നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആഴിയോളം ആഴത്തിൽ (കഥ)

ആഴിയോളം ആഴത്തിൽ

സന്തോഷ് ഗംഗാധരൻ

 

അവൾ ജനലിനരികിൽ പുറത്തേയ്ക്ക് നോക്കി നിന്നു. ഒഴിവ് ദിവസം. മനപ്പൂർവ്വമല്ലാത്ത ഉച്ചയ്ക്കുള്ള മയക്കം. പിന്നൊന്ന് ഉഷാറാകണമെങ്കിൽ ചൂടുള്ളതെന്തെങ്കിലും കുടിക്കണം. അവൾ കൈയിൽ പിടിച്ചിരിക്കുന്ന ഗ്ലാസ് ചുണ്ടോടടുപ്പിച്ചു. അവൾക്കേറ്റവും ഇഷ്ടപ്പെട്ട ഹോർലിക്സ്. ഉന്മേഷം തരുന്നതിനോടൊപ്പം കഴിഞ്ഞ ഒരാഴ്ചത്തെ സംഭവങ്ങൾ ഓർത്തെടുക്കാനുള്ള സാവകാശവും കിട്ടുന്നു.

 

താഴെ തെരുവിൽ ആളുകളും വണ്ടികളുമായി തിരക്ക് വന്നു തുടങ്ങി. തെരുവിന്റെ എതിർ വശത്ത് ഒറ്റനില കെട്ടിടങ്ങളാണ്. ഒരറ്റം മുതൽ മറ്റേ അറ്റം വരെ നീണ്ട് കിടക്കുന്ന കടകളുടെ ഒരു നിര. അങ്ങേയറ്റത്ത് 'നിശാഗന്ധി'. അത് തുറന്നിട്ടില്ല. പേരിനനുസൃതമായി അത് രാത്രി ഇരുട്ടിയതിന് ശേഷമെ തുറക്കുകയുള്ളു. റസ്റ്റോറന്റാണ്. കൂട്ടത്തിൽ ബാറും ഡാൻസ് ഫ്ലോറും ഉള്ളതുകൊണ്ട് രാത്രിയായാൽ നല്ല തിരക്കാണവിടെ. ചെറുപ്പക്കാരുടെ സ്വപ്നസങ്കേതം. അവിടത്തെ ആഹാരം നല്ലതാണ്. പക്ഷേ, തിരക്കിനോട് അവൾക്കത്ര പ്രിയമില്ല.

 

ആ സ്ഥാപനത്തിന്റെ പേരാണ് അവൾക്കിഷ്ടം. 'നിശാഗന്ധി'. അവൾക്ക് വളരെയധികം ഇഷ്ടമുള്ള പുഷ്പം. രാത്രിയിലെ രാജകുമാരി. രാത്രി മാത്രം വിടരുന്ന ആ പൂവിന്റെ വാസന ഒന്ന് വേറെ തന്നെയാണ്. വീട്ടിൽ അമ്മയാണ് ഒരു പറ്റം നിശാഗന്ധി ചെടികൾ വച്ച് പിടിപ്പിച്ചത്. അതുകൊണ്ട് മൂന്ന് മാസത്തിലൊരിക്കലെങ്കിലും ഒരു പൂവ് വിടരുന്നത് കാണാനും അതിന്റെ മത്ത് പിടിക്കുന്ന ഗന്ധം ആസ്വദിക്കാനും കഴിഞ്ഞിരുന്നു.

 

അവളുടെ താമസം ഒരു ഒറ്റമുറി ഫ്ലാറ്റിലാണ്. അത് നിരനിരയായുള്ള രണ്ടുനില കെട്ടിടങ്ങളിൽ ഒന്നിലാണ്. താഴത്തെ നിലയിലെ മുറികളെല്ലാം കടകളാണ്. തെരുവിനിരുവശവുമായി എല്ലാത്തരം കടകളുമുണ്ട്. വീട്ടിലേയ്ക്കാവശ്യമുള്ള സാധനങ്ങളെല്ലാം ഈ തെരുവിൽ നിന്ന് തന്നെ കിട്ടും.

 

നേരെ മുന്നിൽ അകലെയായി ചക്രവാളസീമയിൽ നീലാകാശവും കടലിന്റെ പച്ച കലർന്ന നീലിമയും ഒന്നായി തീരുന്ന കാഴ്ച. ഇവിടെ താമസിക്കുന്നതിന്റെ പ്രധാന ഉദ്ദേശ്യം, അവളെ സംബന്ധിച്ചിടത്തോളം മനം കവരുന്ന ഈ ദൃശ്യമാണ്. എത്ര നോക്കിനിന്നാലും മതി വരാത്ത പ്രകൃതിഭംഗി. പ്രത്യേകിച്ച് സൂര്യാസ്തമയവേളയിൽ. പലതരം ചായങ്ങൾ തേച്ച് പിടിപ്പിച്ച ആകാശവും അനന്തമായി പരന്ന് കിടക്കുന്ന അറബിക്കടലും ഒന്നാകുന്ന ദൃശ്യം. ഒരു നിശ്ചലഛായാചിത്രം പോലെ തോന്നിക്കുന്ന ആ കാഴ്ച എല്ലാ വൈകുന്നേരങ്ങളിലും കാണാൻ പാകത്തിന് ഈ ഫ്ലാറ്റ് കിട്ടിയതേ ഒരു ഭാഗ്യം.

 

തിരമാലകൾ ഒന്നിന് പുറകേ ഒന്നായി തീരത്തെ മണൽത്തിട്ടയിൽ വന്നലച്ച് നുരയും പതയുമായി തിരിച്ച് പോകുന്ന കാഴ്ച അവളുടെ മനസ്സിന്റെ അടിത്തട്ടിലെവിടേയൊ ഒളിച്ചിരുന്നിരുന്ന ഏതോ ഒരു നൊമ്പരത്തെ തൊട്ടുണർത്തി. എന്തായിരുന്നു അത്? ഉച്ചമയക്കത്തിനിടെ കണ്ട സ്വപ്നമായിരുന്നോ? ആയിരിക്കാം. പക്ഷേ, എന്തായിരുന്നു മനസ്സിനെ മഥിക്കുന്ന ആ സ്വപ്നം?

 

അവളുടെ ഹൃദയത്തെ സ്പർശിച്ച ഒന്നായിരുന്നിരിക്കണം. പക്ഷേ, എത്ര ആലോചിച്ചിട്ടും ഉപബോധമനസ്സ് വിട്ട് അത് പുറത്തേയ്ക്ക് വരാൻ കൂട്ടാക്കുന്നില്ല. ഇടയ്ക്കിടെ സംഭവിക്കുന്ന പ്രതിഭാസം തന്നെ. എങ്കിലും ...!

 

താഴെയുള്ള റസ്റ്റോറന്റ് തുറന്നിരിക്കുന്നു. അവൾ കൈയിൽ കെട്ടിയിരിക്കുന്ന വാച്ചിൽ സമയം നോക്കി. എട്ട് മണി കഴിഞ്ഞിരിക്കുന്നു. നിശാഗന്ധിയുടെ കൃത്യനിഷ്ട അഭിനന്ദനീയം. തിരക്ക് കൂടിയിരിക്കുന്നു. ഇന്ന് ഒഴിവ് ദിവസമായതിനാൽ ചുറ്റുവട്ടത്തുള്ള മിക്കവാറും ചെറുപ്പക്കാർ തെരുവിലായിരിക്കും.

 

അപ്പോഴാണ് താഴെ തെരുവിലൂടെ ഓടുന്ന ഒരു ചെറുപ്പക്കാരി അവളുടെ ശ്രദ്ധയിൽ പെട്ടത്. ഒരു പറ്റം ആണുങ്ങൾ ബഹളം കൂട്ടിക്കൊണ്ട് അവളുടെ പുറകെയുണ്ട്. ആ പെൺകുട്ടി അവരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. രക്ഷിക്കാനുള്ള അവളുടെ നിലവിളിയൊന്നും തെരുവിൽ നടന്നിരുന്ന ആരുടേയും ചെവിയിൽ വീഴുന്നില്ല. ഇവരെന്താ അന്ധരും ബധിരരുമാണോ? ജീവന് വേണ്ടി കേഴുന്ന ആ കുട്ടിയെ ഒന്ന് നോക്കാൻ പോലും ഇവർക്കൊന്നും മനസ്സ് വരാത്തതെന്താണ്?

 

ഉച്ചമയക്കത്തിൽ കണ്ട സ്വപ്നം അപ്പോൾ അവളുടെ ഓർമ്മയിലോടിയെത്തി.

 

കടലിൽ വലിയ തിരമാലകൾ അലയടിച്ചുയരുന്നത് അവൾക്ക് കാണാമായിരുന്നു. ഒന്നിന് പുറകേ ഒന്നായി ആ തിരകൾ ഏതോ മത്സരബുദ്ധിയോടെ ആഞ്ഞാഞ്ഞടിക്കുന്നു. അവളാണെങ്കിലോ ആ ആഴക്കടലിൽ മുങ്ങിപ്പോയ നിലയിലാണ്. അതോ തീരത്തിനടുത്ത് ആഴിയ്ക്ക് ഇത്രയും ആഴമുണ്ടെന്നോ? വെള്ളം കഴുത്തിനൊപ്പം എത്തിയിരിക്കുന്നു. അവൾ കഴുത്തറ്റം താഴ്ന്നിരിക്കുന്നു എന്ന് പറയുന്നതാവും ഉചിതം. കടലിന്റെ അടിത്തട്ടിൽ കാലുറപ്പിക്കാൻ അവൾ കിണഞ്ഞ് പരിശ്രമിച്ചു. പക്ഷേ, അവളുടെ കാലുകൾക്ക് എത്താൻ പറ്റാത്തത്രയും ആഴം!

 

അതാ, ഒരു സഹായഹസ്തം അവളുടെ മുന്നിൽ. ആരോ ഒരാൾ അവളുടെ രക്ഷകനായി പിറന്നിരിക്കുന്നു. ഇടത് കൈകൊണ്ട് വെള്ളത്തിൽ തുഴഞ്ഞ് പൊങ്ങിക്കിടക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൾ വലത് കൈ അയാൾക്ക് നേരെ നീട്ടി. അവൾക്ക് ആ നല്ലവനായ സമറിയക്കാരന്റെ കൈയിൽ പിടിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അയാളാണെങ്കിലോ അവളുടെ കൈ പിടിക്കുന്നതിന് പകരം കൈയിൽ കിടന്നിരുന്ന തോൾസഞ്ചിയാണ് വലിച്ചെടുത്തത്.

 

ദുഷ്ടൻ! അവളെ രക്ഷിക്കുന്നതല്ല അയാളുടെ ലക്ഷ്യം. അവളുടെ ജീവിതകാല സമ്പാദ്യം മുഴുവൻ അടങ്ങിയിരുന്ന ആ സഞ്ചിയാണ് അവൾക്ക് നഷ്ടപ്പെടുന്നത്. അവളത് അനുവദിക്കില്ല. അയാളെ എതിർക്കാൻ അവൾ ആവതും ശ്രമിച്ചു. പക്ഷേ, എല്ലാം വൃഥാവിലായി. അവൾക്ക് ഒന്നും ചെയ്യാനുള്ള ത്രാണിയില്ലാതായി.

 

ആരാണീ അധമൻ? മുഖം കാണുന്നില്ല. എല്ലാം ഒരു മൂടൽ പോലെ. ആണാണോ പെണ്ണാണോ? അത് പോലും മനസ്സിലാകുന്നില്ല. ഒരു അബലയോടീവിധം പെരുമാറാമോ?

 

പിന്നീടെന്താണ് സംഭവിച്ചത്? അവൾക്ക് ഓർത്തെടുക്കാൻ കഴിഞ്ഞില്ല. യാഥാർത്ഥ്യമെന്ന പോലെ കണ്ട ആ സ്വപ്നം അവിടെ നിന്നുപോയോ? അവൾ അപ്പോഴാണോ ഉച്ചമയക്കത്തിൽ നിന്നും എഴുന്നേറ്റത്?

 

അവൾ കണ്ട സ്വപ്നം ഇപ്പോൾ മുന്നിലെ തെരുവിൽ നടക്കുന്ന രംഗത്തിന്റെ മുന്നറിയിപ്പായിരുന്നോ?

 

അവളുടെ മുന്നിൽ ആ പെൺകുട്ടി രക്ഷിക്കാൻ മുറവിളി കൂട്ടി ഓടുന്നു. ആരെങ്കിലും അവളെ സഹായിക്കുമോ? ചുറ്റിനും എത്രയോ പേർ നടക്കുന്നുണ്ട്. ആരും അവളെയൊന്ന് നോക്കുന്നു പോലുമില്ലല്ലോ, ഈശ്വരാ. ഇവരെയെല്ലാം കരിങ്കല്ല് കൊണ്ടാണോ നിർമ്മിച്ചിരിക്കുന്നത്!

 

ആ സമയം റസ്റ്റോറന്റിന്റെ വാതിൽ തള്ളിത്തുറന്ന് സുന്ദരനായൊരു ചെറുപ്പക്കാരൻ പുറത്തേയ്ക്ക് വന്നു. ആര് കണ്ടാലും രണ്ടാമതൊന്ന് നോക്കിപ്പോകുന്ന സൗന്ദര്യം. ഉറച്ച ശരീരം. ആറടിയ്ക്കടുത്ത പൊക്കം തോന്നിയ്ക്കും. ആ പെൺകുട്ടി അയാളെ നോക്കി രക്ഷിക്കാൻ യാചിക്കുന്നു. സിനിമയിലെ നായകനെ പോലെ അയാൾ ആ പെൺകുട്ടിയുടേയും അവളെ പിൻതുടരുന്നവരുടേയും ഇടയിൽ നിലയുറപ്പിച്ചു. അവളെ പിടിക്കാൻ ഓടിച്ചിട്ടിരുന്നവർ ഓട്ടം നിർത്തി, നിശ്ചലരായി. മുന്നിൽ നിൽക്കുന്ന ആജാനുബാഹു അവരിൽ ഭയമുളവാക്കിയിരിക്കുന്നു.

 

ആ മനുഷ്യൻ പെൺകുട്ടിയെ വാരിയെടുത്ത് തോളത്തിട്ട് വന്ന വഴിയിലൂടെ തിരിച്ച് നിശാഗന്ധിയുടെ അകത്തേയ്ക്ക് കയറി. ആ പെൺകുട്ടിയാണെങ്കിൽ പേടിച്ച് കൈകാലിട്ടടിക്കുകയായിരുന്നു. അവളുടെ എതിർപ്പ് ആര് കേൾക്കാൻ!

 

അവളുടെ മുന്നിൽ നടക്കുന്ന നാടകസദൃശമായ രംഗങ്ങൾ കണ്ട് അവൾ സ്തബ്ദയായി നിന്നു. ആ പെൺകുട്ടിയ്ക്ക് എന്താണ് സംഭവിച്ചിട്ടുണ്ടാകുക? ആ കുട്ടിയ്ക്ക് വേണ്ടി അവളുടെ ഹൃദയം ത്രസിച്ചു. ആ പെൺകുട്ടിയുടെ സ്ഥാനത്ത് അവൾതന്നെ ആയിരുന്നിരിക്കാം. അല്ലെങ്കിൽ അവളറിയുന്ന മറ്റേതോ നിരാലംബയായ പെൺകുട്ടി. പൊതുജനം സ്വാർത്ഥരാണ്. അവർക്ക് അവരുടെ കാര്യം മാത്രം. അപകടത്തിൽ പെടുന്നവരുമായി അവർക്ക് ബന്ധമില്ലാതിരിക്കുവോളം അവർ അതിലിടപെടുകയില്ല.

 

പക്ഷേ, അവൾക്കങ്ങനെ വെറുതെ നോക്കി നിൽക്കാൻ സാധിക്കുമായിരുന്നില്ല. അവൾ വീട്ടിൽ നിന്നിറങ്ങി തെരുവിലെത്തി. നേരെ നിശാഗന്ധിയിലേയ്ക്ക് നടന്നു. അവളുടെ ഹൃദയം ആകാംക്ഷയാൽ ധൃതഗതിയിൽ മിടിക്കുന്നുണ്ടായിരുന്നു.

 

റസ്റ്റോറന്റിനോടടുക്കുന്തോറും അവളുടെ ഹൃദയമിടിപ്പ് വർദ്ധിച്ചു. ആ കുട്ടിയെ രക്ഷിക്കാൻ അവൾക്ക് എന്താണ് ചെയ്യാൻ സാധിക്കുക? അവളൊറ്റയ്ക്ക് ആ മനുഷ്യനെ എതിർക്കുകയോ? ബലാബലം പരീക്ഷിക്കാൻ പറ്റിയ സന്ദർഭമല്ല. അതിനുള്ള ശരീരബലവും തനിയ്ക്കില്ല. പക്ഷേ, ഒന്നുണ്ട് – മനഃശക്തി. ആ പെൺകുട്ടിയെ സ്വതന്ത്രയാക്കാൻ ഉറപ്പിച്ച് ആവശ്യപ്പെടണം. പക്ഷേ, അയാൾ എന്തിന് അവളെ അനുസരിക്കണം? എങ്കിൽ പിന്നെ അഭ്യർത്ഥിച്ച് നോക്കാം. അയാൾ അവളുടെ അപേക്ഷ അംഗീകരിക്കുമോ?

 

നിശാഗന്ധിയ്ക്കകത്ത് കാൽ വയ്ക്കുമ്പോഴും അവൾ 'ഇനിയെന്ത്' എന്നുള്ള ആശയക്കുഴപ്പത്തിലായിരുന്നു. അവിടത്തെ റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നല്ലാതെ ആ ബാറിൽ ആദ്യമായിട്ടായിരുന്നു അവൾ കയറുന്നത്. തെരുവിലെ വെളിച്ചത്തിൽ നിന്നും അകത്ത് കയറിയപ്പോൾ അവൾക്ക് ചുറ്റിനും ഇരുട്ട് മാത്രമേ ഉണ്ടിയിരുന്നുള്ളു. ബാറിലെ അരണ്ട വെട്ടവുമായി പരിചിതയാകാൻ അവൾ അനങ്ങാതെ നിന്നു.

 

കണ്ണുകൾ ഇരുട്ടുമായി ഇണങ്ങിയപ്പോൾ മുന്നിൽ നടക്കുന്നത് വ്യക്തമായി. അത് കണ്ടതും അവളറിയാതെ വിളിച്ചു പോയി, "എന്റെ ദൈവമേ!".

 

ആ നിമിഷത്തിൽ ഉച്ചമയക്കത്തിൽ കണ്ട സ്വപ്നത്തിന്റെ ബാക്കി ഭാഗം അവളുടെ മനസ്സിൽ തെളിഞ്ഞു.

 

കടലിൽ കഴുത്തറ്റം വെള്ളത്തിൽ അവൾ നില കിട്ടാതെയുഴലുന്നു. തന്റെ തോൾസഞ്ചി വലിച്ചെടുത്ത കൈയിന്റെ ഉടമസ്ഥനെ അവൾ നോക്കി. അവൾ അയാളുടെ നേരെ അട്ടഹസിക്കാൻ ആരംഭിച്ചതായിരുന്നു. പക്ഷേ ...

 

കരുണാമയമായ ഒരു മുഖമാണ് അവൾ അവിടെ കണ്ടത്. സൗമ്യനായി പരിഭ്രാന്തിയേതുമില്ലാതെ അയാൾ അവളുടെ സഞ്ചി തന്റെ തോളത്ത് തൂക്കിയിട്ടിട്ട് അവളുടെ കൈയിൽ പിടിച്ച് വെള്ളത്തിൽ നിന്നും പൊക്കിയെടുത്തു. വലത് കൈകൊണ്ട് വലിച്ച് കയറ്റിയ ഉടനെ ഇടത് കൈകൊണ്ട് അയാൾ അവളെ തന്നിലേയ്ക്ക് ചേർത്ത് പിടിച്ചു. അവൾ കണ്ണുകളടച്ച് ആ പുരുഷന്റെ മാസ്മരിക ഗന്ധം ആവാഹിച്ചെടുത്തു. നിശാഗന്ധിയുടെ മാദകമായ മണം!

 

ഇപ്പോൾ അവളുടെ മുന്നിൽ ഭയവിഹ്വലയായ ആ പെൺകുട്ടിയെ അവൾ കണ്ടു. അവളെ തെരുവിൽ നിന്നും പൊക്കിയെടുത്ത ആ ചെറുപ്പക്കാരൻ അവളെ കെട്ടിപ്പിടിച്ച് തന്നോട് ചേർത്ത് നിർത്തിയിരിക്കുന്നു. ആ കുട്ടിയാണെങ്കിൽ കണ്ണുകളടച്ച് അയാളുടെ സാമീപ്യം ആസ്വദിച്ച് അയാളോടൊപ്പം അവിടെ മുഴങ്ങുന്ന ഗാനത്തിന്റെ മൃദുലതാളലയങ്ങൾക്ക് അനുസൃതമായി ചുവട് പിടിച്ച് നൃത്തം ചെയ്യുന്നു.

 

ശരിയാണ്, അവൾ കണ്ട സ്വപ്നം വരാനിരിക്കുന്ന ഒരു മധുര പ്രണയത്തിന്റെ മുന്നോടിയായിരുന്നു.

 

അവൾ തിരിഞ്ഞ് നടന്നു. വാതിൽ തള്ളിത്തുറന്ന് അവൾ തെരുവിലേയ്ക്കിറങ്ങി. കടലിൽ നിന്നടിക്കുന്ന കാറ്റ് അവളുടെ മുഖം തഴുകിയൊഴുകി. ആഴിയുടെ ആഴങ്ങളിൽ നിന്നും നിശാഗന്ധിയുടെ സുഗന്ധവും പേറി വരുന്ന തെന്നൽ. അവളുടെ നാസാരന്ധ്രങ്ങൾ ത്രസിച്ചു. അവളാ വാസന ആസ്വദിച്ച് ഒരു മോഹനിദ്രയിലെന്ന പോലെ നടന്നു.

 

xxx

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot