ഇന്നും വീട്ടിൽ വിളിച്ചപ്പോൾ പതിവുപോലെ അമ്മ ആ ചോദ്യം മുടക്കിയില്ല.
"എന്നാ നീ ഇനി ഇങ്ങോട്ട് വരുന്നേ"?
കൊറോണക്കാലമാണ്,ലോക്ക്ഡൗണാണെന്ന് രണ്ടുപേർക്കുമറിയാമെങ്കിലും ചോദിക്കുമ്പോൾ അമ്മയ്ക്കും, കേൾക്കുമ്പോൾ എനിക്കും അതൊരു വലിയ ആശ്വാസമാണ്.
ഞങ്ങൾ പെണ്ണുങ്ങൾ അങ്ങനെയാണ്. ഭർതൃഗൃഹത്തിൽ എന്ത് സുഖ
സൗകര്യങ്ങൾ ഉണ്ടെങ്കിലും സ്വന്തം വീട്ടിൽ പോവുകയെന്നത് ഞങ്ങൾക്ക് സ്വർഗ്ഗതുല്യമാണ്,
അതെത്ര ഗതികേടിലാണെങ്കിലും....
വീട്ടിൽ പോകാൻ ഒരവസരം വന്നാൽ, അല്ലേൽ ഭർതൃഗൃഹത്തിൽ നിന്ന് അനുമതി കിട്ടിയാൽ (രണ്ട് ദിവസത്തേക്ക് ആണെങ്കിൽ പോലും) ഒരാഴ്ച മുന്നേ ഞങ്ങൾ മനസ്സും കൊണ്ടു.പ്രവർത്തി കൊണ്ടും അതിനുള്ള തയ്യാറെടുപ്പു തുടങ്ങും. അപ്പോ മുതൽ സ്വന്തം വീടും, കൂടെപിറപ്പുകളും പഴയകാലവുമായിരിക്കും മനസ്സുനിറയെ, ഭർത്താവിന് വേണ്ട ദോശ മാവും, സാമ്പാറും അടക്കം ഫ്രിഡ്ജിൽ കരുതിവച്ചാലും ഭർത്താവിനെ ഒറ്റയ്ക്ക് വിട്ട് പോകുമ്പോൾ ഉണ്ടാവുന്ന സങ്കടo മറുവശത്തും.
ഇനി വീട്ടിലെത്തിയാലോ, ?
അമ്മയുടെ വഴക്കാളിയായി ,അച്ഛന്റെ ചെല്ലക്കുട്ടിയായി ആ പഴയ പാവാടക്കാരിയായി മാറാൻ ഞങ്ങൾക്ക് അധികസമയം വേണമെന്നില്ല.അതുവരെ ഒറ്റയ്ക്ക് വെച്ചുവിളമ്പിതിന്നിരുന്ന ഞങ്ങൾ ക്ക് ആ നിമിഷം മുതൽ അമ്മ വേണം. വച്ചുവിളമ്പി തരാൻ...
പക്വതയാർന്ന വീട്ടമ്മയിൽ നിന്ന് എത്ര പെട്ടെന്നണവൾ അമ്മയുടെ പൊടിക്കുഞ്ഞായി മാറുന്നത്.
അമ്മയുടെ അടുത്ത് എത്രകാലം നിന്നാലും ഇന്നലെ എത്തിപ്പെട്ട അവസ്ഥ. സ്വന്തം വീട്ടിൽ ഇത്രയൊക്കെ സ്നേഹം അനുഭവിക്കുമ്പോഴും അവൾടെ മനസ്സ് അപ്പോഴും വീട്ടിലിരിക്കുന്ന ഭർത്താവിനെ കുറിച്ചായിരിക്കും.
നിങ്ങൾ കഴിച്ചോ, കുളിച്ചോ, ഉറങ്ങിയോ ഇതെല്ലാമായിരിക്കും അന്വേഷണം, ചുരുക്കി പറഞ്ഞാൽ കടലിലും, കരയിലും അകപ്പെട്ട അവസ്ഥ,
അവസാനം അവധിക്കഴിഞ്ഞ് പെട്ടിയടുക്കി വയ്ക്കുമ്പോൾ ,എന്തിനന്നറിയാതെ നിറഞ്ഞു വരുന്ന കണ്ണീർതുള്ളികൾ തടഞ്ഞുനിർത്താൻ അമ്മ കാണാതെ പുറം കൈകൊണ്ട് തുടച്ചുകളയുമ്പോഴായിരിക്കും അമ്മയുടെ പരാതി.
"ഇത്ര പെട്ടെന്ന് പോവേണ്ടിയിരുന്നേൽ നീ വരേണ്ടിയിരുന്നില്ലല്ലോയെന്ന്,"
അതെ
ഞങ്ങൾ പെണ്ണുങ്ങൾ അങ്ങെനെയാണ്, ഒരേ സമയം ഭാര്യയായും, അമ്മയായും ,മകളായും, അങ്ങനെയങ്ങനെ.... എല്ലാമായി മാറാൻ കഴിയുന്ന ഒരപൂർവ്വജന്മം,
By: Padmini Narayanan Kookkal
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക