നല്ലെഴുത്ത്

The biggest ever archive in Malayalam Literature. 2.5 crores pageviews, 14000+ creations, 2000+authors and adding on....

New Books

Post Top Ad

Your Ad Spot

സോഫ്റ്റ്‌വെയർ ലൈഫ് സൈക്കിൾ


***********************************
'ഹാരിനിയോ'....
പ്രൊജക്ടറിന്റെ വെള്ളവെളിച്ചത്തിൽ ആ വെള്ളക്കാരനെ
കണ്ടപ്പോൾ നിതാരയ്ക്ക് തന്റെ നാട്ടുകാരൻ ആൻഡ്രൂ ചേട്ടനെ ഓർമ്മ വന്നു. വെള്ളപ്പാണ്ട് സുഖപ്പെടുത്തുവാൻ വൈദ്യശാലകൾ കേറി ഇറങ്ങുന്ന ആൻഡ്രൂ ചേട്ടനെ എല്ലാവരും വെള്ളക്കാരൻ എന്നു വിളിച്ചു കളിയാക്കാറുണ്ടായിരുന്നു. 'പാണ്ട് പകരും' എന്നു ഒരു കൂട്ടുകാരി ചെവിയിൽ ഓതിത്തന്നത് നാലാംക്ലാസുകാരിയിൽ ഉണ്ടാക്കിയ ഭയം ചെറുതൊന്നുമല്ലായിരുന്നു. അതുകൊണ്ട് തന്നെ ആൻഡ്രൂ ചേട്ടന്റെ,
"കുഞ്ഞോളെ അടുത്തു വാ" എന്ന വാത്സല്യം നിറഞ്ഞ വിളി കേൾക്കും മുൻപേ അമ്മയ്ക്ക് പിന്നിൽ ഓടി ഒളിച്ചിട്ടുണ്ടാവും..
ആ സമയം അയാളുടെ മുഖത്തെ ദയനീയത മനസ്സിൽ തികട്ടി വന്നപ്പോൾ നിതാരയ്ക്ക് ഇന്ന് നേരിയ കുറ്റബോധം തോന്നി. ചെറുപ്പത്തിന്റെ അറിവില്ലായ്മ ഒരു മനുഷ്യന്റെ കുറവുകളിൽ ആഴ്ന്നിറങ്ങുമ്പോൾ അയാൾ അനുഭവിച്ച മാനസികപ്രയാസം ചെറുതൊന്നുമാവില്ല എന്ന് ഇന്ന് അവൾക്ക് നന്നായി അറിയാം .
'ഹാരി നിയോ' അവളുടെ പുതിയ പ്രോജക്ട് ലീഡർ. ജർമ്മനിയിലെ ഫ്രാൻക്ഫർട്ടിൽ നിന്നും പുതിയ പ്രോജക്ടിന്റെ വിശദാംശങ്ങൾ പറഞ്ഞു തരുവാൻ ആണ് ഈ മീറ്റിങ് ഇപ്പോൾ.
നിതാര വന്നയുടനെ കോണ്ഫറൻസ് റൂമിന്റെ അധികം ശ്രദ്ധിക്കപ്പെടാത്ത ഭാഗത്തായി സ്ഥാനമുറപ്പിച്ചു. പതിനഞ്ചു പേരോളം ഉള്ള കോണ്ഫറൻസ് റൂമിൽ കടുത്ത നിശബ്ദത തളം കെട്ടി നിൽക്കുന്നു. മീറ്റിങ് തുടങ്ങും മുൻപ് വരെ തലതാഴ്ത്തി ഫോണിനെ പ്രണയിച്ചിരുന്ന എല്ലാവരുടെയും തല നിവർന്ന് കഴിഞ്ഞു. മീറ്റിങ് തുടങ്ങി. ഒരു നാല്പത് വയസ്സു തോന്നിക്കുന്ന, റോസ് നിറമുള്ള മുഖവും ചാര നിറത്തിലുള്ള ചുരുണ്ട മുടിയും വെള്ളാരം കണ്ണുകളും ഉള്ള ഹാരി നിയോ .
"ഡു യു നോ.?"
ഹാരിനിയോ വെൽകം സംഭാഷണത്തിന് ശേഷം പ്രോജക്ട് നെ പറ്റിയുള്ള വിശദീകരണത്തിന്റെ തുടക്കത്തിൽ ആണ്.
"ഒരു പ്രോജക്ടിന് നാല് മേജർ സ്റ്റെപ്പുകളാണ് ഉള്ളത്. ഒന്നാമതായി ക്ലയിന്റ് റിക്വയർമെന്റ്, രണ്ടാമതായി ഡിസൈൻ, മൂന്നാമതായി കോഡിങ്, നാലാമതായി
ടെസ്റ്റിങ്. ഓരോന്നിനും അതിന്റേതായ ബുദ്ധിമുട്ടുകൾ ഉണ്ട്.. നമ്മുടെ ക്ലയന്റിന്......"
ഹാരിനിയോ, പ്രോജെക്ടിനെക്കുറിച്ചു വാചലനവുകയാണ്.അവൾ അവിടെ നിന്നും ഇറങ്ങി ഓടി. തന്റെ പഴയ എൻജീനീയറിങ് കോളജ് ക്ലാസ്സ്മുറിയിൽ ആണ് ആ ഓട്ടം ചെന്നു അവസാനിച്ചത് .
അനൂപ് സാർ ന്റെ സോഫ്റ്റ് വെയർ സ്പെസിഫിക്കേഷൻ ക്ലാസ്.
ഹാരി നിയോ പറഞ്ഞ സ്റ്റെപ്പുകൾ ബോർഡിൽ എഴുതി, സാർ ക്ലാസ് എടുക്കുകയാണ്. പേപ്പറിൽ ബബിൾ ഇട്ടു വരകൾ കൊണ്ട് കൂട്ടി യോജിപ്പിക്കുന്ന കളിയിൽ ഏർപ്പെട്ടിരിക്കുന്ന മുന്നിലുള്ള മൂന്ന് ബെഞ്ചിലെ കൂട്ടുകാർ.. ക്ലാസ് ശ്രദ്ധിക്കാതെ മുഴുവൻ ശ്രദ്ധയും സാർ കാണാതെ, കളിക്കുന്ന പേപ്പർ ബെഞ്ചിൽ നിന്ന് ബെഞ്ചിലേക്ക് കൈമാറുന്നതിൽ ആയിരുന്നു.അവസാനം ഞാനെല്ലാം കണ്ടു എന്നു സാറിന്റെ ചിരിയിൽ മാത്രം ഒതുങ്ങുമ്പോൾ വിളറിയ ചിരിയിൽ അറ്റന്റൻസ് പറഞ്ഞു തല താഴ്ത്തി ഇരിക്കുന്ന ബിടക്‌ കാരി.
അങ്ങകലെ കുന്നിൻ പുറത്തെ എൻജിനീയറിങ് കോളേജ്. മിക്കയിടങ്ങളിലും എൻജിനീയറിങ് ഇങ്ങനെ ഒക്കെ തന്നെ. ഒന്നുകിൽ ഏതെങ്കിലും മൊട്ടക്കുന്നിൽ. അല്ലെങ്കിൽ ഏതെങ്കിലും പ്രാന്തപ്രദേശത്ത്. നാലുഭാഗവും മലനിരകൾ. ചൂടിന്റെ കാഠിന്യവും വെള്ളത്തിന്റെ ദൗർലഭ്യവും കൂട്ടുകാരായി ഉണ്ടാവും. എങ്കിലും അവിടേക്കുള്ള പോക്കുവരവ് അത്രയേറെ സന്തോഷമുള്ളതായിരുന്നു. എളുപ്പമുള്ള പുതുവഴികൾ തേടി കൂട്ടത്തോടെ ഉള്ള മലകയറ്റവും പാലൈസ് നുണഞ്ഞുള്ള ഒരുമിച്ചുള്ള ഓടിച്ചാടി ഇറക്കങ്ങളും. കൂട്ടത്തിൽ ആർക്കെങ്കിലും വയ്യാതെ ആയാൽ ബസ് ഫീ കൊടുക്കാതെ ബസ് കരെ പറ്റിച്ചുള്ള യാത്രകൾ, കലോത്സവങ്ങൾ, ഇന്റർണൽസ് ,അസൈന്റ്മെന്റ് കൾ. നാലു വർഷം നാലു ദിവസങ്ങൾ പോലെ കടന്നു പോയത് എത്ര പെട്ടന്നാണ്.
"അപ്പോൾ പറഞ്ഞു വന്നത് ടെസ്റ്റ് കേസ് നിങ്ങൾ ചെയ്തു തീർക്കണം ..ആറു മാസത്തെ സമയം നിങ്ങൾക്ക് മുന്നിലുണ്ട്..
ഹാവ് എ നൈസ് ഡേ".
താൻ ഒന്നു കോളേജുവരെ പോയി തിരിച്ചെത്തുന്നതിനിടയ്ക്ക് ഹാരിനിയോ എല്ലാം പറഞ്ഞു ഏല്പിച്ചു കഴിഞ്ഞുവോ?.
പ്രോജെക്ടിനെ പറ്റി ഒന്നും കേൾക്കാൻ കഴിയാഞ്ഞതിൽ അവൾക് തെല്ലും ആശങ്ക തോന്നിയില്ല.
എല്ലാവരും കോണ്ഫറൻസ് റൂമിൽ നിന്നും ഇറങ്ങി തങ്ങളുടെ ഇരിപ്പിടത്തിലേക്ക് നീങ്ങി. നിതാര നേരെ കോറിഡോറിലേക്ക് നടന്നു.
പുതിയ പ്രോജക്ട് ആയതിനാൽ ടീം മെംബെർസും പുതിയതാണ്. ആരുമായും അത്ര അടുപ്പം ഒന്നും ഇല്ല. അല്ലെങ്കിലും തന്റെ മനോരാജ്യത്തേക്ക് ആരെയും അധികം അടുപ്പിക്കാറില്ല താൻ. ഓരോ പ്രോജക്ട് വരുമ്പോഴും ഓരോ തരം ആൾക്കാർ തന്റെ ജീവിതത്തിലും വന്നു പോയിക്കൊണ്ടിരുന്നു. കാണുമ്പോൾ ഉള്ള പുഞ്ചിരിക്കപ്പുറം കിലുക്കാംപെട്ടി ആയ താൻ ഇത്രയേറെ ഒതുങ്ങിപോയല്ലോ എന്ന ചിന്തയിൽ, ചൂട് കോഫിയുമായി ചില്ലുഗ്ലാസ്സിന്റെ അടുത്തേക്ക് പതിയെ നടന്നു.
കറുത്ത പുകയുടെ ആവരണം ഒരുഭാഗത്തെ അന്തരീക്ഷത്തെ മൂടുന്നുണ്ട്. ആ ഭാഗത്താണ് മാലിന്യ സംസ്കരണ കേന്ദ്രം. മാസത്തിൽ ഒരിക്കൽ അവിടെയുള്ള ഉദ്യോഗസ്ഥർ അറിയാതെ തീപിടിത്തം തുടർക്കഥയാണ്.ഐ ടി പാർക്കിലുള്ള തന്റെ ഓഫിസിന്റെ പതിനൊന്നാം നിലയിൽ നിന്നും അവിടം വ്യക്തമായി കാണാം. അതിനു തൊട്ടടുത്തായി ഒരു ഇന്റർനാഷണൽ സ്കൂൾ പണി ത്വരിതഗതിയിൽ നടക്കുന്നു എന്നതും അവളെ സംബദ്ധിച്ചു വിരോധഭാസമായി തോന്നിച്ചു. ഒരു ഭാഗം കെട്ടിടങ്ങളുടെ ഘോഷയാത്ര. മറുഭാഗം നോക്കിയൽ കാട് പിടിച്ചു കിടക്കുന്ന പ്രദേശം. അല്പം വയൽ. അതിനപ്പുറത്തേക്ക് ഒരു നഗരത്തിന്റെ മുഴുവൻ മാലിന്യം ഭക്ഷിക്കുന്ന മാലിന്യ പ്ലാന്റ്.
മാലിന്യപുകയുടെ കരാളഹസ്തങ്ങളിൽ പെട്ട് കാർമേഘമുഖരിതം പോലെ തോന്നിക്കുന്ന മറുഭാഗം. നാളെയാകുമ്പോഴേക്കും ആകാശം പഴയത് പോലെ തെളിഞ്ഞു വരും.
ജീവിതത്തിലെ കാർമേഘങ്ങൾ , അവ അപ്പോഴും നിഴൽ പോലെ തന്നെ പിന്തുടരും.
ചൂട് കോഫിയിൽ തന്റെ നെടുവീർപ്പുകൾക്ക് ആശ്വാസം ലഭിക്കുന്നത് അവൾ കണ്ടു.
നിതാര തിരികെ തന്റെ ഡെസ്ക് ടോപ്പിനു മുന്നിൽ വന്നിരുന്നു. ഒരു കംപ്യൂട്ടർ ,സൈഡിൽ ഒരു പേനയും ബുക്കും. കഴിഞ്ഞ ടീമിലെ ക്രിസ്മസ് ഫ്രണ്ട് തന്ന ഒരു കുഞ്ഞു ടെഡി, തന്റെ ഫോട്ടോ പതിച്ച ഗ്ലാസ്സ്, ഒരു ടേബിൾ കലണ്ടർ എല്ലാം കൃത്യ സ്ഥാനത്തു നില ഉറപ്പിച്ചിരുന്നു.
കംപ്യൂട്ടറിൽ പുതിയ പ്രോജക്ടിന്റെ വിവരണങ്ങളിൽ കൂടി ഒന്നു കണ്ണോടിച്ചു ,ആറു മാസം കൊണ്ട് തീർക്കേണ്ടതാണെങ്കിലും തന്റെ വീക്ഷണത്തിൽ ഒരു തരം ചക്രം ചവിട്ടൽ തന്നെ ആണ് ഈ പ്രോജക്ട്.
കേളികൊട്ടു തുടങ്ങും മുൻപ് അവരുടെ " റിക്വയർമെന്റ്സ്" അവൾ ശ്രദ്‌ധയോടെ ഒന്നു ഓടിച്ചു വായിച്ചു.
'റിക്വയർമെന്റ്സ്':
ഒരു വലിയ ചിത്രകാരി, സ്വസ്ഥമായൊരു കുഞ്ഞു കുടുംബ ജീവിതം ഇതു മാത്രമായിരുന്നു ജീവിതത്തിൽ താൻ ആഗ്രഹിച്ച റിക്വയർമെന്റ്സ് .
എന്നിട്ടോ ജോലി, ഫ്‌ളാറ്റ്,കാർ, ഞെട്ടറ്റു വീഴാൻ പോകുന്ന കുടുംബം, ഏതു കര തേടി പോകുമെന്ന് അറിയാതെ നിൽക്കുന്ന കുട്ടികൾ,അടച്ചു തീരാത്ത ലോണുകൾ ഇത്രയധികം കാര്യങ്ങൾ ഇടയ്ക്കു കയറി വന്നു.
തനിക്കു വേണ്ട റിക്വയർമെന്റ്സ് എവിടെയോ ചിതറി കിടക്കുന്നു.ഒരുപക്ഷേ ഒരിക്കലും തനിക്കവ പെറുക്കി കൂട്ടി യോജിപ്പിക്കുവാൻ ആവില്ല.തന്നിലേക് ഒരു തിരിച്ചു യാത്ര ഇപ്പോൾ ഒരുപാട് ഒരുപാട് അകലെയാണ്.
ഡിസൈൻ സ്റ്റേജ് ഭാഗിയായി ജർമൻ ടീം തന്നെ ചെയ്തിട്ടുണ്ട്.. റിക്വയർമെന്റ്സ് അനുസരിച്ചുള്ള ഡിസൈനിങ് കാര്യങ്ങൾ.
'ഡിസൈൻ':
തന്റെ ജീവിതത്തിന്റെ ഡിസൈനിങ്ങും പലരായിരുന്നു... അച്ഛനില്ലാതെ വളർന്ന കുട്ടി ആയതിനാൽ അമ്മാവന്മാരാണ് കല്യാണം വരെ ഡിസൈൻ ചെയ്തത്. കല്യാണശേഷം കൈമാറ്റപ്രക്രിയായിലൂടെ അത് ഭർത്താവിൽ എത്തി ചേർന്നു എന്നു മാത്രം.
ഈ പ്രോജെക്ടിൽ കോഡിങ് സെക്ഷൻ ചെന്നൈ ടീം ആണ് ചെയ്തിട്ടുള്ളത്. ഡിസൈൻ കഴിഞ്ഞാൽ പിന്നെ കോഡിങ് ആണ്. ആ പ്രോജെക്ടിന് വേണ്ട കാര്യങ്ങൾ അത്രയും കോഡിങ് ചെയ്തു ഔട്ട്പുട്ട് നേടുക. ഒരു പ്രോഗ്രാമറെ സംബന്ധിച്ചു വലിയൊരു ദൗത്യം തന്നെയാണ് അത്.
'കോഡിങ്':
തന്റെ ജീവിതത്തിലെ കോഡിങ് മുഴുവൻ കല്യാണം വരെ തന്റെ അമ്മയുടേത് ആയിരുന്നു.അച്ഛനില്ലാതെ വളർന്ന കുട്ടി എന്ന ഒറ്റ കാരണത്തിൽ തന്റെ ഓരോ വളർച്ചയുടെ പടവുകളിലും തീരുമാനങ്ങൾ എടുത്തു കാര്യങ്ങൾ നടത്തിച്ചത് അമ്മ ആയിരുന്നു. ഒരു ചിത്രകാരി എന്ന എന്റെ സ്വപ്നങ്ങളെ മൂടി വച്ചു എൻജിനീയറിങ് പഠിപ്പിച്ചു മുന്നോട്ടു നടത്തിച്ചത് അമ്മയായിരുന്നു.
പ്രോജക്റ്റി ന്റെ അവസാന പടിയാണ് ടെസ്റ്റിംഗ്. ഇതു വരെ ഉള്ളത് ക്ലയൻറ് നു വേണ്ട റിക്വയർമെന്റ്സ് നു മാച്ച് ആണോ? കോഡിങ് ചെയ്തതിൽ തെറ്റുകൾ ഉണ്ടോ? എന്നൊക്കെ ഉള്ളതാണ് ടെസ്റ്റിംഗ് പീരിയഡ്.
ക്ലയൻറിനെ പൂർണ്ണമായും ഇമ്പ്രെഷൻ ചെയ്യാൻ ഇതിനു സാധിക്കുമോ എന്നൊക്കെ അറിയാം.
'ടെസ്റ്റിംഗ്':
അതേ.തന്റെ ജീവിതത്തിലും ഇതൊരു ടെസ്റ്റിംഗ് പീരിയഡ് തന്നെയാണ്. റിക്വയർമെന്റ്സ് ഒന്ന്, ഡിസൈൻ വേറൊരുതരം, കോഡിങ് മറ്റൊരു തരം. ജീവിതത്തിന്റെ താളപ്പിഴകൾ താൻ തന്നെ ടെസ്റ്റ് ചെയ്തു ശരിയാക്കേണ്ടി ഇരിക്കുന്നു.കെട്ടു പൊട്ടാറായ താലി കഴുത്തിൽ അണിയാറെ ഇല്ല. താലി സമൂഹത്തെ ബോധിപ്പിക്കൽ മാത്രമാണ്. അണിഞ്ഞു നടന്ന കാലം അതിന്റെ മഹത്ത്വമൊന്നും അതിന്റെ ഉടമ കാണിച്ചു തന്നിട്ടില്ല. അതുകൊണ്ട് തന്നെ അകലുവാൻ പോകുമ്പോൾ അതിന്റെ നാട്യം അനാവശ്യം എന്ന തോന്നൽ ആയിരുന്നു.
പൊരുത്തം നോക്കി കൂട്ടികെട്ടിയതിൽ പൊരുത്തക്കേടുകൾ ഏറെ ആയിരുന്നു എന്ന് മനസ്സിലായെങ്കിലും അമ്മയെ സങ്കടപെടുത്താൻ വിഷമമായിരുന്നു. എന്നാൽ ഇന്ന് ഒരു കൂരയ്ക്കു കീഴിൽ രണ്ടു വ്യക്തികൾ മാത്രം ആയി കഴിയുമ്പോൾ ആർക്കാണ് പിഴച്ചത് എന്നു ടെസ്റ്റ് ചെയ്തു കണ്ടത്തേണ്ടി ഇരിക്കുന്നു.
ടെസ്റ്റ് ചെയ്യണം ആദ്യം തന്റെ ജീവിതത്തെ. തെറ്റു പറ്റിയത് എവിടെ എന്നു കണ്ടെത്തണം. കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ളത്, സമൂഹത്തെ ബോദ്ധ്യപെടുത്താനുള്ളത് ഒന്നുമല്ല ജീവിതം. തനിക്കുമൊന്നു ജീവിക്കണം എന്നു തോന്നിയെടുക്കുനിടത്തു നിന്നാണ് ഡിവോഴ്സ് എന്ന ആശയം ഉദിച്ചു വന്നത്. പാതി വരച്ചു നിർത്തിയ ചിത്രങ്ങൾ പോലെ തന്റെ വൈവാഹിക ജീവിതവും .
നിതാര വേണ്ടും പ്രോജക്ടിന്റെ ടെസ്റ്റ് കേസുകൾ ഓരോന്നായി നോക്കി.അനാവശ്യമായ കോഡിങ്ങുകൾ ഉണ്ട്..മാറ്റങ്ങൾ കുറച്ചു വരുത്താനുണ്ട്.
മാറ്റം വരുത്താനുണ്ട്. അവിടം ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടാകും. കുഞ്ഞുങ്ങളുടെ സങ്കടം നെഞ്ചിൽ ഴ്ന്നിറങ്ങും. അമ്മയുടെ ആധി ചുട്ടു പൊള്ളിക്കും. അച്ഛൻ മരണപ്പെട്ടിട്ട് അമ്മ വളർത്തിയത് പോലെ തനിക്കും പറ്റും ജീവനോടെ ഉള്ള അച്ഛന്റെ മക്കളെ പോറ്റാൻ.
അവർക്കുള്ള അച്ഛനും അമ്മയുമാവാൻ.
ഈ ജോലി ആഗ്രഹങ്ങൾക്ക് തടസ്സമല്ല മറിച്ചു ആഗ്രഹപൂർത്തികരണങ്ങൾക് ഉള്ള മുതൽ ക്കൂട്ടാണ്.തന്റെ റിക്വയർമെന്റ്സ് തനിക്കു നേടാൻ ഇനിയെങ്കിലും പറ്റണം. പൂർത്തിയാക്കാത്ത തന്റെ ചിത്രങ്ങൾക്ക് നിറം നൽകണം. ഒരപ്പൂ പ്പൻ താടി കണക്കെ ഹിമാലയം വരെ പാറി പറക്കണം.
ബാഗും എടുത്തു പുറത്തേക്കിറങ്ങുമ്പോൾ അവളുടെ മുഖം, താൻ എടുക്കാൻ പോകുന്ന തീരുമാനങ്ങളെ കുറിച്ചുള്ള നിശ്ചയദാർഢ്യം വിളിച്ചോതോന്നുണ്ടായിരുന്നു.........
✍️✍️✍️ഭവിത വത്സലൻ✍️✍️✍️✍️

No comments:

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

Post Top Ad

Your Ad Spot