Slider

അങ്ങനെയൊരു കൊറോണക്കാലത്ത്‌.. (ഒരു രോഗാനുഭവം)

0


ഏപ്രിൽ ഏഴാം തീയ്യതി പനി കൂടുതലായി‌ ഡോകടറെ കാണാൻ പോയ കൂടെ ജോലി ചെയ്യുന്ന, തൊട്ടടുത്ത മുറിയിലെ സുഹൃത്തിനോട്‌ ഡോക്ടർ ടെസ്റ്റ്‌ റിസൽട്ട്‌ വരുന്നത്‌ വരെ ഐസൊലേഷനിൽ നിൽക്കാൻ പറയുന്നു. ആ സമയം എന്റെ മുറിയിൽ ഞാൻ മാത്രമായതിനാൽ ഞാൻ എന്റെ മുറിയിൽ നിന്ന് അടുത്ത മുറിയിലേക്ക്‌ മാറുന്നു.
അങ്ങനെ നിൽക്കുന്ന മൂന്നാം ദിവസം ജോലിക്കിടയിൽ പേടിയോടെ കാത്തിരുന്ന ആ വാർത്ത വരുന്നു. ഓഫീസിലുള്ള വേറൊരാൾക്ക്‌ ടെസ്റ്റ്‌ റിസൽട്ട്‌ പോസിറ്റീവ്‌ ആണെന്നും അത്‌ കൊണ്ട്‌ അയാളുമായി സമ്പർക്കത്തിലായ മുഴുവനാളുകളോടും ഐസൊലേഷനിലേക്ക്‌ മാറാനും നിർദ്ദേശം വന്നതിനാൽ ഉച്ചയോടെ റൂമിലേക്ക്‌ മടങ്ങി. റൂമിലെത്തി ഏറെ വൈകും മുന്നെ അടുത്ത വാർത്തയും വന്നു. റൂമിൽ നിൽക്കുന്ന ആൾക്കും പോസിറ്റീവ്‌ ‌ ആണെന്ന്. മൂവായിരത്തിലധികം ആളുകളുള്ള ആ ലേബർക്യാമ്പിലെ ആദ്യപോസിറ്റീവ്‌ കേസ്‌ എന്ന നിലയിൽ കൂടുതൽ പേരിലേക്ക്‌ പടരാതിരിക്കാൻ ഇയാളെ ക്യാമ്പിൽ തന്നെയുള്ള മറ്റൊരു മുറിയിലേക്ക്‌ മാറ്റാനും സമ്പർക്കത്തിലുള്ള ഞങ്ങളോട്‌ ക്യാമ്പ്‌ മാറാൻ റെഡി ആയിരിക്കാനും കമ്പനി നിർദ്ദേശം തന്നു.
അങ്ങനെ പിറ്റേന്ന് വെള്ളിയാഴ്‌ച രാത്രിയോട്‌ കൂടി കമ്പനി ഞങ്ങളെ ഒരു‌ ഹോട്ടലിലെ പ്രത്യേകം മുറികളിലേക്ക്‌ മാറ്റി.
ഏറ്റവും മെച്ചപ്പെട്ട മുറി,മൂന്ന് നേരം ഭക്ഷണം, വെള്ളം, ആവശ്യത്തിനുള്ള മരുന്നുകൾ, ഫ്രൂട്ട്സ്‌ ഉൾപ്പെടെ എല്ലാ കാര്യങ്ങളും ചെയ്ത്‌ തന്ന ഞങ്ങളുടെ കമ്പനി അധികാരികളോട്‌ ആണു എന്റെ ആദ്യത്തെ നന്ദി.

അയാളുടെ മുറിയിൽ ഒന്നിച്ചുണ്ടായിരുന്ന രണ്ട്‌ പേരുടെ പനിയും അവരുമായിട്ടുള്ള എന്റെ ഇടപെടലുകളും കാരണം ഞാനും ഏത്‌ സമയത്തും ഇത്‌ വന്നേക്കാം എന്ന പ്രതീക്ഷയിൽ തന്നെ ആയിരുന്നു. അത് കൊണ്ട്‌ തന്നെ അതിനുള്ള പ്രതിവിധികൾ തുടങ്ങുകയും ചെയ്തിരുന്നു.
തണുത്തതും ചൂടാക്കി ആറാത്തതുമായ വെള്ളം പൂർണ്ണമായും ഒഴിവാക്കി,ചെറുനാരങ്ങയും ഇഞ്ചിയും ചതച്ച ചൂടുവെള്ളവും, തൊണ്ട ആറാൻ അനുവദിക്കാത്ത വിധത്തിലുള്ള ചൂട്‌വെള്ളം കുടിയും, അതിനു പുറമെ ഉപ്പ്‌വെള്ളം കൊണ്ട്‌ ഗാർഗിൽ ഉൾപ്പെടെയുള്ള എന്റെ എല്ലാ പ്രതിരോധക്കോട്ടകളെയും തകർത്ത്‌ അവൻ എന്നെയും തേടിയെത്തി.

ഹോട്ടലിലെത്തി മൂന്നാം ദിവസം ഉച്ചഭക്ഷണം കഴിച്ച്‌ കിടന്ന എനിക്ക്‌ അസാധ്യമായ വിറയലോടുള്ള പനിയും, തലവേദനയും ആയിരുന്നു ആദ്യലക്ഷണം. ഹോട്ടലിലെ ബ്ലാങ്കറ്റിനു പുറമെ കൊണ്ടുപോയ കട്ടിയുള്ള പുതപ്പ്‌ കൊണ്ട്‌ മൂടിയിട്ടും രാത്രി മുഴുവൻ ശക്തമായ പനിയും വിറയലും കാരണം ഒരു മിനുട്ട്‌ പോലും ഉറങ്ങാൻ പറ്റാതെ ആ രാത്രി കഴിഞ്ഞു. പുലർച്ചെ ഞാൻ ദുബായ്‌ ഹെൽത്ത്‌ അതോറിറ്റി അധികൃതരുമായി ബന്ധപ്പെട്ടു. അവർ കാര്യങ്ങൾ വിശദമായി അന്വേഷിച്ച്‌ ആദ്യം പനിക്കുള്ള ട്രീറ്റ്‌മന്റ്‌ എടുക്കാൻ നിർദ്ദേശിച്ചു.
അവരുടെ നിർദ്ദേശപ്രകാരം അടുത്തുള്ള ഒരു ക്ലിനിക്കിൽ പോയി. എന്റെ ടെമ്പറേച്ചർ കണ്ട ഉടനെ അവർ എന്നെ ഐസൊലേഷൻ റൂമിലേക്ക്‌ മാറ്റി, മരുന്നും മറ്റ്‌ കാര്യങ്ങളും അവിടെ തന്നെ ചെയ്ത്‌ തന്ന് വേഗം റൂമിൽ പോയി വിശ്രമിക്കാനും എത്രയും പെട്ടെന്ന് കോവിഡ്‌ ടെസ്റ്റ്‌ ചെയ്യാനും നിർദ്ദേശം നൽകി പറഞ്ഞയച്ചു.
അപ്പോഴേക്കും കൂടെ വന്നവരിൽ രണ്ട്‌ പേർക്ക്‌ കൂടി പോസിറ്റീവ്‌ റിസൽട്ട്‌ വന്നു.

രണ്ട്‌ കാര്യങ്ങളാണു ഞാൻ ആദ്യം ചെയ്തത്‌.
ഒന്ന്, റൂം ക്ലീൻ ചെയ്യാൻ വരുന്നവരോട്‌ 'റൂമിലേക്ക്‌ വരണ്ട' എന്നും കാര്യങ്ങൾ സ്വയം ചെയ്തോളാമെന്നും പറഞ്ഞു.
രണ്ടാമത് ‌‌ ഹൗസിംഗ്‌ ലോണിനു മോറട്ടോറിയം വേണമെന്ന് ആവശ്യപ്പെടുകയും, ആപൈസ കൊണ്ട്‌ ഒന്ന് രണ്ട്‌ അടവ്‌ തെറ്റിയ എൽ ഐ സി പോളിസികൾ എന്റെ പഴയ ഡി ഒ സാറിനെ വിളിച്ച്‌ അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക്‌ പണം മാറ്റിക്കൊടുത്ത്‌ അതൊക്കെ കൃത്യമാക്കി.
എന്റെ ഒഴിവിലും എന്റെ മക്കളുടെ നിറഞ്ഞ പുഞ്ചിരി കാണമെന്ന് എനിക്ക്‌ ആഗ്രഹമുണ്ട്‌.
മക്കളുടെ പുഞ്ചിരിയിലൂടെ ജീവിക്കാൻ ആഗ്രഹിക്കുന്നവരോടും എന്റെ ഒരു എളിയ അപേക്ഷ കൂടിയാണിത്‌.

ഏറെ ബുദ്ധിമുട്ടേറിയ ഒരാഴ്ചക്കാലമായിരുന്നു അത്‌. രണ്ട്‌ വീതം പെനഡോളുകളും പത്ത്‌ ദിവസത്തേക്ക്‌ നൽകിയ ആന്റിബയോട്ടിക്‌ ടാബ്ലറ്റുകളും ഒരു ഭാഗത്ത്‌ . മറുഭാഗത്ത്‌ പെനഡോളിന്റെ ശക്തി കുറയുന്ന മുറക്ക്‌ തിരിച്ച്‌ വന്നുകൊണ്ടിരിക്കുന്ന പനിയും തലവേദനയും. അകമ്പടിയായി ഇടതടവില്ലാത്ത വയറിളക്കവും തൊണ്ടവേദനയും. ഒപ്പം തന്നെ നാരങ്ങനീർ ചൂട്‌വെള്ളത്തിൽ പിഴിഞ്ഞത്‌ ആറാതെ കുടിച്ചതിന്റെയൊ എന്തോ കാരണത്താൽ വായ്പുണ്ണും.
കഴിക്കുന്ന ഭക്ഷണത്തിന്റെ മണമെന്താ, രുചിയെന്താ എന്ന് തിരിച്ചറിയാൻ പറ്റാത്ത സ്ഥിതി.
ഇടതടവില്ലാതെ ചൂടുവെള്ളം കുടിയും,ചെറുനാരങ്ങയും 'വിറ്റമിൻ സി 1000' ടാബ്ലറ്റും ദിവസവും ഒന്ന് വീതം കഴിച്ചും, ഹോട്ടലിൽ ചെറിയ വാട്ടർ കെറ്റിലിൽ ഇടക്കിടെ ആവി പിടിപ്പിച്ചും ‌ ഒരു അടി അടിക്കുന്ന കൊറോണയെ
‌ രണ്ടെണ്ണം അങ്ങോട്ട്‌ തിരിച്ച്‌ കൊടുത്ത്‌ മത്സരിച്ച്‌ നിന്ന ആ ഒരാഴ്ചക്കാലം ആകെ കൈമുതലായി ഉണ്ടായത്‌ 'തോൽക്കില്ല' എന്ന ചിന്ത മാത്രമായിരുന്നു.

ബാച്ചിലർ പ്രവാസികൾക്ക്‌ ഇതൊന്നും വീട്ടുകാരെ അറിയിക്കാതെ കൊണ്ടു പോകുക എന്നതാണു മറ്റൊരു ശീലം. മറ്റുള്ളവർക്ക്‌ ഉള്ളത്‌ കൊണ്ടാണു ഹോട്ടലിലേക്ക്‌ മാറ്റിയതെന്ന് കളവ്‌ പറഞ്ഞ്‌ രാവിലെയും വൈകുന്നേരവും അമ്മയെ വിളിച്ച്‌ സമാധാനിപ്പിച്ചും, ഹോട്ടൽ വൈ ഫൈയും വെറുതെ ഇരിക്കുകയുമാണെന്ന ധാരണയിൽ മക്കളിൽ ആർക്ക്‌ തോന്നുമ്പോൾ അവരും, ഭാര്യക്ക്‌ തോന്നുമ്പോൾ അവളും വയറിളക്കമൊ മറ്റ്‌ അസ്വസ്ഥതകളൊ തോന്നാത്തപ്പോൾ അങ്ങോട്ടേക്കുള്ള എന്റെ വിളികളുമായി ഒരുഭാഗത്ത്‌ അവരൊന്നും അറിയാതിരിക്കാനുള്ള അഭിനയവും പൊടിപൊടിച്ചു.
കൊറോണക്കെന്ത്‌ സൗന്ദര്യപ്പിണക്കം. പരമാവധി ഞാൻ അതിനു ശ്രമിച്ച്‌ നോക്കിയെങ്കിലും രാത്രിയും പുലർച്ചയും ഒക്കെ ഓൺലൈനിൽ കാണുന്നതിനുള്ള വഴക്കുമായി സൗന്ദര്യപ്പിണക്കം അത്‌ വേറെയായി മറ്റൊരു വഴിക്കും.

ഏറെ കാഠിന്യമേറിയ ആ ഒരാഴ്ച അവസാനിച്ചു. അത്‌ കഴിഞ്ഞ്‌ ഏപ്രിൽ പതിനേഴാം തീയ്യതി രാത്രി പന്ത്രണ്ട്‌ മണിക്ക്,‌ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ വൈകുന്നേരം നാലുമണി മുതലുള്ള കാത്തിരിപ്പിനൊടുവിൽ ആദ്യസാമ്പിൾ ടെസ്റ്റിനു എടുത്തു. ഒരാഴ്ചക്ക്‌ ശേഷം പ്രതീക്ഷിച്ച റിസൽട്ട്‌ തന്നെ വന്നു.
അത്‌ കഴിഞ്ഞുള്ള ദിവസങ്ങളും ഏറെ പ്രയാസകരമായിരുന്നു.
അത്‌ പക്ഷെ ആരോഗ്യകരമായല്ല മാനസികമായിട്ടായിരുന്നു.

അല്ലെങ്കിൽ തന്നെ പ്രവാസം എന്നത്‌ 'ബന്ധങ്ങളിൽ നിന്നുള്ള ഒറ്റപ്പെടൽ' എന്നാണു അർത്ഥം. അത്‌ കൂടുതൽ ദുഷ്കരമാക്കി പിന്നീടുള്ള ദിവസങ്ങൾ. കവി പാടിയത്‌ പോലെ "ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ".
രാത്രിയോ പകലോ എന്നറിയാത്ത ഉറക്കം, ദിവസമോ ആഴ്ചയോ മാറുന്നതറിയാതെ, പത്ത്‌ ചുവട്‌ മുഴുവനായും നടക്കാനില്ലാത്ത മുറിയിൽ, ശുദ്ധവായുവോ സൂര്യന്റെ വെളിച്ചമോ തട്ടാത്ത ദിവസങ്ങൾ.

അതിനിടയിൽ ഒരു ദിവസം ഉച്ചസമയത്ത്‌ കുളിക്കുന്നതിനിടയിൽ വല്ലാത്ത കിതപ്പ്‌ അനുഭവപ്പെടുന്ന സ്ഥിതി ഉണ്ടായി.
ഉടൻ തന്നെ കൊറോണ വന്ന് നെഗറ്റീവായ സുഹൃത്തും നേഴ്സുമായ ശ്രീമതി ലിൻസി വർക്കിയെ Lincy Varkey വിളിച്ച്‌ കാര്യങ്ങൾ സംസാരിക്കുകയും അവരുടെ നിർദ്ദേശപ്രകാരം ചില 'ബ്രീത്തിംഗ്‌ എക്സൈസുകളിലൂടെ' വലിയ ശ്വാസതടസ്സപ്രശ്നങ്ങളില്ലെന്ന് മനസ്സിലാക്കിയെങ്കിലും ആ എക്സൈസുകൾ തുടരുകയും ചെയ്തു.
എങ്കിലും പൂർണ്ണമായും ഒറ്റപ്പെട്ട ആ ദിവസങ്ങൾ എന്റെ മാനസികനിലയെ കാര്യമായി ബാധിക്കുന്ന രീതിയിലേക്ക്‌ എത്തി എന്നതാണു സത്യം.
ആ ചെറിയ ഒറ്റ മുറിയിൽ അങ്ങനെ മാറിപ്പോകാതിരിക്കാൻ ഒരു പരിധി വരെ സഹായിച്ചത്‌ ഈ നവമാധ്യമങ്ങളാണു. ടിക്‌ ടോക്കും ഫേസ്‌ ബുക്കും.
പുലർച്ചെ മൂന്ന് മണിക്കൊക്കെ ആയിരുന്നു ടിക്‌ ടോക്‌ പരീക്ഷണങ്ങൾ. അത്‌ പോലെ ഒരിക്കലും മറക്കാനാവാത്ത രീതിയിൽ ആ സമയത്തും പ്രാർത്ഥനയും സുഖാന്വേഷണങ്ങളുമായി കൂട്ടിരുന്ന ഒരുപാട്‌ സൗഹൃദങ്ങൾ, ഇങ്ങനെ ഒരു മാനസിക നിലയിലല്ലെന്ന് അറിയാതെ ഇങ്ങോട്ട്‌ പ്രതികരിച്ച്‌ വലിയ വഴക്കിട്ട്‌ ഒഴിവാക്കി പോയ സൗഹൃദങ്ങൾ... അങ്ങനെ എല്ലാവരോടുമായി ഏറെ നന്ദിയുണ്ട്‌ ആ ദിവസങ്ങളെ അതി ജീവിക്കാൻ സഹായിച്ചതിനു.

ഒരു പ്രാവശ്യം ടെസ്റ്റ്‌ ചെയ്യാൻ എല്ലാ സുരക്ഷയോടും കൂടി പുറത്ത്‌ പോകാൻ അനുവദിച്ചു എന്നതൊഴിച്ചാൽ
ഏകദേശം മുപ്പത്തഞ്ച്‌ ദിവസം കൊറോണ വിധിച്ച ‌ഏകാന്തജയിൽ ജീവിതം കൂടി അനുഭവിക്കേണ്ടി വന്നു.
എന്നും പോസിറ്റീവ്‌ ആയിരിക്കാൻ ആഗ്രഹിക്കുന്ന ഞാൻ അങ്ങനെ ആദ്യമായി നെഗറ്റീവിനും എത്രയും പെട്ടെന്ന് പുറത്തിറങ്ങാനും കൊതിക്കാൻ തുടങ്ങി.
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒടുവിൽ‌ ഈ മാസം ഇരുപതാം തീയ്യതി ആ അജ്ഞാതവാസം അവസാനിപ്പിച്ച്‌ വലിയ കേടുകളൊന്നും സംഭവിക്കാതെ ഞങ്ങൾ ക്യാമ്പിലെ സ്വന്തം മുറികളിലേക്ക്‌ മടങ്ങി. ഇന്നലെ ഇരുപത്തെട്ടാം തീയ്യതി മുതൽ നീണ്ട അവധിക്ക്‌ ശേഷം ജോലിക്കും പോയി തുടങ്ങിയ സന്തോഷം നിങ്ങളുമായി പങ്ക്‌ വെക്കുകയാണു.

ഒരു അനുഭസ്ഥൻ എന്ന നിലക്ക്‌ എനിക്ക്‌ പറയാനുള്ളത്‌ 'ഭയപ്പെടാൻ പാടില്ല. ധൈര്യത്തോടെ നേരിടുക. ഭയപ്പെട്ടാൽ നിങ്ങൾ ഇതിനു കീഴ്പ്പെട്ടേക്കാം.
ഭയം കൊണ്ട്‌ പലരും മരണപ്പെട്ടിട്ടുണ്ട്‌ എന്നാണു മനസ്സിലാക്കാൻ സാധിച്ചിട്ടുള്ളത്‌. മറ്റ്‌ വലിയ അസുഖങ്ങളൊന്നുമില്ലാത്തവരെ ഒരിക്കലും കൊറോണക്ക്‌ കീഴ്പ്പെടുത്താൻ സാധ്യമല്ല എന്നത്‌ നമുക്കെല്ലാവർക്കും മനസ്സിലായ കാര്യമാണു.
മറ്റൊന്ന് ഇത്‌ കാരണം നമുക്ക്‌ കുറച്ച്‌ അസ്വസ്ഥതകൾ അനുഭവിക്കേണ്ടി വന്നാലും മറ്റൊരാൾക്ക്‌ പകരുന്ന വിധത്തിൽ നാം പുറത്തിറങ്ങില്ല എന്ന് കൂടി നാം തീരുമാനിക്കണം.
അത്‌ പോലെ ഏതൊരിക്കലും മരണത്തെ പ്രതീക്ഷിക്കരുത്‌ വരുമ്പോൾ കാണാം എന്ന് മാത്രം കരുതി അതിന്റെ തൊട്ട്‌ മുന്നിലെ നിമിഷവും നല്ലതിനേക്കുറിച്ച്‌ ചിന്തിക്കുകയും നന്മ ആഗ്രഹിക്കുന്ന മനസ്സുമായി ജീവിക്കുക.

ചിറകിനു മുറിവേറ്റ വവ്വാലുകളേ പോലെ സ്വയം നക്കി നനച്ച്‌ ചിറകുകളെ ബലപ്പെടുത്തി രോഗബാധിതരായ എല്ലാവർക്കും വീണ്ടും പ്രതീക്ഷയുടെ ആകാശത്ത്‌ പറന്നുയരാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

മനുഷ്യന്റെ പരിമിതികൾ എന്താണെന്ന് മനുഷ്യനെ പഠിപ്പിച്ച കൊറോണക്കാലം.
അഹങ്കാരവും പണവും അധികാരങ്ങളും എന്തും വെട്ടിപ്പിടിക്കാനുള്ള ത്വരയെയും മുട്ടുകുത്തിച്ചു ഈ ഒരു ചെറിയ വൈറസ്‌.
ഈ മഹാമാരിയിൽ നിന്നും ലോകം എത്രയും പെട്ടെന്ന് രക്ഷ പ്രാപിക്കട്ടെ.
ഈ ദുരിതകാലത്തെ അതിജീവിക്കാനാവാതെ ജീവൻ നഷ്ടപ്പെട്ട നിർഭാഗ്യരായ എല്ലാ മനുഷ്യർക്കും എന്റെ ശ്രദ്ധാഞ്ജലി.

✍️ഷാജി എരുവട്ടി..

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness