
ഡിഗ്രി കഴിഞ്ഞ് ജീവിതം ആഘോഷിക്കുന്നതിന് മുമ്പ് ജീവിതത്തിലെ കഷ്ടപ്പാടുകൾ കാരണം ഇരുപത്തിയൊന്നാം വയസ്സിൽ കസിന്റെ കനിവിൽ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ലഭിച്ചു. പിന്നെ ഉള്ള ദിവസം ഖത്തർ റിയാലും, ഇന്ത്യൻ റുപ്പിയും തമ്മിലുള്ള യുദ്ധം ആയിരുന്നു മനസ്സിൽ. അന്നുവരെ ന്യൂസ് പേപ്പറിൽ മരണവും, സ്പോർട്സ് പേജ് പിന്നെ വല്ല കോളേജിലെ പരസ്യം മാത്രം നോക്കിയിരുന്ന ഞാൻ സാമ്പത്തിക പേജിൽ കൂടി കൈകടത്താൻ തുടങ്ങി. എന്നാലല്ലെ എൻറെ സാലറി ഖത്തറിൽ നിന്നും ഇന്ത്യയിൽ ഇറങ്ങുമ്പോൾ എത്ര ഉണ്ട് എന്ന് അറിയാൻ പറ്റൂ.
ആഗസ്റ്റ് 24ന് ആദ്യമായി ഫ്ലൈറ്റിൽ കയറുന്നു സന്തോഷത്തിലും, മറ്റുള്ളവരെ പിരിയുന്ന ദുഃഖത്തിലും യാത്രയായി. രണ്ടു പെട്ടികളിൽ വലിയ അക്ഷരത്തിൽ TVM- QHATHAR (QATAR)എന്ന് എഴുതിയ ആ വിദ്യാഭ്യാസ സമ്പന്നനായ ആ സുഹൃത്തിനെ ഈ നിമിഷം സ്മരിക്കുന്നു. അക്ഷരത്തെറ്റ് രാജാവിന് അർഹിക്കുന്ന യാത്രയയപ്പിനു താങ്ക്സ്.
ശീതീകരിച്ച എയർപോർട്ടിനുള്ളിൽ കയറിയപ്പോൾ മുതൽ കേൾക്കാൻ തുടങ്ങിയാതാണ് ഇംഗ്ലീഷ് ഭാഷയുടെ ഒഴുക്ക് . ബി എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം yes/No മാത്രം പറയാൻ അറിയാം. വിമാനത്തിൻറെ വാതിൽക്കലിൽ തന്നെ എയർ ദേവത നിൽക്കുന്നത് കണ്ടപ്പോൾ മനസ്സൊന്നു തണുത്തു. കൂടുതൽ അടുക്കുന്തോറും സാറേ പെണ്ണിൻറെ മൊഞ്ച് കൂടി വന്നു അപ്പോഴാണ് കൂടെ പഠിച്ച കാട്ടുകോഴികളെ പിടിച്ചു കിണറ്റിൽ ഇടാൻ തോന്നിയത്. മനുഷ്യത്വമുള്ള എയർദേവത ഒന്നും പറഞ്ഞിട്ട് മനസ്സിലാവാത്ത ഞങ്ങളെയും കൊണ്ട് സീറ്റ് നമ്പർ ക്രമത്തിൽ ഇരുത്തി.( ദാസനും വിജയനും പശുവിനെയും കൊണ്ടുപോകുന്ന പോലെ).
വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുമ്പ് ഏതോ സുഹൃത്ത് പറഞ്ഞു വിൻഡോ സീറ്റ് ലഭിക്കുകയാണെങ്കിൽ അത് എടുക്കാൻ. ഇരന്നു വാങ്ങാൻ മിടുക്കൻ ആയതുകൊണ്ട് അത് പെട്ടെന്ന് നേടിയെടുത്തു സൈഡ് സീറ്റിൽ ഇരുന്നുള്ള ആദ്യയാത്ര ഫ്ലൈറ്റ് പൊങ്ങിയപ്പോൾ ആണ് മനസ്സിലായത് പുറത്ത് മേഘങ്ങൾ മാത്രമേ കാണാനുള്ളൂ എന്ന്.കൂടെ യാത്ര ചെയ്യാൻ വന്നവരിൽ പരിചയസമ്പത്തുള്ളത് ഇക്കാക്ക മാത്രം ആളുടെ സീറ്റ് രണ്ടു വീട് അപ്പുറവും. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത 3 മണ്ടൻമാർ ഖത്തറിലേക്ക് എന്ന പോലെ അടുത്ത സീറ്റിൽ ഞങ്ങൾ 3 പേരും.
അരമണിക്കൂറിനുശേഷം എയർ ദേവതകൾ നാട്ടിലെ കപ്പലണ്ടി കച്ചവടക്കാർ വരുന്ന പോലെ ഒരു ഉന്തുവണ്ടിയിൽ ഫുഡുമായി വന്നു ഞങ്ങളുടെ സീറ്റിനടുത്ത് വന്നിട്ട് ദേവത ചോദിച്ചു.
What would you like to eat?
ആദ്യം ഇരുന്ന രണ്ടുപേരും എന്നെ തിരിഞ്ഞു നോക്കി എനിക്ക് തിരിഞ്ഞുനോക്കാൻ വിൻഡോ മാത്രം. അവരിൽ വിദ്യാഭ്യാസമുള്ളവർ ഞാൻ ആയതു കൊണ്ടാകും എന്നെ നോക്കിയത് ( മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവ് എന്ന് പറയുന്ന പോലെ)
ദേവത ചോദ്യം ആവർത്തിച്ചു.
What would you like to eat? chicken or veg?
ദൈവം കാത്തു ചിക്കൻ എന്നു പറയുന്ന ഒരു മിന്നായം പോലെ കേട്ടു അത് പറഞ്ഞു മൂന്നുപേർക്കും വേണം എന്ന് ആംഗ്യം കാണിച്ചു. ദേവതകൾ ഇതു സ്ഥിരം കാണുന്നതുകൊണ്ടാകും അവർക്ക് പറഞ്ഞത് മനസ്സിലായി. ചിക്കൻ ബിരിയാണി അൺലോഡ് ചെയ്തിട്ട് അതിൻറെ കൂടെ കുടിക്കാൻ വെള്ളവും തന്നു അടുത്ത സീറ്റിലേക്ക് നീങ്ങി.( കുറച്ച് ജാഡയിൽ കൂട്ടുകാരെ ഞാൻ ഒന്നു നോക്കി എന്നിട്ട് കഴിക്കാൻ പറഞ്ഞു).
നല്ല ചിക്കൻ ബിരിയാണി കൂടെ നെയ്യ്, മോര് എല്ലാംകൂടി പൊളിപ്പൻ ഫുഡ്, അതെല്ലാം ഒരുവിധം അകത്താക്കി പൊട്ടിക്കാത്ത നീളമുള്ള ഒരു കവർ എടുത്തു കഴിക്കാനായി പൊട്ടിച്ചപ്പോൾ ഒരു സ്പൂൺ, ഫോർക്ക് , ഒരു കത്തി പിന്നെ ഒരു ടിഷ്യൂ പേപ്പർ.അത് ഉപയോഗിച്ചാണ് ബാക്കിയെല്ലാവരും കഴിക്കുന്നത് ഞങ്ങൾ മൂന്നു മാന്യന്മാർ അത് കഴിക്കാൻ ഉള്ളതാണെന്ന് കരുതി മാറ്റിവെച്ചു.
അടുത്ത ഐറ്റവും ആയി എയർ ദേവതമാർ വീണ്ടും വന്നു ഇത്തവണ കൊണ്ടുവന്നത് ബ്ലാക്ക് ടീയും,ബ്ലാക്ക് കോഫിയും ആയിരുന്നു. അത് വാങ്ങി ഒരു തുള്ളി വായിൽ വച്ചപ്പോഴാണ് അറിയുന്നത് മധുരം തീരെ ഇല്ല എന്ന് ദേവതയോട് പരാതി പറഞ്ഞു.
No sugar.
Its in the packet.
പാക്കെറ്റോ? ഇനി പൊട്ടിക്കാൻ ഒരു പാക്കറ്റ് ബാക്കിയില്ല എല്ലാം നോക്കിയപ്പോഴാണ് പഞ്ചസാര ഇരുന്ന ചെറിയ പാക്കറ്റ് കണ്ടത്. വെറുതെ കളയണ്ട എന്ന് കരുതി അതും പൊട്ടിച്ചു തിന്നിരുന്നു. ബാക്കിയുള്ളവർ സൂക്ഷിച്ചിരുന്ന ചെറിയ പാൽ പാക്കറ്റ് പൊട്ടിച്ചു അതിൽ മിക്സ് ചെയ്തു കുടിക്കുന്നു. അതാണ് ഞങ്ങൾ മോര് ആണെന്ന് കരുതി ചിക്കൻ ബിരിയാണിയിൽ ഒഴിച്ചു കഴിച്ചത്. 🤪 അബദ്ധം പരസ്പരം മനസ്സിലാക്കിയ സ്ഥിതിക്ക് ആ മധുരമില്ലാത്ത കാപ്പി കുടിച്ചു . എന്നും പറഞ്ഞു ചിരിക്കാൻ കിട്ടിയ ആ അസുലഭ യാത്രയെ കുറിച്ച് ഓർത്ത് മിണ്ടാതിരുന്നു.
മുബാഷ് കരുനാഗപ്പള്ളി
No comments:
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക