
"കൊല്ലമെത്രയായി ഇങ്ങനെ ആരും കാണാതെയുള്ള കൂടി കാഴ്ച തുടങ്ങിയിട്ട് ".. അയാൾ അവളുടെ ഒരു നരച്ച മുടിയിൽ വിരലോടിച്ചു..
"മനസ്സിന് പ്രയാസം വരുമ്പോ എനിക്ക് തന്റെ മുഖം കാണണം.. കുറച്ച് നേരം മിണ്ടണം ".. അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കികൊണ്ട് പറഞ്ഞു..
"തന്നെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ലല്ലോ..20 വർഷമാവാൻ പോകുന്നു പരിചയപ്പെട്ടിട്ട്.. പതിനേഴാം വയസ്സിൽ തുടങ്ങിയ ബന്ധമാണ്.. എന്നാലോ ഒന്നിക്കാനുള്ള ഭാഗ്യമില്ല.. പക്ഷേ പിരിഞ്ഞിട്ടുമില്ല.. ഓരോ യോഗം "..
"എടോ.. നമ്മള് ഇങ്ങനെ തുടരുന്നതാണ് നല്ലത്.. ഒന്നിച്ചാൽ ചിലപ്പോ പിരിയേണ്ടി വന്നാലോ.. നിങ്ങളെ സഹിക്കാൻ കുറച്ച് പാടാ മനുഷ്യാ "..അവൾ പൊട്ടി ചിരിച്ചു.. കൂടെ അയാളും..
"അല്ലടോ.. ഉണ്ണീടെ പഠിപ്പൊക്കെ എങ്ങനുണ്ട്.. അവനെ ആദ്യായിട്ട് കാണുമ്പോ കൈക്കുഞ്ഞായിരുന്നു.. ഇപ്പോ വല്യ ആൺക്കുട്ടിയായി.. അമ്മയെ പൊന്നുപോലെ നോക്കുന്ന മോൻ "..
"അവന്റെ അച്ഛൻ മരിച്ചതിൽ പിന്നെ ഞാനല്ലേയുള്ളു..ഒരച്ഛന്റെ സ്നേഹം ന്റെ കുട്ടിക്ക് കിട്ടിയിട്ടില്ല"..അവളുടെ കണ്ണുകൾ ഈറനണഞ്ഞു..
"എടോ..അപ്പോ ഞാനോ.. എനിക്ക് എന്റെ സ്വന്തം മകൻ തന്നെയല്ലേ.. പക്ഷേ ദൂരെ നിന്ന് സ്നേഹിക്കാൻ കഴിഞ്ഞുള്ളു.. എന്റെ നിസ്സഹായത.. നീയാണ് എന്നെ മറ്റൊരു വിവാഹത്തിന് പ്രേരിപ്പിച്ചത്.. നിന്റെ മാത്രം നിർബന്ധം "..
"എന്നെയോർത്ത് നീറി പുകയുന്നൊരാളെ എനിക്ക് കാണാൻ കഴിയില്ല.. ഇപ്പോ ഒരു സമാധാനമുണ്ട്.. ഇയാൾക്കും നല്ലൊരു ജീവിതം കിട്ടിയല്ലോ "..
"അവളൊരു പാവം.. നീയുമൊരു പാവം.. എനിക്ക് രണ്ടാളെയും വിഷമിപ്പിക്കാൻ പറ്റില്ല "..
"പറഞ്ഞ് പറഞ്ഞ് കാടുകയറേണ്ട.. പോയി ഭാര്യയുടെ മടിയിൽ തല ചാച്ചുറങ്ങ്.. ഹ ഹ ഹ "..
"പോടീ പൊട്ടിക്കാളി "..
പിന്നേയും പലതും പറഞ്ഞവർ ഇരുന്നു..പരസ്പരം കാണുമ്പോൾ കിട്ടുന്നൊരു സന്തോഷം.. സമാധാനം.. അത്രയും ആഗ്രഹിച്ചിരുന്നുള്ളു അവർ..
ദേവീകൃഷ്ണ
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക