നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

കോവിഡ് 19 - A Strange Experience - Lincy Varkey, London

Image may contain: Lincy Varkey, smiling
*ഏപ്രിൽ 26 - ന് ലിൻസി വർക്കി നല്ലെഴുത്തിൽ എഴുതിയ കുറിപ്പിന്റെ പൂർണ്ണരൂപം.*
പ്രിയപ്പെട്ടവരേ,
കോവിഡ് 19 എന്ന മാരക പകർച്ചവ്യാധിയിൽ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുന്ന ഒരാളെന്ന നിലയിൽ നിങ്ങളോട് ചില കാര്യങ്ങൾ പങ്കു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
എന്റെ കൊറോണ കവിത (???) കണ്ട് ഇന്ന് ദുബായിലുള്ള ഒരു സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹം കൂടെ ജോലി ചെയ്യുന്നവരോടൊപ്പമായിരുന്നു താമസിച്ചുകൊണ്ടിരുന്നത്. കോവിഡ് പോസിറ്റീവ് ആയി. റിസൾട്ട് വന്നപ്പോൾ ഹോട്ടലിലേയ്ക്ക് മാറ്റി. ഒരു ഹോട്ടൽ മുറിയിൽ തനിച്ചാണ്. എന്താണ് ചെയ്യേണ്ടത് എന്നറിയില്ല എന്നു പറഞ്ഞു. അങ്ങനെയുള്ള പലർക്കും വേണ്ടി എന്റെ ചെറിയ അറിവുകൾ പങ്കുവയ്ക്കുന്നു.
ആദ്യം ഞാൻ ഞങ്ങൾക്കുണ്ടായ രോഗലക്ഷണങ്ങൾ പറയാം. പിന്നെ ഞങ്ങൾ എങ്ങനെ മാനേജ് ചെയ്തു എന്നും.
ഹസ്ബന്റിനാണ് ആദ്യം പനി തുടങ്ങിയത്. പനി തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് തന്നെ മുഖവും ചുണ്ടുമൊക്കെ കരുവാളിച്ചു. പക്ഷെ ആൾക്ക് അപ്പോഴും വലിയ ക്ഷീണം തോന്നിത്തുടങ്ങിയിരുന്നില്ല. ഞാൻ ഐ സി യു നേഴ്സ് ആയതിനാലാവാം അദ്ദേഹത്തിന്റെ മാറ്റം പെട്ടെന്നുതന്നെ എന്റെ ശ്രദ്ധയിൽ പെട്ടു. റെസ്റ്റ് എടുക്കാൻ നിർബന്ധിച്ചു. അദ്ദേഹത്തിന് പനി ശക്തമായിരുന്നില്ല. പക്ഷെ ദേഹത്തു വേദനയും തലവേദയും അതിഭയങ്കരമായിരുന്നു. ടെസ്റ്റ് റിസൾട്ട് പോസിറ്റീവ് വന്നു.
അദ്ദേഹത്തിന് കോവിഡ് ഐ സി യു വിലായിരുന്നു ഡ്യൂട്ടി. ജോലി കഴിഞ്ഞു വരുമ്പോൾ കുളിച്ചിട്ടല്ലാതെ ഒരിടത്തും പ്രവേശിച്ചിരുന്നില്ല. ഇട്ടുകൊണ്ടുപോകുന്ന ഡ്രെസ്സും മറ്റും പ്ലാസ്റ്റിക് കവറിൽ കെട്ടി വേറെ മാറ്റി വയ്ക്കും. ഹാൻഡ് ടവൽ, ബാത്ത് ടവൽ, കപ്പ്, പ്ലേറ്റ് എന്നിങ്ങനെ എല്ലാം വേറെയായിരുന്നു. എന്നിട്ടും രണ്ടാം പക്കം എന്നെ പനിച്ചു.
1g പാരസെറ്റമോൾ 6 മണിക്കൂർ ഇന്റർവെലിൽ കൃത്യമായി എടുത്തിട്ടും എനിക്ക് 104 ഡിഗ്രിയിൽ നിന്നും പനി താഴുന്നുണ്ടായിരുന്നില്ല. രണ്ടു പേർക്കും നല്ല പനി ഉണ്ടായിരുന്നിട്ടും തമ്മിൽ ഭേദം ചേട്ടനായിരുന്നതുകൊണ്ട് അദ്ദേഹം ചെറുചൂട് വെള്ളത്തിൽ എന്നെ തുടച്ചു കൊണ്ടിരുന്നു. നാലഞ്ചു ദിവസം നന്നായി പനിച്ചു. പിന്നെ പനി കുറഞ്ഞു തുടങ്ങി. ടെസ്റ്റ് റിസൾട്ട് ഒരാഴ്ച കഴിഞ്ഞാണ് വന്നത്. അപ്പോഴേയ്ക്കും വലിയ പനി കുറഞ്ഞിരുന്നു.
ഭയങ്കരമായ ദേഹത്ത് വേദനയും തലവേദനയും മനംപിരട്ടലും തൊണ്ടവേദനയുമൊക്കെ പനിയോടൊപ്പം ഉണ്ടായിരുന്നു. പിന്നെ എപ്പോഴോ ചുമ തുടങ്ങി. കൂടെ ശ്വാസം മുട്ടലും. മണം പൂർണ്ണമായും നഷ്ടപ്പെട്ടു. ഉണക്കമീൻ വറുത്താൽ പോലും മണം കിട്ടില്ലായിരുന്നു.
ഞാൻ ആസ്ത്മാറ്റിക് ആയതുകൊണ്ട് റെസ്ക്യൂ പാക്ക് തന്നിട്ടുണ്ടായിരുന്നു. അതിൽ നിന്നും അസിത്രോമൈസിൻ 4 ദിവസം എടുത്തു.
ഇടയ്ക്കു ചുമയും ശ്വാസം മുട്ടലും കൂടിയെങ്കിലും പീക്ക് ഫ്‌ളോ ഡ്രോപ് ആയെങ്കിലും പലരുടെയും പ്രാർത്ഥനയുടെ ഫലമാവാം പെട്ടെന്ന് തന്നെ അത് മാറി.
എനിക്കു പനി തുടങ്ങിയതിന്റെ പിറ്റേന്ന് മോനെയും (13 വയസ്സ്)മോളെയും( 9 വയസ്സ് )പനിച്ചു തുടങ്ങി. മോൾക്ക് ചെറിയ പനി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വേറെ പ്രശ്നങ്ങളൊന്നും കൂടാതെ രണ്ടു ദിവസം കഴിഞ്ഞ് അവളുടെ പനി മാറി.
മോന് പനി തുടങ്ങുന്നതിനു രണ്ടു ദിവസം മുൻപ് തന്നെ മുഖവും ചുണ്ടും കരുവാളിച്ചിരുന്നു. അതു കണ്ടപ്പോൾ അവനും രോഗം തുടങ്ങി എന്ന് ഞങ്ങൾക്ക് മനസ്സിലായി. രണ്ടു ദിവസം കഴിഞ്ഞപ്പോൾ കഫക്കെട്ട് തുടങ്ങി. കഫത്തിന്റെ നിറം ആദ്യം പച്ചയും പിന്നെ മഞ്ഞയും അതുകഴിഞ്ഞ് മണ്ണുകലർത്തിയ നിറവും ആയി. പാരസെറ്റമോൾ കൊടുക്കുമ്പോൾ പനി കുറയുന്നുണ്ടായിരുന്നു. ഡോക്ടറെ വിളിച്ചപ്പോൾ ഡബിൾ ഡോസ് അമോക്സിസിലിന് 1gm മൂന്നു നേരം സ്റ്റാർട്ട് ചെയ്തു. അത് ഏഴു ദിവസം കൊടുത്തിട്ടും കഫത്തിന്റെ നിറം മാറിയില്ല. ഹോസ്പിറ്റലിൽ കൊണ്ട് പോയി. അസിത്രോമൈസിൻ 500mg മൂന്നു ദിവസത്തേയ്ക്ക് കൊടുത്തു. ഇപ്പോൾ കഫം കുറഞ്ഞു. നിറവും മാറിവരുന്നു.
ഇപ്പോൾ എല്ലാവരും ഏകദേശം സെറ്റിൽ ആയി. മണവും രുചിയുമൊക്കെ തിരിച്ചു വന്നു. നല്ല ചുമയും തലവേദനയും ഒക്കെയുണ്ട്. അതു മാറാൻ സമയമെടുക്കുമത്രേ.
ഞങ്ങൾ വീട്ടിൽ തന്നെ ഐസൊലേഷനിൽ ആയിരുന്നു. എനിക്കും മോനും വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ പോയി. പക്ഷെ അഡ്മിറ്റ് ചെയ്തില്ല.
ആദ്യദിവസങ്ങളിൽ കൂട്ടുകാരൊക്കെ ഭക്ഷണം കൊണ്ടുവന്നു തന്നു. (അവർ വീടിനു വെളിയിൽ കൊണ്ടുവന്നു വച്ചു. അവർ പോയപ്പോൾ ഞങ്ങൾ ഇറങ്ങി എടുത്തു). കുറച്ചു ബെറ്റർ ആയപ്പോൾ കഞ്ഞിയും ചമ്മന്തിയും ഉണക്കമീൻ വറുത്തതു മൊക്കെ ചേട്ടൻ ഉണ്ടാക്കിത്തന്നു.
ഇനി ഞങ്ങൾ എങ്ങനെ ഈ രോഗത്തെ അതിജീവിച്ചു എന്ന് പറയാം.
1 - ആദ്യം തന്നെ രോഗം വരുന്നുണ്ട് എന്ന് മനസ്സിലാക്കി.
2 - നന്നായി റെസ്റ്റ് എടുത്തു.
3 - പ്രോഫ്യലാറ്റിക് ആയി ആന്റിബിയോട്ടിക്‌സ് എടുത്തു.
4- കൃത്യമായ ഇടവേളകളിൽ പാരസെറ്റമോൾ എടുത്തു.
5 - മഞ്ഞളും ഇഞ്ചിയും കുരുമുളകും തേനും വൈറ്റമിൻ സി കൂടുതലുള്ള ഓറഞ്ചും ചെറുനാരങ്ങായുമൊക്കെ ധാരാളം കഴിച്ചു.
6 - വൈറ്റമിൻ ഡി, മൾട്ടി വൈറ്റമിൻ ഗുളികകൾ കഴിച്ചു.
7- ധാരാളം വെള്ളം കുടിച്ചു (ചൂടുവെള്ളത്തിൽ ചെറുനാരങ്ങ മുറിച്ചിട്ട്, ഇഞ്ചിയും കുരുമുളകുപൊടിയും മഞ്ഞൾ പൊടിയും തേനോ അൽപ്പം ഉപ്പോ ചേർത്ത്)
8 - ഞാനും മോനും ശ്വാസം മുട്ടൽ വന്നപ്പോൾ സാധാരണ എടുക്കുന്ന മറ്റ് ഇൻഹേലറുകളുടെ ഒപ്പം ബ്ലൂ ഇൻഹേലർ( സാൽബ്യുട്ടമോൾ) കൃത്യമായ ഇടവേളകളിൽ എടുത്തു.
9 - മോന്റെ പ്രിവന്റീവ് ഇൻഹേലർ 2 പഫ്‌സ് എന്നുള്ളത് നാലാക്കി കൂട്ടി.
10 - ഓക്സിജൻ ലെവൽ ചെക്ക് ചെയ്യാൻ വേണ്ടി നിർത്താതെ ഒന്നുമുതൽ 30 വരെ ശ്വാസം വിടാതെ നിർത്തി നിർത്തി എണ്ണാൻ പറ്റുന്നുണ്ടോ എന്ന് നോക്കി. പത്തു വരെ പോലും എണ്ണാൻ പറ്റുന്നില്ലെങ്കിൽ പെട്ടെന്നു തന്നെ ഹോസ്പിറ്റലിൽ പോകണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു.
11 - ഞാൻ ജോലി ചെയ്യുന്ന ഹോസ്പിറ്റലിലെ ഡോക്ടർ കാണിച്ചു തന്ന ബ്രീതിങ് എക്സർസൈസ് ദിവസവും രണ്ടു നേരം ചെയ്തു. ഇപ്പോഴും ചെയ്യുന്നു.
( ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് അഞ്ചു സെക്കന്റ് ഹോൾഡ് ചെയ്യുക. പിന്നെ വെളിയിലേയ്ക്കു വിടുക. അങ്ങനെ അഞ്ചു തവണ ചെയ്യുക. ആറാമത്തെ തവണ ശ്വാസം ഉള്ളിലേയ്ക്ക് വലിച്ച് അഞ്ചു സെക്കന്റ് ഹോൾഡ് ചെയ്തതിനു ശേഷം നന്നായി ചുമയ്ക്കുക. ചുമയ്ക്കുമ്പോൾ ടിഷ്യു വച്ചോ തൂവാല വച്ചോ മുഖം കവർ ചെയ്യാൻ ശ്രദ്ധിക്കണം. ഇങ്ങനെ രണ്ടു പ്രാവശ്യം ചെയ്തതിനു ശേഷം പത്തു മിനിറ്റ് നേരം കമിഴ്ന്നു കിടന്നു കൊണ്ട് ശ്വാസം വലിച്ചു വിടുക)
12 - ഒറ്റക്കിടപ്പ് കിടക്കാതിരിക്കാൻ ശ്രദ്ധിച്ചു. കഴിവതും നടക്കാൻ ശ്രമിച്ചു . എപ്പോഴും കിടന്നാൽ കാലിൽ രക്തം കട്ടപിടിക്കാനും അത് ശ്വാസകോശത്തിലേയ്ക്കും ഹൃദയത്തിലേയ്ക്കും തലച്ചോറിലേയ്ക്കും വൃക്കകളിലേയ്ക്കുമൊക്കെ ഒഴുകി ബ്ലോക്ക് ഉണ്ടാകാനും സാധ്യത വളരെ കൂടുതലാണ്. അത് പെട്ടെന്നുള്ള മരണത്തിനു കാരണമാകാം.
13- എല്ലാ ന്യൂസ്‌ ചാനൽസും സോഷ്യൽ മീഡിയയും അവോയ്ഡ് ചെയ്തു.
14- നല്ലതു മാത്രം സംഭവിക്കുമെന്നു വിശ്വസിച്ചു.
15- നമ്മൾക്കും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിച്ചു.

ലിൻസി വർക്കി

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot