Slider

മാരാർ എന്ന സൈക്കോ

0
Sankarankutty

കട്ടചങ്ക് പോലെ കൂടെ നിന്ന് ചതിക്കുന്ന കൂട്ടുകാരുണ്ടോ നിങ്ങൾക്ക്? കൂടെ നിന്ന് ഒറ്റിയിട്ടും, അത് മനസിലാക്കാൻ ഉള്ള കഴിവ് പോലുമില്ലാതെ, കൂട്ടുകാരൻറെ വീരഗാഥകൾ പറഞ്ഞു നടക്കുന്ന ഒരു ഇന്ദുചൂഡനെ നിങ്ങൾക്ക് അറിയാമോ?

കുറച്ചു പിറകിലോട്ട് പോകണം. ഇന്ദുചൂഡൻ പഠിച്ച വിക്ടോറിയ കോളേജിൽ സീനിയർ ആയിരിന്നു മാരാർ. ഒരു വർഷം സീനിയർ. അവർ എല്ലാവരും നല്ല കമ്പനി ആയിരിന്നു. മാരാർ ആയിരിന്നു കോളേജിലെ ഒന്നാം നമ്പർ പഠിപ്പി. ഇന്ദുചൂഢന്റെ ബാച്ചിൽ പഠിച്ച ഒരു നന്ദിനി ഉണ്ടായിരിന്നു. ഇന്നേ വരെ ആരോടും പ്രണയം തോന്നാതെ നടന്ന മാരാർക്ക് ആദ്യദർശനത്തിൽ തന്നെ നന്ദിനിയോട് എന്തെന്നില്ലാത്ത അഭിനിവേശം തോന്നി. പൊതുവെ പൗരുഷത്തിന്റെ അധിപനായ ഇമേജ് ഉള്ള മാരാർ കോളേജിൽ തൻ്റെ പേര് ചീത്തയാവണ്ടാ എന്ന് കരുതി അവളോട് മനസ്സ് തുറക്കാൻ പോയില്ല. ഇന്ദുചൂഢനും കോളേജിൽ ഇഷ്ടം പോലെ ആരാധകരായി. പക്ഷെ അടിയും, ഇടിയും, കുടിയും കഴിഞ്ഞിട്ട് ലൈൻ അടിക്കാൻ ഒക്കെ എപ്പോഴാ പുള്ളിക്ക് സമയം. അവസാനവർഷ അവസാന പരീക്ഷയും എഴുതി ഇറങ്ങിയ മാരാർ ലൈബ്രറിയിൽ ചെന്ന് നന്ദിനിയെ വിളിച്ചു രഹസ്യമായി തൻ്റെ മനസ്സ് തുറന്നു. രണ്ട് വർഷമായി തൻ്റെ മനസ്സിൽ അച്ചുവേട്ടൻ എന്ന ഇന്ദുചൂഡൻ മാത്രമേ ഉള്ളൂ എന്ന നന്ദിനിയുടെ മറുപടി ഒരു ഞെട്ടലോടെയാണ് മാരാർ കേട്ടത്. വിഷമം കടിച്ചു പിടിച്ചു തിരിച്ചു നടന്ന മാരാരോട് പിറകിൽ വോയിസ് ഓവർ ആയി നന്ദിനി ക്‌ളീഷേ ഡയലോഗ് പറഞ്ഞു - "നന്ദേട്ടന് എന്നെക്കാൾ സുന്ദരിയും, സുശീലയുമായ ഒരു പെണ്ണിനെ കിട്ടും".

നന്ദിനി പോയാൽ ബാക്അപ്പ് ആയി മനസ്സിൽ വച്ചിരുന്ന മരിയാ ജോസിനോട് മാരാർ ചെന്ന് സെയിം ഡയലോഗ് വള്ളി പുള്ളി തെറ്റാതെ പറഞ്ഞു. അവൾക്കും പറയാൻ ഒരു മറുപടി മാത്രം. "എൻ്റെ മനസ്സും ശരീരവും അച്ചുവേട്ടന് ഉള്ളതാണ്... എനിക്ക് ഭാവിയിൽ ജനിക്കാൻ പോകുന്ന പിള്ളേരാണെ സത്യം.."

ഒരു ഉറുമ്പിനെ പോലും നോവിക്കാൻ അറിയാത്ത നന്ദഗോപാൽ മാരാർ എന്ന ഈഗോയിസ്റ്റിക് പഠിപ്പിക്ക് അതൊരു പ്രഹരമായിരുന്നു. ജീവിത്തിൽ ജയം മാത്രം രുചിച്ചിട്ടുള്ള ഒരു വെജിറ്റേറിയൻ മാരാർക്ക്, ബീഫും, പോർക്കും തിന്ന്, കട്ടൻ ബീഡിയും വലിച്ചു നടക്കുന്ന ഒരു ഇന്ദുചൂഢന്റെ മുൻപിൽ തോറ്റു എന്നത് മരണത്തേക്കാൾ ഭയാനകമായിരുന്നു. അന്നയാൾ മാറി, ദി അപ്പ്കമിങ്ങ് ടെറർ ആയി മാറി. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ സൈക്കോ
എന്നാൽ ഇന്ദുചൂഡൻ ഇതൊന്നും അറിഞ്ഞിരുന്നില്ല. അയാൾക്ക് എല്ലാവരും സഹോദരിമാരായിരിന്നു. ഇങ്ങോട്ട് വന്ന പ്രേമങ്ങൾ എല്ലാം അയാൾ പ്രതിപക്ഷ ബഹുമാനത്തോടെ തിരസ്കരിച്ചിരിന്നു.

ഇന്ദുചൂഢന്റെ റിസൾട്ട് വന്ന്, സിവിൽ സർവീസ് കിട്ടിയാൽ അയാളെ കെട്ടാൻ പെണ്ണുങ്ങൾ ക്യൂ നിൽക്കും എന്ന ചിന്ത മാരാർക്ക് അസ്വസ്ഥത ഉണ്ടാക്കി. കേരളത്തിലെ പെണ്ണുങ്ങളെ കൂടാതെ അങ്ങ് നോർത്തിലും ഇന്ദുചൂഡൻ കേറി നിരങ്ങും എന്നത് മാരാർക്ക് സഹിക്കാവുന്നതിലും അപ്പുറം ആയിരിന്നു. മണപ്പള്ളിക്കാർക്ക് ഇന്ദുചൂഢന്റെ അച്ഛനോടുള്ള പക അറിയാവുന്ന മാരാർ മണപ്പള്ളി മാധവൻ നമ്പ്യാർ എന്ന അന്നത്തെ മന്ത്രിയെ കണ്ട്, മന്ത്രിയുടെ സഹായിയായ മൂപ്പിൽ നായരും ചേർന്ന് നല്ല ഒന്നാംതരം പ്ലാൻ ഉണ്ടാക്കുന്നു. ഇന്ദുചൂഡൻ അകത്ത് പോണം, ഈ പ്ലാൻ പക്ഷെ താനാണ് കൊടുത്തത് എന്ന് നാലാമതൊരാൾ അറിയരുത് എന്നൊരു നിബന്ധന വച്ചു. ബാക്കി കഥ നിങ്ങൾക്ക് അറിയാം, DYSP ശങ്കരനാരായണനെ കൂട്ട് പിടിച്ചു കള്ള കേസിൽ ഇന്ദു അകത്തായി, ആറു വർഷം ഹുദാ ഗവാ.

ഇന്ദുവിനെ കുടുക്കാൻ പ്ലാൻ ഉണ്ടാക്കാൻ മന്ത്രിയെ കാണാൻ വന്ന മാരാർ അവിടെ വച്ച് മൂപ്പിൽ നായരുടെ ആദ്യ ഡിഗ്രിയോ, രണ്ടാം ഡിഗ്രിയോ മറ്റോ പഠിക്കുന്ന അനുരാധയെ കണ്ടു. കോളേജ് വിട്ടിട്ട് ഇത് വരെ ഒരു പെണ്ണിനോടും ഒരു ദിത് തോന്നാത്ത മാരാർക്ക് വീണ്ടും പ്രഥമദൃഷ്ടിയിൽ അനുരാഗം ഉണ്ടാവുന്നു. മാരാർ തൻ്റെ ആഗ്രഹം നമ്പ്യാരോടും, മൂപ്പിലിനോടും പറയുന്നു.
"അവളുടെ പഠിത്തം കഴിയട്ടെ.. നമുക്ക് ശരിയാക്കാം" - എന്ന് മൂപ്പിൽ മാരാർക്ക് വാക്ക് കൊടുക്കുന്നു.

കാലം കൊറേ കഴിഞ്ഞിട്ടും പെൺകൊച്ചു പഠിത്തം നിർത്തുന്നില്ല. നമ്പ്യാർ തട്ടി പോയി, ഇന്ദുചൂഡൻ ജയിലിൽ നിന്നും ഇറങ്ങി, മാരാർക്ക് നര വരെ വന്നു, പക്ഷെ കൊച്ചു പഠിത്തം മാത്രം നിർത്തുന്നില്ല. മാരാർ എല്ലാ മൂന്ന് മാസം കൂടുമ്പോഴും മൂപ്പിൽ നായരെ ഫോൺ വിളിക്കും, എപ്പോഴും ഒരേ മറുപടി മാത്രം - "അവളുടെ പഠിത്തം കഴിയട്ടെ.. നമുക്ക് ശരിയാക്കാം"

ഇത് കണ്ട് കുരു പൊട്ടി നിൽക്കുമ്പോഴാണ് ഇന്ദുചൂഡൻ അച്ഛന്റെ കേസ് പറയാൻ വിളിക്കുന്നത്. ഈ കാലയളവിൽ തനിക്ക് ഇന്ദുചൂഡനോട് ഉണ്ടായിരുന്ന ദേഷ്യത്തെക്കാൾ കൂടുതൽ വെറുപ്പ് മാരാർക്ക് മണപ്പള്ളിക്കാരോടും, മൂപ്പിൽ നായരോടും ഉണ്ടായിരിന്നു. അത് കൊണ്ടാണ് വീട്ടിൽ കാശുമായി വരുന്ന ആളുകളെ ആട്ടിപ്പായിക്കുന്നതും, പോയി മേനോൻ അദ്ദേഹത്തെ രക്ഷിക്കുന്നതും, അല്ലാതെ നിങ്ങൾ കരുതുന്നത് പോലെ ഒന്നും അല്ല. ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈൻ.

മാരാരുടെ പ്രൊഫൈൽ ഇപ്പോഴും കേരളാ മാട്രിമോണിയലിൽ ഉണ്ട്.. ഇന്നാട്ടിലെ സകല വില്ലന്മാരെ എടുത്ത് ഒരു തട്ടിൽ വച്ചാലും മാരാർ എന്ന സൈക്കോ ഇരിക്കുന്ന തട്ട് അനങ്ങുക പോലുമില്ല.. ഇജ്‌ജാതി സൈക്കോ.😁😁

-Sankaran Kutty

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo