Slider

ലേഖ വയസ്സ് -36

0

------------------------
നേരം പുലരുംമുമ്പേ ഉണർന്നിരുന്നു ലേഖ.അത് കുഞ്ഞുനാൾ മുതൽ മുത്തശ്ശിയിൽ നിന്ന് കിട്ടിയ ശീലമാണ്.അതികാലത്ത് എഴുന്നേൽക്കും. തൊടിയുടെ വടക്കുവശത്തായൊഴുകുന്ന പുഴയിൽപ്പോയി മുങ്ങിക്കുളിക്കും.പുഴവെള്ളമപ്പോൾ ഇളംചൂടായിരിക്കും.ഈറൻ മാറാതെ ഒരു തോർത്തുമുണ്ട് പുതച്ച് കൊണ്ട് വീട്ടിൽ വരും.വീട്ടിലെത്തി വസ്ത്രം മാറി മുത്തപ്പൻകാവിൽ പോയി തൊഴുതു മടങ്ങും.
ആ പതിവിന് ഇന്നും മുടക്കമൊന്നും വരുത്തിയില്ല.കാലത്തു തന്നെ പുഴയിൽ പോയി കുളിച്ചുവന്നു.ക്ഷേത്രത്തിൽ പോകാൻ പുറപ്പെടുമ്പോൾ അനിയത്തി പിന്നിൽനിന്ന് കളിവാക്കുകൾ പറയുന്നുണ്ടായിരുന്നു. ഇലച്ചീന്തിൽ തലേന്ന് രാത്രി കോർത്തുവച്ചിരുന്ന മുല്ലപ്പൂമാലയെടുത്തു മുടിയിൽ ചൂടുമ്പോൾ ആ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.പക്ഷേ മുൻപിലെ ദർപ്പണത്തിൽ പതിഞ്ഞ തന്റെ ചിരിയിലെ വിരൂപത കണ്ട് അവളുടെ മുഖപ്രസാദം മങ്ങിപ്പോയി.
'ചേച്ചി,ഇന്നെങ്കിലും ദയവു ചെയ്ത് കാണാൻ വരുന്ന ചെറുക്കന്റെ മുന്നിൽ ചിരിക്കല്ലേ'..
'നീയൊന്ന് വായ മൂട് ലയേ'...
അനുജത്തിയുടെ കളിവാക്കുകൾ അതിരു വിട്ടപ്പോൾ തളർന്ന ശബ്ദത്തിൽ ജാനമ്മ,ലക്ഷ്മിയുടെയും,ലേഖയുടെയും,ലയയുടെയും അമ്മ ലയയെ ശാസിച്ചു.
'അത് സാരമില്ല അമ്മേ എത്ര പേർ എന്നെ കാണാൻ വന്നു..ഞാൻ ഇങ്ങനെ നിൽക്കുന്നത് കൊണ്ട് അവളുടെ കാര്യങ്ങൾ കൂടെ വൈകുകയല്ലേ'.
നിറഞ്ഞ കണ്ണുകൾ അവർ കാണാതെ മറച്ചുകൊണ്ട് ലേഖ പറഞ്ഞു.
'ഈ വരുന്ന മകരത്തിൽ മുപ്പത്താറു വയസ്സു തികയുന്നു എന്റെ കുട്ടിക്ക്. എന്റെ ദൈവങ്ങളെ അതിന്റെ നെഞ്ചുരുക്കത്തിന് ഒരു അവസാനം കൊടുക്കണേ'.നെഞ്ചിൽ കൈവച്ചു മുകളിലേക്ക് നോക്കി ജാനമ്മ കണ്ണുകൾ തുടച്ചു.
ക്ഷേത്രത്തിലെത്തുവോളം ലേഖയുടെ മനസ്സ് അസ്വസ്ഥമായിരുന്നു.അനുജത്തിയുടെ കുത്തുവാക്കുകളേക്കാൾ അസഹ്യം ഇടയ്ക്കിടെ അമ്മയെ കാണാൻ എന്ന വ്യാജേന വരുന്ന ചേട്ടത്തിയുടെ ഭർത്താവ് രാജേന്ദ്രന്റെ നോട്ടവും അർത്ഥം വച്ചുള്ള സംസാരങ്ങളുമാണ്. ക്ഷേത്രത്തിൽ തിറ കെട്ടി നിന്നിരുന്ന മുത്തപ്പന്റെ മുന്നിൽ ഇരു കരങ്ങളും കൂപ്പി അവൾ പ്രാർത്ഥിച്ചു. കയ്യിലെ അരിമണിയും തുളസിയിലയും മൂർദ്ധാവിൽ വച്ച് മുത്തപ്പൻ അവളെ അനുഗ്രഹിച്ചു.
ഏതൊരു സ്ത്രീയും ആഗ്രഹിക്കുംപോലെ വിവാഹം ചെയ്ത് നല്ലൊരു ഭാര്യയായി,അമ്മയായി,ഭർത്താവിന്റെ സ്നേഹത്തിന്റെയും,സംരക്ഷണത്തിന്റെയും സുരക്ഷിത വലയത്തിൽ ജീവിക്കാൻ അവളും കൊതിച്ചു തുടങ്ങിയിട്ട് വർഷങ്ങളേറെയായി..കൂലിപ്പണിക്കാരനായ അച്ഛനും ആസ്ത്മ രോഗിയായ അമ്മക്കും സ്ത്രീധനം നൽകി മകളെ പറഞ്ഞയക്കാനുള്ള ആസ്തി ഇല്ലാതിരുന്നതിനാൽ, ആലോചനകളും,പെണ്ണുകാണൽ ചടങ്ങുകളുമൊക്കെ ഒരുപാട് നടന്നെങ്കിലും വിവാഹം അവൾക്കിന്നുമൊരു ബാലികേറാമലയാണ്.
ആദ്യമാദ്യം വിവാഹാലോചനകൾ മുടങ്ങുമ്പോൾ വലിയ വിഷമമൊന്നും തോന്നിയിരുന്നില്ല.പക്ഷേ അതൊരു പതിവായപ്പോൾ നിരാശയുടെ നാമ്പുകൾ അവളിൽ ഉടലെടുത്തു.എങ്കിലും താൻ ഹൃദയം നൊന്തു പ്രാർത്ഥിക്കാറുള്ള പറശ്ശിനിക്കടവ് മുത്തപ്പൻ ഒരിക്കൽ തന്നെ കാക്കുമെന്ന് തന്നെ അവൾ ഉറച്ചു വിശ്വസിച്ചു.
ക്ഷേത്രത്തിൽ നിന്ന് ലേഖ തിരിച്ചു വീട്ടിലെത്തിയപ്പോൾ ചേച്ചി ലക്ഷ്മിയും ഭർത്താവ് രാജേന്ദ്രനും അവിടെ എത്തിയിരുന്നു. അനിയത്തി പതിവുപോലെ അവളുടെ കളിയാക്കലുകൾ തുടങ്ങി. കളിയാക്കിയതാണെങ്കിലും അവൾ പറഞ്ഞതിൽ കാര്യമില്ലാതെയില്ല.സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞു വന്ന എത്രയോ ആലോചനകൾ തന്റെ ചിരിയിൽ മുടങ്ങി പോയിരിക്കുന്നു.ഇന്നും ഒരുകൂട്ടർ വരുന്നുണ്ട്.ചെക്കന് തെങ്ങുകയറ്റമാണ് ജോലി.സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞു തന്നെയാണ് ദല്ലാൾ അവരെയുംകൂട്ടി വരുന്നത്. അനിയത്തി ചിരിക്കരുതേയെന്ന് കളിയാക്കിപ്പറഞ്ഞെങ്കിലും വരുന്നവർ തന്നെ ശരിക്കു മനസ്സിലാക്കണമെന്ന് അവൾക്ക് നിർബന്ധമുണ്ടായിരുന്നു.
വൈകാതെ തന്നെ ദല്ലാൾ ചെറുക്കനെയും കൂട്ടിയെത്തി.ചായയുമായി എത്തിയ ലേഖയെ ചെറുക്കന് ഇഷ്ടപ്പെട്ടു.പെണ്ണിനെ ഇഷ്ടപെട്ടെന്ന സൂചന ദല്ലാളിനു നൽകിയിട്ട്,വാതിലിനടുത്തു നിന്ന ലേഖയെ നോക്കി ഇഷ്ടപ്പെട്ടെന്നർത്ഥത്തിൽ പുഞ്ചിരിച്ചു.ലേഖക്കും സന്തോഷം അടക്കാനായില്ല.അവളുടെ മനസ്സും വേറേതോ ലോകത്തായിരുന്നു.അവളുടെ ചുണ്ടിലും പുഞ്ചിരി വിടർന്നു.ചുണ്ടുകൾ വകഞ്ഞു മാറ്റിക്കൊണ്ട് അവളുടെ ഉന്തിയ പല്ലുകൾ പുറത്തേക്ക് വന്നു.അതു കണ്ട് ചെറുക്കന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞത് വേദനയോടെ അവൾ ശ്രദ്ധിച്ചു.
സന്തോഷത്തിന്റെ ഉന്മാദത്തിൽ നിന്നവൾ നിമിഷനേരം കൊണ്ട് നിരാശയുടെയും അപകർഷതാ ബോധത്തിന്റെയും പടുകുഴിയിലേക്ക് വീണു.തനിക്കു വന്ന വിവാഹാലോചനകളിൽ ഭൂരിഭാഗവും മുടങ്ങാനിടയായതിന്റെ മൂലകാരണമായ രണ്ടു പല്ലുകൾ ഒന്ന് കെട്ടിക്കാൻ പോലും നിവൃത്തിയില്ലാത്ത ദാരിദ്ര്യാവസ്ഥയോർത്ത് നിറഞ്ഞ മിഴികൾ തുടച്ച്,അസ്തമിച്ച പ്രതീക്ഷകളുമായി അവൾ അകത്തേക്ക് പോയി.പുറത്തു മുറ്റത്ത് ദല്ലാളും ചെറുക്കനുമായി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞു വന്ന ചെറുക്കന് പതിനഞ്ചു പവന്റെ പൊന്നു വേണമത്രേ..എങ്കിൽ വിവാഹത്തിന് സമ്മതമാണെന്ന്.
അവരുടെ ആവശ്യം നിസ്സഹായനായി കേട്ട് നിൽക്കാൻ മാത്രമേ ലേഖയുടെ അച്ചന് കഴിയുമായിരുന്നുള്ളൂ.അച്ഛന് അത്രയും പൊന്ന് കൊടുത്തു തന്നെ അയക്കാനുള്ള ആസ്തിയോ വരുമാനമോ ഉണ്ടായിരുന്നെങ്കിൽ വർഷങ്ങൾക്ക് മുന്നേ താൻ വിവാഹിതയായേനെ എന്ന് അവൾക്കു ബോധ്യമുണ്ടായിരുന്നു.തന്റെ ജീവിതം ഇങ്ങനെ അവസാനിക്കുകയേയുള്ളുവെന്നും, ഇനി തന്റെ ജീവിതത്തിൽ ഒരു വിവാഹം ഉണ്ടാകില്ലെന്നും നിരാശയോടെ അവൾ തന്റെ മനസ്സിനെ പറഞ്ഞു പാകപ്പെടുത്തി.
ആയിടക്കാണ് ദല്ലാൾ ഒരു ദിവസം വീണ്ടും ഒരു വിവാഹ കാര്യവുമായി വന്നത്.
ഹരിയാനയിലെ ഒരുകൂട്ടം പുരുഷന്മാർ വിവാഹം ചെയ്യാൻ പെൺകുട്ടികളെ അന്വേഷിച്ചു നാട്ടിൽ എത്തിയിട്ടുണ്ടത്രേ.അവർക്ക് പൊന്നോ,പണമോ ഒന്നും ആവശ്യമില്ല.വിവാഹം കഴിഞ്ഞു ഭർത്താവുമൊത്ത് ഹരിയാനയിൽ സുഖമായി ജീവിക്കുകയും ചെയ്യാം.ഒരുപാട് മലയാളി സ്ത്രീകൾ വിവാഹം ചെയ്ത് അവിടെ താമസിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് വീണ്ടും ഹരിയാനയിലെ പുരുഷന്മാർ വിവാഹം ചെയ്യാൻ സ്ത്രീകളെ തേടി ഇവിടെയെത്തുന്നതെന്നുമുള്ള വിവരം ദല്ലാൾ അച്ഛനെയും അമ്മയെയും പറഞ്ഞു ധരിപ്പിച്ചു.
തങ്ങളുടെ മകൾക്ക് ഇത്രയും വർഷം നാട്ടിൽ നിന്നും നടക്കാതിരുന്ന വിവാഹം ഇനിയും ഉണ്ടാകാൻ സാധ്യതയില്ലെന്നും, ദൂരെയാണെങ്കിലും മകൾ മംഗല്യവതിയായി ജീവിക്കുമെന്ന ആശ്വാസത്തിലും അവർ വിവാഹത്തിന് സമ്മതിച്ചു.
ലേഖക്കും എതിരഭിപ്രായം ഒന്നുമില്ലാരുന്നു. എങ്ങനെയെങ്കിലും മരവിച്ച ഈ ജീവിതത്തിൽ നിന്നും,കുത്തു വാക്കുകളും,കളിയാക്കലുകളും നിറഞ്ഞ സമൂഹത്തിൽ നിന്നും രക്ഷപ്പെട്ടാൽ മതിയെന്ന ചിന്തയിൽ അവളും സമ്മതിച്ചു.സീമന്തരേഖയിൽ ഒരു നുള്ളു കുങ്കുമം അവളും സ്വപ്നംകണ്ട് തുടങ്ങിയിട്ട് വർഷങ്ങളേറെയായിരുന്നു.
രണ്ടു ദിവത്തിനുള്ളിൽ തന്നെ ദല്ലാൾ സുന്ദരനായ ഒരു യുവാവുമായി ലേഖയെ കാണാനെത്തി.നവീൻ ചന്ദ് എന്ന് പേരുള്ള ഹരിയാന യുവാവ്.കണ്ടപാടെ അയാൾക്ക് ലേഖയെ ഇഷ്ടപ്പെട്ടു.ലേഖക്കും വീട്ടുകാർക്കും ചെറുക്കനെയും ഇഷ്ടപ്പെട്ടു.പക്ഷെ ഭാഷ അവർക്കിടയിലൊരു തടസ്സമായി നിന്നതിനാൽ പരസ്പരം ഒന്നും സംസാരിക്കാൻ സാധിച്ചില്ല.എങ്കിലും കണ്ണുകൾ കൊണ്ടവർ അവരുടെ ഇഷ്ടം പരസപരം കൈമാറി.ലേഖ മനസ്സ് നിറഞ്ഞു ചിരിച്ചു.തിരികെ നവീനും.
തന്റെ ചിരിയിൽ വെളിപ്പെടാറുള്ള വൈരൂപ്യം കണ്ടിട്ടും മായാത്ത നവീന്റെ മുഖത്തെ പുഞ്ചിരിയിൽ അവൾ പുതിയൊരു ലോകം സ്വപ്നം കണ്ടു.ഇരുവർക്കും പരസ്പരം ഇഷ്ടമായതിനാൽ അധികം വൈകാതെ തന്നെ അവൾ സ്ഥിരമായി പോകാറുള്ള കോവിലിൽ വച്ച് വളരെ ചുരുങ്ങിയ രീതിയിൽ അവരുടെ വിവാഹം ലേഖയുടെ വീട്ടുകാർ നടത്തിക്കൊടുത്തു.
വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം തന്നെ അവൾ മാതാപിതാക്കളുടെ അനുഗ്രഹവും വാങ്ങി,മൈലുകൾ ദൂരെയുള്ള, താനിതുവരെ അറിയാത്തതായ ഒരു നാട്ടിലേക്ക്,തന്റെ സ്വപ്നങ്ങളും മോഹങ്ങളും ജീവിച്ചു തുടങ്ങാനായി നവീൻ ചന്ദിന്റെ തോളൊരുമ്മിയിരുന്നു യാത്ര തിരിച്ചു.തന്റെ തോളിൽ ചാഞ്ഞു കിടക്കുന്ന ലേഖയുടെ ചെവിയിൽ നവീൻ ചന്ദ് മന്ത്രിച്ചു.
"ആപ്‌കി മുസ്‌കാൻ ബഹുത് ഖുബ്‌സൂരത് ഹേ..
ഓർ മുഛേ യെ പസംത് ഹേ.."
നവീൻ പറഞ്ഞതിന്റെ അർഥം അവൾക്കു പൂർണ്ണമായും മനസ്സിലായില്ലെങ്കിലും തന്റെ കുറവുകളെ സ്നേഹിക്കുന്ന ഭർത്താവിനെയാണ് തനിക്കു കിട്ടിയതെന്നതിന്റെ ചാരിതാർഥ്യത്തിൽ കൂടുതൽ ഭർത്താവിനോടടുത്തിരുന്ന് തോളിൽ ചാരിയിരുന്ന് സമാധാനത്തോടെ മയങ്ങി.കണ്ണെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന ഗോതമ്പു പാടങ്ങളുടെ ഇടയിലൂടെ നർമ്മദ നദിയെയും കീറി മുറിച്ചു കൊണ്ട് ട്രെയിൻ ഹരിയാനയെ ലക്ഷ്യമാക്കി കുതിച്ചുപാഞ്ഞു.
*************************
ഫരീദാബാദ് പട്ടണത്തിൽ നിന്നും നവീൻ ചന്ദിന്റെ വീട്ടിലേക്കുള്ള യാത്രയിൽ,ലേഖ താനെത്തിയ പുതിയ ലോകത്തിന്റെ കാഴ്ചകളിൽ മുഴുകി.സ്വപ്നത്തിൽ പോലും കരുതാതിരുന്ന ഒരു യാത്ര.തീർത്തും അപരിചിതമായ ഒരു സംസ്കാരം.എങ്കിലും നവീൻ ചന്ദിന്റെ സ്നേഹം തന്നിൽ ആയിരിക്കുന്നിടത്തോളം കാലം ലേഖ ഏത് തരത്തിലും ഇണങ്ങിജീവിക്കാൻ തയ്യാറായിരുന്നു.
വഴിക്കാഴ്ചകൾ തുടർന്നുകൊണ്ടിരുന്നു. ജനനിബിഡമായ റോഡുകളിൽ നിന്നും കാഴ്ച നീണ്ടുനിവർന്നു കിടക്കുന്ന മണൽ ഭൂമിയിലേക്കായി.റോഡിനിരുവശവും അവസാനമില്ലാതെ നീണ്ടു കിടക്കുന്ന തരിശ് ഭൂമി.അതും കഴിഞ്ഞു ചെറിയ ഇടവഴികളിലൂടെയായി യാത്ര.
'ഹാൻസി' പട്ടണത്തിൽ നിന്നും കിലോമീറ്ററുകളോളം ഉള്ളിലായുള്ള 'സുർഖി'എന്ന നവീൻ ചന്ദിന്റെ ഗാവിലേക്ക്.
'സുർഖി ഗാവ്'
ഇടുങ്ങിയ തെരുവുകൾ.കുണ്ടും,കുഴിയും നിറഞ്ഞ വഴികളായിരുന്നു തെരുവിലുടനീളം. തെരുവിന്റെ പല ഭാഗങ്ങളിൽ നിന്നും പഴയ ഹിന്ദി ചലച്ചിത്ര ഗാനങ്ങൾ കേൾക്കാം..ഇടക്ക് തളിപ്പറമ്പ് മലയാളത്തിൽ വാതോരാത്ത വർത്തമാനവും കാതിൽ പതിഞ്ഞത് അവളിൽ തെല്ലൊരാശ്വാസമുണ്ടാക്കി.തെരുവ് മുഴുവൻ എരുമ ചാണകത്തിന്റെ മണം.വഴിതടഞ്ഞു എരുമകളും,കാളകളും.കേരളത്തിന് എന്നേ അന്യമായ പ്രാചീന ഗ്രാമക്കാഴ്ചകളിലേക്കാണോ താനെത്തിയിരിക്കുന്നതെന്നോർത്ത് അവൾ നെടുവീർപ്പിട്ടു.
ഹാൻസി പട്ടണത്തിൽ നിന്നും ഏകദേശം രണ്ടു മണിക്കൂർ യാത്രയ്ക്കൊടുവിൽ അവർ ഭർതൃഗൃഹത്തിലെത്തി.
ഇനി മുതൽ താൻ ജീവിക്കാനുള്ളിടം.ലേഖ വീടും പരിസരവും നോക്കിക്കണ്ടു.ഒറ്റമുറി വീട്..പിറകിലേക്കൊരു ചെറിയ ചായ്പ്പ് പോലെ ഇറക്കിയെടുത്ത അടുക്കള. വിവാഹവീടിന്റേതായ ഒരു അലങ്കാരങ്ങളും അവിടെ ഉണ്ടായിരുന്നില്ല.
നവീനിന്റെ കൈ പിടിച്ച് വലംകാൽ വച്ച് അവൾ ആ വീട്ടുമുറ്റത്തേക്ക് കടന്നു.ശൂന്യമായ കോലായിൽ നിന്ന് നവീൻ അകത്തേക്ക് നോക്കി ഹിന്ദിയിൽ എന്തോ പറഞ്ഞു.രണ്ടു നിമിഷങ്ങൾക്ക് ശേഷം അകത്തു നിന്ന് രണ്ടു സ്ത്രീകൾ പുറത്തേക്ക് വന്നു.മുഷിഞ്ഞ അല്പം കീറിത്തുടങ്ങിയ വസ്ത്രങ്ങൾ.മുഖം കാണാത്ത വിധം അവർ മൂടുപടമിട്ടിരുന്നു.നവീനുമായി അവർ എന്തൊക്കെയോ സംസാരിക്കുന്നു. സംസാരത്തിൽ നിന്ന് അവൾക്കൊന്നും മനസ്സിലായില്ലെങ്കിലും അത് ഒരു സ്നേഹസംഭാഷണമാണെന്ന് അവൾക്ക് തോന്നിയില്ല.മാത്രമല്ല തന്നെ കൊണ്ട് വന്നത് വീട്ടിലുള്ളവർക്ക് ഇഷ്ടപെട്ടില്ലെന്നുള്ളത് ശരീര ഭാഷയിൽ നിന്നും,മുഖത്തെ ചേഷ്ടകളിൽ നിന്നും വ്യക്തമായിരുന്നു.നവീനും തിരിച്ചെന്തൊക്കെയോ പറഞ്ഞിട്ട് ലേഖയെ കൈക്കു പിടിച്ച് അകത്തേക്ക് കൂട്ടികൊണ്ട് പോയി.
ആ വീടിന്റെ ഉൾഭാഗവും വളരെ ശോചനീയമായ നിലയിലായിരുന്നു. മൺപൊടി പറക്കുന്ന നിലം,പുക പിടിച്ച ചുവരുകൾ,ആകാശം കാണുന്ന മേൽക്കൂര.ലേഖ ഒരു നിമിഷം ചെറുതെങ്കിലും മനോഹരമായ അതിലുപരി വൃത്തിയുള്ള തന്റെ വീടിനെക്കുറിച്ച് ഓർത്തുപോയി.
മൂന്നുനാൾ നീണ്ടുനിന്ന യാത്രയിൽ അവൾ നന്നേ ക്ഷീണിച്ചിരുന്നു. അതുകൊണ്ട് തന്നെ ഒന്ന് കുളിച്ചു വസ്ത്രം മാറാൻ ആഗ്രഹിച്ച് ഭർത്താവിനോട് കുളിമുറി കാണിച്ചുതരാൻ ആവശ്യപ്പെട്ടു.നവീൻ അവളെയും കൂട്ടി പിറകിലേക്കിറങ്ങി വിദൂരതയിലേക്ക് കൈ ചൂണ്ടി കാണിച്ചു.ആ വീട്ടിൽ കക്കൂസും കുളിമുറിയും ഒന്നും തന്നെയില്ലാരുന്നെന്ന സത്യം ഞെട്ടലോടെയാണ് അവൾ മനസ്സിലാക്കിയത്.പ്രാഥമിക കൃത്യങ്ങൾ നടത്താനായി കിലോമീറ്ററുകൾ നടന്നെത്തേണ്ട,ഒരു അരുവിയെ ആശ്രയിക്കണമത്രേ.
ജീവിതം വഴിമുട്ടി നിന്ന സമയത്തു സ്ത്രീധനം വേണ്ടെന്ന ദല്ലാളിന്റെ വാക്കിൽ ഇവിടെയെത്താനെടുത്ത തീരുമാനത്തെയോർത്ത് അവൾ മനംനൊന്തു കരഞ്ഞു.ഭാഷയറിയില്ല,അടുത്ത് പരിചയക്കാരൊന്നുമില്ല.താലി കെട്ടിയ പുരുഷനോട് ഒരു വാക്കു പോലും മിണ്ടാൻ കഴിയാതെ ആംഗ്യ ഭാഷയിലൂടെ കാര്യങ്ങൾ ധരിപ്പിക്കേണ്ട അവസ്ഥയോർത്ത് നിശബ്ദയായി കണ്ണീർ വാർത്തു.
ഇണങ്ങിച്ചേരുവാൻ തീർത്തും ബുദ്ധിമുട്ടായിരുന്ന ചുറ്റുപാടുകൾ ലേഖയെ മാനസികമായി ആകെ തളർത്തിയിരുന്നു. എങ്കിലും നവീനിന്റെ പ്രണയാർദ്രമായ നോട്ടം അവൾക്ക് കൊടുംവേനലിൽ കിട്ടിയ തണുത്ത വെള്ളം പോലെ ആശ്വാസകരമായിരുന്നു.പക്ഷേ ആ കൊച്ചുവീട്ടിലെ രാത്രികളിലേക്ക് ആ പ്രണയത്തിനു പ്രവേശനം ഉണ്ടായിരുന്നില്ല.നേർത്ത സാരികൊണ്ടു മാത്രം മറച്ച വാതിലുള്ള ഒരു കുടുസ്സുമുറി. ഭർത്താവിനോടൊത്ത് അല്പനേരം പ്രണയം പങ്കുവയ്ക്കുവാൻ കഴിയാതെ അവരുടെ മധുവിധു രാത്രി കൊഴിഞ്ഞുവീണു.
ഹരിയാനയിലെ തന്റെ ആദ്യ പ്രഭാതം.ഉറക്കമുണർന്നു പുറത്തു വന്ന ലേഖ കാണുന്നത് അമ്മായിയമ്മയും നാത്തൂനും കൈകളിൽ ഓരോ കുടവുമായി നിൽക്കുന്നതാണ്.ഒരു കുടം തന്റെ കയ്യിലും തന്നു,ഒപ്പം കഴുത്തിൽ കിടന്ന ഷാൾ എടുത്ത് മുഖം മറച്ചു അവരോടൊപ്പം ചെല്ലാൻ ആംഗ്യം കാണിച്ചു.അന്യപുരുഷന്മാർ മുഖം കാണാതിരിക്കാൻ തലയിൽ തുണിയിടുന്നതാണത്രേ ആചാരം.വീട്ടിലെ ആവശ്യങ്ങൾക്കായി കിലോമീറ്ററുകൾക്കപ്പുറത്തു നിന്നും തലച്ചുമടായി വെള്ളം കൊണ്ടുവരണം. കുളിയും,അലക്കലുമെല്ലാം അവിടെത്തന്നെ.
വീട്ടിലെ കാര്യങ്ങൾ ഓർത്തുകൊണ്ട് മുഷിഞ്ഞ വസ്ത്രങ്ങൾ അലക്കിക്കൊണ്ടിരിക്കുമ്പോളാണ് കാതുകൾക്ക് ആശ്വാസം പകർന്നുകൊണ്ട് "മലയാളിയാണോ"എന്ന ചോദ്യം കേട്ട് തലയുയർത്തി നോക്കിയത്.രണ്ടു സ്ത്രീകൾ,അവർ മലയാളികളാണെന്ന വാർത്ത തെല്ലൊന്നുമല്ല അവളിൽ സന്തോഷം ഉണ്ടാക്കിയത്.അവർ സ്വയം പരിചയപ്പെടുത്തി.പാലക്കാടുകാരി ഇന്ദിരയും,കണ്ണൂർകാരി സുനിതയും.
ഇന്ദിരയും,സുനിതയും ആറ് വർഷങ്ങളായി ഇവിടെയെത്തിയിട്ടെന്നും,തൻ്റെ ഗാവിൽ തന്നെയുള്ളവരാണെന്നും വേറെയും മലയാളി സ്ത്രീകൾ ഗാവിലുണ്ടെന്നുമൊക്കെ അറിഞ്ഞപ്പോൾ ലേഖക്ക് കുറച്ചാശ്വാസമായി. ഹരിയാനയുടെയും,തൻ്റെ ഗാവിലെയും ജീവിത രീതികളൊക്കെ അവരിൽ നിന്നും ലേഖ മനസ്സിലാക്കി തുടങ്ങി.ശുദ്ധഹിന്ദിയല്ല ഹരിയാന ഭാഷയെന്നും,റൊട്ടിയാണ്‌ പ്രധാന ഭക്ഷണമെന്നും,പാചകത്തിനായി വെളിച്ചെണ്ണക്കു പകരം കടുകെണ്ണയാണ് ഉപയോഗിക്കുന്നതെന്നും അതുമായി പൊരുത്തപ്പെടാൻ പ്രയാസമാണെന്നുമൊക്കെയുള്ള വസ്തുതകൾ ലേഖ തിരിച്ചറിഞ്ഞു തുടങ്ങി.
പെൺഭ്രൂണഹത്യകൾ പെരുകുന്നതിനാൽ ഹരിയാനയിൽ പെൺകുട്ടികൾ കുറവാണെന്നും അതിനാലാണ് ഇവിടുത്തെ പുരുഷന്മാർ കേരളം പോലെ മറ്റ്‌ നാടുകളിൽ നിന്നും വിവാഹം ചെയ്യാൻ നിർബന്ധിതരാകുന്നതെന്നും, റോഡരികിലൂടെ ഒരു പെൺകുട്ടി നടന്നു പോയാൽ ആദ്യം ചോദിക്കുക വിവാഹം കഴിഞ്ഞതാണോയെന്നാണെന്നും അവരിൽ നിന്നും ലേഖ മനസ്സിലാക്കി.സ്ത്രീധനമെന്ന കീറാമുട്ടി കല്ലുകടിയായപ്പോൾ,സ്ത്രീധനമെന്ന വ്യവസ്ഥ വിവാഹസ്വപ്നങ്ങൾ കെടുത്തിയപ്പോൾ ലേഖയെപ്പോലെ തന്നെ ഇന്ദിരക്കും,സുനിതക്കും കാതങ്ങൾക്കിപ്പുറത്തു ഹരിയാനയിൽ നിന്നും വരനെത്തി.
അമ്മായിയമ്മയുടെ ശകാരവും,കടുത്ത ചൂടും തണുപ്പുമൊക്കെയായി ദിവസങ്ങൾ കൊഴിഞ്ഞു വീണു.കടുകെണ്ണയുടെ മണം പലപ്പോഴും ഛർദിയായി പുറത്തു വന്നു.ദിവസേന സുനിതയോടും,ഇന്ദിരയോടുമുള്ള സമ്പർക്കത്തിന്റെ ഫലമായി മാസങ്ങൾക്കുള്ളിൽ തന്നെ അവൾ ഭാഷ പഠിച്ചെടുത്തു. ഭർത്താവിനോട് ഹരിയാന ഭാഷയിൽ സംസാരിച്ചു തുടങ്ങിയ നാളുകളിൽ ആദ്യം അവൾ ആവശ്യപ്പെട്ടത് വീട്ടിലൊരു കക്കൂസും,കുളിമുറിയും വേണമെന്നുള്ളതാണ്. നിരന്തരമായ ലേഖയുടെ വാശിയിലും,വീട്ടിൽ തിരിച്ചു പോകുമെന്നുള്ള ഭീഷണിയിലും നവീൻ അവളുടെ ആവശ്യം സാധിച്ചുകൊടുത്തു.
എല്ലാ സാഹചര്യങ്ങളോടും അവൾ പൊരുത്തപ്പെട്ടെങ്കിലും, പൊരുത്തപ്പെടാൻ കഴിയാത്ത ഒന്നുണ്ടായിരുന്നു അവിടെ, കടുകെണ്ണയിലെ പാചകം.മാസങ്ങൾക്ക് ശേഷം വയ്യാതിരുന്ന അമ്മയെക്കാണുവാൻ മലയാളനാട്ടിലേക്ക് വണ്ടികേറി തിരിച്ചു വന്നപ്പോൾ അതിനുള്ള പ്രതിവിധിയുമായാണ് അവൾ വന്നത്.കുറച്ചു മാസങ്ങൾ ഉപയോഗിക്കാൻ തക്ക അളവിൽ വെളിച്ചെണ്ണ. വീട്ടുകാർക്കായി കടുകെണ്ണയിൽ പാകം ചെയ്തശേഷം ഒരല്പം അവൾക്കായി വെളിച്ചെണ്ണയിൽ തയ്യാറാക്കി അവൾ അതിനും പരിഹാരം കണ്ടു.
പോകെപ്പോകെ ഹരിയാനയിലെ ആ ഒറ്റമുറി വീട്ടിലേക്ക് കേരളത്തിന്റെ രുചിയും,മണവും,സംസ്ക്കാരവും അവൾ ആവാഹിച്ചെടുത്തു.ഒരുപിടി ദൈവങ്ങളുടെ ചില്ലിട്ട ചിത്രങ്ങൾക്കൊപ്പം പറശ്ശിനിക്കടവ് മുത്തപ്പനും ആ വീട്ടിൽ അന്തിത്തിരി തെളിഞ്ഞു.പലപ്പോഴും നാടിന്റെ വിളി അച്ഛന്റെയും അമ്മയുടെയും ഓർമ്മകളായി എത്തി.അവരുടെ ഓർമ്മകൾ നൽകുന്ന വേദനകൾ നവീൻ അവന്റെ സ്നേഹം കൊണ്ട് സുഖപ്പെടുത്തി.
സാധാരണ ജീവിതത്തിന്റെ കേവല സന്തോഷങ്ങളിൽ നിന്നും ജീവിതം കണ്ടെത്തുന്ന,നാട്ടിൽ നിന്നും കൊണ്ട് വരുന്ന വെളിച്ചെണ്ണയുടെ ഗന്ധത്തിൽ സ്വന്തം മണ്ണിനെ ഓർക്കുന്ന,ലേഖയെപ്പോലുള്ള മലയാളി സ്ത്രീകളുടെ അടക്കിപ്പിടിച്ച തേങ്ങലിന്റെ ശബ്ദമാണ് ഹരിയാനയിലെ പല ഗാവുകൾക്കും.
ലേഖ,അവളിന്നൊരു അമ്മയാണ്.നല്ല ലക്ഷണമൊത്ത ഹരിയാനക്കാരിയാണ്,ഒപ്പം അതിജീവനത്തിനൊരു പുതിയ നിർവ്വചനം കൂടിയാണ്‌.
മിഥുൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo