Slider

കാവൽക്കാരൻ

0
Image may contain: Siraj Sarangapani
------------------------
മധുവിധുനാളിൽ എതൊരാണിനെയുംപോലെ മുറിയിൽ വച്ച്, അവൻ അവളെ സ്പർശിച്ചു.
അവൾ അലറി, "തൊട്ടുപോകരുതെന്നേ.
ഞാനൊരാളെ സ്നേഹിക്കുന്നു. മറ്റാരും എന്നെ തൊടരുത്. "
അവനൊന്നു ഞെട്ടി. പിന്നെ ചോദിച്ചു, "എങ്കിൽ, എന്തിനെൻ്റെ ഭാര്യയായി. ഞാൻ നിർബന്ധിച്ചില്ലല്ലോ?"
കരം പിൻവലിച്ചതുകൊണ്ട് അവൾ ശാന്തയായി. മെല്ലെ പറഞ്ഞു, "അവൻ അവധിക്ക് വരുംവരെ എനിക്കൊരു കാവൽ വേണം. അതിനാണ് ഈ വിവാഹം. എനിക്കറിയാം നീ സ്നേഹമുള്ളവനാണെന്ന്. നിന്റെ അമ്മയും അച്ഛനും അതെന്നോട് പറഞ്ഞിരുന്നു."
"എങ്കിൽ നമുക്ക് പിരിയാം, നിയമപരമായി. ", ശബ്ദമുയർത്താതെയാണ് അവനതു പറഞ്ഞത്.
ഈ മറുപടി പ്രതീക്ഷിച്ചിരുന്നപോലെ അവൾ പറഞ്ഞു, " നിങ്ങൾക്കതിന് കഴിയില്ല. അതിനു ശ്രമിച്ചാൽ, പീഡനത്തിന് അകത്താകും.
സഹകരിച്ചാൽ നിൻ്റെയച്ഛനമ്മമാർക്ക് പ്രിയപ്പെട്ട മകളായി ഞാനുണ്ടാകും. അവൻ വരുംവരെ. അവരുടെ ദൈവം അവർക്കൊരു മകളെ കൊടുത്തിട്ടില്ലല്ലോ? . "
അവൻ മൗനത്തിലായിരുന്നു.
അവൾ ചോദിച്ചു, "നിനക്ക് അവനാരെന്നറിയേണ്ടേ?"
അവൻ പറഞ്ഞു, "വേണ്ട, അവനോടൊപ്പം പോകുമ്പോൾ ഒരുപകാരം ചെയ്യണം. അച്ഛനുമമ്മയ്ക്കും കൊടുക്കുന്ന ചോറിൽ കുറച്ചു വിഷം കൂടി ചേർക്കണം. അവരറിയരുത്, ഈ മകളുടെ ചതി. അവർ സന്തോഷമായി മരിക്കട്ടെ. നിന്നെ സ്നേഹിച്ചെന്ന തെറ്റെ അവർ ചെയ്തിട്ടുള്ളൂ. എനിക്കു വേണ്ടി നിന്നെ കണ്ടുപിടിച്ചതും അവരാണ്. അവർക്കിഷ്ട്ടപ്പെട്ടതൊന്നും എനിക്കിഷ്ട്ടമാകാതിരുന്നിട്ടില്ല. ഇപ്പോൾ നിനക്കു തോന്നും, ഞാനൊരു മണ്ണുണ്ണിയാണെന്ന്. നിനക്കറിയില്ല, എൻ്റെ ഒരു സ്വാതന്ത്ര്യത്തിനും അവർ എതിരായിരുന്നിട്ടില്ല. മകന് വഴിതെറ്റില്ലെന്ന് അവർക്കറിയാമായിരുന്നു. അവർക്ക് പറ്റിയ ചെറിയൊരു തെറ്റ് അവരറിയരുത്. അതോർത്ത് അവർ വിഷമിക്കേണ്ടി വരരുത്. അവർ സന്തോഷമായി മരിക്കട്ടെ. "
ഇപ്പോൾ ഞെട്ടിയത് അവളായിരുന്നു. ഒരാളെ സ്നേഹിച്ച തെറ്റിന്, ഇടിച്ചും തല്ലിയും മുറിയിൽ പൂട്ടിയിട്ട സ്വന്തം അച്ഛനമ്മമാരെ മാത്രമേ അവൾ അറിഞ്ഞിരുന്നുള്ളൂ, ഇതുവരെ.
അടുത്തനിമിഷം അവളുടെ മൊബൈലിൽ ഒരു വിളിവന്നു. അവൾ തെളിഞ്ഞുവന്ന പേര് നോക്കി. അതവളുടെ കാമുകനെന്നറിഞ്ഞപ്പോൾ, അവളെ തനിച്ചു വിട്ട് അവൻ പുറത്തേക്കിറങ്ങി.
കുറച്ചുനേരം കഴിഞ്ഞപ്പോൾ, അമ്മ പതിവില്ലാതെ ശകാരിച്ചുകൊണ്ട് അവന്റെയടുത്തെത്തി, " നീ മോളെ ശകാരിച്ചോ? അവളവിടെ കിടന്നു കരയുന്നുണ്ടല്ലോ? "
അവൻ മുറിയിലേക്ക് ചെല്ലുമ്പോൾ, അവൾ കണ്ണീരെല്ലാം തുടച്ചു, നല്ല വസ്ത്രം ധരിച്ചിരിക്കയായിരുന്നു.
"എന്റെ കൂടെ നടക്കാൻ വരാമോ? എനിക്കു കുറച്ചു സംസാരിക്കാനുണ്ട്. " അവൾ ചോദിച്ചു.
അവളിൽ എന്തോ മാറ്റമുണ്ടെന്നു അവനു തോന്നി.
"വരാം. " അവൻ പറഞ്ഞു.
മെല്ലെ നടക്കുമ്പോൾ അവൾ ചോദിച്ചു, "എന്നെ ഇപ്പോഴും ഇഷ്ടമാണോ? "
"അതിനിനി പ്രസക്തിയില്ലല്ലോ? അവനെന്തു പറഞ്ഞു."അവൻ ചോദിച്ചു.
"നിൻ്റെ എച്ചിൽ അവനു വേണ്ടെന്ന്. എച്ചിലും അമൃതും തിരിച്ചറിയാത്തവൻ. കുറ്റം പറയുന്നില്ല. കുറച്ചു മുൻപുവരെ ഞാനും അവനെപ്പോലെ ആയിരുന്നല്ലോ?"
അവളുടെ കവിളിൽ ഒരു നാണത്തിന്റെ ശോണിമ പടരുന്നത് അവൻ കണ്ടു.
"എനിക്കു തൊടാമോ? പീഡനമാകുമോ?"അവൻ ചോദിച്ചു.
"ഇനി തൊട്ടില്ലെങ്കിൽ, ഞാൻ ഓടിവന്നു കെട്ടിപിടിക്കും."പറഞ്ഞു തീരുമ്പോഴെക്കും അവളുടെ തല അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു.
--------------------------------------------------------------
--- സിരാജ് ശാരംഗപാണി
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo