രാധേയം
"കമലൂ,
നീ അനുപ്പിന ഫോട്ടോ നമ്മ അഗ്രഹാരം താൻ.
അന്ത പൊണ്ണ് രാധാലക്ഷമി, അന്നലക്ഷ്മി ഉൺവകത്ത്ല താൻ ഉക്കാന്തിരുക്കാ.
മീനാക്ഷീകോവിലോട് ഇടം താൻ അത്.
അന്ത ഊഞ്ചൽ, അന്ത ചിന്ന കല്ല്ശെവർ, അന്ത കട്ടിടങ്കൾ എല്ലാമേ കോവിലോട് താൻ.
അന്നലക്ഷ്മി'ലെ ശെവർലെ താൻ അന്ത കർണൻ പടം വെച്ചിരുക്കാ.
നേക്ക് നന്നാ തെരിയും.
അന്ത സീറ്റിലെ ഉക്കാന്താ, കോവിലോട് ഗോപുരം പാക്കലാം.
ഏൻ ചൊല്ലറേൻ ന്നാ, നാൻ പോയിരുക്കേൻ, പാത്തിരുക്കേൻ."
മദുരൈ കോയിൽ തെരുവിലെ ചങ്ങാതി സുന്ദരം അയച്ച മെസേജ് എത്ര പ്രാവശ്യം കേട്ടു എന്നെനിക്കറിയില്ല.
ഞാനവളെ കണ്ടെത്തിയതും
അവൾ എവിടെയുണ്ടെന്നറിഞ്ഞതുമായ നിമിഷമായിരുന്നു.
സുന്ദരത്തിൻ്റെ ആ ശബ്ദ സന്ദേശം.
രാധാലക്ഷ്മി അതായിരുന്നു.
അവളുടെ പേര്.
വർഷങ്ങൾക്ക് ശേഷം ഞാൻ അവളെ കാണുകയാണ്.
ഞാൻ എവിടെയാണെന്ന് അവൾക്കോ
അവൾ എവിടെയാണെന്ന് എനിക്കോ അറിയാൻ കഴിയാതെ കടന്നു പോയ ഇരുപത് വർഷങ്ങൾ.
അവളുടെ ഈ ചിത്രം സോഷ്യൽ മീഡിയയിൽ നിന്ന് എനിക്ക് കിട്ടിയിട്ട് മാസങ്ങളായിരുന്നു.
അന്നു മുതൽ അന്വേഷിച്ചു തുടങ്ങിയതാണ്.
അവളുടെ ചിത്രത്തിന് പുറകിലെ പശ്ച്ചാത്തലം, അത് എവിടെയാണെന്ന്.?
ഒടുവിൽ ഞാനത് കണ്ടെത്തി.
പിന്നെ കൊറോണ കാലവും, ലോക്ക് ഡൗണും കഴിയാനുള്ള കാത്തിരിപ്പായിരുന്നു.
ഇന്നൊരു ദിവസത്തെ യാത്രയുടെ ദൂരം കൂടിയെ ഇനി ബാക്കിയുള്ളു.
നാളെ ഞാൻ അവളെ കാണും.
ബുള്ളറ്റ് റോഡ് സൈഡിൽ കണ്ട ചെറിയൊരു ഓലമേഞ്ഞ കടയിലേക്ക് ഞാൻ ചേർത്തു നിർത്തി.
പുലരും മുൻപ് തുടങ്ങിയ യാത്രയായിരുന്നു.
ബുള്ളറ്റിലെ ഹെഡ് ലൈറ്റ് അണച്ചു.
കടയുടെ പുറകിലെ ഗോതമ്പ് വിളഞ്ഞ പാടത്തിനക്കരെ നിന്നും ഉദയസൂര്യൻ ചുവപ്പു വിതറുന്നുണ്ട്. ലുങ്കി മാത്രം ധരിച്ച തലയിൽ വെള്ള തൊപ്പി വച്ച കടയിലെ ആൾ ഒരു ചിരി സമ്മാനിച്ചു. കൊണ്ടെന്നെ സ്വീകരിച്ചു.
ഒരു സുലൈമാനി പറഞ്ഞിട്ട് ഞാനവിടെ തടി ബെഞ്ചിൽ ഇരുന്നു. രാധാലക്ഷമിയെയും സ്ക്കൂൾ കാലവും ഓർമ്മിപ്പിക്കുന്നതായിരുന്നു.
തടിയിലെ ആ ബഞ്ചും, ഡസ്ക്കും.
ഇതുപോലൊരു തടി ഡസ്ക്കിലായിരുന്നു.
അവൾ ഇരിക്കുന്നതിന് മുൻപിലായി ഞാനെൻ്റെയും, അവളുടേയും പേരുകൾ അന്ന് കോമ്പസ് കൊണ്ട് കുത്തി വരച്ച് എഴുതി വച്ചത്. കമൽനാഥ് രാധാലക്ഷമി.
കടയുടെ പുറകിലെ ഗോതമ്പ് വിളഞ്ഞ് നിൽക്കുന്ന പാടം മനോഹരമായൊരു കാഴ്ച്ചയായിരുന്നു.
അവിടത്തെ പണിക്കാരാകണം കുറച്ചു പേർ കടയുടെ ഉള്ളിലായി ബെഞ്ചിൽ ഇരിക്കുന്നു.
ഒരു കാൽ ഉയർത്തി ബഞ്ചിനു മുകളിൽ കുന്തിച്ച് വച്ചാണ് എല്ലാപേരും ഇരിക്കുന്നത്.
കറുത്ത് മെലിഞ്ഞ് കഴുത്തിലെ എല്ലുകൾ പുറത്തേക്കുന്തിയവർ,
പല്ലുകൾ പുറത്തു കാട്ടി അവർ എന്നെ നോക്കി ചിരിച്ചു.
കറ പുരണ്ട വൃത്തികെട്ട നിറത്തിലും ഉന്തിയതും, പാതി മുറിഞ്ഞതുമായ പല്ലുകൾ.
സുലൈമാനി മേശപ്പുറത്ത് കൊണ്ടുവച്ചു. അയാൾ ചിരിച്ചു.
"ഖാനെ കേലിയെ കുഛ് ചാഹിയേ?"
അയാൾ ചോദിച്ചു.
"നഹി " എന്നു പറഞ്ഞു. ഞാൻ സുലൈമാനി ഗ്ലാസെടുത്തു. ഗ്ലാസ്സിൽ നിന്നും ആവി പറക്കുന്നുണ്ടായിരുന്നു.
വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നു. പഞ്ചസാര തരികൾ.
സുലൈമാനി ചുണ്ടോട് മൊത്തുന്നതിനോടൊപ്പം ഞാൻ മൊബൈലിൽ അവളുടെ ചിത്രവും തിരഞ്ഞു.
സ്വന്തമായി അവൾ പകർത്തിയൊരു ചിത്രമായിരുന്നത്.
ഏതോ ഒരു റസ്റ്റോറൻ്റിൽ ആണവൾ ഇരിക്കുന്നത്. പുറകിൽ കാണുന്ന ചില്ലു ജാലകത്തിനപ്പുറം കരിങ്കൽ പാളികളാൽ നിർമ്മിച്ചൊരു ചുമരുണ്ട്.
ഏതോ പുരാതനമായ അമ്പലത്തിൻ്റെയാകും
അതിന് മുന്നിലെ മരത്തിലൊരു ഊഞ്ഞാൽ കെട്ടിയിരിക്കുന്നു.
അതിലൊരു പെൺകുട്ടിയിരിക്കുന്ന വിദൂര ചിത്രവും ഇതിൽ പതിഞ്ഞിട്ടുണ്ട്.
ചില്ലു ജാലകത്തിന് അരികിലായി റെസ്റ്റോറൻ്റിലെ ചുവരിൽ ഒരു വലിയ ചിത്രം പതിച്ചിട്ടുണ്ടായിരുന്നു.
തേർ ചക്രം ഭൂമിയിലേക്കാണ്ടുപോയ കർണൻ അതുയർത്താൻ ശ്രമിക്കുന്നൊരു വലിയ ചിത്രം. അരികിലായി വില്ലു കുലച്ച് കാത്തുനിൽക്കുന്ന പാർത്ഥനും, സാരഥിയും.
ഈ ചിത്രമാണ് എന്നെ അവളുടെ അടുത്തേയ്ക്ക് എത്തിക്കുന്നത്.
വർഷങ്ങളായി അവൾ എവിടെയാണ്?
എന്നുള്ള അന്വേഷണം അവൾ സ്വന്തമായെടുത്തൊരു ചിത്രത്തെ തേടിയുള്ള അന്വേഷണമായി. എന്നോ ഒരിക്കൽ അവളും ആ പുറകിൽ കാണുന്ന ഊഞ്ഞാലിൽ ഇരുന്നിട്ടുണ്ടാകണം
അവിടെയിരുന്നു കൈയ്യിലെ മൊബൈൽ ഓണാക്കി ഒരു സ്വന്തം ചിത്രം പകർത്തുന്നത് ഞാനോർമ്മയിൽ കണ്ടു.
പുറകിൽ പതിഞ്ഞ ചുവരിലെ ചിത്രം എനിക്ക് അവളിലേക്കുള്ള വഴികാട്ടിയാകുമെന്നവൾ നിനച്ചിട്ടുണ്ടാകുമോ?
നാളെ ഞാനവിടെയെത്തും
അവൾ അവിടെ കാത്തിരിക്കുന്നുണ്ടാകുമോ?
അവൾക്ക് പുറകിലെ അതെ പശ്ച്ചാത്തലം ക്രമീകരിച്ച് ഞാനും സ്വന്തമായൊരു ചിത്രം പകർത്തും. അത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കണം.
ഇനി അവളെ കാണാൻ സാധിച്ചില്ലെങ്കിൽ
എന്നെങ്കിലും അവൾ ആ ചിത്രം കാണും അന്നവൾ അറിയണം ഒരിക്കൽ ഞാനും ഇവിടെ വന്നിരുന്നെന്ന്.
നാളെ ഞാൻ രാധാലക്ഷമിയെ കണ്ടെത്തുകയാണെങ്കിൽ അവൾ എന്തു പറയും?
വെറുതെ ഞാനൊന്നു സങ്കൽപ്പിച്ചു നോക്കി.
ചിത്രത്തിൽ അവളുടെ തലമുടികളിൽ നരകയറിയത് കാണാം.
പഴയ ലക്ഷമിയുടെ ഒരു നിഴൽ മാത്രമായിരിക്കുന്നു. ഇന്നവളുടെ രൂപം.
കാത്തിരുന്നത് പോലെ ഒരു അപരിചിതത്ത്വവുമില്ലാതെയാകും അവൾ കടന്നു വരുന്നത്.
ചില്ലുജാലകത്തിനുള്ളിലൂടെ മധുരമീനാക്ഷിയുടെ ക്ഷേത്ര ഗോപുരം കാണുന്ന ആ റെസ്റ്റോറൻ്റിനുള്ളിൽ നമ്മൾ ഇരിയ്ക്കും.
പ്രായത്തിൻ്റെ തളർച്ച നൽകിയ നാല് മിഴികൾ അൽപ്പനേരം കോർത്തു നിൽക്കും.
കർണ്ണനു മുൻപിൽ മേശയ്ക്കിരുവശവും മൗനം വാശിയോടെ കുരുക്ഷേത്രയുദ്ധത്തിൽ ഏർപ്പെടും. ഞാനവളുടെ കണ്ണുകളിൽ ഉള്ളിലേക്ക് തന്നെ നോക്കിയിരിക്കും.
"എന്താ നോക്കുന്നത്?"അവളുടെ ചോദ്യം
"മുകളിൽ കറങ്ങുന്ന മത്സ്യത്തിൻ്റെ മിഴികളിലേക്ക് ലക്ഷ്യം വയ്ക്കുകയാണ് ഞാൻ അമ്പെയ്ത് കൊള്ളിക്കുവാൻ "
എന്ന് ഞാൻ പറയും.
അവൾ പഴയ കാലം ഓർക്കുകയാകും അപ്പോൾ.
ഇല്ല സൂതപുത്രനെ ഞാൻ വരിക്കുകയില്ല എന്നവൾ ഇന്നു പറയുമോ?
അതിന് എനിക്ക് അന്നും ഇന്നും കാത്തിരിക്കാനൊരു പാർത്ഥനും, അരുതെന്നു കാട്ടാനൊരു കൃഷ്ണനും ഇല്ലായിരുന്നു.
ഉണ്ടായിരുന്നത് പിതാവായ ദ്രുപദനാണ് അരുതെന്നാഞ്ജാപിച്ചതും അദ്ദേഹമാണ്.
എന്നവൾ പറയും.
ഒറ്റക്കൈയ്യുമായെത്തിയ ദുശ്ശാസനൻ്റെ വസ്ത്രാക്ഷേപത്തിൽ നിന്ന് പതിനഞ്ചു വയസ്സുകാരിയായ മകളുമായി അകലേക്കോടി രക്ഷപ്പെട്ട പിതാവായൊരു ദ്രുപദൻ. പ്രതികാരത്തിനായി ശപഥം ചെയ്യാനൊരു വൃകോദരനും വന്നില്ല. നിണം കാത്ത് മുടിയഴിച്ചിട്ടെനിക്ക് കാത്തിരിക്കാൻ.
മേശപ്പുറത്ത് നീട്ടിവച്ചിരിക്കുന്ന എൻ്റെ കൈകളിലേക്കവൾ നോക്കിയാകും അതു പറയുന്നത്. പുറകിലേക്ക് വലിച്ച കൈകൾ ഞാൻ മേശയുടെ അടിയിലേക്ക് ഒളിപ്പിക്കും.
എൻ്റെ കൈകളിലെ ചോരക്കറ കണ്ടിട്ടാകുമോ അവൾ അങ്ങനെ ഉറ്റുനോക്കിയത്.?
അവൾക്ക് നൽകാനായി മനോഹരമായൊരു തൂലിക ഞാൻ സൂക്ഷിച്ചിട്ടുണ്ടായിരുന്നു.
തൂലിക ഞാൻ അവളിലേക്ക് നീട്ടുമ്പോൾ മനപ്പൂർവ്വം ഞാനത് തറയിലേക്കിടും.
അവളുടെ കാൽപ്പാദങ്ങൾക്കരികിലേക്ക് ആ തൂലിക വീഴും.
കുനിഞ്ഞ് ഞാനത് എടുക്കുമ്പോൾ കറുത്ത നിറമുള്ള അവളുടെ പാദങ്ങൾ എനിക്ക് കാണാം. എൻ്റെ ഇരു കൈകളും ഞാനവളുടെ പാദങ്ങളിൽ അമർത്തി അൽപ്പനേരം വയ്ക്കും. മഴ നനഞ്ഞ് വന്ന അവളുടെ കാൽപ്പാദങ്ങൾക്ക് മഞ്ഞിൻ്റെ തണുപ്പായിരിക്കും.
കാലുകൾ പുറകിലേക്ക് വലിക്കാതെ സമ്മതത്തോടെയവൾ കണ്ണടച്ചു ഇരിക്കുകയാകും.
ഒറ്റക്കൈയ്യനായ ദുശ്ശാസനൻ്റെ ചോരക്കറ ഇപ്പോൾ അവളുടെ പാദങ്ങളിൽ പുരണ്ടിരിക്കുന്നു.
കുരുക്ഷേത്രഭൂമിയിലാണ്ടുപോയ തേർച്ചക്രം ഉയർത്തിയെടുത്ത് വിജയിയെ പോലെ ഞാൻ അവളുടെ മുഖത്ത് നോക്കി ചിരിക്കും.
ഇവിടെയിന്ന് സൂതപുത്രൻ്റെ വിജയമാണ്.
മുകളിൽ കറങ്ങുന്ന മത്സ്യത്തിൻ്റെ കണ്ണിൽ അമ്പ് തറച്ചു.
ഇന്ന് കർണ്ണൻ കൃഷ്ണയെ സ്വന്തമാക്കുന്നു.
"കർണ്ണൻ വഴികാട്ടിയായി അല്ലേ?"
അവൾ ചോദിക്കും.
മനസ്സിൻ്റെ യുദ്ധം അവസാനിപ്പിച്ച്
ഞാനത് കേട്ടു ചിരിക്കും.
ചിത്രത്തിലെ പോലെ ചാര നിറത്തിലെ ഒരു സാരിയായിരിക്കും, അവളുടെ വേഷം.
തോളിലെ നീല നിറത്തിലെ ബാഗിൽ നിന്നവൾ ഒരു കൂട്ടം പുസ്തകങ്ങൾ എടുത്തു മേശപ്പുറത്ത് വച്ചു.
എനിക്ക് അരികിലേക്കവൾ അതു നീക്കി.
"ഇന്നെനിക്ക് തിരികെ പോകണം ഇവിടെ വന്നിട്ട് ദിവസങ്ങൾ കഴിഞ്ഞു."
ഞാൻ പറഞ്ഞു.
"എന്തിനാ വന്നത്?
ആരും ക്ഷണിച്ചില്ലല്ലോ?"
അവൾക്ക് ഒരു മാറ്റവുമില്ല. വാക്കുകൾക്ക് പഴയ അതെ ദയവില്ലായ്മ.
"പോയിട്ട് ഞാൻ തിരികെ വരും "
ഒന്നും മിണ്ടാതെ കുനിഞ്ഞിരുന്നവൾ ചായ മൊത്തി കുടിക്കുകയായിരുന്നു.
അവൾക്ക് പുറകിലെ ആ ചിത്രം പശ്ചാത്തലമാക്കി നമ്മൾ ഒരുമിച്ചൊരു ചിത്രം പകർത്തും. അന്നു നമ്മൾ ഇരുവശവും കോലങ്ങൾ വരച്ചയാ തെരുവിലൂടെ ചാറ്റൽ മഴ നനഞ്ഞ് നടക്കും.
ബുള്ളറ്റ് ഇടയ്ക്കൊന്നു പണിമുടക്കിയതിനാൽ ഒരു ദിവസം കൂടെ വൈകിയാണ് ഞാനിവിടെ എത്തിയത്.
പ്രതീക്ഷിച്ചത് പോലെ അതൊരു ബ്രാഹ്മണ തെരുവായിരുന്നു. അന്നലക്ഷമി ഉണവകം എന്ന റെസ്‌റ്റോറൻ്റ് കണ്ടു പിടിക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല.
ഞാനെന്നും സന്ധ്യാസമയത്ത് ആ റെസ്റ്റോറൻ്റിൽ പോയിരുന്നു. നിരാശനായി മടങ്ങി. ഇന്നേക്ക് പതിനെട്ടു ദിവസമാകുന്നു.
നാളെ എനിക്ക് ഇവിടെ നിന്ന് തിരികെ പോകണം.
ഇന്ന് വെള്ളിയാഴ്ച്ച, കുറച്ച് നേരത്തെയായിരുന്നു. ഞാൻ ആ റെസ്റ്റോറൻ്റിൽ എത്തിയത്.
കർണ്ണന് മുന്നിലെ കസേര ഇന്നും ഒഴിഞ്ഞ് കിടക്കുകയായിരുന്നു.
അതിന് അഭിമുഖമായി ചില്ലുജാലകത്തിന് പുറത്തെ വാതിൽക്കലേക്ക് നോക്കി ഞാനിരുന്നു.
ഹോട്ടൽ ബോയ് ഒരു കോഫി കൊണ്ടു വച്ചു. ഞാൻ അതെടുത്ത് ചുണ്ടോട് ചേർത്തു.
പുറത്ത് ചെറുതായി മഴ ചാറി തുടങ്ങിയിരുന്നു.
പുറത്തെ തെരുവിൽ ഇരുവശത്തും വൈദ്യുത വെളിച്ചങ്ങൾ തെളിഞ്ഞു തുടങ്ങി.
തലങ്ങും വിലങ്ങും പോകുന്ന വാഹനങ്ങളുടെ തിക്കി തിരക്കുകൾ വർദ്ധിച്ചു വന്നു.
മുൻവശത്ത് റോഡിനപ്പുറത്തായി റോഡ് മുറിച്ച് കടക്കാനായൊരാൾ കാത്തു നിൽക്കുന്നു.
വാഹനത്തിൻ്റെ വെളിച്ചത്തിൽ നിഴൽ പോലെ ഞാനത് കണ്ടു.
അത് അവൾ തന്നെയല്ലേ?
വാഹനങ്ങളുടെ തിരക്ക് കാരണം റോഡ് കടക്കാൻ അവൾ പ്രയാസപ്പെടുന്നുണ്ട്.
മഴ നനയാതിരിക്കാനായി ചാരനിറത്തിലെ സാരിയുടെ തുമ്പുയർത്തി അവൾ തലയിലൂടെ മറച്ചിരിക്കുന്നു.
തോളിൽ നീല നിറമുള്ള ബാഗുണ്ട്.
അത് രാധാലക്ഷമി തന്നെയല്ലേ..?
ഒരു അപരിചിതത്ത്വവുമില്ലാതെ അവൾ കടന്നു വരുന്നതും നോക്കി ഞാൻ കാത്തിരുന്നു.
ജെ... jayachandran.nt
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക