Slider

ഒരു ഡിസംബർ ഡയറി.(വലിച്ചുകീറിയത്)

0
കൃത്യമായി പറഞ്ഞാൽ പത്തിരുപത് വർഷം മുന്നേയുള്ള കുളിരുള്ളൊരു ഡിസംബറിലെ കൃത്യതയില്ലാത്ത ഒരു ദിവസം,
നേരം പരപരാ വെളുക്കുന്നെയുള്ളൂ.തലേന്ന് കൂട്ടുകാരനെ ഓസി രണ്ട് ഒ സി ആറും അടിച്ചു കിടന്നുറങ്ങിയതാണ് ഞാൻ
അങ്ങനെ പുതപ്പിനടിയിൽ എസ് പോലെ ഐസായി ഉരുണ്ടുചുരുണ്ടുകിടക്കുമ്പോഴാണ് ഒരു കപ്പ് കാപ്പിയുമായി അമ്മയുടെ വരവ്...അതിനോക്കെ ഏതാണ്ട് രണ്ടരമണിക്കൂർ മുന്നേതന്നെ ഏതാനും പൂവൻകോഴികൾ ചേർന്ന് കിഴക്കേലെ രവിയെ വിളിച്ചുണർത്തിയിരുന്നു.
കാപ്പി അടുത്തുതന്നെയുള്ള മേശമേൽ വച്ച്,'ഒന്ന് കടുപ്പിച്ചു് 'അവിടെ നിന്നെക്കാണാൻ രണ്ടുപേർ വന്നിട്ടുണ്ട്, അച്ഛന്റടുത്തു സംസാരിച്ചിരിക്കുകയാണ്...ഒന്ന് വേഗം എണീച്ചു വാ..'എന്നും പറഞ്ഞ് അമ്മ പതിയെ സ്ഥലം കാലിയാക്കി.
അപ്പോഴാണ് കെട്ടുവിട്ടെണീറ്റ ഞാൻ ചില പരിചയമുള്ള ശബ്ദങ്ങൾ ഉമ്മറത്തു കേട്ടതും,അവിടേക്ക് ചെവിയെടുത്തിട്ടതും. കാര്യങ്ങളൊക്കെ ഏറെക്കുറെ സീൻ കോണ്ട്രാ എന്നു മനസ്സിലായതും.. പിന്നെ ഒന്നും നോക്കീല സുഹൃത്തുക്കളേ കാണാത്ത ഉടുതുണിയും എടുത്തുടുത്തു പിന്നിലെ വാതിൽവഴി അതിരിലെ വേലിയുംചാടി ഞാനാറ്റിലേക്കോടി..അല്ലേലും നമ്മുടെ കഷ്ടപ്പാടുകൾ ആരാ..
ഒറ്റത്തടിയല്ലേന്ന് ആലോചിച്ചു നടന്നുനടന്നു മടുത്തപ്പോഴാണ് ആ പണ്ടാരം പെണ്ണിന്റെ പിറകേയൊന്ന് നടക്കാന്ന് വിചാരിച്ചത്..
കഴിഞ്ഞ രണ്ടു ക്രിസ്സ്മസ്സിലേറെയായി ആ പുന്നാര മോളുടെ ബാക്കീന്ന് നടക്കുന്നു.
സംഭവമൊക്കെ ശരിയാ ഞാൻ ആകെ ഹാൻഡികാപ്ഡ് ലൂക്ക് തന്നെയാ എങ്കിലും..
ഇനി നിങ്ങളെക്കൂടെ വെറുപ്പിക്കാതെ സംഭവിച്ച കാര്യം ഞാൻ ചുരുക്കിപ്പറയാം..
പറഞ്ഞല്ലോ അവളുടെ പിറകേ നടന്ന് കാലിലെ ചെരുപ്പ് തേഞ്ഞെന്ന്.. അറിയില്ലേ അവളെ ആ തെക്കേലെ ആശിയെ..?
ടൂട്ടോറിയൽ കോളേജിന്റെ മുറ്റത്തും ടൈപ്പറേറ്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ മുറ്റത്തും ഓരോ ദിവസവും അവളിറങ്ങുന്നതും കേറുന്നതും കാത്തു മുറതെറ്റാതെ പോയി നിൽക്കുമല്ലോ ഞാൻ.. (ഡോക്ടർ ഗുളിക കഴിക്കാൻ പറഞ്ഞാൽ പോലും ചിലപ്പോൾ തെറ്റും-ആത്മഗതം.) പലതവണ അവളടുത്തു കാര്യം പറഞ്ഞു.'എനിക്ക് നിന്നെ ഇഷ്ടമാണെന്ന്..' ഏയ് അവള് കേൾക്കാത്തപോലെയുള്ള നടത്തം..കണ്ടാലോ സിനിമാനടി ഉർവശിയുടെ അനിയത്തിയുടെ ചേലും.. 'വർഷങ്ങൾ പോയതറിയാതെ' ഇങ്ങനെയങ്ങനെപോയലെങ്ങനെയാ...
ഇപ്പോൾ അയ്യപ്പ സീസണല്ലേ പ്രസാദം വല്ലോം കിട്ടുമോന്നറിയാനാണ് രണ്ടുദിവസം മുൻപ് ക്ഷേത്രത്തിൽ പോയത് .അപ്പോഴാണ് വിളക്ക് നടത്തുന്നവരുടെ പേരെഴുത്തുന്ന ബോർഡിൽ അവളുടെ വീട്ടുപേര് കണ്ടത്..അതുകണ്ട് സന്തോഷത്തോടെ ഇന്നലെ വൈകിട്ട് അവിടംവരെ ഒന്ന് പോയതാ ഞാൻ ചെയ്ത കുറ്റം..
മുന്നിൽ എന്നെയൊന്ന് നോക്കാതെ ദൈവത്തെ മാത്രം നോക്കിയുള്ള അവളുടെ നിൽപ്പ് കണ്ടപ്പോൾ പായസത്തിന്റെ കൂടെ പ്രസാദത്തിലുണ്ടായിരുന്ന പഴത്തിന്റെ തൊലികൊണ്ട് അവൾക്ക് ഞാനൊരേറ് കൊടുത്തു..ശരിതന്നെ. അതിനെന്തിനാ എന്റെ ഭാവി അമ്മായിയമ്മ റോഡിൽവച്ചെന്നെ ചീത്തവിളിച്ചത്.? അതല്ലേ ഞാനും തിരിക വിളിച്ചത്. ഹും അതിന്റെ ഇടയിൽക്കേറി അവളുടെ വക ഒരു കഞ്ഞി ഡയലോഗും
"ചേട്ടനെന്റെ പുറകേ നടന്നിട്ട് കാര്യമില്ല കേട്ടോ,ഞാൻ വീഴില്ലാ"ന്ന്..
പോരാത്തതിന് അപ്പഴാ കണ്ടത് അമ്മായിയുടെ കയ്യിലെയാ ക്രിസ്മസ്കാർഡ്..പ്രാവോക്കെ പറക്കുന്ന ലവിന്റെ ചിഹ്നങ്ങളൊക്കെയുള്ളയാ കാർഡ്..
ഞാനാശിക്ക് കഴിഞ്ഞയാഴ്ച അയച്ചതാ,ഐ ലവ് യൂ ന്നൊക്കെ എഴുതി..പക്ഷെ അതപ്പുറത്തെ വീട്ടിലെ കണ്ണന്റെ അമ്മയുടെ കയ്യിലാണ് ആ കള്ള @#$% പോസ്റ്റ്മാൻ എന്നെ പറ്റിക്കാൻകൊണ്ടുകൊടുത്തത്. കണ്ണനാണെങ്കിൽ എന്റടുത്തത് നേരത്തേ പറഞ്ഞതുമാണ് രണ്ടഡ്രസ്സും ഏകദേശം ഒരേപോലെയാണെന്നും,എഴുതുമ്പോൾ നീ തെറ്റിക്കരുതെന്നും,തെറ്റല്ലേ, പറ്റി പോവൂല്ലേ.
പക്ഷെ..ഇപ്പൊ അവളുടെ അച്ഛനുമമ്മയും എന്റെ വീട്ടില് അച്ഛന്റെയും അമ്മയുടെയും കൂടെ എന്താണാവോ എന്നെ കുടുക്കാൻ പറഞ്ഞുകൂട്ടുന്നത്..അച്ഛനാണെങ്കിൽ മൂന്നുംപിന്നും നോക്കാത്ത ആളാ.....
ഇത്രയും ഞാൻ സത്യസന്ധമായി നിങ്ങളോട് പറഞ്ഞൂ..ഇനി നിങ്ങള് പറ...ഞാൻ പാവമല്ലേ..?
✍️ഷാജിത് ആനന്ദേശ്വരം
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo