Slider

കുഞ്ഞുമാലാഖ

0
Image may contain: 2 people
അമൃത ഹോസ്പിറ്റലിൽ ബി എം റ്റി(ബോൺമാരോ ട്രാൻസ്‌പ്ലാന്റെഷൻ ) യൂണിറ്റിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയപൂർവം കഴിഞ്ഞുവെങ്കിലും ഇനിയുള്ള ദിവസങ്ങൾ എത്രത്തോളം അപകടം നിറഞ്ഞതാണെന്ന് എനിക്കും അതിലേറെ ഹരിയേട്ടനും അറിയുന്നതിനാലാവും ആ വിഷയത്തെ കുറിച്ച് അധികം സംസാരിക്കാൻ ഞങ്ങൾ മുതിരാഞ്ഞത്.
എപ്പോൾ വേണമെങ്കിലും കൊണ്ട് പോകാൻ വരാവുന്ന അതിഥിയെ കാത്ത് ജീവിതത്തിന്റെ നൂൽപ്പാലത്തിൽ അങ്ങനെ നിൽക്കുമ്പോൾ മരുന്നുകളുടെ ശക്തിയിൽ എന്റെ ശരീരം ക്ഷയിച്ചു കൊണ്ടിരിക്കുന്നതു വേദനയോടെ ഞങ്ങൾ അറിഞ്ഞു.
നാവുയർത്തി ഹരിയേട്ടനെ ഒന്ന് വിളിക്കാൻ കഴിയാത്തതിന്റെ കണ്ണുനീരിൽ എന്റെ തൊണ്ടക്കുഴി ഉപ്പുരസം അറിയുന്നുണ്ടായിരുന്നു.
ഒന്നനങ്ങാൻ കഴിയാത്ത വിധം നീരു വെച്ചു വീർത്ത ശരീരം ദ്രവ രൂപത്തിൽ എന്തോ പുറത്തേക്കൊഴുക്കുന്നത് മനസിലാക്കിയ ഹരിയേട്ടൻ എന്നെ കൊച്ചുകുഞ്ഞിനെ പോലെ തിരിച്ചു കിടത്തുകയും അവിടെ ആകെ വൃത്തി ആക്കുകയും ചെയ്തത് കുറെ കാലമായി കണ്ണുകളിൽ തട വച്ച് നിർത്തിയ അണക്കെട്ടിനെ തുറന്നു വിടാൻ കാരണമായി.
അത് ഹരിയേട്ടനെ എത്രത്തോളം വിഷമിപ്പിച്ചു എന്ന തിരിച്ചറിവ് പിന്നീടെന്റെ കണ്ണുകളെ എന്നെന്നേക്കുമായി ഊഷര ഭൂമിയാക്കി.
ദുരിതങ്ങളുടെ തീച്ചൂളയിൽ പുറം ലോകവുമായുള്ള യാതൊരു ബന്ധവും ഇല്ലാതെയുള്ള ആ ദിവസങ്ങളിൽ മക്കളെ ഒരു നോക്ക് കാണാനും അവരെയൊന്ന് വാരി പുണരാനുമുള്ള എന്റെ ആഗ്രഹം അധികരിച്ചു കൊണ്ടിരിന്നു. ബി എം റ്റി യൂണിറ്റിൽ ബൈ സ്റ്റാൻഡർ കൂടാതെ മറ്റാരെയും കടത്തി വിടാത്തത് വല്ലാത്ത നൊമ്പരമായി മനസ്സിൽ കിടന്നു.
ഇക്കാര്യം ഹരിയേട്ടനെ എത്രത്തോളം വിഷമിപ്പിക്കുമെന്നത് കൊണ്ട് തന്നെ വിദഗ്ദമായി എന്റെ ചിരികളിൽ ഞാനതൊളിപ്പിച്ചു.
പിറ്റേന്ന് ഡോക്ടറുടെ കൂടെ വന്ന ആ മൂന്നു വയസുകാരൻ ഓടി വന്നു എന്നെ കെട്ടിപ്പിടിച്ചു എനിക്ക് നൽകിയ ആ മുത്തം ഇപ്പോഴും അത് പോലെ ഓർക്കുന്നു..
പിറ്റേന്ന് മുതൽ എന്റെ ആരോഗ്യ നിലയിൽ വന്ന മാറ്റത്തിന് ഡോക്ടേഴ്സ് മിറാക്കിൾ എന്ന് പറയുന്നു. അവന്റെ കുഞ്ഞധരങ്ങൾ പകർന്ന ജീവന് ഇന്നേക്ക് രണ്ട് വയസ്സ്.
അവനാരെന്നോ ആരുടെ കൂടെ വന്നെന്നോ അറിയില്ല. ഇന്നും എന്റെ മൂന്നു വയസ്സുകാരനെ നെഞ്ചോട് ചേർക്കുമ്പോൾ അന്ന് എനിക്ക് ജീവൻ തിരിച്ചു തരാൻ വന്ന ആ കുഞ്ഞ് അതിഥി ആരായിരുന്നു എന്ന ചിന്തയിലാണ് ഞാനിപ്പോഴും.
✍️ ജെസ്ന സിജു
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo