മാരാർ എന്ന ഈഗോയിസ്റ്റിക് പഠിപ്പിക്ക് അതൊരു പ്രഹരമായിരുന്നു. ജീവിത്തിൽ ജയം മാത്രം രുചിച്ചിട്ടുള്ള ഒരു വെജിറ്റേറിയൻ മാരാർക്ക്, ബീഫും, പോർക്കും തിന്ന്, കട്ടൻ ബീഡിയും വലിച്ചു നടക്കുന്ന ഒരു ഇന്ദുചൂഢന്റെ മുൻപിൽ തോറ്റു എന്നത് മരണത്തേക്കാൾ ഭയാനകമായിരുന്നു. അന്നയാൾ മാറി, ദി അപ്പ്കമിങ്ങ് ടെറർ ആയി മാറി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സൈക്കോ
എന്നാൽ ഇന്ദുചൂഡൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അയാൾക്ക് എല്ലാവരും സഹോദരിമാരായിരിന്നു. ഇങ്ങോട്ട് വന്ന പ്രേമങ്ങൾ എല്ലാം അയാൾ പ്രതിപക്ഷ ബഹുമാനത്തോടെ തിരസ്കരിച്ചിരിന്നു.

ഇന്ദുചൂഢന്റെ റിസൾട്ട് വന്ന്, സിവിൽ സർവീസ് കിട്ടിയാൽ അയാളെ കെട്ടാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കും എന്ന ചിന്ത മാരാർക്ക് അസ്വസ്ഥത ഉണ്ടാക്കി. കേരളത്തിലെ പെണ്ണുങ്ങളെ കൂടാതെ അങ്ങ് നോർത്തിലും ഇന്ദുചൂഡൻ കേറി നിരങ്ങും എന്നത് മാരാർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിന്നു. മണപ്പള്ളിക്കാർക്ക് ഇന്ദുചൂഢന്റെ അച്ഛനോടുള്ള പക അറിയാവുന്ന മാരാർ മണപ്പള്ളി മാധവൻ നമ്പ്യാർ എന്ന അന്നത്തെ മന്ത്രിയെ കണ്ട്, മന്ത്രിയുടെ സഹായിയായ മൂപ്പിൽ നായരും ചേർന്ന് നല്ല ഒന്നാംതരം പ്ലാൻ ഉണ്ടാക്കുന്നു. ഇന്ദുചൂഡൻ അകത്ത് പോണം, ഈ പ്ലാൻ പക്ഷെ താനാണ് കൊടുത്തത് എന്ന് നാലാമതൊരാൾ അറിയരുത് എന്നൊരു നിബന്ധന വച്ചു. ബാക്കി കഥ നിങ്ങൾക്ക് അറിയാം, DYSP ശങ്കരനാരായണനെ കൂട്ട് പിടിച്ചു കള്ള കേസിൽ ഇന്ദു അകത്തായി, ആറു വർഷം ഹുദാ ഗവാ.

ഇന്ദുവിനെ കുടുക്കാൻ പ്ലാൻ ഉണ്ടാക്കാൻ മന്ത്രിയെ കാണാൻ വന്ന മാരാർ അവിടെ വച്ച് മൂപ്പിൽ നായരുടെ ആദ്യ ഡിഗ്രിയോ, രണ്ടാം ഡിഗ്രിയോ മറ്റോ പഠിക്കുന്ന അനുരാധയെ കണ്ടു. കോളേജ് വിട്ടിട്ട് ഇത് വരെ ഒരു പെണ്ണിനോടും ഒരു ദിത് തോന്നാത്ത മാരാർക്ക് വീണ്ടും പ്രഥമദൃഷ്ടിയിൽ അനുരാഗം ഉണ്ടാവുന്നു. മാരാർ തൻ്റെ ആഗ്രഹം നമ്പ്യാരോടും, മൂപ്പിലിനോടും പറയുന്നു.
"അവളുടെ പഠിത്തം കഴിയട്ടെ.. നമുക്ക് ശരിയാക്കാം" - എന്ന് മൂപ്പിൽ മാരാർക്ക് വാക്ക് കൊടുക്കുന്നു.

കാലം കൊറേ കഴിഞ്ഞിട്ടും പെൺകൊച്ചു പഠിത്തം നിർത്തുന്നില്ല. നമ്പ്യാർ തട്ടി പോയി, ഇന്ദുചൂഡൻ ജയിലിൽ നിന്നും ഇറങ്ങി, മാരാർക്ക് നര വരെ വന്നു, പക്ഷെ കൊച്ചു പഠിത്തം മാത്രം നിർത്തുന്നില്ല. മാരാർ എല്ലാ മൂന്ന് മാസം കൂടുമ്പോഴും മൂപ്പിൽ നായരെ ഫോൺ വിളിക്കും, എപ്പോഴും ഒരേ മറുപടി മാത്രം - "അവളുടെ പഠിത്തം കഴിയട്ടെ.. നമുക്ക് ശരിയാക്കാം"

ഇത് കണ്ട് കുരു പൊട്ടി നിൽക്കുമ്പോഴാണ് ഇന്ദുചൂഡൻ അച്ഛന്റെ കേസ് പറയാൻ വിളിക്കുന്നത്. ഈ കാലയളവിൽ തനിക്ക് ഇന്ദുചൂഡനോട് ഉണ്ടായിരുന്ന ദേഷ്യത്തെക്കാൾ കൂടുതൽ വെറുപ്പ് മാരാർക്ക് മണപ്പള്ളിക്കാരോടും, മൂപ്പിൽ നായരോടും ഉണ്ടായിരിന്നു. അത് കൊണ്ടാണ് വീട്ടിൽ കാശുമായി വരുന്ന ആളുകളെ ആട്ടിപ്പായിക്കുന്നതും, പോയി മേനോൻ അദ്ദേഹത്തെ രക്ഷിക്കുന്നതും, അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈൻ.

മാരാരുടെ പ്രൊഫൈൽ ഇപ്പോഴും കേരളാ മാട്രിമോണിയലിൽ ഉണ്ട്.. ഇന്നാട്ടിലെ സകല വില്ലന്മാരെ എടുത്ത് ഒരു തട്ടിൽ വച്ചാലും മാരാർ എന്ന സൈക്കോ ഇരിക്കുന്ന തട്ട് അനങ്ങുക പോലുമില്ല.. ഇജ്‌ജാതി സൈക്കോ.😁😁

-Sankaran Kutty

അവൾ ബ്‌ളോക്കീട്ട് പോയി

കൊറേ നാൾ കൂടിയിട്ട് ഒരു അകന്ന ഫ്രണ്ട് ഇന്ന് ഉച്ചയ്ക്ക് ചാറ്റാൻ വന്നു..
"ഹലോ ശങ്കൂ.."
"ഹായ്..  "
"കൊറേ നാൾ ആയല്ലോ കണ്ടിട്ട്? സുഖം?"
"യെസ്‌ , അവിടെയോ? "
"ഇവിടേം സുഖം? അച്ചു എന്ത് പറയുന്നു?" 
"അവൾക്കും സുഖം" എൻ്റെ കെട്ടിയോളുടെ കാര്യം ചോദിക്കുമ്പോൾ അവളുടെ കെട്ടിയോന്റെയും പിള്ളേരുടെയും കാര്യം ഞാനും ചോദിക്കണമല്ലോ? 🤔 ല്ലേ? 🤔
"ഹൗ ഈസ് കെട്ടിയോൻ ആൻഡ് പിള്ളേർസ്?"
"അവർക്കും സുഖം.."
"ഓക്കെ,  " ഞാൻ തള്ളവിരൽ പൊക്കി കാണിച്ചു.
"ഞാൻ ഒരു കാര്യം ചോദിച്ചാൽ ഒന്നും തോന്നരുത്?"
"തോന്നൂല്ലല്ലോ, ആസ്‌കൂ.." - എനിക്കെന്ത് തോന്നാൻ.. 🙄
"അതേയ്, നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ?"
"ഏത് നിങ്ങൾ?" 😮
"ശങ്കുവും അച്ചുവും തമ്മിൽ.."😐
കാര്യം ഞങ്ങൾ തമ്മിൽ ഒരുപാട് ഇടിയും വഴക്കും ഒക്കെ ഉണ്ടേലും ദിത് പോലെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല.. അന്തർധാര സജീവമല്ലാതെ രണ്ട് പേർ ജീവിക്കുന്നു എന്നുണ്ടേൽ അവിടെ ആരോ ഒരാൾ അഡ്ജസ്റ്റ് ചെയ്യുന്നു എന്നാണ് അർത്ഥം എന്നാണ് എൻ്റെ ഒരു ദിത് 😌.. ശോ, എൻ്റെ സാഹിത്യം.. 😎
"പ്രശ്നം ഉണ്ടേലും അത്ര വലുതൊന്നും അല്ല.. എന്നാപറ്റി അങ്ങിനെ ചോദിക്കാൻ?" 🤔🤔
"അല്ല. ഇന്ന് അച്ചുവിന്റെ പിറന്നാൾ ആയിട്ട് ശങ്കുവിന്റെ വിഷസ് ഒന്നും കണ്ടില്ല.. അതോണ്ട് ചോദിച്ചതാ.. എന്നോട് പറയാൻ പറ്റാത്ത ആണേൽ പറയണ്ടാ.." 😶
ഓ, അപ്പം ദതാണ് മാറ്റർ.. 😫😫
"പെങ്ങളെ.." - കാര്യം ചോദ്യകർത്താവ് ഒരു നല്ല പീസ് ആണെങ്കിലും, ഇമ്മാതിരി മനസുള്ളവരെ പിന്നെ നമ്മൾ പെങ്ങൾ ആയി കണ്ടേക്കണം.. ഞാൻ തുടർന്നു.. 🤐
"അവളുടെ പിറന്നാളിന് ഞാൻ ഇന്നലെ രാത്രി തന്നെ അവളെ വിഷ് ചെയ്തു 🎂, ഞാനും അമ്മയും അവളും കൂടി ഒരു കേക്കും മുറിച്ചു, ഇനി ഇന്ന് വൈകിട്ട് എല്ലാരും ചേർന്ന് വീണ്ടും കേക്ക് മുറിക്കും, വന്നാൽ ഒരു പീസ് തരാം.." 🍰
"ഓഹ്, ആണോ.. ഞാൻ ഫോട്ടോ ഒന്നും കാണാത്തോണ്ട് ചുമ്മാ ചോദിച്ചതാ.."😏
"അല്ല, ഈ നാട്ടുകാരെ കാണിക്കാൻ വിഷ് ഇട്ടില്ലേൽ ഇങ്ങിനെ ഒക്കെ ആളുകൾ ധരിക്കും ല്ലേ??"🤔🤔
"ചിലരൊക്കെ അങ്ങിനെ ആണ് ശങ്കൂ, അവരുടെ പോസ്റ്റുകൾ കണ്ടാൽ അറിയാം വീട്ടിൽ അവർ എങ്ങിനെ ആണെന്ന്.. നമ്മൾ ഇതൊക്കെ എപ്പോഴും കാണുന്നതല്ലേ.."😜😜
"ഓ, ശരി"
"എന്നാ ഞാൻ പോകട്ടെ, പിന്നെ കാണാം.."😪
"അയ്യോ പോകാതെ, എനിക്കും ഉണ്ട് ഒരു സംശയം ചോദിക്കാൻ??"🙃🙃
"എന്നോട് എന്തിനാ ഫോർമാലിറ്റി? ഓപ്പൺ ആയി ചോദിച്ചൂടെ??"🤗🤗
"രണ്ടാമത്തെ കുട്ടി വേണമെന്ന് പറഞ്ഞിട്ട് എന്തായി?"
"ആഹ്, നോക്കണം.. മൂത്തവൾക്ക് ഒരു 2 വയസ്സ് ആയിട്ട് മതിയെന്നാ ചേട്ടൻ പറയുന്നേ.."😇
"ആഹ്, അത് മതി, അത് മതി"
"" അവൾ പുഞ്ചിരിച്ചു..
"പിന്നെ ഇനി നിങ്ങൾ കൊച്ചിനെ ഉണ്ടാക്കാൻ ട്രൈ ചെയ്യുമ്പോൾ ഫോട്ടോയും വീഡിയോയും ഒക്കെ പോസ്റ്റ് ചെയ്യണം ട്ടോ 🎞️🎬, ഇല്ലേൽ ആളുകൾ പറയും നിങ്ങൾ തമ്മിൽ എന്തോ പ്രശ്നം ഉണ്ടെന്ന്...😛😛"
"what you mean? 😤😢😖"
"അതായത് ... 😛"
You cannot reply to this conversation anymore.. 😥😥
പുല്ല്, അവൾ ബ്‌ളോക്കീട്ട് പോയി... 🙄😲😭

ഉറുമ്പിന്റെ പ്രതികാരം - ചെറുകഥ

Image may contain: 1 person, sitting

"പയ്യെ പോ, അവരെങ്ങാനും എണീച്ചാലോ? 🙄"
"ഏയ്, രാവിലെ ഞാൻ അവരുടെ കാലിലെ മുറിവിൻറെ അടുത്ത് വരെ ഒന്ന് പോയി നോക്കിയതാ"
"എന്നിട്ട്? 🤔"
"എന്നിട്ടെന്താ, ഞാൻ അവരുടെ ശരീരത്തിലൂടെ ഓടി നടന്നിട്ടും അവർക്ക് അത് അറിയുന്നതായി തോന്നുന്നില്ല, ഒന്ന് ഉറപ്പിക്കാൻ ഞാൻ ഒന്ന് കടിച്ചും നോക്കി, ഒരു ഞരക്കം കേട്ടു എന്നല്ലാതെ അവർ പ്രതികരിച്ചില്ല  "
"അത് നന്നായി, അപ്പോൾ നമുക്ക് ഇന്ന് സുഭിക്ഷമായി കഴിക്കാൻ ഉള്ള വകുപ്പ് ഉണ്ടല്ലേ? "
"ഇന്ന് മാത്രമോ? എൻ്റെ ഒരു ഊഹം ശരി ആണെങ്കിൽ ഒരു മാസത്തേക്ക് നമ്മൾക്കുള്ളത് അവരിൽ നിന്നും കിട്ടും..  "
"ഹോ, കേട്ടിട്ട് തന്നെ കൊതി വരുന്നു   "
"കൊതി കൂട്ടാൻ ഞാൻ ഒരു കാര്യം കൂടി പറയാം, അവരുടെ മുറിവിന് നല്ല മധുരമാ   "
"അപ്പോൾ പുറപ്പെടുക അല്ലേ?"
അതിനു മറുപടിയായി തലയാട്ടിയ ശേഷം, തൻ്റെ സൂചനക്കായി കാത്ത് നിൽക്കുന്ന ആയിരക്കണിക്കിന് ഉറുമ്പുകളോട്, ആ സ്ത്രീയുടെ ശരീരത്തിലേക്ക് കയറുവാൻ ഉറുമ്പുകളുടെ നേതാവ് ആജ്ഞ നൽകി.
ഉറുമ്പുകൾ എല്ലാം എത്തിയിട്ട് തീറ്റ തുടങ്ങാം എന്ന് കരുതി ക്ഷമയോടെ നിൽക്കുന്ന നേതാവിനെ നോക്കി, കൂട്ടിന് വന്ന കുഞ്ഞൻ ഉറുമ്പ് ചോദിച്ചു -"എന്താ ഈ സ്ത്രീയോട് മാത്രം ഇത്രയും ദേഷ്യം? 🤔🤔"
"അതൊരു പഴയ കഥയാണ്  , പഴയത് എന്ന് പറഞ്ഞാൽ ഏതാണ്ട് 30-35 വർഷം പഴക്കമുള്ള കഥ. എൻ്റെ മുത്തശ്ശി പറഞ്ഞു കേട്ടതാ. മുത്തശ്ശിക്ക് അവരുടെ മുത്തശ്ശി പറഞ്ഞു കൊടുത്ത കഥ.."
"അന്ന് ഈ വീട്ടിൽ ഈ സ്ത്രീയും ഒരു മനുഷ്യനും മാത്രം ആയിരിന്നു, അന്ന് ഓടിട്ട വീട് ആയത് കൊണ്ട് നമ്മുടെ ഉറുമ്പുകൾ എല്ലാം തട്ടിൻപുറത്തു സുഖമായി ജീവിച്ചു പോന്നിരുന്നു, ആവശ്യത്തിന് കഴിക്കാൻ ഉള്ളത് എങ്ങിനെ എങ്കിലും ഒക്കെ കിട്ടുമായിരുന്നു. അങ്ങിനെ ഇരിക്കെ, ഒരു നാൾ ഈ സ്ത്രീ പ്രസവിച്ചു, ഒരു ആൺ കുഞ്ഞിനെ.. പിന്നീട് അങ്ങോട്ട് മധുരത്തിന്റെ ആഘോഷമായിരുന്നു..  പക്ഷെ അതധികം കാലം നില നിന്നില്ല..  "
ഒരു നെടുവീർപ്പോടെ നേതാവ് തുടർന്നു..
"കൊച്ച് നാല് കാലിൽ ഇഴഞ്ഞു തുടങ്ങിയ കാലം, ഒരു ദിവസം അതിന് കൊടുത്ത പാൽകുപ്പി കൊച്ചിന്റെ കൈ തട്ടി തറയിൽ വീണു, താഴെ മുഴുവൻ പാൽ ആയി 😚, മധുരം മണത്ത തട്ടിൻപുറത്തെ സകല ഉറുമ്പുകളും പാൽ ലക്ഷ്യമാക്കി നടന്നടുത്തു. അന്നത്തെ മുത്തശ്ശി ഉറുമ്പ് കൊറേ പേരെ തടഞ്ഞു നിർത്താൻ ശ്രമിച്ചെങ്കിലും പാലിൻറെ മണം മത്ത് പിടിപ്പിക്കുന്നതായിരിന്നു 😋. കൂട്ടം ആയി എത്തിയ ഉറുമ്പുകൾ പാൽ നുകരവേ, ആ കൊച്ചിന്റെ കൈ ഒരു പറ്റം ഉറുമ്പുകളുടെ മേൽ പതിച്ചു, പേടിച്ചരണ്ട ഉറുമ്പുകൾ പ്രാണരക്ഷാർത്ഥം ആ കൊച്ചിനെ കടിച്ചിട്ട്, തിരിഞ്ഞു ഓടാൻ ശ്രമിച്ചു 😨. പക്ഷെ കൊച്ചിന്റെ കരച്ചിൽ ഭയാനകമായിരുന്നു. കൊച്ചിന്റെ നിലവിളി കേട്ടെത്തിയ ഈ സ്ത്രീ, അവരുടെ കൊച്ചിന്റെ കരച്ചിലിനേക്കാൾ ഉച്ചത്തിൽ കരഞ്ഞു കൊണ്ട് 😭, അടുക്കളയിൽ പോയി കുപ്പിയിൽ ഇരുന്ന ഏതോ ദ്രാവകം കൊണ്ട് വന്ന് യാതൊരു കരുണയും ഇല്ലാതെ നമ്മുടെ ഉറുമ്പുകളുടെ മേൽ കുടഞ്ഞു 😷, നമ്മുടെ കൂട്ടത്തിലെ എല്ലാവരും പിടഞ്ഞു പിടഞ്ഞു മരിക്കുന്നത് മുത്തശ്ശി വേദനയോടെ, നിസ്സഹായയായി തട്ടിൻപുറത്ത് നിന്നും നോക്കി കണ്ടു 😱, അന്ന് കുഞ്ഞായിരുന്ന പത്തിരുപത് ഉറുമ്പുകൾ ഒഴികെ എല്ലാവരെയും ഈ സ്ത്രീ അന്ന് കൊന്നു കളഞ്ഞു" - കണ്ണീർ ഒപ്പിക്കൊണ്ട് നേതാവ് പറഞ്ഞു. 😰
കുഞ്ഞനുറുമ്പിന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു കഴിഞ്ഞിരുന്നു.. 😰
"അന്ന് മുതൽ പാരമ്പരകളായി നമ്മൾ കാത്തിരിക്കുകയാണ്, നമ്മുടെ പ്രതികാരത്തിന് വേണ്ടി.. ഇന്നാണ് ആ സുദിനം.. 🤧"
"അപ്പോൾ ആ കൊച്ച് എവിടെ? 🤔" - കുഞ്ഞനുറുമ്പ് സംശയത്തിൽ ചോദിച്ചു.
"അവൻ വളർന്നു വലുതായി, അതിനിടയിൽ ആ മനുഷ്യൻ മരിച്ചു, പിന്നീട് തട്ടിൻപുറം മാറി ഈ കട്ടിയുള്ള പുറം ആയി, നമ്മുടെ ജീവിതം അങ്ങിനെ ആ ചെറിയ വിടവിലും, വീട്ടിന്റെ പുറത്തും ആയി. പിന്നീട് ഒരിക്കൽ ഒരുപാട് ലഡുവും, ജിലേബിയും, തിന്നു തീർക്കാൻ പറ്റാത്ത വെയ്സ്റ്റും ഒക്കെ ഉള്ള ഒരു സമയം ഉണ്ടായി, അതിനു ശേഷം അവൻറെ കൂടെ ഒരു പെണ്ണും ഉണ്ടായിരിന്നു,  പിന്നീട് കഥയിലെ കൊച്ചിനെ പോലെ അവർക്കും ഒരു കൊച്ചുണ്ടായി, ആ സമയത്ത് നേതാവ് പഴയ കാര്യം ആവർത്തിക്കാതിരിക്കാൻ എല്ലാവരെയും ഇവിടെ നിന്ന് മാറ്റി നിർത്തി.. പക്ഷെ ആ കൊച്ച് നടന്നു തുടങ്ങുന്നതിനു മുൻപ് തന്നെ അവർ ഇവിടെ നിന്നും പോയി..😏"
"എന്നിട്ട് ? 😅" - ആകാംക്ഷയോടെ കുഞ്ഞൻ ചോദിച്ചു?
"എന്നിട്ട് ഇടയ്ക് ഇടയ്ക് അവൻ വരുന്നത് കാണുമായിരുന്നു.. 😏ആദ്യമൊക്കെ ചെറിയ വേളകളിൽ വരുമായിരുന്നു, പിന്നെ പിന്നെ വേളകളുടെ ദൈർഖ്യം കൂടി കൂടി വന്നു... ഇവർ ഈ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട് ഇത് വരെ വന്നിട്ടില്ല.. 🤣 "
ഒന്ന് നിർത്തിയ ശേഷം നേതാവ് തുടർന്നു..
"ഇതാണ് നമുക്ക് പറ്റിയ സമയം 😇😇" - ആർത്തിയും, കൊതിയും, പ്രതികാരവും ആ സ്വരത്തിൽ പ്രതിഫലിച്ചു..
അപ്പോഴേക്കും ഉറുമ്പ്കൂട്ടം ആ സ്ത്രീയുടെ കാലിൽ എത്തിക്കഴിഞ്ഞിരിന്നു. എല്ലാവരുടെയും മുഖത്ത് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം അലതല്ലി. കണ്ണ് കൊണ്ട് നേതാവ് അവർക്ക് നിർദ്ദേശം നൽകി - ആ സ്ത്രീയുടെ മധുരമുള്ള മുറിവിൽ നിന്നും തിന്നാവുന്ന എല്ലാം തിന്നു തീർക്കാൻ ഉള്ള നിർദ്ദേശം. യാതൊരു മടിയുമില്ലാതെ അവർ അവരുടെ പ്രതികാരത്തിലേക്കു ഇരച്ചു കയറി 🤪. ഒന്ന് അനങ്ങാൻ പോലും പറ്റാതെ ആ സ്ത്രീയുടെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ വീണു, പണ്ട് തൻ്റെ ഒരു വയസുള്ള മകനെ ഉറുമ്പ് കടിച്ചപ്പോൾ, അവൻ കരഞ്ഞത് കണ്ടപ്പോൾ സ്നേഹം കൊണ്ട് വീണ കണ്ണീർ പോലെ, രണ്ട് തുള്ളികണ്ണീർ.😢
ആ മുറിവിൽ നിന്നും ഒരു പഴുത്ത മാംസകഷണം കടിച്ചെടുത്ത് വായിൽ ഇട്ടിട്ടും, കുഞ്ഞന് സംശയം മാറിയില്ലായിരുന്നു, അവൻ അത് ചവച്ചു കൊണ്ട് നേതാവിനോട് ചോദിച്ചു -"ഇതിൻറെ ഇടയ്ക്കു അവൻ എങ്ങാനും കേറി വരുമോ? 🤔"
വായിലെ മനുഷ്യമാംസം നുണഞ്ഞു കൊണ്ട്, പുച്ഛത്തോടെ നേതാവ് പറഞ്ഞു - "അതിനിവരെല്ലാം മനുഷ്യരല്ലേ, അവൻ വരില്ല ☺️😏"

നോ..വേണ്ടാ..പറ്റില്ലാ.. (കഥയല്ല)

Image may contain: 1 person, closeup

"ആരാ അമ്മേ പുറത്ത്?"
"അതാ അപ്പുറത്തെ വീട്ടിലെ സുമതിയാ?"
"അവർക്കെന്താ വേണ്ടേ?"
"ഒരു രണ്ടായിരം രൂപ കടം വേണമെന്ന്.."
"ഏഹ് 🙄, 'അമ്മ തന്നെ അല്ലേ പറഞ്ഞത് അവര് കടം മേടിച്ചാൽ തിരിച്ചു തരാൻ പാടാണെന്ന്.. പിന്നെ എന്തിനാ കൊടുക്കണേ?🤔"
"അതിപ്പോ രണ്ടായിരം രൂപയല്ലേ, പോട്ട്, അവരുടെ മുഖത്ത് നോക്കി എങ്ങിനെയാ ഇല്ലാ എന്ന് പറയുക😐, മാത്രവുമല്ല ഞാൻ ഇന്നലെ പെൻഷൻ മേടിക്കാൻ പോയിട്ട് വരുന്നത് അവര് കണ്ടായിരുന്നു😔"
"ആഹ്, എന്തേലും ചെയ്യ്..🤧"
നിങ്ങൾ ആരെയെങ്കിലും വിഷമിപ്പിക്കാതിരിക്കാൻ വേണ്ടി മാത്രം എൽഐസി പോളിസി എടുത്തിട്ടുണ്ടോ? 🤔 തിരിച്ച് കിട്ടില്ലാ എന്ന് പൂർണ്ണ ബോധം ഉണ്ടായിട്ടും കടം കൊടുത്തിട്ടുണ്ടോ?🤔 തുണികടയിൽ കയറി കൊറേ സാധനം നോക്കിയിട്ട് ഒന്നും ഇഷ്ടമാകാഞ്ഞിട്ടും, ഏതേലും ഒരെണ്ണം അവരെ വിഷമിപ്പിക്കാതിരിക്കാൻ എടുത്തിട്ടുണ്ടോ? 🤔ഇതിനെല്ലാം ഇല്ല എന്നാണ് ഉത്തരം എങ്കിൽ, നിങ്ങൾ വേറെ റേഞ്ച് ആണ്, ഈ പോസ്റ്റ് നിങ്ങൾക്ക് ബാധകമല്ല.. 🤘🤘
നമ്മൾ എന്ത് കൊണ്ടാണ് നോ പറയാൻ ഇത്രയും മടിക്കുന്നത്? ആരെയാണ് നാം ഭയക്കുന്നത്? ഒരുതരം തെറ്റായ സ്വാഭിമാനം അല്ലേ ദിത്? 🤔🤔
പേര്‍സണല്‍ ഇന്‍ഷുറന്‍സ് ആണ് ഏറ്റവും ഉത്തമമായ ഉദാഹരണം. പോളിസി എടുക്കുന്നത് മോശം അല്ല, പക്ഷെ എനിക്കറിയാവുന്ന ഭൂരിഭക്ഷം ആളുകളും, 'പോളിസി എടുപ്പിക്കാന്‍ വന്ന ബന്ധുവിനെയോ, പരിചയകാരനെയോ എങ്ങിനെ വിഷമിപ്പിക്കും?' എന്ന് കരുതി മാത്രം പോളിസി എടുത്തവരാണ്🙆🏻‍♂. ഇരുനൂറു രൂപയുടെ മൊബൈല്‍ കവര്‍ റിവ്യൂ നോക്കി മേടിക്കുന്ന മലയാളി പോളിസി ഒക്കെ ആരേലും വന്നു പറഞ്ഞാല്‍ കണ്ണും അടച്ചു വാങ്ങും എന്നതാണ് വേറൊരു പ്രതിഭാസം.😒😒 ആംവേ പോലെയുള്ള നെറ്റ്‌വര്‍ക്ക് മാര്‍ക്കെറ്റിംഗ് തഴച്ചു വളരാന്‍ തക്ക പാകത്തില്‍ കേരളത്തിന്‌ വളക്കൂറായതും ഈ 'വേണ്ടാ' പറയാനുള്ള ചമ്മല്‍ തന്നെയാണ്.😣
ഒരു കല്യാണം വരുന്നു, അതിന്‍റെ സദ്യ മികവുറ്റ രീതിയില്‍ ചെയ്യാനറിയാവുന്ന ആരെയെങ്കിലും ഏല്‍പ്പിക്കാന്‍ നമ്മള്‍ ആലോചിക്കുമ്പോള്‍, എവിടെ നിന്നോ പ്രത്യക്ഷപ്പെട്ട നമ്മുടെ അളിയന്‍ വന്നു പറയുന്നു - "അളിയാ, എന്‍റെ മൂത്ത അളിയന്‍റെ അനിയന്‍റെ ഭാര്യുടെ അച്ഛന്‍ കാറ്ററിംഗ് ചെയ്യുന്നുണ്ട്, അങ്ങേരെ ഏല്‍പ്പിക്കാം😇", അളിയനോട് എങ്ങിനെ വേണ്ടാ എന്ന് പറയും - കഴിഞ്ഞു, അത് തന്നെ സെറ്റ് ആയി, നല്ല കൂറ സദ്യ ആണേലും അളിയന്‍ ആയോണ്ട് നമുക്കൊന്നും പറയാന്‍ പറ്റുകേല. സദ്യ ഹുദാ-ഗവാ🙏. പന്തല്‍, ലൈറ്റിങ്ങ്, കാമറ, ബ്യൂട്ടീഷന്‍ തുടങ്ങി എല്ലാത്തിലും ആരെങ്കിലും ഒക്കെ വന്നു കൈ വയ്ക്കും.
ഈ അടുത്തിടയ്ക്ക് ഒരു മോശം പന്തല്‍ ഇട്ട കാര്യം ചോദിച്ചപ്പോള്‍ എന്‍റെ ഒരു ബന്ധു പറയുന്നു - "ആ പന്തലുക്കാരന് വർക്ക് കൊടുത്തതിന് വേറെ മൂന്ന് പന്തലുക്കാര്‍ പിണങ്ങി നടപ്പാണത്രേ😳😳". എന്തായാലും അവന്മാര് പിണങ്ങും, അതൊന്നും നമ്മള്‍ നോക്കരുത്, ചെയുന്ന വര്‍ക്കില്‍ അവന്മാര് കിടിലം ആണേല്‍, നമ്മള്‍ അവന്മാരെ അങ്ങോട്ട്‌ തിരഞ്ഞു പിടിച്ചു പോകും എന്നാണ് എന്റെ ഒരു ദിത്.😇 ഇനി വര്‍ക്ക്‌ കൊടുത്തില്ല എന്നും പറഞ്ഞു പിണങ്ങുന്ന ആളുകളോ, ബന്ധുകളോ ആണേല്‍ ആ ബന്ധം അങ്ങ് പോവട്ടെ എന്ന് വയ്ക്കണം😡. ഹല്ല പിന്നെ..😒
അമ്പലം, പാർട്ടി, പള്ളി, കരയോഗം, ക്ലബ് - നാട്ടിലെ അറിയാവുന്ന പ്രമാണിമാർ കൂട്ടമായി വന്നു ചിരിച്ചു കാണിക്കുമ്പോൾ, "അവരോട് എങ്ങിനെയാ പറ്റില്ലാ എന്ന് പറയുക, നാളെയും കാണേണ്ടവരല്ലേ🤐" - ഇതാണ് ലൈൻ. നമ്മൾ കൊടുക്കുന്ന കാശ് കൊണ്ട് അവര് റോഡ് ബ്ലോക്ക് ആക്കും എന്ന് പൂർണ്ണ ബോധ്യം ഉണ്ടായിട്ടും നമ്മളീ പണി നിർത്തില്ല. അഭിമാനം, അതല്ലേ എല്ലാം. 👌👌
ചില ഭിക്ഷക്കാരായ അമ്മുമ്മമാരെ മൈൻഡ് പോലും ചെയ്യാത്ത നമ്മൾ, കോർപ്പറേറ്റ് ഭിക്ഷക്കാരായ ഗ്രീൻപീസ് പോലുള്ള സംഘടനകളിലെ കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങൾ കാമ്പെയിൻ ആയി വന്നാൽ അഞ്ഞൂറും, ആയിരവും പുഷ്പം പോലെ കൊടുക്കുന്ന വൈരുദ്ധ്യം ഞാൻ നേരിട്ട് കണ്ടിട്ടുള്ളതാണ്😘😘. ഇച്ചിരി പേഴ്സണാലിറ്റി ഉള്ളവർ ചോദിക്കുമ്പോൾ അത് വേറെ എന്തോ പോലെയാണ് നമ്മൾ കാണുന്നത്, അഭിമാനക്ഷതം നമ്മൾ ഒഴിവാക്കും.🤘തിരുവനന്തപുരത്ത് ലേശം പ്രസിദ്ധനായ ഒരു സിൽമാ നടൻ ഒരു ചെരുപ്പ് കട നടത്തുന്നുണ്ട്, ഷൂട്ട് ഇല്ലാത്ത സമയത്ത് പുള്ളി കടയിൽ വന്നിരുന്ന്, കടയിൽ വരുന്നവരുടെ കാലിൽ ചെരിപ്പിട്ട് കൊടുക്കും. ഇനി എത്ര ഇഷ്ടമായില്ല എന്ന് പറഞ്ഞാലും പുള്ളി കാലിൽ ചെരുപ്പ് ഇട്ട് കൊടുത്താൽ, ഒരു ചെരുപ്പ് എങ്കിലും ആരെങ്കിലും മേടിക്കും. ദതാണ്‌ ട്രിക്ക്‌. 😂😂
എൻ്റെ വകയിലെ ഒരു ചേട്ടൻ ഉണ്ട്, പുള്ളി ദുഫായിൽ നിന്നും ഇടക്കിടയ്ക്ക് വരും, പക്ഷെ കൂട്ടുകാർ ആരേലും ഒരു സോപ്പ് മേടിച്ചോണ്ട് വരാൻ പറഞ്ഞാൽ പോലും പുള്ളി കേൾക്കില്ല. "മേടിക്കാമോ?😌" എന്ന ആദ്യ ചോദ്യത്തിൽ തന്നെ "പറ്റില്ല, എനിക്ക് വല്ലോർക്കും വേണ്ടി സാധനം ചുമക്കുന്നത് ഇഷ്ടമല്ല😎" - എന്ന് പുള്ളി പറയും. ആദ്യം കേൾക്കുമ്പോൾ നെഗറ്റീവ് ആയി തോന്നിയെങ്കിലും പുള്ളീടെ ലൈൻ ആണ് ശരി എന്ന് കാലം എന്നെ മനസ്സിലാക്കി. പഴയ കാലം അല്ലലോ, അവിടെ കിട്ടുന്ന സകല സാധനങ്ങളും ഇപ്പൊ ഇവിടെ കിട്ടുന്നുണ്ട്, പിന്നെ നമ്മൾ എന്തിനാ അവരെ ശല്യം ചെയ്യുന്നേ? ശരിയല്ലേ? 😇
നമ്മൾക്ക് തീരെ ആവശ്യമില്ലാത്തതും, നമുക്ക് ഒട്ടും ഇഷ്ടമല്ലാത്തതും ആയ കാര്യങ്ങൾ എന്തേലും ചെയ്യാൻ ആര് പറഞ്ഞാലും മുഖത്ത് നോക്കി പറ്റില്ല എന്ന് പറയാൻ പഠിക്കുക.👌🏻 യാതൊരു നഷ്ടവുമില്ല അത് കൊണ്ട്, നമ്മളീ ഇഷ്ടം ഇല്ലാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും കേറി ഏറ്റാൽ അത് നമുക്ക് തന്നെ വിലങ്ങ്തടിയായി മാറും.🙄🙄 ഈ ബന്ധവും, കൂട്ടും ഒന്നും കാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയാവരുത് എന്ന ഒറ്റ ചിന്ത മതി. ഇനിയും ഒരുപാടുണ്ട് നമക്ക് പറ്റാഞ്ഞിട്ടും നമ്മൾ കേറി ഏൽക്കുന്ന കാര്യങ്ങൾ, ചിന്തിക്കുക, നന്നാവുക.😇😇
PS:ഇതും വായിച്ചോണ്ട് ആപ്പീസിൽ പോയി നോ പറഞ്ഞു പണി കളയരുത്.😂😂
-Sankaran Kutty

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo