കൈ നീട്ടിയവന്റെ മുന്നിൽ കയ്യകലം പാലിച്ച്
കാറിന്റെ ചില്ലടച്ച് ധൃതിയിൽ വണ്ടിയോടിച്ച്
വീട്ടിലെത്തിയ അച്ഛൻ പറഞ്ഞു
നമ്മളതിജീവിക്കും.
കുളിച്ചു കുറി തൊട്ട് അമ്പലത്തിൽ പോയി തീർത്ഥം കുടിച്ച്
ഒരു ശത്രു സംഹാര പൂജയും നടത്തി
വീട്ടിൽ വന്നു സാനിറ്റൈസർ കൈകളി-
ലുരച്ചുംകൊണ്ടമ്മയും പറഞ്ഞു
നമ്മളതിജീവിക്കും.
ശമ്പളത്തിന്റെ പങ്കു പൊയ്പ്പോയതിൻ്റെ ആധിയിൽ
ഗ്ലൗസ് ധരിക്കാതെ കൊടുത്ത കൈ കത്തി-
ച്ചണുനാശം നടത്തി മാഷും പറഞ്ഞു
ഇത് അതിജീവനത്തിന്റെ പാഠം.
വിശപ്പിന്റെ വിളിയിൽ അന്നം കട്ടവന്റെ ശവദാഹം നടത്തി
നാറ്റം മറക്കാനൊരു മാസ്കും കെട്ടി
കാരണവന്മാർ സ്വാഭിമാനം പറഞ്ഞു
നാമൊരുമയോടെ പ്രതിരോധിക്കും.
സെർട്ടിഫിക്കറ്റിലെ ജീവനുകൾ കക്ഷത്തിൽ വെച്ച് ഞെരിച്ച്
ഗൗണുകളണിഞ്ഞു ഞരമ്പുകൾ മുറുക്കി
ആശുപത്രി ഏമാന്മാർ ഉറക്കെ പറഞ്ഞു
നമ്മുടെ മാലാഖമാർ നമ്മുടെ നായകർ.
രാജ്യതലവന്മാരുടെ കോൺഫറൻസ് കാൾ കഴിഞ്ഞു
കൈകൾ കൂപ്പി ലോക നേതാക്കൾ ഉദ്ഘോഷിച്ചു
നമുക്കിനി അതിർവരമ്പുകളില്ല
നമ്മളൊരറ്റക്കെട്ട്….
അങ്ങകലെ മെഡിറ്ററേനിയൻ കടലിൽ
അലനെ* താരാട്ടുപാടിയുറക്കിയ ഇളങ്കാറ്റ്
ഒരു പൂമ്പാറ്റയായി വന്ന്
ഭൂമിയിലെ ഓരോ പിഞ്ചു കുഞ്ഞിന്റെയും കാതിൽ
അതിജീവന മന്ത്രമോതി "ഭയപ്പെടേണ്ട...
ഇത് അതിജീവനം മനസ്സിലാകാത്തോർക്കുള്ള പാഠം".
* (2015 ൽ കലാപത്തിനിടെ സിറിയയിൽ നിന്നും യൂറോപ്പിലേക്ക് പലായനം ചെയ്യുന്ന വഴി മരണം കവർന്ന മൂന്നു വയസ്സുകാരൻ അലൻ കുർദി എന്ന പിഞ്ചു കുഞ്ഞിന്റെ മൃതദേഹം മെഡിറ്റെറേനിയൻ കടൽ തീരത്തു കാണപ്പെട്ടു. കടൽത്തീരത്തെ പുണർന്നു കിടക്കുന്ന അലന്റെ ചിത്രം ലോക മനസ്സാക്ഷിയെ വല്ലാതെ പിടിച്ചുലച്ച ചിത്രമായിരുന്നു)
ഡോ: ലിനോജ് കുമാർ
Good
ReplyDelete