Slider

ഒന്ന് പുഞ്ചിരിക്കാൻ.....

0
Author: Sai Sankar

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ക്ഷമിക്കണം, പുഞ്ചിരിക്കാൻ എനിക്കിഷ്ടമാണ്,
പക്ഷേ,പുഞ്ചിരികൾ അസാധ്യമായ വിധത്തിൽ
എന്റെ നാട് മാറിയിരിക്കുന്നു.
എല്ലാ ഒന്നാം തിയതികളിലുമായി മൊത്തം പന്ത്രണ്ട് നേർത്ത പുഞ്ചിരികൾ വിടർന്നിട്ടുണ്ടാകാം,
അരിക്കാശ് അക്കൗണ്ടിലേക്ക് കിട്ടിയതിന്റെ ആനന്ദം...അത്ര മാത്രം.
പേഴ്സിന്റെ കനം നന്നേ കുറഞ്ഞ,
ബാക്കി മുന്നൂറ്റി അമ്പത്തി മൂന്ന് ദിവസങ്ങളിൽ
മറ്റുള്ളവർ ചിരിക്കുന്നത്, കണ്ടു കൊതിച്ചിരുന്നു.
ചില പുഞ്ചിരികൾ കണക്കിൽപ്പെടുത്തുന്നില്ല.
കണ്ണീരിന് വഴിമാറിക്കൊടുക്കേണ്ടി വന്ന
അല്പായുസ്സുകളായിരുന്നുല്ലോ, അവ.
ചില കണ്ണീർക്കണങ്ങളും
കണക്കു പുസ്തകത്തിൽ കയറ്റുന്നില്ല,
സ്നേഹത്തിന്റെ മൃദുലമായ വിരലുകൾ തുടച്ചിട്ട, അവ ഈശ്വരന്റെ കണക്കു പുസ്തകത്തിലേക്ക്
ട്രാൻസ്ഫർ ചെയ്യേണ്ടി വന്നല്ലോ.
ചില മുറിവുകളും, വേദനകളുമുണ്ട്,
മറക്കേണ്ടവ,ഓർക്കാൻ പാടില്ലാത്തവ.
ഒരു കണക്കിലും പെടുത്താതെ,
പുതിയ വർഷത്തിന് വന്നിരിക്കാനുള്ള,
പൂമുഖത്തു നിന്ന്,ഞാനവയെ തൂത്തു കളയുന്നു.
കണക്കു പുസ്തകം ഇനിയും അടച്ചു വെക്കാതെ,
ഞാനുറങ്ങാൻ പോകുന്നു.
ഇനിയുമുണ്ട്,രേഖപ്പെടുത്താനാകാത്ത ഒരുപാട് കണക്കുകൾ.
പലതിനും ഞാൻ കണക്കു വെക്കാറില്ലല്ലോ.
ആ കണക്കുകൾ, ചിലരുടെയെങ്കിലും
ഹൃദയത്തിൽ എഴുതപ്പെട്ടിട്ടുണ്ടാകാം. അത് മതി.
പണപ്പെട്ടിയിൽ, ഏതാനും എടുക്കാത്ത കറൻസികൾ ബാക്കിയുണ്ട്.
സെല്ലോ ടേപ്പ് ഒട്ടിക്കപ്പെട്ടവ,
വാട്ടർ മാർക്കിലെ ഗാന്ധി ചിത്രത്തിൽ,
തുള വീണവ, മഷി വീണവ,
തോന്ന്യാസങ്ങൾ എഴുതപ്പെട്ടവ,
പ്രണയം പറയുന്നവ...
പുതുവത്സരത്തിലേക്കുള്ള
എന്റെ നീക്കിയിരിപ്പുകൾ
ഇവ മാത്രമാണ്.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°
31ഡിസംബർ 2019
സായ് ശങ്കർ മുതുവറ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo