നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

ആലീസും അന്നയും പിന്നെ എബിയും (കഥ )

ആലീസും അന്നയും.. പിന്നെ എബിയും 

"ഇതാരാ? "

"അമ്മയ്ക്ക് മനസ്സിലായില്ലേ?  ഞാൻ താലി കെട്ടിക്കൊണ്ടു വന്ന എന്റെ പെണ്ണ്. ദേ മാല.ഇത്  കണ്ടിട്ടും മനസിലായില്ലേ ?"അവൻ അവളുടെ  കഴുത്തിൽ കിടന്ന താലിമാലതൊട്ടു കാണിച്ചു 

"ആഹാ കൊള്ളാമല്ലോ "ആലീസ്  മകനെയും അവന്റെ കൂടെ വന്ന പെൺകുട്ടിയെയും നോക്കി ..

"എവിടെ വെച്ചായിരുന്നെടാ കല്യാണം ?എന്നോട്  പറഞ്ഞില്ലല്ലോ ?"
വാതിൽ മറഞ്ഞു നിന്ന് കൊണ്ട് അവൾ ചോദിച്ചു. 

"അമ്മയോട് പറഞ്ഞാൽ 'അമ്മ സമ്മതിക്കുമോ? എനിക്കറിയാൻ മേലെ ?""പള്ളിയിൽ വെച്ച് നടത്താൻ പറ്റത്തില്ലല്ലോ  അത് കൊണ്ട്  കൂട്ടുകാരെല്ലാം കൂടെ കോളേജിൽ വെച്ച് .."

"ആഹാ അത് കൊള്ളാലോ ..കോളേജ് ഒക്കെ ഇതിനും കൂടി ഉപയോഗിച്ച് തുടങ്ങിയോ? നല്ല കാര്യമാ ..ചെലവ് കുറവുണ്ടല്ലോ "
ആലീസ്  ചിരിച്ചു 

"കൊച്ചു ഇവന്റെ കൂടെ പഠിക്കുന്നതാണോ  ?"

"അല്ല ..."പെൺകുട്ടി പതിഞ്ഞ ശബ്ദത്തിൽ മറുപടി പറഞ്ഞു. 

"ഇവനെ കുറിച്ച് കൊച്ചിന് എന്നാ ഒക്കെ അറിയാം ?"ആലീസ് കൈ മാറിൽ പിണച്ചു കെട്ടി. 

"അമ്മെ ദേ വേണ്ട കേട്ടോ വാതിൽക്കൽ നിന്ന് മാറിക്കെ.  ഞങ്ങൾ അകത്തോട്ടു 
കേറട്ടെ. "എബി  ഗൗരവത്തിൽ പറഞ്ഞു. 

"നിങ്ങളിപ്പോ അകത്തോട്ടാണോ  പുറത്തോട്ടാണോ പോക്ക്  എന്നറിയില്ലല്ലോ  മക്കളെ  ..ഞാൻ അവളോട്‌ കുറച്ചു കാര്യങ്ങൾ  ചോദിക്കട്ടെ ..ഇവനെ കുറിച്ച് കൊച്ചിന് എന്നാ അറിയാം ?"

ആലിസ് പെൺകുട്ടിയെ നോക്കി. 

"അത് ..പേര് എബി മാത്യു  എഞ്ചിനീയറിങ്ങിനു പഠിക്കുവാ  അവസാന വർഷം ..ഉടനെ ജോലി കിട്ടും "
അവൾ പറഞ്ഞു 

"ഇത്രേം അറിഞ്ഞാൽ മതിയോ കൊച്ചേ ഇവന്റെ കൂടെ ഇറങ്ങി പോരാൻ? ഇതൊക്കെ ഇവൻ പറഞ്ഞതായിരിക്കും  ..എന്നാൽ  കേട്ടോ എന്റെ മോൻ ആയതു  കൊണ്ട്  പറയുവല്ല ഇവന് അര  കഴഞ്ചിനു ബുദ്ധിയില്ല ..തോറ്റ വിഷയങ്ങളുടെ എണ്ണം നോക്കിയാൽ ഇവനീ ജന്മം എഞ്ചിനീയറിംഗ്  ജയിക്കത്തുമില്ല. പിന്നെ എന്ന ജോലി കിട്ടാനാ?  .അല്ല ജോലിയുടെ കാര്യം  പറയുവാണെങ്കിൽ കൊച്ചെ ഇവന്  ഒരു പണി പോലും വെടിപ്പായിട്ട് ചെയ്യാൻ അറിയുകേല..  നിക്കർ വരെ ഇപ്പോളും ഞാൻ ആണ് കഴുകി കൊടുക്കുന്നത്.  അതിനെന്നെ തല്ലണം അത് വേറെ
 കാര്യം "
ആലീസിന്റെ വർത്തമാനം കേട്ട് 
പെൺകൊച്ചന്തം വിട്ട് അവനെ   നോക്കി 

"നിന്റെ  എടുത്തു വരുമ്പോ നല്ല സിംപ്ലൻ.തലമുടിയിൽ കളറും അടിച്ച് മണക്കുന്ന സെന്റുമടിച്ച്  ലോകത്തെങ്ങും ആരും കേട്ടിട്ടു പോലുമില്ലാത്ത  ഇംഗ്ലീഷും പറഞ്ഞ് ..ഇവനെ പഠിപ്പിച്ച ആ  ഇംഗ്ലീഷ് ടീച്ചർ തൂങ്ങി ചാകും ഇത് കേട്ടാൽ ..അവന്റ എത്താത്ത ജീൻസും ,,താടിയും  മുടിയും  പിന്നെ കാണാൻ കൊള്ളാവുന്ന ഒരു മോന്തയുള്ളത് കൊണ്ട് അത്  വെച്ച് പെണ്ണുങ്ങളെ പറ്റിക്കൽ ആണ് ഇവന്റെ മെയിൻ.പിന്നെ അതൊക്കെ ടൈം പാസ്സ് ആണെന്ന് എനിക്കറിയാം.ഈ താലി ഇട്ടിരിക്കുന്ന മാല പോലും നിന്റെ ആയിരിക്കും . ഇവനെ എനിക്ക് അറിയുന്ന പോലെ ആർക്കെങ്കിലും അറിയാമോ?    കൊച്ചു  വൈകുന്നേരം ഇവിടെ വന്നു നോക്കണം അപ്പുറത്തു ടിന്റുമോന്റേം അപ്പുക്കുട്ടന്റേം  കൂടെയാ ഇവന്റെ കളി. ഗോലി  കളി..ചിലപ്പോ മണ്ണപ്പം ചുട്ടും  കളിക്കും..അല്ലിയോടാ? .ആ പിള്ളേർ  രണ്ടാം ക്ലാസ്സിലാ അതാ ആ കളി.. അതാണ്‌ അവന്റെ ഒറിജിനൽ. ഈ കാണുന്നത് മുഴുവൻ പടം "

എബിക്ക്  തൊലിയുരിഞ്ഞു പോകും പോലെ തോന്നി.

"അമ്മെ എനിക്ക് ദേഷ്യം വന്നാലുണ്ടല്ലോ ..."അവന്റെ മുഖം ചുവന്നു 

"പിന്നേ ഒന്ന് പോടാ ചെക്കാ  ഇവനീ കലിപ്പ് ഒക്കെ അഭിനയിച്ചായിരിക്കും കൊച്ചിനെ വീഴ്ത്തിയത്.   അല്ലെ? ..തെക്കേലെ നാൻസിയോടും അങ്ങനാരുന്നു ..അവൾ  
 കഴിഞ്ഞ വർഷം  ഒരു പട്ടാളക്കാരന്റ ആലോചന  വന്നപ്പോ ഇവനെ തേച്ചിട്ടും  പോയി. ബുദ്ധിയുള്ള ആരെങ്കിലും ഇവന്റെ കൂടെ പോരുമോ  ..?
(വിളറി വെളുത്ത പെങ്കൊച്ചിന്റെ മുഖത്തിന്റ ക്ലോസപ്പ് ഷോട്ട് ദേ ഇവിടെ )
തേപ്പു കിട്ടി നല്ല പരിചയമുളളത് കൊണ്ട് ഇവൻ   ഉളുപ്പില്ലാതെ തന്നെ ആരെയെങ്കിലും ഉടനെ കേറി പ്രേമിക്കുമെന്നു എനിക്കുറപ്പായിരുന്നു ...ഇവളേതാടാ  ജെസ്സിയാണോ അതോ സീനയോ?  "

"എന്റെ പേര് അന്ന 
എന്ന അമ്മച്ചി "
അവൾ മെല്ലെ പറഞ്ഞു 

"അപ്പൊ സീനയും  ജെസ്സിയുമോ ...എന്തോന്നാടാ  ഇത്? ആ ജെസ്സിയായതു കൊണ്ടല്ലേ 'അമ്മ സമമതിക്കാഞ്ഞത്?  അവള് രണ്ടു പേരുടെ കൂടെ ഒളിച്ചോടിയ പെണ്ണാണെന്നേ ..നിന്റെ പേര് എന്നോട് പറഞ്ഞിട്ടില്ല കേട്ടോ.. .ഇത് നല്ല അമ്പോറ്റി കൊച്ചല്ലേ?  അല്ല മോളെ നീ പ്രായപൂർത്തി ആയതാണോ  ..ഇല്ലെങ്കിൽ കേസ് ആണേ ഹാ  "

'അതൊക്കെ അതെ "എബി  പറഞ്ഞു 

"കൊച്ചിന്റെ വീടെവിടെയ ?"

ഞാൻ ഈ ഇടവകയിലുള്ളതാ അമ്മച്ചി പാലക്കുന്നത്തെ  മത്തായിച്ചന്റെ .."

മത്തായിച്ചന്റെ ..?"

"മോൻ ജേക്കബിന്റെ മോളാ"

എന്റെ കർത്താവെ ..നിങ്ങള് അങ്ങ് കുവൈറ്റിലോ  ദുബായിലോ മറ്റോ അല്ലാരുന്നോ കൊച്ചെ? .."

"അതെ. സ്‌കൂളിങ് കഴിഞ്ഞു ഇപ്പൊ എൻട്രൻസ് കോച്ചിങ്ങിനു ഇവിടെ നിന്ന് പഠിക്കുവാ  "
"
കഷ്ടം ...മോളെ നീ ഈ വീട്ടിലോട്ടു ശരിക്കു ഒന്ന് നോക്കിക്കേ. ദേ ഈ കാണുന്നതാണ്  ഇവന്റെ  മുറി ..നല്ല മഴ പെയ്താൽ ചരുവം വെയ്ക്കണം "
അവൾ കണ്ണുമിഴിക്കുന്നു 

"ചരുവം എന്ന് പറഞ്ഞാൽ വലിയ പാത്രം.  ...ഇല്ലെങ്കിൽ കുടപിടിച്ചാലും മതി .അല്ലെങ്കിൽ നനയും ചോർച്ച ഉണ്ട് .പിന്നെ ദേ ഇതാ അടുക്കള ..ഗ്യാസില്ല. വിറകടുപ്പാ  ..നീ ഊതി ഊതി ഊതി വശം കേട്ട് പോകും ..പിന്നെ രണ്ടു ആട്,  രണ്ടു പശു, പതിനേഴ് കോഴി ..നീ കോഴി കാഷ്ടം  വാരിയിട്ടുണ്ടോ ?"

"ഇല്ല "

"ഇവിടെ ജീവിച്ചാൽ കൊച്ച് ചാണകവും ആട്ടിൻ കാഷ്ഠവും കോഴിക്കാഷ്ഠവും  ഒക്കെ   വാരണം,  പുല്ലു പറിക്കണം  അങ്ങനെ ഒത്തിരി ജോലിയുണ്ട്. ഇതൊക്കെ ചെയ്താ ഞാൻ ഈ പോത്തിനെ ഇക്കാലമത്രയും വളർത്തിയത് ..ഇവന്റെ അപ്പൻ പോയപ്പോൾ ഇവനുണ്ടല്ലോ എന്നെ നോക്കാൻ എന്ന് വിചാരിച്ചു. പഠിച്ചു  നല്ല ജോലി ഒക്കെ കിട്ടി കഴിയുമ്പോൾ ഒന്ന് വിശ്രമിക്കാമല്ലോ എന്നോർത്തു. അവർ ദീർഘമായി നിശ്വസിച്ചു. 

" മോളുടെ അമ്മയ്ക്കും അച്ഛനും കാണും അത് പോലത്തെ സ്വപ്ങ്ങൾ ..മോളെ പഠിപ്പിച്ചു നല്ല നിലയിൽ എത്തിക്കണം.  നല്ല ഒരാൾക്ക് കല്യാണം കഴിച്ച്  കൊടുക്കണം ..അവരുടെ മോൾ ഇങ്ങനെ പോയി എന്ന് നാളെ അറിയുമ്പോൾ അല്ലെങ്കിൽ ഇന്ന് അറിയുമ്പോൾ അവരുടെ ചങ്കു പൊട്ടി പോകും 
അസുഖം വല്ല ഉള്ള അപ്പനാണെങ്കിൽ തട്ടിപോകാൻ ദേ ഇത് മതി ...പിന്നെ കരഞ്ഞിട്ട് കാര്യമുണ്ടോ? .."
അന്നയുടെ മുഖത്ത് കരച്ചിൽ  വന്നു മുട്ടി  

"എനിക്ക് വേണമെങ്കിൽ ഇതൊക്കെ പറയാതിരിക്കാം. നല്ല കാശുള്ള   വീട്ടിലെ പൊന്നിൻ കുടം പോലൊരു കൊച്ച് ഇവന് കിട്ടിയ ഭാഗ്യമാ എന്നൊക്കെ വെയ്ക്കാം. പക്ഷെ ഞാൻ ചെയ്യുകേല.  ചെയ്താൽ കർത്താവു പൊറുക്കുകേല.കാരണം പിന്നെ നിന്റെ കണ്ണുനീര് കാണാൻ എനിക്ക് വയ്യ.  നേരും നെറിവുമാ കൊച്ചെ നമുക്ക് വലുത് ..മോള് വല്ലോം കഴിച്ചാരുന്നോ? "

"ഇല്ല "

"എന്ന വാ ഇച്ചിരി കപ്പ പുഴുങ്ങിയതുണ്ട്. ഉണക്ക മീനും. വന്നു കഴിക്ക് . എന്നിട്ടു തിരിച്ചു പൊക്കോ. ഇപ്പൊ ഇതാരും അറിഞ്ഞിട്ടില്ല. ആരും അറിയുകയും വേണ്ട ..ഇവൻ ഒരു പാട് കള്ളം പറഞ്ഞാ മോളെ ഇവിടെ വരെ എത്തിച്ചതെന്ന് എനിക്ക് അറിയാം ഈ പ്രായത്തിൽ  ഇതൊക്കെ സാധാരണയാ  ..പക്ഷെ ഒന്ന് മറക്കല്ല്  അപ്പനും അമ്മയുമാ  കർത്താവു കഴിഞ്ഞാൽ പിന്നെ കൺകണ്ട  ദൈവങ്ങൾ. അവരുടെ  ചങ്കു വേദനിച്ച പിന്നെ എന്ത് കിട്ടിയിട്ടും  കാര്യമില്ല. കൊച്ചു വന്നു ഇച്ചിരി കഴിച്ചേച്ചും വേഗം വീട് പറ്റാൻ നോക്ക്. നല്ല മഴ 
വരുന്നുണ്ട് "ആലീസ് അന്നയുടെ കൈ പിടിച്ചു. 

"എനിക്കും കൂടി "
എബി  അകത്തോട്ട് ..

"നിനക്കില്ല. നീ അവിടെ നിലക്ക്. അവിടെ ..നിനക്കുളളത് കൊച്ചു പോയിട്ടു ഞാൻ തരും "

പോകും മുന്നേ അന്ന  അവന്റ മുന്നിൽ  ചെന്ന് ആ മുഖമടച്ചു ഒന്ന് കൊടുത്തു 

"ഇത് എന്നെ പറ്റിച്ചതിനല്ല  ഈ അമ്മച്ചിയെ പറ്റിക്കുന്നതിനാ.  വല്ല പണിയുമെടുത്തു ജീവിച്ചു കൂടെടാ നിനക്കൊക്കെ?  "

ആലീസ്  കൈ അടിച്ചു പോയി. 

"കലക്കി അപ്പൊ ഞാൻ തരാനുള്ള ട്രോഫി  കിട്ടിയല്ലോ  വീട്ടിൽ കേറി പൊയ്ക്കോ "

അവൾ ആലീസിനെ   നോക്കി ..പിന്നെ കൈ കൂപ്പി
"ക്ഷമിക്കണം എന്നോട്.ഒന്നും പറഞ്ഞു തരാനും സ്നേഹിക്കാനും എനിക്ക് ഒരു അമ്മയില്ലാതെ പോയി. ഇനി ഞാൻ വഴി തെറ്റില്ല  "ആലീസിന്റ കണ്ണ് ഒന്ന് നിറഞ്ഞു. അവർ അവളെ മുഷിഞ്ഞ തന്റെ ദേഹത്തോട് ചേർത്ത് പിടിച്ചു. 

"മോളു   നല്ലോണം പഠിച്ചു  നല്ല ജോലി വാങ്ങിക്ക്.ഈ ഉടായിപ്പ് കല്യാണം മറന്നേച്ചു  അന്തസ്സുള്ള  ഒരുത്തനെ കല്യാണം കഴിക്കു. ഇതൊരു പാഠമായിരിക്കണം  ..നമ്മൾ അവസാനം ചെയ്യുന്ന തെറ്റാണു ജീവിതത്തിലെ ഏറ്റവും വലിയ ശരിയാവുക ..ഇത് നിന്റെ ശരിയാ ..പൊയ്ക്കോ കർത്താവു നല്ലത്  വരുത്തട്ടെ "

കുറച്ചു വർഷങ്ങൾക്കു  ശേഷം 

"അമ്മെ ?"

"ഉം "

"ഞാൻ എഞ്ചിനീയറിംഗ് ഒക്കെ നല്ല മാർക്കോടെ പാസ്സായില്ലെ? 

"ഉം "

"എനിക്ക് ഇപ്പൊ ബാങ്കിൽ  ജോലിയുമായി "

"അയിന്?"

"അല്ല നമ്മൾ വീടൊക്കെ പുതുക്കി പണിതു .."

"നമ്മളല്ല നീ.. "

"സമ്മതിച്ചു. ഞാൻ ..അടുക്കളയിൽ ഗ്യാസൊക്കെ വാങ്ങിച്ചല്ലോ "

ആലീസ്  ചിരി കടിച്ചു പിടിച്ചു. 

"അല്ല കൂട്ടുകാരൊക്കെ ചോദിക്കുന്നു. ഇനി എന്ന കല്യാണമൊക്കെന്നു ?"

ആലീസ്  പൊട്ടിച്ചിരിച്ചു 

"നീ വല്ലോരേം കണ്ടു വെച്ചിട്ടുണ്ടെങ്കിൽ പറ "

"ഇല്ലമ്മേ ..സത്യം അതൊക്കെ എന്നെ നിർത്തി 'അമ്മ അതൊന്നും ഓര്മിപ്പിക്കല്ലേ ...'അമ്മ പറയുന്ന പെണ്ണ് 'അമ്മ പറയുന്ന സമയം 'അമ്മ പറയുന്ന പള്ളി "

"അയ്യടാ ..എന്നാ ഒരു അനുസരണ ...നീ ആ മൊബൈൽ ഇങ്ങു തന്നെ ?"

"അയ്യോ സത്യായിട്ടും ഇതിൽ ഒന്നുമില്ല  അമ്മെ "

"ഇങ്ങോട്ടു താടാ ചെക്കാ "

അവർ ഫോൺ വാങ്ങി ഒരു നമ്പർ ഡയൽ  ചെയ്തു. 

"ന്നാ സംസാരിക്ക് "

"ഹലോ "

"ഹലോ ഓർമ്മയുണ്ടോ? "ഒരു പെൺശബ്ദം 

"ഇല്ല സോറി ഓർക്കുന്നില്ല ആരാ?  "

"പേര് അന്ന .  ..കുറെ വർഷങ്ങൾ മുന്നേ നമ്മൾ  ഒരു   ഉടായിപ്പ് കല്യാണം കഴിച്ചാരുന്നു..."

അവന്റെ നെഞ്ചിൽ ഒരു വിങ്ങൽ വന്നു നിറഞ്ഞു. 

"അമ്മച്ചി എന്നെ മിക്കവാറും വിളിക്കുമായിരുന്നു വിശേഷങ്ങൾ  ഒക്കെ അറിയുന്നുണ്ടായിരുന്നു ..."

"ഞാൻ ..ഞാൻ പേടിച്ചിട്ട...പിന്നെ കോൺടാക്ട് ചെയ്യാതിരുന്നത് " "അവൻ മടിയോടെ പറഞ്ഞു. 

അപ്പുറത്തു പൊട്ടിച്ചിരി 

"ഞാൻ ഇവിടെ ഉണ്ട് കേട്ടോ ..അന്നത്തെ  പോലെ തന്നെ.. അന്ന് വെറുതെ കെട്ടിയത് ആണെങ്കിലും ആ താലി ഇപ്പോളും എന്റെ നെഞ്ചിൽ തന്നെ ഉണ്ട്. "അന്ന ഫോൺ കട്ട് ചെയ്തു. 

അവൻ  അമ്മയെ നോക്കി 

"അവളിപ്പോ മെഡിസിൻ അവസാന വർഷമാണ്  ..ആലോചിക്കട്ടെ? "
അവന്റെ കണ്ണ് നിറഞ്ഞു തൂവി 

"ഞാൻ അമ്മയെ ഒന്ന് കെട്ടിപിടിച്ചോട്ടെ? ". പറഞ്ഞതും അവൻ ആലീസിനെ ഇറുകെ കെട്ടിപ്പിടിച്ചു. 

"ആ കൊച്ചു ഇന്നും കാത്തിരിക്കുവാ കേട്ടോടാ. നല്ല സ്നേഹമുള്ള പെണ്ണാ. നിന്നെ പോലല്ല "

"അതെന്നോടുള്ള സ്നേഹമൊന്നുമല്ല അമ്മെ ...അമ്മയോടുളളതാ .
.എനിക്കറിയാം "അവൻ ഇടർച്ചയോടെ പറഞ്ഞു 

"അല്ലടാ പോത്തേ...അവൾക്കിപ്പോ നിന്നെ ഇഷ്ടാ. വീട്ടുകാരോടും ഞാൻ സംസാരിച്ചു ..കൊച്ചിന്റ പഠിത്തം  തീർന്നാൽ നടത്താം എന്ന്  അവർ ..അത് വരെ കാത്തിരിക്കാമോ നിനക്ക് ?അല്ലെങ്കിലും അവൾ ഉഗ്രൻ പെണ്ണാ.. അവളുടെ ഒറ്റ അടിയിൽ അല്ലെ നീ നന്നായത് അപ്പൊ അവൾ തന്നെ മതി "

അവൻ അമ്മയെ ഒന്ന് കൂടി ഇറുകെ പിടിച്ചു ..ഒരിക്കലും വിടാത്ത പോലെ. ശ്വാസം മുട്ടും പോലെ പിന്നെ ആ കവിളിൽ അമർത്തി ഉമ്മ വെച്ചു ...

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot