Slider

ഹാപ്പി ക്രിസ്മസ്സ്

0

( ജോളി ചക്രമാക്കിൽ )
മഹാപുരോഹിതന്റെ ചാർച്ചയിൽപ്പെട്ട
മരയാശാരി പീലിക്കുഞ്ഞിന്റെ കരവിരുതിൽ വിരിഞ്ഞ , വീട്ടിയിൽ പണിത കുഞ്ഞു താരാട്ട്ത്തൊട്ടിൽ
സ്വർണ്ണം പൂശിയ സക്രാരിയ്ക്ക് നേർക്ക് പള്ളിയുടെ നടവഴിയിൽ ഒരുക്കിയ മേശയ്ക്കു മുകളിൽ വിരിച്ച വെളുത്ത വിരിയ്ക്കു മുകളിലായ് വച്ച് , അതിനുള്ളിൽ ഉണ്ണിയേശുവിന്റെ മലർന്ന് കിടക്കുന്ന മനോഹര രൂപം കിടത്തിയിരിക്കുന്നു.
ശീലാന്തിയിൽ നിന്നും താഴെയ്ക്കു , അനേകം ശാഖകളുമൊക്കെയായി തൂങ്ങികിടക്കുന്ന
'ഷാൻഡിലിയറിന്റെ സ്പടിക അലുക്കുകളിൽ തട്ടിത്തെറിച്ച് വെളിച്ചപ്പൊട്ടുകൾ
താഴെ ഉണ്ണിയേശുവിന്റെ
കവിളുകളിൽ മുത്തമിട്ടു കൊണ്ടിരുന്നു.
തൊട്ടിലിനു മുൻപിലായി വർഷങ്ങൾക്കു മുൻപ് പീലിക്കുഞ്ഞിന്റെ മുതുമുത്തച്ഛൻ 'എസ്തപ്പാൻ , കരിവീട്ടിയിൽ പണിത വലിയ നേർച്ചപ്പെട്ടി ചേർത്തിട്ടിരിക്കുന്നു .
ഇതിന്റെ നേർച്ചയിടുന്ന വിടവിന്റെ ഇരുവശത്തും കിന്നരം വായിക്കുന്ന ഓരോ മാലാഖമാരെ കൊത്തിവച്ചിട്ടുണ്ട് .
എസ്തപ്പാൻ മരയാശാരിയിലുപരി അന്നത്തെ ഒന്നാന്തരം ഒരു ശില്പി കൂടിയായിരുന്നു.
അക്കാലത്ത് പുതുതായി തിരഞ്ഞെടുക്കപ്പെട്ട മെത്രാന്റെ അംശദണ്ഡിൽ മുന്തിരിവള്ളികളും ചിറകുവിരിച്ച പ്രാവിനേയുമെല്ലാം അയാളുടെ കരങ്ങൾ അതീവ ചാരുതയോടെ കൊത്തിവച്ചിരുന്നു .
കുർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി
ഉണ്ണിയേശുവിനെ
വണങ്ങി, നേർച്ചയിടുകയായി .
കപ്യാർ ലാസറേട്ടൻ .' മാമ്മോദീസ'
തൊട്ടിയുടെ അരികിൽ നിന്നും ആളുകൾ നേർച്ചയിടുന്നത് ഒളികണ്ണോടെ നോക്കി നിന്നു .
പള്ളിമുറ്റത്തെ രണ്ടു ബദാം മരങ്ങൾ അടുത്തടുത്തായി നിലകൊള്ളുന്ന കോണിൽ ഒരുക്കിയ പുൽക്കൂടിനു മുകളിൽ "സന്മനസ്സുള്ളവർക്ക് സമാധാനം " എന്നെഴുതിയ ഫലകം തൂങ്ങിക്കിടന്നു
പുൽക്കൂടിനു മുൻപിലും കൊത്തുപണികളൊന്നുമില്ലാത്തൊരു ചെറിയ നേർച്ചപ്പെട്ടി വച്ചിരുന്നു .
പക്ഷെ അതിന്റെ വിടവും ചെറുതായിരുന്നില്ല.
ബദാം മരത്തിന്റെ ചോട്ടിൽ ,വായുവിൽ ഉയർന്നു നിൽക്കുന്ന ഹൃദയത്തിന്റെ ആകൃതിയിലുള്ള ധാരാളം ചുവന്ന ബലൂണുകൾ ചരടുകളുമായി കൂട്ടിക്കെട്ടിയത് വിൽക്കുന്ന ഒരു പരദേശിയും , സമീപത്തായി നീലക്കണ്ണുകളും ചെമ്പൻ തലമുടിയുമായി
ദേഹമാസകലം മണ്ണുപുരണ്ടിട്ടൊരു കൊച്ചു കുഞ്ഞും നിൽക്കുന്നുണ്ടായിരുന്നു.
പള്ളിയുടെ വശത്തായി കുറച്ചു ദൂരെ
ചുറ്റുമതിലോടു കൂടിയ
പള്ളി സിമിത്തേരിയാണ് .
ഇതിന്റെ കവാടത്തിന്റെ പാർശ്വഭാഗത്തുള്ള തൂണുകളിൽ നിന്നും ഒരു വലിയ കമാനം പണിതിട്ടുണ്ട് അതിൽ " സ്വർഗ്ഗവാതിൽ " എന്നു എഴുതി ചേർത്തിട്ടുമുണ്ട്.
ഈ തൂണുകളിൽ കാഹളമൂതുന്ന
രണ്ടു കാവൽമാലാഖമാരുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
കാവൽമാലാഖമാരിൽ ഒരാളുടെ നിഴലിൽ കവാടത്തിനു സമീപം ഒരു കീറചാക്കിൽ ഒരാൺകുട്ടിയെ കിടത്തി അടുത്ത് കുന്തുക്കാലിൽ ഇരിപ്പാണ് , 'അന്ന'
കന്യകാമാതാവിന്റെ അമ്മയുടെ പേരും 'അന്ന ' എന്നായിരുന്നു.
ബാല്യത്തിലെ അനാഥത്വത്തിന്റെ കയ്പുനീർ നുണയേണ്ടി വന്നവളാണ് അന്ന
കാലം അവളെ അണിയിച്ചൊരുക്കുന്നതിനോടൊപ്പം മനസ്സിന്റെ താളത്തിലും ചെറിയ പിഴവു വരുത്തി.
ഭ്രമകൽപനകളുടെ അജ്ഞാതമായ ഇടനാഴികളിലെവിടെയോവച്ച് അവൾ ഗർഭിണിയായി. അവളും പുരുഷനെ അറിഞ്ഞിരുന്നില്ല.
തന്റെ ഉദരത്തിന്റെ ഫലമായ കുഞ്ഞിന്റെ
ഉദരപൂരണത്തിനായാണ് .
കരുണയുടെ കണ്ണുകൾ പതിയുമെന്നോർത്ത്
ഇവിടെ കാവൽമാലാഖയുടെ നിഴലിൽ വന്നിരിക്കുന്നത്.
കുർബ്ബാന കഴിഞ്ഞ് ഓരോരുത്തരായി
മരിച്ചു പോയവരുടെ ആത്മാക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ ബന്ധപ്പെട്ടവരുടെ കുഴിമാടത്തിനരികിലേയ്ക്ക്, പിഴച്ചു പെറ്റവളെ കാണാത്ത മട്ടിൽ തിടുക്കപ്പെട്ട് സ്വർഗ്ഗവാതിൽ കടന്ന് അകത്തേയ്ക്ക് പോയി.
കൈയ്യിലൊരു ചുവന്ന ബലൂണുമായി
അങ്ങോടു വന്നുകൊണ്ടിരുന്ന
ജൊവാക്കിം ബദ്ധപ്പെട്ട് അമ്മയുടെ കൈവിടുവിച്ച് ഓടിചെന്ന് അന്നയുടെ കൊച്ചിന്റെ കൈയ്യിൽ ബലൂണിന്റെ ചരടു
കെട്ടി കൊടുത്ത് ., ഇങ്ങിനെ പറഞ്ഞു
"ഹാപ്പി ക്രിസ്മസ്സ് "
ചുണ്ടിൽ തുന്നിചേർത്ത ചിരിയുമായി
അന്ന മൊഴിഞ്ഞു.
"ഹാപ്പി ക്രിസ്മസ്സ് "
2019 - 12 - 29
( ജോളി ചക്രമാക്കിൽ )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo